വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരാദമെങ്കിലും ഉപകാരിയായ ഒരു കടന്നൽ

പരാദമെങ്കിലും ഉപകാരിയായ ഒരു കടന്നൽ

പരാദ​മെ​ങ്കി​ലും ഉപകാ​രി​യായ ഒരു കടന്നൽ

ഇക്ക്‌ന്യൂ​മൊൺ കടന്നൽ കാഴ്‌ച​യ്‌ക്ക്‌ ഒരു വിചി​ത്ര​ജീ​വി​യാണ്‌, ഏതാണ്ട്‌ പേടി​പ്പെ​ടു​ത്തുന്ന ഒരു രൂപം. എന്നാൽ അതിനെ പരാദ​ജീ​വി​ക​ളു​ടെ പട്ടിക​യിൽ പെടു​ത്തി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ഇത്‌ സാധാരണ മറ്റു പ്രാണി​ക​ളു​ടെ​യും ചിലന്തി​ക​ളു​ടെ​യു​മൊ​ക്കെ ലാർവ​യു​ടെ പുറത്തോ ഉള്ളിലോ മുട്ടയി​ട്ടാണ്‌ പ്രജനനം നടത്തു​ന്നത്‌.

വടക്കേ അമേരി​ക്ക​യിൽ, ഇക്ക്‌ന്യൂ​മൊൺ കടന്നലു​ക​ളു​ടെ​തന്നെ 3,000-ത്തിലധി​കം സ്‌പീ​ഷീ​സു​കൾ ഉണ്ട്‌. ഈ കടന്നലു​കൾ, പരാദ​ജീ​വി​ക​ളായ വിവി​ധ​തരം കടന്നലു​കൾ ഉൾപ്പെട്ട വലി​യൊ​രു കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌. ലോക​മൊ​ട്ടാ​കെ, ഈ പ്രാണി​ക്കു​ടും​ബ​ത്തിൽ 40,000-ത്തിൽ അധികം സ്‌പീ​ഷീ​സു​ക​ളുണ്ട്‌ എന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ കണക്കാ​ക്കു​ന്നു.

ഇക്ക്‌ന്യൂ​മൊൺ കടന്നലു​കൾ വലുപ്പ​ത്തിൽ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അതായത്‌, ഇവയ്‌ക്ക്‌ ഏതാണ്ട്‌ 0.3 മുതൽ 5 വരെ സെന്റി​മീ​റ്റർ നീളമുണ്ട്‌. ഇവയുടെ, വണ്ണം കുറഞ്ഞു വളഞ്ഞി​രി​ക്കുന്ന ഉദരഭാ​ഗ​ത്തിന്‌ തലയും ഉരസ്സും ചേർന്നാൽ ഉള്ളതി​നെ​ക്കാൾ നീളമുണ്ട്‌. കുത്തുന്ന കടന്നലു​ക​ളു​ടേ​തി​നെ​ക്കാൾ നീളം​കൂ​ടിയ കൊമ്പു​ക​ളാണ്‌ ഇക്ക്‌ന്യൂ​മൊ​ണു​കൾക്ക്‌ ഉള്ളത്‌.

ഇക്ക്‌ന്യൂ​മൊ​ണു​ക​ളു​ടെ ഉദരത്തി​ന്റെ അറ്റത്ത്‌ സൂചി​പോ​ലുള്ള ഒരു കുഴലുണ്ട്‌. ഇവയുടെ തികച്ചും വ്യതി​രി​ക്ത​മായ ഒരു സവി​ശേ​ഷ​ത​യാ​ണിത്‌. അണ്ഡനി​ക്ഷേ​പി​ണി എന്നറി​യ​പ്പെ​ടുന്ന, മുട്ടയി​ടാ​നു​പ​യോ​ഗി​ക്കുന്ന ഈ അവയവ​ത്തി​നു മിക്ക​പ്പോ​ഴും ശരീര​ത്തെ​ക്കാൾ നീളമുണ്ട്‌. ഒരു കുതി​ര​രോ​മ​ത്തോ​ളം മാത്രം കട്ടിയുള്ള ഈ അവയവ​ത്തിന്‌ നൂലു​പോ​ലുള്ള മൂന്ന്‌ ഇഴകളുണ്ട്‌. ഈ ഇഴകൾ മുന്നോ​ട്ടും പിന്നോ​ട്ടും തെന്നു​മ്പോൾ മുട്ട കുഴലി​ലൂ​ടെ പുറത്തു​വ​രും.

മുട്ട നിക്ഷേ​പി​ക്കാൻ പറ്റിയ ഒരു ലാർവയെ ഇക്ക്‌ന്യൂ​മൊൺ കണ്ടുപി​ടി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഇക്ക്‌ന്യൂ​മൊൺ ജനുസ്സിൽപ്പെട്ട പെൺ മെഗാ​രി​സ്സാ കടന്നലു​കൾ, കൊമ്പു​കൾ ഉപയോ​ഗിച്ച്‌ മരത്തിൽ കൊട്ടു​ന്നത്‌ നിരീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. മരപ്പട്ട​യ്‌ക്ക്‌ അടിയിൽ രണ്ടോ അതില​ധി​ക​മോ സെന്റി​മീ​റ്റർ ആഴത്തിൽ ജീവി​ക്കുന്ന ലാർവ​യു​ടെ സ്‌പന്ദനം പിടി​ച്ചെ​ടു​ക്കു​ക​യാണ്‌ അതിന്റെ ഉദ്ദേശ്യം. ലാർവ​യു​ടെ സാന്നി​ധ്യം തിരി​ച്ച​റി​ഞ്ഞാൽ അവൾ കൊട്ട​ലിന്‌ ആക്കം കൂട്ടുന്നു. ഒടുവിൽ, അവൾ അണ്ഡനി​ക്ഷേ​പി​ണി​ക്കു​ഴൽ മരപ്പട്ട​യ്‌ക്കു​ള്ളി​ലൂ​ടെ തുരന്നി​റ​ക്കാൻ തുടങ്ങു​ന്നു.

നിരീ​ക്ഷ​കർ പിൻവ​രുന്ന പ്രകാരം പറഞ്ഞി​ട്ടുണ്ട്‌: “കടന്നലി​ന്റെ അണ്ഡനി​ക്ഷേ​പി​ണി​ക്കു​ഴ​ലി​ന്റെ അഗ്രം ലാർവയെ സ്‌പർശി​ക്കു​മ്പോൾ, കുഴലി​ലൂ​ടെ ഒരു മുട്ട തെന്നി​യി​റ​ങ്ങു​ന്നു. അതിനെ നാശത്തി​നു വിധി​ക്ക​പ്പെട്ട ആതിഥേയ ലാർവ​യു​ടെ സമീപ​ത്തോ മുകളി​ലോ ഉറപ്പി​ച്ചു​വെ​ക്കു​ന്നു.” മുട്ട വിരി​യു​മ്പോൾ, പുതിയ ലാർവ ആതിഥേയ ലാർവ​യു​ടെ കൊഴു​പ്പും ശരീര ദ്രവങ്ങ​ളും ഭക്ഷിച്ചു ജീവി​ക്കു​ന്നു. തുടർന്ന്‌ അത്‌ പട്ടുനൂൽകൊണ്ട്‌ ഒരു സമാധി​ക്കൂട്‌ ഉണ്ടാക്കു​ന്നു. ഈ കൂട്ടിൽ വെച്ചാണ്‌ ലാർവ വളർച്ചെ​യെ​ത്തിയ കടന്നലാ​യി വികാസം പ്രാപി​ക്കു​ന്നത്‌. വളർച്ച​പ്രാ​പിച്ച കടന്നൽ മരപ്പട്ട​യ്‌ക്കു​ള്ളിൽനി​ന്നു പുറ​ത്തെ​ത്തു​മ്പോൾ പ്രാണി​ക​ളു​ടെ ഒരു പുതിയ തലമു​റയെ ആക്രമി​ക്കാൻ തയ്യാറാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കും.

നിർദ​യ​രാ​യ പരാദ​ജീ​വി​കൾ എന്ന്‌ ചിലർ ഇവയെ വർണി​ച്ചേ​ക്കാം. എന്നാൽ, ഇക്ക്‌ന്യൂ​മൊ​ണു​കൾ ഒരു പ്രധാന ഉദ്ദേശ്യം സാധി​ക്കു​ന്നു. ഭക്ഷ്യവി​ള​കൾക്ക്‌ ഭീഷണി​യാ​കുന്ന പ്രാണി​ക​ളു​ടെ ലാർവ​കളെ ഇവയുടെ ലാർവകൾ ഭക്ഷണമാ​ക്കു​ന്നു. അമേരി​ക്കൻ മൂട്ടകൾ, പഞ്ഞിപ്പൂ​ച്ചി​കൾ, ആപ്പിൾപ്പ​ഴ​ങ്ങളെ നശിപ്പി​ക്കുന്ന കീടങ്ങളെ വഹിക്കുന്ന ഒരുതരം നിശാ​ശ​ലഭം, അസ്‌പാ​ര​ഗസ്‌ നശിപ്പി​ക്കുന്ന വണ്ടുകൾ എന്നിവ​യു​ടെ ലാർവകൾ ഇത്തരം കടന്നലു​ക​ളു​ടെ പ്രജന​ന​കേ​ന്ദ്ര​ങ്ങ​ളിൽ ഏതാനും ചിലതു​മാ​ത്രം. അങ്ങനെ, ഇക്ക്‌ന്യൂ​മൊ​ണു​കൾ കൃഷി​നാ​ശം വരുത്തുന്ന കീടങ്ങ​ളു​ടെ വളർച്ചയെ നിയ​ന്ത്രി​ക്കു​ന്ന​താ​യി കാണുന്നു.

ഇക്ക്‌ന്യൂ​മൊ​ണു​ക​ളു​ടെ എണ്ണം വളരെ​യു​ണ്ടെ​ങ്കി​ലും ആളുകൾ അവയെ അപൂർവ​മാ​യേ കാണാ​റു​ള്ളൂ. ഇവ ഇരതേ​ടു​ന്ന​തും ഇണചേ​രു​ന്ന​തും മുട്ടയി​ടു​ന്ന​തു​മെ​ല്ലാം മനുഷ്യ സാന്നി​ധ്യം വളരെ വിരള​മായ ആവാസ​വ്യ​വ​സ്ഥ​യി​ലാണ്‌ എന്നതാണു കാരണം. അങ്ങനെ, മനുഷ്യന്‌ ഇനിയും പൂർണ​മാ​യി ഗ്രഹി​ക്കാ​നാ​യി​ട്ടി​ല്ലാത്ത ജീവ​ലോ​കത്തെ വൈവി​ധ്യ​ങ്ങ​ളു​ടെ​യും സന്തുലി​താ​വ​സ്ഥ​യു​ടെ​യും മറ്റൊരു ഉദാഹ​ര​ണ​മാ​യി ഇക്ക്‌ന്യൂ​മോ​ണു​കൾ നില​കൊ​ള്ളു​ന്നു. (g03 10/22)

[12-ാം പേജിലെ ചിത്രം]

ഇക്ക്‌ന്യൂമൊൺ കടന്നൽ മുട്ടയി​ടാൻ തയ്യാ​റെ​ടു​ക്കു​ന്നു

[കടപ്പാട്‌]

Scott Bauer/Agricultural Research Service, USDA