വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പുകൾ

നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പുകൾ

നിങ്ങളു​ടെ ആരോ​ഗ്യ​ത്തെ ബാധി​ക്കുന്ന തിര​ഞ്ഞെ​ടു​പ്പു​കൾ

നല്ല ആഹാരം കഴിച്ച്‌ നല്ല ആരോ​ഗ്യ​ത്തോ​ടി​രി​ക്കുക എന്നത്‌ മിക്ക​പ്പോ​ഴും ഒരു വെല്ലു​വി​ളി​യാണ്‌. ഇന്നത്തെ സമ്മർദം നിറഞ്ഞ ചുറ്റു​പാ​ടിൽ, അപ്പപ്പോൾ ഭക്ഷണം ഉണ്ടാക്കി കഴിക്കു​ന്ന​തി​നു പകരം, നേരത്തേ പാകം ചെയ്‌തു സംസ്‌ക​രി​ച്ചു വെച്ചി​രി​ക്കുന്ന “കംഫർട്ട്‌ ഫുഡ്‌” കഴിക്കു​ന്നത്‌ കൂടുതൽ സൗകര്യ​പ്ര​ദ​മാ​യി പലരും കരുതു​ന്നു. അതു​പോ​ലെ കായിക പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തി​നെ​ക്കാൾ ടെലി​വി​ഷ​ന്റെ​യോ കമ്പ്യൂ​ട്ട​റി​ന്റെ​യോ മുമ്പിൽ സമയം ചെലവ​ഴി​ക്കാൻ അവർ ഇഷ്ടപ്പെ​ടു​ന്നു. എന്നാൽ ഇത്തരം തിര​ഞ്ഞെ​ടു​പ്പു​കൾ ഒട്ടനവധി കുട്ടി​ക​ളെ​യും മുതിർന്ന​വ​രെ​യും ഗുരു​ത​ര​മായ ആരോഗ്യ പ്രശ്‌ന​ങ്ങ​ളിൽ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം.

ഏഷ്യയിൽ, “കൊഴു​പ്പേ​റിയ ഭക്ഷണം കഴിക്കു​ന്ന​തും കൂടുതൽ കൂടുതൽ പേർ കായി​കാ​ധ്വാ​നം കുറഞ്ഞ ജീവി​ത​രീ​തി പിൻപ​റ്റു​ന്ന​തും പ്രമേ​ഹ​രോ​ഗം വളരെ വ്യാപ​ക​മാ​യി​ത്തീ​രു​ന്ന​തിന്‌ കാരണ​മാ​യി​രി​ക്കു​ന്നു” എന്ന്‌ ഏഷ്യാ​വീക്ക്‌ മാസിക പറയുന്നു. ഈ രോഗം സമൂഹ​ത്തി​ലെ തീരെ പ്രായം കുറഞ്ഞ​വരെ പോലും പിടി​കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നത്‌ ആശങ്കയു​ണർത്തു​ന്നു. കാനഡ​യിൽ, “കൗമാ​ര​പ്രാ​യ​ത്തി​നു താഴെ​യുള്ള കുട്ടി​ക​ളിൽ ഏഴു​പേ​രിൽ ഒരാൾ മാത്ര​മാണ്‌ വേണ്ടത്ര അളവിൽ പഴങ്ങളും പച്ചക്കറി​ക​ളും കഴിക്കു​ന്നത്‌ എന്നു ഗവേഷകർ കണ്ടെത്തി. [മാത്രമല്ല,] ഈ കുട്ടി​ക​ളിൽ വിയർക്കുന്ന അളവോ​ളം കളിക​ളി​ലും മറ്റും ഏർപ്പെ​ടു​ന്ന​വ​രു​ടെ എണ്ണം പകുതി​യി​ലും അൽപ്പം​കൂ​ടു​തൽ മാത്രമേ വരുന്നു​ള്ളൂ” എന്നും ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇത്തരം ജീവി​ത​രീ​തി ഈ കുട്ടികൾ “അവരുടെ 30-കളിൽ എത്തു​മ്പോൾത്തന്നെ ഹൃ​ദ്രോ​ഗം പിടി​പെ​ടു​ന്ന​തി​നുള്ള സാധ്യത അങ്ങേയറ്റം വർധി​പ്പി​ക്കു​ന്നു” എന്നും റിപ്പോർട്ടു പറയുന്നു.

ഇനി, ഉറക്കത്തി​ന്റെ ആവശ്യകത സംബന്ധി​ച്ചു ഗവേഷണം നടത്തു​ന്നവർ പറയു​ന്നത്‌, മുതിർന്ന​വർക്ക്‌ ഓരോ രാത്രി​യി​ലും ഏതാണ്ട്‌ എട്ടു മണിക്കൂർ ഉറക്കം ആവശ്യ​മാ​യേ​ക്കാം എന്നും കുട്ടി​കൾക്ക്‌ അതിലും കൂടുതൽ ഉറക്കം വേണ്ടി​വ​ന്നേ​ക്കാം എന്നുമാണ്‌. ഷിക്കാ​ഗോ സർവക​ലാ​ശാ​ല​യു​ടെ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നത്‌, തുടർച്ച​യായ ആറു രാത്രി​ക​ളിൽ നാലു മണിക്കൂർ വീതം മാത്രം ഉറങ്ങിയ ആരോ​ഗ്യ​മുള്ള യുവാക്കൾ സാധാ​ര​ണ​ഗ​തി​യിൽ വാർധ​ക്യം ചെന്നവ​രിൽ കാണ​പ്പെ​ടുന്ന ചില ആരോഗ്യ പ്രശ്‌ന​ങ്ങ​ളു​ടെ ലക്ഷണങ്ങൾ കാണി​ച്ചു​തു​ടങ്ങി എന്നാണ്‌. ജോലി, പഠനം, വിനോ​ദം എന്നിവ​യ്‌ക്കു വേണ്ടി​യാ​ണു പലരും തങ്ങളുടെ വിലപ്പെട്ട ഉറക്കത്തെ ബലി​ചെ​യ്യു​ന്ന​തെ​ങ്കി​ലും അതിനു ദോഷ​ക​ര​മായ പരിണത ഫലങ്ങളിൽ കൊ​ണ്ടെ​ത്തി​ക്കാൻ കഴിയും. “വെറുതെ ഒരു കൃത്യം നിർവ​ഹി​ക്കു​ന്ന​തു​പോ​ലെയല്ല ഉണർവോ​ടെ, ഫലപ്ര​ദ​മാ​യി അതു നിർവ​ഹി​ക്കു​ന്ന​തും ഉറക്കം തൂങ്ങാതെ വാഹനം ഓടി​ച്ചു​പോ​കു​ന്ന​തും” എന്ന്‌ ന്യൂ​യോർക്കി​ലെ കോർണൽ സർവക​ലാ​ശാ​ല​യിൽ ഉറക്കത്തെ കുറിച്ചു ഗവേഷണം നടത്തുന്ന ജെയിംസ്‌ മാസ്സ്‌ പറയുന്നു.

മറ്റു ചില ഘടകങ്ങ​ളും നമ്മുടെ ശാരീ​രിക ക്ഷേമത്തെ ബാധി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ശുഭാ​പ്‌തി​വി​ശ്വാ​സം വെച്ചു​പു​ലർത്തു​ന്നത്‌ നമ്മുടെ ആരോ​ഗ്യ​ത്തി​നു പ്രയോ​ജനം ചെയ്യും. ജീവി​ത​ത്തിന്‌ യഥാർഥ ഉദ്ദേശ്യം ഉണ്ടെങ്കിൽ ആരോ​ഗ്യ​മു​ള്ള​വ​രാ​യി നില​കൊ​ള്ളാൻ സഹായി​ക്കു​ന്ന​തരം തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ അതു നമ്മെ പ്രചോ​ദി​പ്പി​ക്കും. (g03 8/22)