വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആറു വഴികൾ—ആരോഗ്യ സംരക്ഷണത്തിന്‌

ആറു വഴികൾ—ആരോഗ്യ സംരക്ഷണത്തിന്‌

ആറു വഴികൾ—ആരോഗ്യ സംരക്ഷ​ണ​ത്തിന്‌

വികസ്വര നാടു​ക​ളിൽ ഒരു വെല്ലു​വി​ളി

നല്ല ശ്രമം ചെയ്‌താ​ലേ അനേകർക്കും ഇന്ന്‌ ശുചി​ത്വം പാലി​ക്കാ​നൊ​ക്കൂ, പ്രത്യേ​കി​ച്ചും ശുദ്ധജ​ല​വും വേണ്ടത്ര ശുചിത്വ സൗകര്യ​ങ്ങ​ളും നന്നേ കുറവാ​യി​രി​ക്കുന്ന നാടു​ക​ളിൽ. എങ്കിലും, ശുചി​ത്വം പാലി​ക്കു​ന്നത്‌ ശ്രമത്തി​നു തക്ക മൂല്യ​മുള്ള കാര്യ​മാണ്‌. കൊച്ചു​കു​ട്ടി​കൾക്കി​ട​യി​ലെ പകുതി​യി​ല​ധി​കം രോഗ​ങ്ങൾക്കും മരണങ്ങൾക്കും കാരണം വൃത്തി​ഹീ​ന​മായ കൈകൾ, മലിന​മായ ആഹാര പദാർഥങ്ങൾ, വെള്ളം എന്നിവ​യി​ലൂ​ടെ വായിൽ പ്രവേ​ശി​ക്കുന്ന രോഗാ​ണു​ക്കൾ ആണെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. ഐക്യ​രാ​ഷ്‌ട്ര ശിശു​ക്ഷേമ നിധി​യു​ടെ ഒരു പ്രസി​ദ്ധീ​ക​ര​ണ​മായ ഫാക്‌റ്റ്‌സ്‌ ഫോർ ലൈഫിൽ നൽകി​യി​രി​ക്കുന്ന പിൻവ​രുന്ന നിർദേ​ശങ്ങൾ പിൻപ​റ്റു​ന്ന​തി​ലൂ​ടെ പല രോഗ​ങ്ങ​ളും, പ്രത്യേ​കി​ച്ചും അതിസാ​രം, തടയാൻ സാധി​ക്കും.

1 വിസർജ്യ​ങ്ങൾ വേണ്ടവി​ധ​ത്തിൽ മറവു​ചെ​യ്യു​ക

വിസർജ്യ​ങ്ങ​ളിൽ ഒട്ടനവധി സൂക്ഷ്‌മാ​ണു​ക്കൾ അടങ്ങി​യി​ട്ടുണ്ട്‌. രോഗ​കാ​രി​ക​ളായ അണുക്കൾ ഭക്ഷണം, വെള്ളം, കൈകൾ, ആഹാരം പാകം ചെയ്യാ​നും വിളമ്പി​വെ​ക്കാ​നും ഉപയോ​ഗി​ക്കുന്ന പാത്രങ്ങൾ, പ്രതലങ്ങൾ എന്നിവ​യിൽ കടന്നു​കൂ​ടു​മ്പോൾ വായി​ലൂ​ടെ അവ വയറ്റിൽ എത്തി​ച്ചേർന്ന്‌ രോഗം വരുത്തി​വെ​ച്ചേ​ക്കാം. അത്തരം അണുസം​ക്ര​മണം തടയാ​നുള്ള ഏറ്റവും നല്ല മാർഗം വിസർജ്യ​ങ്ങ​ളെ​ല്ലാം മറവു​ചെ​യ്യുക എന്നതാണ്‌. വിസർജന ആവശ്യ​ങ്ങൾക്കാ​യി എപ്പോ​ഴും കക്കൂസ്‌ ഉപയോ​ഗി​ക്കുക. വീടിന്റെ പരിസ​ര​ങ്ങ​ളി​ലോ നടപ്പാ​ത​ക​ളി​ലോ കുട്ടികൾ കളിക്കുന്ന ഇടങ്ങളി​ലോ ജന്തുക്ക​ളു​ടെ വിസർജ്യം കിടപ്പി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തുക.

കക്കൂസ്‌ ഇല്ലാത്ത​യി​ട​ങ്ങ​ളിൽ വിസർജ്യം ഉടനടി കുഴി​ച്ചു​മൂ​ടുക. എല്ലാ വിസർജ്യ​ങ്ങ​ളി​ലും, ശിശു​ക്ക​ളു​ടേ​തിൽ പോലും, രോഗാ​ണു​ക്കൾ അടങ്ങി​യി​ട്ടുണ്ട്‌ എന്ന കാര്യം ഓർമി​ക്കുക. കുട്ടി​ക​ളു​ടെ വിസർജ്യ​വും കക്കൂസിൽ ഇടുക​യോ കുഴി​ച്ചു​മൂ​ടു​ക​യോ വേണം.

കക്കൂസു​കൾ കൂടെ​ക്കൂ​ടെ ശുചി​യാ​ക്കുക. അവ ഉപയോ​ഗ​ശേഷം വെള്ളം ഒഴിച്ചു വൃത്തി​യാ​ക്കി​യി​ടുക. കുഴി കക്കൂസു​കൾ മൂടി​യി​ടുക.

2 കൈകൾ കഴുകുക

കൈകൾ കഴുകു​ന്നത്‌ ഒരു പതിവാ​ക്കണം. സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ അല്ലെങ്കിൽ ചാരവും വെള്ളവും ഉപയോ​ഗിച്ച്‌ കൈകൾ കഴുകു​ന്നത്‌ അണുക്കളെ നീക്കം ചെയ്യാൻ സഹായി​ക്കു​ന്നു. വെറുതെ വെള്ളം ഒഴിച്ചു കഴുകി​യാൽ പോരാ, രണ്ടു കൈക​ളും സോപ്പോ ചാരമോ ഉപയോ​ഗിച്ച്‌ കൂട്ടി​ത്തി​രു​മ്മി​ത്തന്നെ കഴുകണം.

മലവി​സർജ​നം നടത്തിയ ശേഷവും മലവി​സർജനം നടത്തിയ ഒരു കുഞ്ഞി​നെ​യോ കുട്ടി​യെ​യോ ശുചി​യാ​ക്കിയ ശേഷവും കൈകൾ കഴു​കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. അതു​പോ​ലെ​തന്നെ മൃഗങ്ങ​ളെ​യോ പക്ഷിക​ളെ​യോ തൊട്ട​തി​നു ശേഷവും ആഹാര​സാ​ധ​നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നു മുമ്പും കുട്ടി​കൾക്കു ഭക്ഷണം കൊടു​ക്കു​ന്ന​തി​നു മുമ്പും കൈകൾ കഴുകുക.

കൈ കഴുകു​ന്നത്‌ രോഗ​കാ​രി​ക​ളായ വിരക​ളിൽനി​ന്നു സംരക്ഷണം നേടാൻ സഹായി​ക്കു​ന്നു. നഗ്നനേ​ത്രം​കൊണ്ട്‌ കാണാൻ കഴിയാ​ത്തത്ര ചെറു​താണ്‌ ഈ വിരകൾ. മലമൂത്ര വിസർജ്യ​ങ്ങൾ, ഉപരിതല ജലം, മണ്ണ്‌, പച്ചയോ നന്നായി പാകം​ചെ​യ്യാ​ത്ത​തോ ആയ മാംസം ഇവയി​ലൊ​ക്കെ​യാണ്‌ അവയുടെ വാസം. വിരകൾ ശരീര​ത്തിൽ കടന്നു​കൂ​ടു​ന്നത്‌ തടയാ​നുള്ള ഒരു പ്രധാന മാർഗം കൈകൾ കഴുകുക എന്നതാണ്‌. കൂടാതെ, കക്കൂസിന്‌ അടു​ത്തേക്കു പോകു​മ്പോൾ ചെരു​പ്പി​ടു​ന്നത്‌ പാദങ്ങ​ളി​ലെ ചർമത്തി​ലൂ​ടെ വിരകൾ ശരീര​ത്തിൽ കയറി​ക്കൂ​ടാ​തി​രി​ക്കാൻ സഹായി​ക്കും.

കുട്ടി​കൾക്ക്‌ പൊതു​വേ കൈ വായി​ലി​ടുന്ന ശീലം ഉള്ളതു​കൊണ്ട്‌ അവരുടെ കൈകൾ കൂടെ​ക്കൂ​ടെ കഴുകി​ക്കുക. അവർ മലവി​സർജനം നടത്തി​യ​ശേ​ഷ​വും ഭക്ഷണം കഴിക്കു​ന്ന​തി​നു മുമ്പും ഇങ്ങനെ ചെയ്യേ​ണ്ടത്‌ വിശേ​ഷാൽ ആവശ്യ​മാണ്‌. തനിയെ കൈകൾ കഴുകാൻ അവരെ പഠിപ്പി​ക്കുക. കക്കൂസി​ന്റെ​യോ മറ്റു വിസർജന സ്ഥലങ്ങളു​ടെ​യോ പരിസ​രത്ത്‌ കളിക്ക​രു​തെന്ന്‌ അവർക്കു പറഞ്ഞു​കൊ​ടു​ക്കുക.

3 എല്ലാ ദിവസ​വും മുഖം കഴുകുക

അണുബാ​ധ​യിൽനിന്ന്‌ കണ്ണുകളെ സംരക്ഷി​ക്കു​ന്ന​തിന്‌, മുഖം എല്ലാ ദിവസ​വും സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ കഴുകുക. കുട്ടി​ക​ളു​ടെ മുഖവും കഴുകി​ക്കണം. മുഖം വൃത്തി​ഹീ​ന​മാ​യി​രു​ന്നാൽ അത്‌ സൂക്ഷ്‌മാ​ണു​വാ​ഹി​ക​ളായ ഈച്ചകൾ വന്നിരി​ക്കു​ന്ന​തിന്‌ ഇടയാ​ക്കും. ഈ സൂക്ഷ്‌മാ​ണു​ക്കൾക്ക്‌ നേത്ര രോഗ​ങ്ങ​ളും അന്ധതയും പോലും വരുത്തി​വെ​ക്കാൻ കഴിയും.

നിങ്ങളു​ടെ കുട്ടി​ക​ളു​ടെ കണ്ണുകൾ ക്രമമാ​യി പരി​ശോ​ധി​ക്കുക. ആരോ​ഗ്യ​മുള്ള കണ്ണുകൾ നനവും തിളക്ക​വും ഉള്ളവയാ​യി​രി​ക്കും. കണ്ണുകൾ വരണ്ടോ ചുമന്നോ വിങ്ങി​യോ ആണ്‌ ഇരിക്കു​ന്ന​തെ​ങ്കിൽ അല്ലെങ്കിൽ അവയിൽനിന്ന്‌ എന്തെങ്കി​ലും ദ്രവം വരുന്നു​ണ്ടെ​ങ്കിൽ കുട്ടിയെ ഒരു ഡോക്ട​റെ​യോ ആരോ​ഗ്യ​രം​ഗത്തു സേവി​ക്കുന്ന മറ്റാ​രെ​യെ​ങ്കി​ലു​മോ കാണി​ക്കണം.

4 ശുദ്ധജലം മാത്രം ഉപയോ​ഗി​ക്കു​ക

ശുദ്ധജലം ഉപയോ​ഗി​ക്കു​ക​യും അത്‌ രോഗാ​ണു​ക്കൾ കടക്കാതെ സൂക്ഷി​ക്കു​ക​യും ചെയ്യു​മ്പോൾ കുടും​ബ​ങ്ങ​ളിൽ അസുഖങ്ങൾ കുറയു​ന്ന​താ​യി കാണുന്നു. ശരിയാ​യി നിർമിച്ച്‌, നല്ല നിലയിൽ സൂക്ഷി​ച്ചി​രി​ക്കുന്ന പൈപ്പ്‌ സംവി​ധാ​ന​ത്തിൽനി​ന്നോ മലിന​മാ​കാത്ത കിണറു​ക​ളിൽനി​ന്നോ ഉറവു​ക​ളിൽനി​ന്നോ ഉള്ള വെള്ളമാണ്‌ നിങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ അത്‌ ശുദ്ധമാ​യി​രി​ക്കാൻ ഇടയുണ്ട്‌. കുളങ്ങൾ, പുഴകൾ, തുറന്നു കിടക്കുന്ന ടാങ്കുകൾ അല്ലെങ്കിൽ കിണറു​കൾ എന്നിവ​യി​ലെ വെള്ളം ശുദ്ധമാ​യി​രി​ക്കാ​നുള്ള സാധ്യത വളരെ കുറവാണ്‌. എന്നാൽ തിളപ്പി​ക്കു​ന്നത്‌ അതിലെ അണുക്കളെ നീക്കം ചെയ്യാൻ സഹായി​ക്കും.

കിണറു​കൾ മൂടി​യി​ടണം. വെള്ളം കോരാൻ ഉപയോ​ഗി​ക്കുന്ന തൊട്ടി​കൾ, കയറുകൾ, ഒഴിച്ചു​വെ​ക്കാൻ ഉപയോ​ഗി​ക്കുന്ന കുടങ്ങൾ എന്നിവ പതിവാ​യി കഴുകു​ക​യും വൃത്തി​യുള്ള സ്ഥലത്തു വെക്കു​ക​യും വേണം. അവ മണ്ണിൽ വെക്കരുത്‌. ജന്തുക്കളെ കുടി​വെള്ള ഉറവു​ക​ളിൽനി​ന്നും വീട്ടിൽനി​ന്നും അകറ്റി​നി​റു​ത്തണം. ജല​സ്രോ​ത​സ്സു​കൾക്ക​രി​കെ കീടനാ​ശി​നി​ക​ളോ രാസവ​സ്‌തു​ക്ക​ളോ ഉപയോ​ഗി​ക്ക​രുത്‌.

വീടി​നു​ള്ളിൽ വെള്ളം ശേഖരി​ച്ചു​വെ​ക്കു​മ്പോൾ അത്‌ വൃത്തി​യുള്ള ഒരു പാത്ര​ത്തിൽ അടച്ചു​വെ​ക്കാൻ ശ്രദ്ധി​ക്കണം. ടാപ്പുള്ള പാത്ര​ത്തിൽ വെള്ളം ഒഴിച്ചു​വെ​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. ടാപ്പി​ല്ലാത്ത പാത്ര​മാ​ണെ​ങ്കിൽ വൃത്തി​യുള്ള ഒരു തവിയോ കപ്പോ ഉപയോ​ഗി​ച്ചു വേണം അതിൽനിന്ന്‌ വെള്ളം മുക്കി​യെ​ടു​ക്കാൻ. വൃത്തി​ഹീ​ന​മായ കൈകൾകൊണ്ട്‌ ഒരിക്ക​ലും കുടി​വെ​ള്ള​ത്തിൽ സ്‌പർശി​ക്ക​രുത്‌.

5 ആഹാര​പ​ദാർഥങ്ങൾ അണുക്ക​ളിൽനി​ന്നു സംരക്ഷി​ക്കു​ക

ആഹാരം നന്നായി പാകം ചെയ്യു​ന്ന​തി​ലൂ​ടെ രോഗാ​ണു​ക്കളെ കൊല്ലാൻ കഴിയും. ആഹാര​പ​ദാർഥങ്ങൾ, പ്രത്യേ​കി​ച്ചും മാംസം, നന്നായി വേവി​ക്കണം. ചെറു ചൂടുള്ള ആഹാര​സാ​ധ​ന​ങ്ങ​ളിൽ അണുക്കൾ പെട്ടെന്നു പെരു​കും. അതു​കൊണ്ട്‌ ആഹാരം പാകം ചെയ്‌തു കഴിഞ്ഞ്‌ കഴിയു​ന്ന​തും വേഗം അതു കഴി​ക്കേ​ണ്ട​താണ്‌. ഭക്ഷണം രണ്ടു മണിക്കൂ​റി​ലേറെ വെക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ അത്‌ ഒന്നുകിൽ നല്ല ചൂടുള്ള അല്ലെങ്കിൽ തണുപ്പുള്ള ഒരിടത്തു വെക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക. പാകം ചെയ്‌ത ആഹാരം മറ്റൊരു നേര​ത്തേക്കു സൂക്ഷി​ക്കേണ്ടി വരു​ന്നെ​ങ്കിൽ അത്‌ മൂടി​വെ​ക്കുക. ഈച്ചക​ളും പ്രാണി​ക​ളും കടക്കാ​തി​രി​ക്കാൻ ഇതു സഹായി​ക്കും. കഴിക്കു​ന്ന​തി​നു മുമ്പ്‌ ആഹാരം വീണ്ടും ചൂടാ​ക്കുക.

മുലപ്പാ​ലാണ്‌ ശിശു​ക്കൾക്കും കൊച്ചു​കു​ഞ്ഞു​ങ്ങൾക്കും പറ്റിയ ഏറ്റവും നല്ലതും സുരക്ഷി​ത​വു​മായ പാൽ. പശുവിൻ പാലോ മറ്റോ കൊടു​ക്കു​ന്നെ​ങ്കിൽ തിളപ്പി​ച്ചാ​റ്റി​യ​തോ പാസ്‌ച​റീ​ക​രണം നടത്തി​യ​തോ നൽകു​ന്ന​താ​യി​രി​ക്കും ഏറെ സുരക്ഷി​തം. ഫീഡിങ്‌ ബോട്ടിൽ തിളച്ച വെള്ളം ഉപയോ​ഗിച്ച്‌ വൃത്തി​യാ​ക്കിയ ശേഷം മാത്രമേ ഓരോ തവണയും ഉപയോ​ഗി​ക്കാ​വൂ. അല്ലാത്ത​പക്ഷം അതിന്റെ ഉപയോ​ഗം ഒഴിവാ​ക്കുക. ഫീഡിങ്‌ ബോട്ടി​ലു​ക​ളിൽ അതിസാ​ര​ത്തിന്‌ ഇടയാ​ക്കുന്ന അണുക്കൾ ഉണ്ടാകാ​റുണ്ട്‌. കുഞ്ഞു​ങ്ങളെ മുലയൂ​ട്ടു​ന്ന​തോ വൃത്തി​യുള്ള ഒരു തുറന്ന കപ്പിൽനിന്ന്‌ കുടി​പ്പി​ക്കു​ന്ന​തോ ആണ്‌ ഏറെ നല്ലത്‌.

പഴങ്ങളും പച്ചക്കറി​ക​ളും ശുദ്ധജലം ഉപയോ​ഗിച്ച്‌ കഴുകുക. ശിശു​ക്കൾക്കും കൊച്ചു​കു​ട്ടി​കൾക്കും ഇവ വേവി​ക്കാ​തെ​യാണ്‌ നൽകു​ന്ന​തെ​ങ്കിൽ ഇതു വിശേ​ഷാൽ പ്രധാ​ന​മാണ്‌.

6 വീട്ടിൽനിന്ന്‌ ചപ്പുച​വ​റു​കൾ പൂർണ​മാ​യി നീക്കം ചെയ്യുക

ഈച്ചകൾ, പാറ്റകൾ, എലികൾ ഇവയെ​ല്ലാം സൂക്ഷ്‌മാ​ണു​വാ​ഹി​ക​ളാണ്‌. ചപ്പുച​വ​റു​കൾ ഉള്ളിടത്ത്‌ ഇവ പെരു​കു​ന്നു. നിങ്ങൾ താമസി​ക്കു​ന്നി​ടത്ത്‌ ചപ്പുച​വ​റു​കൾ എടുത്തു​കൊ​ണ്ടു പോകുന്ന ക്രമീ​ക​രണം ഇല്ലെങ്കിൽ അവ ഒരു കുഴി​യു​ണ്ടാ​ക്കി അതിലിട്ട്‌ ദിവസേന മണ്ണിട്ടു മൂടു​ക​യോ കത്തിക്കു​ക​യോ ചെയ്യുക. നിങ്ങളു​ടെ വീട്‌ വൃത്തി​യു​ള്ള​തും ചപ്പുച​വ​റും മലിന​ജ​ല​വും ഇല്ലാത്ത​തു​മാ​യി സൂക്ഷി​ക്കുക.

പതിവാ​യി ഈ നിർദേ​ശങ്ങൾ പിൻപ​റ്റു​ന്നെ​ങ്കിൽ അവ നിങ്ങളു​ടെ ദിനച​ര്യ​യു​ടെ ഭാഗമാ​യി​ത്തീർന്നി​രി​ക്കു​ന്ന​താ​യി നിങ്ങൾ പെട്ടെ​ന്നു​തന്നെ കണ്ടെത്തും. അവ നടപ്പാ​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടോ അത്ര പണച്ചെ​ല​വോ ഉള്ള കാര്യമല്ല. അതേസ​മയം അവ നിങ്ങളു​ടെ​യും കുടും​ബ​ത്തി​ന്റെ​യും ആരോ​ഗ്യം സംരക്ഷി​ക്കു​ക​യും ചെയ്യും. (g03 9/22)

[11-ാം പേജിലെ ചിത്രം]

കക്കൂസ്‌ ഇല്ലാത്ത ഇടങ്ങളിൽ വിസർജ്യം ഉടനടി കുഴി​ച്ചു​മൂ​ടു​ക

[11-ാം പേജിലെ ചിത്രം]

കൈകൾ കഴുകു​ന്നത്‌ ഒരു പതിവാ​ക്കു​ക

[12, 13 പേജു​ക​ളി​ലെ ചിത്രം]

സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ എല്ലാ ദിവസ​വും മുഖം കഴുകുക

[12-ാം പേജിലെ ചിത്രം]

ശുദ്ധജലം ഉപയോ​ഗി​ക്കു​ക​യും അത്‌ രോഗാ​ണു​ക്കൾ കടക്കാതെ സൂക്ഷി​ക്കു​ക​യും ചെയ്യു​മ്പോൾ കുടും​ബ​ങ്ങ​ളിൽ അസുഖങ്ങൾ കുറയു​ന്ന​താ​യി കാണുന്നു

[13-ാം പേജിലെ ചിത്രം]

പാകം ചെയ്‌ത ആഹാരം മറ്റൊരു നേര​ത്തേക്ക്‌ സൂക്ഷി​ക്കേണ്ടി വരു​ന്നെ​ങ്കിൽ അത്‌ മൂടി​വെ​ക്കു​ക

[13-ാം പേജിലെ ചിത്രം]

വീട്ടിലെ ചപ്പുച​വ​റു​കൾ ദിവസേന മണ്ണിട്ടു മൂടു​ക​യോ കത്തിക്കു​ക​യോ ചെയ്യുക