വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മീൻ പിടി​ക്കുന്ന ചെന്നാ​യ്‌ക്കൾ

ചെന്നാ​യ്‌ക്ക​ളു​ടെ ഭക്ഷണം, മാനിനെ പോലുള്ള കരയിലെ മൃഗങ്ങൾ മാത്ര​മാ​ണെ​ന്നാണ്‌ വർഷങ്ങ​ളാ​യി കരുതി​പ്പോ​ന്നി​രു​ന്നത്‌. എന്നാൽ, ബ്രിട്ടീഷ്‌ കൊളം​ബി​യ​യു​ടെ മധ്യ തീര​പ്ര​ദേ​ശ​ത്തുള്ള മഴക്കാ​ടു​ക​ളിൽ ജീവി​ക്കുന്ന ചെന്നാ​യ്‌ക്കൾ കക്കകൾ, ചിപ്പികൾ, കല്ലി​ന്മേൽക്കായ്‌, സാൽമൺ മത്സ്യങ്ങൾ എന്നിവയെ പിടി​ച്ചു​തി​ന്നു​ന്ന​താ​യി നിരീ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ കാനഡ​യി​ലെ വാൻകു​വർ സൺ റിപ്പോർട്ടു ചെയ്യുന്നു. “ഒരു മണിക്കൂ​റി​നു​ള്ളിൽ 20 എണ്ണത്തെ​യെ​ങ്കി​ലും അവ അകത്താ​ക്കും.” ചെന്നായ്‌ ഒരു മത്സ്യത്തെ നോട്ട​മി​ടു​ന്നു, എന്നിട്ട്‌ “ഒറ്റക്കു​തി​പ്പിന്‌ അതി​ന്റെ​മേൽ ചാടി​വീ​ഴു​ന്നു.” ഇങ്ങനെ 10 പ്രാവ​ശ്യം ശ്രമി​ക്കു​മ്പോൾ നാലു പ്രാവ​ശ്യ​മെ​ങ്കി​ലും അവ വിജയി​ക്കും. ചെന്നാ​യ്‌ക്കൾ സാൽമൺ മത്സ്യങ്ങ​ളു​ടെ തല മാത്രമേ തിന്നാ​റു​ള്ളൂ. ഇത്‌ ഗവേഷ​കരെ അമ്പരപ്പി​ക്കു​ന്നു. സാൽമ​ണു​ക​ളു​ടെ തലയിൽ ഒരുപക്ഷേ ചെന്നാ​യ്‌ക്കൾക്ക്‌ ആവശ്യ​മായ പോഷണം അടങ്ങി​യി​രി​ക്കാം, അല്ലെങ്കിൽ ഈ മത്സ്യങ്ങ​ളു​ടെ ഉടലിൽ ഉപദ്ര​വ​കാ​രി​ക​ളായ പരാദങ്ങൾ ഉണ്ടായി​രി​ക്കാം എന്ന്‌ ഗവേഷ​ക​നായ ക്രിസ്‌ ഡാരി​മൊണ്ട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “ഈ ചെന്നാ​യ്‌ക്കൾ ഞങ്ങൾക്ക്‌ ഇപ്പോ​ഴും ഒരു വിസ്‌മ​യ​മാണ്‌. മഴക്കാ​ടു​കൾക്കു​ള്ളിൽ ഇനിയും എത്രയോ രഹസ്യങ്ങൾ ഒളിച്ചി​രി​പ്പു​ണ്ടാ​കാം എന്നു ഞങ്ങൾ അതിശ​യി​ക്കു​ന്നു,” ഡാരി​മൊണ്ട്‌ പറയുന്നു. (g03 6/22)

അതു കുറ്റക​ര​മല്ല

“ജയിൽ ചാടു​ന്നത്‌ മെക്‌സി​ക്കോ​യിൽ ഒരു കുറ്റമല്ല.” ദ കൊറിയ ഹെറാൾഡ്‌ ആണ്‌ ഇതു പറഞ്ഞത്‌. “എല്ലാ മനുഷ്യർക്കും സ്വത​ന്ത്ര​രാ​യി​രി​ക്കാ​നുള്ള അടിസ്ഥാന ആഗ്രഹ​മുണ്ട്‌ എന്ന്‌ മെക്‌സി​ക്കോ​യു​ടെ നിയമ​വ്യ​വസ്ഥ തിരി​ച്ച​റി​യു​ന്നു. അതു​കൊണ്ട്‌ അതിനു​വേണ്ടി ശ്രമി​ക്കു​ന്ന​വരെ ശിക്ഷി​ക്കാ​റില്ല.” തടവു​കാർ രക്ഷപെ​ടുന്ന വഴിക്ക്‌ നിയമ​ലം​ഘനം നടത്തു​ക​യോ ആരെ​യെ​ങ്കി​ലും മുറി​വേൽപ്പി​ക്കു​ക​യോ വസ്‌തു​വ​ക​കൾക്കു നാശം വരുത്തു​ക​യോ കൈക്കൂ​ലി കൊടു​ക്കു​ക​യോ മറ്റു തടവു​കാ​രു​മാ​യി ഗൂഢാ​ലോ​ചന നടത്തു​ക​യോ മറ്റോ ചെയ്‌താൽ മാത്രമേ അവർ ശിക്ഷി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. എന്നിരു​ന്നാ​ലും ഒരു പ്രശ്‌ന​മുണ്ട്‌. ആരെങ്കി​ലും തടവു​ചാ​ടു​ന്നതു കണ്ടാൽ വെടി​വെ​ക്കാ​നുള്ള അധികാ​രം ജയിൽ കാവൽക്കാർക്കുണ്ട്‌. ഇതു നിമിത്തം ചിലർ തടവു​ചാ​ടു​ന്ന​തിന്‌ വളരെ തന്ത്രപ​ര​മായ ചില വഴികൾ അവലം​ബി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ 1998-ൽ, തടവി​ലാ​യി​രുന്ന ഒരു കൊല​പ്പു​ള്ളി ഭക്ഷണത്തി​ന്റെ അളവു നിയ​ന്ത്രി​ച്ചു​കൊണ്ട്‌ തന്റെ തൂക്കം 50 കിലോ​ഗ്രാ​മാ​യി കുറച്ചു. എന്തിനാ​യി​രു​ന്നെ​ന്നോ? ഭാര്യ​യ്‌ക്ക്‌ അയാളെ ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള സൗകര്യ​ത്തിന്‌. ഒരു ദിവസം അയാളു​ടെ ഭാര്യ അയാളു​ടെ മുഷിഞ്ഞ വസ്‌ത്രങ്ങൾ അലക്കാ​നാ​യി വീട്ടി​ലേക്കു കൊണ്ടു​പോ​കുന്ന സ്യൂട്ട്‌കേ​സിൽ അയാളെ ഇരുത്തി ചുമന്നു​കൊ​ണ്ടു​പോ​യി. ഒമ്പതു മാസം കഴിഞ്ഞ്‌ അയാളെ അറസ്റ്റു ചെയ്‌തെ​ങ്കി​ലും അയാൾ വീണ്ടും തടവു​ചാ​ടി, പിന്നെ അയാളെ കണ്ടി​ട്ടേ​യില്ല. (g03 8/22)

പക്ഷിക​ളു​ടെ വിസ്‌മ​യാ​വ​ഹ​മായ സന്തുലി​താ​വസ്ഥ

പക്ഷിക​ളു​ടെ ആന്തരകർണ​ത്തിൽ സന്തുലി​താ​വസ്ഥ നിലനി​റു​ത്തുന്ന ഒരു അവയവം ഉണ്ട്‌. പക്ഷികൾ പറക്കു​മ്പോൾ അവയുടെ ചലനം ക്രമീ​ക​രി​ക്കു​ന്നത്‌ ഈ അവയവ​മാണ്‌. എന്നാൽ ലംബമാ​യി നിൽക്കു​ന്ന​തി​നും നടക്കു​ന്ന​തി​നു​മുള്ള പ്രാപ്‌തി പക്ഷികൾക്ക്‌ എങ്ങനെ ഉണ്ടാകു​ന്നു എന്നുള്ളത്‌ ഈ അവയവ​ത്തി​ന്റെ പ്രവർത്ത​ന​ത്തിൽനി​ന്നു വ്യക്തമല്ല. “കാരണം, പക്ഷിക​ളു​ടെ ശരീരം മനുഷ്യ​രു​ടേ​തു​പോ​ലെ ലംബമല്ല തിരശ്ചീ​ന​മാണ്‌, ശരീര​ത്തി​ന്റെ സമതു​ലനം നിലനി​റു​ത്താൻ അവയുടെ വാൽ പര്യാ​പ്‌ത​വു​മല്ല” എന്ന്‌ ജർമനി​യു​ടെ ലൈപ്‌റ്റ്‌സി​ഗർ ഫൊക്‌സ്‌​സ്റ്റൈ​റ്റുങ്‌ പറയുന്നു. “നാലു​വർഷത്തെ ഗവേഷ​ണ​ങ്ങൾക്കു ശേഷം ജന്തു ശരീര​ശാ​സ്‌ത്ര​ജ്ഞ​നായ റൈൻഹോൾട്ട്‌ നെക്കർ, പ്രാവു​ക​ളിൽ ഒരു രണ്ടാം സമതുലന അവയവം കണ്ടെത്തി” എന്ന്‌ പത്രം വിശദീ​ക​രി​ക്കു​ന്നു. പക്ഷിക​ളു​ടെ വസ്‌തി​പ്ര​ദേ​ശത്ത്‌ ദ്രാവകം നിറഞ്ഞ രന്ധ്രങ്ങ​ളും നാഡീ​കോ​ശ​ങ്ങ​ളും നെക്കർ കണ്ടെത്തി. തെളി​വ​നു​സ​രിച്ച്‌ ഇവ പക്ഷിക​ളു​ടെ സന്തുലി​താ​വസ്ഥ ക്രമീ​ക​രി​ക്കു​ന്നു. “ഈ രന്ധ്രങ്ങ​ളി​ലെ ദ്രാവകം നീക്കം ചെയ്യു​ക​യും പ്രാവു​ക​ളു​ടെ കണ്ണുമൂ​ടി​ക്കെ​ട്ടു​ക​യും ചെയ്‌ത​പ്പോൾ അവയ്‌ക്ക്‌ നേരെ ഇരിക്കാ​നോ നടക്കാ​നോ കഴിഞ്ഞില്ല. അവ ചേക്കേ​റി​യി​രി​ക്കുന്ന സ്ഥലത്തു​നിന്ന്‌ താഴെ​വീ​ഴു​ക​യും വശങ്ങളി​ലേക്ക്‌ മറിഞ്ഞു​വീ​ഴു​ക​യും ചെയ്‌തു. എന്നാലും അവയുടെ പറക്കലി​നെ ഇതു ബാധി​ച്ചില്ല” എന്ന്‌ റിപ്പോർട്ടു പറയുന്നു. (g03 8/08)

ഇനിമു​തൽ അവൻ “അജ്ഞാത ശിശുവല്ല”

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ​ന്ത്രണ്ട്‌ ഏപ്രി​ലിൽ ടൈറ്റാ​നിക്‌ ആഴിയു​ടെ അഗാധ​ത​യി​ലെത്തി 90 വർഷങ്ങൾക്കു ശേഷം, അന്ന്‌ ജീവൻ പൊലി​ഞ്ഞ​വ​രിൽപ്പെട്ട ഒരു കുഞ്ഞിനെ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ പറയുന്നു. തിരി​ച്ച​റി​യ​പ്പെ​ടാഞ്ഞ മറ്റ്‌ 43 പേരോ​ടൊ​പ്പം വെള്ളത്തിൽ പൊങ്ങി​ക്കി​ടന്ന അവന്റെ ശരീരം കാനഡ​യി​ലെ നോവാ സ്‌കോ​ഷ​യി​ലാണ്‌ അടക്കി​യത്‌. അവന്റെ ശവകു​ടീ​ര​ത്തിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “ഒരു അജ്ഞാത ശിശു.” എന്നാൽ ശാസ്‌ത്ര​ജ്ഞ​ന്മാർ, ചരി​ത്ര​കാ​ര​ന്മാർ, വംശാ​വലി പഠിക്കു​ന്നവർ, ദന്തവി​ദ​ഗ്‌ധർ എന്നിവർ അടങ്ങിയ 50 പേരുടെ ഒരു സംഘം ഡിഎൻഎ ഉപയോ​ഗിച്ച്‌ ആ കുട്ടിയെ തിരി​ച്ച​റി​ഞ്ഞു. തന്റെ അമ്മയോ​ടും നാലു സഹോ​ദ​ര​ന്മാ​രോ​ടും ഒപ്പം മരണമടഞ്ഞ 13 മാസം പ്രായ​മുള്ള ഏനോ പാനൂലാ എന്ന ആൺകു​ട്ടി​യാ​യി​രു​ന്നു അത്‌. ഈ ഫിന്നിഷ്‌ കുടും​ബം ഒരു പുതു​ജീ​വി​ത​ത്തി​ന്റെ സ്വപ്‌ന​ങ്ങ​ളു​മാ​യി അമേരി​ക്ക​യി​ലേക്കു യാത്ര​തി​രി​ച്ച​താ​യി​രു​ന്നു. ഏനോ​യു​ടെ പിതാവ്‌ നേര​ത്തേ​തന്നെ അമേരി​ക്ക​യിൽ എത്തി ഇവരെ​യും കാത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്നു. ആ കാത്തി​രിപ്പ്‌ നിഷ്‌ഫ​ല​മാ​യി. ഈ കുട്ടി​യു​ടെ ശരീരം ആരും അവകാ​ശ​പ്പെ​ടു​ക​യോ തിരി​ച്ച​റി​യു​ക​യോ ചെയ്യാതെ വന്നപ്പോൾ കാനഡ​യി​ലെ റിക്കവറി കപ്പലിലെ ജോലി​ക്കാർ ഇവനെ “ദത്തെടുത്ത്‌,” അവന്റെ ശവസം​സ്‌കാ​ര​ത്തി​നുള്ള ചെലവു വഹിക്കു​ക​യും കല്ലറ ഒരുക്കാൻ താത്‌പ​ര്യം കാട്ടു​ക​യും ചെയ്‌തു. ടൈറ്റാ​നി​ക്ക​ലെ പേരറി​യാത്ത മറ്റ്‌ ഹതഭാ​ഗ്യ​രെ​യും ഡിഎൻഎ ഉപയോ​ഗിച്ച്‌ തിരി​ച്ച​റി​യാൻ കഴി​ഞ്ഞേ​ക്കും. അന്വേ​ഷ​ണത്തെ സഹായി​ക്കു​ന്ന​തിന്‌, മരിച്ച ഒരു വ്യക്തി​യു​ടെ “100-ാം ജന്മദിനം കഴിഞ്ഞ​പ്പോൾ അദ്ദേഹ​ത്തി​ന്റെ അമ്മവഴി​ക്കുള്ള ഒരു ബന്ധു രക്ത സാമ്പിൾ നൽകു​ക​യു​ണ്ടാ​യി” എന്ന്‌ ദ ടൈംസ്‌ പറഞ്ഞു.

(g03 8/08)

എർത്ത്‌ സിമു​ലേ​റ്റർ

ഇന്നുവരെ നിർമി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടർ ജപ്പാനി​ലെ എഞ്ചിനീ​യർമാർ പ്രവർത്തി​പ്പി​ച്ചു തുടങ്ങി. 2002 മാർച്ച്‌ 11-നായി​രു​ന്നു ഇത്‌. “നമ്മുടെ ഭൂഗ്ര​ഹ​ത്തി​ന്റെ ഒരു തനിപ്പ​കർപ്പ്‌ ഉണ്ടാക്കുക” എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം എന്ന്‌ ടൈം മാസിക പറയുന്നു. എർത്ത്‌ സിമു​ലേറ്റർ എന്നു വിളി​ക്കുന്ന ഈ കമ്പ്യൂ​ട്ട​റിന്‌ നാലു ടെന്നീസ്‌ കോർട്ടി​ന്റെ വലുപ്പ​മുണ്ട്‌. ഇതിന്റെ ചെലവാ​കട്ടെ 1,700 കോടി രൂപയും. ഒരു സെക്കന്റിൽ ഇതിന്‌ 35 ലക്ഷം കോടി കണക്കു​കൂ​ട്ട​ലു​കൾ നടത്താൻ കഴിയും. ഇതുക​ഴി​ഞ്ഞാൽ പിന്നെ ഏറ്റവും വേഗം, ഒരു സെക്കന്റിൽ 7.2 ലക്ഷം കോടി കണക്കു​കൂ​ട്ട​ലു​കൾ നടത്താൻ കഴിവുള്ള ഒരു അമേരി​ക്കൻ സൈനിക കമ്പ്യൂ​ട്ട​റി​നാണ്‌. എന്നാൽ എർത്ത്‌ സിമു​ലേ​റ്റ​റിന്‌ അതി​നെ​ക്കാൾ അഞ്ച്‌ ഇരട്ടി വേഗത​യുണ്ട്‌. “ഉപഗ്ര​ഹ​ങ്ങ​ളിൽനി​ന്നും സമു​ദ്ര​ബോ​യാ​ക​ളിൽനി​ന്നും ലഭിക്കുന്ന യഥാർഥ കാലാ​വസ്ഥാ വിവരങ്ങൾ എർത്ത്‌ സിമു​ലേ​റ്റ​റിൽ പകർത്തി​ക്കൊണ്ട്‌ ഗവേഷ​കർക്ക്‌ മുഴു ഭൂഗ്ര​ഹ​ത്തി​ന്റെ​യും ഒരു കമ്പ്യൂട്ടർ മാതൃക ഉണ്ടാക്കാൻ കഴിയും. ഇത്‌ ഉപയോ​ഗിച്ച്‌ ഭാവി​യിൽ നമ്മുടെ പരിസ്ഥി​തിക്ക്‌ എന്തു സംഭവി​ക്കും എന്നു മുൻകൂ​ട്ടി പറയാൻ കഴിയും. അടുത്ത 50 വർഷ​ത്തേ​ക്കുള്ള ആഗോള സമുദ്ര താപമാ​നം ശാസ്‌ത്ര​ജ്ഞ​ന്മാർ ഇതി​നോ​ടകം പ്രവചി​ച്ചു കഴിഞ്ഞു.” (g03 8/08)

വായന​യു​ടെ മൂല്യം

“കുട്ടികൾ അവരുടെ വിശ്ര​മ​വേ​ള​ക​ളിൽ വായി​ക്കാൻ താത്‌പ​ര്യ​മെ​ടു​ക്കു​ന്നത്‌ അവരുടെ കുടും​ബ​ത്തി​ന്റെ സാമ്പത്തിക-സാമൂ​ഹിക നില​യെ​ക്കാൾ അധിക​മാ​യി വിദ്യാ​ഭ്യാ​സ രംഗത്തെ അവരുടെ വിജയത്തെ സ്വാധീ​നി​ക്കു​ന്നു” എന്ന്‌ ലണ്ടന്റെ ദി ഇൻഡി​പ്പെൻഡന്റ്‌ പറയുന്നു. 15 വയസ്സു​കാ​രായ കുട്ടി​ക​ളു​ടെ വായനാ​ശീ​ലത്തെ കുറിച്ച്‌ നടത്തിയ ഒരു അന്താരാ​ഷ്‌ട്ര പഠനം വെളി​പ്പെ​ടു​ത്തു​ന്നത്‌, “ഉത്സുക​രായ വായന​ക്കാർ ആയിരി​ക്കു​ന്ന​തും” “വായന പതിവാ​ക്കു​ന്ന​തും” വിദ്യാ​സ​മ്പ​ന്ന​രും നല്ല ശമ്പളം പറ്റുന്ന ഉദ്യോ​ഗ​സ്ഥ​രു​മായ മാതാ​പി​താ​ക്കൾ ഉള്ളതി​നെ​ക്കാൾ പ്രയോ​ജനം ചെയ്യുന്നു എന്നാണ്‌. ഒരു പഠനം അനുസ​രിച്ച്‌ “പാവപ്പെട്ട പശ്ചാത്ത​ല​ത്തിൽനി​ന്നു വന്നവരും എന്നാൽ വായന​യിൽ അങ്ങേയറ്റം താത്‌പ​ര്യം ഉള്ളവരു​മായ 15 വയസ്സു​കാ​രായ കുട്ടികൾ, വായനാ​പ്രാ​പ്‌തി പരി​ശോ​ധി​ക്കുന്ന പരീക്ഷ​ക​ളിൽ ഉയർന്ന മാർക്കു വാങ്ങി (ശരാശരി 540). എന്നാൽ ഉയർന്ന ഉദ്യോ​ഗ​സ്ഥ​രു​ടെ മക്കളും വായന​യിൽ താത്‌പ​ര്യ​മി​ല്ലാ​ത്ത​വ​രു​മായ കുട്ടി​കൾക്ക്‌ പ്രസ്‌തുത പരീക്ഷ​ക​ളിൽ അവരെ​ക്കാൾ മാർക്കു കുറവാ​യി​രു​ന്നു (491)” എന്നു പത്രം പറയുന്നു. “ആൺകു​ട്ടി​കളെ അപേക്ഷിച്ച്‌ പെൺകു​ട്ടി​ക​ളാണ്‌ ആസ്വാ​ദ​ന​ത്തി​നു​വേണ്ടി വായി​ക്കാൻ സാധ്യത കൂടുതൽ ഉള്ളത്‌” എന്ന്‌ 1,000-ലധികം കൗമാ​ര​പ്രാ​യ​ക്കാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു സർവേ കാണി​ക്കു​ന്നു. കഴിഞ്ഞ മാസം തങ്ങൾ ഒരു പുസ്‌തകം വായി​ച്ചു​വെന്ന്‌ 75 ശതമാനം പെൺകു​ട്ടി​ക​ളും പറഞ്ഞ​പ്പോൾ ആൺകു​ട്ടി​ക​ളിൽ 55 ശതമാ​നമേ അങ്ങനെ പറഞ്ഞുള്ളൂ. (g03 8/08)

കൊതു​കിൽനി​ന്നുള്ള സംരക്ഷണം

“കൊതു​കു​കൾ ഈ ഭൂമി​യിൽ എല്ലായി​ട​ത്തു​മുണ്ട്‌, 2,500-ലധികം സ്‌പീ​ഷീ​സു​കൾ” എന്ന്‌ മെഹീ​ക്കൊ ഡെസ്‌കോ​നോ​സീ​ഡോ മാസിക പറയുന്നു. ആൺകൊ​തു​കു​ക​ളും പെൺകൊ​തു​കു​ക​ളും പൂന്തേൻ ഭക്ഷിക്കു​ന്ന​വ​യാണ്‌. എന്നാൽ പെൺകൊ​തു​കു​കൾ മാത്രമേ കുത്തു​ക​യു​ള്ളൂ. അങ്ങനെ അവ മലമ്പനി, ഡെംഗി, വെസ്റ്റ്‌ നൈൽ വൈറസ്‌ എന്നിവ മനുഷ്യ​രി​ലേക്ക്‌ പരത്തുന്നു. കൊതു​കു​ക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ സംരക്ഷണം നേടാം? മേൽപ്പറഞ്ഞ റിപ്പോർട്ട്‌, പിൻവ​രുന്ന ചില നിർദേ​ശങ്ങൾ നൽകുന്നു: (1) സന്ധ്യ മയങ്ങി​ക്ക​ഴി​ഞ്ഞും രാത്രി​യി​ലും പുറത്തു​പോ​കു​ന്നത്‌ ഒഴിവാ​ക്കുക. കാരണം കൊതു​കു​കൾ സജീവ​മാ​യി​രി​ക്കു​ന്നത്‌ ഈ സമയത്താണ്‌. (2) കൊതു​കു​വല ഉപയോ​ഗി​ക്കുക. കീടനാ​ശി​നി​കൾ കൊണ്ടു പ്രതി​രോ​ധി​ച്ചത്‌ ആണെങ്കിൽ നന്ന്‌. (3) കൈനീ​ള​മു​ള്ള​തും അയഞ്ഞതു​മായ വസ്‌ത്രങ്ങൾ ധരിക്കുക. ആവശ്യ​മെ​ങ്കിൽ തലമു​ഴു​വ​നും മൂടത്ത​ക്ക​വി​ധ​ത്തിൽ നെറ്റു​കൊ​ണ്ടുള്ള ഒരു തൊപ്പി ധരിക്കുക. (4) പുറത്തു കാണുന്ന ശരീര​ഭാ​ഗ​ങ്ങ​ളിൽ കൊതു​കു പ്രതി​രോ​ധക വസ്‌തു പുരട്ടുക. (5) ദിവസ​വും 300 മില്ലി​ഗ്രാം വിറ്റാ​മിൻ ബി1 കഴിക്കുക. ചിലരു​ടെ വിയർപ്പ്‌ കൊതു​കു​കൾക്ക്‌ അനിഷ്ട​മാ​യി​ത്തീ​രാൻ ഇത്‌ ഇടയാ​ക്കു​ന്നു. (6) ചതുപ്പു പ്രദേ​ശ​ങ്ങ​ളിൽ ആയിരി​ക്കു​മ്പോൾ അടിയ​ന്തിര സംരക്ഷണം എന്നനി​ല​യിൽ മണ്ണെടുത്ത്‌ നിങ്ങളു​ടെ തൊലി​പ്പു​റത്തു തേച്ചു​പി​ടി​പ്പി​ക്കുക. ഇനി, നിങ്ങളെ കൊതു​കു കുത്തി​യെ​ങ്കിൽത്തന്നെ അവിടെ ചൊറി​യ​രുത്‌. പകരം ഒരു കലാമിൻ ലോഷൻ പുരട്ടുക. ചൊറി​ഞ്ഞു പൊട്ടു​ന്നത്‌ അണുബാ​ധ​യ്‌ക്കു കാരണ​മാ​കും. (g03 8/08)

വ്യത്യസ്‌ത വർഷങ്ങ​ളിൽ ജനിച്ച ഇരട്ടകൾ

“ഇരട്ടക​ളായ കാലേ​യ്‌ക്കും എമിലി​ക്കും ഒരുപാ​ടു സമാന​ത​ക​ളുണ്ട്‌. പക്ഷേ അവരുടെ ജന്മദിനം മാത്രം വ്യത്യ​സ്‌ത​മാണ്‌—അവർ ഭൂജാ​ത​രാ​യത്‌ വ്യത്യസ്‌ത വർഷങ്ങ​ളി​ലാണ്‌” എന്ന്‌ ന്യൂ​യോർക്കി​ന്റെ ഡെയ്‌ലി ന്യൂസ്‌ പറയുന്നു. “ഡിസംബർ 31-ാം തീയതി രാത്രി 11:24-നാണ്‌ കാലേയ്‌ ജനിച്ചത്‌, എമിലി​യാ​കട്ടെ ജനുവരി 1, വെളു​പ്പിന്‌ 12:19-നും.” ന്യൂ ജേഴ്‌സി​യി​ലെ ബാർനി​ഗ​റ്റി​ലുള്ള അവരുടെ അമ്മ, ഡോൺ ജോൺസൺ, വളരെ ആഹ്ലാദ​ത്തി​മിർപ്പി​ലാണ്‌. “ഇരട്ടക​ളാ​ണെ​ങ്കി​ലും, അവർക്ക്‌ അവരു​ടേ​തായ തനിമ ഉണ്ടായി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു,” അവൾ പറഞ്ഞു. “അവർക്കത്‌ ഉണ്ടെന്ന്‌ തുടക്ക​ത്തി​ലേ അവർ തെളി​യി​ച്ചു.” ഈ ഇരട്ടകൾ ജനിക്കേണ്ട തീയതി ഫെബ്രു​വരി 2 ആയിരു​ന്നു. പക്ഷേ ഒരുമാ​സം മുമ്പേ അവരെത്തി. (g03 8/22)