വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാസ്‌ത്രം ആയിരുന്നു എന്റെ മതം

ശാസ്‌ത്രം ആയിരുന്നു എന്റെ മതം

ശാസ്‌ത്രം ആയിരു​ന്നു എന്റെ മതം

കെന്നെത്ത്‌ തനാകാ പറഞ്ഞ പ്രകാരം

‘സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും.’ കാലി​ഫോർണിയ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോ​ള​ജി​യു​ടെ (കാൽടെക്‌) മുദ്ര​ക​ളി​ലൊ​ന്നി​ലെ ആ വാക്കുകൾ, ശാസ്‌ത്ര വിജ്ഞാ​ന​ത്തി​ന്റെ പടവുകൾ ഒന്നൊ​ന്നാ​യി കീഴട​ക്കാൻ എനിക്കു പ്രചോ​ദ​ന​മേകി. 1974-ൽ ഞാൻ അവിടെ പേർ ചാർത്തി​യ​പ്പോൾ, ഒരു ഗവേഷണ ശാസ്‌ത്ര​ജ്ഞ​നാ​കാ​നുള്ള സംരം​ഭ​ത്തി​നു വഴി​യൊ​രു​ങ്ങി. ഭൂവി​ജ്ഞാ​ന​ത്തിൽ ബിരു​ദ​വും ബിരു​ദാ​നന്തര ബിരു​ദ​വും നേടി​യ​ശേഷം സാന്റാ ബാർബ​റാ​യി​ലുള്ള കാലി​ഫോർണിയ സർവക​ലാ​ശാ​ല​യിൽ ഞാൻ പഠനം തുടർന്നു.

ഒരു ശാസ്‌ത്രജ്ഞൻ എന്നനി​ല​യിൽ പുരോ​ഗ​മി​ക്കവേ, എന്റെ ആത്മീയ കാഴ്‌ച​പ്പാ​ടി​ലും മൂല്യ​ങ്ങ​ളി​ലും ഞാൻ ഗണ്യമായ പരിവർത്ത​നങ്ങൾ വരുത്തി. പരിണാമ സിദ്ധാ​ന്തത്തെ ആധാര​മാ​ക്കി​യുള്ള എന്റെ പരിശീ​ലനം ദൈവ​വി​ശ്വാ​സത്തെ അടിച്ച​മർത്തി​യെ​ങ്കി​ലും പിന്നീട്‌ എന്റെ വീക്ഷണങ്ങൾ പുനഃ​പ​രി​ശോ​ധി​ക്കാൻ ഞാൻ നിർബ​ന്ധി​ത​നാ​യി. ഒരു ഗവേഷണ ഭൂവി​ജ്ഞാ​നീയ ശാസ്‌ത്ര​ജ്ഞ​നാ​യി​രുന്ന ഞാൻ ദൈവ​ത്തി​ന്റെ ഒരു അർപ്പിത ആരാധകൻ ആയിത്തീർന്നത്‌ എങ്ങനെ​യാണ്‌? ഞാൻ അതു നിങ്ങ​ളോ​ടു പറയട്ടെ.

പ്രപഞ്ചത്തെ വിസ്‌മ​യ​ത്തോ​ടെ നോക്കി​ക്കണ്ട ഒരു കൊച്ചു​ബാ​ലൻ

ചെറു​പ്രാ​യ​ത്തിൽത്തന്നെ ശാസ്‌ത്ര​ത്തോ​ടുള്ള അഭിനി​വേശം എന്നിൽ മുള​പൊ​ട്ടി​യി​രു​ന്നു. യു.എസ്‌.എ.-യിൽ വാഷി​ങ്‌ട​ണി​ലുള്ള സിയാ​റ്റി​ലിൽ, വിദ്യാ​പാ​ട​വ​ത്തി​ന്റെ ഔന്നത്യ​ങ്ങൾ എത്തിപ്പി​ടി​ക്കാൻ മാതാ​പി​താ​ക്ക​ളിൽനി​ന്നുള്ള ശക്തമായ പ്രോ​ത്സാ​ഹനം കിട്ടി​യാ​ണു ഞാൻ വളർന്നത്‌. പ്രപഞ്ചത്തെ കുറിച്ചു വായി​ക്കാൻ എനിക്കു വളരെ ഇഷ്ടമാ​യി​രു​ന്നു—ദ്രവ്യം, ജീവൻ എന്നിവ​യു​ടെ അടിസ്ഥാന നിർമാണ ഘടകങ്ങൾ, പ്രപഞ്ച​ത്തി​ലെ അടിസ്ഥാന ബലങ്ങൾ, ശൂന്യാ​കാ​ശം, സമയം, ആപേക്ഷി​കത എന്നിവയെ കുറി​ച്ചെ​ല്ലാം. എനിക്ക്‌ ഏതാണ്ട്‌ എട്ടു വയസ്സ്‌ ഉള്ളപ്പോൾ ഞാൻ പഠിച്ചി​രുന്ന സ്‌കൂ​ളി​ന്റെ അധികൃ​തർ ശാസ്‌ത്ര​ത്തോട്‌ എനിക്ക്‌ ഉണ്ടായി​രുന്ന കൗതുകം ശ്രദ്ധി​ക്കു​ക​യും ആഴ്‌ച​തോ​റും എന്നെ പഠിപ്പി​ക്കാൻ ഒരു ശാസ്‌ത്ര അധ്യാ​പ​കനെ പ്രത്യേ​കം ഏർപ്പെ​ടു​ത്തു​ക​യും ചെയ്‌തു.

ബാപ്‌റ്റിസ്റ്റ്‌ സഭയിലെ സൺഡേ സ്‌കൂ​ളിൽ ഞാൻ പങ്കെടു​ത്തി​രു​ന്നു. എന്നാൽ അതു മിക്ക​പ്പോ​ഴും ക്യാമ്പു​ക​ളിൽ പങ്കുപ​റ്റു​ന്ന​തി​നോ കാൽന​ട​യാ​ത്ര നടത്തു​ന്ന​തി​നോ ഒക്കെയാ​യി​രു​ന്നു. എന്റെ കുടും​ബാം​ഗങ്ങൾ മതത്തി​ലോ ദൈവ​ത്തി​ലോ യാതൊ​രു താത്‌പ​ര്യ​വും കാണി​ച്ചില്ല. ഞാൻ ചരിത്രം പഠിച്ചു​വ​രവേ, മതം ചെയ്‌തു​കൂ​ട്ടി​യി​ട്ടുള്ള കൊടും​പാ​ത​കങ്ങൾ മനസ്സി​ലാ​ക്കി​യ​പ്പോൾ സഭാ പ്രവർത്ത​ന​ങ്ങ​ളിൽനി​ന്നു വിട്ടു​നിൽക്കാൻ മനസ്സാക്ഷി എന്നെ നിർബ​ന്ധി​ച്ചു. ശാസ്‌ത്ര​ത്തിന്‌ ഏതാണ്ട്‌ എല്ലാം​തന്നെ വിശദീ​ക​രി​ക്കാൻ കഴിയു​മെന്നു തോന്നി​യ​പ്പോൾ ദൈവ​ത്തി​ന്റെ അസ്‌തി​ത്വ​ത്തെ​യും ഞാൻ സംശയി​ക്കാൻ തുടങ്ങി.

സഞ്ചാര​പഥം മാറുന്നു—കൂടുതൽ മാറ്റങ്ങൾ

ഊർജ​ത​ന്ത്രം പഠിക്ക​ണ​മെന്ന ഉദ്ദേശ്യ​ത്തോ​ടെ​യാ​ണു ഞാൻ കോ​ളേ​ജിൽ അപേക്ഷ നൽകി​യത്‌. എന്നാൽ, സ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ അവസാന വർഷം ഞാൻ ഭൂവി​ജ്ഞാ​നം പഠിപ്പി​ക്കുന്ന ക്ലാസ്സിൽ ചേർന്നു. നിരീക്ഷണ പഠനത്തി​നാ​യി വാഷി​ങ്‌ട​ണി​ലെ പേരു​കേട്ട പാറക്കൂ​ട്ടങ്ങൾ സന്ദർശി​ക്കു​ന്നത്‌ ഇതിന്റെ ഭാഗമാ​യി​രു​ന്നു. ‘പുറം​ലോ​ക​വു​മാ​യി ഇടപഴ​കാ​നുള്ള എന്റെ അഭിനി​വേ​ശ​വും ശാസ്‌ത്ര​ത്തോ​ടുള്ള എന്റെ പ്രണയ​വും ഒരുമി​ച്ചു കൊണ്ടു​പോ​കു​ന്നത്‌ എത്ര രസകര​മാ​യി​രി​ക്കും!’ എന്നു ഞാൻ ചിന്തിച്ചു.

അതു​കൊണ്ട്‌, കോ​ളേ​ജിൽ പ്രവേ​ശി​ച്ച​പ്പോൾത്തന്നെ എന്റെ മുഖ്യ പഠനവി​ഷയം ഭൂവി​ജ്ഞാ​ന​മാ​ക്കി മാറ്റി. ഞാൻ ചേർന്ന ചില ക്ലാസ്സുകൾ ഫോസിൽ രേഖക​ളിൽനി​ന്നു കണ്ടുപി​ടി​ക്കുന്ന ഭൂവി​ജ്ഞാ​നീ​യ​കാ​ലത്തെ കുറി​ച്ചും ഭൂമി​യു​ടെ ചരി​ത്രത്തെ കുറി​ച്ചും ഉള്ളതാ​യി​രു​ന്നു. ഫോസിൽ രേഖകളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ ജീവി​വർഗങ്ങൾ പരിണ​മി​ച്ചു വന്നതാ​ണെ​ന്നാണ്‌ എന്നെ പഠിപ്പി​ച്ചി​രു​ന്നത്‌. എന്നാൽ പരിണാ​മം ഇതുവ​രെ​യും തെളി​യി​ക്ക​പ്പെ​ട്ടി​ട്ടില്ല എന്നുത​ന്നെ​യാ​യി​രു​ന്നു എന്റെ ഉറച്ച ബോധ്യം. എന്നിട്ടും, ഒരു സിദ്ധാ​ന്ത​മെന്ന നിലയിൽ പരിണാ​മം ഭൂവി​ജ്ഞാന സംബന്ധ​മാ​യി ലഭിച്ചി​രി​ക്കുന്ന തെളി​വു​കൾക്ക്‌ ന്യായ​യു​ക്ത​മായ ഒരു വിശദീ​ക​രണം നൽകു​ന്നു​ണ്ടെന്ന്‌ എനിക്കു തോന്നി, ജനപ്രീ​തി​യാർജിച്ച സൃഷ്ടി​വാ​ദത്തെ അപേക്ഷി​ച്ചു​നോ​ക്കു​മ്പോൾ പ്രത്യേ​കി​ച്ചും. സൃഷ്ടി​വാ​ദി​ക​ളും പരിണാ​മ​വാ​ദി​ക​ളും തമ്മിൽ ഉടൻതന്നെ കാമ്പസിൽ ഒരു വാദ​പ്ര​തി​വാ​ദം നടക്കാൻ പോകു​ന്നു​വെന്ന്‌ കേട്ട​പ്പോൾ അങ്ങോട്ടു പോകണ്ട എന്നു ഞാൻ തീരു​മാ​നി​ച്ചു. ചില സൃഷ്ടി​വാ​ദി​കൾ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ ഭൂമി വെറും ഒരാഴ്‌ച​യിൽ കുറഞ്ഞ സമയം​കൊ​ണ്ടു സൃഷ്ടി​ച്ചതല്ല എന്നു വ്യക്തമാ​യി​രു​ന്നു.

എനിക്ക്‌ ശക്തമായ മതവി​രുദ്ധ കാഴ്‌ച​പ്പാട്‌ ഉണ്ടായി​രു​ന്നെ​ങ്കി​ലും തെക്കു​പ​ടി​ഞ്ഞാ​റൻ ഐക്യ​നാ​ടു​ക​ളു​ടെ ഭൂവി​ജ്ഞാന പഠനാർഥം ഞാൻ നടത്തിയ യാത്രകൾ ദൈവ​ത്തി​ന്റെ അസ്‌തി​ത്വ​ത്തെ കുറി​ച്ചുള്ള എന്റെ വീക്ഷണം പുനഃ​പ​രി​ശോ​ധി​ക്കാൻ എന്നെ നിർബ​ന്ധി​ത​നാ​ക്കി. അവിടെ, മരുഭൂ​മി​ക്കു മീതെ​യുള്ള തെളിഞ്ഞ നിശാ​ന​ഭ​സ്സി​ലെ വിസ്‌മ​യ​ക​ര​മായ ആകാശ​ഗോ​ള​ങ്ങളെ നിരീ​ക്ഷി​ക്കവേ എനിക്ക്‌, ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടി​ച്ച​താ​യി​രി​ക്കണം എന്ന നിഗമ​ന​ത്തിൽ എത്തി​ച്ചേ​രേ​ണ്ടി​വന്നു. ഈ പ്രപഞ്ച​ത്തിന്‌ ഒരു ആരംഭം ഉണ്ടായി​രു​ന്നെന്നു ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ സ്ഥിരീ​ക​രി​ക്കു​ന്നുണ്ട്‌. എന്നാൽ അത്‌ സംഭവി​ച്ചത്‌ എന്തിന്‌ എന്നുള്ള ചോദ്യ​ത്തിന്‌ തികച്ചും ശാസ്‌ത്രീ​യ​മാ​യൊ​രു വിശദീ​ക​രണം ഒരിക്ക​ലും ഉണ്ടാകാൻ പോകു​ന്നി​ല്ലെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, നമുക്കു ചുറ്റു​മുള്ള പ്രപഞ്ചത്തെ, ബുദ്ധി​മാ​നും ശക്തനു​മായ ഒരു സ്രഷ്ടാവ്‌ രൂപകൽപ്പന ചെയ്‌തു നിർമി​ച്ച​താണ്‌ എന്നു വിശ്വ​സി​ക്കു​ന്ന​താ​യി​രി​ക്കും ന്യായ​യു​ക്ത​മെന്ന്‌ എനിക്കു തോന്നി.

ചൊവ്വാ​ഗ്ര​ഹ​ത്തി​ന്റെ മാപ്പും ചോദ്യ​ങ്ങ​ളും

അങ്ങനെ​യി​രി​ക്കെ 1983-ൽ, 27-ാം വയസ്സിൽ എനിക്ക്‌ ഭൂവി​ജ്ഞാ​നീ​യ​ത്തിൽ ഡോക്ട​റേറ്റ്‌ കിട്ടി. ഞാൻ ‘യു.എസ്‌. ജിയോ​ള​ജി​ക്കൽ സർവേ’ക്കുവേണ്ടി ചൊവ്വാ​ഗ്ര​ഹ​ത്തി​ന്റെ ഉത്‌പത്തി, ഘടന, സവി​ശേ​ഷ​തകൾ എന്നിവയെ വ്യക്തമാ​ക്കുന്ന മാപ്പ്‌ വരയ്‌ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശാസ്‌ത്ര കുതു​കി​കൾക്കും പൊതു​ജ​ന​ങ്ങൾക്കും വേണ്ടി ഞാൻ അതി​നോ​ടകം ഗ്രഹങ്ങ​ളു​ടെ ഘടന​യെ​യും സവി​ശേ​ഷ​ത​ക​ളെ​യും കുറി​ച്ചുള്ള വിവരങ്ങൾ നൽകുന്ന ഡസൻ കണക്കിനു ലേഖന​ങ്ങ​ളും മാപ്പു​ക​ളും പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു. നാഷണൽ എയ്‌റോ​നോ​ട്ടി​ക്‌സ്‌ ആൻഡ്‌ സ്‌പേസ്‌ അഡ്‌മി​നി​സ്‌​ട്രേ​ഷന്റെ ഉപദേശക സമിതി​യിൽ സേവി​ച്ചു​കൊ​ണ്ടി​രി​ക്കെ, ചൊവ്വ​യി​ലേ​ക്കുള്ള ബഹിരാ​കാ​ശ​പേടക ദൗത്യത്തെ സഹായി​ക്കുന്ന ജോലി​യും ഞാൻ ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. എന്റെ ഗവേഷ​ണ​ങ്ങൾക്കും തൊഴിൽപ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങൾക്കും ഇടയിൽ ഞാൻ ഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്ന ശാസ്‌ത്ര​ശാ​ഖ​യി​ലെ ആദരണീ​യ​രായ ശാസ്‌ത്ര​ജ്ഞരെ കണ്ടുമു​ട്ടി​യി​ട്ടുണ്ട്‌. പല രാജ്യ​ങ്ങ​ളിൽനി​ന്നും സർവക​ലാ​ശാ​ല​ക​ളിൽനി​ന്നും ഗവേഷണ സ്ഥാപന​ങ്ങ​ളിൽനി​ന്നും ഉള്ളവരാ​യി​രു​ന്നു അവർ.

ലഭിച്ച പരിശീ​ല​ന​ങ്ങ​ളും ഗവേഷ​ണ​ത്തിൽനി​ന്നു കിട്ടിയ അനുഭ​വ​ങ്ങ​ളു​മെ​ല്ലാം ബാല്യ​കാ​ലത്ത്‌ ശാസ്‌ത്ര​ത്തോ​ടു​ണ്ടാ​യി​രുന്ന ആ വല്ലാത്ത ഭ്രമം ക്രമേണ ഇല്ലാതാ​ക്കി കാര്യ​ങ്ങളെ സമനി​ല​യോ​ടെ വീക്ഷി​ക്കാൻ എന്നെ സഹായി​ച്ചു. ശാസ്‌ത്ര​ത്തി​ന്റെ പക്കൽ എല്ലാറ്റി​നു​മുള്ള ഉത്തരമി​ല്ലെ​ന്നും അതിന്‌ ഒരിക്ക​ലും എല്ലാം വിശദീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു. പ്രത്യേ​കിച്ച്‌, ശാസ്‌ത്രം ജീവി​ത​ത്തിന്‌ നിലനിൽക്കുന്ന അർഥം അഥവാ ഉദ്ദേശ്യം പ്രദാനം ചെയ്യു​ന്നി​ല്ലെന്നു ഞാൻ മനസ്സി​ലാ​ക്കി. ഇന്നത്തെ ശാസ്‌ത്ര​കൽപ്പന അനുസ​രിച്ച്‌ ഒന്നുകിൽ പ്രപഞ്ചം ഒന്നാകെ സങ്കോ​ചി​ക്കും അല്ലെങ്കിൽ വിസ്‌ഫോ​ട​ന​ത്താൽ ആകൃതി​യി​ല്ലാത്ത പിണ്ഡമാ​യി ചിന്നി​ച്ചി​ത​റും. അസ്‌തി​ത്വ​മി​ല്ലാ​യ്‌മ​യാണ്‌ ആത്യന്തിക യാഥാർഥ്യ​മെ​ങ്കിൽ പിന്നെ അസ്‌തി​ത്വ​ത്തിൽ ആയിരി​ക്കു​ന്ന​തിൽ എന്തർഥം?

ഒരു പുതിയ ഗതിയു​ടെ തുടക്കം

അങ്ങനെ​യി​രി​ക്കെ, 1981 സെപ്‌റ്റം​ബ​റിൽ, ഞാൻ അരി​സോ​ണ​യി​ലെ ഫ്‌ളാ​ഗ്‌സ്റ്റാ​ഫിൽ താമസി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സമ്പർക്ക​ത്തിൽ വരാനി​ട​യാ​യി. ഞാൻ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു, അവരും ബൈബി​ളും ശരിയ​ല്ലെന്നു സ്ഥാപി​ക്കു​ക​യാ​യി​രു​ന്നു എന്റെ ലക്ഷ്യം. മാത്രമല്ല, വാസ്‌ത​വ​ത്തിൽ ബൈബി​ളിൽ എന്താണ്‌ അടങ്ങി​യി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാ​നുള്ള ഒരു അവസരം കൂടെ​യാണ്‌ അത്‌ എന്ന്‌ എനിക്കു തോന്നി.

ഓരോ ആഴ്‌ച​യും തിരു​വെ​ഴു​ത്തു പഠിപ്പി​ക്ക​ലു​കൾ ശ്രദ്ധാ​പൂർവം പരി​ശോ​ധി​ച്ചു​കൊണ്ട്‌ ഞാൻ മണിക്കൂ​റു​കൾ ചെലവ​ഴി​ക്കാൻ തുടങ്ങി. ബൈബി​ളി​ന്റെ താളു​ക​ളിൽ സാരവ​ത്തായ പരിജ്ഞാ​ന​വും ആഴമായ ഉൾക്കാ​ഴ്‌ച​യും കണ്ടെത്തി​യത്‌ എന്നെ അതിശ​യി​പ്പി​ച്ചു. ബൈബി​ളി​ന്റെ ശാസ്‌ത്രീയ കൃത്യ​തയെ കുറിച്ചു ഗവേഷണം നടത്തു​ന്നത്‌ എനിക്കു ഹൃദയ​ഹാ​രി​യാ​യി തോന്നി, അതു​പോ​ലെ മനുഷ്യ ചരി​ത്ര​ത്തി​ന്റെ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലു​ട​നീ​ളം അരങ്ങേ​റിയ സംഭവ​ങ്ങ​ളിൽ നിവൃ​ത്തി​യേ​റിയ നൂറു​ക​ണ​ക്കി​നു സവിസ്‌തര പ്രവച​ന​ങ്ങളെ കുറിച്ചു പഠിക്കു​ന്ന​തും. നാം ജീവി​ക്കു​ന്നത്‌ ‘അന്ത്യകാ​ലത്ത്‌’ ആണെന്നതു തീർച്ച​പ്പെ​ടു​ത്താൻ തക്കവണ്ണം നിരവധി ബൈബിൾ പ്രവച​നങ്ങൾ—ദാനീ​യേൽ പുസ്‌ത​ക​ത്തി​ലും വെളി​പ്പാ​ടി​ലും ഉള്ളവ—പരസ്‌പര യോജി​പ്പോ​ടെ ഈടുറ്റ അടിസ്ഥാ​നം നൽകു​ന്ന​താണ്‌ എന്നിൽ വിശേ​ഷി​ച്ചും മതിപ്പു​ള​വാ​ക്കി​യത്‌.—2 തിമൊ​ഥെ​യൊസ്‌ 3:1.

അറിയാ​തെ​യാ​ണെ​ങ്കി​ലും ബൈബിൾ പഠിക്കുന്ന കാര്യ​ത്തിൽ ഞാൻ, വിഖ്യാ​ത​നായ ഒരു വ്യക്തി​യു​ടെ അതേ മനോ​ഭാ​വം വെച്ചു പുലർത്തു​ക​യാ​യി​രു​ന്നു. അതേ, ശാസ്‌ത്ര​ലോ​കത്തെ എക്കാല​ത്തെ​യും പ്രതി​ഭാ​ശാ​ലി​ക​ളിൽ ഒരാളാ​യി കണക്കാ​ക്ക​പ്പെ​ടുന്ന സർ ഐസക്‌ ന്യൂട്ടന്റെ. അദ്ദേഹം ബൈബി​ളി​നെ ആദരി​ച്ചി​രു​ന്നെ​ന്നും അതിന്റെ താളു​ക​ളിൽ ശുഷ്‌കാ​ന്തി​യോ​ടെ ഗവേഷണം നടത്തി​യി​രു​ന്നെ​ന്നും ഞാൻ പിന്നീടു മനസ്സി​ലാ​ക്കി. ന്യൂട്ട​നെ​പ്പോ​ലെ ഞാനും, ദാനീ​യേൽ പ്രവച​ന​ത്തി​ലും വെളി​പ്പാ​ടി​ലും മുൻകൂ​ട്ടി പറയ​പ്പെ​ട്ട​തും നിവൃ​ത്തി​യേ​റി​ക്ക​ഴി​ഞ്ഞ​തു​മായ സുപ്ര​ധാന ചരിത്ര സംഭവ​വി​കാ​സ​ങ്ങ​ളി​ലാ​ണു ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രു​ന്നത്‌. a എന്നാൽ ന്യൂട്ട​നിൽ നിന്നു വ്യത്യ​സ്‌ത​മാ​യി എനിക്ക്‌, ന്യൂട്ടന്റെ നാൾ മുതൽ നിവൃ​ത്തി​യേ​റിയ നിരവധി പ്രവച​നങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നും പല പ്രവചന നിവൃ​ത്തി​യു​ടെ സമയത്തു ജീവി​ക്കു​ന്ന​തി​നും കഴിഞ്ഞി​രി​ക്കു​ന്നു. ഈ പ്രവച​നങ്ങൾ, അമ്പരപ്പി​ക്കും വിധം വൈവി​ധ്യ​മാർന്ന​തും ആഴവും പരപ്പു​മേ​റി​യ​തും തെറ്റു​പ​റ്റാ​ത്ത​തും അനി​ഷേ​ധ്യ​വും ആണെന്നു ഞാൻ കണ്ടെത്തി. 1,600-ൽ ഏറെ വർഷം​കൊണ്ട്‌ 40-ൽ അധികം പുരു​ഷ​ന്മാർ ചേർന്ന്‌ എഴുതി​യ​താണ്‌ മുഴു ബൈബി​ളെ​ന്നും മനുഷ്യ​വർഗം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന പ്രധാന പ്രശ്‌ന​ങ്ങ​ളെ​യും മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി​യെ​യും സംബന്ധി​ച്ചുള്ള മാറ്റമി​ല്ലാ​ത്ത​തും ആന്തരിക യോജി​പ്പു​ള്ള​തും ശക്തവു​മായ സന്ദേശ​മാണ്‌ അതിൽ അടങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും ഉള്ള അറിവ്‌ വിസ്‌മ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

എന്നിരു​ന്നാ​ലും, പരിണാ​മ​ത്തി​ലുള്ള എന്റെ വിശ്വാ​സം വിട്ടു​ക​ള​യാൻ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ഈ സിദ്ധാ​ന്തത്തെ പിന്തു​ണ​യ്‌ക്കുന്ന ശാസ്‌ത്രീയ അഭി​പ്രാ​യ​ങ്ങ​ളു​ടെ ആധികാ​രി​ക​തയെ ഞാൻ മാനി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, ഭൗതിക പ്രപഞ്ചത്തെ കുറിച്ച്‌ ബൈബിൾ പറയു​ന്ന​തെ​ല്ലാം തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വസ്‌തു​ത​യു​മാ​യി തികഞ്ഞ യോജി​പ്പി​ലു​ള്ള​തും ആർക്കും നിഷേ​ധി​ക്കാ​നാ​വാ​ത്ത​തും ആണെന്നു ഞാൻ കണ്ടെത്തി.

ബൈബി​ളി​ന്റെ വിപു​ല​വും പരസ്‌പ​ര​ബ​ന്ധി​ത​വു​മായ ഉള്ളടക്കം പൂർണ​മാ​യി ഗ്രഹി​ക്കു​ക​യും അവ തമ്മിലുള്ള ബന്ധം മനസ്സി​ലാ​ക്കു​ക​യും ചെയ്യണ​മെ​ങ്കിൽ ഒരുവന്‌ ഉല്‌പത്തി പുസ്‌ത​ക​ത്തി​ലെ സൃഷ്ടി​വി​വ​ര​ണ​ത്തിൽനിന്ന്‌ യാതൊ​ന്നും തിരസ്‌ക​രി​ക്കാ​നാ​കില്ല എന്ന വസ്‌തുത ഞാൻ തിരി​ച്ച​റി​ഞ്ഞു​തു​ടങ്ങി. അങ്ങനെ, മുഴു​ബൈ​ബി​ളി​നെ​യും സത്യമാ​യി അംഗീ​ക​രി​ക്കു​ന്ന​താണ്‌ ന്യായ​യു​ക്ത​മായ ഏകപോം​വഴി എന്ന നിഗമ​ന​ത്തിൽ ഞാൻ എത്തി​ച്ചേർന്നു.

സത്യത്തി​നാ​യുള്ള നിലയ്‌ക്കാത്ത അന്വേ​ഷ​ണം

സിദ്ധാ​ന്തങ്ങൾ കുറച്ചു​നാ​ള​ത്തേക്കു വ്യാപ​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തും എന്നാൽ പിന്നീട്‌ തെറ്റാ​ണെന്നു തെളി​യി​ക്ക​പ്പെ​ടു​ന്ന​തും ശാസ്‌ത്രീയ ഗവേഷ​ണ​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രി​ക്കെ നിരവധി തവണ ഞാൻ കണ്ടിട്ടുണ്ട്‌. ശാസ്‌ത്ര​ജ്ഞ​ന്മാർക്കുള്ള വെല്ലു​വി​ളി​കൾ സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഞങ്ങൾ പഠനവി​ധേ​യ​മാ​ക്കുന്ന വിഷയങ്ങൾ സങ്കീർണ​മാ​യി​രി​ക്കും, മാത്രമല്ല, ആ വിഷയ​ങ്ങളെ സംബന്ധിച്ച്‌ ലഭ്യമായ വിവര​ങ്ങ​ളും ഗവേഷണ ഉപാധി​ക​ളും പരിമി​ത​വു​മാ​യി​രി​ക്കും. അതു​കൊണ്ട്‌, തെളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാത്ത സിദ്ധാ​ന്തങ്ങൾ അവ എത്രതന്നെ ചാതു​ര്യ​ത്തോ​ടെ മെനഞ്ഞ​താ​ണെ​ങ്കി​ലും അതിനെ ഒരു വസ്‌തു​ത​യാ​യി അംഗീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ ജാഗ്രത പുലർത്താൻ ഞാൻ പഠിച്ചി​രു​ന്നു.

നമുക്കു ചുറ്റു​മുള്ള ലോക​ത്തി​ന്റെ ഒട്ടനവധി പ്രാഥ​മിക വിശദാം​ശങ്ങൾ ശാസ്‌ത്ര​ത്തി​നു വിശദീ​ക​രി​ക്കാൻ കഴിയില്ല എന്നത്‌ ഒരു യാഥാർഥ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ജീവന്റെ, ഇപ്പോൾ ലഭ്യമാ​യി​രി​ക്കുന്ന അടിസ്ഥാന നിർമാണ ഘടകങ്ങ​ളും അവയെ ഭരിക്കുന്ന ഭൗതിക നിയമ​ങ്ങ​ളും സങ്കീർണ​മായ ജൈവ​പ്ര​ക്രിയ നിറ​വേ​റ്റു​ക​യും ആവാസ​വ്യ​വസ്ഥ നിലനി​റു​ത്തു​ക​യും ചെയ്യു​ന്ന​തിൽ പരിപൂർണ​മാ​യും ചേർച്ച​യി​ലാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദൈവം ഉണ്ടെന്നു തെളി​യി​ക്കാൻ ശാസ്‌ത്രം സജ്ജമല്ല, എന്നാൽ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനം അവന്റെ അസ്‌തി​ത്വ​ത്തി​നും സ്രഷ്ടാ​വെന്ന നിലയി​ലുള്ള അവന്റെ പ്രവൃ​ത്തി​കൾക്കും ഉള്ള യഥാർഥ തെളി​വു​കൾ പ്രദാനം ചെയ്യുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16) ഈ ആത്മീയ അറിവി​ന്റെ വെളി​ച്ച​ത്തിൽ നമ്മുടെ ഭൗതിക പ്രപഞ്ച​ത്തിൽ ദൃശ്യ​മാ​യി​രി​ക്കുന്ന ശക്തിയു​ടെ​യും ജ്ഞാനത്തി​ന്റെ​യും സൗന്ദര്യ​ത്തി​ന്റെ​യും കാരണ​ഭൂ​തനെ നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും.

ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ?, നിങ്ങ​ളെ​ക്കു​റിച്ച്‌ കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? തുടങ്ങിയ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിരവധി പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഞാൻ സൂക്ഷ്‌മ​മാ​യി പഠിച്ചു. ബൈബിൾ ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യു​ള്ള​താണ്‌ എന്ന എന്റെ ബോധ്യ​ത്തെ ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അരക്കി​ട്ടു​റ​പ്പി​ച്ചു. അവ ശാസ്‌ത്രീയ വിഷയ​ങ്ങ​ളു​ടെ ഉൾക്കാ​മ്പി​ലേക്കു ചൂഴ്‌ന്നി​റങ്ങി അപഗ്ര​ഥനം നടത്തു​ക​യും ആനുകാ​ലിക ഗവേഷ​ണ​ങ്ങളെ കുറി​ച്ചും അഗ്രഗ​ണ്യ​രായ പ്രതി​ഭാ​ശാ​ലി​ക​ളു​ടെ അനുമാ​ന​ങ്ങളെ കുറി​ച്ചും സൂക്ഷ്‌മ​മായ ഉൾക്കാഴ്‌ച പ്രദാനം ചെയ്യു​ക​യും ചെയ്യുന്നു. കൂടാതെ, തെളി​യി​ക്ക​പ്പെട്ട ശാസ്‌ത്ര വസ്‌തു​ത​ക​ളും ബൈബി​ളി​ന്റെ ശരിയായ ഗ്രാഹ്യ​വും തമ്മിലുള്ള പൊരു​ത്തത്തെ കുറി​ച്ചും അവ ചർച്ച​ചെ​യ്യു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, ജീവരൂ​പങ്ങൾ അസ്‌തി​ത്വ​ത്തി​ലേക്കു വന്നതിന്റെ ക്രമത്തെ കുറിച്ച്‌ ഉല്‌പത്തി പുസ്‌ത​ക​ത്തിൽ നൽകി​യി​രി​ക്കുന്ന വിവര​ണത്തെ ഫോസിൽ രേഖകൾ ശരി​വെ​ക്കു​ന്നു എന്നതി​നുള്ള തെളി​വു​കൾ അതിൽ നൽകി​യി​രു​ന്നു. കൂടാതെ, പുരാതന ജനതകൾ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ സൃഷ്ടി​പ്പിൻ ദിവസ​ത്തിന്‌ കാല​ദൈർഘ്യം ഉള്ള ഒരു യുഗത്തെ കുറി​ക്കാൻ കഴിയും എന്നും ആ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കാണി​ക്കു​ന്നു. ഇന്ന്‌ ഭൂമി​യു​ടെ ചരിത്രം വിവരി​ക്കാൻ ശാസ്‌ത്രം ഉപയോ​ഗി​ക്കുന്ന “കാലഘട്ടം” “യുഗം” എന്നിങ്ങ​നെ​യുള്ള പദങ്ങ​ളെ​പ്പോ​ലെ​തന്നെ. അതു​കൊണ്ട്‌, ബൈബിൾ ശാസ്‌ത്രീയ കണ്ടുപി​ടി​ത്ത​ങ്ങ​ളു​മാ​യി വൈരു​ദ്ധ്യ​ത്തി​ലല്ല. സൃഷ്ടി​പ്പിൻ ദിവസങ്ങൾ കോടാ​നു​കോ​ടി വർഷങ്ങൾ ഉണ്ടായി​രു​ന്നു എന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. വെറും 24 മണിക്കൂ​റു​കൾ അടങ്ങിയ ദിവസ​ങ്ങൾകൊ​ണ്ടാണ്‌ സൃഷ്ടി നടന്നത്‌ എന്ന്‌ വിശ്വ​സി​ക്കുന്ന സൃഷ്ടി​വാ​ദി​കളെ അതു പിന്താ​ങ്ങു​ന്നില്ല.

യഥാർഥ വിശ്വാ​സം ക്ഷണവി​ശ്വാ​സ​ത്തിൽനി​ന്നു വ്യത്യ​സ്‌തം

ഒരു ശാസ്‌ത്രജ്ഞൻ എന്ന നിലയിൽ, കേൾക്കു​ന്ന​തെ​ന്തും കണ്ണുമ​ടച്ചു വിശ്വ​സി​ക്കു​ന്നത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമല്ലാ​യി​രു​ന്നു. എന്നാൽ ഈടുറ്റ തെളി​വി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള വിശ്വാ​സ​ത്തോട്‌ എനിക്ക്‌ ആഴമായ ആദരവു​ണ്ടാ​യി​രു​ന്നു. അത്തരം ആശ്രയ​യോ​ഗ്യ​മായ വിശ്വാ​സത്തെ എബ്രായർ 11:1 നിർവ​ചി​ക്കു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “വിശ്വാ​സം എന്നതോ, ആശിക്കു​ന്ന​തി​ന്റെ ഉറപ്പും കാണാത്ത കാര്യ​ങ്ങ​ളു​ടെ നിശ്ചയ​വും ആകുന്നു.” ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള വിശ്വാ​സം ബൈബിൾ ദൈവ​നി​ശ്വ​സ്‌ത​മാണ്‌ എന്നതി​നുള്ള സുസ്ഥാ​പിത തെളി​വി​ന്റെ​മേൽ പടുത്തു​യർത്തി​യി​രി​ക്കു​ന്ന​താണ്‌. അതു​കൊണ്ട്‌ വ്യാപ​ക​മായ പ്രചാരം സിദ്ധി​ച്ചി​ട്ടു​ള്ള​വ​യെ​ങ്കി​ലും തിരു​വെ​ഴു​ത്തു വിരു​ദ്ധ​വും അടിസ്ഥാ​ന​ര​ഹി​ത​വു​മായ മതോ​പ​ദേ​ശങ്ങൾ ഒഴിവാ​ക്കേ​ണ്ട​താ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി. ഇതിൽ അമർത്യ ആത്മാവ്‌, നരകാഗ്നി, ത്രിത്വം എന്നിവ​യും മറ്റു പഠിപ്പി​ക്ക​ലു​ക​ളും ഉൾപ്പെ​ട്ടി​രു​ന്നു. അബദ്ധജ​ടി​ല​മായ ഇത്തരം ഉപദേ​ശ​ങ്ങ​ളിൽ അനേക​വും ഉദയം ചെയ്‌തത്‌ പുരാതന തത്ത്വശാ​സ്‌ത്ര​ത്തിൽനി​ന്നും പുരാ​ണ​ങ്ങ​ളിൽനി​ന്നും ആയിരു​ന്നു. ബൈബി​ളി​നെ കുറി​ച്ചുള്ള അജ്ഞതയും ഇത്തരം അബദ്ധങ്ങൾക്കു ജന്മം നൽകി. വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾ പിൻപ​റ്റു​ന്നത്‌ ‘മൂഢ വിശ്വാ​സ​ത്തിൽ’ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്നു. ഇന്നത്തെ മതവി​ശ്വാ​സി​ക​ളിൽ മിക്കവാ​റും എല്ലാവ​രും അനുവർത്തി​ക്കു​ന്ന​തും ഇതുതന്നെ. അതാകട്ടെ, നിരവധി ശാസ്‌ത്ര​ജ്ഞ​ന്മാർക്കും മതത്തിൽ താത്‌പ​ര്യം ഇല്ലാതാ​കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.

ഒരു ശാസ്‌ത്രജ്ഞൻ എന്ന നിലയി​ലുള്ള എന്റെ പ്രാഥ​മിക ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽ ഒന്ന്‌ എന്റെ കണ്ടെത്ത​ലു​കളെ വ്യക്തമാ​ക്കുക, സമർഥി​ക്കുക, അതു പ്രസി​ദ്ധ​പ്പെ​ടു​ത്തുക എന്നതാ​യി​രു​ന്നു. സമാന​മാ​യി, മറ്റെല്ലാ​ത്തരം അറിവി​ലും പ്രാധാ​ന്യ​മേ​റിയ ബൈബിൾ സത്യം മറ്റുള്ള​വരെ പഠിപ്പി​ക്കാൻ എനിക്ക്‌ ആന്തരിക പ്രേര​ണ​തോ​ന്നി. പ്രതി​ഫ​ല​ദാ​യ​ക​മായ ഈ വേല ഞാൻ ഏറ്റെടു​ത്തു, 20 വർഷങ്ങൾക്കു മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. തുടർന്ന്‌, 2000 സെപ്‌റ്റം​ബർ മുതൽ പ്രസം​ഗ​വേ​ല​യിൽ ഞാൻ ചെലവ​ഴി​ക്കുന്ന സമയം ഓരോ മാസവും ശരാശരി 70 മണിക്കൂ​റാ​യി വർധി​പ്പി​ക്കാൻ എനിക്കു സാധിച്ചു. അപ്പോൾമു​തൽ, ഓരോ മാസവും കുറഞ്ഞതു പത്തു താത്‌പ​ര്യ​ക്കാ​രു​മാ​യി ബൈബി​ള​ധ്യ​യനം നടത്താ​നുള്ള പദവി എനിക്കു​ണ്ടാ​യി​ട്ടുണ്ട്‌, അതു​പോ​ലെ പല ബൈബിൾ വിദ്യാർഥി​ക​ളും ഉത്സുക​രായ ബൈബിൾ പ്രബോ​ധ​ക​രാ​യി പുരോ​ഗ​മി​ക്കു​ന്നതു കാണാ​നും എനിക്കു കഴിയു​ന്നു.

ചൊവ്വാ​ഗ്ര​ഹ​ത്തെ കുറി​ച്ചും പ്രപഞ്ച​ത്തി​ന്റെ ഇതരഭാ​ഗ​ങ്ങളെ കുറി​ച്ചു​മുള്ള നിരീ​ക്ഷ​ണ​പ​രീ​ക്ഷ​ണങ്ങൾ ഞാൻ ഇപ്പോ​ഴും ആസ്വദി​ക്കു​ന്നു. ആകാശ​ത്തി​ലെ നമ്മുടെ അയൽക്കാ​രെ കണ്ടുപി​ടി​ക്കാൻ അയയ്‌ക്ക​പ്പെ​ട്ടി​രി​ക്കുന്ന അതിസ​ങ്കീർണ​മായ ബഹിരാ​കാ​ശ​പേ​ട​ക​ത്തി​ന്റെ “കണ്ണുകൾ” ഇതിന്‌ എന്നെ സഹായി​ക്കു​ന്നു. ശാസ്‌ത്ര​ത്തി​നു ചുരു​ള​ഴി​ക്കാൻ കഴിഞ്ഞി​ട്ടി​ല്ലാത്ത അനേകം നിഗൂ​ഢ​തകൾ ഇനിയു​മുണ്ട്‌. നമ്മുടെ അതിയായ ജിജ്ഞാ​സ​യ്‌ക്കും അതി​പ്ര​ധാന ചോദ്യ​ങ്ങൾക്കും ഉത്തരം ലഭിക്ക​ത്ത​ക്ക​വണ്ണം ആത്മീയ​വും ശാസ്‌ത്രീ​യ​വു​മായ പരിജ്ഞാ​നം കൊണ്ട്‌ മനുഷ്യ​ന്റെ വിജ്ഞാ​ന​ദാ​ഹം ശമിപ്പി​ക്കുന്ന ഭാവി​ക്കാ​യി ഞാൻ നോക്കി​പ്പാർത്തി​രി​ക്കു​ന്നു. ദൈവ​ത്തെ​യും മനുഷ്യ​വർഗത്തെ സംബന്ധി​ച്ചുള്ള അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചുള്ള സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​മാണ്‌ ജീവി​ത​ത്തിന്‌ അർഥം പകരു​ന്ന​തെന്നു ഞാൻ തിരി​ച്ച​റി​യാൻ ഇടയാ​യി​രി​ക്കു​ന്നു. കാൽടെ​ക്കി​ലെ മുദ്ര​ക​ളിൽ ഒന്നിനെ അലങ്കരി​ക്കുന്ന, യേശു​വി​ന്റെ വാക്കു​ക​ളു​ടെ പൊരു​ളും അതുതന്നെ: ‘സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും.’—യോഹ​ന്നാൻ 8:32. (g03 9/22)

[അടിക്കു​റിപ്പ്‌]

a ദാനീയേൽ പ്രവച​നത്തെ കുറി​ച്ചും വി. യോഹ​ന്നാ​ന്റെ അപ്പൊ​ക്കാ​ലി​പ്‌സി​നെ കുറി​ച്ചു​മുള്ള അവലോ​കനം (ഇംഗ്ലീഷ്‌) എന്ന 1733-ൽ പ്രസി​ദ്ധീ​ക​രിച്ച തന്റെ പുസ്‌ത​ക​ത്തിൽ സർ ഐസക്‌ ന്യൂട്ടൻ ദാനീ​യേൽ, വെളി​പ്പാട്‌ എന്നീ ബൈബിൾ പുസ്‌ത​ക​ങ്ങ​ളി​ലെ പ്രവച​ന​ങ്ങളെ വിലയി​രു​ത്തു​ക​യു​ണ്ടാ​യി.

[15-ാം പേജിലെ ആകർഷക വാക്യം]

‘ശാസ്‌ത്ര​ത്തിന്‌ ഏതാണ്ട്‌ എല്ലാം​തന്നെ വിശദീ​ക​രി​ക്കാൻ കഴിയു​മെന്നു തോന്നി​യേ​ക്കാം’

[16-ാം പേജിലെ ആകർഷക വാക്യം]

‘ശാസ്‌ത്ര​ത്തി​ന്റെ പക്കൽ എല്ലാറ്റി​നു​മുള്ള ഉത്തരമില്ല, അതിന്‌ ഒരിക്ക​ലും എല്ലാം വിശദീ​ക​രി​ക്കാ​നാ​വില്ല’

[17-ാം പേജിലെ ആകർഷക വാക്യം]

ബൈബിളിന്റെ താളു​ക​ളിൽ സാരവ​ത്തായ പരിജ്ഞാ​ന​വും ആഴമായ ഉൾക്കാ​ഴ്‌ച​യും ഞാൻ കണ്ടെത്തി’

[14-ാം പേജിലെ മാപ്പുകൾ]

ചൊവ്വാഗ്രഹത്തിന്റെ മാപ്പ്‌

[16-ാം പേജിലെ ചിത്രം]

ന്യൂട്ടനെപ്പോലെ എനിക്കും ദാനീ​യേൽ, വെളി​പ്പാട്‌ എന്നീ ബൈബിൾ പുസ്‌ത​ക​ങ്ങ​ളിൽ ഏറെ മതിപ്പു​തോ​ന്നി

[കടപ്പാട്‌]

University of Florida

[17-ാം പേജിലെ ചിത്രം]

ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ ഞാൻ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്നു

[14-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ ഇടത്ത്‌: Courtesy USGS Astrogeology Research Program, http://astrogeology.usgs.gov; Mars map: National Geographic Society, MOLA Science Team, MSS, JPL, NASA; Mars surface: NASA/JPL/Caltech

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ബഹിരാകാശ ചിത്രം: J. Hester and P. Scowen (AZ State Univ.), NASA