വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഉന്മത്തരായ ജന്തുക്കൾ

ലഹരി തലയ്‌ക്കു പിടി​ക്കു​ന്നത്‌ മനുഷ്യർക്കു മാത്ര​മ​ല്ലെന്ന്‌ ലോക​മെ​മ്പാ​ടു​നി​ന്നു​മുള്ള റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. ഇന്ത്യയിൽനി​ന്നു​ത​ന്നെ​യുള്ള ഒരു സംഭവം ഇതാ: അടുത്ത​യി​ടെ അസമിലെ ഒരു ഗ്രാമ​ത്തി​ലാണ്‌ അത്‌ നടന്നത്‌. ബിയർ കുടി​ക്കാ​നി​ട​യായ ഒരാന​ക്കൂ​ട്ടം കണ്ണിൽക്കണ്ട കെട്ടി​ട​ങ്ങ​ളൊ​ക്കെ നശിപ്പി​ച്ചു. ബോസ്‌നി​യ​യിൽ ഉപേക്ഷി​ക്ക​പ്പെട്ട കാനു​ക​ളിൽ അവശേ​ഷി​ച്ചി​രുന്ന ബിയർ കുടിച്ച്‌ രുചി​പി​ടിച്ച ഒരു കരടി മദ്യം ഇനിയും വേണമെന്ന വാശി​യി​ലാ​യി. ശല്യം സഹിക്കാൻ വയ്യാതെ ഗ്രാമ​വാ​സി​കൾ അതിന്‌ ലഹരി​പ​ദാർഥം അടങ്ങി​യി​ട്ടി​ല്ലാത്ത ബിയർ നൽകാൻ തുടങ്ങി. വിദ്യ ഫലിച്ചു. ഇപ്പോ​ഴും കരടി ബിയർ ആസ്വദി​ക്കു​ന്നു, എന്നാൽ അക്രമാ​സക്ത സ്വഭാ​വ​മൊട്ട്‌ കാണി​ക്കു​ന്നു​മില്ല. വടക്കൻ കാലി​ഫോർണി​യ​യിൽ റോഡ​രി​കി​ലുള്ള കുറ്റി​ച്ചെ​ടി​ക​ളി​ലെ പുളിച്ച പഴങ്ങൾ ഭക്ഷിച്ച്‌ മത്തുപി​ടിച്ച ചില പക്ഷികൾ കാറുകൾ ആക്രമി​ച്ചു. പ്രശ്‌നം പരിഹ​രി​ക്കാൻ ഈ കുറ്റി​ച്ചെ​ടി​കൾ വെട്ടി​ക്ക​ള​യേ​ണ്ടി​വന്നു. പുളി​ച്ചു​പോയ പൂന്തേൻ കുടി​ക്കാ​നി​ട​യാ​കുന്ന തേനീ​ച്ച​കൾക്ക്‌ കൂട്ടിൽ എത്തി​പ്പെ​ടാൻ കഴിയാ​റില്ല. കാരണം അവ മരങ്ങളിൽ ചെന്നി​ടി​ക്കു​ക​യോ നിലത്തു വീണു​പോ​കു​ക​യോ ചെയ്യുന്നു. തിരി​ച്ചെ​ത്താൻ കഴിഞ്ഞാൽത്തന്നെ ഇവയ്‌ക്ക്‌, കോള​നി​യി​ലെ മറ്റ്‌ അംഗങ്ങ​ളെ​ക്കൂ​ടെ ഉന്മത്തരാ​ക്കാൻ അനുവ​ദി​ക്കി​ല്ലെന്ന ദൃഢനി​ശ്ച​യ​ത്തോ​ടെ രോഷാ​കു​ല​രാ​യി നിൽക്കുന്ന കാവൽഭ​ട​ന്മാ​രായ തേനീ​ച്ച​കളെ നേരിടേണ്ടിവരും.(g03 9/22)

മരണം വിതയ്‌ക്കുന്ന ഷോപ്പിങ്‌ ബാഗുകൾ

ഉപേക്ഷി​ക്ക​പ്പെട്ട പ്ലാസ്റ്റിക്‌ ബാഗുകൾ തിന്നു​ക​യോ അതിൽ കുരുങ്ങി ശ്വാസം കിട്ടാതെ വരിക​യോ ചെയ്യു​ന്ന​തി​ന്റെ ഫലമായി ഓരോ വർഷവും ഗോള​മെ​മ്പാ​ടും 1,00,000-ത്തിൽ അധികം സസ്‌ത​നി​ക​ളും പക്ഷിക​ളും മത്സ്യങ്ങ​ളും ചാകു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഓസ്‌​ട്രേ​ലി​യ​യിൽ മാത്രം, പ്രതി​വർഷം 690 കോടി പ്ലാസ്റ്റിക്‌ ഷോപ്പിങ്‌ ബാഗുകൾ—ഒരു വ്യക്തി ശരാശരി 360 ബാഗുകൾ വീതം—ആണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഇതിൽ ഏതാണ്ട്‌ 250 ലക്ഷം ബാഗുകൾ ഉപേക്ഷി​ക്ക​പ്പെ​ടു​ന്നു. ജന്തുക്ക​ളു​ടെ കൂട്ടക്കു​രു​തി കുറയ്‌ക്കു​ന്ന​തി​നാ​യി ഓസ്‌​ട്രേ​ലി​യ​യി​ലെ സൂപ്പർമാർക്ക​റ്റു​കൾ പരമ്പരാ​ഗ​ത​മായ പ്ലാസ്റ്റിക്‌ ഷോപ്പിങ്‌ ബാഗു​കൾക്കു പകരം, ജൈവ​പ​ര​മാ​യി വിഘടി​ക്കുന്ന പദാർഥം​കൊ​ണ്ടുള്ള ബാഗുകൾ നൽകി​ത്തു​ട​ങ്ങു​മെന്ന്‌ 2002-ന്റെ അവസാ​ന​ത്തിൽ സിഡ്‌നി​യു​ടെ സൺഡേ ടെല​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. പുതിയ ബാഗുകൾ കണ്ടാലും തൊട്ടു​നോ​ക്കി​യാ​ലും പ്ലാസ്റ്റിക്‌ ബാഗുകൾ പോലെ തോന്നു​മെ​ങ്കി​ലും അവ മരച്ചീ​നി​യു​ടെ നൂറിൽനി​ന്നാ​ണു നിർമി​ക്കു​ന്നത്‌. അവ മൂന്നു മാസം​കൊണ്ട്‌ ദ്രവി​ക്കു​ക​യും ചെയ്യും. “ജൈവ​പ​ര​മാ​യി വിഘടി​ക്കു​ന്ന​തും അതേസ​മയം സാധാരണ പ്ലാസ്റ്റിക്‌ ബാഗു​ക​ളു​ടെ അത്രയും മാത്രം വിലവ​രു​ന്ന​തു​മായ ബാഗുകൾ ഓസ്‌​ട്രേ​ലി​യ​യിൽ ലഭ്യമാ​കു​ന്നത്‌ ഇത്‌ ആദ്യമാ​യാണ്‌” എന്ന്‌ പ്ലാനറ്റ്‌ ആർക്ക്‌ പാരി​സ്ഥി​തിക പ്രതി​നി​ധി സംഘത്തി​ന്റെ ചെയർമാൻ പോൾ ഷെൻസ്റ്റൺ പറയുന്നു. “ഷോപ്പിങ്‌ നടത്തു​ന്ന​വ​രിൽ 81 ശതമാ​ന​വും, ജൈവ​പ​ര​മാ​യി വിഘടി​ക്കുന്ന ബാഗുകൾ ഉപയോ​ഗി​ക്കു​ന്ന​തി​നോട്‌ ‘പൂർണ​മാ​യി യോജി​ക്കു​ന്നു’” എന്ന്‌ അടുത്ത​യി​ടെ നടത്തിയ ഒരു സർവേ കണ്ടെത്തി. (g03 9/08)

“മേലാൽ കത്തോ​ലിക്ക സഭയിലെ അംഗമാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല”

ഇറ്റലി​യിൽ, മാമ്മോ​ദീ​സാ മുങ്ങി​യ​തെ​ങ്കി​ലും “മേലാൽ കത്തോ​ലി​ക്കാ സഭയിലെ ഒരംഗ​മാ​യി​രി​ക്കാൻ ഇഷ്ടപ്പെ​ടാത്ത” ഒരു വ്യക്തിക്ക്‌ ഇപ്പോൾ തന്റെ ആഗ്രഹം പൂർത്തീ​ക​രി​ക്കാം എന്ന്‌ ഇൽ സോലെ-24 ഓറെ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. മുമ്പ്‌, മാമ്മോ​ദീ​സാ രജിസ്റ്റ​റിൽനിന്ന്‌ തന്റെ പേരു​വെ​ട്ട​ണ​മെന്ന്‌ ആരെങ്കി​ലും ആവശ്യ​പ്പെ​ട്ടാൽ അവരുടെ അപേക്ഷ തള്ളിക്ക​ള​യു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌. “സഭാച​രി​ത്ര​ത്തി​ന്റെ അവശേ​ഷി​ക്കുന്ന ‘കണിക​കളെ’ നശിപ്പി​ക്കു​ന്ന​തി​നു തുല്യ​മാ​യി​രി​ക്കും” അത്‌ എന്ന പേരി​ലാണ്‌ അപേക്ഷ തള്ളിയി​രു​ന്നത്‌. എന്നാൽ, പള്ളിയു​ടെ രജിസ്റ്റ​റിൽനിന്ന്‌ തങ്ങളുടെ പേരു​വെ​ട്ട​ണ​മെന്ന അപേക്ഷ നിരസി​ക്ക​പ്പെട്ട അനവധി ആളുകൾ നൽകിയ അഭ്യർഥ​ന​യു​ടെ അടിസ്ഥാ​ന​ത്തിൽ ‘സേഫ്‌ഗാർഡ്‌ ഓഫ്‌ പേർസണൽ ഇൻഫർമേഷ’ന്റെ ഗാരന്റർ, “മേലാൽ കത്തോ​ലിക്ക സഭയിലെ അംഗമാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല” എന്ന ഒരു കുറി​പ്പു​കൂ​ടെ ചേർത്തു​കൊണ്ട്‌ ഇടവക​യി​ലെ മാമ്മോ​ദീ​സാ രജിസ്റ്റ​റി​നു ഭേദഗതി വരുത്താൻ അനുമതി നൽകി. ഇതി​നോ​ടകം മൂന്നു പേരു​ടെ​യെ​ങ്കി​ലും കാര്യ​ത്തിൽ ഇതു ചെയ്‌തു കൊടു​ക്കാൻ ഗാരന്റർ ഇടവക വികാ​രി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. (g03 9/08)

ഇളം​പ്രാ​യ​ക്കാ​രായ അമ്മമാർ

മെക്‌സി​ക്കോ​യിൽ 10-നും 19-നും ഇടയ്‌ക്കുള്ള പ്രായ​ത്തിൽ ഗർഭി​ണി​ക​ളാ​കുന്ന പെൺകു​ട്ടി​ക​ളു​ടെ എണ്ണം “കഴിഞ്ഞ മൂന്നു ദശകത്തി​നു​ള്ളിൽ 50 ശതമാനം വർധി​ച്ചി​രി​ക്കു​ന്നു” എന്ന്‌ മെക്‌സി​ക്കോ സിറ്റി​യിൽ പ്രസി​ദ്ധീ​ക​രി​ക്കുന്ന കാമ്പ്യോ മാസിക പറയുന്നു. പബ്ലിക്‌ സ്‌കൂ​ളു​ക​ളിൽ കൂടും​ബാ​സൂ​ത്രണ പരിപാ​ടി​ക​ളും ലൈം​ഗിക വിദ്യാ​ഭ്യാ​സ​വും മുറയ്‌ക്കു നടക്കു​ന്നു​വെ​ന്നി​രി​ക്കെ​യാണ്‌ ഇങ്ങനെ​യൊ​രു സ്ഥിതി​വി​ശേഷം. “പുകവ​ലി​ക്കു​ക​യോ മദ്യപി​ക്കു​ക​യോ ചിലതരം മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ക​യോ ചെയ്യു​ന്നവർ ചെറു​പ്രാ​യ​ത്തിൽത്തന്നെ ലൈം​ഗിക ബന്ധങ്ങളിൽ ഏർപ്പെ​ടാ​നുള്ള സാധ്യത നാലു മടങ്ങു കൂടു​ത​ലാണ്‌” എന്ന്‌ ആരോ​ഗ്യ​രം​ഗത്തെ അധികൃ​തർ നടത്തിയ പഠനങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. ഇതിനു പുറമേ, ഇളം​പ്രാ​യ​ക്കാ​രായ ഈ അമ്മമാ​രിൽ 30 ശതമാ​ന​ത്തിന്‌ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകി ഒരു വർഷത്തി​നു​ള്ളിൽത്തന്നെ പ്രതീ​ക്ഷി​ക്കാ​തെ രണ്ടാമത്തെ കുഞ്ഞ്‌ ജനിക്കു​ന്നു, 50 ശതമാ​ന​ത്തിന്‌ രണ്ടു വർഷത്തി​നു​ള്ളിൽ രണ്ടാമ​തൊ​രു കുഞ്ഞ്‌ ഉണ്ടാകു​ന്നു. കൗമാ​ര​പ്രാ​യ​ക്കാ​രും കൗമാ​ര​പ്രാ​യ​ത്തി​ലെ​ത്താ​ത്ത​വ​രു​മായ ഈ അമ്മമാ​രിൽ 60 ശതമാ​ന​ത്തിന്‌ കുഞ്ഞിന്റെ അച്ഛന്റെ സഹായം കൂടാതെ അതിനെ വളർത്തേ​ണ്ടി​വ​രു​ന്നു എന്നത്‌ പ്രശ്‌നത്തെ ഒന്നുകൂ​ടെ രൂക്ഷമാ​ക്കു​ന്നു. (g03 9/08)

ആസിഡ്‌ ആക്രമണം

പാരീ​സി​ലെ നാഷണൽ ലൈ​ബ്ര​റി​യിൽ സൂക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന, 1875-നും 1960-നും ഇടയ്‌ക്ക്‌ പ്രസി​ദ്ധീ​ക​രിച്ച പുസ്‌ത​ക​ങ്ങ​ളു​ടെ​യും ലിഖി​ത​ങ്ങ​ളു​ടെ​യും ഏതാണ്ട്‌ 65 ശതമാനം വിനാ​ശ​ഭീ​ഷ​ണി​യി​ലാണ്‌ എന്ന്‌ ലെ മോണ്ട്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. സൽഫ്യു​റിക്‌ ആസിഡാണ്‌ പ്രശ്‌നം ഉണ്ടാക്കു​ന്നത്‌. അത്‌ പുസ്‌ത​ക​ത്താ​ളു​കൾ പൊടി​ഞ്ഞു​പോ​കാൻ ഇടയാ​ക്കു​ന്നു. നാഷണൽ ലൈ​ബ്രറി പ്രതി​വർഷം ഏതാണ്ട്‌ 20,000 പുസ്‌ത​ക​ങ്ങ​ളു​ടെ അമ്ലാംശം നീക്കം ചെയ്യു​ന്നുണ്ട്‌. ഒരൊറ്റ പുസ്‌ത​ക​ത്തി​ന്റെ അമ്ലാംശം നീക്കം ചെയ്യു​ന്ന​തിന്‌ 7-നും 8-നും ഇടയ്‌ക്ക്‌ ഡോളർ ചെലവു വരും. 1980-കൾ മുതൽ മിക്ക പുസ്‌ത​ക​ങ്ങ​ളും ആസിഡി​ന്റെ അംശമി​ല്ലാത്ത കടലാസ്‌ ഉപയോ​ഗി​ച്ചാണ്‌ അച്ചടി​ക്കു​ന്നത്‌. (g03 9/08)

ഉറക്കക്കു​റ​വി​ന്റെ പ്രത്യാ​ഘാ​ത​ങ്ങൾ

“ഒമ്പതു ശതമാനം പോള​ണ്ടു​കാർ ഓരോ രാത്രി​യും അഞ്ചു മണിക്കൂ​റിൽ താഴെ സമയം മാത്ര​മാണ്‌ ഉറങ്ങു​ന്നത്‌,” വാഴ്‌സോ​യി​ലെ ഒരു ആഴ്‌ച​പ്പ​തി​പ്പായ വ്‌​പ്രോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. “അമേരി​ക്ക​ക്കാ​രി​ലും ബ്രിട്ടീ​ഷു​കാ​രി​ലും മൂന്നിൽ ഒരാൾ വീതം രാത്രി 6.5 മണിക്കൂ​റിൽ കൂടുതൽ ഉറങ്ങു​ന്നില്ല.” “കുറച്ചു മാത്രം ഉറങ്ങുന്ന ഒരു വ്യക്തി സ്ഥായി​യായ സമ്മർദ​ത്തിൻ കീഴി​ലാ​യി​രി​ക്കും” എന്ന്‌ പോള​ണ്ടി​ലെ ഒരു നിദ്രാ​വൈ​കല്യ ക്ലിനി​ക്കി​ലെ മീഹാവ്‌ സ്‌കാൽസ്‌ക്കി പറയുന്നു. “രാത്രി എട്ടു മണിക്കൂർ ഉറങ്ങു​ന്ന​വ​രോ​ടുള്ള താരത​മ്യ​ത്തിൽ ദിവസം അഞ്ചു മണിക്കൂ​റോ അതിൽ താഴെ​യോ ഉറങ്ങു​ന്ന​വർക്ക്‌ ഹൃദയാ​ഘാ​തം ഉണ്ടാകാ​നുള്ള സാധ്യത 50 ശതമാനം കൂടു​ത​ലാണ്‌” എന്ന്‌ ജാപ്പനീസ്‌ ഗവേഷണം സൂചി​പ്പി​ക്കു​ന്ന​താ​യി വ്‌​പ്രോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ, ഉറക്കക്കു​റവ്‌ പ്രമേ​ഹ​ത്തി​നും മറ്റ്‌ ആരോഗ്യ പ്രശ്‌ന​ങ്ങൾക്കും വഴി​തെ​ളി​ച്ചേ​ക്കാ​മെന്ന്‌ അമേരി​ക്ക​യിൽ നടക്കുന്ന പഠനങ്ങൾ കാണി​ക്കു​ന്നു. “ഗ്ലൂക്കോസ്‌ ഉപാപ​ച​യത്തെ തകരാ​റി​ലാ​ക്കു”ന്നതിനു പുറമേ ഉറക്കക്കു​റവ്‌ “പൊണ്ണ​ത്തടി ഉണ്ടാകാ​നുള്ള സാധ്യ​ത​യും വർധി​പ്പി​ക്കു”ന്നതായി റിപ്പോർട്ടു പറയുന്നു. “നാം ക്ഷീണി​ത​രാ​യി​രി​ക്കു​മ്പോൾ നമ്മുടെ ശരീരം ഊർജ​ക്കു​റ​വി​നെ നികത്താൻ ശ്രമി​ക്കും,” അമേരി​ക്കൻ ഫിറ്റ്‌നസ്‌ മാസിക വിവരി​ക്കു​ന്നു. “വേണ്ടത്ര ഉറങ്ങാത്ത ആളുകൾ ഉണർവ്‌ തോന്നാ​നാ​യി കൂടുതൽ ഭക്ഷണപാ​നീ​യങ്ങൾ കഴിക്കു​ന്നു. അതു​കൊണ്ട്‌, നിങ്ങളു​ടെ തൂക്കം കുറഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ, വീണ്ടും അതു കൂടാൻ ആഗ്രഹ​മി​ല്ലെ​ങ്കിൽ, കുറച്ചു​കൂ​ടെ ഉറങ്ങുക.” (g03 9/22)

ഓഫീ​സി​ലെ ഒരു ദിവസം

ലണ്ടൻ മാഗസിൻ നടത്തിയ ഒരു സർവേ​യിൽ 511 ആളുക​ളോട്‌ അവരുടെ ഒരു സാധാരണ ജോലി​ദി​വസം എങ്ങനെ​യു​ള്ള​താ​ണെന്ന്‌ ചോദി​ക്കു​ക​യു​ണ്ടാ​യി. ജോലി സമയത്ത്‌ പകുതി​യോ​ളം പേർ മദ്യപി​ച്ചി​രു​ന്നു, 48 ശതമാനം മോഷണം നടത്തി​യി​രു​ന്നു, ഏതാണ്ട്‌ മൂന്നിൽ ഒരു ഭാഗം മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചി​രു​ന്നു എന്ന്‌ ലണ്ടനിലെ വർത്തമാ​ന​പ​ത്ര​മായ ദ ഡെയ്‌ലി ടെല​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. ഇതിനു പുറമേ, 42 ശതമാനം “തങ്ങളുടെ ബോസി​നെ കൊല്ലു​ന്ന​താ​യി സങ്കൽപ്പി​ച്ചി​രു​ന്നു,” ഏതാണ്ട്‌ മൂന്നിൽ ഒരു ഭാഗം “ഇന്റർനെ​റ്റിൽ അശ്ലീലം വീക്ഷി​ച്ചി​രു​ന്നു,” “62 ശതമാ​ന​ത്തിന്‌ കൂടെ ജോലി​ചെ​യ്യുന്ന ഒരു വ്യക്തി​യിൽനിന്ന്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​നുള്ള ക്ഷണം ലഭിച്ചി​രു​ന്നു, ഏതാണ്ട്‌ അഞ്ചിൽ ഒരു ഭാഗം ഓഫീ​സിൽവെച്ച്‌ ശാരീ​രി​ക​മാ​യി ബന്ധപ്പെ​ട്ടി​രു​ന്നു.” ഈ ജീവന​ക്കാ​രിൽ മുപ്പത്തി​യാ​റു ശതമാനം തങ്ങളുടെ ബയോ​ഡാ​റ്റ​ക​ളിൽ മനഃപൂർവം വ്യാജ​വി​വ​രങ്ങൾ നൽകി​യി​രു​ന്നു. കൂടാതെ, 13 ശതമാനം സ്ഥാനക്ക​യറ്റം കിട്ടാ​നാ​യി ബോസി​നോ​ടൊ​പ്പം കിടപ്പറ പങ്കിടാൻ തയ്യാറാ​ണെ​ന്നും 45 ശതമാനം സ്വന്തം കാര്യം കാണാ​നാ​യി ഒരു സഹപ്ര​വർത്ത​കനെ സൗഹൃദം ചമഞ്ഞ്‌ പിന്നിൽനി​ന്നു കുത്താൻ മടിക്കി​ല്ലെ​ന്നും പറഞ്ഞു. അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രോ​ടുള്ള അമർഷ​ത്തിൽനി​ന്നാണ്‌ ഇത്തരം പെരു​മാ​റ്റ​ങ്ങ​ളിൽ അധിക​വും ഉടലെ​ടു​ക്കു​ന്നത്‌ എന്ന്‌ മനോ​രോഗ ചികി​ത്സ​ക​നായ ഫിലിപ്പ്‌ ഹോഡ്‌സൻ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഉന്നതസ്ഥാ​നം കരസ്ഥമാ​ക്കാ​നാ​യി നാം എന്തു ചെയ്യാ​നും മടിക്കില്ല. സ്ഥാനമാ​ന​ങ്ങ​ളും പദവി​ക​ളും നമുക്ക്‌ അത്ര​ത്തോ​ളം പ്രധാ​ന​മാണ്‌.” (g03 9/22)

കുടുംബ സംഭാ​ഷ​ണങ്ങൾ ആവശ്യം

“കുടുംബ സംഭാ​ഷ​ണങ്ങൾ വെറും ‘മൂളലും മുരള​ലും’ ആയി അധഃപ​തി​ച്ചി​രി​ക്കു​ന്നു, അതാകട്ടെ ശരിയായ വിധത്തിൽ കാര്യങ്ങൾ പറഞ്ഞ്‌ അവതരി​പ്പി​ക്കാൻ അറിയാത്ത ഒരവസ്ഥ​യിൽ കൊച്ചു​കു​ട്ടി​കളെ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ലണ്ടന്റെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ട​നിൽ വിദ്യാ​ഭ്യാ​സ നിലവാ​രങ്ങൾ കാത്തു​സൂ​ക്ഷി​ക്കേണ്ട ചുമത​ല​യുള്ള, ഗവൺമെ​ന്റി​ന്റെ ബേസിക്‌ സ്‌കിൽസ്‌ ഏജൻസി​യു​ടെ ഡയറക്ടർ അലൻ വെൽസ്‌ പറയു​ന്നത്‌ ഈ സ്ഥിതി​വി​ശേ​ഷ​ത്തി​നു കാരണം കുട്ടികൾ “മുഴു​സ​മ​യ​വും ടെലി​വി​ഷ​ന്റെ​യും കമ്പ്യൂ​ട്ട​റി​ന്റെ​യും മുന്നിൽ ചെലവ​ഴി​ക്കു​ന്ന​തും കുടും​ബം ഒത്തൊ​രു​മിച്ച്‌ ആഹാരം കഴിക്കാൻ വേണ്ടത്ര സമയം കണ്ടെത്താ​ത്ത​തും” ആണെന്നാണ്‌. മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ ഇല്ലാത്ത, മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്ര​മുള്ള, കുടും​ബ​ങ്ങ​ളു​ടെ എണ്ണത്തിൽ ഉണ്ടായി​ട്ടുള്ള വർധന​യാണ്‌ മറ്റൊരു കാരണ​മാ​യി വെൽസ്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌. മാതാ​പി​താ​ക്കൾ കുട്ടി​കൾക്ക്‌ കഥകളും മറ്റും വായി​ച്ചു​കൊ​ടു​ക്കു​ന്നില്ല എന്നുള്ള​തും ഒരു കാരണ​മാണ്‌ എന്ന്‌ അദ്ദേഹം പറയുന്നു. നാലോ അഞ്ചോ വയസ്സിൽ സ്‌കൂ​ളിൽ പ്രവേ​ശി​ക്കുന്ന കുട്ടി​കൾക്ക്‌ കഴിഞ്ഞ​കാ​ലത്തെ കുട്ടി​കളെ അപേക്ഷിച്ച്‌ “സ്‌പഷ്ട​മാ​യും ഫലപ്ര​ദ​മാ​യും കാര്യങ്ങൾ അവതരി​പ്പി​ക്കാൻ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നത്‌” എന്തു​കൊ​ണ്ടാണ്‌ എന്നു മനസ്സി​ലാ​ക്കാൻ ഈ ഘടകങ്ങൾ സഹായി​ക്കു​ന്ന​താ​യി അദ്ദേഹം വിശ്വ​സി​ക്കു​ന്നു. മക്കളോട്‌ എങ്ങനെ ഇടപെ​ടണം എന്ന്‌ മാതാ​പി​താ​ക്കളെ പഠിപ്പി​ക്കാ​നുള്ള പരിപാ​ടി​കൾ സംഘടി​പ്പി​ക്ക​ണ​മെന്ന്‌ വെൽസ്‌ ശുപാർശ ചെയ്യുന്നു. (g03 9/22)