വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൊസെയ്‌ക്‌ ശിലാശകലങ്ങൾകൊണ്ട്‌ ഒരു ചിത്രവേല

മൊസെയ്‌ക്‌ ശിലാശകലങ്ങൾകൊണ്ട്‌ ഒരു ചിത്രവേല

മൊ​സെ​യ്‌ക്‌ ശിലാ​ശ​ക​ല​ങ്ങൾകൊണ്ട്‌ ഒരു ചിത്ര​വേല

ഇറ്റലിയിലെ ഉണരുക! ലേഖകൻ

“അനന്യ​സാ​ധാ​ര​ണ​മായ ഒരു കലാരൂ​പം,” “വിസ്‌മ​യാ​വ​ഹ​മായ” അലങ്കാ​ര​വി​ദ്യ, “പൗരാ​ണി​ക​ത​യിൽ നിന്ന്‌ അതിജീ​വി​ച്ചി​രി​ക്കുന്ന അലങ്കാ​ര​ക​ല​ക​ളിൽവെച്ച്‌ ഏറ്റവും ഈടു​നിൽക്കുന്ന” ഒന്ന്‌. ഇതെല്ലാം മൊ​സെ​യ്‌ക്കി​ന്റെ വിശേ​ഷ​ണ​ങ്ങ​ളാണ്‌. 15-ാം നൂറ്റാ​ണ്ടി​ലെ ഇറ്റാലി​യൻ ചിത്ര​കാ​രൻ ഡോ​മേ​നി​ക്കോ ഗിർലൻഡാ​യോ ഇതിനെ വിളി​ച്ചത്‌, “ചിത്രം അനശ്വ​ര​മാ​ക്കു​ന്ന​തി​നുള്ള യഥാർഥ മാർഗം” എന്നാണ്‌. മൊ​സെ​യ്‌ക്കു​കളെ കുറിച്ച്‌ നിങ്ങളു​ടെ അഭി​പ്രാ​യം എന്താ​ണെ​ങ്കി​ലും ശരി, അവയ്‌ക്ക്‌ തികച്ചും വശ്യമായ ഒരു ചരി​ത്ര​മുണ്ട്‌.

ഒരു പ്രതല​ത്തിൽ—തറ, ചുവർ, കമാന​ത്തട്ട്‌ മുതലാ​യവ—കല്ല്‌, ഗ്ലാസ്സ്‌ അല്ലെങ്കിൽ ഓട്‌ എന്നിവ​യു​ടെ ചെറിയ തുണ്ടുകൾ അടുത്ത​ടു​ത്തു പതിച്ച്‌ അലങ്കരി​ക്കുന്ന കല എന്നാണ്‌ മൊ​സെ​യ്‌ക്കി​നെ നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌. പുരാതന കാലം മുതൽക്കേ, തറയും ചുവരു​ക​ളും അലങ്കരി​ക്കാൻ മൊ​സെ​യ്‌ക്‌ ഉപയോ​ഗി​ച്ചി​രു​ന്നു. കുളി​പ്പു​രകൾ, കുളങ്ങൾ, ഫൗണ്ടനു​കൾ എന്നിങ്ങനെ, ഈടു​കു​റഞ്ഞ മറ്റു കലാരൂ​പ​ങ്ങൾക്ക്‌ ഈർപ്പം​നി​മി​ത്തം കേടു​വ​രാ​നി​ട​യുള്ള സ്ഥലങ്ങളും മൊ​സെ​യ്‌ക്കു​കൾ കൊണ്ട്‌ അലങ്കരി​ച്ചി​രു​ന്നു.

മൊ​സെ​യ്‌ക്കു​കൾ പല രൂപത്തി​ലുണ്ട്‌. ഒറ്റനി​റ​ത്തിൽ ലളിത​മായ പ്രതല​മു​ള്ള​വ​യും കറുപ്പും വെളു​പ്പും ഡി​സൈ​നു​കൾ ഉള്ളവയും ഉണ്ട്‌. കൂടാതെ, സങ്കീർണ​മായ വർണ​വൈ​വി​ധ്യ​ങ്ങ​ളിൽ പുഷ്‌പ​മാ​തൃ​ക​കൾകൊണ്ട്‌ അലംകൃ​ത​മാ​യവ മുതൽ അതിവി​ദ​ഗ്‌ധ​മായ കലാചാ​തു​രി ആവശ്യ​മായ മനോ​ജ്ഞ​മായ ചിത്ര​ങ്ങ​ളാൽ വിരചി​ത​മാ​യ​വ​വരെ.

കണ്ടുപി​ടി​ത്ത​വും വികാ​സ​വും

ആരാണു മൊ​സെ​യ്‌ക്കു​കൾ കണ്ടുപി​ടി​ച്ചത്‌ എന്നത്‌ ഇന്നും അവ്യക്ത​മാണ്‌. പുരാതന ഈജി​പ്‌തു​കാ​രും സുമേ​രി​യ​ന്മാ​രും തങ്ങളുടെ കെട്ടി​ടങ്ങൾ ചിത്ര​ഖ​ചി​ത​മായ വർണഭം​ഗി​യുള്ള പ്രതല​ങ്ങൾകൊണ്ട്‌ അലങ്കരി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, ഈ കലാരൂ​പം അധികം വികാസം പ്രാപി​ക്കാ​തെ അസ്‌ത​മി​ച്ചെന്നു തോന്നു​ന്നു. ഏഷ്യാ​മൈനർ, കാർത്തേജ്‌, ക്രീറ്റ്‌, ഗ്രീസ്‌, സിസിലി, സിറിയ, സ്‌പെ​യിൻ എന്നീ സ്ഥലങ്ങൾക്കെ​ല്ലാം മൊ​സെ​യ്‌ക്കി​ന്റെ ജന്മദേ​ശ​മെന്ന കീർത്തി​യുണ്ട്‌. അതിനാൽ, ഈ കലാവി​ദ്യ “ആദ്യം ആവിഷ്‌ക​രി​ക്ക​പ്പെട്ടു, പിന്നെ വിസ്‌മ​രി​ക്ക​പ്പെട്ടു. പിന്നെ പല കാലങ്ങ​ളി​ലാ​യി മെഡി​റ്റ​റേ​നി​യനു ചുറ്റും പലയി​ട​ത്താ​യി അതു വീണ്ടും കണ്ടുപി​ടി​ക്ക​പ്പെട്ടു” എന്ന്‌ ഒരു എഴുത്തു​കാ​രൻ നിഗമനം ചെയ്യുന്നു.

ആദ്യകാല മൊ​സെ​യ്‌ക്കു​ക​ളിൽ ചിലതിന്‌ പൊ.യു.മു. 9-ാം നൂറ്റാ​ണ്ടോ​ളം പഴക്കമുണ്ട്‌. ലളിത​മായ മാതൃ​ക​ക​ളിൽ മിനു​സ​മുള്ള ചെറിയ ഉരുളൻ കല്ലുകൾ നിരത്തി​യ​താ​യി​രു​ന്നു ഇവ. പ്രാ​ദേ​ശി​ക​മാ​യി കാണ​പ്പെ​ടുന്ന കല്ലുക​ളു​ടെ നിറങ്ങൾ ആയിരു​ന്നു മൊ​സെ​യ്‌ക്കു​ക​ളു​ടെ നിറം നിശ്ചയി​ച്ചി​രു​ന്നത്‌. സാധാരണ ഈ കല്ലുക​ളു​ടെ വ്യാസം 10 മുതൽ 20 വരെ മില്ലി​മീ​റ്റ​റാ​യി​രു​ന്നു. എന്നാൽ സവിസ്‌ത​ര​മായ ചില മാതൃ​ക​ക​ളിൽ ഉപയോ​ഗി​ച്ചത്‌ വെറും അഞ്ചു മില്ലി​മീ​റ്റ​റോ​ളം വ്യാസ​മുള്ള തീരെ ചെറിയ കല്ലുക​ളാ​യി​രു​ന്നു. പൊ.യു.മു. നാലാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും കരവേ​ല​ക്കാർ ഉരുളൻ കല്ലുകൾ ചെറു​ക​ഷ​ണ​ങ്ങ​ളാ​യി മുറി​ക്കാൻ തുടങ്ങി. ഇത്‌ കൂടുതൽ കൃത്യത കൈവ​രി​ക്കാൻ അവരെ സഹായി​ച്ചു. ക്രമേണ ചെറിയ ചതുര​ക്ക​ല്ലു​കൾ അഥവാ ടെസറായ്‌ ഉരുളൻ കല്ലുക​ളു​ടെ സ്ഥാനം കൈയ​ടക്കി. ടെസറായ്‌, വർണ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ഒരു ശ്രേണി​തന്നെ കാഴ്‌ച​വെച്ചു. ഇവ പ്രതല​ത്തിൽ പതിപ്പി​ക്കാൻ കൂടുതൽ എളുപ്പ​വും ആവശ്യ​മായ ഡിസൈൻ കൈവ​രി​ക്കു​ന്ന​തിൽ ഏറെ സഹായ​ക​വു​മാ​യി​രു​ന്നു. ഈ ചെറു തുണ്ടുകൾ പ്രതല​ങ്ങളെ മിനു​സ​മു​ള്ള​താ​ക്കി. മാത്രമല്ല പ്രതലങ്ങൾ ഉരച്ചും മെഴുകു തേച്ചും മിനുക്കി നിറങ്ങ​ളു​ടെ ശോഭ വർധി​പ്പി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. പൊ.യു. രണ്ടാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും, നിറമുള്ള ചെറിയ ഗ്ലാസ്സ്‌ കഷണങ്ങൾ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്കാൻ തുടങ്ങി. ഇത്‌ മൊ​സെ​യ്‌ക്‌ ചിത്ര​കാ​രന്റെ മുന്നിൽ ഒരു വർണ​പ്ര​പഞ്ചം തുറന്നി​ട്ടു.

യവന സംസ്‌കാ​രം പടർന്നു പന്തലിച്ച കാലഘട്ടം (പൊ.യു.മു. ഏകദേശം 300 മുതൽ പൊ.യു.മു. ഏകദേശം 30 വരെ) ചാരു​ത​യാർന്ന ചിത്ര​ഖ​ചിത മൊ​സെ​യ്‌ക്കു​കൾക്കു ജന്മമേകി. “ലഭ്യമായ എല്ലാ വർണ​വൈ​വി​ധ്യ​ങ്ങ​ളും ചേർത്ത്‌, ടെസറാ​യു​ടെ വലുപ്പം ഒരു ക്യുബിക്‌ മില്ലി​മീ​റ്റ​റാ​ക്കി കുറച്ച്‌ . . . യവന മൊ​സെ​യ്‌ക്‌ ചിത്ര​കാ​ര​ന്മാ​രു​ടെ കൈക​ളി​ലൂ​ടെ പിറവി​യെ​ടുത്ത മൊ​സെ​യ്‌ക്കു​കൾ ചുവർച്ചി​ത്ര​ങ്ങ​ളോ​ടു കിടപി​ടി​ക്കു​ന്ന​താ​യി​രു​ന്നു” എന്ന്‌ ഗ്ലോസാ​റി​യോ ടെക്‌നി​ക്കോ-സ്റ്റോറി​ക്കോ ഡെൽ മോസാ​യി​ക്കോ (ടെക്‌നി​ക്കൽ-ഹിസ്റ്റോ​റി​ക്കൽ ഗ്ലോസറി ഓഫ്‌ മൊ​സെ​യ്‌ക്‌ ആർട്ട്‌) എന്ന പുസ്‌തകം പറയുന്നു. വെളിച്ചം, നിഴൽ, ആഴം, ദ്രവ്യ​മാ​നം, ദൂരവ്യ​ത്യാ​സം എന്നിവ​യു​ടെ പ്രതീ​തി​പോ​ലും സൃഷ്ടി​ക്കും​വി​ധം അതീവ നൈപു​ണ്യ​ത്തോ​ടെ​യാണ്‌ ഇവയിൽ നിറങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നത്‌.

ഗ്രീക്ക്‌ മൊ​സെ​യ്‌ക്കു​ക​ളു​ടെ പ്രത്യേ​കത, അവയുടെ മധ്യത്തിൽ മിക്ക​പ്പോ​ഴും സവിസ്‌ത​ര​മായ ഒരു ഉൾച്ചി​ത്രം അഥവാ എംബ്ലെമാ—മിക്ക​പ്പോ​ഴും ഈ ഉൾച്ചി​ത്രം പ്രസി​ദ്ധ​മായ ഒരു പെയി​ന്റി​ങ്ങി​ന്റെ, കലാപാ​ടവം മുറ്റി​നിൽക്കുന്ന പുനരാ​വി​ഷ്‌ക​ര​ണ​മാ​യി​രി​ക്കും—ഉണ്ടായി​രി​ക്കും എന്നതാണ്‌. അതിന്റെ അരികു​കൾ ചുറ്റും അത്യലം​കൃ​ത​വു​മാ​യി​രി​ക്കും. ചില മൊ​സെ​യ്‌ക്കു​ക​ളി​ലെ ഉൾച്ചി​ത്രങ്ങൾ മെനയാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ടെസറായ്‌ തീരെ ചെറു​തും തികച്ചും അനു​യോ​ജ്യ​വു​മാ​യ​തി​നാൽ, കല്ലിന്റെ ചെറു​പ​ര​ലു​കൾ ചേർത്തു​വെച്ച ഈ മൊ​സെ​യ്‌ക്കു​കൾ ബ്രഷ്‌ സ്‌പർശം കൊണ്ടു രചിച്ച​താ​ണോ എന്നു തോന്നി​പ്പോ​കും.

റോമൻ മൊ​സെ​യ്‌ക്കു​കൾ

ഇറ്റലി​യി​ലും റോമാ​സാ​മ്രാ​ജ്യ​ത്തി​ന്റെ പ്രവി​ശ്യ​ക​ളിൽ ഉടനീ​ള​വും കാണ​പ്പെ​ടുന്ന മൊ​സെ​യ്‌ക്കു​ക​ളു​ടെ ബാഹു​ല്യം നിമിത്തം, മൊ​സെ​യ്‌ക്‌ മിക്ക​പ്പോ​ഴും ഒരു റോമൻ കലയായി കണക്കാ​ക്ക​പ്പെ​ടു​ന്നു. “റോമൻ സാമ്രാ​ജ്യ​കാ​ലത്ത്‌ ഉണ്ടായി​രുന്ന കെട്ടി​ട​ങ്ങ​ളിൽ ഇത്തരത്തി​ലുള്ള എണ്ണമറ്റ മൊ​സെ​യ്‌ക്‌ തറകൾ ഉത്തര ബ്രിട്ടൻ മുതൽ ലിബി​യ​വ​രെ​യും അറ്റ്‌ലാ​ന്റിക്‌ തീരം മുതൽ സിറിയൻ മരുഭൂ​മി​വ​രെ​യും കണ്ടെത്തി​യി​ട്ടുണ്ട്‌” എന്ന്‌ ഒരു ഉറവിടം പറയുന്നു. “ഒരു പ്രദേ​ശത്ത്‌ റോമാ​ക്കാ​രു​ടെ സാന്നി​ധ്യം ഉണ്ടായി​രു​ന്ന​താ​യി തിരി​ച്ച​റി​യി​ക്കുന്ന വ്യതി​രി​ക്ത​മായ സവി​ശേ​ഷ​ത​ക​ളിൽ ഒന്നായി ഇവ കരുത​പ്പെ​ടു​ന്നു. കാരണം ഈ പ്രത്യേക കല റോമൻ സംസ്‌കാ​ര​ത്തി​ന്റെ വ്യാപ​ന​വു​മാ​യി അത്ര അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.”

എന്നിരു​ന്നാ​ലും, റോമാ​സാ​മ്രാ​ജ്യ​ത്തി​ലെ​മ്പാ​ടും മൊ​സെ​യ്‌ക്കി​നോ​ടു പ്രിയം ഏറിവ​ന്ന​തി​നാൽ, നാനാ​വർണ​ഖ​ചി​ത​മായ മൊ​സെ​യ്‌ക്കു​കൾ ആവശ്യ​മ​നു​സ​രി​ച്ചു ചെയ്‌തു​കൊ​ടു​ക്കാൻ എളുപ്പ​മ​ല്ലാ​യി​രു​ന്നു. പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ ഉണ്ടായ നാഗരിക വളർച്ച, വളരെ പെട്ടെന്നു രൂപം നൽകാ​വു​ന്ന​തും കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടു​ന്ന​തു​മായ മൊ​സെ​യ്‌ക്കു​കൾക്ക്‌ ആവശ്യം വർധി​പ്പി​ച്ചു. ഇത്‌, കറുപ്പും വെളു​പ്പും ടെസറായ്‌ മാത്രം ഉപയോ​ഗിച്ച്‌ രൂപം​കൊ​ടു​ക്കുന്ന മൊ​സെ​യ്‌ക്കു​കൾ രംഗ​പ്ര​വേശം ചെയ്യാൻ ഇടയാക്കി. ഉത്‌പാ​ദനം തകൃതി​യാ​യി വർധിച്ചു. എൻചി​ക്ലോ​പ്പാ​ഡിയ ഡെലാർട്ടെ ആന്റികാ (എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ ഏൻഷ്യന്റ്‌ ആർട്ട്‌) പറയു​ന്നത്‌ അനുസ​രിച്ച്‌, “മൊ[സെയ്‌ക്കു​കൾ] ഇല്ലാത്ത, സമ്പന്നരു​ടെ ഒറ്റവീ​ടു​പോ​ലും ആ സാമ്രാ​ജ്യ​ത്തി​ലെ ഒരു നഗരത്തി​ലും ഇല്ലായി​രു​ന്നു.”

ചില സ്ഥലത്തുള്ള ഡി​സൈ​നു​ക​ളു​ടെ തനിപ്പ​കർപ്പു​കൾ അവി​ടെ​നി​ന്നും വളരെ അകലത്തിൽ സ്ഥിതി​ചെ​യ്യുന്ന സ്ഥലങ്ങളി​ലും കാണാൻ കഴിയും. ഇതു കാണി​ക്കു​ന്നത്‌, മൊ​സെ​യ്‌ക്‌ പണിക്കാ​രു​ടെ സംഘങ്ങൾ ഒരു നിർമാ​ണ​സ്ഥ​ലത്തു നിന്നു മറ്റൊ​ന്നി​ലേക്കു പോകു​ക​യോ മൊ​സെ​യ്‌ക്‌ മാതൃ​കകൾ അടങ്ങിയ പുസ്‌ത​കങ്ങൾ ഇത്തരത്തിൽ കൈമാ​റ്റം ചെയ്യ​പ്പെ​ടു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ന്നാണ്‌. ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഒരു എംബ്ലെമാ മുൻകൂ​ട്ടി ആവശ്യ​പ്പെ​ടാ​നും പണിക്കാ​രന്റെ പണിപ്പു​ര​യിൽ വെച്ചു​തന്നെ രൂപം​നൽകിയ ശേഷം അത്‌ ഒരു മാർബിൾ അല്ലെങ്കിൽ ടെറാ​ക്കോ​ട്ടാ ഫലകത്തിൽ കെട്ടി​ട​നിർമാ​ണം നടക്കുന്ന സ്ഥലത്തേക്കു കൊണ്ടു​വന്ന്‌ പിടി​പ്പി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. മറ്റു മൊ​സെ​യ്‌ക്‌ പണിക​ളെ​ല്ലാം പണിസ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ​യാണ്‌ ചെയി​രു​ന്നത്‌.

ഡി​സൈ​നു​ക​ളും അവയുടെ അരികു​ക​ളും ഖചനവേല ചെയ്യാ​നുള്ള പ്രതല​ത്തിൽ കൊള്ള​ണ​മെ​ങ്കിൽ വളരെ ശ്രദ്ധാ​പൂർവം കാര്യങ്ങൾ ആസൂ​ത്രണം ചെയ്യണ​മാ​യി​രു​ന്നു. അടിത്ത​റ​യും അതിന്റെ പ്രതല​വും മിനു​സ​വും നിരപ്പും ഉള്ളത്‌ ആണെന്ന്‌ ഉറപ്പു​വ​രു​ത്തി​യി​രു​ന്നു. എന്നിട്ട്‌, തരിക​ളും കട്ടകളു​മെ​ല്ലാം നീക്കം ചെയ്‌ത കുമ്മാ​യ​ക്കൂ​ട്ടി​ന്റെ ഒരു പാളി (ഖചനവേല ചെയ്യാ​നുള്ള പ്രതലം) അടിത്ത​റ​യിൽ വിരി​ക്കും. ഇത്‌ ഉണങ്ങു​ന്ന​തി​നു മുമ്പ്‌ ഖചനവേല പൂർത്തി​യാ​ക്കേ​ണ്ട​തു​ള്ള​തി​നാൽ മിക്ക​പ്പോ​ഴും ഒരു ചതുരശ്ര മീറ്ററിൽ കുറഞ്ഞ വിസ്‌തൃ​തി​യിൽ മാത്രമേ പ്രതല​ത്തിൽ കുമ്മാ​യ​ക്കൂട്ട്‌ വിരി​ക്കു​മാ​യി​രു​ന്നു​ള്ളു. ഖചനവേല എളുപ്പ​മാ​ക്കു​ന്ന​തിന്‌ അതിൽ ഒരു രൂപരേഖ കോറി​യി​ടു​ക​യും ചെയ്‌തേ​ക്കാം. എന്നിട്ട്‌ അളവനു​സ​രി​ച്ചു മുറിച്ച ടെസറാ​യ്‌കൾ പണിക്കാ​രൻ അതിൽ യഥോ​ചി​തം പതിപ്പി​ച്ചു തുടങ്ങു​മാ​യി​രു​ന്നു.

ടെസറാ​യ്‌കൾ ഓരോ​ന്നാ​യി കുമ്മാ​യ​ക്കൂ​ട്ടിൽ അമർത്തി​വെ​ക്കു​മ്പോൾ ചെറു​തു​ണ്ടു​ക​ളു​ടെ വശങ്ങൾക്കി​ട​യി​ലൂ​ടെ കുമ്മാ​യ​ക്കൂട്ട്‌ ഞെങ്ങി പുറത്തു​വ​രു​മാ​യി​രു​ന്നു. ഒരു ഭാഗത്തെ ഖചനവേല പൂർത്തി​യാ​യി​ക്ക​ഴി​യു​മ്പോൾ തൊട്ട​ടുത്ത ഭാഗത്ത്‌ കുമ്മാ​യ​ക്കൂ​ട്ടി​ന്റെ പാളി​വി​രിച്ച്‌ പണിതു​ട​ങ്ങും, അങ്ങനെ ഓരോ ഭാഗത്തും തുടരും. അതിനി​പു​ണ​രായ കലാകാ​ര​ന്മാർ ഇതിന്റെ ഏറ്റവും സങ്കീർണ​മായ ഭാഗങ്ങൾ മാത്രം ചെയ്‌തിട്ട്‌ എളുപ്പ​മുള്ള ഭാഗം പൂർത്തി​യാ​ക്കു​ന്ന​തിന്‌ തങ്ങളുടെ സഹായി​കളെ ഏർപ്പെ​ടു​ത്തു​മാ​യി​രു​ന്നു.

ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ മൊ​സെ​യ്‌ക്‌ ചിത്ര​വേല

പൊ.യു. നാലാം നൂറ്റാ​ണ്ടിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പള്ളിക​ളിൽ മൊ​സെ​യ്‌ക്‌ ഉപയോ​ഗി​ക്കാൻ തുടങ്ങി. മിക്ക​പ്പോ​ഴും അത്തരം മൊ​സെ​യ്‌ക്കു​ക​ളി​ലൂ​ടെ ചിത്രീ​ക​രി​ക്ക​പ്പെട്ട ബൈബിൾ കഥകൾ ആരാധ​കർക്ക്‌ അറിവു​പ​കർന്നു. മിന്നി​ക്ക​ത്തുന്ന ദീപനാ​ളം സ്വർണ​വും നാനാ​വർണ​ങ്ങ​ളി​ലുള്ള ഗ്ലാസ്സ്‌ ടെസറാ​യ്‌ക​ളും കൊണ്ടു​തീർത്ത മൊ​സെ​യ്‌ക്കു​ക​ളിൽ പ്രതി​ഫ​ലി​ക്കു​മ്പോൾ അത്‌ ഒരു അതീ​ന്ദ്രിയ പരി​വേഷം സൃഷ്ടിച്ചു. സ്റ്റോറിയ ഡെലാർട്ടെ ഇറ്റാല്യാ​നാ (ഇറ്റാലി​യൻ കലയുടെ ചരിത്രം) ഇപ്രകാ​രം പറയുന്നു: “നവ പ്ലേറ്റോ​ണിക വാദം . . . വമ്പിച്ച സ്വാധീ​നം ചെലു​ത്തിയ, അന്നു നിലവി​ലി​രുന്ന പ്രത്യ​യ​ശാ​സ്‌ത്ര​വു​മാ​യി തികച്ചും കൈ​കോർത്തു​പോ​കു​ന്ന​താ​യി​രു​ന്നു മൊ​സെ​യ്‌ക്‌ കല. ഈ ഖചന​വേ​ല​യിൽ ഒരു പ്രക്രിയ നടക്കുന്നു. അതിൽ, ഉപയോ​ഗി​ക്കുന്ന ഭൗതി​ക​വ​സ്‌തു​ക്ക​ളു​ടെ നിശ്ചേ​ത​ന​ത്വം പോയ്‌മ​റഞ്ഞ്‌, അവയ്‌ക്ക്‌ നിർമ​ല​മായ ആത്മീയ​സ​ത്ത​യും പവി​ത്ര​മായ തേജസ്സും രൂപവും കൈവ​രു​ന്നു.” a ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ സ്ഥാപക​നായ യേശു​ക്രി​സ്‌തു പഠിപ്പിച്ച ലളിത​മായ ആരാധനാ ക്രമത്തിൽനിന്ന്‌ എത്ര സമൂല​മായ വ്യതി​ച​ലനം!—യോഹ​ന്നാൻ 4:21-24.

ബൈസാ​ന്റി​യൻ ദേവാ​ല​യ​ങ്ങ​ളിൽ മൊ​സെ​യ്‌ക്‌ കലയുടെ മകു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളിൽ ചിലതുണ്ട്‌. ചില ആരാധ​നാ​ല​യ​ങ്ങ​ളു​ടെ ഭിത്തി​ക​ളു​ടെ​യും കമാന​ത്ത​ട്ടു​ക​ളു​ടെ​യും ഉൾഭാഗം എല്ലാം​തന്നെ ടെസറാ​യ്‌കൾ കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു. “ക്രൈ​സ്‌തവ മൊ​സെ​യ്‌ക്കി​ലെ ഉത്‌കൃ​ഷ്ട​സൃ​ഷ്ടി​കൾ” എന്നു വർണി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ചിത്ര​വേല ഇറ്റലി​യി​ലെ റാവെ​ന്നാ​യിൽ കാണാൻ കഴിയും. സ്വർണ​വർണ​ത്തി​ലുള്ള പശ്ചാത്തലം ദിവ്യ​ജ്യോ​തി​സ്സി​നെ​യും ദുർജ്ഞേ​യ​ത​യെ​യും ചിത്രീ​ക​രി​ക്കു​ന്നു.

മധ്യകാ​ല​ഘ​ട്ട​ത്തി​ലു​ട​നീ​ളം പശ്ചിമ യൂറോ​പ്യൻ പള്ളിക​ളിൽ മൊ​സെ​യ്‌ക്‌

മുഖ്യ​സ​വി​ശേ​ഷ​ത​യാ​യി ഉപയോ​ഗി​ച്ചു​പോ​ന്നു. ഇസ്ലാമി​ക​ലോ​ക​വും അത്‌ അതീവ​ചാ​തു​ര്യ​ത്തോ​ടെ ഉപയോ​ഗി​ച്ചു. നവോ​ത്ഥാന ഇറ്റലി​യിൽ, വെനീ​സി​ലെ സെന്റ്‌ മാർക്ക്‌സ്‌, റോമി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ എന്നിവ​പോ​ലുള്ള വലിയ കത്തീ​ഡ്ര​ലു​ക​ളോ​ടു ചേർന്ന്‌ സ്ഥാപിച്ച പണിപ്പു​രകൾ മൊ​സെ​യ്‌ക്കു​ക​ളു​ടെ ഉത്‌പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ളാ​യി മാറി. ഏതാണ്ട്‌, 1775-ൽ റോമി​ലെ കരവേ​ല​ക്കാർ സങ്കൽപ്പി​ക്കാ​വുന്ന എല്ലാ നിറങ്ങ​ളി​ലു​മുള്ള ഉരുകിയ ഗ്ലാസ്സ്‌ നൂലുകൾ തീരെ​ച്ചെ​റിയ ടെസറാ​യ്‌ക​ളാ​യി മുറി​ച്ചെ​ടു​ക്കേ​ടു​ക്കേണ്ട വിധം പഠിച്ചു. ഇത്‌ പെയി​ന്റി​ങ്ങു​കൾ കൊച്ചു​കൊ​ച്ചു മൊ​സെ​യ്‌ക്കു​ക​ളി​ലൂ​ടെ പുനരാ​വി​ഷ്‌ക​രി​ക്കുക സാധ്യ​മാ​ക്കി.

ആധുനിക രീതി​ക​ളും ഉപയോ​ഗ​വും

ആധുനിക മൊ​സെ​യ്‌ക്‌ പണിക്കാർ പരോ​ക്ഷ​രീ​തി എന്നു വിളി​ക്ക​പ്പെ​ടുന്ന ഒന്നാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. പണിപ്പു​ര​യിൽവെച്ച്‌, യഥാർഥ വലുപ്പ​ത്തിൽ രൂപരേഖ വരച്ച ഒരു കടലാ​സിൽ ടെസറാ​യ്‌ക​ളു​ടെ നല്ലവശം പശവെച്ച്‌ ഒട്ടിക്കു​ന്നു. ടെസറാ​യു​ടെ മറുവ​ശ​മാണ്‌ പുറമേ കാണുക. എന്നിട്ട്‌ ഇതിനെ ഓരോ​രോ ഭാഗങ്ങ​ളാ​യി പണിസ്ഥ​ലത്തു കൊണ്ടു​വ​രു​ന്നു. അവി​ടെ​വെച്ച്‌, ടെസറാ​യു​ടെ ഒട്ടിക്കാ​ത്ത​വശം പാളി​യാ​യി വിരിച്ച കുമ്മാ​യ​ക്കൂ​ട്ടിൽ അമർത്തി​വെ​ക്കു​ന്നു. കുമ്മാ​യ​ക്കൂട്ട്‌ ഉണങ്ങു​മ്പോൾ മറുവ​ശത്തെ കടലാ​സും പശയും കഴുകി​ക്ക​ള​യു​ന്നു. അപ്പോൾ ടെസറാ​യു​ടെ നല്ല വശം ദൃശ്യ​മാ​യി​രി​ക്കും. ഈ രീതി സമയവും അധ്വാ​ന​വും കുറയ്‌ക്കു​ന്നു. എന്നാൽ, പ്രതല​ത്തിന്‌ മധ്യകാ​ല​ഘ​ട്ട​ത്തി​ലെ മൊ​സെ​യ്‌ക്കു​ക​ളു​ടെ തിളക്കം ഉണ്ടായി​രി​ക്കില്ല.

എന്നിരു​ന്നാ​ലും, 19-ാം നൂറ്റാ​ണ്ടി​ലെ എണ്ണമറ്റ സിറ്റി ഹാളുകൾ, ഓപ്പറാ ഹൗസുകൾ, പള്ളികൾ, അതു​പോ​ലുള്ള മറ്റു​കെ​ട്ടി​ടങ്ങൾ എന്നിവ ഈ രീതി ഉപയോ​ഗിച്ച്‌ അലങ്കരി​ച്ചി​രു​ന്നു. മാത്രമല്ല, മെക്‌സി​ക്കോ നഗരം മുതൽ മോസ്‌കോ​വ​രെ​യും ഇസ്രാ​യേൽമു​തൽ ജപ്പാൻ വരെയും മ്യൂസി​യങ്ങൾ, ഭൂഗർഭ സ്റ്റേഷനു​കൾ, ഷോപ്പിങ്‌ സെന്ററു​കൾ, പാർക്കു​കൾ, കളിസ്ഥ​ലങ്ങൾ എന്നിവി​ട​ങ്ങ​ളിൽ എല്ലാം ഈ രീതി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ചെറു​ശ​ക​ല​ങ്ങ​ളാൽ തീർക്കു​ന്ന​തെ​ങ്കി​ലും മിനു​സ​മേ​റിയ മൊ​സെ​യ്‌ക്‌ പ്രതലങ്ങൾ ആധുനിക കെട്ടി​ട​ങ്ങ​ളു​ടെ മുഖപ്പു​കൾ ഒന്നാകെ അലങ്കരി​ക്കാൻ തികച്ചും അനു​യോ​ജ്യ​മാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു.

പതിനാ​റാം നൂറ്റാ​ണ്ടി​ലെ ഇറ്റാലി​യൻ ചിത്ര​കാ​ര​നും കലാ ചരി​ത്ര​കാ​ര​നു​മാ​യി​രുന്ന ജോർജോ വസാരി ഇപ്രകാ​രം എഴുതി: “ഏറ്റവും അധികം ഈടു​നിൽക്കുന്ന ചിത്ര​മാണ്‌ മൊ​സെ​യ്‌ക്‌. കാലം കടന്നു​പോ​കു​ന്തോ​റും മറ്റു ചിത്ര​ങ്ങൾക്കു മങ്ങലേൽക്കു​ന്നു. എന്നാൽ മൊ​സെ​യ്‌ക്‌ കാലാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ ഉജ്ജ്വല​മാ​കു​ന്നു.” ശരിയാണ്‌, പല മൊ​സെ​യ്‌ക്കു​ക​ളി​ലും നിഴലി​ക്കുന്ന കലാചാ​തു​രി നമ്മുടെ കണ്ണുകൾക്കു വിരു​ന്നേ​കു​ന്നു. അതേ, ശിലാ​ശ​ക​ല​ങ്ങൾകൊ​ണ്ടുള്ള വിസ്‌മ​യ​മു​ണർത്തുന്ന ചിത്ര​ങ്ങ​ളാ​ണു മൊ​സെ​യ്‌ക്കു​കൾ! (g03 10/08)

[അടിക്കു​റിപ്പ്‌]

a മറ്റു പല വിശ്വാ​സ​ങ്ങ​ളോ​ടൊ​പ്പം നവ പ്ലേറ്റോ​ണിക തത്ത്വശാ​സ്‌ത്രങ്ങൾ ഉന്നമി​പ്പിച്ച ഒന്നാണ്‌ അമർത്യ ആത്മാവി​ലുള്ള വിശ്വാ​സം.

[16-ാം പേജിലെ ചിത്രം]

യെരൂശലേമിന്റെ ഭൂപടം (പൊ.യു. ആറാം നൂറ്റാണ്ട്‌)

[കടപ്പാട്‌]

Garo Nalbandian

[16-ാം പേജിലെ ചിത്രം]

മഹാനായ അലക്‌സാ​ണ്ടർ (പൊ.യു.മു. രണ്ടാം നൂറ്റാണ്ട്‌)

[കടപ്പാട്‌]

Erich Lessing/Art Resource, NY

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ഡോം ഓഫ്‌ ദ റോക്ക്‌, യെരൂ​ശ​ലേം (പൊ.യു. 685-691-ൽ പണിക​ഴി​പ്പി​ക്ക​പ്പെ​ട്ടത്‌)

[17-ാം പേജിലെ ചിത്രം]

“ഡയോ​നി​സസ്‌,” അന്ത്യോ​ക്യ (പൊ.യു. ഏകദേശം 325)

[കടപ്പാട്‌]

Museum of Art, Rhode Island School of Design, by exchange with the Worcester Art Museum, photography by Del Bogart

[18-ാം പേജിലെ ചിത്രം]

ആധുനിക മൊ​സെ​യ്‌ക്കു​ക​ളി​ലും ടെസറായ്‌, നിറമുള്ള ഗ്ലാസ്സ്‌, ഉരുളൻക​ല്ലു​കൾ, എന്നിവ ഉപയോ​ഗി​ക്കു​ന്നു

[18-ാം പേജിലെ ചിത്രം]

മസാച്ചുസെറ്റ്‌സിലെ ലിൻ ഹെറി​റ്റേജ്‌ സ്റ്റേറ്റ്‌ പാർക്കിൽ പ്രദർശി​പ്പി​ച്ചി​രി​ക്കുന്ന മൊ​സെ​യ്‌ക്‌

[കടപ്പാട്‌]

Kindra Clineff/Index Stock Photography

[18-ാം പേജിലെ ചിത്രങ്ങൾ]

ബാർസിലോണായിലെ അന്റോണി ഗൗഡി രൂപം​നൽകിയ മൊ​സെ​യ്‌ക്കു​കൾ (1852-1926)

[കടപ്പാട്‌]

ഫോട്ടോ: Por cortesía de la Fundació Caixa Catalunya ▸