ദൈവം സമ്പത്തു നൽകി നമ്മെ അനുഗ്രഹിക്കുന്നുണ്ടോ?
ബൈബിളിന്റെ വീക്ഷണം
ദൈവം സമ്പത്തു നൽകി നമ്മെ അനുഗ്രഹിക്കുന്നുണ്ടോ?
“യഹോവയുടെ അനുഗ്രഹം—അതാണു സമ്പന്നരാക്കുന്നത്, അവൻ അതിനോടു വേദന കൂട്ടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22, NW.
മുകളിൽ ഉദ്ധരിച്ച ബൈബിൾ വാക്യം, ദൈവം തന്റെ ദാസരെ ഭൗതിക സമ്പത്തു നൽകി അനുഗ്രഹിക്കുന്നതായി അർഥമാക്കുന്നുണ്ടോ? ഉണ്ട് എന്ന് ചിലർ വിശ്വസിക്കുന്നു. പെന്തെക്കൊസ്ത് ഉപദേശിയും ഗ്രന്ഥകാരനുമായ ഒരു ഓസ്ട്രേലിയക്കാരൻ ഇങ്ങനെ ഒരു പ്രസ്താവന നടത്തി: “നിങ്ങൾക്ക് എന്തുകൊണ്ടാണ് കൂടുതൽ പണത്തിന്റെ ആവശ്യം ഉള്ളതെന്നും നിങ്ങൾക്ക് എങ്ങനെ കൂടുതൽ പണം ഉണ്ടാക്കാം എന്നും [എന്റെ] പുസ്തകത്തിൽ ഞാൻ നിങ്ങളോടു പറയാൻ പോകുകയാണ് . . . നിങ്ങളുടെ ചിന്താഗതിക്കു മാറ്റം വരുത്താനും പണത്തോട് ആരോഗ്യാവഹമായ ഒരു മനോഭാവം വളർത്തിയെടുക്കാനും നിങ്ങൾക്കു കഴിയുമെങ്കിൽ ദൈവത്തിൽനിന്ന് അനുഗ്രഹവും സമ്പത്തും നിങ്ങൾക്കു ലഭിക്കുമെന്നും മേലാൽ പണത്തിന്റെ പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുകയില്ലെന്നും ആണ് എന്റെ വിശ്വാസം.”
എന്നാൽ അത്തരം ഒരു പ്രസ്താവന, ദരിദ്രരായ ആളുകൾ ദൈവത്തിന്റെ പ്രീതി ലഭിക്കാത്തവരാണ് എന്നു സൂചിപ്പിക്കുന്നു. ഭൗതിക സമ്പത്ത് യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ള അനുഗ്രഹത്തിന്റെ അടയാളമാണോ?
ഒരു ഉദ്ദേശ്യത്തിനായി അനുഗ്രഹിക്കപ്പെടുന്നു
ദൈവം വിശ്വസ്ത ദാസന്മാരെ സമ്പത്തു നൽകി അനുഗ്രഹിച്ചതു സംബന്ധിച്ച ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന് യാക്കോബ് തന്റെ ഗൃഹം വിട്ടു പോകുമ്പോൾ കയ്യിൽ ഒരു വടി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 20 വർഷത്തിനു ശേഷം, രണ്ട് കൂട്ടമായി വിഭാഗിക്കാൻ ആവശ്യമായത്രയും ആടുമാടുകളും കഴുതകളുമായിട്ടാണ് അവൻ മടങ്ങിയത്. ബൈബിൾ പറയുന്നതനുസരിച്ച് യാക്കോബിന്റെ സമ്പദ്സമൃദ്ധി ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമായിരുന്നു. (ഉല്പത്തി 32:10) മറ്റൊരു ഉദാഹരണം പരിചിന്തിക്കുക. ഇയ്യോബിന് തന്റെ സമ്പത്തെല്ലാം നഷ്ടമായി. എങ്കിലും പിന്നീട് ‘പതിന്നാലായിരം ആടിനെയും ആറായിരം ഒട്ടകത്തെയും ആയിരം ഏർ കാളയെയും ആയിരം പെൺകഴുതയെയും’ നൽകിക്കൊണ്ട് യഹോവ അവനെ അനുഗ്രഹിച്ചു. (ഇയ്യോബ് 42:12) യഹോവ ശലോമോൻ രാജാവിന് വളരെയധികം സമ്പത്തു നൽകുകയുണ്ടായി. അതിന്റെ കീർത്തി ഇന്നുവരെയും നിലനിൽക്കുന്നു.—1 രാജാക്കന്മാർ 3:13.
അതേസമയം, വിശ്വസ്തരും അനുസരണമുള്ളവരുമെങ്കിലും നിർധനരായിരുന്ന ദൈവദാസരെ കുറിച്ചുള്ള നിരവധി
വിവരണങ്ങളും ബൈബിളിലുണ്ട്. തീർച്ചയായും, ദൈവം ദാരിദ്ര്യം നൽകി ചിലരെ ശിക്ഷിക്കുകയും സമ്പത്തു നൽകി ചിലരെ അനുഗ്രഹിക്കുകയും ആയിരുന്നില്ല. അങ്ങനെയെങ്കിൽ ചിലർക്ക് സമ്പത്തു നൽകിയതിന്റെ പിന്നിലെ ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?ഓരോ വ്യക്തികളോടുമുള്ള ബന്ധത്തിൽ ഉത്തരം വ്യത്യസ്തമാണ്. യാക്കോബിനു ലഭിച്ച ഭൗതിക സമ്പത്ത്, വാഗ്ദത്ത സന്തതിയുടെ ആഗമനത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഒരു ജനതയെ പടുത്തുയർത്തുന്നതിനുള്ള അടിസ്ഥാനമായി വർത്തിച്ചു. (ഉല്പത്തി 22:17, 18) ഇയ്യോബിന് നൽകപ്പെട്ട സമ്പദ്സമൃദ്ധി, അവനു സംഭവിച്ച ദുരന്തങ്ങൾക്ക് ഉത്തരവാദി ആരായിരുന്നെന്നു വ്യക്തമായി സൂചിപ്പിക്കുകയും അങ്ങനെ യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുകയും ചെയ്തു. (യാക്കോബ് 5:11) ദൈവസഹായത്താൽ തനിക്കു ലഭിച്ച സമ്പത്തിന്റെ നല്ലൊരു പങ്കും യഹോവയ്ക്കായി പ്രൗഢഗംഭീരമായ ഒരു ആലയം പണിയാൻവേണ്ടി ശലോമോൻ വിനിയോഗിച്ചു. (1 രാജാക്കന്മാർ 7:47-51) സമ്പത്തിനു പരിമിതമായ മൂല്യമേ ഉള്ളു എന്ന കാര്യം വ്യക്തിപരമായ അനുഭവത്തിൽനിന്ന് രേഖപ്പെടുത്തിവെക്കാനും യഹോവ ശലോമോനെ ഉപയോഗിച്ചു എന്നതു ശ്രദ്ധേയമാണ്.—സഭാപ്രസംഗി 2:3-11; 5:10; 7:12.
ദൈവം നമ്മെ അനുഗ്രഹിക്കുന്ന വിധം
ഭൗതിക ആവശ്യങ്ങളെ കുറിച്ച് “വിചാരപ്പെടരുത്” എന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ പണം സംബന്ധിച്ച് സന്തുലിതമായ ഒരു മനോഭാവം ഉണ്ടായിരിക്കാൻ അവൻ അവരെ പഠിപ്പിക്കുകയായിരുന്നു. ശലോമോൻ പോലും തന്റെ സർവ മഹത്ത്വത്തിലും ‘വയലിലെ താമരയോളം’ ചമഞ്ഞിരുന്നില്ല എന്ന് അവൻ അവരോടു ന്യായവാദം ചെയ്തു. “വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം” എന്ന് അവൻ അവരോടു പറഞ്ഞു. തന്റെ അനുഗാമികൾ രാജ്യവും ദൈവത്തിന്റെ നീതിയും ഒന്നാമത് അന്വേഷിക്കുന്നെങ്കിൽ അതോടുകൂടെ ആഹാരവും വസ്ത്രവും പാർപ്പിടവും അവർക്കു ലഭിക്കും എന്ന് യേശു ക്രിസ്ത്യാനികൾക്ക് ഉറപ്പു നൽകി. (മത്തായി 6:25, 28-33) ആ വാഗ്ദാനം നിറവേറ്റപ്പെടുന്നത് എങ്ങനെയാണ്?
ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുമ്പോൾ അത് വിശേഷിച്ചും ആത്മീയ അനുഗ്രഹങ്ങളാണ് കൈവരുത്തുന്നത്. (സദൃശവാക്യങ്ങൾ 10:22, NW) എന്നാൽ അതോടൊപ്പം മറ്റു പ്രയോജനങ്ങളുമുണ്ട്. ഉദാഹരണത്തിന് ദൈവവചനം ക്രിസ്ത്യാനികളെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “കള്ളൻ ഇനി കക്കാതെ . . . അദ്ധ്വാനിക്കയത്രേ വേണ്ടത്.” (എഫെസ്യർ 4:28) “മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു” എന്നും അത് പറയുന്നു. (സദൃശവാക്യങ്ങൾ 10:4) ഈ ബുദ്ധിയുപദേശം പിൻപറ്റുന്ന സത്യസന്ധരും കഠിനാധ്വാനികളുമായ ക്രിസ്ത്യാനികൾക്ക് തൊഴിൽരംഗത്ത് പലപ്പോഴും മുൻഗണന ലഭിക്കുന്നു. അത് ഒരു അനുഗ്രഹം തന്നെയാണ്.
അത്യാഗ്രഹത്തെ പ്രതിഫലിപ്പിക്കുന്ന വിനോദമായ ചൂതാട്ടവും ദുഷിപ്പിക്കുന്ന ശീലമായ പുകവലിയും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന മദ്യപാനവും ഒഴിവാക്കാനും ബൈബിൾ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (1 കൊരിന്ത്യർ 6:9, 10; 2 കൊരിന്ത്യർ 7:1; എഫെസ്യർ 5:5) ഈ ബുദ്ധിയുപദേശം പിൻപറ്റുന്നവർക്ക് ചെലവുകൾ ചുരുക്കാനും മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കാനും കഴിയുന്നു.
വെള്ളിയെക്കാളും സ്വർണത്തെക്കാളുമൊക്കെ വിലയേറിയത്
എന്നിരുന്നാലും ഭൗതിക സമ്പത്തിനെ അടിസ്ഥാനമാക്കി മാത്രം ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവും ഉണ്ടെന്ന് നിഗമനം ചെയ്യാനാവില്ല. ഉദാഹരണത്തിന്, പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യേശു ലവൊദിക്യയിലെ ചില ക്രിസ്ത്യാനികളുടെ ആത്മീയ ദരിദ്രാവസ്ഥ തുറന്നുകാട്ടി: ‘ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിന്നും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കുന്നു.’ (വെളിപ്പാടു 3:17) നേരെ മറിച്ച്, ഭൗതികമായി ദരിദ്രരെങ്കിലും ആത്മീയമായി സമ്പന്നരായിരുന്ന സ്മിർന്നയിലെ ക്രിസ്ത്യാനികളോട് യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ ഞെരുക്കവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്.” (വെളിപ്പാടു 2:9, പി.ഒ.സി. ബൈബിൾ) സാധ്യതയനുസരിച്ച് ഈ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വസ്തതയെ പ്രതി പീഡകരുടെ കയ്യാൽ സാമ്പത്തികമായ ഞെരുക്കങ്ങൾ അനുഭവിച്ചിരുന്നു, എങ്കിലും വെള്ളിയെക്കാളും സ്വർണത്തെക്കാളുമൊക്കെ വളരെ വിലയേറിയ സമ്പത്ത് അവരുടെ കൈവശം ഉണ്ടായിരുന്നു.—സദൃശവാക്യങ്ങൾ 22:1; എബ്രായർ 10:34.
തന്റെ ഹിതം ചെയ്യാൻ യത്നിക്കുന്നവരുടെ ശ്രമങ്ങളെ യഹോവയാം ദൈവം അനുഗ്രഹിക്കുന്നു. (സങ്കീർത്തനം 1:2, 3) പരിശോധനകളെ തരണം ചെയ്യാനും തങ്ങളുടെ കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും ഒന്നാമത് തന്റെ രാജ്യം അന്വേഷിക്കാനും ആവശ്യമായ കരുത്തും വിഭവങ്ങളും അവൻ അവർക്കു നൽകുന്നു. (സങ്കീർത്തനം 37:25; മത്തായി 6:31-33; ഫിലിപ്പിയർ 4:12, 13) അതുകൊണ്ട്, ഭൗതിക സംഗതികളെ ദൈവത്തിൽനിന്നുള്ള പ്രധാന അനുഗ്രഹമായി വീക്ഷിക്കുന്നതിനു പകരം ‘സൽപ്രവൃത്തികളിൽ സമ്പന്നർ’ ആകാൻ സത്യക്രിസ്ത്യാനികൾ കഠിനമായി ശ്രമിക്കുന്നു. സ്രഷ്ടാവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുകവഴി ക്രിസ്ത്യാനികൾ “വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപി”ക്കുകയാണു ചെയ്യുന്നത്.—1 തിമൊഥെയൊസ് 6:17-19; മർക്കൊസ് 12:42-44. (g03 9/08)