ഗ്ലാമറിന്റെ ഇരുണ്ടവശം
ഗ്ലാമറിന്റെ ഇരുണ്ടവശം
ഫാഷനു ചേർച്ചയിലുള്ള വസ്ത്രധാരണം നിങ്ങളുടെ ആകാരഭംഗിക്കു മിഴിവേകുകയും ആത്മവിശ്വാസത്തിനു തിളക്കം വർധിപ്പിക്കുകയും ചെയ്യും എന്നതിനു സംശയമില്ല. നന്നായി ഇണങ്ങുന്ന വസ്ത്രം ധരിക്കുന്നത് ബാഹ്യാകാരത്തിന്റെ ന്യൂനതകൾ പരിഹരിക്കുകയും നിങ്ങളുടെ ആകർഷകമായ സവിശേഷതകൾക്കു മാറ്റുകൂട്ടുകയും ചെയ്യും. മറ്റുള്ളവർ നിങ്ങളെ വീക്ഷിക്കുന്ന വിധത്തെയും അതു സ്വാധീനിക്കും.
എന്നാൽ ഫാഷൻ ലോകത്തിന്, അവഗണിക്കാനാകാത്ത ഒരു ഇരുണ്ടവശമുണ്ട്. അതായത്, പുതിയ പുതിയ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാനുള്ള ഒരു ത്വര അത് ഉപഭോക്താക്കളിൽ ഉളവാക്കിയേക്കാം. ഫാഷൻ വ്യവസായം പുത്തൻ സ്റ്റൈലുകൾ പുറത്തിറക്കുന്നു. ഇത് അവർ മനഃപൂർവം ചെയ്യുന്നതാണ്. കാരണം വസ്ത്രങ്ങൾ പെട്ടെന്നു ഫാഷനല്ലാതാകുന്തോറും ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങൾക്ക് വൻ ലാഭം കൊയ്യാൻ കഴിയുന്നു. ഫാഷൻ ഡിസൈനറായ ഗബ്രിയേൽ ചാനൽ ഇപ്രകാരം പറയുന്നു: “ഫാഷനല്ലാതാകുന്നതിനുവേണ്ടിയാണ് ഫാഷനുകൾ സൃഷ്ടിക്കുന്നതുതന്നെ.” തങ്ങൾ ഒട്ടും പിന്നിലാകാതിരിക്കണമെങ്കിൽ പുതിയ വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടേയിരിക്കണം എന്ന് വേണ്ടത്ര ജാഗ്രത പുലർത്താത്ത ഉപഭോക്താക്കൾ കരുതുകയും ചെയ്യുന്നു.
പരസ്യം വളരെ തന്ത്രപരമായി ചെലുത്തുന്ന സമ്മർദത്തിനു വഴിപ്പെടുന്നതാണ് മറ്റൊരു അപകടം. ഫാഷൻ കമ്പനികൾ തങ്ങളുടെ ഉത്പന്നം വിറ്റഴിക്കുന്നതിനായി ദശലക്ഷക്കണക്കിനു ഡോളറാണു മുടക്കുന്നത്. അവരുടെ ഒരു പ്രത്യേക ബ്രാൻഡ് ഉത്പന്നം ഉപയോഗിക്കുന്നവർ യാതൊരു അല്ലലുമില്ലാത്ത ഒരു പ്രത്യേകതരം ജീവിതം ആസ്വദിക്കുന്നതായി അവർ പരസ്യങ്ങളിലൂടെ ചിത്രീകരിക്കുന്നു. ഇത്തരം ആശയങ്ങൾക്ക് ശക്തമായ പ്രഭാവം ചെലുത്താൻ കഴിയും. “കൗമാരപ്രായക്കാരെ സംബന്ധിച്ചിടത്തോളം ‘നല്ല ബ്രാൻഡിന്റെ’ ഷൂസ് ഇല്ലെങ്കിൽ, അവരെ അതുപോലെ അലട്ടുന്ന മറ്റൊരു സംഗതിയുണ്ടാവില്ല” എന്ന് സ്പെയിനിലെ ഒരു സ്കൂൾ അധ്യാപിക പറയുന്നു.
ഭ്രമത്തിന്റെ കുരുക്ക്
ഒരു പ്രത്യേക കൂട്ടത്തിൽ പെട്ടവരായി തങ്ങളെ തിരിച്ചറിയിക്കുന്നതിന് ചിലയാളുകൾ ഒരു പ്രത്യേക വസ്ത്രധാരണരീതി പിൻപറ്റുന്നു. അതു ചിലപ്പോൾ സമൂഹത്തോടുള്ള ധിക്കാരത്തെയോ, കൂടുതൽ സ്വതന്ത്രമായ ഒരു ജീവിതരീതിയെയോ, അക്രമത്തെയോ വർഗീയ ചിന്താഗതിയെയോപോലും പ്രതിഫലിപ്പിച്ചേക്കാം. ഇത്തരം കൂട്ടങ്ങളുടെ വസ്ത്രധാരണത്തിന്റെ സ്റ്റൈലുകൾ അങ്ങേയറ്റം ഞെട്ടിക്കുന്ന തരത്തിലുള്ളത് ആയിരിക്കാമെങ്കിലും കൂട്ടത്തിൽ എല്ലാവരുംതന്നെ അതു പിൻപറ്റുന്നു. ചിലർക്ക് ഇങ്ങനെയുള്ള കൂട്ടത്തിന്റെ ആശയഗതികളോടു പ്രതിപത്തി ഇല്ലെങ്കിലും അവരുടെ വസ്ത്രധാരണരീതിയോട് ആകർഷണം തോന്നിയേക്കാം. ഇത്തരം വേഷവിധാനരീതികൾ പകർത്തുന്നവർ, തങ്ങളും ഈ കൂട്ടത്തിന്റെ ആശയഗതികൾ പങ്കിടുകയും ഉന്നമിപ്പിക്കുകയും ചെയ്യുന്നവരാണെന്ന തോന്നൽ മറ്റുള്ളവരിൽ ഉളവാക്കിയേക്കാം.
ഫാഷൻ വരികയും പോവുകയും ചെയ്യും, ചിലതാണെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ അപ്രത്യക്ഷമാകും. ജനപ്രിയരായ സിനിമാതാരങ്ങളോ പുതിയ സ്റ്റൈലുകൾ തുടങ്ങിവെക്കുന്നവരോ ഒക്കെ ആയിരിക്കാം ഫാഷനുകൾ ഇറക്കുമതി ചെയ്യുന്നത്. എന്നിരുന്നാലും, ചില ഫാഷനുകൾ പിന്നീട് വ്യവസ്ഥാപിത വസ്ത്രധാരണരീതികളായി മാറിയിട്ടുണ്ട്. ഉദാഹരണത്തിന്, 1950-കളിലും 60-കളിലും യുവ വിപ്ലവകാരികൾക്കു പ്രിയങ്കരമായിരുന്നു നീല ജീൻസ്. എന്നാൽ ഇന്ന്, ആളുകൾ പ്രായഭേദമന്യേ പല അവസരങ്ങളിലും അതു ധരിക്കുന്നു.
ആകാരവടിവിനായുള്ള വാഞ്ഛ
ഫാഷനെ കണ്ണുമടച്ചു പിന്തുടരുന്നവർക്ക് തങ്ങളുടെ ആകാരം സംബന്ധിച്ച് അമിതമായി ഉത്കണ്ഠ തോന്നാനിടയുണ്ട്. ഫാഷൻ മോഡലുകൾ സാധാരണ വളരെ പൊക്കമുള്ളവരും മെലിഞ്ഞവരുമാണ്. എങ്ങോട്ടുതിരിഞ്ഞാലും അവരുടെ ചിത്രങ്ങൾതന്നെ. a വാഹനങ്ങളുടെ മുതൽ മിഠായികളുടെ വരെ പരസ്യങ്ങളിൽ “ശരിയായ” ആകാരവടിവിനാണു പ്രാധാന്യം. ബ്രിട്ടന്റെ സോഷ്യൽ ഇഷ്യൂസ് റിസർച്ച് സെന്ററിന്റെ കണക്കു പ്രകാരം “നമ്മുടെ അമ്മമാർ അവരുടെ കൗമാരത്തിൽ ആകെ കണ്ടതിനെക്കാൾ കൂടുതൽ എണ്ണം സുന്ദരികളുടെ ചിത്രങ്ങൾ ഇന്നത്തെ യുവപ്രായക്കാരികൾ ഒരുദിവസംതന്നെ കാണുന്നു.”
ഇടതടവില്ലാതെ കൺമുന്നിൽ വന്നുനിറയുന്ന ഈ രൂപങ്ങൾക്ക് ആളുകളിൽ ഹാനികരമായ ഫലം ഉളവാക്കാൻ കഴിയും. ഉദാഹരണത്തിന്, ഐക്യനാടുകളിൽ വെള്ളക്കാരായ പെൺകുട്ടികളിൽ 90 ശതമാനവും തങ്ങളുടെ ശരീരവടിവിൽ സംതൃപ്തരായിരുന്നില്ല എന്ന് ന്യൂസ്വീക്കിൽ പ്രസിദ്ധീകരിച്ച ഒരു സർവേ വെളിപ്പെടുത്തുന്നു. ഇവരിൽ ചിലർ ‘എല്ലാം തികഞ്ഞ ആകാരവടിവ്’ കിട്ടാൻ അക്ഷരാർഥത്തിൽത്തന്നെ എന്തും ചെയ്തുകളയും. എന്നാൽ തൂക്കത്തിലും ആകാരത്തിലും b അനൊറെക്സിയയുടെ പിടിയിലായിരുന്ന സ്പാനീഷ് മോഡലായ നീവെസ് ആൽബാരെത്ത് ഇപ്രകാരം പറയുന്നു: “വണ്ണംവെക്കുന്നത് മരിക്കുന്നതിനെക്കാൾ ഭയമാണെനിക്ക്.”
മാധ്യമങ്ങൾ അവതരിപ്പിക്കുന്ന മോഡലുകളെപ്പോലെയാകാൻ കഴിയുന്നവർ വനിതാ ജനസംഖ്യയുടെ വെറും 5 ശതമാനത്തിൽ കുറവാണെന്ന് സോഷ്യൽ ഇഷ്യൂസ് റിസർച്ച് സെന്റർ പറയുന്നു. എന്നിരുന്നാലും, മെലിഞ്ഞ സുന്ദരികളെ ആരാധനാപാത്രങ്ങളാക്കിയതു മൂലം ദശലക്ഷക്കണക്കിനു യുവ വനിതകളാണ് കഠിനമായ ആഹാരനിയന്ത്രണത്തിനും മറ്റും അടിമകളായിരിക്കുന്നത്. ചിലരാകട്ടെ, ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള അനൊറെക്സിയ നെർവോസ എന്ന ആഹാരക്രമക്കേടിന്റെ പിടിയിലേക്കു വഴുതിവീണിരിക്കുന്നു.അനൊറെക്സിയ, ബൂളിമിയ എന്നീ ആഹാരക്രമക്കേടുകൾക്കു നിദാനമാകുന്ന മറ്റുപല ഘടകങ്ങളും ഉണ്ടെന്നുള്ളതു ശരിയാണ്. എന്നിരുന്നാലും, ഡോക്ടർമാരായ ആൻ ഗീയ്മോയും മീഷെൽ ലെക്സെനെറും ഇപ്രകാരം പറയുന്നു: “വണ്ണക്കുറവിനോടുള്ള ഉപാസനയാണ് ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നത്.”
തീർച്ചയായും, ഫാഷന് നല്ലവശവും ചീത്തവശവുമുണ്ട്. അത് മറ്റുള്ളവരുടെ മുമ്പിൽ ആകർഷകമായി കാണപ്പെടാനുള്ള മനുഷ്യന്റെ സ്വാഭാവിക വാഞ്ഛയെയും പുതിയ വസ്ത്രങ്ങൾ ധരിക്കാനുള്ള അഭിലാഷത്തെയും പൂവണിയിക്കുന്നു. എന്നാൽ അങ്ങേയറ്റത്തെ ഫാഷൻ ഭ്രമം മറ്റുള്ളവർക്കു തെറ്റായ ധാരണ നൽകുന്നതരം വസ്ത്രം ധരിക്കുന്നതിലേക്കു നമ്മെ നയിക്കും. മാത്രമല്ല, നമ്മുടെ ബാഹ്യാകാരത്തിന് നാം അതിരുകവിഞ്ഞ പ്രാധാന്യം കൊടുക്കുന്നെങ്കിൽ, നമ്മുടെ മൂല്യം നമ്മുടെ ആന്തരിക ഗുണങ്ങളെയല്ല മറിച്ച് ‘പുറംമോടിയെ’ ആശ്രയിച്ചാണിരിക്കുന്നത് എന്നു തെറ്റായി വിശ്വസിക്കുന്നവരോടൊപ്പം കൈകോർക്കുകയായിരിക്കും നാം ചെയ്യുന്നത്. “കേവലം പുറംമോടിക്കല്ല, മറിച്ച് ഒരു വ്യക്തിയുടെ കഴിവിനും ആന്തരിക വ്യക്തിത്വത്തിനും നാം മൂല്യം കൽപ്പിക്കാൻ തുടങ്ങേണ്ടതുണ്ട്” എന്ന് മേലുദ്ധരിച്ച ആൽബാരെത്ത് പറയുന്നു. പക്ഷേ മാനദണ്ഡങ്ങളിൽ അത്തരം മാറ്റങ്ങൾ ഉടനെയെങ്ങും ദർശിക്കാമെന്നു തോന്നുന്നില്ല. അങ്ങനെയെങ്കിൽ, ഫാഷനോട് സമനിലയുള്ള ഒരു വീക്ഷണം പുലർത്താൻ നമുക്ക് എങ്ങനെ കഴിയും? (g03 9/08)
[അടിക്കുറിപ്പുകൾ]
a സാധാരണഗതിയിൽ മോഡലുകൾക്ക് ആവശ്യമായിരിക്കുന്നത്, “കുറഞ്ഞത് [1.74 മീറ്റർ ഉയരം], കൊലുന്നനെയുള്ള ശരീരം, വടിവൊത്ത തുടുത്ത ചുണ്ടുകൾ, ഉയർന്ന കവിളെല്ലുകൾ, വിടർന്ന കണ്ണുകൾ, നീണ്ട കാലുകൾ, അത്ര എടുത്തുകാണിക്കാത്ത എന്നാൽ നീണ്ട മൂക്ക്” എന്നിവയാണെന്ന് ടൈം മാസിക റിപ്പോർട്ടു ചെയ്യുന്നു.
b അനൊറെക്സിയ നെർവോസയെ കുറിച്ചും അതിനോടു ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ചും പഠിക്കുന്ന യു.എസ്. നാഷണൽ അസ്സോസിയേഷന്റെ കണക്കു സൂചിപ്പിക്കുന്നത്, ഐക്യനാടുകളിൽ മാത്രം 80 ലക്ഷം പേർ അനൊറെക്സിയ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നാണ്. ഒട്ടനവധി കേസുകളിൽ മരണവും സംഭവിക്കുന്നു. ഇവരിൽ വലിയൊരു ശതമാനം (86 ശതമാനം) 21 വയസ്സ് ആകുന്നതിനു മുമ്പുതന്നെ ആഹാരക്രമക്കേടിന്റെ പിടിയിലായിരുന്നവരാണ്.
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
അതൊക്കെ വാസ്തവത്തിൽ ആരെങ്കിലും ധരിക്കുമോ?
ന്യൂയോർക്ക്, പാരീസ്, മിലാൻ എന്നിവിടങ്ങളിലെ ഫാഷൻ ഹൗസുകൾ ഓരോ വസന്തത്തിലും ശരത്കാലത്തും ഫാഷൻ സാമ്രാജ്യത്തിലെ മുടിചൂടാമന്നൻമാരായ ഡിസൈനർമാർ രൂപം കൊടുത്ത വസ്ത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഈ വസ്ത്രങ്ങൾക്കു വളരെ വിലക്കൂടുതലാണെന്നു മാത്രമല്ല അവ തികച്ചും ഉപയോഗശൂന്യവും ആയിരിക്കും, അവ സാധാരണ ധരിക്കാൻ പറ്റിയതല്ല. “ധാരാളിത്തം വഴിഞ്ഞൊഴുകുന്ന, അതിരുവിട്ട അതിന്റെ ഡിസൈനുകൾ പൊതുജനത്തെ മനസ്സിൽ കണ്ടുകൊണ്ടുള്ളതല്ല” എന്ന് സ്പാനീഷ് ഡിസൈനറായ ച്വാൻ ഡുയോസ് പറയുന്നു. “ഫാഷൻഷോകളുടെ ഉദ്ദേശ്യം, പ്രദർശനത്തിനു വെച്ചിരിക്കുന്ന വസ്ത്രങ്ങൾ വിൽക്കുക എന്നതിലുപരി അതു ഡിസൈൻ ചെയ്ത വ്യക്തിയിലേക്കോ അല്ലെങ്കിൽ ബ്രാൻഡ് നെയിമിലേക്കോ ശ്രദ്ധ ക്ഷണിക്കുക എന്നതായിരിക്കാം.” ഉദാഹരണത്തിന്, വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന അത്യാകർഷകങ്ങളായ ഉടയാടകൾ ഒരു ഡിസൈനർ ഹൗസിന്റെ അതേ ബ്രാൻഡിലുള്ള പെർഫ്യൂം വിറ്റഴിക്കുന്നതിനു വേണ്ടിയായിരിക്കാം.”
[7-ാം പേജിലെ ചിത്രം]
ഫാഷനു പിന്നാലെ പോകുന്നത് വളരെ ചെലവേറിയതാണ്
[7-ാം പേജിലെ ചിത്രം]
ചിലർ അനൊറെക്സിയയുടെ പിടിയിലേക്കു വഴുതിവീണിരിക്കുന്നു
[7-ാം പേജിലെ ചിത്രം]
ചിലതരം വസ്ത്രധാരണരീതി പിൻപറ്റുന്നത് നിങ്ങളെ ഒരു പ്രത്യേക കൂട്ടത്തിൽപ്പെട്ട വ്യക്തിയായി വീക്ഷിക്കാനിടയാക്കിയേക്കാം