വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകൾ

മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകൾ

മാറി​ക്കൊ​ണ്ടി​രി​ക്കുന്ന ഫാഷനു​കൾ

നമ്മൾ തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും, ഒരു കാര്യം വാസ്‌ത​വ​മാണ്‌. എന്തു ധരിക്കും എന്നു നിത്യേന നാം തീരു​മാ​നി​ക്കു​ന്നത്‌ ഒരു പരിധി​വരെ ഫാഷനെ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നു. ആത്യന്തി​ക​മാ​യി, വിപണി​യിൽ എന്ത്‌ ലഭ്യമാ​യി​രി​ക്കു​ന്നു എന്നത്‌ വലി​യൊ​രു പങ്കും ഫാഷനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

ഇന്നു സാധാ​ര​ണ​മെന്നു നാം കരുതുന്ന വസ്‌ത്രങ്ങൾ ഒരിക്കൽ ഏറ്റവും പുതിയ ഫാഷനാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പുരു​ഷ​ന്മാർ ധരിക്കുന്ന ഷർട്ടും ടൈയും ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പ്‌ ആളുക​ളു​ടെ ഭ്രമമാ​യി​രു​ന്നു. സ്‌ത്രീ​ക​ളു​ടെ സ്വെറ്റർ 1920-കളിൽ സുസ്ഥാ​പി​ത​മായ ഒരു സ്റ്റൈൽ ആയി മാറി.

ഫാഷൻ വ്യവസാ​യ​ത്തിന്‌ ഉത്തേജനം പകരു​ന്നത്‌ രണ്ട്‌ അടിസ്ഥാന സംഗതി​ക​ളാണ്‌—പുതു​മ​യ്‌ക്കാ​യുള്ള വെമ്പലും മറ്റുള്ള​വ​രു​ടെ കൂട്ടത്തിൽ ചേർന്നു പോകാ​നുള്ള ആഗ്രഹ​വും. എല്ലാവ​രും​തന്നെ എന്തെങ്കി​ലും പുതി​യത്‌ ധരിക്കാൻ ഇഷ്ടപ്പെ​ടു​ന്ന​വ​രാണ്‌. അതു​കൊ​ണ്ടാണ്‌, നമുക്ക്‌ ഉള്ള വസ്‌ത്രങ്ങൾ കീറി​യി​ട്ടി​ല്ലെ​ങ്കിൽപ്പോ​ലും നാം പുതിയവ വാങ്ങു​ന്നത്‌, വെറുതെ ഒരു മാറ്റത്തി​നു​വേണ്ടി. കൂടാതെ, മറ്റുള്ള​വർക്ക്‌ നാം വെറും പഴഞ്ചൻ രീതി​ക്കാ​രാ​ണെന്നു തോന്നാ​തി​രി​ക്കാൻ വേണ്ടി​യും കൂട്ടു​കാ​രു​ടെ​യോ സഹപ്ര​വർത്ത​ക​രു​ടെ​യോ വസ്‌ത്ര​ധാ​രണ രീതി​യോ​ടു ചേർന്നു​പോ​കുന്ന തരത്തി​ലു​ള്ളവ നാം വാങ്ങുന്നു. ഈ നൂറ്റാ​ണ്ടു​ക​ളി​ലെ​ല്ലാം വസ്‌ത്ര​വ്യ​വ​സായ മേഖല ആളുക​ളു​ടെ ഈ വാഞ്‌ഛയെ—അതായത്‌ പുതു​മ​യ്‌ക്കും സമാന​ത​യ്‌ക്കു​മുള്ള ആഗ്രഹത്തെ—തൃപ്‌തി​പ്പെ​ടു​ത്തു​ക​യും ചില​പ്പോ​ഴൊ​ക്കെ ചൂഷണം ചെയ്യു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

ഒരു ഹ്രസ്വ ചരിത്രം

ഒരു പ്രത്യേക സ്റ്റൈലി​നു രൂപം കൊടു​ക്കാ​നാ​യി, ഡി​സൈ​നർമാർ അഞ്ച്‌ അടിസ്ഥാന സംഗതി​കൾ കണക്കി​ലെ​ടു​ക്കു​ന്നു: നിറം, പാറ്റേൺ, ഡ്രേപ്പ്‌ (സ്വാഭാ​വി​ക​മാ​യി വരുന്ന മടക്കു​ക​ളും ചുളി​വു​ക​ളും), ഇഴഗുണം, ലൈൻ ബാലൻസ്‌ (ശരീര​ത്തി​ന്റെ കുറവു​കൾ പരിഹ​രി​ക്കും വിധമുള്ള കട്ടിങ്ങു​കൾ) എന്നിവ. ഈ അഞ്ചു മേഖല​ക​ളി​ലും ഡി​സൈ​നർമാർക്കും വസ്‌ത്ര നിർമാ​താ​ക്കൾക്കും ഇച്ഛാനു​സ​രണം തിര​ഞ്ഞെ​ടു​ക്കാ​വുന്ന ഘടകങ്ങ​ളു​ടെ എണ്ണം വർഷങ്ങ​ളി​ലൂ​ടെ വർധി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പുരാതന ഈജി​പ്‌തിൽ അവി​ടെ​ത്തന്നെ ഉണ്ടാക്കി​യി​രുന്ന നേർത്ത ചണവസ്‌ത്ര​മാ​യി​രു​ന്നു ആളുകൾക്ക്‌ ഏറെ പ്രിയം, അത്‌ ഉഷ്‌ണ​കാ​ലാ​വ​സ്ഥ​യ്‌ക്കു തികച്ചും ഇണങ്ങി​യ​തു​മാ​യി​രു​ന്നു. എന്നാൽ ചണവസ്‌ത്രം ചായം​മു​ക്കുക അത്ര എളുപ്പ​ല്ലാ​ത്ത​തി​നാൽ അതിനു സാധാരണ ഒരു നിറമേ ഉണ്ടായി​രു​ന്നു​ള്ളൂ—ബ്ലീച്ചു​ചെയ്‌ത വെളു​പ്പു​നി​റം. തങ്ങളുടെ വസ്‌ത്ര​ങ്ങൾക്ക്‌ ആകർഷ​ക​മായ മടക്കു​ക​ളും ആകാര​ഭം​ഗി​യും ഉണ്ടായി​രി​ക്കാൻ തക്കവണ്ണം ഈജി​പ്‌തി​ലെ ഫാഷൻ ഡി​സൈ​നർമാർ തുണി​യിൽ ഞൊറി​വു​കൾ ഇട്ടിരു​ന്നു. ഏറ്റവും അധികം​കാ​ലം നിലനിന്ന ലോക​ത്തി​ലെ സ്റ്റൈലു​ക​ളിൽ ഒന്നു പിറവി​യെ​ടു​ത്തത്‌ ഇങ്ങനെ​യാണ്‌.

പൊ.യു. ഒന്നാം നൂറ്റാ​ണ്ടോ​ടെ, പുതിയ തുണി​ത്ത​ര​ങ്ങ​ളും നിറങ്ങ​ളും ലഭ്യമാ​യി​ത്തു​ടങ്ങി. ധനിക​രായ റോമാ​ക്കാർ ചൈന​യിൽനി​ന്നും ഇന്ത്യയിൽനി​ന്നും പട്ട്‌ ഇറക്കു​മതി ചെയ്‌തു. അത്‌ ഇറക്കു​മതി ചെയ്യാൻ വേണ്ടിവന്ന ചെലവു​മൂ​ലം, നെയ്‌തെ​ടുത്ത പട്ടിനു പൊന്നി​ന്റെ വിലയാ​യി​രു​ന്നു. ഫാഷൻ പ്രേമി​ക​ളു​ടെ മറ്റൊരു കൗതുകം സോരി​ലെ, ചായം മുക്കിയ കമ്പിളി​യാ​യി​രു​ന്നു. ഇത്തരം ഒരു കിലോ​ഗ്രാം കമ്പിളി​യു​ടെ വില 2,000 ദിനാറെ—ഒരു സാധാരണ തൊഴി​ലാ​ളി​യു​ടെ ആറു വർഷത്തെ വേതന​ത്തി​നു തുല്യ​മായ തുക—ആയിരു​ന്നു. പുതിയ ചായങ്ങ​ളും തുണി​ത്ത​ര​ങ്ങ​ളും റോമി​ലെ സമ്പന്ന വനിത​കൾക്ക്‌ സ്റ്റോള—നീണ്ടതും അയഞ്ഞതു​മായ പുറങ്കു​പ്പാ​യം—ധരിക്കാ​നുള്ള അവസര​മൊ​രു​ക്കി. ഇന്ത്യയിൽനി​ന്നുള്ള നീല പരുത്തി​ത്തു​ണി​കൊ​ണ്ടോ ഒരുപക്ഷേ ചൈന​യിൽനി​ന്നുള്ള മഞ്ഞ പട്ടു​കൊ​ണ്ടോ ഉള്ളതാ​യി​രു​ന്നു ഇത്‌.

കഴിഞ്ഞ കാലങ്ങ​ളിൽ, ഇടയ്‌ക്കി​ടെ പുതിയ സ്റ്റൈലു​കൾ ഉദയം​ചെ​യ്‌തി​രു​ന്നെ​ങ്കി​ലും ഏറ്റവും വിലകൂ​ടിയ വസ്‌ത്രങ്ങൾ ഒരായു​ഷ്‌കാ​ലം മുഴുവൻ ഫാഷനാ​യി നിലനിൽക്കു​മാ​യി​രു​ന്നു. പതി​യെ​പ്പ​തി​യെ മാറ്റങ്ങൾ വന്നുതു​ടങ്ങി, ആദ്യ​മൊ​ക്കെ അത്‌ സമ്പന്നരെ മാത്രമേ ബാധി​ച്ചു​ള്ളൂ. എന്നാൽ വ്യവസായ വിപ്ലവ​ത്തി​ന്റെ ആവിർഭാ​വ​ത്തോ​ടെ ഫാഷൻ സാധാ​ര​ണ​ക്കാ​രു​ടെ ഇടയി​ലും പ്രകട​മായ സ്വാധീ​നം ചെലുത്തി.

പത്തൊ​മ്പ​താം നൂറ്റാ​ണ്ടിൽ എല്ലാ വ്യവസാ​യ​ശാ​ല​ക​ളും സമ്പന്നർക്കും ദരി​ദ്രർക്കും വേണ്ടി​യുള്ള വസ്‌ത്രങ്ങൾ നിർമി​ക്കാൻ തുടങ്ങി. യന്ത്രത്തി​ന്റെ സഹായ​ത്താൽ പരുത്തി​യും കമ്പിളി​യും രൂപ​പ്പെ​ടു​ത്തി​യെ​ടു​ക്കുന്ന മില്ലു​ക​ളു​ടെ എണ്ണം പെരുകി, തുണി​ത്ത​ര​ങ്ങ​ളു​ടെ വിലയും കുറഞ്ഞു. തയ്യൽ മെഷീ​നു​ക​ളു​ടെ വരവോ​ടെ വസ്‌ത്രങ്ങൾ തീരെ കുറഞ്ഞ വിലയ്‌ക്കു നിർമി​ക്കാ​മെ​ന്നാ​യി. പുതി​യ​തരം കൃത്രിമ ചായങ്ങൾ നിറങ്ങ​ളു​ടെ ഒരു വലിയ ലോകം​തന്നെ സൃഷ്ടിച്ചു.

സാമൂ​ഹി​ക പരിവർത്ത​ന​ങ്ങ​ളും സാങ്കേ​തി​ക​വി​ദ്യ​യി​ലെ മാറ്റങ്ങ​ളും സാധാ​ര​ണ​ക്കാ​രു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി​യിൽ വലിയ സ്വാധീ​നം ചെലു​ത്തി​യി​ട്ടുണ്ട്‌. പശ്ചിമ യൂറോ​പ്പി​ലും വടക്കേ അമേരി​ക്ക​യി​ലും ആളുകൾക്ക്‌ ചെലവ​ഴി​ക്കാൻ ധാരാളം പണമു​ണ്ടാ​യി​രു​ന്നു. 1850-കളിൽ വനിതാ മാസി​കകൾ രംഗ​പ്ര​വേശം ചെയ്‌തു. അധികം താമസി​യാ​തെ ഡിപ്പാർട്ടു​മെന്റ്‌ സ്റ്റോറു​കൾ ഒരു അടിസ്ഥാന അളവുള്ള റെഡി​മെ​യ്‌ഡ്‌ വസ്‌ത്രങ്ങൾ വിൽക്കാൻ തുടങ്ങി. മാത്രമല്ല, 19-ാം നൂറ്റാ​ണ്ടിൽ ചാൾസ്‌ ഫ്രെഡ്‌റിക്‌ വർത്ത്‌, ഭാവി ഉപഭോ​ക്താ​ക്ക​ളു​ടെ താത്‌പ​ര്യം ഉണർത്തു​ന്ന​തി​നാ​യി യഥാർഥ മോഡ​ലു​കളെ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ഫാഷൻഷോ​കൾക്കു തുടക്ക​മി​ടു​ക​യും ചെയ്‌തു.

അങ്ങനെ, 20-ാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും റയോൺ, നൈ​ലോൺ, പോളി​യെസ്റ്റർ തുടങ്ങിയ പുതിയ കൃത്രി​മ​നാ​രു​കൾ വസ്‌​ത്രോ​ത്‌പാ​ദ​കർക്ക്‌ തുണി​ത്ത​ര​ങ്ങ​ളു​ടെ ഒരു വിശാ​ല​ലോ​കം തുറന്നു​കൊ​ടു​ത്തു. കമ്പ്യൂ​ട്ടർവ​ത്‌കൃത ഡി​സൈ​നു​കൾ, പുതിയ സ്റ്റൈലു​കൾക്കു രൂപം കൊടു​ക്കു​ന്നത്‌ എളുപ്പ​മാ​ക്കി​ത്തീർത്തു. അതു​പോ​ലെ, ആഗോ​ള​വ​ത്‌ക​രണം ടോക്കി​യോ, ന്യൂ​യോർക്ക്‌, പാരീസ്‌, സാവൊ പൗലോ എന്നീ നഗരവീ​ഥി​ക​ളിൽ ഏതാണ്ട്‌ ഒരേ കാലത്തു​തന്നെ പുതിയ ഫാഷനു​കൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തിന്‌ ഇടയാക്കി. അങ്ങനെ​യി​രി​ക്കെ, ഡി​സൈ​നർമാ​രും ഉത്‌പാ​ദ​ക​രും തങ്ങളുടെ ഉത്‌പന്നം വിറ്റഴി​ക്കാൻ ചില പുതിയ മാർഗങ്ങൾ കണ്ടെത്തി.

സമ്പന്നരു​ടെ സ്ഥാനത്ത്‌ ഇന്ന്‌, വലിയ ഫാഷൻ പ്രേമി​ക​ളാ​യി​രി​ക്കു​ന്നത്‌ യുവജ​ന​ങ്ങ​ളാണ്‌. ലക്ഷക്കണ​ക്കി​നു യുവജ​നങ്ങൾ ഓരോ മാസവും പുതിയ ഉടയാ​ടകൾ വാങ്ങി​ക്കൂ​ട്ടു​ന്നു. തുണി​വ്യ​വ​സാ​യം വർഷം​തോ​റും നൂറു​ക​ണ​ക്കി​നു കോടി ഡോളർ വിലയ്‌ക്കുള്ള വസ്‌ത്രങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. a എന്നാൽ ഇതിൽ എന്തെങ്കി​ലും കെണി ഒളിഞ്ഞി​രി​പ്പു​ണ്ടോ? (g03 9/08)

[അടിക്കു​റിപ്പ്‌]

a പോയവർഷങ്ങളിൽ ഒന്നിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട വസ്‌ത്ര​ങ്ങ​ളു​ടെ വില 33,500,00,00,000 ഡോളർ ആണെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

[4, 5 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഫാഷൻ ഇറക്കു​മതി ചെയ്യു​ന്ന​വർ

നൂറ്റാ​ണ്ടു​ക​ളോ​ളം വസ്‌ത്ര​ധാ​ര​ണ​ത്തി​നുള്ള മാനദണ്ഡം നിർണ​യി​ച്ചി​രു​ന്നത്‌ രാജാ​ക്ക​ന്മാ​രും കുലീ​ന​ന്മാ​രും ആയിരു​ന്നു. 17-ാം നൂറ്റാ​ണ്ടിൽ, ഫ്രാൻസി​ലെ ലൂയിസ്‌ പതിമൂ​ന്നാ​മൻ രാജാവ്‌ തന്റെ കഷണ്ടി മറയ്‌ക്കാൻ ഒരു വിഗ്ഗ്‌ (കൃത്രി​മ​കേശം) ധരിക്കാൻ തീരു​മാ​നി​ച്ചു. താമസി​യാ​തെ, യൂറോ​പ്പി​ലെ കുലീ​ന​ന്മാ​രും തങ്ങളുടെ തല ക്ഷൗരം ചെയ്‌ത്‌ വിഗ്ഗ്‌ ധരിക്കാൻ തുടങ്ങി, ഈ സ്റ്റൈൽ ഒരു നൂറ്റാ​ണ്ടി​ല​ധി​കം തുടർന്നു.

പത്തൊ​മ്പ​താം നൂറ്റാ​ണ്ടാ​യ​പ്പോൾ, വനിതാ മാസി​കകൾ പലതരം ഫാഷൻ തരംഗ​ങ്ങ​ളെ​യും മുന്നണി​യി​ലേ​ക്കു​യർത്തി. മാത്രമല്ല, ചെലവു കുറഞ്ഞ രീതി​യിൽ സ്വയം വസ്‌ത്രം നിർമി​ക്കാ​നുള്ള മാതൃ​ക​ക​ളും അതിൽ ഉണ്ടായി​രു​ന്നു. 20-ാം നൂറ്റാ​ണ്ടിൽ, സിനി​മ​ക​ളും ടെലി​വി​ഷ​നും ജനപ്രീ​തി നേടി​യ​പ്പോൾ വെള്ളി​ത്തി​ര​യി​ലെ താരങ്ങൾ അന്താരാ​ഷ്‌ട്ര ആരാധ​നാ​പാ​ത്ര​ങ്ങ​ളാ​യി, അവർതന്നെ ഫാഷന്റെ പ്രയോ​ക്താ​ക്ക​ളു​മാ​യി. പുതിയ സ്റ്റൈലു​കൾ അവതരി​പ്പി​ച്ച​വ​രിൽ ജനപ്രി​യ​രായ സംഗീ​ത​ജ്ഞ​രും പെടുന്നു, പെട്ടെ​ന്നു​തന്നെ അവയെ​ല്ലാം യുവജ​ന​ങ്ങ​ളു​ടെ ഹരമായി മാറി. ഇന്നും സ്ഥിതി​ഗ​തി​കൾക്കു മാറ്റ​മൊ​ന്നു​മില്ല. ആളുക​ളിൽ പുത്തൻ ഉടയാ​ട​കൾക്കാ​യുള്ള ആഗ്രഹം ഉണർത്താൻ പരസ്യ​ക്കാർ ഫാഷൻഷോ​കൾ, അത്യാ​കർഷ​ക​മായ മാസി​കകൾ, ഗംഭീ​ര​മായ പരസ്യ​ബോർഡു​കൾ, കടകളി​ലെ കണ്ണാടി​ക്കൂ​ടു​കൾ, ടെലി​വി​ഷൻ പരസ്യങ്ങൾ എന്നിവ സമർഥ​മാ​യി ഉപയോ​ഗി​ക്കു​ന്നു.

[ചിത്രം]

ലൂയിസ്‌ പതിമൂ​ന്നാ​മൻ രാജാവ്‌

[കടപ്പാട്‌]

From the book The Historian’s History of the World

[4-ാം പേജിലെ ചിത്രം]

പുരാതന ഈജി​പ്‌തിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന ഈ ചണവസ്‌ത്രം ലോക​ത്തിൽ ഏറ്റവും അധികം​കാ​ലം നിലനിന്ന ഫാഷനു​ക​ളിൽ ഒന്നായി​രു​ന്നു

[കടപ്പാട്‌]

Photograph taken by courtesy of the British Museum

[4-ാം പേജിലെ ചിത്രം]

പുരാതന റോമിൽ വനിതകൾ സ്റ്റോള ധരിക്കു​മാ​യി​രു​ന്നു

[കടപ്പാട്‌]

From the book Historia del Traje, 1917

[4, 5 പേജു​ക​ളി​ലെ ചിത്രം]

പൊ.യു. ഏകദേശം 650 മുതൽ ഇന്നുവരെ കിമോ​ണോ അതിജീ​വി​ച്ചി​രി​ക്കു​ന്നു

[കടപ്പാട്‌]

From the newspaper La Ilustración Artística, Volume X, 1891

[5-ാം പേജിലെ ചിത്രം]

കഴിഞ്ഞ കാലങ്ങ​ളിൽ വിലകൂ​ടിയ ഒരു വസ്‌ത്രം ജീവി​ത​കാ​ലം മുഴു​വ​നും നിലനിൽക്കുന്ന ഒരു ഫാഷനാ​യി കരുതി​യി​രു​ന്നു

[കടപ്പാട്‌]

EclectiCollections

[5-ാം പേജിലെ ചിത്രം]

വ്യവസായ വിപ്ലവം സാധാ​ര​ണ​ക്കാ​രായ ആളുക​ളിൽ കൂടുതൽ ഫാഷൻബോ​ധം ജനിപ്പി​ക്കാൻ ഇടയാക്കി

[കടപ്പാട്‌]

EclectiCollections