വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ പച്ചകുത്തണമോ?

ഞാൻ പച്ചകുത്തണമോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഞാൻ പച്ചകു​ത്ത​ണ​മോ?

“ചിലർ പച്ചകു​ത്തി​യി​രി​ക്കു​ന്നതു കാണാൻ എന്തു രസമാ​ണെ​ന്നോ. വളരെ കലാപ​ര​മായ രീതി​യി​ലാ​യി​രി​ക്കും അതു ചെയ്‌തി​രി​ക്കു​ന്നത്‌.” ജേലിൻ. a

“ആദ്യമാ​യി പച്ചകു​ത്തി​യ​പ്പോൾ, രണ്ടു വർഷമാ​യി ഞാൻ മനസ്സിൽ കൊണ്ടു​നടന്ന മോഹ​മാണ്‌ പൂവണി​ഞ്ഞത്‌.”—മിഷെൽ.

എങ്ങോട്ടു തിരി​ഞ്ഞാ​ലും പച്ചകു​ത്തിയ അടയാ​ള​ങ്ങളേ കാണാ​നു​ള്ളൂ എന്നു തോന്നും. റോക്ക്‌ സംഗീ​ത​ജ്ഞ​രും സ്‌പോർട്‌സ്‌ താരങ്ങ​ളും ഫാഷൻ മോഡ​ലു​ക​ളും സിനിമാ താരങ്ങ​ളു​മൊ​ക്കെ മറ്റുള്ളവർ കാണത്ത​ക്ക​വി​ധം തങ്ങളുടെ ശരീര​ത്തിൽ പലതര​ത്തി​ലുള്ള അടയാ​ളങ്ങൾ പച്ചകു​ത്താ​റുണ്ട്‌. നിരവധി കൗമാ​ര​പ്രാ​യ​ക്കാർ അവരെ അനുക​രി​ച്ചു​കൊണ്ട്‌ ചുമലി​ലും കയ്യിലും അരയി​ലും കണങ്കാ​ലി​ലു​മൊ​ക്കെ ഓരോ​രോ അടയാ​ളങ്ങൾ പച്ചകുത്തി അവ അഭിമാ​ന​പൂർവം പ്രദർശി​പ്പി​ച്ചു​കൊണ്ട്‌ നടക്കുന്നു. ആൻഡ്രൂ ഇങ്ങനെ വാദി​ക്കു​ന്നു: “പച്ചകു​ത്തു​ന്നത്‌ ഒരു വലിയ ഫാഷനാണ്‌. അത്‌ ചെയ്യണ​മോ വേണ്ടയോ എന്നതു വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌.”

വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഇപ്രകാ​രം പറയുന്നു: “ഒരിക്ക​ലും മാഞ്ഞു​പോ​കാ​ത്ത​വി​ധം ശരീര​ത്തിൽ നിറം​പി​ടി​പ്പിച്ച രൂപമാ​തൃ​കകൾ ഉണ്ടാക്കുന്ന പ്രക്രി​യ​യാണ്‌ പച്ചകുത്തൽ. മൂർച്ച​വ​രു​ത്തിയ ഒരു കോലോ അസ്ഥിക്ക​ഷ​ണ​മോ സൂചി​യോ, പ്രകൃ​തി​ദ​ത്ത​മായ വസ്‌തു​ക്ക​ളിൽനി​ന്നു തയ്യാറാ​ക്കിയ ചായങ്ങ​ളിൽ മുക്കി ത്വക്കിൽ ചെറിയ സുഷി​രങ്ങൾ ഉണ്ടാക്കി​യാണ്‌ ഇതു ചെയ്യു​ന്നത്‌.”

കൃത്യ​മാ​യ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ ശേഖരി​ക്കുക ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലും, ഐക്യ​നാ​ടു​ക​ളിൽ 15-നും 25-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വ​രിൽ 25 ശതമാ​ന​വും ശരീര​ത്തിൽ പച്ചകു​ത്തി​യി​ട്ടു​ള്ള​താ​യി ഒരു ഉറവിടം കണക്കാ​ക്കു​ന്നു. സാൻഡി എന്ന പെൺകു​ട്ടി പറയുന്നു: “ഇതാണ്‌ ഇപ്പോ​ഴത്തെ ഫാഷൻ.” പച്ചകുത്തൽ ചില യുവജ​ന​ങ്ങളെ ഇത്രയ​ധി​കം ആകർഷി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഇത്ര​യേറെ പ്രചാരം സിദ്ധി​ക്കാൻ എന്താണു കാരണം?

ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം പച്ചകു​ത്തു​ന്നത്‌ കാമു​ക​നോ​ടോ കാമു​കി​യോ​ടോ ഉള്ള പ്രണയ​ത്തി​ന്റെ ആഴം പ്രകടി​പ്പി​ക്കാ​നുള്ള ഒരു മാർഗ​മാണ്‌. മിഷെൽ പറയുന്നു: “എന്റെ ചേട്ടൻ, അദ്ദേഹം സ്‌നേ​ഹി​ച്ചി​രുന്ന ഒരു പെൺകു​ട്ടി​യു​ടെ പേര്‌ കണങ്കാ​ലിൽ പച്ചകു​ത്തി​യി​രു​ന്നു.” എന്നാൽ പ്രശ്‌നം എന്താണ്‌? “ഇപ്പോൾ ചേട്ടന്‌ ആ പെൺകു​ട്ടി​യോട്‌ പ്രേമ​മൊ​ന്നും ഇല്ല.” ടീൻ മാസിക പറയു​ന്ന​പ്ര​കാ​രം, “പച്ചകു​ത്തിയ അടയാ​ളങ്ങൾ മായ്‌ച്ചു​ക​ള​യാ​നുള്ള ശ്രമങ്ങ​ളിൽ 30 ശതമാ​ന​ത്തി​ല​ധി​ക​വും നടക്കു​ന്നത്‌ തങ്ങളുടെ മുൻകാ​മു​കന്റെ പേര്‌ നീക്കം ചെയ്യാൻ ആഗ്രഹി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രി​ക​ളി​ലാണ്‌ എന്ന്‌ ഡോക്ടർമാർ കണക്കാ​ക്കു​ന്നു.”

ചില യുവജ​നങ്ങൾ പച്ചകു​ത്ത​ലി​നെ ഒരു അലങ്കാരം ആയിട്ടാണ്‌ വീക്ഷി​ക്കു​ന്നത്‌, മറ്റു ചിലരാ​കട്ടെ സ്വാത​ന്ത്ര്യ​ത്തി​ന്റെ പ്രതീ​ക​മാ​യും. “എന്റെ ജീവി​ത​ത്തി​ന്റെ കടിഞ്ഞാൺ എന്റെ കയ്യിൽത്ത​ന്നെ​യാണ്‌,” ജോസി എന്ന യുവതി പറഞ്ഞു. ശരീര​ത്തിൽ പച്ചകു​ത്തുക എന്നതാണ്‌ “ഞാൻ ഇന്നോളം എടുത്തി​ട്ടുള്ള ഒരേ​യൊ​രു പ്രധാ​ന​പ്പെട്ട തീരു​മാ​നം” എന്ന്‌ അവൾ കൂട്ടി​ച്ചേർത്തു. പച്ചകു​ത്തു​ന്നത്‌ ചില യുവജ​ന​ങ്ങൾക്ക്‌ പുതിയ ഒരു കാര്യം പരീക്ഷി​ക്കാ​നുള്ള, തങ്ങളുടെ ചമയത്തി​ന്മേൽ തങ്ങൾക്കു നിയ​ന്ത്രണം ഉണ്ടെന്ന തോന്നൽ ഉളവാ​ക്കാ​നുള്ള, അവസരം പ്രദാനം ചെയ്യുന്നു. ഈ അടയാ​ളങ്ങൾ മത്സരത്തി​ന്റെ​യോ പകര ജീവി​ത​ശൈ​ലി​ക​ളു​ടെ​യോ പ്രതീ​ക​ങ്ങ​ളാ​യും വർത്തി​ച്ചേ​ക്കാം. അതു​കൊണ്ട്‌ അസഭ്യ വാക്കു​ക​ളോ ചിത്ര​ങ്ങ​ളോ അതുമ​ല്ലെ​ങ്കിൽ തെറ്റായ വികാ​ര​ങ്ങളെ ഉണർത്തു​ന്ന​തരം മുദ്രാ​വാ​ക്യ​ങ്ങ​ളോ ചിലർ പച്ചകു​ത്താ​റുണ്ട്‌.

എന്നിരു​ന്നാ​ലും യുവജ​ന​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും വെറും ഫാഷൻഭ്ര​മ​ത്തിൽ പെട്ടാണ്‌ ഇതു ചെയ്യു​ന്നത്‌. എന്നാൽ എല്ലാവ​രും പച്ചകു​ത്തു​ന്നു എന്നതു​കൊ​ണ്ടു​മാ​ത്രം നിങ്ങൾ അതു ചെയ്യണ​മെ​ന്നു​ണ്ടോ?

പച്ചകുത്തൽ—ഒരു പുരാതന കല

പച്ചകുത്തൽ തീർച്ച​യാ​യും ഒരു ആധുനിക സമ്പ്രദാ​യമല്ല. ക്രിസ്‌തു​വി​ന്റെ കാലത്തിന്‌ നൂറു​ക​ണ​ക്കി​നു വർഷം മുമ്പുള്ള, പച്ചകു​ത്തിയ ഈജി​പ്‌ഷ്യൻ, ലിബിയൻ മമ്മികൾ കണ്ടെടു​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. തെക്കേ അമേരി​ക്ക​യി​ലും, പച്ചകു​ത്തിയ മമ്മികളെ കണ്ടെത്തി​യി​ട്ടുണ്ട്‌. പച്ചകു​ത്തിയ അടയാ​ള​ങ്ങ​ളിൽ പലതി​നും പുറജാ​തീയ ദൈവ​ങ്ങ​ളു​ടെ ആരാധ​ന​യു​മാ​യി നേരിട്ടു ബന്ധമു​ണ്ടാ​യി​രു​ന്നു. “ഒരു വസ്‌തു​വി​ന്റെ യഥാർഥ രൂപമാ​തൃ​ക​യിൽ പച്ചകു​ത്ത​പ്പെ​ട്ടി​ട്ടുള്ള അടയാ​ള​ങ്ങ​ളിൽവെച്ച്‌ ഏറ്റവും പുരാ​തനം എന്ന്‌ അറിയ​പ്പെ​ടു​ന്നത്‌ ബെസ്‌ ദേവനെ പ്രതീ​ക​പ്പെ​ടു​ത്തുന്ന ഒന്നാണ്‌. ഈജി​പ്‌ഷ്യൻ പുരാ​ണ​ത്തിൽ ബെസ്‌ കാമാ​സ​ക്ത​നായ ഒരു ദേവനാണ്‌, വെറി​ക്കൂ​ത്തി​ന്റെ ദൈവ​മാണ്‌,” ഗവേഷ​ക​നായ സ്റ്റിവ്‌ ഗിൽബർട്ട്‌ പറയുന്നു.

പച്ചകു​ത്തു​ന്ന​തിൽനിന്ന്‌ മോ​ശൈക ന്യായ​പ്ര​മാ​ണം ദൈവ​ജ​നത്തെ വിലക്കി​യി​രു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. ലേവ്യ​പു​സ്‌തകം 19:28 ഇങ്ങനെ പറഞ്ഞു: “മരിച്ച​വ​ന്നു​വേണ്ടി ശരീര​ത്തിൽ മുറി​വു​ണ്ടാ​ക്ക​രു​തു; മെയ്‌മേൽ പച്ചകു​ത്ത​രു​തു; ഞാൻ യഹോവ ആകുന്നു.” ഈജി​പ്‌തു​കാ​രെ പോലുള്ള പുറജാ​തി ആരാധകർ തങ്ങളുടെ ദേവീ​ദേ​വ​ന്മാ​രു​ടെ പേരുകൾ അല്ലെങ്കിൽ പ്രതീ​കങ്ങൾ മാറത്തോ കയ്യിലോ പച്ചകു​ത്തി​യി​രു​ന്നു. പച്ചകുത്തൽ സംബന്ധിച്ച്‌ യഹോവ ഏർപ്പെ​ടു​ത്തി​യി​രുന്ന വിലക്ക്‌ പാലി​ക്കു​ക​വഴി ഇസ്രാ​യേ​ല്യർ മറ്റു ജനതക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി നില​കൊ​ള്ളു​മാ​യി​രു​ന്നു.—ആവർത്ത​ന​പു​സ്‌തകം 14:1, 2.

ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ അല്ലെങ്കി​ലും പച്ചകു​ത്ത​ലി​ന്മേൽ അത്‌ ഏർപ്പെ​ടു​ത്തി​യി​രുന്ന വിലക്ക്‌ അവർ ഗൗരവ​മാ​യി​ത്തന്നെ കാണേണ്ട ഒന്നാണ്‌. (എഫെസ്യർ 2:14, 15; കൊ​ലൊ​സ്സ്യർ 2:14, 15) നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി​യാ​ണെ​ങ്കിൽ ശരീര​ത്തിൽ—താത്‌കാ​ലി​ക​മാ​യി​ട്ടാ​ണെ​ങ്കിൽ പോലും—പുറജാ​തീ​യ​ത​യെ​യോ വ്യാജാ​രാ​ധ​ന​യെ​യോ അനുസ്‌മ​രി​പ്പി​ക്കുന്ന ഒരു അടയാളം ഉണ്ടാക്കാൻ തീർച്ച​യാ​യും ആഗ്രഹി​ക്കു​ക​യില്ല.—2 കൊരി​ന്ത്യർ 6:15-18.

ആരോ​ഗ്യ​സം​ബ​ന്ധ​മായ അപകടങ്ങൾ

ആരോ​ഗ്യ​സം​ബ​ന്ധ​മായ അപകട​ങ്ങ​ളും നിങ്ങൾ കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌. ചർമശാ​സ്‌ത്ര വിഭാ​ഗ​ത്തി​ലെ ഒരു അസ്സോ​സി​യേറ്റ്‌ പ്രൊ​ഫ​സ​റായ ഡോ. റോബർട്ട്‌ ടോം​സിക്ക്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ ചർമം തുളച്ച്‌ ആ ഭാഗത്ത്‌ മഷി കുത്തി​ച്ചേർക്കു​ക​യാ​ണു ചെയ്യു​ന്നത്‌. സൂചി ആഴത്തിൽ കുത്തി​യി​റ​ക്കു​ന്നി​ല്ലെ​ങ്കി​ലും ചർമം തുളയ്‌ക്കു​മ്പോൾ ബാക്ടീ​രി​യ​യോ വൈറ​സോ ശരീര​ത്തിൽ കടന്നു​കൂ​ടാൻ സാധ്യ​ത​യുണ്ട്‌. [പച്ചകു​ത്തു​ന്നത്‌] സാധാ​ര​ണ​ഗ​തി​യിൽ അപകട​ക​ര​മായ ഒരു സംഗതി​യാ​ണെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.” അദ്ദേഹം തുടരു​ന്നു: “ചർമത്തി​നു​ള്ളിൽ മഷി ചെന്നു കഴിഞ്ഞാൽ അണുബാധ ഉണ്ടായി​ല്ലെ​ങ്കിൽ പോലും ചർമവീ​ക്ക​വും പലതരം അലർജി​ക​ളും ഉണ്ടാകാൻ എല്ലായ്‌പോ​ഴും സാധ്യ​ത​യുണ്ട്‌, ഇത്‌ ചർമം ചുവന്നു​ത​ടി​ക്കാ​നും ചൊറി​ഞ്ഞു​പൊ​ട്ടാ​നും അതു​പോ​ലെ ചർമത്തിൽ പൊറ്റ​ക​ളു​ണ്ടാ​കാ​നും ഇടയാ​ക്കും.”

പിൽക്കാ​ലത്ത്‌ മായ്‌ച്ചു​ക​ള​യാൻ ഉദ്ദേശി​ച്ചല്ല ശരീര​ത്തിൽ ഇങ്ങനെ​യുള്ള അടയാ​ളങ്ങൾ ഉണ്ടാക്കു​ന്ന​തെ​ങ്കി​ലും ഇവ നീക്കം ചെയ്യാൻ ഇപ്പോൾ ചില മാർഗങ്ങൾ ഉപയോ​ഗി​ച്ചു​വ​രു​ന്നു. അവയിൽ ചിലത്‌ ഇതാണ്‌: ലേസർ ഉപയോ​ഗിച്ച്‌ അടയാളം കരിച്ചു​ക​ളയൽ, ശസ്‌ത്ര​ക്രി​യ​യി​ലൂ​ടെ പച്ചകു​ത്തിയ അടയാളം നീക്കം ചെയ്യൽ, ഡെർമ​ബ്രേഷൻ (ഒരുതരം ബ്രഷ്‌കൊണ്ട്‌ പച്ചകു​ത്തിയ ഭാഗത്തെ ചർമവും ബാഹ്യ​ചർമ​വും ചുരണ്ടി​ക്ക​ളയൽ), സലാ​ബ്രേഷൻ (ഒരുതരം ലവണലാ​യനി ഉപയോ​ഗിച്ച്‌ പച്ചകു​ത്തിയ ഭാഗത്തെ തൊലി കുതിർത്ത്‌ അടയാളം നീക്കം ചെയ്യൽ), സ്‌കാ​റി​ഫി​ക്കേഷൻ (ഒരു അമ്ലലാ​യനി ഉപയോ​ഗിച്ച്‌ പച്ചകു​ത്തിയ അടയാളം നീക്കം ചെയ്‌ത്‌ തത്‌സ്ഥാ​നത്ത്‌ ഒരു പാട്‌ അവശേ​ഷി​പ്പി​ക്കൽ). ഈ മാർഗങ്ങൾ ചെല​വേ​റി​യ​താ​ണെന്നു മാത്രമല്ല വേദനാ​ക​ര​വു​മാണ്‌. “പച്ചകു​ത്തു​ന്ന​തി​നെ​ക്കാൾ വേദന ഉണ്ടാക്കു​ന്ന​താണ്‌ ലേസർ ഉപയോ​ഗിച്ച്‌ ആ അടയാളം നീക്കം ചെയ്യു​ന്നത്‌,” ടീൻ മാസിക പറയുന്നു.

മറ്റുള്ളവർ എന്തു കരുതും?

പലരും ഈ പ്രവണ​തയെ മോശ​മാ​യി കാണു​ന്ന​തി​നാൽ, നിങ്ങൾ ശരീര​ത്തിൽ പച്ചകു​ത്തി​യി​രി​ക്കു​ന്ന​തി​നെ മറ്റുള്ളവർ എങ്ങനെ​യാ​യി​രി​ക്കും വീക്ഷി​ക്കുക എന്നതും ഗൗരവ​മാ​യി ചിന്തി​ക്കേണ്ട ഒരു സംഗതി​യാണ്‌. (1 കൊരി​ന്ത്യർ 10:29-33) തായ്‌വാ​നി​ലെ ലീ എന്നു പേരുള്ള ഒരു യുവതി 16-ാം വയസ്സിൽ, പെട്ടെ​ന്നു​ണ്ടായ ഒരു മോഹ​ത്തി​ന്റെ പേരിൽ മറ്റൊ​ന്നും ആലോ​ചി​ക്കാ​തെ ശരീര​ത്തിൽ പച്ചകുത്തി. ഇപ്പോൾ 21 വയസ്സുള്ള അവൾ ഒരു ഓഫീസ്‌ ജോലി​ക്കാ​രി​യാണ്‌. “സഹപ്ര​വർത്തകർ, പച്ചകു​ത്തിയ അടയാ​ള​ത്തി​ലേക്കു തുറി​ച്ചു​നോ​ക്കു​മ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നു​ന്നു” എന്ന്‌ ലീ തുറന്നു​പ​റ​യു​ന്നു. പലരെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം പച്ചുകു​ത്തിയ അടയാ​ളങ്ങൾ “പലപ്പോ​ഴും ഒരു വ്യക്തി . . . മുഖ്യ​ധാ​രാ സമൂഹ​ത്തിൽനി​ന്നു വേറിട്ടു നിൽക്കുന്ന അക്രമാ​സ​ക്ത​വും മൃഗീ​യ​വും സാമൂ​ഹി​ക​വി​രു​ദ്ധ​വു​മായ ഒരു കുറ്റകൃ​ത്യ സംഘത്തി​ലെ അംഗമാണ്‌ എന്നതിന്റെ ദൃശ്യ സൂചന​യാണ്‌” എന്ന്‌ ബ്രിട്ടീഷ്‌ മാനസി​കാ​രോ​ഗ്യ പ്രവർത്ത​ക​നായ തിയോ​ഡർ ഡാൽറിംപ്‌ൽ പറയുന്നു.

സമാന​മാ​യി അമേരി​ക്കൻ ഡെമോ​ഗ്രാ​ഫി​ക്‌സ്‌ എന്ന മാസി​ക​യി​ലെ ഒരു ലേഖനം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ശരീര​ത്തിൽ ദൃശ്യ​മായ ഭാഗത്ത്‌ ഇത്തരം അലങ്കാ​രങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ അപകട​ക​ര​മാ​യി മിക്ക അമേരി​ക്ക​ക്കാ​രും കരുതു​ന്നു എന്നതു വ്യക്തമാണ്‌. ‘ശരീര​ത്തിൽ കാണാ​വുന്ന ഭാഗങ്ങ​ളിൽ പച്ചകു​ത്തി​യി​രി​ക്കുന്ന ആളുകൾ, . . . ഇത്തരത്തി​ലുള്ള ആത്മാവി​ഷ്‌കാ​രം തൊഴി​ലി​നോ​ടോ വ്യക്തി​ബ​ന്ധ​ങ്ങ​ളോ​ടോ ഉള്ള ബന്ധത്തിൽ തടസ്സങ്ങൾ സൃഷ്ടി​ക്കാൻ സാധ്യ​ത​യുണ്ട്‌ എന്ന കാര്യം മനസ്സി​ലാ​ക്കണം’ എന്ന പ്രസ്‌താ​വ​ന​യോട്‌ എൺപത്തഞ്ച്‌ ശതമാനം [യുവജ​ന​ങ്ങ​ളും] യോജി​ക്കു​ന്നു.”

പച്ചകു​ത്തു​ന്നത്‌, നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി ആണെന്ന നിങ്ങളു​ടെ അവകാ​ശ​വാ​ദത്തെ പിന്തു​ണ​യ്‌ക്കു​മോ അതോ അതിനെ ഇടിച്ചു​ക​ള​യു​മോ എന്നും പരിചി​ന്തി​ക്കുക. അത്‌ മറ്റുള്ള​വർക്ക്‌ “ഇടർച്ചെക്കു ഹേതു” ആകുമോ? (2 കൊരി​ന്ത്യർ 6:3) ചില യുവജ​നങ്ങൾ പുറമെ കാണു​ക​യി​ല്ലാത്ത ശരീര​ഭാ​ഗ​ങ്ങ​ളി​ലാണ്‌ പച്ചകു​ത്തി​യി​രി​ക്കു​ന്നത്‌ എന്നതു ശരിയാണ്‌. അവരുടെ മാതാ​പി​താ​ക്കൾക്കു​പോ​ലും അതേ കുറിച്ച്‌ അറിവു​ണ്ടാ​യി​രി​ക്കു​ക​യില്ല. എന്നാൽ ഓർക്കുക! ഡോക്ട​റു​ടെ അടു​ത്തേക്ക്‌ അടിയ​ന്തി​ര​മാ​യി കൊണ്ടു​പോ​കേ​ണ്ട​തായ സാഹച​ര്യം സംജാ​ത​മാ​കു​ക​യോ അല്ലെങ്കിൽ സ്‌കൂ​ളിൽവെച്ച്‌ എന്തെങ്കി​ലും കായിക കളിക​ളി​ലോ മറ്റോ പങ്കെടു​ത്ത​ശേഷം മറ്റു കുട്ടി​ക​ളോ​ടൊ​ത്തു കുളി​ക്കേണ്ടി വരിക​യോ ചെയ്യു​മ്പോൾ, അതുവരെ നിങ്ങൾ ഒളിച്ചു​വെച്ച ആ കാര്യം പരസ്യ​മാ​യേ​ക്കാം! മറ്റുള്ള​വരെ കബളി​പ്പി​ക്കാ​മെന്ന അബദ്ധ ധാരണ ഒഴിവാ​ക്കി​ക്കൊണ്ട്‌ “സകലത്തി​ലും സത്യസ​ന്ധ​രാ​യി നടക്കു”ന്നത്‌ എത്രയോ നന്നായി​രി​ക്കും!—എബ്രായർ 13:18, NW.

മറ്റു ഭ്രമങ്ങ​ളു​ടെ കാര്യ​ത്തി​ലെന്ന പോലെ ഒരു കാലയ​ള​വി​നു​ശേഷം പച്ചകു​ത്ത​ലി​നോ​ടുള്ള കമ്പവും നിന്നു​പോ​യേ​ക്കാം. ഒന്നു ചിന്തിച്ചു നോക്കൂ, ഒരു ജീൻസോ ഷർട്ടോ ഉടുപ്പോ ഷൂസോ നിങ്ങൾക്ക്‌ ഇഷ്ടമാണ്‌ എന്നതു​കൊണ്ട്‌ ജീവി​ത​കാ​ലം മുഴുവൻ അത്‌ ഉപയോ​ഗി​ക്കാൻ നിങ്ങൾ തീരു​മാ​നി​ക്കു​മോ? തീർച്ച​യാ​യും ഇല്ല! സ്റ്റൈലു​കൾക്കും പാറ്റേ​ണു​കൾക്കും നിറങ്ങൾക്കു​മെ​ല്ലാം മാറ്റം വരും. എന്നാൽ ഒരു വസ്‌ത്ര​ത്തി​ന്റെ കാര്യ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി പച്ചകു​ത്തിയ അടയാ​ളങ്ങൾ വേണ്ടെ​ന്നു​വെ​ക്കുക എളുപ്പമല്ല. തന്നെയു​മല്ല, 16 വയസ്സു​ള്ള​പ്പോൾ നിങ്ങൾക്ക്‌ ആകർഷ​ക​മെന്നു തോന്നുന്ന ഒരു സംഗതി 30 വയസ്സു​ള്ള​പ്പോൾ അത്ര ആകർഷ​ക​മാ​യി തോന്ന​ണ​മെ​ന്നില്ല.

തങ്ങളുടെ ആകാര​ത്തിൽ വരുത്തിയ സ്ഥായി​യായ മാറ്റങ്ങളെ പ്രതി പലരും ഖേദി​ക്കാൻ ഇടയാ​യി​ട്ടുണ്ട്‌. “യഹോ​വയെ കുറിച്ചു പഠിക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ ശരീര​ത്തിൽ പച്ചകു​ത്തി​യ​താണ്‌,” ഏമി പറയുന്നു. “ഞാൻ അതു മറച്ചു​പി​ടി​ക്കാൻ ശ്രമി​ക്കു​ക​യാ​ണി​പ്പോൾ. സഭയിലെ മറ്റുള്ളവർ ഈ അടയാളം കാണാൻ ഇടയാ​കു​മ്പോൾ എനിക്കു വല്ലാത്ത നാണ​ക്കേടു തോന്നു​ന്നു.” ഇതിൽനിന്ന്‌ എന്തു പാഠമാണ്‌ ഉൾക്കൊ​ള്ളാ​നാ​വുക? ഇങ്ങനെ ഒരു കാര്യം ചെയ്യാൻ മുതി​രു​ന്ന​തി​നു മുമ്പ്‌ നന്നായി ചിന്തി​ക്കുക. പിൽക്കാ​ലത്ത്‌ ഖേദി​ക്കാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന ഒരു തീരു​മാ​നം എടുക്കാ​തി​രി​ക്കുക. (g03 9/22)

[അടിക്കു​റിപ്പ്‌]

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[24-ാം പേജിലെ ചിത്രം]

പച്ചകുത്തിയ അടയാ​ളങ്ങൾ പലപ്പോ​ഴും മത്സരമ​നോ​ഭാ​വത്തെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ജീവി​ത​ശൈ​ലി​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു

[24-ാം പേജിലെ ചിത്രം]

പച്ചകുത്തിയതിനെ ചൊല്ലി കാലാ​ന്ത​ര​ത്തിൽ പലരും ഖേദി​ക്കു​ന്നു

[25-ാം പേജിലെ ചിത്രം]

പച്ചകുത്താൻ മുതി​രു​ന്ന​തി​നു മുമ്പ്‌ നന്നായി ചിന്തി​ക്കു​ക