വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ഉദ്ദേശ്യപൂർണമായ ജീവിതത്തിന്‌ അടിത്തറപാകിയ പരിശീലനം

എന്റെ ഉദ്ദേശ്യപൂർണമായ ജീവിതത്തിന്‌ അടിത്തറപാകിയ പരിശീലനം

എന്റെ ഉദ്ദേശ്യ​പൂർണ​മായ ജീവി​ത​ത്തിന്‌ അടിത്ത​റ​പാ​കിയ പരിശീ​ല​നം

ഏണസ്റ്റ്‌ പാൻഡ​ചുക്ക്‌ പറഞ്ഞ പ്രകാരം

വിശാലമായ പുൽപ്ര​ദേ​ശ​ങ്ങ​ളുള്ള കാനഡ​യി​ലെ സസ്‌കാ​ച്ചെ​വ​നി​ലാണ്‌ ഞാൻ ജനിച്ചത്‌. 23 വയസ്സ്‌ ഉള്ളപ്പോൾ ഞാൻ ആഫ്രി​ക്ക​യി​ലേക്കു പോയി, അവിടെ ഒരു മിഷന​റി​യെന്ന നിലയിൽ ഞാൻ 35 വർഷം വളരെ രസകര​വും സന്തോ​ഷ​പ്ര​ദ​വു​മായ ഒരു ജീവിതം നയിച്ചു. എന്റെ ജീവിതം ഇത്തരത്തിൽ ഇതൾവി​രി​ഞ്ഞത്‌ എങ്ങനെ​യാ​യി​രു​ന്നു? അത്‌ കേവലം യാദൃ​ച്ഛി​ക​മാ​യി​രു​ന്നില്ല. അതിനെ കുറിച്ച്‌ ഞാൻ നിങ്ങ​ളോ​ടു പറയട്ടെ.

ഞങ്ങളുടെ ആദ്യത്തെ വീട്‌ കഴു​ക്കോ​ലു​ക​ളും കളിമ​ണ്ണും പുല്ലും കൊണ്ട്‌ ഉണ്ടാക്കി​യ​താ​യി​രു​ന്നു. പുൽപ്പു​റ​ങ്ങ​ളി​ലെ രൂക്ഷമായ ശൈത്യ​ത്തിൽനിന്ന്‌ ഞങ്ങളുടെ കുടും​ബ​ത്തി​നു സംരക്ഷ​ണ​മേ​കാൻ മതിയാ​യ​താ​യി​രു​ന്നില്ല അത്‌. 1928-ൽ, ഞങ്ങൾ ഒമ്പതു മക്കളിൽ മിക്കവ​രും ജനിക്കു​ന്ന​തി​നു മുമ്പ്‌, ഞങ്ങളുടെ വീട്‌ സന്ദർശിച്ച ഒരാളിൽനി​ന്നു ഡാഡി​യും മമ്മിയും ബൈബിൾ സാഹി​ത്യ​ങ്ങൾ സ്വീക​രി​ച്ചു. തുടർന്നു​വന്ന ദീർഘ​മായ ശൈത്യ​കാ​ലത്ത്‌ ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ അവർ ബൈബിൾ പഠിച്ചു. വസന്തകാ​ലം ആയപ്പോ​ഴേ​ക്കും തങ്ങൾ സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന്‌ അവർക്കു ബോധ്യ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. അവർ ബന്ധുക്ക​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും അയൽക്കാ​രോ​ടും പ്രത്യേ​കിച്ച്‌ തങ്ങളുടെ മക്കളോ​ടും ഇതേക്കു​റി​ച്ചു സംസാ​രി​ച്ചു തുടങ്ങി.

അങ്ങനെ​യി​രി​ക്കെ, 1931-ൽ ഞാൻ ജനിച്ചു, അധികം വൈകാ​തെ എന്റെ ഇളയവ​രായ അഞ്ച്‌ ഉടപ്പി​റ​പ്പു​ക​ളും. ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നത്‌ ഞങ്ങളുടെ കുടും​ബ​ദി​ന​ച​ര്യ​യു​ടെ ഭാഗമാ​യി​രു​ന്നു. ഞങ്ങൾ എല്ലാവ​രും ഒന്നിച്ചു​ണ്ടാ​യി​രുന്ന പ്രഭാ​തങ്ങൾ ഞാൻ ഇന്നും പ്രിയ​ത്തോ​ടെ ഓർക്കു​ന്നു. ഒരു ബൈബിൾ വാക്യം പരിചി​ന്തി​ക്കു​ന്ന​തിൽ ഡാഡി നേതൃ​ത്വം എടുക്കു​മാ​യി​രു​ന്നു, വീട്ടിൽ അതിഥി​കൾ ഉണ്ടായി​രു​ന്ന​പ്പോൾ പോലും ഇതിനു മുടക്കം വന്നിരു​ന്നില്ല. മമ്മിയും ഡാഡി​യും മൂത്ത കുട്ടി​ക​ളും മാറി​മാ​റി ബൈബിൾ അധിഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉറക്കെ വായി​ക്കു​മാ​യി​രു​ന്നു.

എഴുതാ​നും വായി​ക്കാ​നും പഠിപ്പി​ക്കു​ന്ന​തി​നു പുറമേ, ബൈബിൾ കൺകോർഡൻസു​കൾ ഉപയോ​ഗിച്ച്‌ ഗവേഷണം നടത്തേ​ണ്ടത്‌ എങ്ങനെ​യെ​ന്നും ഡാഡി ഞങ്ങളെ പഠിപ്പി​ച്ചു. അതു​കൊണ്ട്‌, ഞങ്ങളുടെ വിശ്വാ​സങ്ങൾ സംബന്ധി​ച്ചു മറ്റുള്ള​വർക്കു വിശദീ​ക​രണം നൽകാൻ ബൈബിൾ ഉപയോ​ഗി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു ഞങ്ങൾ വളരെ വേഗം പഠിച്ചു. ആസ്വാ​ദ്യ​ക​ര​മായ ഇത്തരം ചർച്ചകൾ, ബൈബിൾ വിഷയ​ങ്ങളെ കുറിച്ച്‌ ന്യായ​വാ​ദം ചെയ്യാൻ എന്നെ പ്രാപ്‌ത​നാ​ക്കി. കുറച്ചു​നാൾ കഴിഞ്ഞ​പ്പോൾ, വ്യാജ മതോ​പ​ദേ​ശ​ങ്ങളെ ബൈബിൾ ഉപയോ​ഗിച്ച്‌ ഖണ്ഡിക്കാ​നും എനിക്കു കഴിഞ്ഞു. മരണത്തെ അതിജീ​വി​ക്കുന്ന യാതൊ​ന്നും മനുഷ്യ​നിൽ ഇല്ല, അഗ്നിന​രകം ഇല്ല, ദൈവ​വും യേശു​വും തുല്യ​രോ ത്രിത്വം എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ഭാഗമോ അല്ല എന്നിവ​യെ​ല്ലാം തെളി​യി​ക്കാൻ എനിക്കു കഴിഞ്ഞു.—സഭാ​പ്ര​സം​ഗി 9:5, 10; യെഹെ​സ്‌കേൽ 18:4, NW; യോഹ​ന്നാൻ 14:28.

ശരിയാ​യ​തു ചെയ്യു​ന്ന​തി​നു വേണ്ടി—അത്‌ ജനസമ്മി​തി ഇല്ലാത്ത കാര്യങ്ങൾ ആണെങ്കിൽപ്പോ​ലും—ഉറച്ച നിലപാട്‌ എടുക്കാൻ ഡാഡി​യും മമ്മിയും ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അവർതന്നെ മാതൃ​ക​വെ​ക്കു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, അവർ ഒരിക്ക​ലും പുകയില ഉപയോ​ഗി​ച്ചി​രു​ന്നില്ല. അതു​പോ​ലെ അതിന്റെ ദൂഷ്യ​ഫ​ല​ങ്ങളെ കുറി​ച്ചും സ്‌കൂ​ളിൽ ഞങ്ങൾ അഭിമു​ഖീ​ക​രി​ക്കാൻ പോകുന്ന സമ്മർദത്തെ കുറി​ച്ചും അവർ ഞങ്ങൾക്കു മുന്നറി​യി​പ്പു നൽകി. ഡാഡി​യു​ടെ വാക്കുകൾ ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു: “പുകവ​ലി​ക്കാൻ വിസമ്മ​തി​ക്കു​മ്പോൾ നിന്നെ ആണത്തമി​ല്ലാ​ത്തവൻ എന്നു വിളി​ച്ചേ​ക്കാം. അങ്ങനെ വിളി​ക്കുന്ന ആളോട്‌ അപ്പോൾ ചോദി​ക്കുക, ‘ആരാണ്‌ ആണത്തമു​ള്ളവൻ? പുകയി​ല​യു​ടെ നിയ​ന്ത്ര​ണ​ത്തിൽ വരുന്ന​വ​നോ അതോ പുകയി​ലയെ നിയ​ന്ത്രി​ക്കു​ന്ന​വ​നോ?’”

എനിക്കു 11 വയസ്സ്‌ ഉള്ളപ്പോൾ, ബാല്യ​ത്തിൽ ലഭിച്ച ബൈബിൾ അധിഷ്‌ഠിത ശിക്ഷണ​ത്തോ​ടു ഞാൻ പറ്റിനിൽക്കു​മോ ഇല്ലയോ എന്നുള്ള മറ്റൊരു പരി​ശോ​ധ​നയെ എനിക്കു നേരി​ടേ​ണ്ടി​വന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലം. സ്‌കൂൾ കുട്ടികൾ പതാക​യോ​ടു കൂറു​പ്ര​ഖ്യാ​പി​ക്കുന്ന ഒരു പ്രതിജ്ഞ ചൊല്ലാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അത്തര​മൊ​രു പ്രതിജ്ഞ ഒരു ആരാധന പ്രവൃത്തി ആയിരി​ക്കു​മെന്ന്‌ ബൈബിൾ പഠനത്തിൽനി​ന്നു തിരി​ച്ച​റി​ഞ്ഞി​രു​ന്ന​തി​നാൽ ഞാൻ അതിനു വിസമ്മ​തി​ച്ചു. ഫലമോ? ആറുമാ​സ​ത്തേക്ക്‌ എന്നെ സ്‌കൂ​ളിൽനി​ന്നും പുറത്താ​ക്കി.

എന്നിരു​ന്നാ​ലും, കാലാ​ന്ത​ര​ത്തിൽ ഞാൻ സ്‌കൂൾ പഠനം പൂർത്തി​യാ​ക്കു​ക​യും 1947 മാർച്ചിൽ, യഹോ​വ​യാം ദൈവ​ത്തി​നുള്ള എന്റെ സമർപ്പണം ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. ആറുമാ​സം കഴിഞ്ഞ​പ്പോൾ ഞാൻ ഒരു പയനിയർ, സുവാർത്ത​യു​ടെ ഒരു മുഴു​സമയ പ്രഘോ​ഷകൻ ആയിത്തീർന്നു. ആദ്യം ഞാൻ സേവി​ച്ചത്‌ ദക്ഷിണ സസ്‌കാ​ച്ചെ​വ​നിൽ ആയിരു​ന്നു. വിശാ​ല​മായ ഈ പ്രദേ​ശത്തെ കർഷക​രോ​ടും കുതി​ര​ക​ളെ​യും കന്നുകാ​ലി​ക​ളെ​യും മറ്റും വളർത്തു​ന്ന​വ​രോ​ടും ഞാൻ സാക്ഷീ​ക​രി​ച്ചു. വേനൽക്കാ​ലത്ത്‌ ഞാൻ കുതി​ര​പ്പു​റത്തു യാത്ര ചെയ്‌തു. തണുത്തു​റഞ്ഞ ശൈത്യ​കാ​ലത്ത്‌, കുതി​രകൾ വലിക്കുന്ന, കബൂസ്‌ എന്നു ഞങ്ങൾ വിളിച്ച അടച്ചു​കെ​ട്ടിയ ഒരുതരം ഹിമവ​ണ്ടി​യി​ലും. ഇത്‌ മരക്കരി കത്തിച്ചു ചൂടു​പി​ടി​പ്പി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ വണ്ടി ചെരി​യാ​തെ ഞാൻ ശ്രദ്ധി​ക്കേ​ണ്ടി​യി​രു​ന്നു.

നാട്ടിൻപു​റ​ത്തു​കാർ സൗഹൃ​ദ​മ​ന​സ്‌ക​രും അതിഥി​പ്രി​യ​രും ആയിരു​ന്നു. വൈകു​ന്നേ​ര​മാണ്‌ അവരെ സന്ദർശി​ക്കു​ന്ന​തെ​ങ്കിൽ, അന്നു രാത്രി അവിടെ താമസി​ക്കാൻ മിക്ക​പ്പോ​ഴും അവർ എന്നെ ക്ഷണിക്കു​മാ​യി​രു​ന്നു. ഇത്തരം അവസര​ങ്ങ​ളിൽ നടത്തപ്പെട്ട സജീവ​മായ ബൈബിൾ ചർച്ചകൾ എനി​ക്കെത്ര പ്രിയ​പ്പെ​ട്ട​താ​യി​രു​ന്നെ​ന്നോ! രാത്രി​മു​ഴു​വൻ ദീർഘിച്ച ഒരു ചർച്ചയ്‌ക്കു​ശേഷം സത്യ​ത്തോ​ടു പ്രതി​ക​രി​ച്ച​വ​രിൽ പീറ്റേ​ഴ്‌സൺ കുടും​ബ​ത്തി​ലെ അംഗങ്ങൾ ഉൾപ്പെ​ടു​ന്നു. ഏളും അവന്റെ അമ്മയും യഹോ​വ​യു​ടെ സജീവ സാക്ഷി​ക​ളാ​യി​ത്തീർന്നു.

ക്വി​ബെ​ക്കിൽ സേവി​ക്കു​ന്നു

ക്വി​ബെക്ക്‌ പ്രവി​ശ്യ​യിൽ പ്രസം​ഗ​വേല നിർവ​ഹി​ക്കാൻ പയനി​യർമാ​രോ​ടു സഹായം അഭ്യർഥി​ച്ച​പ്പോൾ ഞാൻ അതിനു തയ്യാറാ​യി. 1949-ൽ ആയിരു​ന്നു ഇത്‌. കാനഡ​യിൽനി​ന്നുള്ള ഏകദേശം 200 പയനി​യർമാർ ഇതിനു സന്നദ്ധത പ്രകടി​പ്പി​ച്ചു. ക്വി​ബെ​ക്കിൽ എല്ലായി​ട​ത്തും നിയമ​നങ്ങൾ സ്വീക​രി​ക്കാൻ തയ്യാറാ​യി​ക്കൊണ്ട്‌ സെപ്‌റ്റം​ബ​റിൽ അവർ മോൺട്രി​യോൾ നഗരത്തിൽ എത്തി​ച്ചേർന്നു. യഹോ​വ​യു​ടെ സാക്ഷി​കളെ പ്രവി​ശ്യ​യിൽനിന്ന്‌ ഉന്മൂലനം ചെയ്യും എന്നു ശപഥ​മെ​ടുത്ത കത്തോ​ലി​ക്കാ പ്രധാ​ന​മ​ന്ത്രി മോറിസ്‌ ഡൂയി​പ്ലെസീ അധികാ​ര​ത്തി​ലി​രുന്ന കാലമാ​യി​രു​ന്നു അത്‌.

വെല്ലു​വി​ളി​കൾ നിറഞ്ഞ​തും തിര​ക്കേ​റി​യ​തും എന്നാൽ രസകര​വു​മായ സമയമാ​യി​രു​ന്നു അത്‌. അതായത്‌, ഞങ്ങൾ ഫ്രഞ്ചു​ഭാഷ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. അറസ്റ്റി​നെ​യും ജനക്കൂ​ട്ട​ത്തി​ന്റെ ആക്രമ​ണ​ങ്ങ​ളെ​യും നേരി​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. മതഭ്രാ​ന്ത​ന്മാർ വന്ന്‌ ക്രിസ്‌തീയ കൂടി​വ​ര​വു​കൾ അലങ്കോ​ല​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു. എന്നിരു​ന്നാ​ലും, അസഹി​ഷ്‌ണു​താ​പ​ര​മായ അത്തരം പ്രവൃ​ത്തി​കൾ എന്നെ ഭയപ്പെ​ടു​ത്തു​ക​യോ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​നെന്ന നിലയിൽ സേവി​ക്കുക എന്ന എന്റെ ജീവി​ത​ല​ക്ഷ്യ​ത്തി​നു ചാഞ്ചല്യം വരുത്തു​ക​യോ ചെയ്‌തില്ല. ശരിയാ​യ​തി​നോ​ടുള്ള സ്‌നേഹം എന്റെ മാതാ​പി​താ​ക്കൾ എന്നിൽ നട്ടുവ​ളർത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു, മാത്രമല്ല എതിർപ്പു​കൾ ഉണ്ടായി​രു​ന്നാ​ലും യേശു​ക്രി​സ്‌തു മുൻകൂ​ട്ടി​പ്പറഞ്ഞ ലോക​വ്യാ​പക പ്രസം​ഗ​വേല നിർവ​ഹി​ക്ക​പ്പെ​ടു​മെ​ന്നുള്ള ബോധ്യ​വും അവർ എന്നിൽ ഉൾനട്ടി​രു​ന്നു.—മത്തായി 24:9, 14.

ഞാൻ ക്വി​ബെ​ക്കിൽ ആയിരു​ന്ന​പ്പോൾ സസ്‌കാ​ച്ചെ​വ​നിൽനി​ന്നുള്ള ഒരു വിശ്വസ്‌ത പയനി​യ​റായ എമിലി ഹൗറി​ഷി​നെ കണ്ടുമു​ട്ടി. 1951 ജനുവരി 27-നു ഞങ്ങൾ വിവാ​ഹി​ത​രാ​യി, അന്നുമു​തൽ എമിലി എന്റെ വിശ്വ​സ്‌ത​യായ സഹപ്ര​വർത്ത​ക​യും പ്രോ​ത്സാ​ഹനം പകരുന്ന സുഹൃ​ത്തും ആയിരു​ന്നി​ട്ടുണ്ട്‌. ശുശ്രൂ​ഷ​യിൽ കൂടുതൽ പൂർണ​മായ ഒരു പങ്കുണ്ടാ​യി​രി​ക്കുക എന്നത്‌ ഞങ്ങളുടെ രണ്ടു​പേ​രു​ടെ​യും ലക്ഷ്യമാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ലേക്ക്‌ അപേക്ഷ നൽകി. ഞങ്ങളെ വിദ്യാർഥി​ക​ളാ​യി തിര​ഞ്ഞെ​ടു​ക്കു​ക​യും മിഷനറി സേവന​ത്തിന്‌ ശുശ്രൂ​ഷ​കരെ ഒരുക്കാ​നുള്ള അനേക മാസത്തെ പരിശീ​ലനം നൽകു​ക​യും ചെയ്‌തു. ഒടുവിൽ, 1953 ഫെബ്രു​വ​രി​യിൽ ഗിലെ​യാ​ദി​ലെ 20-ാമത്തെ ക്ലാസ്സിൽനിന്ന്‌ ഞങ്ങൾ ബിരുദം നേടി.

ആഫ്രി​ക്ക​യിൽ കാലു​കു​ത്തു​ന്ന​തിന്‌ ആവശ്യ​മായ രേഖകൾ ശരിയാ​ക്കി കിട്ടു​ന്ന​തി​നുള്ള കാലയ​ള​വിൽ കാനഡ​യി​ലെ ഒൺടേ​റി​യോ​യി​ലും ആൽബെർട്ട​യി​ലും ഉള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളെ സഹായി​ക്കാ​നുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. ആ കാലത്ത്‌ ഒരു സഭയിൽനിന്ന്‌ മറ്റൊ​രി​ട​ത്തേക്കു പോകു​ന്ന​തിന്‌ ഞങ്ങൾ പൊതു​വാ​ഹ​ന​ത്തെ​യാണ്‌ ആശ്രയി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ ഞങ്ങൾക്കു​ള്ള​തെ​ല്ലാം ഒരു സ്യൂട്ട്‌കേ​സിൽ ഒതുക്കി​ക്കൊണ്ട്‌ ജീവിതം ലളിത​മാ​ക്കു​ന്ന​തി​നു ഞങ്ങൾ പഠിച്ചു. കുറച്ചു​മാ​സ​ങ്ങൾക്കു ശേഷം, ഞങ്ങളുടെ യാത്ര​യ്‌ക്കും മറ്റും വേണ്ട എല്ലാ രേഖക​ളും തയ്യാറാ​യി​ക്ക​ഴി​ഞ്ഞ​പ്പോൾ ഞങ്ങൾ കാനഡ​യോ​ടു യാത്ര​പ​റഞ്ഞ്‌ ഇന്നു സിംബാ​ബ്‌വേ എന്നറി​യ​പ്പെ​ടുന്ന ദക്ഷിണ റൊ​ഡേ​ഷ്യ​യിൽ എത്തി.

ആഫ്രി​ക്ക​യി​ലെ ജീവി​ത​വു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്നു

ഞങ്ങൾ എത്തി​ച്ചേർന്ന്‌ അഞ്ചുമാ​സ​ത്തി​നു​ള്ളിൽ, സിംബാ​ബ്‌വേ​യി​ലും ബോട്‌സ്വാ​ന​യി​ലും ഉത്തര റൊ​ഡേ​ഷ്യ​യു​ടെ (ഇപ്പോൾ സാംബിയ) തെക്കു​ഭാ​ഗ​ങ്ങ​ളി​ലു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂട്ടങ്ങളെ സന്ദർശി​ക്കാൻ ഞങ്ങളെ നിയമി​ച്ചു. ഞങ്ങളുടെ വിദേശ നിയമ​ന​ങ്ങളെ സ്വന്തം നാടു​മാ​യി ഒരിക്ക​ലും താരത​മ്യം ചെയ്യരു​തെ​ന്നും ഏതു സാഹച​ര്യ​ത്തിൽ ആയാലും നമ്മുടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ എന്തെങ്കി​ലു​മൊ​ക്കെ പഠിക്കാൻ ഉണ്ടാകു​മെ​ന്നു​മുള്ള പ്രോ​ത്സാ​ഹനം ഗിലെ​യാദ്‌ സ്‌കൂ​ളിൽ ഞങ്ങൾക്ക്‌ ലഭിച്ചി​രു​ന്നു. അത്തരം ജ്ഞാനപൂർവ​ക​മായ വാക്കുകൾ ഞങ്ങളുടെ ചിന്തയിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താൻ സഹായി​ച്ചു. പിൻവ​രുന്ന വാക്കു​ക​ളോട്‌ ഞാനും എമിലി​യും ഇന്നും യോജി​ക്കു​ന്നു: “എല്ലാ സാഹച​ര്യ​ങ്ങ​ളിൽനി​ന്നും പരമാ​വധി പ്രയോ​ജനം നേടുക; പിന്നീട്‌ ഒരിക്ക​ലും അതുണ്ടാ​യെന്നു വരില്ല.”

ഒരിട​ത്തു​നി​ന്നു മറ്റൊ​രി​ട​ത്തേക്കു പോകു​ന്ന​തിന്‌ ട്രെയിൻ, ബസ്സ്‌, ട്രക്ക്‌, സൈക്കിൾ എന്നിങ്ങനെ ഞങ്ങൾക്കു ലഭ്യമാ​യി​രുന്ന ഏതുതരം വാഹന​സൗ​ക​ര്യ​ങ്ങ​ളും ഞങ്ങൾ ഉപയോ​ഗി​ച്ചു. ഇതുതന്നെ പ്രയാ​സ​മുള്ള കാര്യ​മാ​യി​രു​ന്നെ​ങ്കി​ലും “എല്ലാ സാഹച​ര്യ​ങ്ങ​ളിൽനി​ന്നും പരമാ​വധി പ്രയോ​ജനം നേടുക” എന്നുള്ള തീരു​മാ​നം പരി​ശോ​ധി​ക്ക​പ്പെട്ട മറ്റു സന്ദർഭ​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. നിയമ​പ​ര​മായ ചില നിയ​ന്ത്ര​ണങ്ങൾ നിമിത്തം ആദ്യത്തെ രണ്ടുവർഷം, എമിലിക്ക്‌ എന്റെകൂ​ടെ ഗോ​ത്ര​വർഗ​ക്കാ​രു​ടെ പ്രദേ​ശ​ത്തേക്കു വരാൻ കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌, റെയിൽ പാത അവസാ​നി​ക്കു​ന്നി​ട​ത്തുള്ള പട്ടണങ്ങ​ളിൽ, മിക്ക​പ്പോ​ഴും സാക്ഷി​ക​ളൊ​ന്നും ഇല്ലാത്ത​യി​ട​ങ്ങ​ളിൽ എന്റെ ഭാര്യ ഒറ്റയ്‌ക്കു കഴി​യേ​ണ്ടി​വന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞി​ട്ടാ​ണെ​ങ്കിൽ ഏതാനും വർഷം കഴിഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. എമിലി​യു​ടെ വിശ്വ​സ്‌ത​ത​യും ധൈര്യ​വും നിശ്ചയ​ദാർഢ്യ​വും അവളോ​ടുള്ള എന്റെ ആദരവും സ്‌നേ​ഹ​വും വർധി​പ്പി​ക്കുക മാത്രമല്ല ഈ സമുദാ​യ​ങ്ങ​ളിൽ എല്ലാം രാജ്യ​ഫലം പുറ​പ്പെ​ടു​വി​ക്കാൻ ഇടയാ​ക്കു​ക​യും ചെയ്‌തു.

തദ്ദേശ​വാ​സി​ക​ളായ ആരു​ടെ​യെ​ങ്കി​ലും വീട്ടിൽ താമസ​സൗ​ക​ര്യം ക്രമീ​ക​രി​ച്ച​ശേഷം ഞാൻ ഗോ​ത്ര​വർഗ​ക്കാ​രു​ടെ പ്രദേ​ശ​ത്തേക്കു പോകും. ഞാൻ തിരി​ച്ചു​വ​രു​ന്ന​തു​വരെ എമിലി അടുത്ത പ്രദേ​ശ​ങ്ങ​ളി​ലെ​ല്ലാം സാക്ഷീ​ക​രണം നടത്തും. ചില​പ്പോ​ഴൊ​ക്കെ അവൾ ഒരുമാ​സ​ത്തോ​ളം ഒറ്റയ്‌ക്കു പ്രവർത്തി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യു​ടെ അതിശ​ക്ത​മായ കരങ്ങളിൽ ആശ്രയി​ച്ചതു നിമിത്തം അവൾക്ക്‌ ബലവും സംരക്ഷ​ണ​വും ലഭിക്കു​ക​യും അവളുടെ ശുശ്രൂഷ ഫലം കായ്‌ക്കു​ക​യും ചെയ്‌തു. ഒരു സന്ദർഭ​ത്തിൽ, റീറ്റാ ഹാൻകോക്ക്‌ എന്ന ഒരു സ്‌ത്രീ ബൈബിൾ സത്യ​ത്തോ​ടു പ്രതി​ക​രി​ക്കു​ക​യും പിന്നീട്‌ അവരുടെ ഭർത്താ​വും അവരോ​ടു ചേരു​ക​യും ചെയ്‌തു. അദ്ദേഹം വിശ്വ​സ്‌ത​നായ ഒരു സഹോ​ദ​ര​നാ​യി​ത്തീർന്നു, മരണം​വരെ ഒരു ക്രിസ്‌തീയ മൂപ്പനാ​യി സേവി​ക്കു​ക​യും ചെയ്‌തു. എമിലി ബൈബിൾ സത്യത്തി​ന്റെ വിത്തു​വി​തച്ച ചില പട്ടണങ്ങ​ളിൽ ഇന്നു തഴച്ചു​വ​ള​രുന്ന സഭകളുണ്ട്‌.

ആഫ്രി​ക്ക​ക്കാ​രു​ടെ ആതിഥ്യ​മ​ര്യാ​ദ​യും കൽപ്പനാ​വൈ​ഭ​വ​വും

ഗോ​ത്ര​വർഗ​ക്കാ​രു​ടെ പ്രദേ​ശത്തെ ആഫ്രിക്കൻ സാക്ഷി​കൾക്ക്‌ യഹോ​വ​യു​ടെ സംഘട​ന​യോ​ടും അതിന്റെ സഞ്ചാര​പ്ര​തി​നി​ധി​ക​ളോ​ടു​മുള്ള അഗാധ​മായ വിലമ​തിപ്പ്‌ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. സ്‌നേ​ഹ​ധ​ന​രായ ഈ സഹോ​ദ​രങ്ങൾ എന്നെ പൊന്നു​പോ​ലെ നോക്കി. എല്ലാ തിങ്കളാ​ഴ്‌ച​യും ഞാൻ ഒരു സമ്മേള​ന​സ്ഥ​ല​ത്തു​നിന്ന്‌ അടുത്ത​തി​ലേക്കു യാത്ര​ചെ​യ്‌തു. പുല്ലു​കൊ​ണ്ടു പുതി​യ​താ​യി നിർമിച്ച ഒരു കുടി​ലാ​യി​രി​ക്കും എന്റെ താമസ​സ്ഥലം, ഇത്‌ സസ്‌കാ​ച്ചെ​വ​നി​ലെ കൃഷി​യി​ട​ത്തി​ലെ ഞങ്ങളുടെ ഭവനത്തെ കുറി​ച്ചുള്ള ഓർമകൾ എന്റെ മനസ്സി​ലേക്കു കൊണ്ടു​വ​രു​മാ​യി​രു​ന്നു. 30 സെന്റി​മീ​റ്റർ കനത്തിൽ തറയിൽ പുല്ല്‌ വിരി​ച്ചി​ട്ട​താ​യി​രു​ന്നു എന്റെ കിടക്ക. അതിനു​മു​ക​ളിൽ ഒരു ഷീറ്റും വിരി​ച്ചി​ട്ടു​ണ്ടാ​കും.

ഗോ​ത്ര​വർഗ​ക്കാ​രു​ടെ പ്രദേ​ശത്തെ സമ്മേള​നങ്ങൾ കാടിന്റെ സ്വാഭാ​വിക പശ്ചാത്ത​ല​ത്തി​ലാണ്‌ സാധാരണ നടത്തി​യി​രു​ന്നത്‌. ഇതിൽ പങ്കെടു​ക്കാൻ എത്തുന്നവർ, പടർന്നു​പ​ന്ത​ലി​ച്ചു​നിൽക്കുന്ന വൃക്ഷങ്ങൾ തണലി​നാ​യി നിറു​ത്തി​ക്കൊണ്ട്‌ പ്രദേശം വെട്ടി​ത്തെ​ളി​ക്കും. കെട്ടു​ക​ണ​ക്കി​നു പുല്ലു വൃത്തി​യാ​യും ചിട്ടയാ​യും നിരത്തി​വെ​ച്ചാണ്‌ ഇരിപ്പി​ടങ്ങൾ ക്രമീ​ക​രി​ച്ചി​രു​ന്നത്‌. അവസാനം, ചുറ്റും മനോ​ഹ​ര​മാ​ക്കു​ന്ന​തിന്‌ പുല്ലു​കൊ​ണ്ടൊ​രു വേലി​യും തീർക്കു​മാ​യി​രു​ന്നു. പ്രകൃ​തി​യു​മാ​യി ഇഴുകി​ച്ചേർന്ന്‌ കാടിന്റെ പശ്ചാത്ത​ല​ത്തിൽ അവിസ്‌മ​ര​ണീ​യ​മായ താള​പ്പൊ​രു​ത്ത​ത്തോ​ടെ യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ ആലപി​ക്കുന്ന നമ്മുടെ ആഫ്രിക്കൻ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ശ്രുതി​മ​ധു​ര​മായ സ്വരം എനിക്ക്‌ എല്ലായ്‌പ്പോ​ഴും എത്ര ഹൃദയ​സ്‌പർശി ആയിരു​ന്നെ​ന്നോ.

സ്‌മര​ണീ​യ​മായ ഒരു അനുഭവം

എന്റെ ശുശ്രൂഷ അനവരതം തുടരവേ, ഞാൻ ഗിഡി​യൊൻ സെൻഡാ​യെ കണ്ടുമു​ട്ടി. ആംഗ്ലിക്കൻ സഭ നടത്തുന്ന മിഷൻ സ്‌കൂ​ളു​ക​ളു​ടെ ചീഫ്‌ ഇൻസ്‌പെക്ടർ ആയിരു​ന്നു അദ്ദേഹം. ഗിഡി​യൊന്‌ സർവക​ലാ​ശാല പഠനം ഉൾപ്പെ​ടെ​യുള്ള വിദ്യാ​ഭ്യാ​സം ലഭിച്ചത്‌ സഭ വഴിയാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, തന്റെ നിരവധി ബൈബിൾ ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം അദ്ദേഹ​ത്തി​നു ലഭിച്ചി​രു​ന്നില്ല. അതു​കൊണ്ട്‌, ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകാ​നാ​യി അദ്ദേഹ​ത്തെ​യും കുറെ സഹപ്ര​വർത്ത​ക​രെ​യും സന്ദർശി​ക്കാ​മോ എന്ന്‌ അദ്ദേഹം എന്നോട്‌ ചോദി​ച്ചു. അവിടെ സ്‌കൂൾ ഇൻസ്‌പെ​ക്ടർമാർ, ഹെഡ്‌മാ​സ്റ്റർമാർ, അധ്യാ​പകർ എന്നിവർ ഉൾപ്പെടെ 50-ഓളം പേർ ചർച്ചയ്‌ക്കു സന്നിഹി​ത​രാ​യി​രു​ന്നു. ഗിഡി​യൊൻ ആയിരു​ന്നു അധ്യക്ഷൻ. ക്രമീ​കൃ​ത​മായ രീതി​യിൽ ഞങ്ങൾ ഒന്നിനു പുറകെ ഒന്നായി വിഷയങ്ങൾ ചർച്ച​ചെ​യ്‌തു. ഒരു വിഷയത്തെ കുറിച്ച്‌ ഞാൻ 15 മിനിട്ടു സംസാ​രി​ക്കും, അതിനു​ശേഷം ചോദ്യ​ങ്ങൾ ഉള്ളവ​രെ​ല്ലാം അവ ചോദി​ക്കും. ഈ ചർച്ച അനേകം മണിക്കൂ​റു​കൾ നീണ്ടു​നി​ന്നു.

ഈ അസാധാ​രണ ചർച്ചയു​ടെ ഫലം എന്തായി​രു​ന്നെ​ന്നോ? ഗിഡി​യൊ​നും കുടും​ബ​വും അദ്ദേഹ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രിൽ ഒരു വലിയ ഗണവും സമർപ്പി​ച്ചു സ്‌നാ​പ​ന​മേറ്റ്‌ യഹോ​വ​യു​ടെ ദാസന്മാ​രാ​യി​ത്തീർന്നു. പക്ഷേ, ആംഗ്ലിക്കൻ വിദ്യാ​ഭ്യാ​സ മേഖല​യിൽ ജോലി​ചെ​യ്‌തി​രുന്ന അവരെ പ്രാ​ദേ​ശിക ബിഷപ്പ്‌ പിരി​ച്ചു​വി​ട്ടു. എന്നിരു​ന്നാ​ലും, അവർ എല്ലാവ​രും നിർഭ​യ​രും യഹോ​വ​യു​ടെ സേവന​ത്തിൽ അചഞ്ചല​രു​മാ​യി നില​കൊ​ണ്ടു. ചിലർ പയനിയർ ശുശ്രൂഷ ഏറ്റെടു​ത്തു.

വിസ്‌മ​യാ​വ​ഹ​മായ ഒരു ചലച്ചി​ത്ര​ത്തോ​ടുള്ള പ്രതി​ക​ര​ണം

പുതി​യ​ലോക സമുദാ​യം പ്രവർത്ത​ന​ത്തിൽ (ഇംഗ്ലീഷ്‌) എന്ന ചലച്ചി​ത്രം യഹോ​വ​യു​ടെ സാക്ഷികൾ 1954-ൽ പ്രകാ​ശനം ചെയ്‌തു. തൊട്ട​ടു​ത്ത​വർഷം, ഗോ​ത്ര​വർഗ​ക്കാ​രു​ടെ പ്രദേ​ശ​ത്തേക്ക്‌ ഭർത്താ​വി​ന്റെ കൂടെ ഭാര്യ​യും പോകു​ന്ന​തിന്‌ ഏർപ്പെ​ടു​ത്തി​യി​രുന്ന വിലക്ക്‌ എടുത്തു​ക​ളഞ്ഞു. അതു​കൊണ്ട്‌ എമിലിക്ക്‌ എന്നോ​ടൊ​പ്പം വരാ​മെ​ന്നാ​യി. അപ്പോൾ ഞങ്ങൾക്ക്‌ ഒരു മോ​ട്ടോർ വാഹന​വും ഒരു വൈദ്യു​ത ജനറേ​റ്റ​റും ഒരു പ്രൊ​ജ​ക്ട​റും നൽകി. ഗോ​ത്ര​വർഗ​ക്കാ​രു​ടെ പ്രദേ​ശ​ങ്ങ​ളിൽ എല്ലാം ചലച്ചി​ത്രം പ്രദർശി​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇത്‌. അനേക​രും അതിനു മുമ്പ്‌ ഒരു ചലച്ചി​ത്രം കണ്ടിട്ടി​ല്ലാ​യി​രു​ന്നു. അതിനാൽ ഞങ്ങളുടെ പ്രദർശ​നങ്ങൾ വളരെ​യേറെ ശ്രദ്ധ പിടി​ച്ചു​പറ്റി. ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള നമ്മുടെ വലിയ അച്ചടി​ശാ​ല​യിൽ ബൈബി​ളും ബൈബിൾ സാഹി​ത്യ​ങ്ങ​ളും ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ ഇതിലൂ​ടെ പടിപ​ടി​യാ​യി ചിത്രീ​ക​രി​ച്ചി​രു​ന്നു.

ന്യൂ​യോർക്കി​ലെ യാങ്കീ സ്റ്റേഡി​യ​ത്തിൽ 1953-ൽ നടന്ന കൺ​വെൻ​ഷ​നിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാ​ഷ്‌ട്ര സഹോ​ദ​ര​വർഗം ആരാധ​ന​യിൽ പങ്കുപ​റ്റു​ന്ന​തി​ന്റെ ദൃശ്യ​ങ്ങ​ളും പ്രസ്‌തുത ചലച്ചി​ത്ര​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. വർഗവർണ വിവേ​ച​ന​യി​ല്ലാത്ത, സ്‌നേ​ഹ​ത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും ഇത്തര​മൊ​രു പ്രകടനം ഈ ആഫ്രി​ക്ക​ക്കാർ കണ്ടി​ട്ടേ​യി​ല്ലാ​യി​രു​ന്നു. ബൈബിൾ പഠിക്കാ​നും സാക്ഷി​ക​ളോ​ടൊ​ത്തു സഹവസി​ക്കാ​നും സിംബാ​ബ്‌വേ​ക്കാ​രായ നിരവധി കുടും​ബ​ങ്ങളെ ഈ ചലച്ചി​ത്രം പ്രചോ​ദി​പ്പി​ച്ചു. ഇത്തര​മൊ​രു ദൃശ്യ​മാ​ധ്യ​മ​ത്തി​ന്റെ വിദ്യാ​ഭ്യാ​സ മൂല്യം തിരി​ച്ച​റിഞ്ഞ, രാജ്യ​ത്തു​ട​നീ​ള​മുള്ള ഹെഡ്‌മാ​സ്റ്റർമാ​രിൽനിന്ന്‌ തങ്ങളുടെ വിദ്യാർഥി​കളെ ചിത്രം കാണി​ക്കാ​നുള്ള അഭ്യർഥ​നകൾ പ്രവഹി​ക്കു​ക​യാ​യി​രു​ന്നു.

ഒരു ദിവസം രാത്രി ഏറെ വൈകി സാക്ഷി​ക​ളിൽ ചിലർ എന്നെ വിളി​ച്ചു​ണർത്തി. ഈ ചിത്രം കാണി​ക്ക​ണ​മെ​ന്നുള്ള അഭ്യർഥ​ന​യു​മാ​യാണ്‌ അവർ വന്നത്‌. ഇതു കാണു​ന്ന​തി​നാ​യി 500-ഓളം ആളുകൾ മണിക്കൂ​റു​കൾ നടന്ന്‌ എത്തി​ച്ചേർന്നത്‌ എന്നെ അതിശ​യി​പ്പി​ച്ചു. ഞാൻ ആ പ്രദേ​ശ​ത്തു​ണ്ടെ​ന്നും ഈ ചിത്രം പ്രദർശി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും കേട്ടറി​ഞ്ഞു വന്നതാ​യി​രു​ന്നു അവർ. ആദ്യത്തെ ജനക്കൂട്ടം പിരി​ഞ്ഞു​പോ​യ​പ്പോ​ഴേ​ക്കും 300 പേരട​ങ്ങുന്ന മറ്റൊരു കൂട്ടം എത്തി​ച്ചേർന്നി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ പിന്നെ​യും ചിത്രം പ്രദർശി​പ്പി​ച്ചു. ഒടുവി​ലത്തെ കൂട്ടം പിരി​ഞ്ഞു​പോ​യ​പ്പോൾ സമയം വെളു​പ്പി​നു മൂന്നു​മ​ണി​യാ​യി​രു​ന്നു! 17 വർഷക്കാ​ല​യ​ള​വി​നി​ടെ സാംബി​യ​യിൽ മാത്രം പത്തുല​ക്ഷ​ത്തി​ല​ധി​കം ആളുകൾ ശക്തമായ പ്രഭാവം ചെലു​ത്തുന്ന ഈ ചലച്ചി​ത്രം കാണാ​നി​ട​യാ​യി.

ആഫ്രി​ക്ക​യി​ലെ പുതിയ നിയമ​ന​ങ്ങൾ

സിംബാ​ബ്‌വേ​യിൽ അഞ്ചര വർഷത്തി​ല​ധി​കം സേവി​ച്ച​ശേഷം ഞങ്ങൾക്ക്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു മാറ്റം കിട്ടി. ഇപ്പോൾ ഞങ്ങൾക്ക്‌ ആഫ്രി​ക്കാൻസ്‌ ഭാഷ പഠി​ക്കേ​ണ്ടി​യി​രു​ന്നു. പിന്നീട്‌ ഞങ്ങൾ സെസുറ്റു, സുളു എന്നീ ഭാഷക​ളും സംസാ​രി​ക്കാൻ പഠിച്ചു. ദൈവ​വ​ചനം മറ്റുഭാ​ഷ​ക​ളി​ലും പഠിപ്പി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞത്‌ ശുശ്രൂ​ഷ​യി​ലുള്ള ഞങ്ങളുടെ ഫലപ്ര​ദ​ത്വം വർധി​പ്പി​ക്കാ​നും ഞങ്ങൾക്ക്‌ ഏറെ സംതൃ​പ്‌തി ലഭിക്കാ​നും ഇടയാക്കി.

അങ്ങനെ​യി​രി​ക്കെ, 1960-കളുടെ തുടക്ക​ത്തിൽ ആഫ്രി​ക്ക​യു​ടെ ദക്ഷിണ​ഭാ​ഗത്ത്‌ ഞങ്ങളെ സഞ്ചാര വേലയ്‌ക്കാ​യി നിയമി​ച്ചു. തുടർന്നു​വന്ന 27 വർഷം ഞങ്ങൾ ലെസോ​ത്തോ, നമീബിയ, ദക്ഷിണാ​ഫ്രിക്ക, സ്വാസി​ലാൻഡ്‌, ദക്ഷിണ അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തി​ലെ അസെൻഷൻ ദ്വീപു​കൾ, സെന്റ്‌ ഹെലീന ദ്വീപു​കൾ എന്നിവി​ട​ങ്ങ​ളിൽ എല്ലാം വിപു​ല​മാ​യി സഞ്ചരിച്ചു. നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സേവി​ക്കു​ന്ന​തി​നാ​യി ഞങ്ങൾ ലക്ഷക്കണ​ക്കിന്‌ കിലോ​മീ​റ്റർ യാത്ര​ചെ​യ്‌തു. വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളി​ലും അവർ പ്രകട​മാ​ക്കിയ വിശ്വാ​സ​വും വിശ്വ​സ്‌ത​ത​യും ഒരിക്ക​ലും മടുത്തു പിന്മാ​റാ​തി​രി​ക്കാൻ ഞങ്ങൾക്കു പ്രോ​ത്സാ​ഹനം പകർന്നു.

ഉദാഹ​ര​ണ​ത്തിന്‌, സ്വാസി​ലാൻഡി​ലെ സോബൂസ രണ്ടാമൻ രാജാവ്‌ നാടു​നീ​ങ്ങി​യ​പ്പോൾ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ അനുര​ഞ്‌ജ​ന​പ്പെ​ടാ​തി​രുന്ന സാക്ഷി​കളെ അടുത്തു​പ​രി​ച​യ​പ്പെ​ടാ​നുള്ള അവസരം എനിക്കു ലഭിച്ചു. രാജ്യത്തെ അതിവി​ശി​ഷ്ട​വ്യ​ക്തി​ക​ളു​ടെ മരണാ​ന​ന്തരം നടത്ത​പ്പെ​ടുന്ന തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ ചടങ്ങു​ക​ളിൽ പങ്കു​കൊ​ള്ളാൻ അവർ വിസമ്മ​തി​ച്ച​തു​മൂ​ലം അവരെ ജോലി​യിൽനി​ന്നും പിരി​ച്ചു​വി​ടു​ക​യും പൗരന്മാ​രെന്ന നിലയി​ലുള്ള അവകാ​ശങ്ങൾ നിഷേ​ധി​ക്കു​ക​യും ചെയ്‌തു. ഇല്ലായ്‌മ​യു​ടെ​യും കഷ്ടപ്പാ​ടു​ക​ളു​ടെ​യും വർഷങ്ങൾക്കി​ട​യി​ലും അവർ തങ്ങളുടെ വിശ്വാ​സം ഉപേക്ഷി​ച്ചില്ല. ഉത്തമരായ ഈ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ അടുത്ത​റി​യാ​നും അവരോ​ടു മുഖാ​മു​ഖം സംസാ​രി​ക്കാ​നും കഴിഞ്ഞത്‌ ഒരു ബഹുമ​തി​യാ​യി ഞാൻ കരുതു​ന്നു. അങ്ങനെ ഒരവസരം എനിക്കു തന്നതിന്‌ എല്ലായ്‌പോ​ഴും ഞാൻ യഹോ​വ​യ്‌ക്കു നന്ദിപ​റ​യു​ക​യും ചെയ്യുന്നു.

മറ്റൊരു മങ്ങാത്ത സ്‌മരണ ഫിലെ​മോൻ മാഫ​രെ​ക്കാ​യെ കുറി​ച്ചു​ള്ള​താണ്‌. 3,000 മീറ്റർ ഉയരത്തിൽ പർവത​പ്ര​ദേ​ശത്തു സ്ഥിതി​ചെ​യ്യുന്ന, ലെസോ​ത്തോ​യി​ലെ മൊക്‌ഹോ​ട്ട്‌ലോ​ങ്ങിൽ നിന്നുള്ള പയനിയർ ആണ്‌ ഇദ്ദേഹം. വാഹന​സൗ​ക​ര്യ​ങ്ങൾ ലഭ്യമ​ല്ലാ​ത്ത​തി​നാൽ അദ്ദേഹ​വും പ്രിയ​ഭാ​ര്യ​യും രണ്ടുമ​ക്ക​ളും സ്‌നാ​പ​നാർഥി​ക​ളായ മറ്റു നാലു​പേ​രും കൂടി 1,200 മീറ്റർ ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന സമ്മേളന സ്ഥലത്തെ​ത്താൻ 100-ലധികം കിലോ​മീ​റ്റർ നടന്നു. കുത്തനെ കയറ്റി​റ​ക്ക​ങ്ങ​ളുള്ള പ്രദേ​ശ​ത്തു​കൂ​ടി​യാ​യി​രു​ന്നു മിക്ക​പ്പോ​ഴും അവർക്കു പോ​കേ​ണ്ടി​യി​രു​ന്നത്‌. ഇടുങ്ങിയ മലമ്പാ​തകൾ കയറി​യി​റ​ങ്ങാൻ അവർ കാലുകൾ മാത്രമല്ല കൈക​ളും ഉപയോ​ഗി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അനവധി അരുവി​ക​ളും നദിക​ളും അവർക്കു കുറുകെ കടക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

സമ്മേളന സ്ഥലത്തു​നിന്ന്‌ വീട്ടി​ലേ​ക്കുള്ള മടക്കയാ​ത്ര​യിൽ, അവർ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം പുസ്‌ത​ക​ത്തി​ന്റെ നൂറു​പ്ര​തി​കൾ കൂടെ​ക്ക​രു​തി. മൊക്‌ഹോ​ട്ട്‌ലോ​ങ്ങിൽ ഉള്ള ആളുകൾക്കു​വേ​ണ്ടി​യാ​യി​രു​ന്നു അത്‌ കൊണ്ടു​പോ​യത്‌. പക്ഷേ, അവർ യാത്ര ചെയ്‌ത വഴിക​ളി​ലെ​ല്ലാം ബൈബിൾ സാഹി​ത്യ​ത്തോട്‌ ആളുകൾ കാണിച്ച താത്‌പ​ര്യം നിമിത്തം അവരുടെ കൈവ​ശ​മു​ണ്ടാ​യി​രുന്ന പുസ്‌ത​ക​മെ​ല്ലാം വീട്ടിൽ എത്തും മുമ്പേ തീർന്നു. ഫിലെ​മോ​നെ​യും ഭാര്യ​യെ​യും പോലെ തീക്ഷ്‌ണ​രും അർപ്പി​ത​രു​മായ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ നേരിട്ടു കാണാ​നി​ട​യാ​യത്‌ എന്നെയും എമിലി​യെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു പദവി​യാ​യി​രു​ന്നു. ഇന്നും ഞങ്ങൾ അതു പ്രിയ​ങ്ക​ര​മാ​യി കരുതു​ന്നു.

ചില​പ്പോ​ഴൊ​ക്കെ, ഞങ്ങൾക്ക്‌ മൂർഖൻ പോലുള്ള വിഷപ്പാ​മ്പു​ക​ളിൽനി​ന്നുള്ള അപകടം, പൊടു​ന്നനെ ഉണ്ടാകുന്ന പ്രളയം, മറ്റ്‌ ആപത്തുകൾ എന്നിവ നേരി​ടേണ്ടി വന്നിട്ടുണ്ട്‌. ഇവ പേടി​പ്പെ​ടു​ത്തുന്ന അനുഭ​വങ്ങൾ ആയിരു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തി​ലെ പ്രതി​ഫ​ല​ങ്ങ​ളും സന്തോ​ഷ​വു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഇതെല്ലാം എത്രയോ നിസ്സാരം. തന്റെ വിശ്വ​സ്‌തരെ അവൻ ഒരിക്ക​ലും ഉപേക്ഷി​ക്കു​ക​യില്ല എന്നു ഞങ്ങൾ പഠിച്ചു.

എമിലിക്ക്‌ ഗുരു​ത​ര​മായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ, സമനി​ല​യോ​ടെ ആ സാഹച​ര്യ​ത്തെ കൈകാ​ര്യം ചെയ്യേ​ണ്ട​തി​നു​വേണ്ട ജ്ഞാനം യഹോവ ഞങ്ങൾക്കു നൽകി. ആഹാര​ശീ​ല​ങ്ങ​ളിൽ മാറ്റം വരുത്തു​ക​യും ചുറ്റു​പാ​ടു​കൾ കൂടുതൽ ശുചി​ത്വ​മു​ള്ള​താ​ക്കി​ത്തീർക്കു​ക​യും ചെയ്‌ത​പ്പോൾ അവൾ സുഖം പ്രാപി​ച്ചു. ഒരു ചെറിയ ട്രക്കിനെ ഞങ്ങൾ ഒരു വാഹന​ഭ​വ​ന​മാ​ക്കി. അതാകു​മ്പോൾ ഞങ്ങൾ യാത്ര ചെയ്യു​മ്പോ​ഴും എമിലിക്ക്‌ വൃത്തി​യുള്ള ചുറ്റു​പാ​ടിൽ ആയിരി​ക്കാൻ കഴിയു​മാ​യി​രു​ന്ന​ല്ലോ. കാല​ക്ര​മേണ അവൾ നല്ല ആരോ​ഗ്യം വീണ്ടെ​ടു​ത്തു.

കാനഡ​യി​ലേക്കു മടങ്ങുന്നു

വിസ്‌മ​യങ്ങൾ നിറഞ്ഞ ആഫ്രിക്കൻ ഭൂഖണ്ഡ​ത്തിൽ, മിഷനറി സേവന​ത്തി​ന്റെ 35 വർഷങ്ങൾ പിന്നി​ട്ട​ശേഷം 1988-ൽ ഞങ്ങളെ തിരികെ കാനഡ​യി​ലേക്കു നിയമി​ച്ചു. 1991-ൽ, ഞാൻ വീണ്ടും സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവി​ക്കാൻ തുടങ്ങി. എട്ടുവർഷ​ങ്ങൾക്കു ശേഷം എനിക്ക്‌ മസ്‌തി​ഷ്‌കാ​ഘാ​തം ഉണ്ടായി. അതിനു​ശേഷം എന്റെ പ്രവർത്ത​നങ്ങൾ വളരെ പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നു. എങ്കിലും ഒൺടേ​റി​യോ​യി​ലെ ലണ്ടനി​ലുള്ള സഭകളി​ലൊ​ന്നിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ന്ന​തി​ന്റെ സന്തോഷം ഞാൻ ഇപ്പോ​ഴും ആസ്വദി​ക്കു​ന്നു.

ഏകദേശം 56 വർഷങ്ങൾക്കു മുമ്പ്‌ തെക്കൻ സസ്‌കാ​ച്ചെ​വ​നിൽ കുതി​ര​പ്പു​റത്ത്‌ ഒരു പയനി​യ​റാ​യി തുടക്ക​മിട്ട കാല​ത്തേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ എനിക്കു നിറഞ്ഞ സംതൃ​പ്‌തി​യാണ്‌. ആത്മീയ​രായ വ്യക്തികൾ ചിന്തി​ക്കു​ന്നതു പോലെ ചിന്തി​ക്കാ​നും സത്യത്തി​നും നീതി​ക്കും​വേണ്ടി നിർഭയം നില​കൊ​ള്ളാ​നും ഞങ്ങളെ പഠിപ്പി​ക്കു​ന്ന​തിൽ ഡാഡി വീഴ്‌ച​വ​രു​ത്താ​തി​രു​ന്ന​തിൽ ഞാൻ എത്ര നന്ദിയു​ള്ള​വ​നാ​ണെ​ന്നോ! ഉദ്ദേശ്യ​പൂർണ​മായ ഒരു ജീവിതം എനിക്കു നൽകിയ ദൈവ​വ​ചനം അദ്ദേഹം എന്നെ പഠിപ്പി​ച്ചു. ആ പൈതൃ​കം എന്റെ ജീവനാ​ളു​ക​ളി​ലെ​ല്ലാം എന്റെ നിഴലാ​യി​രു​ന്നി​ട്ടുണ്ട്‌. ഈ പഴയ വ്യവസ്ഥി​തി വെച്ചു​നീ​ട്ടി​യേ​ക്കാ​വുന്ന യാതൊ​ന്നി​നും വേണ്ടി യഹോ​വ​യു​ടെ സേവന​ത്തിൽ ഞാൻ ചെലവ​ഴിച്ച ജീവിതം വെച്ചു​മാ​റാൻ ഞാൻ ഒരിക്ക​ലും തയ്യാറാ​കു​ക​യില്ല. (g03 10/22)

[21-ാം പേജിലെ ചിത്രം]

ഒമ്പതു കുട്ടി​ക​ള​ട​ങ്ങുന്ന ഞങ്ങളുടെ കുടും​ബം, മമ്മിയു​ടെ കൈയിൽ ഏറ്റവും ഇളയകു​ട്ടി. മമ്മിയു​ടെ പുറകിൽ നിൽക്കു​ന്നത്‌ ഞാൻ, 1949-ൽ

[22-ാം പേജിലെ ചിത്രം]

എന്റെ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​യി ഞാൻ ഉണ്ടാക്കിയ “കബൂസ്‌”

[22-ാം പേജിലെ ചിത്രം]

പ്രസംഗവേല ചെയ്‌ത​തിന്‌ ക്വി​ബെ​ക്കിൽ അറസ്റ്റി​ലായ സ്‌ത്രീ​കൾ

[24, 25 പേജു​ക​ളി​ലെ ചിത്രം]

സിംബാബ്‌വേയിലെ ഈ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രെ പഠിപ്പി​ക്കു​ന്ന​തിൽ ഞാൻ പങ്കെടു​ത്തു

[25-ാം പേജിലെ ചിത്രം]

എമിലിയുടെ ആരോ​ഗ്യം വീണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ഞങ്ങൾ പണിത വാഹന​ഭ​വ​നം

[25-ാം പേജിലെ ചിത്രം]

എമിലിയോടൊപ്പം, അടുത്ത​കാ​ലത്ത്‌ എടുത്ത ഒരു ഫോട്ടോ