മാതാപിതാക്കളുടെ പേരിലല്ലാതെ എനിക്ക് എങ്ങനെ അറിയപ്പെടാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
മാതാപിതാക്കളുടെ പേരിലല്ലാതെ എനിക്ക് എങ്ങനെ അറിയപ്പെടാനാകും?
“എന്റെ പിതാവ് യഹോവയുടെ സാക്ഷികളുടെ ഒരു സഭയിലെ എല്ലാവരാലും അറിയപ്പെടുന്ന ഒരു മൂപ്പനാണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, എന്നാൽ എവിടെപ്പോയാലും ബില്ലിന്റെ മകനായിട്ടാണ് ഞാൻ അറിയപ്പെടുന്നത് എന്നതിൽ ചിലപ്പോഴൊക്കെ എനിക്ക് നീരസം തോന്നിയിട്ടുണ്ട്.”—ലാറി. a
“എന്റെ പിതാവ് ഒരു പേരുകേട്ട മൂപ്പനായതുകൊണ്ട് എന്നെക്കുറിച്ച് എല്ലാവർക്കും ഉയർന്ന പ്രതീക്ഷകൾ ഉള്ളതായി തോന്നി. എന്റേതായ, സ്വാഭാവിക വിധത്തിൽ ഇടപെടുകയെന്നത് എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു.”—അലക്സാണ്ടർ.
മുതിർന്നു വരുമ്പോൾ കുറച്ചൊക്കെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതും നിങ്ങളുടേതായ ഒരു പേര് ഉണ്ടാക്കാൻ മോഹം തോന്നുന്നതും സ്വാഭാവികം മാത്രമാണ്. നിങ്ങൾ ജനിച്ചപ്പോൾ മാതാപിതാക്കൾ അവർക്ക് ഇഷ്ടപ്പെട്ട ഒരു പേര് നിങ്ങൾക്കു വേണ്ടി തിരഞ്ഞെടുത്തു. ഇപ്പോൾ, ഒരു യുവവ്യക്തിയായി വളർന്നുവരുന്ന നിങ്ങൾ നിങ്ങളുടെ “പേര്” തന്നെത്താൻ തിരഞ്ഞെടുക്കാനുള്ള, അതായത് നിങ്ങൾക്കു വേണ്ടിത്തന്നെ ഒരു സത്പേര് ഉണ്ടാക്കാനുള്ള, അവസരത്തിനായി ആഗ്രഹിക്കുന്നു.
ശലോമോൻ രാജാവ് എഴുതി: “അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.” (സദൃശവാക്യങ്ങൾ 22:1) ചെറുപ്പമായിരിക്കുമ്പോൾത്തന്നെ നിങ്ങളുടെ പ്രവർത്തനങ്ങളിലും വ്യക്തിത്വത്തിലും അധിഷ്ഠിതമായ സ്വന്തമായ ഒരു പേര് ഉണ്ടാക്കിത്തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
അവരുടെ നിഴലിൽ കഴിയൽ
ലാറിയെയും അലക്സാണ്ടറെയും പോലെ മാതാപിതാക്കളുടെ പേരിന്റെയോ നേട്ടങ്ങളുടെയോ നിഴലിൽ കഴിയുന്നതായി ചില യുവജനങ്ങൾക്കു തോന്നുന്നു. ഒരുപക്ഷേ അവരുടെ മാതാപിതാക്കൾ ജോലിയോ വിദ്യാഭ്യാസമോ നിമിത്തം സമൂഹത്തിൽ പ്രമുഖ സ്ഥാനം ഉള്ളവരായിരിക്കാം. അല്ലെങ്കിൽ അവർ ക്രിസ്തീയ സഭയിൽ പേരുകേട്ടവരായിരിക്കാം. നിങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തിൽ ഇതിൽ ഏതെങ്കിലും സത്യമായിരിക്കുന്നെങ്കിൽ, നിങ്ങൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണെന്നും നിങ്ങൾ ചെയ്യുന്നതെന്തും മറ്റുള്ളവർ എപ്പോഴും അടുത്തു നിരീക്ഷിക്കുകയാണെന്നും നിങ്ങൾക്ക് ചിലപ്പോൾ തോന്നിയേക്കാം. നിങ്ങളുടെ മാതാപിതാക്കൾ ആരാണ് എന്നതുകൊണ്ടു മാത്രം ചില പ്രത്യേക വിധങ്ങളിൽ പെരുമാറാനുള്ള സമ്മർദത്തിൻ കീഴിൽ ആകുന്നത് നിങ്ങളെ അമർഷം കൊള്ളിച്ചേക്കാം.
ഉദാഹരണത്തിന്, ഐവാന്റെ പിതാവ് യഹോവയുടെ സാക്ഷികളുടെ ഒരു പ്രാദേശിക സഭയിൽ മൂപ്പനായി സേവിക്കുകയാണ്. ഐവാൻ പറയുന്നു: “എന്റെ പിതാവ് എല്ലാവരാലും അറിയപ്പെടുന്ന, ആദരിക്കപ്പെടുന്ന ഒരു വ്യക്തിയായതിനാൽ സ്കൂളിലും വീട്ടിലും ഞാൻ ഒരു മാതൃകയായിരിക്കേണ്ടതാണെന്ന് എനിക്ക് എല്ലായ്പോഴും തോന്നിയിരുന്നു. തങ്ങളുടെ കുട്ടികൾ എങ്ങനെ പെരുമാറണം എന്നതിന്റെ മാനദണ്ഡമായി മറ്റു മാതാപിതാക്കൾ എന്നെ കണക്കാക്കിയതായി തോന്നി. ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രശംസയ്ക്കുള്ള കാരണമായിരുന്നെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ മാതൃകാപരമായ പെരുമാറ്റം കാഴ്ചവെക്കാനുള്ള വലിയ സമ്മർദം എനിക്ക് അനുഭവപ്പെട്ടു. അതിന്റെ ഫലമായി എളിമ പ്രകടമാക്കാനും എന്റെതന്നെ വ്യക്തിത്വത്തിലെ കുറവുകൾ തിരിച്ചറിയാനും ചിലപ്പോഴൊക്കെ ഞാൻ പരാജയപ്പെട്ടു.” അലക്സാണ്ടർ പറയുന്നു: “ഞാൻ എല്ലായ്പോഴും നിരീക്ഷണത്തിൻ കീഴിൽ ആയിരിക്കുന്നതായും ഞാൻ എന്തെങ്കിലും തെറ്റു
ചെയ്താൽ എന്റെ നേരെ കൈ ചൂണ്ടാൻ ആളുകൾ സദാ തയ്യാറായി ഇരിക്കുന്നതായും എനിക്കു തോന്നി.”തുടക്കത്തിൽ ഉദ്ധരിച്ച ലാറി, ശ്രദ്ധാകേന്ദ്രമാകുന്നത് ഒഴിവാക്കാൻ ശ്രമിച്ചത് തന്റെ കുടുംബപ്പേര് മറച്ചു പിടിച്ചുകൊണ്ടാണ്. അവൻ പറയുന്നു: “സാമൂഹിക കൂടിവരവുകളിൽ പുതിയ ആളുകളെ കണ്ടുമുട്ടുമ്പോൾ ഞാൻ എന്റെ കുടുംബപ്പേരു പറയാതെ ‘ഹായ്, എന്റെ പേര് ലാറി’ എന്നു മാത്രമേ പറയുമായിരുന്നുള്ളൂ. സാധ്യമാകുമ്പോഴൊക്കെ, ഞാൻ ഫോമുകളിൽ ഒപ്പിട്ടിരുന്നതു പോലും എന്റെ ആദ്യ പേരു മാത്രം വെച്ചാണ്. എന്റെ പിതാവ് ആരാണെന്ന് അറിഞ്ഞാൽ ആളുകൾ എന്നോട് വ്യത്യസ്തമായി ഇടപെടുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. കൂട്ടുകാർ എന്നോട് സാധാരണപോലെ ഇടപെടാനാണ് ഞാൻ ആഗ്രഹിച്ചത്.”
തീർച്ചയായും, നിങ്ങളുടെ പിതാവ് ഒരു ക്രിസ്തീയ മൂപ്പനോ ശുശ്രൂഷാ ദാസനോ ആയി സേവനം അനുഷ്ഠിക്കുന്നെങ്കിൽ നിങ്ങളെ കുറിച്ച് മറ്റുള്ളവർക്ക് ഉയർന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നേക്കാമെന്നത് ന്യായയുക്തം മാത്രമാണ്. അത്തരം നിയമിത സ്ഥാനങ്ങളിൽ ആയിരിക്കുന്ന പുരുഷന്മാർ ‘മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവർ ആയിരിക്കേണ്ടവരാണല്ലോ.’ (1 തിമൊഥെയൊസ് 3:5, 12) അപ്പോൾപ്പിന്നെ, നിങ്ങൾ മാതൃകായോഗ്യമായ നടത്തയുള്ളവരായിരിക്കാൻ ആളുകൾ പ്രതീക്ഷിക്കുന്നതിൽ അതിശയമില്ല! എന്നാൽ അത് തീർത്തും മോശമായ ഒരു സംഗതിയാണോ? തന്നോടൊപ്പം സഞ്ചരിക്കാനും അതിപ്രധാനമായ ശുശ്രൂഷയിൽ പങ്കുചേരാനും യുവ ക്രിസ്ത്യാനിയായ—ഒരുപക്ഷേ അപ്പോഴും കൗമാരത്തിൽ ആയിരുന്ന—തിമൊഥെയൊസിനെ പൗലൊസ് തിരഞ്ഞെടുത്തതിനെ കുറിച്ചു പരിചിന്തിക്കുമ്പോൾ അല്ല. (1 തെസ്സലൊനീക്യർ 3:1-3) അതുകൊണ്ട്, നിങ്ങളുടെ പിതാവ് ഒരു നിയമിത മൂപ്പനാണെങ്കിലും അല്ലെങ്കിലും നിങ്ങൾ ഒരു മാതൃകയായിരിക്കാൻ പ്രയത്നിക്കേണ്ടതുണ്ട്.
മത്സരം—ബുദ്ധിശൂന്യമായ ഒരു തിരഞ്ഞെടുപ്പ്
എങ്കിലും, ചില യുവജനങ്ങൾ മത്സരമനോഭാവം പ്രകടമാക്കിക്കൊണ്ട് മാതാപിതാക്കളുടെ നിഴലിൽനിന്ന് പുറത്തുവരാൻ ശ്രമിക്കുന്നു. ഐവാൻ പറയുന്നു: “ഒരു മാതൃക ആയിരിക്കേണ്ടിവരുന്നതിൽ എനിക്കു ദേഷ്യം തോന്നിയ സമയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് മുടി നീട്ടിവളർത്തിക്കൊണ്ട് ഞാൻ മത്സരമനോഭാവം പ്രകടമാക്കി. എത്രത്തോളം അങ്ങനെ പോകാം അല്ലെങ്കിൽ എപ്പോഴാണ് മറ്റുള്ളവർ എന്തെങ്കിലും പറയുക എന്നു കാണാൻ ഞാൻ കാത്തിരുന്നു.”
ദാവീദു രാജാവിന്റെ പുത്രന്മാരിൽ ഒരാളായ അബ്ശാലോം ഒരു മത്സരാത്മക ഗതി പിന്തുടരുകയുണ്ടായി. യഹോവാഭക്തിക്കു പേരുകേട്ട ഒരാളായിരുന്നു അവന്റെ പിതാവ്. മാത്രമല്ല ഇസ്രായേൽ ജനതയിൽപ്പെട്ട അനേകരുടെയും സ്നേഹഭാജനവും ആയിരുന്നു അദ്ദേഹം. ദാവീദിന്റെ പുത്രൻ എന്ന നിലയിൽ അബ്ശാലോമിനെ കുറിച്ച് വളരെയേറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ ന്യായമായ പ്രതീക്ഷകൾക്കൊത്തു ജീവിക്കുന്നതിനു പകരം, തന്റെ പിതാവിനെതിരെ മത്സരിച്ചുകൊണ്ട് തനിക്കു വേണ്ടിത്തന്നെ ഒരു പേരുണ്ടാക്കാൻ അബ്ശാലോം തീരുമാനിച്ചു. ദാവീദ് യഹോവയുടെ അഭിഷിക്ത പ്രതിനിധി ആയിരുന്നതിനാൽ അബ്ശാലോം യഥാർഥത്തിൽ യഹോവയ്ക്ക് എതിരെയാണു മത്സരിച്ചത്. അവന്റെ പ്രവർത്തനങ്ങൾ കുടുംബത്തിന് ലജ്ജയും അവന്റെമേൽ അനർഥവും വരുത്തിവെച്ചു.—2 ശമൂവേൽ 15:1-15; 16:20-22; 18:9-15.
മത്സരത്തിന് നിങ്ങളുടെ മേലും വിനാശകരമായ ഫലങ്ങൾ ഉളവാക്കാൻ കഴിയും. നെഹെമ്യാവിനെ കുറിച്ച് നെഹെമ്യാവു 6:13, പി.ഒ.സി. ബൈബിൾ) മത്സരം നിങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാക്കിയേക്കാം—ആളുകൾ പെട്ടെന്നൊന്നും മറക്കാൻ ഇടയില്ലാത്ത ഒന്നുതന്നെ.
ബൈബിൾ നമ്മോടു പറയുന്നത് പരിചിന്തിക്കുക. അവനെക്കൊണ്ട് ഉപായപൂർവം ഭക്തിവിരുദ്ധമായ ഒരു കാര്യം ചെയ്യിക്കാൻ അവന്റെ ശത്രുക്കളിൽ ചിലർ ശ്രമിക്കുകയുണ്ടായി. എന്തിനായിരുന്നു? ‘എനിക്കു ദുഷ്കീർത്തിയുണ്ടാക്കി എന്നെ അവഹേളിക്കുന്നതിന്’ എന്ന് നെഹെമ്യാവ് പറഞ്ഞു. (മത്സരാത്മക പെരുമാറ്റം മറ്റുള്ളവരിൽ ഉണ്ടാക്കിയേക്കാവുന്ന ഫലവും അവഗണിച്ചു കൂടാ. അത്തരം ഒരു നടപടിയിലൂടെ കുറഞ്ഞപക്ഷം നിങ്ങൾ മാതാപിതാക്കൾക്ക് അനാവശ്യ ദുഃഖം വരുത്തിവെക്കും. (സദൃശവാക്യങ്ങൾ 10:1) നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റു യുവജനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം. ഐവാൻ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എന്റെ പെരുമാറ്റം എന്റെ അനുജന്റെ മേൽ മോശമായ ഫലം ഉളവാക്കി. കുറെ നാളത്തേക്ക് അവൻ ക്രിസ്തീയ സഭ പാടേ ഉപേക്ഷിച്ച്, ബൈബിൾ നിലവാരങ്ങൾക്ക് നിരക്കാത്തതെന്ന് തനിക്ക് അറിയാവുന്ന സർവ കാര്യങ്ങളുടെയും പിന്നാലെ പോയി. എങ്കിലും സന്തോഷകരമെന്നു പറയട്ടെ, ഒടുവിൽ അവൻ സുബോധത്തിലേക്കു വന്നു. ഇപ്പോൾ അവൻ സന്തോഷത്തോടുകൂടി വീണ്ടും യഹോവയെ സേവിക്കുന്നു.”
മെച്ചപ്പെട്ട ഒരു മാർഗം
അബ്ശാലോമിന്റെ അർധ സഹോദരനായ ശലോമോൻ വ്യത്യസ്തമായ ഒരു ഗതിയാണ് തിരഞ്ഞെടുത്തത്. തന്റെ പിതാവായ ദാവീദിൽനിന്ന് താഴ്മയോടെ പഠിക്കാൻ മനസ്സൊരുക്കം ഉള്ളവനായിരുന്നു അവൻ. (1 രാജാക്കന്മാർ 2:1-4) മനുഷ്യരുടെ ഇടയിൽ വലിയ പേരും പെരുമയും നേടിയെടുക്കാൻ ശ്രമിക്കുന്നതിനു പകരം യഹോവയുടെ മുമ്പാകെ ഒരു നല്ല പേര് സമ്പാദിക്കാനാണ് ശലോമോൻ ശ്രമിച്ചത്. അങ്ങനെ ചെയ്തിടത്തോളം കാലം, അവൻ തന്റെ കുടുംബത്തിന് ബഹുമതി കൈവരുത്തുകയും ഇസ്രായേലിലെ ഏറ്റവും മഹാന്മാരായ രാജാക്കന്മാരിൽ ഒരാൾ എന്ന സത്പേര് സമ്പാദിക്കുകയും ചെയ്തു.—1 രാജാക്കന്മാർ 3:4-14.
ശലോമോന്റെ നല്ല ദൃഷ്ടാന്തം രണ്ടു സുപ്രധാന വസ്തുതകൾ എടുത്തുകാട്ടുന്നു: ഒന്നാമതായി, കുടുംബത്തിൽനിന്ന് സ്വയം അകന്നുപൊയ്ക്കൊണ്ടല്ല, പകരം നിങ്ങളുടെ കുടുംബാംഗങ്ങളുടെ നല്ല ഗുണങ്ങളിൽനിന്നു പഠിച്ചുകൊണ്ടാണ് നിങ്ങൾ സ്വന്തം വ്യക്തിത്വം സ്ഥാപിക്കേണ്ടത്. കൗമാരം (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “കൗമാരം എന്നത് ഒരിക്കലും ശക്തമായ ഒരു വ്യക്തിത്വ ബോധം കൈവരിക്കാൻ വേണ്ടി യുവജനങ്ങൾ മാതാപിതാക്കളുമായുള്ള ബന്ധം വേർപെടുത്താനുള്ള സമയം ആയിരിക്കരുത്.” സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനുള്ള നിങ്ങളുടെ കഴിവിന് “മാതാപിതാക്കളുടെ പിന്തുണ വിഘാതമാകുന്നില്ല. പകരം അത് [ആ കഴിവിനെ] ഊട്ടിവളർത്തുകയാണ് ചെയ്യുന്നത്” എന്ന് ആ പ്രസിദ്ധീകരണം തുടർന്നു പറയുന്നു.
രസാവഹമെന്നു പറയട്ടെ, ശലോമോൻതന്നെ ഈ ഉദ്ബോധനം നൽകി: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.” (സദൃശവാക്യങ്ങൾ 23:22) ശലോമോൻ ഇത് എഴുതിയത് കൊച്ചുകുട്ടികൾക്കല്ല എന്നതു വ്യക്തമാണ്. കാരണം മാതാപിതാക്കൾ “വൃദ്ധ”രായിത്തീരുമ്പോഴേക്കും കുട്ടി സാധ്യതയനുസരിച്ച് ഒരു മുതിർന്ന വ്യക്തിയായിട്ടുണ്ടാകും. എന്താണ് ആ സദൃശവാക്യത്തിന്റെ സാരം? നിങ്ങൾ മുതിർന്ന്, സ്വന്തമായ ഒരു കുടുംബമൊക്കെ ആയിക്കഴിഞ്ഞാലും മാതാപിതാക്കളുടെ ജ്ഞാനത്തിൽനിന്ന് നിങ്ങൾക്ക് പ്രയോജനം അനുഭവിക്കാൻ കഴിയും. ഐവാൻ അത് തിരിച്ചറിയാൻ ഇടയായി. അവൻ പറയുന്നു: “മുതിർന്നു വരവേ, എന്റെ മാതാപിതാക്കളുടെ തെറ്റുകൾ ഒഴിവാക്കി അവരുടെ നല്ല ഗുണങ്ങൾ പകർത്താൻ ശ്രമിക്കുകയാണ് ഞാൻ.”
പരിചിന്തനം അർഹിക്കുന്ന രണ്ടാമത്തെ ആശയം, സ്വന്തം “വ്യക്തിത്വം” സ്ഥാപിക്കുന്നതിനല്ല, പകരം യഹോവയെ പ്രസാദിപ്പിക്കുന്നതിനാണ് ശലോമോൻ മുൻഗണന നൽകിയത് എന്നതാണ്. ദാവീദിന്റെ മകൻ എന്ന നിലയിൽ അവനിൽനിന്ന് വളരെയധികം പ്രതീക്ഷിച്ചിരുന്നു എന്നതു സത്യംതന്നെ. എന്നാൽ യഹോവയിലുള്ള ശലോമോന്റെ ആശ്രയം തന്റെ ഉത്തവാദിത്വങ്ങൾ നിർവഹിക്കാൻ അവനെ പ്രാപ്തനാക്കി. അലക്സാണ്ടർ സമാനമായ ഒരു വീക്ഷണം സ്വീകരിച്ചിരിക്കുകയാണ്. അവൻ പറയുന്നു: “മൂപ്പന്മാരുടെ മക്കളിൽനിന്ന് പൊതുവേ കൂടുതൽ പ്രതീക്ഷിക്കപ്പെടുന്നു എന്ന വസ്തുത ഞാൻ ഇപ്പോൾ അംഗീകരിക്കുന്നു. ആ വീക്ഷണത്തോട് ക്രിയാത്മകമായ ഒരു സമീപനം പുലർത്താൻ ഞാൻ തീരുമാനിച്ചു. അത് എനിക്ക് ഒരു സംരക്ഷണം ആയിത്തീർന്നിരിക്കുന്നു. എന്നെ സംബന്ധിച്ച യഹോവയുടെ വീക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്ന് ഞാൻ തിരിച്ചറിയാൻ ഇടയായിരിക്കുന്നു. കേവലം ഞാൻ ആരുടെ മകൻ ആണെന്നല്ല, ഞാൻ ആരാണെന്ന് അവന് അറിയാം.”
ഡാരിനും പ്രശസ്തരായ മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതിന്റെ വെല്ലുവിളിയെ തരണം ചെയ്യാൻ പഠിച്ചിരിക്കുന്നു. ഡാരിന്റെ പിതാവ് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്ന് b—മിഷനറിമാർക്ക് പരിശീലനം നൽകുന്ന ഒരു സ്കൂൾ—ബിരുദം നേടിയ വ്യക്തിയാണ്. ഡാരിൻ പറയുന്നു: “സ്നാപനമേറ്റപ്പോൾ ഞാൻ എന്നെത്തന്നെ സമർപ്പിച്ചത് യഹോവയ്ക്കാണ്, അല്ലാതെ മറ്റാർക്കുമല്ല. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതു വഴി, എന്റെ മാതാപിതാക്കൾ ചെയ്തതെല്ലാം ചെയ്യാൻ എന്നെക്കൊണ്ട് കഴിയുന്നില്ലെങ്കിൽ കൂടി യഹോവ എന്നിൽ സംപ്രീതനാണ് എന്ന് അറിയുന്നതിൽനിന്ന് ഉണ്ടാകുന്ന ആന്തരിക സമാധാനം എനിക്കുണ്ട്.”
ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “തങ്ങളുടെ സ്വഭാവം നിർദ്ദോഷവും നീതിയുക്തവുമാണോ എന്നു ശിശുക്കൾപോലും [“ഒരു ബാലൻ,” NW] സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.” (സദൃശവാക്യങ്ങൾ 20:11, പി.ഒ.സി. ബൈ.) ആത്യന്തികമായി, നിങ്ങൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ നിമിത്തമായിരിക്കും ആളുകൾ നിങ്ങളെ ഓർമിക്കുക. “വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും” മാതൃകയായിരിക്കുക. അങ്ങനെ ആയിരിക്കുന്നെങ്കിൽ നിങ്ങളുടെ വ്യക്തിത്വം ആളുകൾ ഇഷ്ടപ്പെടുകയും അതുനിമിത്തം നിങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും!—1 തിമൊഥെയൊസ് 4:12.
എന്നിരുന്നാലും, മറ്റുചില യുവജനങ്ങൾക്ക് അൽപ്പം വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. അതിസമർഥരായ സ്വന്തം സഹോദരങ്ങളുടെ നിഴലിൽനിന്നു പുറത്തുവരിക എന്നതാണ് അത്. ഈ വെല്ലുവിളിയെ എങ്ങനെ നേരിടാൻ കഴിയുമെന്ന് ഒരു ഭാവി ലേഖനം ചർച്ചചെയ്യുന്നതായിരിക്കും. (g03 10/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഗിലെയാദ് സ്കൂൾ യഹോവയുടെ സാക്ഷികളാൽ നടത്തപ്പെടുന്ന സ്കൂളാണ്.
[28-ാം പേജിലെ ആകർഷക വാക്യം]
മത്സരിക്കുന്നത് നിങ്ങളുടെ മാതാപിതാക്കൾക്ക് ദുഃഖം വരുത്തിവെക്കുക മാത്രമല്ല, നിങ്ങളുടെ സത്പേരിനു കളങ്കമേൽപ്പിക്കുകയും ചെയ്യും
[28-ാം പേജിലെ ചിത്രം]
നിങ്ങൾ വെക്കുന്ന നല്ല മാതൃക മറ്റുള്ളവർക്കു പ്രയോജനകരമായിരിക്കാൻ കഴിയും