വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

പക്ഷിക​ളു​ടെ പുതിയ സ്‌പീ​ഷി​സു​കളെ കണ്ടെത്തി​യി​രി​ക്കു​ന്നു

“ശാസ്‌ത്ര മാസി​ക​ക​ളിൽ 1998 മുതൽ [പക്ഷിക​ളു​ടെ] മൊത്തം 28 പുതിയ സ്‌പീ​ഷി​സു​കളെ കുറിച്ച്‌ വിവരി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾ ലോക​ത്താ​ക​മാ​ന​മുള്ള 9,700 സ്‌പീ​ഷി​സു​ക​ളോട്‌ ഇനിയും കൂട്ടി​ച്ചേർക്കാൻ ഗവേഷ​ണ​ങ്ങൾക്കു കഴിയും” എന്ന്‌ ലണ്ടനിലെ ദി ഇൻഡി​പ്പെൻഡന്റ്‌ പറയുന്നു. “ഈ കണ്ടെത്ത​ലു​ക​ളിൽ അനേക​വും നടത്താൻ കഴിഞ്ഞത്‌ ഇപ്പോൾ ലോക​ത്തെ​വി​ടെ​യും എത്തി​പ്പെ​ടുക സാധ്യ​മാ​യ​തി​നാ​ലാണ്‌. ഏതാനും ദശകങ്ങൾക്കു മുമ്പ്‌ പക്ഷിവി​ജ്ഞാ​നി​കൾക്ക്‌ എത്തി​നോ​ക്കാൻ പോലും കഴിയാ​തി​രുന്ന വിദൂ​ര​ദേ​ശ​ങ്ങ​ളിൽ ഇന്ന്‌ അവർക്ക്‌ ചെന്നെ​ത്താൻ കഴിയും” എന്ന്‌ ബേർഡിംഗ്‌ വേൾഡ്‌ എന്ന മാസി​ക​യു​ടെ പത്രാ​ധി​പ​രായ സ്റ്റീവ്‌ ഗാന്റ്‌ലെറ്റ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഈ കണ്ടെത്ത​ലു​കൾ “പക്ഷിക​ളു​ടെ ശബ്ദം തിരി​ച്ച​റിഞ്ഞ്‌ സ്‌പീ​ഷിസ്‌ നിർണ​യി​ക്കാ​നുള്ള പ്രാവീ​ണ്യ​ത്തെ​യും വിളി​ച്ചോ​തു​ന്നു. ഇടതൂർന്ന ഉഷ്‌ണ​മേ​ഖലാ മഴക്കാ​ടു​ക​ളിൽ പക്ഷികളെ തിരി​ച്ച​റി​യു​ന്ന​തി​നുള്ള ഒരേ​യൊ​രു മാർഗം മിക്ക​പ്പോ​ഴും അവയുടെ ശബ്ദമാണ്‌.” ഇനിയും ഒട്ടനവധി സ്‌പീ​ഷി​സു​കളെ കണ്ടെത്താ​നുണ്ട്‌ എന്ന്‌ ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ആവാസ​വ്യ​വ​സ്ഥ​യു​ടെ നാശം പുതു​താ​യി കണ്ടെത്തിയ പല സ്‌പീ​ഷി​സു​ക​ളെ​യും അപകട​ത്തി​ലാ​ക്കി​യേ​ക്കാം. “കാരണം അവ എണ്ണത്തിൽ കുറവാണ്‌, അവയുടെ വാസസ്ഥ​ല​വും പരിമി​ത​മാണ്‌” എന്ന്‌ ദി ഇൻഡി​പ്പെൻഡന്റ്‌ പറയുന്നു. (g03 10/22)

കുഞ്ഞിനെ കുലു​ക്കല്ലേ!

കുഞ്ഞു​ങ്ങളെ ശക്തിയാ​യി കുലു​ക്കു​ന്നത്‌, തലയും കഴുത്തും വല്ലാതെ ഉലയു​ന്ന​തി​നു കാരണ​മാ​കും. അത്‌ “തലയ്‌ക്കു​ള്ളിൽ രക്തസ്രാ​വ​ത്തിന്‌ ഇടയാ​ക്കു​ക​യും തലച്ചോ​റിൽ വർധിച്ച സമ്മർദ​മു​ണ്ടാ​ക്കു​ക​യും തലച്ചോ​റിന്‌ കനത്ത ക്ഷതം ഏൽപ്പി​ക്കു​ക​യും ചെയ്യും” എന്ന്‌ ടൊ​റൊ​ന്റോ സ്റ്റാർ വർത്തമാ​ന​പ​ത്രം പറയുന്നു. കുഞ്ഞിന്റെ പേശികൾ പൂർണ​മാ​യി വികാസം പ്രാപി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലും തലച്ചോ​റി​ലെ കലകൾ അങ്ങേയറ്റം ലോല​മാ​യ​തി​നാ​ലും “കുഞ്ഞിനെ ഏതാനും സെക്കൻഡു​നേരം കുലു​ക്കു​ന്ന​തു​പോ​ലും ജീവി​ത​കാ​ലം മുഴുവൻ നിലനിൽക്കുന്ന ഹാനിക്കു കാരണ​മാ​യേ​ക്കാം. തലച്ചോ​റി​ന്റെ വീക്കവും ക്ഷതവും, മസ്‌തിഷ്‌ക നാഡീ​സ്‌തം​ഭനം, ബുദ്ധി​മാ​ന്ദ്യം, വളർച്ച​ക്കു​റവ്‌, അന്ധത, കേൾവി​ക്കു​റവ്‌, തളർവാ​തം, മരണം മുതലാ​യവ ഇതുമൂ​ലം ഉണ്ടാകുന്ന ഹാനി​ക​ളിൽപ്പെ​ടു​ന്നു. പൂർവ ഒൺടേ​റി​യോ​യി​ലുള്ള, കുട്ടി​ക​ളു​ടെ ആശുപ​ത്രി​യി​ലെ ശിശു​രോ​ഗ​വി​ദ​ഗ്‌ധ​നായ ഡോ. ജെയിംസ്‌ കിങ്‌, ശിശു​ക്കളെ കുലു​ക്കു​ന്ന​തി​ന്റെ പരിണ​ത​ഫ​ല​ങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തു​ക​യു​ണ്ടാ​യി. പൊതു​ജ​ന​ങ്ങളെ ഇതു സംബന്ധിച്ച്‌ ബോധ​വാ​ന്മാ​രാ​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌ എന്ന്‌ അദ്ദേഹം പറയുന്നു. കാരണം ഇത്തരം മിക്ക കേസു​ക​ളി​ലും സംഭവി​ച്ചി​രി​ക്കുന്ന ഹാനി പ്രത്യ​ക്ഷ​ത്തിൽ അത്ര ദൃശ്യ​മാ​യി​രി​ക്കില്ല. കുഞ്ഞിന്‌ ഫ്‌ളൂ​വോ വൈറ​സ്‌ബാ​ധ​യോ ഉള്ളതാ​യി​ട്ടാ​യി​രി​ക്കാം രോഗ​നിർണ​യ​ത്തിൽ തെളി​യു​ന്നത്‌. “ശിശു​ക്കളെ ഒരിക്ക​ലും കുലു​ക്ക​രുത്‌ എന്ന സന്ദേശം എല്ലാവർക്കും വ്യക്തമാ​ക​ത്ത​ക്ക​വണ്ണം മുഴങ്ങണം” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. “ആദ്യമാ​യി മാതാ​പി​താ​ക്ക​ളാ​കു​ന്നവർ ഇത്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്‌.”(g03 10/08)

മതത്തിൽ താത്‌പ​ര്യ​മി​ല്ല

“ഇപ്പോ​ഴത്തെ മ്ലാനാ​വ​സ്ഥ​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തി​നുള്ള സഹായ​ത്തി​നാ​യി [ജപ്പാൻ] ജനത മതത്തി​ലേക്കു തിരി​യു​ന്ന​താ​യി കാണു​ന്നില്ല” എന്ന്‌ ഐഎച്ച്‌റ്റി ആസാഹി ഷിംബൂൺ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. “നിങ്ങൾക്കു മതത്തിൽ വിശ്വാ​സ​മോ താത്‌പ​ര്യ​മോ ഉണ്ടോ? അല്ലെങ്കിൽ ഏതെങ്കി​ലും തരത്തി​ലുള്ള വിശ്വാ​സം ഉണ്ടോ?” എന്നു ചോദി​ച്ച​പ്പോൾ പുരു​ഷ​ന്മാ​രി​ലും സ്‌ത്രീ​ക​ളി​ലും 13 ശതമാനം പേർ മാത്രമേ ഉവ്വ്‌ എന്നു പറഞ്ഞുള്ളൂ. മറ്റൊരു 9 ശതമാനം പുരു​ഷ​ന്മാ​രും 10 ശതമാനം സ്‌ത്രീ​ക​ളും പറഞ്ഞത്‌ അവർക്ക്‌ മതത്തിൽ “കുറ​ച്ചൊ​ക്കെ” താത്‌പ​ര്യം ഉണ്ടെന്നാണ്‌. എന്നാൽ “20-കളിലാ​യി​രുന്ന യുവതി​കൾക്കി​ട​യിൽ മതത്തോ​ടുള്ള താത്‌പ​ര്യം ഏറ്റവും കുറവാ​യി​രു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. അവരിൽ വെറും 6 ശതമാ​ന​ത്തി​നേ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു​ള്ളു” എന്നു പത്രം റിപ്പോർട്ടു ചെയ്യുന്നു. മതത്തി​ലോ ദൈവ​ത്തി​ലോ തങ്ങൾക്കു യാതൊ​രു താത്‌പ​ര്യ​വും ഇല്ലെന്ന്‌ പുരു​ഷ​ന്മാ​രിൽ 77 ശതമാ​ന​വും സ്‌ത്രീ​ക​ളിൽ 76 ശതമാ​ന​വും പറഞ്ഞതാ​യി ഒരു വാർഷിക സർവേ വെളി​പ്പെ​ടു​ത്തി. 1978-ൽ, സമാന​മായ ഒരു സർവേ നടത്തു​ക​യു​ണ്ടാ​യി. ഇന്നു ജപ്പാൻകാർക്ക്‌ മതത്തോ​ടുള്ള താത്‌പ​ര്യം അന്നത്തേ​തി​ന്റെ ഏകദേശം പകുതി​യാ​യി കുറഞ്ഞി​രി​ക്കു​ന്നു. പൊതു​വേ പറഞ്ഞാൽ, [മതത്തിൽ] എന്തെങ്കി​ലും താത്‌പ​ര്യ​മു​ണ്ടെന്നു പറഞ്ഞത്‌ പഴയ തലമു​റ​യിൽപ്പെ​ട്ട​വ​രാണ്‌, പ്രത്യേ​കിച്ച്‌ 60-നു മേൽ പ്രായ​മു​ള്ളവർ. (g03 10/08)

ദാമ്പത്യ​വും ഹൃദയ​വും

“ഹൃദയ ശസ്‌ത്ര​ക്രി​യ​യ്‌ക്കു ശേഷം ഒരു വ്യക്തി എത്ര പെട്ടെന്നു സുഖം പ്രാപി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യാൻ അയാളു​ടെ ദാമ്പത്യ​ത്തി​ന്റെ ഗുണമേന്മ സഹായി​ക്കു​മെന്നു ഗവേഷണം തെളി​യി​ച്ചി​രി​ക്കു​ന്നു.” ലണ്ടനിലെ ദ ഡെയ്‌ലി ടെല​ഗ്രാഫ്‌ ആണ്‌ ഇതു പറഞ്ഞത്‌. യു.എസ്‌.എ-യിലെ പെൻസിൽവേ​നിയ സർവക​ലാ​ശാ​ല​യി​ലെ ഡോ. ജെയിംസ്‌ കോയിൻ പറയു​ന്ന​ത​നു​സ​രിച്ച്‌, സന്തുഷ്ട ദാമ്പത്യം തന്റെ ആരോ​ഗ്യം വീണ്ടെ​ടുത്ത്‌ സാധാരണ ജീവി​ത​ത്തി​ലേക്കു മടങ്ങി​വ​രാ​നുള്ള അതിയായ വാഞ്‌ഛ ഒരു വ്യക്തി​യിൽ ജനിപ്പി​ക്കു​ന്നു. എന്നാൽ “കയ്‌പേ​റിയ ദാമ്പത്യം നയിക്കുന്ന വ്യക്തിക്കു തന്റെ രോഗാ​വ​സ്ഥ​യിൽനി​ന്നു മടങ്ങി​വ​രാൻ അവിവാ​ഹി​ത​നായ ഒരു രോഗി​യെ​ക്കാൾ ബുദ്ധി​മു​ട്ടാണ്‌.” ഡോ. കോയി​നും സംഘവും, ദമ്പതികൾ വീട്ടിൽവെച്ചു നടത്തിയ വാക്കേ​റ്റങ്ങൾ വീഡി​യോ​ടേ​പ്പിൽ പകർത്തി. ഇണയു​മാ​യി വലിയ പ്രശ്‌ന​ങ്ങ​ളൊ​ന്നും ഇല്ലാതി​രു​ന്ന​വരെ അപേക്ഷിച്ച്‌, ഇണയു​മാ​യി സ്വര​ച്ചേർച്ച​യിൽ അല്ലാതി​രുന്ന ഹൃ​ദ്രോ​ഗി​കൾ നാലു വർഷത്തി​നു​ള്ളിൽ മരിക്കാ​നുള്ള സാധ്യത രണ്ടുമ​ട​ങ്ങാ​ണെന്ന്‌ അവർ കണ്ടെത്തി. സന്തുഷ്ടി​നി​റഞ്ഞ ഒരു ദാമ്പത്യ​ബ​ന്ധത്തെ “ആരോ​ഗ്യ​ക​ര​മായ ആഹാര​ക്രമം പിൻപ​റ്റു​ന്ന​തി​ന്റെ​യും വ്യായാ​മ​ത്തി​ന്റെ​യും പുകവ​ലി​ക്കാ​തി​രി​ക്കു​ന്ന​തി​ന്റെ​യും” പട്ടിക​യിൽ പെടു​ത്താൻ കഴിയു​മെന്ന്‌, ഷിക്കാ​ഗോ സർവക​ലാ​ശാ​ല​യി​ലെ ഒരു സോ​ഷ്യോ​ളജി പ്രൊ​ഫ​സ​റായ ഡോ. ലിൻഡ വെയ്‌റ്റ്‌ പറയുന്നു. (g03 10/08)

പണ്ടുമു​ത​ലേ​യുള്ള ഒരു ഒഴിയാ​ബാ​ധ

“ലോക​മെ​മ്പാ​ടും​നിന്ന്‌ 2002-ൽ, കുഷ്‌ഠ​രോ​ഗ​ത്തി​ന്റെ 7,00,000-ത്തിലധി​കം പുതിയ കേസുകൾ തിരി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെന്ന്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ കണക്കുകൾ വെളി​പ്പെ​ടു​ത്തു​ന്നു.” സ്‌പാ​നീഷ്‌ വർത്തമാ​ന​പ​ത്ര​മായ എൽ പായിസ്‌ റിപ്പോർട്ടു ചെയ്‌ത​താ​ണിത്‌. ബൈബിൾകാ​ലങ്ങൾ മുതൽ കുഷ്‌ഠം ഭീതി​ജ​ന​ക​മായ ഒരു വ്യാധി​യാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ, ഇന്നു കാണു​ന്ന​തരം കുഷ്‌ഠ​രോ​ഗ​ത്തി​നു പ്രതി​വി​ധി​യുണ്ട്‌. വാസ്‌ത​വ​ത്തിൽ, കഴിഞ്ഞ 20-ലധികം വർഷത്തി​നി​ട​യിൽ ഏതാണ്ട്‌ 1.2 കോടി ആളുകൾ കുഷ്‌ഠ​രോ​ഗ​ത്തിൽ നിന്നു സുഖം പ്രാപി​ച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, “കുഷ്‌ഠം ഒരു കഴിഞ്ഞ​കാല സംഗതി​യാ​യി കണക്കാ​ക്കാൻ നമുക്കു കഴിയില്ല” എന്ന്‌ ഗവേഷ​ക​യായ ജെനെറ്റ്‌ ഫാരെൽ പറയുന്നു. ഈ വ്യാധി തുടച്ചു​നീ​ക്കു​ന്ന​തിൽ ആരോ​ഗ്യ​രം​ഗ​ത്തു​ള്ളവർ വിജയി​ച്ചി​ട്ടില്ല. എല്ലായ്‌പോ​ഴും പുതിയ കേസുകൾ കണ്ടുപി​ടി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഇന്നും കുഷ്‌ഠ​രോ​ഗം പിടി​മു​റു​ക്കി​യി​രി​ക്കുന്ന മുഖ്യ രാജ്യ​ങ്ങ​ളിൽ ഇന്ത്യ, നേപ്പാൾ, ബ്രസീൽ, മഡഗാ​സ്‌കർ, മൊസാ​മ്പിക്ക്‌, മ്യാൻമാർ എന്നിവ ഉൾപ്പെ​ടു​ന്നു. അടുത്ത​കാ​ലത്ത്‌, മനുഷ്യ​ന്റെ പൂർണ ജനിത​ക​സാ​രം (human genome) വായി​ച്ചെ​ടു​ക്കു​ന്ന​തിൽ നേടി​യി​രി​ക്കുന്ന വിജയം യോജിച്ച ഒരു പ്രത്യൗ​ഷധം കണ്ടുപി​ടി​ക്കു​ന്ന​തിൽ സഹായ​മാ​കും എന്ന പ്രത്യാ​ശ​യി​ലാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാർ. (g03 10/08)

കുറയു​ന്നത്‌ തൂക്കമോ അതോ പണമോ?

“യൂറോ​പ്യൻ യൂണി​യ​നിൽ ഏകദേശം 23 കോടി 10 ലക്ഷം ആളുകൾ 2002-ൽ ആഹാര​നി​യ​ന്ത്രണം പാലിച്ചു” എന്ന്‌ പാരീ​സി​ലെ ഇന്റർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ പറയുന്നു. വ്യവസായ മേഖല​യി​ലെ വികസ​ന​പ്ര​വർത്ത​ന​ങ്ങളെ കുറിച്ച്‌ അവലോ​കനം നടത്തുന്ന ഒരു സംഘമായ ഡേറ്റാ​മോ​ണി​റ്റ​റി​ന്റെ റിപ്പോർട്ട്‌ പറയു​ന്നത്‌, യൂറോ​പ്പിൽ കഴിഞ്ഞ​വർഷം തൂക്കം കുറയ്‌ക്കാ​നുള്ള ഉത്‌പ​ന്ന​ങ്ങൾക്കാ​യി മാത്രം ആളുകൾ 10,000 കോടി ഡോളർ ചെലവ​ഴി​ച്ചു​വെ​ന്നാണ്‌. ഇതാകട്ടെ, “മൊ​റോ​ക്കോ​യു​ടെ മൊത്ത വാർഷിക ദേശീയ ഉത്‌പാ​ദ​ന​ത്തി​നു തുല്യ​മാ​യി​രു​ന്നു.” എന്നിരു​ന്നാ​ലും, ആഹാര​നി​യ​ന്ത്രണം പാലി​ച്ച​വ​രിൽ “40 ലക്ഷത്തി​ലും കുറവ്‌ പേർ മാത്രമേ ഒരു വർഷത്തി​ലേറെ തൂക്കക്കു​റവു നിലനി​റു​ത്തു​ന്ന​തിൽ വിജയി​ക്കു​ക​യു​ള്ളു” എന്നും “യൂറോ​പ്പിൽ 50 പേരിൽ ഒരാൾക്കു മാത്രമേ തൂക്കക്കു​റവ്‌ സ്ഥിരമാ​യി നിലനി​റു​ത്താൻ കഴിയു​ന്നു​ള്ളു” എന്നും പത്രം റിപ്പോർട്ടു ചെയ്യുന്നു. മെലി​യാ​നുള്ള ഉത്‌പ​ന്ന​ങ്ങ​ളു​ടെ പ്രിയ​പ്പെട്ട ഉപഭോ​ക്താ​ക്ക​ളിൽ മുൻനി​ര​യിൽ നിൽക്കു​ന്നത്‌ ജർമൻകാ​രാണ്‌. അവർ ഇത്തരം ഉത്‌പ​ന്ന​ങ്ങൾക്കാ​യി ഏകദേശം 2,100 കോടി ഡോളർ ചെലവ​ഴി​ച്ചു. ബ്രിട്ടൻ ഏതാണ്ട്‌ 1,600 കോടി ഡോള​റും ഇറ്റലി​ക്കാ​രും ഫ്രാൻസു​കാ​രും യഥാ​ക്രമം, ഏതാണ്ട്‌ 1,500 കോടി​യും 1,400 കോടി​യും ഡോളർ ചെലവ​ഴി​ച്ചു. “അമിത തൂക്കത്തി​നുള്ള ദീർഘ​കാല പരിഹാ​രം ആഹാര​നി​യ​ന്ത്രണം മാത്രമല്ല എന്ന കാര്യം ആളുകൾ മനസ്സി​ലാ​ക്കേ​ണ്ട​താണ്‌” എന്ന്‌ ഡേറ്റാ​മോ​ണി​റ്റർ അഭി​പ്രാ​യ​പ്പെ​ട്ട​താ​യി ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. (g03 10/22)

ബഹളക്കാ​രായ മത്സ്യങ്ങൾ

“ഡാംസെൽ മത്സ്യങ്ങൾ, സോൾജി​യർ മത്സ്യങ്ങൾ, കാർഡി​നൽ മത്സ്യങ്ങൾ എന്നിവ​യുൾപ്പെടെ ചില മത്സ്യങ്ങൾ . . . തുടർച്ച​യാ​യി അമറു​ക​യും ചിലയ്‌ക്കു​ക​യും ചൂളം​കു​ത്തു​ക​യു​മൊ​ക്കെ ചെയ്‌തു​കൊണ്ട്‌ പരസ്‌പരം ആശയവി​നി​മയം നടത്തു​ന്ന​താ​യി” ഓസ്‌​ട്രേ​ലി​യൻ ഇൻസ്റ്റി​സ്റ്റ്യൂട്ട്‌ ഓഫ്‌ മറൈൻ സയൻസി​ലെ (എഐഎം​എസ്‌) ഗവേഷകർ കണ്ടുപി​ടി​ച്ച​താ​യി ദ വെസ്റ്റ്‌ ഓസ്‌​ട്രേ​ലി​യൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. പാറ​ക്കെ​ട്ടു​കൾക്കി​ട​യിൽ നിന്ന്‌ ഒഴുകി​പ്പോ​കുന്ന മത്സ്യക്കു​ഞ്ഞു​ങ്ങൾ തിരിച്ച്‌ അവയുടെ പാർപ്പി​ട​ത്തിൽ എത്തുന്നത്‌ എങ്ങനെ​യാ​ണെന്നു വിശദീ​ക​രി​ക്കാൻ ഈ കണ്ടുപി​ടി​ത്തം സഹായി​ക്കു​ന്നു. എഐഎം​എസ്‌ ഗവേഷകർ, പാറ​ക്കെ​ട്ടു​ക​ളി​ലെ ശബ്ദം റെക്കോർഡു​ചെ​യ്‌ത്‌ മത്സ്യങ്ങളെ കുടു​ക്കാ​നുള്ള കെണി വെച്ചി​രി​ക്കു​ന്നി​ടത്തു കേൾപ്പി​ച്ചു. ഫലമെ​ന്താ​യി​രു​ന്നു? ശാസ്‌ത്ര​ജ്ഞ​നായ ഡോ. മാർക്ക്‌ മീക്കൻ പത്ര​ത്തോട്‌ ഇപ്രകാ​രം പറഞ്ഞു: “റെക്കോർഡി​ങ്ങു​കൾ കേൾപ്പിച്ച കെണി​യിൽ അതു കേൾപ്പി​ക്കാ​ഞ്ഞ​തി​നെ അപേക്ഷിച്ച്‌ കൂടുതൽ മത്സ്യക്കു​ഞ്ഞു​ങ്ങൾ വന്നുക​യറി. ചില പ്രത്യേക ശബ്ദങ്ങൾ മത്സ്യങ്ങളെ ആകർഷി​ക്കു​ന്നു​വെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു.” വളർച്ച​യെ​ത്തിയ ചില മത്സ്യങ്ങ​ളു​ടെ ശബ്ദം 15 കിലോ​മീ​റ്റർ ദൂരം വരെ കേൾക്കാൻ കഴിയു​മെന്നു ഗവേഷകർ പറയുന്നു. “പ്രഭാ​ത​ത്തി​ലും പ്രദോ​ഷ​ത്തി​ലും മത്സ്യങ്ങ​ളു​ടെ സംഘഗാ​നം ഉച്ചസ്ഥാ​യി​യി​ലെ​ത്തു​മ്പോൾ, അത്‌ ഒരു ഫുട്‌ബോൾ സ്റ്റേഡി​യ​ത്തി​ലെ ആയിര​ങ്ങ​ളു​ടെ ആരവത്തി​നു തുല്യ​മാ​യി​രി​ക്കും” എന്ന്‌ മീക്കൻ പറഞ്ഞു. എന്നിരു​ന്നാ​ലും, ഈ “സംഘഗാ​നം” മനുഷ്യ​ന്റെ കാതു​കൾക്കു പിടി​ച്ചെ​ടു​ക്കാൻ കഴിയില്ല. (g03 10/22)

ഒന്നു കണ്ണുചി​മ്മു​ന്ന​തിന്‌

“നമ്മുടെ കൺപോ​ളകൾ ചലിപ്പി​ക്കു​ന്ന​തിന്‌ 30-ലധികം വ്യത്യസ്‌ത ഗണത്തിൽപ്പെട്ട ആയിര​ക്ക​ണ​ക്കി​നു നാഡീ കോശങ്ങൾ പ്രവർത്തി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌” എന്ന്‌ സ്‌പെ​യി​നി​ലെ എൽ പായിസ്‌ വർത്തമാ​ന​പ​ത്രം പറയുന്നു. “കൺപോ​ളയെ സെറി​ബ്രൽ കോർട്ടെ​ക്‌സു​മാ​യി” ബന്ധിപ്പി​ക്കുന്ന ഈ ന്യൂ​റോൺ കൂട്ടങ്ങളെ കുറിച്ച്‌ മുമ്പെ​ന്ന​ത്തെ​ക്കാൾ കൂടുതൽ കൃത്യ​മായ വിവരങ്ങൾ, മൃഗങ്ങ​ളിൽ പഠനം നടത്തിയ സ്‌പാ​നീഷ്‌ നാഡീ​ശാ​സ്‌ത്ര​ജ്ഞ​ന്മാ​രു​ടെ നേതൃ​ത്വ​ത്തി​ലുള്ള ഒരു സംഘം കണ്ടെത്തി​യി​രി​ക്കു​ന്നു. കൺപോ​ള​കൾക്ക്‌ ഇത്ര ബൃഹത്തും സങ്കീർണ​വു​മായ നാഡീ​കോ​ശ​വ്യൂ​ഹം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കൺപോ​ളകൾ അടയു​ന്നത്‌ എല്ലായ്‌പോ​ഴും ഒരേ രീതി​യി​ലോ ഒരേ കാരണം​കൊ​ണ്ടോ അല്ല എന്നതാണ്‌ അതിനു കാരണം. കാചപ​ട​ലത്തെ നനവു​ള്ള​താ​ക്കി നിറു​ത്തു​ന്ന​തിന്‌ ഒരു മിനി​ട്ടിൽ ഏതാണ്ട്‌ 15 തവണ കണ്ണിമ​യ്‌ക്കുന്ന നൈസർഗി​ക​മായ പ്രവർത്ത​ന​വും പെട്ടെന്ന്‌ എന്തെങ്കി​ലും കണ്ണിനു​നേരെ വരു​മ്പോൾ കണ്ണടയ്‌ക്കു​ന്ന​തും മനഃപൂർവം കണ്ണടയ്‌ക്കു​ന്ന​തും കൺപോ​ള​യു​ടെ ധർമത്തിൽ പെടുന്നു. കൂടാതെ, ഒരുപക്ഷേ ചില വൈകാ​രിക പ്രതി​ക​ര​ണ​ങ്ങ​ളു​ടെ ഭാഗമാ​യി കൺപോ​ളകൾ പാതി​യ​ട​യ്‌ക്കാ​നോ ഏറെയോ കുറച്ചോ സമയ​ത്തേക്ക്‌ കണ്ണു മുഴു​വ​നാ​യി അടയ്‌ക്കാ​നോ കഴിയും. (g03 10/22)

കമ്പ്യൂ​ട്ട​റു​കൾ—പരിസ്ഥി​തി ഒടു​ക്കേ​ണ്ടി​വ​രുന്ന വില

“ആധുനിക കമ്പ്യൂ​ട്ട​റി​ന്റെ സ്വച്ഛമായ പ്രതി​ച്ഛായ അതിനു​വേണ്ടി പരിസ്ഥി​തി യഥാർഥ​ത്തിൽ ഒടു​ക്കേ​ണ്ടി​വ​രുന്ന വില സംബന്ധിച്ച്‌ ശരിയായ ധാരണ നൽകു​ന്നില്ല” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. സാധാ​ര​ണ​ഗ​തി​യിൽ നാലു​വർഷത്തെ കാലപ​രി​ധി​യുള്ള ഒരു കമ്പ്യൂ​ട്ട​റിൽ ഉപയോ​ഗി​ക്കാൻ ഒരു അടിസ്ഥാന മെമ്മറി ചിപ്പ്‌ ഉണ്ടാക്ക​ണ​മെ​ങ്കിൽ “ചെലവാ​കുന്ന ഫോസിൽ ഇന്ധനത്തി​ന്റെ അളവ്‌ ചിപ്പിന്റെ ഭാരത്തി​ന്റെ 800 മടങ്ങാണ്‌” എന്ന്‌ മാസിക പറയുന്നു. ജപ്പാൻ, ഫ്രാൻസ്‌, ഐക്യ​നാ​ടു​കൾ എന്നിവി​ട​ങ്ങ​ളി​ലെ വിശകലന വിദഗ്‌ധർ കണക്കാ​ക്കു​ന്ന​ത​നു​സ​രിച്ച്‌, 2 ഗ്രാം മാത്രം ഭാരമുള്ള 32 മെഗാ​ബൈ​റ്റുള്ള ഒരു മെമ്മറി ചിപ്പ്‌ ഉണ്ടാക്കു​ന്ന​തിന്‌ കുറഞ്ഞത്‌ 1.6 കിലോ​ഗ്രാം ഫോസിൽ ഇന്ധനവും 32 കിലോ​ഗ്രാം വെള്ളവും അമോ​ണിയ, ഹൈ​ഡ്രോ​ക്ലോ​റിക്‌ ആസിഡ്‌ എന്നിങ്ങ​നെ​യുള്ള വിഷക​ര​മായ രാസവ​സ്‌തു​ക്കൾ 72 ഗ്രാമും ആവശ്യ​മാണ്‌. വിശകലന വിദഗ്‌ധർ ഇപ്രകാ​രം ഉപസം​ഹ​രി​ക്കു​ന്നു: “ചെറിയ മെമ്മറി ചിപ്പു​ക​ളോ​ടുള്ള താരത​മ്യ​ത്തിൽ അവയ്‌ക്കു​വേണ്ടി പരിസ്ഥി​തി ഒടു​ക്കേ​ണ്ടി​വ​രുന്ന വില വളരെ വളരെ വലുതാണ്‌.” (g03 10/22)