പുസ്തകങ്ങൾക്ക് എതിരെ ഒരു പുസ്തകം
പുസ്തകങ്ങൾക്ക് എതിരെ ഒരു പുസ്തകം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
പലരും ബൈബിളിനെ മുൻവിധിയോടെ വീക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ചില രാജ്യങ്ങളിൽ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇതിനുള്ള ഉത്തരം, പാഷണ്ഡമത നിയന്ത്രണത്തിനായി രൂപകൽപ്പന ചെയ്ത ഒരു മനുഷ്യായുധത്തിന്റെ അഥവാ വിലക്കപ്പെട്ട പുസ്തകങ്ങളുടെ സൂചികയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നു. അതെങ്ങനെയാണ്?
അച്ചടിവിദ്യ കണ്ടുപിടിക്കപ്പെട്ടപ്പോൾ കത്തോലിക്ക സഭ സന്തോഷത്തോടെ ഇരു കൈയും നീട്ടി അതിനെ വരവേറ്റു. “ദിവ്യമായ കലാവിദ്യ” എന്ന് ചില വൈദികന്മാർ വിശേഷിപ്പിച്ച ഈ സാങ്കേതിക വിദ്യയെ ചില പാപ്പാമാർ വാനോളം പുകഴ്ത്തി. എന്നിരുന്നാലും, കത്തോലിക്ക വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ അച്ചടിവിദ്യ ഉപയോഗിക്കപ്പെടുന്നതായി അധികം താമസിയാതെ സഭാ നേതൃത്വം തിരിച്ചറിഞ്ഞു. തന്നിമിത്തം, 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിലെ നിരവധി രൂപതകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു. പുസ്തകങ്ങൾക്ക് മുദ്രണാനുമതി നിർബന്ധമാക്കി. 1515-ലെ അഞ്ചാം ലാറ്ററൻ സുന്നഹദോസ് അച്ചടിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി. നിയമം ലംഘിക്കുന്നവർക്ക് സമുദായഭ്രഷ്ട് കൽപ്പിക്കുമായിരുന്നു. എന്നിരുന്നാലും, വിശ്വാസത്തിനും ധാർമിക മൂല്യങ്ങൾക്കും തുരങ്കം വെക്കുന്നവയെന്ന് സഭ കരുതിയ പത്രമാസികകളുടെയും പുസ്തകങ്ങളുടെയും വിൽപ്പനയ്ക്കു തടയിടാൻ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല, വിശേഷിച്ചും മതനവീകരണ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ. അങ്ങനെ, 16-ാം നൂറ്റാണ്ടിന്റെ അവസാനമായതോടെ “ഇനി കുറെ കാലത്തേക്ക് അച്ചടിയേ വേണ്ട” എന്ന് വത്തിക്കാൻ വൃത്തങ്ങൾ ആഗ്രഹിച്ചുപോയി.
‘ദുഷിച്ച പുസ്തകങ്ങളുടെ കുത്തൊഴുക്കിന്’—കൂടുതൽ അടുത്തകാലത്ത്, 1951-ൽ, ഇറ്റലിയിലെ ഒരു ഈശോസഭാ വൈദികൻ അതിനെ അങ്ങനെയാണ് വിശേഷിപ്പിച്ചത്—തടയിടാനുള്ള ലക്ഷ്യത്തിൽ സകല കത്തോലിക്കർക്കും ബാധകമായ, വിലക്കപ്പെട്ട പുസ്തകങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കാൻ സഭ ആഗ്രഹിച്ചു. 1542-ൽ റോമൻ മതവിചാരണ സമിതി സ്ഥാപിതമായി. അതിന്റെ ആദ്യ പരസ്യ നടപടിതന്നെ മതവൃത്തത്തിനുള്ളിലെ പുസ്തക പ്രസാധന സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന തരത്തിലായിരുന്നു. മുൻ മതവിചാരണ സമിതി മുഖ്യൻ ജാൻ പ്യെട്രോ കരാഫേ 1555-ൽ പോൾ നാലാമൻ പാപ്പാ ആയി സ്ഥാനാരോഹണം ചെയ്തപ്പോൾ, വിലക്കപ്പെട്ട പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ അദ്ദേഹം ഉടൻതന്നെ ഒരു കമ്മീഷനെ നിയമിച്ചു. അങ്ങനെ, എല്ലാ കത്തോലിക്കർക്കും ബാധകമായ ആദ്യത്തെ വിലക്കപ്പെട്ട പുസ്തകങ്ങളുടെ സൂചിക 1559-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഏതുതരം പുസ്തകങ്ങളാണ് നിരോധിക്കപ്പെട്ടത്?
ആ സൂചികയിൽ മൂന്നു “വിഭാഗങ്ങൾ” ഉണ്ടായിരുന്നു. ആദ്യത്തേതിൽ എഴുത്തുകാരുടെ നാമാവലി ആയിരുന്നു. വിഷയഭേദമെന്യെ അവരുടെ സകല പുസ്തകങ്ങളും അപ്പാടെ നിരോധിച്ചിരുന്നു. നിരോധിക്കപ്പെട്ട ഒറ്റപ്പെട്ട ഗ്രന്ഥങ്ങളുടെ പട്ടികയായിരുന്നു രണ്ടാമത്തെ വിഭാഗത്തിൽ. അവയുടെ രചയിതാക്കളുടെ മറ്റു പുസ്തകങ്ങൾക്കു വിലക്കില്ലായിരുന്നു. മൂന്നാമത്തേതാകട്ടെ, പേരുവെക്കാത്ത ഗ്രന്ഥങ്ങളുടെ ഒരു നീണ്ടനിരയെത്തന്നെ നിരോധിച്ചു. മൊത്തം 1,107 നിരോധനങ്ങൾ സൂചികയിൽ ഉണ്ടായിരുന്നു. മതപരമായ വിഷയങ്ങളുടെ മാത്രമല്ല, ഇതര സാഹിത്യ ശാഖകളിലെ എഴുത്തുകാർക്കും നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിരോധിക്കപ്പെട്ട ബൈബിൾ ഭാഷാന്തരങ്ങളുടെ പട്ടിക അനുബന്ധമായി നൽകിയിരുന്നു. ബൈബിളിന്റെ ജനകീയ ഭാഷയിലുള്ള എല്ലാ ഭാഷാന്തരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതായി അതിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു.
പ്രാദേശികമായ പല വിലക്കുകളും മുമ്പുതന്നെ നിലവിൽ ഉണ്ടായിരുന്നു. എന്നുവരികിലും, ഇറ്റലിയിലെ പർമാ സർവകലാശാലയിൽ ആധുനിക ചരിത്രം പഠിപ്പിക്കുന്ന ജില്യോളാ ഫ്രാൻയിറ്റോ എന്ന അധ്യാപിക പറയുന്ന പ്രകാരം, “മുഴു കത്തോലിക്കർക്കും ബാധകമാകുന്ന ഈ നിബന്ധനകൾ കൊണ്ടുവന്നതോടെ അച്ചടി, വായന, സാമാന്യ ഭാഷയിലുള്ള വേദപുസ്തകം കൈവശം വെക്കൽ എന്നിവയ്ക്കെതിരെ സഭ ഔദ്യോഗികമായ ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു.” അച്ചടിയിൽനിന്നു പ്രയോജനം നേടിയിരുന്ന പുസ്തകവിൽപ്പനക്കാരും പ്രസാധകരും, എന്തിന് ഭരണകൂടങ്ങൾ പോലും സൂചികയെ നഖശിഖാന്തം എതിർത്തു. ഇതും മറ്റുചില കാരണങ്ങളും നിമിത്തം ഒരു പുതിയ പതിപ്പിനായുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. 1564-ൽ ട്രെന്റ് സുന്നഹദോസിനു പിന്നാലെ അതു പ്രസിദ്ധീകരിക്കപ്പെട്ടു.
കാലികമായ ഭേദഗതികൾ വരുത്തുന്നതിനായി 1571-ൽ ഒരു സൂചിക കാര്യ പ്രാമാണിക സമിതി പ്രത്യേകാൽ രൂപീകരിക്കപ്പെട്ടു. ഒരു സമയത്ത്, തിരുകാര്യാലയ ഭരണ സമിതി, സൂചിക കാര്യ പ്രാമാണിക സമിതി, പാപ്പായുടെ വേദശാസ്ത്രിയായ തിരുകൊട്ടാര പണ്ഡിതൻ എന്നീ മൂന്ന് അധികാര കേന്ദ്രങ്ങൾ വരെ നിരോധിക്കേണ്ട പുസ്തകങ്ങൾ നിർണയിക്കുന്നതിൽ ഉൾപ്പെട്ടിരുന്നു. ഓരോരുത്തരുടെയും ചുമതലകൾ നിജപ്പെടുത്താഞ്ഞതും, ബിഷപ്പുമാർക്കാണോ അതോ പ്രാദേശിക മതവിചാരണ സഭാംഗങ്ങൾക്കാണോ കൂടുതൽ അധികാരം നൽകേണ്ടത് എന്ന തർക്കം നിലനിന്നതും വിലക്കപ്പെട്ട പുസ്തകങ്ങളുടെ മൂന്നാം പട്ടിക പുറത്തിറക്കുന്നതിൽ കാലവിളംബം വരുത്തി. സൂചിക കാര്യ പ്രാമാണിക സമിതി തയ്യാറാക്കി 1596 മാർച്ചിൽ ക്ലെമന്റ് എട്ടാമൻ ആധികാരികമായി വിളംബരം ചെയ്ത ആ സൂചികയുടെ പ്രചരണം, സാധാരണക്കാരുടെ ഭാഷയിലുള്ള എല്ലാ ബൈബിൾ ഭാഷാന്തരങ്ങളും സുനിശ്ചിതമായി നിരോധിച്ചിരിക്കുന്നതായി അതിൽ എഴുതിച്ചേർക്കുന്നതുവരെ, തിരുകാര്യാലയത്തിൽനിന്നുള്ള നിർദേശ പ്രകാരം തടയപ്പെട്ടു.
നൂറ്റാണ്ടുകളിൽ ഉടനീളം കാലാനുസൃത ഭേദഗതികൾ വരുത്തിയിട്ടുണ്ടെങ്കിലും, ഈ പുതിയ പതിപ്പോടെ വിലക്കപ്പെട്ട പുസ്തകങ്ങളുടെ സൂചികയ്ക്ക് ഒരു വ്യവസ്ഥാപിത രൂപം കൈവന്നു. തങ്ങളുടെ പുസ്തകങ്ങളും സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതു കണ്ട പ്രൊട്ടസ്റ്റന്റുകാർ അതിനെ “ഏറ്റവും അഭിലഷണീയമായ പുസ്തകങ്ങൾ കണ്ടെത്താനുള്ള ഏറ്റവും നല്ല വഴികാട്ടി” എന്ന് പരിഹാസദ്യോതകമായി വിശേഷിപ്പിച്ചു. എന്നിരുന്നാലും, പുസ്തക വിലക്കുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ അന്ന് പ്രൊട്ടസ്റ്റന്റുകാർക്കും കത്തോലിക്കരുടേതിനു സമാനമായ ആശയഗതിയാണ് ഉണ്ടായിരുന്നത് എന്നു പറയേണ്ടിയിരിക്കുന്നു.
സൂചിക ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സംസ്കാരത്തിന്മേൽ വരുത്തിവെച്ചത്, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ സാംസ്കാരിക വളർച്ചയുടെ “നാമ്പടഞ്ഞുപോകുന്നതിന്” അതു വഴിവെച്ചു എന്ന് മറ്റൊരു ചരിത്രകാരനായ അന്റോണ്യോ റോറ്റോൺടോ പറയുന്നു. “യൂറോപ്പിലെ മറ്റു മിക്ക ഭാഗങ്ങളോടുമുള്ള താരതമ്യത്തിൽ, ഇറ്റലി സാംസ്കാരികമായി വളരെ പിന്നാക്കം പോകാൻ ഇടയാക്കിയ ഒരു പ്രധാന കാരണം” ഈ സൂചികയാണ് എന്ന് ചരിത്രകാരനായ ഗ്വീഡോ ഡാൽഓല്യോ പറയുന്നു. വൈരുദ്ധ്യം എന്നുപറയട്ടെ, പല സഭാ ലൈബ്രറികളിലും ‘ഇൻഫെർനോ’ എന്ന് അറിയപ്പെടുന്ന ഒരു പ്രത്യേക ഭാഗത്ത് നിരോധിക്കപ്പെട്ട സാഹിത്യം
കെട്ടിപ്പൂട്ടി വെച്ചിരുന്നതിനാലാണ് ചില പുസ്തകങ്ങൾ ഇന്നോളം അതിജീവിച്ചത്.എന്നിരുന്നാലും ക്രമേണ, ജ്ഞാനോദ്ദീപന കാലഘട്ടത്തിൽ പൊതുജനാഭിപ്രായത്തിനു കൂടുതൽ ശക്തി കൈവന്നതോടെ “പുസ്തക പ്രസാധന സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ ആയുധം” നിർവീര്യമായി. 1776-ൽ ഒരു ഇറ്റാലിയൻ എഡിറ്റർ ഇങ്ങനെ എഴുതി: “റോമിന്റെ നിരോധനങ്ങൾ പുസ്തകങ്ങളുടെ മൂല്യം നിർണയിക്കുന്നില്ല. ജനങ്ങളാണ് അതു തീരുമാനിക്കുന്നത്.” സൂചികയുടെ ശക്തി ചോർന്നുപോകുകയായിരുന്നു. ഒടുവിൽ 1917-ൽ, അതിനെ താങ്ങിനിറുത്തിയിരുന്ന സൂചിക കാര്യ പ്രാമാണിക സമിതി ഇല്ലാതെയായി. “ബന്ധപ്പെട്ട നിരോധനങ്ങൾ സഹിതം അതിനുണ്ടായിരുന്ന സഭാനിയമ പിൻബലം” 1966 മുതൽ സൂചികയ്ക്കു നഷ്ടപ്പെട്ടു.
സാധാരണക്കാരുടെ ഭാഷയിലുള്ള ബൈബിൾ
“ദുഷിച്ച പുസ്തകങ്ങളിൽ” ഒരെണ്ണം വിശേഷിച്ചും സഭാനേതൃത്വത്തിന് തലവേദനയായിരുന്നു എന്ന് സൂചികയുടെ ചരിത്രം വെളിവാക്കുന്നു. സാധാരണക്കാരന്റെ ഭാഷയിലുള്ള ബൈബിൾ ആയിരുന്നു അത്. 16-ാം നൂറ്റാണ്ടിൽ “മുഴുബൈബിളിന്റെയോ പുതിയനിയമത്തിന്റെയോ ഏതാണ്ട് 210 പതിപ്പുകൾ” സൂചികയിൽ പട്ടികപ്പെടുത്തിയിരുന്നു എന്ന് ഹേസൂസ് മാർട്ടിനേത്ത് ഡി ബൂഹാൻഡാ എന്ന വിദഗ്ധൻ വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടിൽ, ഉത്സാഹികളായ ബൈബിൾ വായനക്കാരായി ഇറ്റലിക്കാർ അറിയപ്പെട്ടിരുന്നു. എന്നിട്ടും, പ്രാദേശിക ഭാഷയിലുള്ള തിരുവെഴുത്തുകളെ ശക്തമായി വിലക്കിയ സൂചിക, ദൈവവചനവുമായുള്ള ആ ദേശത്തിന്റെ ബന്ധത്തെ അപ്പാടെ മാറ്റിമറിച്ചു. “പാഷണ്ഡോപദേശങ്ങളുടെ പ്രഭവകേന്ദ്രം എന്നനിലയിൽ വിലക്കപ്പെടുകയും എടുത്തു മാറ്റപ്പെടുകയും ചെയ്തതുനിമിത്തം, ഇറ്റലിക്കാരുടെ മനസ്സിൽ മതനിഷേധികളുടെ രചനകളുമായി വിശുദ്ധ തിരുവെഴുത്തുകൾ കൂട്ടിക്കുഴയ്ക്കപ്പെട്ടു” എന്ന് ഫ്രാൻയിറ്റോ പറയുന്നു. തുടർന്ന് അവർ ഇങ്ങനെ പ്രസ്താവിച്ചു: “ദക്ഷിണ യൂറോപ്പിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം സഭയുടെ വേദപാഠമായിരുന്നു രക്ഷയ്ക്കുള്ള മാർഗം.” കൂടാതെ, “മതപരമായി ശൈശവാവസ്ഥയിൽ ഉള്ളവർ പക്വത നേടിയ ആളുകളെക്കാൾ അഭികാമ്യരായി വീക്ഷിക്കപ്പെട്ടിരുന്നു.”
പിന്നീട് 1757-ൽ മാത്രമാണ്, ‘അപ്പൊസ്തലിക സിംഹാസനം അംഗീകരിച്ച ബൈബിളിന്റെ പ്രാദേശിക ഭാഷാന്തരങ്ങൾ’ വായിക്കുന്നതിന് ബെനഡിക്റ്റ് 14-ാമൻ പാപ്പാ അനുമതി നൽകിയത്. അങ്ങനെ ഒടുവിൽ, ലാറ്റിൻ വൾഗേറ്റിനെ ആധാരമാക്കി ഒരു പുതിയ ഇറ്റാലിയൻ ഭാഷാന്തരം തയ്യാറാക്കാൻ കഴിയുമായിരുന്നു. മൂല ഭാഷകളിൽനിന്നുള്ള സമ്പൂർണ ബൈബിൾ ഭാഷാന്തരം ലഭിക്കാൻ ഇറ്റലിയിലെ കത്തോലിക്കർക്ക് വാസ്തവത്തിൽ 1958 വരെ കാത്തിരിക്കേണ്ടിവന്നു.
ഇന്ന്, ശുഷ്കാന്തിയോടെ “എല്ലായിടത്തും തിരുവെഴുത്തുകൾ വിതരണം ചെയ്യുന്നത്” കത്തോലിക്കർ അല്ലാത്തവരാണ് എന്ന് ഫ്രാൻയിറ്റോ പറയുന്നു. അതിൽ നിസ്സംശയമായും യഹോവയുടെ സാക്ഷികളാണ് മുൻപന്തിയിൽ. ഇറ്റാലിയൻ ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ 40 ലക്ഷത്തിൽ അധികം പ്രതികളാണ് അവർ വിതരണം ചെയ്തിരിക്കുന്നത്. അങ്ങനെ, ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ദൈവവചനത്തോടുള്ള സ്നേഹം പുനർജ്വലിപ്പിക്കാൻ അവർ സഹായിച്ചിരിക്കുന്നു. (സങ്കീർത്തനം 119:97) അനിതരസാധാരണമായ ഈ പുസ്തകത്തെ ഒന്ന് അടുത്തറിയാൻ ശ്രമിച്ചുകൂടേ? (g03 9/08)
[20, 21 പേജുകളിലെ ചിത്രം]
വിലക്കപ്പെട്ട പുസ്തകങ്ങളുടെ സൂചികയിൽ നിന്നുള്ള താളുകൾ
[കടപ്പാട്]
Su concessione del Ministero per i Beni e le Attività Culturali
[22-ാം പേജിലെ ചിത്രം]
സഭ നിരോധിച്ച 16-ാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ബൈബിൾ
[22-ാം പേജിലെ ചിത്രം]
“പുതിയലോക ഭാഷാന്തരം” അനേകം ആളുകളിൽ ദൈവവചനത്തോടു സ്നേഹം വളർത്തിയിരിക്കുന്നു