കടലിലെ ദുരന്തം കരയിലെയും
കടലിലെ ദുരന്തം കരയിലെയും
സ്പെയിനിലെ ഉണരുക! ലേഖകൻ
പാരിസ്ഥിതികവും സാമ്പത്തികവുമായ ഒരു വിപത്തിന് തുടക്കം കുറിച്ച ദിവസമായിരുന്നു 2002 നവംബർ 13. ഇളകിമറിയുന്ന കടലിൽ വെച്ച് പ്രെസ്റ്റിജ് എന്ന എണ്ണക്കപ്പൽ ചോരാൻ തുടങ്ങിയത് അന്നാണ്. കേടുപറ്റിയ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയമടഞ്ഞു. ആറു ദിവസങ്ങൾക്കു ശേഷം—അപ്പോഴേക്കും ഏതാണ്ട് 20,000 ടൺ എണ്ണ ഒലിച്ചുപോയിരുന്നു—എണ്ണക്കപ്പൽ രണ്ടായി പിളർന്ന് ആഴിയുടെ ആഴങ്ങളിലേക്കു താണു. സ്പെയിനിന്റെ തീരത്തുനിന്ന് ഏതാണ്ട് 200 കിലോമീറ്റർ മാറിയായിരുന്നു സംഭവം.
കപ്പൽ 50,000 ടണ്ണിലേറെ എണ്ണയുംകൊണ്ടാണ് കടലിന്റെ അടിത്തട്ടിലേക്കു താണത്. അതിൽനിന്ന് ദിവസേന 125 ടണ്ണോളം എണ്ണ പിന്നെയും ചോർന്നുകൊണ്ടിരുന്നു. പുതിയ എണ്ണപ്പാടകൾ രൂപംകൊണ്ടു. അവ തീരത്തേക്ക് അപ്രതിരോധ്യമാം വിധം നീങ്ങി. ഇന്ധന എണ്ണ ശ്യാനതയും (viscosity) വിഷസ്വഭാവവും ഉള്ളതായിരുന്നതിനാൽ അത് പരിസ്ഥിതിക്ക് ഏൽപ്പിച്ച ആഘാതം വിശേഷിച്ചും വിനാശകമായിരുന്നു.
അടിഞ്ഞുകൂടിയ എണ്ണയിൽനിന്ന് അന്തരീക്ഷത്തിൽ വ്യാപിച്ച രൂക്ഷഗന്ധമുള്ള ബാഷ്പകണങ്ങൾ, തീരങ്ങൾ ശുചിയാക്കാൻ വന്ന നിരവധി സന്നദ്ധസേവകർക്കു തടസ്സം സൃഷ്ടിച്ചു. മാത്രമല്ല, ഇന്ധന എണ്ണ ടാറിന്റെ വൻ ശേഖരം രൂപംകൊള്ളാൻ ഇടയാക്കി. അത് കറുത്ത ചൂയിങ് ഗം പോലെ പാറകളിൽ പറ്റിപ്പിടിച്ചു. “ഇത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ദുരന്തങ്ങളിൽ ഒന്നാണ്,” ആകസ്മിക ജല മലിനീകരണത്തെ പറ്റിയുള്ള ഡോക്യുമെന്റേഷൻ, ഗവേഷണ, പരീക്ഷണ സെന്ററിന്റെ ഡയറക്ടറായ മിഷെൽ ഗിരെൻ ദുഃഖത്തോടെ പറഞ്ഞു.
സാഹസിക ശ്രമങ്ങൾ
തങ്ങളുടെ ഉപജീവനമാർഗത്തിന് ഭീഷണി ഉയർത്തുന്ന എണ്ണപ്പാടകൾ നീക്കംചെയ്യാനായി നൂറുകണക്കിന് മുക്കുവർ കടലിൽ കഠിനാധ്വാനം ചെയ്തു, അതും ആഴ്ചകളോളം. എണ്ണ, തീരങ്ങളെ മലീമസമാക്കുകയും ലോകത്തിലെ ഏറ്റവും സമ്പുഷ്ടമായ മത്സ്യബന്ധന മേഖലകളിൽ ഒന്ന് നശിപ്പിച്ചുകളയുകയും ചെയ്യും മുമ്പേ അതു നീക്കം ചെയ്യാനായി മുക്കുവർ ഒരു സാഹസിക പോരാട്ടം തന്നെ നടത്തി. ചിലരാണെങ്കിൽ എണ്ണയിൽ കുഴഞ്ഞ ചെളി കൈകൊണ്ടുതന്നെ വെള്ളത്തിൽനിന്ന് കോരിയെടുത്തു. “നടുവൊടിക്കുന്ന പണിയായിരുന്നു അത്. പക്ഷേ ചെറിയ ബോട്ടുകളിലുള്ള ഞങ്ങൾക്ക് അതല്ലാതെ വേറെ മാർഗമില്ലായിരുന്നു,” സ്ഥലത്തെ ഒരു മുക്കുവനായ ആന്റോണിയോ പറഞ്ഞു.
മുക്കുവർ കടലിൽനിന്ന് എണ്ണ നീക്കംചെയ്യാനുള്ള ശ്രമത്തിൽ ഏർപ്പെട്ടപ്പോൾ, തീരങ്ങൾ ശുചിയാക്കുന്ന തിരക്കിലായിരുന്നു സ്പെയിനിലെമ്പാടുനിന്നുമെത്തിയ ആയിരക്കണക്കിന് സന്നദ്ധസേവകർ. ഉപയോഗശേഷം കളയാവുന്ന വെള്ള പുറങ്കുപ്പായങ്ങളും മാസ്ക്കുകളും ധരിച്ച അവരെ
കണ്ടാൽ അവർ ജൈവാണുയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നു തോന്നിപ്പോകുമായിരുന്നു. എന്നാൽ കോരികകൊണ്ട് എണ്ണ കോരിയെടുത്ത് തൊട്ടിയിൽ ആക്കുകയെന്ന ആയാസകരമായ ജോലിയായിരുന്നു അവരുടേത്. ഇതു പിന്നീട് അവിടെനിന്ന് ചുമന്നുകൊണ്ടുപോകുമായിരുന്നു. മുക്കുവരെ പോലെതന്നെ, തീരങ്ങളിൽ വന്നടിഞ്ഞ എണ്ണ കൈകൊണ്ടു നീക്കം ചെയ്തവരുമുണ്ട്.ദാരുണമായ ഫലങ്ങൾ
“മൂച്ചിയായിലെ കപ്പൽത്തുറയിലേക്ക് എണ്ണ ചുഴറ്റിയെറിയുന്ന കറുത്ത തിരമാലകൾ ആദ്യം കണ്ടപ്പോൾ എനിക്ക് ദുഃഖം അടക്കാനായില്ല” എന്ന് വടക്കൻ ഗലിഷയിലെ കോർകൂബ്യോനിലെ മേയറായ റാഫായെൽ മൂസോ പറഞ്ഞു. അവിടത്തെ തീരരേഖ താറുമാറായിപ്പോയിരുന്നു. “എണ്ണച്ചോർച്ച ഞങ്ങളുടെ പട്ടണത്തിലെ ഒട്ടേറെ പേരുടെ ഉപജീവനത്തെ ബാധിച്ചിരിക്കുന്നു.”
സങ്കടകരമെന്നു പറയട്ടെ, സ്പെയിനിലെ മനോഹരമായ പുതിയ ദേശീയ പാർക്കായ ലാസ് ഇസ്ലാസ് ആറ്റ്ലാന്റിക്കാസിൽ (അറ്റ്ലാന്റിക് ദ്വീപുകൾ) ഒരു എണ്ണപ്പാട വൻ വിനാശം വിതച്ചു. എണ്ണച്ചോർച്ച വിനാശം വിതയ്ക്കുന്നതിനു മുമ്പ്, കടൽപ്പക്ഷികളുടെ വൻ പറ്റങ്ങൾ ഗലിഷയുടെ തീരത്തിനടുത്തു സ്ഥിതിചെയ്യുന്ന ഈ അഞ്ചു ദ്വീപുകളിൽ കൂടുകൂട്ടിയിരുന്നു. ചുറ്റുമുള്ള ജലാശയഭാഗം സമുദ്ര ജീവിവർഗങ്ങളാൽ വിശേഷിച്ചും സമ്പന്നമായിരുന്നു.
ഡിസംബർ ആരംഭമായപ്പോഴേക്കും പാർക്കിന്റെ തീരരേഖയുടെ 95 ശതമാനം എണ്ണയാൽ മലീമസമായിത്തീർന്നിരുന്നു. ഇത് 1,00,000-ത്തോളം പക്ഷികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പക്ഷിശാസ്ത്രജ്ഞരുടെ കണക്ക്. കടലിൽ ഡൈവ് ചെയ്യുന്നവർ, എണ്ണ വലിയ ഉരുളകളായി കട്ടപിടിച്ച് കടൽത്തട്ടിൽ കിടന്ന് മുകളിലേക്കും താഴേക്കും ചലിക്കുന്നതു കാണുകയുണ്ടായി. ലോലമായ സാമുദ്രീയ പരിസ്ഥിതി വ്യവസ്ഥയെ താറുമാറാക്കി കൊണ്ടിരിക്കുകയായിരുന്നു അവ.
ഒരു പക്ഷി-രക്ഷാകേന്ദ്രം സ്ഥാപിച്ച ജേ ഹോൽകൊം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “സാധാരണഗതിയിൽ പക്ഷികൾ ചാകുന്നത് വെള്ളത്തിൽ മുങ്ങുകയോ ശരീരോഷ്മാവ് താഴുകയോ ചെയ്യുന്നതു നിമിത്തമാണ്. തൂവലുകൾ എണ്ണയിൽ കുതിർന്നു പോകുന്നതുകൊണ്ട് അവയുടെ താപരോധക, ജലരോധക ഗുണങ്ങൾ നഷ്ടമാകുന്നു. കൂടാതെ, നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ ഒരു നീന്തൽക്കാരനെ അപകടത്തിലാക്കുന്നതുപോലെ കൊഴുത്ത എണ്ണ, പക്ഷികൾ വെള്ളത്തിൽ മുങ്ങിപ്പോകാൻ ഇടയാക്കുന്നു. പക്ഷികളെ രക്ഷപെടുത്തുന്നത് വളരെയേറെ സംതൃപ്തി നൽകിത്തരുന്ന ഒരു കാര്യമാണ്, താരതമ്യേന കുറച്ചെണ്ണത്തിനെയേ രക്ഷപെടുത്താൻ കഴിയുന്നുള്ളു എങ്കിൽക്കൂടി.”
‘പതിയിരുന്ന അപകടം’
ലോകം ഊർജത്തിനായി എണ്ണയെ ആശ്രയിക്കുന്നു. എന്നാൽ ചെലവു ചുരുക്കാനായി എണ്ണ മിക്കപ്പോഴും കടത്തിക്കൊണ്ടു പോകുന്നത് അപകടകരമായ നിലയിൽ ആയിരിക്കുന്ന കപ്പലുകളിലാണ്. അതുകൊണ്ട്, ന്യൂയോർക്ക് ടൈംസ് ആ സ്ഥിതിവിശേഷത്തെ “പതിയിരിക്കുന്ന അപകടം” എന്നാണു വിശേഷിപ്പിച്ചത്.
കഴിഞ്ഞ 26 വർഷത്തിനുള്ളിൽ ഗലിഷയുടെ തീരത്തിനടുത്തായി മുങ്ങുന്ന മൂന്നാമത്തെ എണ്ണക്കപ്പലാണ് പ്രെസ്റ്റിജ്. ഏതാണ്ട് പത്തു വർഷം മുമ്പ് ഇജിയൻ സീ എന്ന എണ്ണക്കപ്പൽ വടക്കൻ ഗലിഷയിലെ ലാ കോറൂന്യായ്ക്ക് സമീപം കടലിൽ താണ് 40,000 ടൺ അസംസ്കൃത എണ്ണ ഒലിച്ചുപോയി. സമീപത്തുള്ള തീരരേഖയുടെ ചില ഭാഗങ്ങൾ ആ ദുരന്തത്തിൽനിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. 1976-ൽ ഉർക്കിയോള എന്ന കപ്പൽ അതേ അഴിമുഖത്തു തന്നെ മുങ്ങുകയും 1,00,000 ടണ്ണിലേറെ എണ്ണ കടലിലേക്കു പ്രവഹിക്കുകയും ചെയ്തു.
ഏറ്റവും അടുത്ത കാലത്തുണ്ടായ വിപത്ത് കണക്കിലെടുത്ത്, ഇരട്ട പള്ളയില്ലാത്ത എല്ലാ ഇന്ധന-എണ്ണക്കപ്പലുകളും നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുകയാണ്. എങ്കിലും, അടിക്കടി ആഘാതത്തിനിരയായ യൂറോപ്പിന്റെ തീരരേഖയെ സംരക്ഷിക്കാൻ ആ നടപടി മതിയാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
എണ്ണപ്പാടകളിൽനിന്നും വിഷമാലിന്യങ്ങളിൽനിന്നും അന്തരീക്ഷ മലിനീകരണത്തിൽനിന്നും ഒക്കെ മുക്തമായ ഒരു ലോകം ഉറപ്പു നൽകാൻ മാനുഷ ഗവൺമെന്റുകൾക്കു കഴിഞ്ഞിട്ടില്ല എന്നു വ്യക്തം. എന്നാൽ ക്രിസ്ത്യാനികൾ, ദൈവരാജ്യ ഭരണത്തിൻ കീഴിൽ നമ്മുടെ ഗ്രഹം ഒരിക്കലും മലിനീകരിക്കപ്പെടുകയില്ലാത്ത ഒരു പറുദീസയായി മാറുന്ന കാലത്തിനായി നോക്കിപ്പാർത്തിരിക്കുന്നു.—യെശയ്യാവു 11:1, 9; വെളിപ്പാടു 11:18. (g03 8/22)
[18, 19 പേജുകളിലെ ചിത്രം]
പ്രെസ്റ്റിജ് 50,000 ടൺ എണ്ണയുംകൊണ്ടാണ് കടലിന്റെ അടിത്തട്ടിലേക്കു താണത്
[കടപ്പാട്]
AFP PHOTO/DOUANE FRANCAISE