വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ സഹോദരങ്ങളുടെ പേരിനൊപ്പം ജീവിക്കാനുള്ള സമ്മർദത്തെ എങ്ങനെ തരണംചെയ്യാം?

എന്റെ സഹോദരങ്ങളുടെ പേരിനൊപ്പം ജീവിക്കാനുള്ള സമ്മർദത്തെ എങ്ങനെ തരണംചെയ്യാം?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ പേരി​നൊ​പ്പം ജീവി​ക്കാ​നുള്ള സമ്മർദത്തെ എങ്ങനെ തരണം​ചെ​യ്യാം?

“സ്വന്തം വ്യക്തി​ത്വം ഉണ്ടായി​രി​ക്കാൻ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചേച്ചി​മാ​രു​ടെ പേരി​നൊ​പ്പം ജീവി​ക്കാ​നുള്ള സമ്മർദം എനി​ക്കെ​പ്പോ​ഴും അനുഭ​വ​പ്പെട്ടു. അവരുടെ നേട്ടങ്ങൾക്കൊ​പ്പം എത്താൻ ഒരിക്ക​ലും എനിക്കാ​വില്ല എന്നു തോന്നി.”ക്ലാർ.

തൊട്ട​തെ​ല്ലാം പൊന്നാ​ക്കുന്ന ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ നിങ്ങൾക്കു​ണ്ടോ? അവനെ അല്ലെങ്കിൽ അവളെ കണ്ടു പഠിക്ക്‌ എന്നത്‌ മാതാ​പി​താ​ക്ക​ളു​ടെ സ്ഥിരം പല്ലവി ആയിത്തീർന്നി​രി​ക്കു​ന്നു​വോ? എങ്കിൽ എല്ലാ കാലത്തും ആ വ്യക്തി​യു​ടെ നിഴലിൽത്തന്നെ കഴി​യേ​ണ്ടി​വ​രു​മെന്ന്‌, എല്ലായ്‌പോ​ഴും അവന്റെ അല്ലെങ്കിൽ അവളുടെ നേട്ടങ്ങ​ളോ​ടുള്ള താരത​മ്യ​ത്തി​ലാ​യി​രി​ക്കും മറ്റുള്ളവർ നിങ്ങളെ വിലയി​രു​ത്തുക എന്നു നിങ്ങൾ ഭയപ്പെ​ട്ടേ​ക്കാം.

വളരെ മതി​പ്പോ​ടെ വീക്ഷി​ക്ക​പ്പെ​ടുന്ന ശുശ്രൂ​ഷാ​പ​രി​ശീ​ലന സ്‌കൂളിൽനിന്ന്‌ a ബിരുദം നേടി​യ​വ​രാണ്‌ ബാരിയുടെ b ചേട്ടന്മാർ രണ്ടു​പേ​രും. ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ അവർ നല്ല പേര്‌ സമ്പാദി​ച്ചി​രി​ക്കു​ന്നു. ബാരി ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “എത്ര ശ്രമി​ച്ചാ​ലും പ്രസം​ഗ​വേ​ല​യിൽ അവരുടെ നിലവാ​ര​ങ്ങൾക്കൊ​പ്പം എത്താനോ അവരുടെ അത്രയും നല്ല പരസ്യ പ്രസം​ഗങ്ങൾ നടത്താ​നോ കഴിയി​ല്ലെന്ന തോന്നൽ എന്റെ ആത്മവി​ശ്വാ​സം കെടുത്തി. സ്വന്തമാ​യി കൂട്ടു​കാ​രെ കണ്ടെത്താ​നും എനിക്കു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെട്ടു, കാരണം മറ്റുള്ളവർ ചേട്ടന്മാ​രെ ക്ഷണിക്കു​മ്പോൾ കൂടെ​പോ​കുക മാത്ര​മാണ്‌ ഞാൻ ചെയ്‌തി​രു​ന്നത്‌. അവരെ വിചാ​രി​ച്ചു മാത്ര​മാണ്‌ മറ്റുള്ളവർ എന്നോടു സൗഹാർദം കാട്ടു​ന്ന​തെന്ന്‌ ഞാൻ കരുതി.”

തന്റെ സഹോ​ദ​ര​നോ സഹോ​ദ​രി​യോ എല്ലായ്‌പോ​ഴും മറ്റുള്ള​വ​രു​ടെ പ്രശം​സാ​പാ​ത്ര​മാ​കു​ന്നതു കാണു​മ്പോൾ അസൂയ തോന്നുക സ്വാഭാ​വി​ക​മാണ്‌. ബൈബിൾ കാലങ്ങ​ളി​ലെ യോ​സേ​ഫി​ന്റെ കാര്യം​തന്നെ എടുക്കുക. തന്റെ സഹോ​ദ​ര​ങ്ങ​ളെ​ക്കാൾ ശ്രദ്ധ അവനു ലഭിച്ചു. അതിന്റെ ഫലം എന്തായി​രു​ന്നു? ‘അവന്റെ സഹോ​ദ​ര​ന്മാർ അവനെ പകെച്ചു; അവനോ​ടു സമാധാ​ന​മാ​യി സംസാ​രി​പ്പാൻ അവർക്കു കഴിഞ്ഞില്ല.’ (ഉല്‌പത്തി 37:1-4) യോ​സേഫ്‌ പക്ഷേ എളിമ​യു​ള്ള​വ​നാ​യി​രു​ന്നു. എന്നാൽ നിങ്ങളു​ടെ സഹോ​ദ​ര​നോ സഹോ​ദ​രി​യോ അങ്ങനെ ആയി​ക്കൊ​ള്ള​ണ​മെ​ന്നില്ല. സ്വന്തം നേട്ടങ്ങളെ കുറിച്ച്‌ എപ്പോ​ഴും വീമ്പി​ള​ക്കി​ക്കൊണ്ട്‌ അവർ നിങ്ങളിൽ സ്‌പർദ്ധ​യും അമർഷ​വും ഉളവാ​ക്കി​യേ​ക്കാം.

ചില യുവജ​നങ്ങൾ മത്സരമ​നോ​ഭാ​വം നട്ടുവ​ളർത്തി​ക്കൊ​ണ്ടാണ്‌ ഇതി​നോ​ടു പ്രതി​ക​രി​ക്കു​ന്നത്‌—ഒരുപക്ഷേ പഠനകാ​ര്യ​ങ്ങ​ളിൽ ഒട്ടും ശ്രദ്ധി​ക്കാ​തെ​യോ, ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങ​ളിൽ വീഴ്‌ച​വ​രു​ത്തി​ക്കൊ​ണ്ടോ ഒക്കെ. ഏതായാ​ലും സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ ഒപ്പമെ​ത്തില്ല, പിന്നെ​ന്തി​നാണ്‌ ശ്രമി​ക്കു​ന്നത്‌ എന്നായി​രി​ക്കാം അവർ ചിന്തി​ക്കു​ന്നത്‌. എന്നാൽ ആത്യന്തി​ക​മാ​യി മത്സരം നിങ്ങൾക്കു ദോഷമേ വരുത്തൂ. ആത്മാഭി​മാ​ന​വും ആത്മവി​ശ്വാ​സ​വും തോന്നു​ന്ന​വി​ധ​ത്തിൽ നിങ്ങൾക്കെ​ങ്ങനെ നിങ്ങളു​ടെ സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ നിഴലിൽനി​ന്നു പുറത്തു​വ​രാൻ കഴിയും?

മറ്റൊരു തലത്തിൽനിന്ന്‌ അവരെ വീക്ഷി​ക്കു​ക

സഹോ​ദ​ര​നോ സഹോ​ദ​രി​യോ മറ്റുള്ള​വ​രു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കു​ന്നതു കാണു​മ്പോൾ അവർ പൂർണ​രാ​ണെ​ന്നും നിങ്ങൾക്ക്‌ ഒരിക്ക​ലും അവരോ​ടൊ​പ്പം എത്താൻ കഴിയി​ല്ലെ​ന്നും നിങ്ങൾ വിശ്വ​സി​ക്കാൻ തുടങ്ങി​യേ​ക്കാം. എന്നാൽ അത്‌ യഥാർഥ​ത്തിൽ സത്യമാ​ണോ? ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “എല്ലാവ​രും പാപം ചെയ്‌തു ദൈവ​തേ​ജസ്സു ഇല്ലാത്ത​വ​രാ​യി​ത്തീർന്നു.”—റോമർ 3:23.

അതേ, നിങ്ങളു​ടെ സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ എന്തൊക്കെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും ഉണ്ടെങ്കി​ലും അവരും ‘നമ്മെ​പ്പോ​ലെ​തന്നെ കുറവു​ക​ളുള്ള മനുഷ്യ​രാണ്‌.’ (പ്രവൃ​ത്തി​കൾ 14:15, NW) അവരെ അങ്ങേയറ്റം ഉയരത്തിൽ പ്രതി​ഷ്‌ഠി​ക്കു​ക​യോ ആരാധ​നാ​പാ​ത്ര​ങ്ങ​ളാ​ക്കു​ക​യോ ചെയ്യേണ്ട ആവശ്യ​മില്ല. പൂർണ മാതൃക വെച്ചി​ട്ടുള്ള ഏക മനുഷ്യൻ യേശു​ക്രി​സ്‌തു ആണ്‌.—1 പത്രൊസ്‌ 2:21.

അവരിൽനി​ന്നു പഠിക്കുക!

ഇനി, നിങ്ങളു​ടെ സാഹച​ര്യ​ത്തെ വളരെ​യ​ധി​കം കാര്യങ്ങൾ പഠിക്കാ​നുള്ള ഒരു അവസര​മാ​യി കാണാൻ ശ്രമി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ യേശു​ക്രി​സ്‌തു​വി​ന്റെ സഹോ​ദ​ര​ങ്ങളെ കുറിച്ചു ചിന്തി​ക്കുക. (മത്തായി 13:55, 56) പൂർണ​നായ തങ്ങളുടെ സഹോ​ദ​ര​നിൽനിന്ന്‌ അവർക്ക്‌ എന്തെല്ലാം പഠിക്കാൻ കഴിയു​മാ​യി​രു​ന്നു! എങ്കിലും ‘അവന്റെ സഹോ​ദ​ര​ന്മാർ അവനിൽ വിശ്വ​സി​ച്ചില്ല.’ (യോഹ​ന്നാൻ 7:5) ഒരുപക്ഷേ അഹങ്കാ​ര​വും അസൂയ​യും ആയിരു​ന്നി​രി​ക്കാം വിശ്വാ​സം അർപ്പി​ക്കു​ന്ന​തിന്‌ വിലങ്ങു​ത​ടി​യാ​യത്‌. “എന്നോടു പഠിപ്പിൻ” എന്ന യേശു​വി​ന്റെ ഉദാത്ത​മായ ക്ഷണത്തോ​ടു പ്രതി​ക​രി​ച്ചത്‌ അവന്റെ ആത്മീയ സഹോ​ദ​ര​ന്മാർ—ശിഷ്യ​ന്മാർ—ആയിരു​ന്നു. (മത്തായി 11:29) യേശു​വി​ന്റെ പുനരു​ത്ഥാ​ന​ശേഷം മാത്ര​മാണ്‌ അവന്റെ ജഡിക സഹോ​ദ​രങ്ങൾ അവനെ വിലമ​തി​ക്കാൻ തുടങ്ങി​യത്‌. (പ്രവൃ​ത്തി​കൾ 1:14) അതുവരെ തങ്ങളുടെ ശ്രേഷ്‌ഠ​നായ സഹോ​ദ​ര​നിൽനി​ന്നു പഠിക്കാ​നുള്ള സുവർണാ​വ​സ​രങ്ങൾ അവർ നഷ്ടപ്പെ​ടു​ത്തി.

കയീനും സമാന​മായ പിഴവു വരുത്തി. അവന്റെ സഹോ​ദ​ര​നായ ഹാബെൽ ശ്രദ്ധേ​യ​നായ ഒരു ദൈവ​ദാ​സൻ ആയിരു​ന്നു. “യഹോവ ഹാബെ​ലി​ലും അവന്റെ വഴിപാ​ടി​ലും പ്രസാ​ദി​ച്ചു” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 4:4) എന്നാൽ ചില കാരണ​ങ്ങ​ളാൽ ദൈവം “കയീനി​ലും അവന്റെ വഴിപാ​ടി​ലും പ്രസാ​ദി​ച്ചില്ല.” അൽപ്പം താഴ്‌മ പ്രകടി​പ്പി​ച്ചു​കൊണ്ട്‌ കയീന്‌ തന്റെ സഹോ​ദ​ര​നിൽനി​ന്നു പഠിക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ “കയീന്നു ഏററവും കോപ​മു​ണ്ടാ​യി.” ഒടുവിൽ ഹാബെ​ലി​നെ കൊല്ലു​ന്ന​തി​ലേക്ക്‌ അതു നയിച്ചു.—ഉല്‌പത്തി 4:5-8.

നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും കൂടെ​പ്പി​റ​പ്പി​നോട്‌ അത്രയും ദേഷ്യം തോന്നും എന്നല്ല പറഞ്ഞു​വ​രു​ന്നത്‌. എന്നാൽ അസൂയ​യും അഹങ്കാ​ര​വും അമൂല്യ​മായ അവസരങ്ങൾ കളഞ്ഞു​കു​ളി​ക്കാൻ ഇടയാ​ക്കി​യേ​ക്കാം. നിങ്ങളു​ടെ കൂടെ​പ്പി​റപ്പ്‌ കണക്കി​ലോ ചരി​ത്ര​ത്തി​ലോ മികച്ചു​നിൽക്കു​ന്നു​വോ? നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട കളിയിൽ അതിസ​മർഥ​നാ​ണോ? അപാര​മായ തിരു​വെ​ഴു​ത്തു പരിജ്ഞാ​നം ഉള്ളവനാ​ണോ? നല്ല പ്രസം​ഗ​ക​നാ​ണോ? എങ്കിൽ അസൂയ​യ്‌ക്ക്‌ എതിരെ ജാഗ്രത പാലി​ക്കുക! കാരണം ‘അസൂയ അസ്ഥികൾക്കു ദ്രവത്വം’ ആണ്‌. അത്‌ നിങ്ങൾക്കു ദോഷമേ വരുത്തൂ. (സദൃശ​വാ​ക്യ​ങ്ങൾ 14:30; 27:4, NW) നീരസം വെച്ചു​പു​ലർത്തു​ന്ന​തി​നു പകരം സഹോ​ദ​ര​നിൽനിന്ന്‌ അല്ലെങ്കിൽ സഹോ​ദ​രി​യിൽനിന്ന്‌ പഠിക്കാൻ ശ്രമി​ക്കുക. നിങ്ങൾക്കി​ല്ലാത്ത ചില കഴിവു​ക​ളും പ്രാപ്‌തി​ക​ളും നിങ്ങളു​ടെ കൂടെ​പ്പി​റ​പ്പിന്‌ ഉണ്ടെന്ന കാര്യം അംഗീ​ക​രി​ക്കുക. അവർ കാര്യങ്ങൾ ചെയ്യുന്ന വിധം നിരീ​ക്ഷി​ച്ചു മനസ്സി​ലാ​ക്കുക. അവരുടെ സഹായം തേടു​ന്നെ​ങ്കിൽ അത്‌ അതിലും മെച്ചമാ​യി​രി​ക്കും.

നേരത്തേ പരാമർശിച്ച ബാരി തന്റെ സഹോ​ദ​ര​ന്മാ​രു​ടെ നല്ല മാതൃ​ക​യിൽനിന്ന്‌ പ്രയോ​ജനം നേടാൻ ഇടയായി. അവൻ പറയുന്നു: “സഭയിലെ സഹോ​ദ​ര​ങ്ങ​ളെ​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കണ്ടുമു​ട്ടു​ന്ന​വ​രെ​യും സഹായി​ക്കാ​നുള്ള സന്നദ്ധത എന്റെ സഹോ​ദ​ര​ന്മാർക്ക്‌ എത്രമാ​ത്രം സന്തോ​ഷ​മാണ്‌ കൈവ​രു​ത്തി​യി​രു​ന്ന​തെന്ന്‌ ഞാൻ കണ്ടു. അതു​കൊണ്ട്‌ അവരുടെ മാതൃക പിൻപ​റ്റാൻ ഞാൻ തീരു​മാ​നി​ച്ചു. അങ്ങനെ, ഞാൻ രാജ്യ​ഹാ​ളു​ക​ളു​ടെ​യും ബെഥേൽ കെട്ടി​ട​ങ്ങ​ളു​ടെ​യും നിർമാണ പ്രവർത്ത​ന​ത്തിൽ പങ്കെടു​ക്കാൻ തുടങ്ങി. ആ അനുഭ​വങ്ങൾ എനിക്ക്‌ ആത്മവി​ശ്വാ​സം പകരു​ക​യും യഹോ​വ​യു​മാ​യുള്ള ബന്ധത്തിൽ വളരാൻ സഹായി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”

സ്വന്തം കഴിവു​കൾ കണ്ടെത്തൽ

നിങ്ങളു​ടെ സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ നല്ല ഗുണങ്ങൾ അനുക​രി​ക്കു​ന്നത്‌ സ്വന്തം വ്യക്തി​ത്വം നഷ്ടപ്പെ​ടാൻ ഇടയാ​ക്കു​മെന്ന്‌ നിങ്ങൾ ഒരുപക്ഷേ ഭയപ്പെ​ട്ടേ​ക്കാം. എന്നാൽ അങ്ങനെ സംഭവി​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “എന്റെ അനുകാ​രി​കൾ ആകുവിൻ.” (1 കൊരി​ന്ത്യർ 4:16) സ്വന്തം വ്യക്തി​ത്വം ഉണ്ടായി​രി​ക്കു​ന്ന​തി​നെ പൗലൊസ്‌ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നോ? ഒരിക്ക​ലു​മല്ല. ഓരോ​രു​ത്തർക്കും സ്വന്തം വ്യക്തി​ത്വം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ വേണ്ടത്ര അവസരം ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങൾ ഗണിത​ശാ​സ്‌ത്ര​ത്തിൽ നിങ്ങളു​ടെ സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ അത്രയും പ്രഗത്‌ഭനല്ല എന്നിരി​ക്കട്ടെ. നിങ്ങൾക്ക്‌ എന്തോ കുഴപ്പം ഉണ്ടെന്നാ​ണോ അതിന്റെ അർഥം? തീർച്ച​യാ​യു​മല്ല, നിങ്ങൾ വ്യത്യ​സ്‌ത​നാണ്‌, അത്രതന്നെ.

പൗലൊസ്‌ ഈ പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേശം നൽകുന്നു: “ഓരോ​രു​ത്ത​രും താന്താന്റെ പ്രവൃത്തി വിലയി​രു​ത്തട്ടെ; അപ്പോൾ മറ്റാരു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​തെ അവനു തന്നിൽത്തന്നേ അഭിമാ​നി​ക്കാം.” (ഗലാത്യർ 6:4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം) നിങ്ങൾക്കുള്ള കഴിവു​ക​ളും പ്രാപ്‌തി​ക​ളും വളർത്താൻ എന്തു​കൊണ്ട്‌ ശ്രമി​ച്ചു​കൂ​ടാ? മറ്റൊരു ഭാഷ സംസാ​രി​ക്കാ​നോ സംഗീ​തോ​പ​ക​രണം വായി​ക്കാ​നോ കമ്പ്യൂട്ടർ ഉപയോ​ഗി​ക്കാ​നോ ഒക്കെ പഠിക്കു​ന്നത്‌ നിങ്ങൾക്ക്‌ ആത്മാഭി​മാ​നം തോന്നാൻ ഇടയാ​ക്കി​യേ​ക്കാം. മാത്രമല്ല, അതൊക്കെ വിലപ്പെട്ട കഴിവു​ക​ളാണ്‌. പൂർണത കൈവ​രി​ക്കു​ന്ന​തി​നെ കുറി​ച്ചോർത്ത്‌ വിഷമി​ക്കേണ്ട! അർപ്പണ​ബോ​ധ​ത്തോ​ടെ, വിദഗ്‌ധ​മാ​യി കാര്യങ്ങൾ ചെയ്യാൻ പഠിക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 22:29) ചില​പ്പോൾ, ഒരു പ്രത്യേക കാര്യ​ത്തിൽ സഹജ വാസന​യുള്ള വ്യക്തി​യ​ല്ലാ​യി​രി​ക്കാം നിങ്ങൾ. എന്നാൽ “ഉത്സാഹി​ക​ളു​ടെ കൈ അധികാ​രം നടത്തും” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 12:24 പറയുന്നു.

എന്നിരു​ന്നാ​ലും ആത്മീയ പുരോ​ഗ​തി​യു​ടെ കാര്യ​ത്തി​ലാണ്‌ നിങ്ങൾ ഏറ്റവും ശ്രദ്ധി​ക്കേ​ണ്ടത്‌. മറ്റു കഴിവു​ക​ളും പ്രാപ്‌തി​ക​ളും ആളുക​ളു​ടെ ശ്രദ്ധ പെട്ടെന്ന്‌ നേടി​ത്ത​ന്നേ​ക്കാ​മെ​ങ്കി​ലും ആത്മീയ കഴിവു​കൾ നിലനിൽക്കുന്ന പ്രയോ​ജനം കൈവ​രു​ത്തും. ഇരട്ട സഹോ​ദ​ര​ന്മാർ ആയിരുന്ന ഏശാവി​ന്റെ​യും യാക്കോ​ബി​ന്റെ​യും കാര്യ​മെ​ടു​ക്കുക. “ഏശാവ്‌ വേട്ടയിൽ സമർത്ഥ​നും വനസഞ്ചാ​രി​യും” ആയിരു​ന്ന​തി​നാൽ തന്റെ പിതാ​വിൽനിന്ന്‌ വളരെ​യ​ധി​കം പ്രശംസ പിടി​ച്ചു​പറ്റി. “സാധു​ശീ​ല​നും കൂടാ​ര​വാ​സി​യും ആയിരുന്ന” യാക്കോ​ബി​നെ ആദ്യ​മൊ​ക്കെ ആരും ശ്രദ്ധി​ച്ചി​ല്ലാ​യി​രു​ന്നി​രി​ക്കാം. (ഉല്‌പത്തി 25:27) എന്നാൽ ഏശാവ്‌ തന്റെ ആത്മീയത നട്ടുവ​ളർത്താൻ പരാജ​യ​പ്പെ​ട്ട​തി​നാൽ അവന്‌ അനു​ഗ്ര​ഹങ്ങൾ നഷ്ടമായി. നേരെ മറിച്ച്‌ യാക്കോബ്‌ ആത്മീയ കാര്യ​ങ്ങ​ളോ​ടു സ്‌നേഹം നട്ടുവ​ളർത്തു​ക​യും തത്‌ഫ​ല​മാ​യി യഹോ​വ​യാൽ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. (ഉല്‌പത്തി 27:28, 29; എബ്രായർ 12:16, 17) ഇതിൽനിന്ന്‌ എന്തു പാഠമാണ്‌ ഉൾക്കൊ​ള്ളാൻ കഴിയുക? ആത്മീയ​മാ​യി വളരുക, ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​പ്പി​ക്കുക.’ എങ്കിൽ നിങ്ങളു​ടെ ‘അഭിവൃ​ദ്ധി എല്ലാവർക്കും പ്രസി​ദ്ധ​മാ​യി​ത്തീ​രും.’—മത്തായി 5:16; 1 തിമൊ​ഥെ​യൊസ്‌ 4:15.

മുമ്പ്‌ പരാമർശിച്ച ക്ലാർ പറയുന്നു: “എന്റെ ചേച്ചി​മാ​രു​ടെ നിഴലിൽ കഴിയു​ന്ന​തിൽ ഞാൻ തൃപ്‌ത​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ സ്‌നേ​ഹ​ത്തിൽ ‘വിശാ​ല​രാ​കാൻ’ ഉള്ള തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചത്‌. ഞാൻ വയൽശു​ശ്രൂ​ഷ​യിൽ വ്യത്യസ്‌ത സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ പ്രവർത്തി​ക്കു​ക​യും സഭയിൽ ആവശ്യ​മു​ള്ള​വരെ സഹായി​ക്കാ​നുള്ള പ്രാ​യോ​ഗിക വഴികൾ തേടു​ക​യും ചെയ്‌തു. അതു​പോ​ലെ ഞാൻ വിവിധ പ്രായ​ത്തി​ലുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ഞങ്ങളുടെ വീട്ടി​ലേക്കു ക്ഷണിക്കു​ക​യും തന്നെത്താൻ അവർക്കു​വേണ്ടി ഭക്ഷണം ഉണ്ടാക്കു​ക​യും ചെയ്‌തു. ഇപ്പോൾ എനിക്ക്‌ അനേകം സുഹൃ​ത്തു​ക്ക​ളുണ്ട്‌, അതു​പോ​ലെ എനിക്കു കൂടുതൽ ആത്മവി​ശ്വാ​സ​വും തോന്നു​ന്നു.”—2 കൊരി​ന്ത്യർ 6:13.

ചില​പ്പോ​ഴൊ​ക്കെ, അറിയാ​തെ​യെ​ങ്കി​ലും നിങ്ങളു​ടെ മാതാ​പി​താ​ക്കൾ സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ കണ്ടു പഠിക്കാൻ നിങ്ങ​ളോ​ടു പറഞ്ഞെ​ന്നി​രി​ക്കാം. നിങ്ങളു​ടെ ക്ഷേമത്തെ ചൊല്ലി​യാണ്‌ അവരങ്ങനെ പറയു​ന്ന​തെന്ന്‌ മനസ്സിൽ പിടി​ക്കു​ന്നത്‌ വേദന അൽപ്പം കുറയ്‌ക്കാൻ സഹായി​ച്ചേ​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 19:11) എന്നാൽ അങ്ങനെ​യുള്ള താരത​മ്യ​പ്പെ​ടു​ത്ത​ലു​കൾ നിങ്ങളെ എങ്ങനെ​യാണ്‌ ബാധി​ക്കു​ന്ന​തെന്ന്‌ മാതാ​പി​താ​ക്ക​ളോ​ടു തുറന്നു​പ​റ​യു​ന്നത്‌ ഒരുപക്ഷേ നല്ലതാ​യി​രി​ക്കും. അങ്ങനെ​യാ​കു​മ്പോൾ തങ്ങൾക്ക്‌ പറയാ​നു​ള്ളത്‌ അവർ മറ്റേ​തെ​ങ്കി​ലും രീതി​യിൽ നിങ്ങ​ളോ​ടു പറഞ്ഞേ​ക്കാം.

യഹോ​വ​യെ സേവി​ക്കു​ന്നു​വെ​ങ്കിൽ അവൻ നിങ്ങളെ ശ്രദ്ധി​ക്കു​മെന്ന കാര്യം ഒരിക്ക​ലും മറക്കരുത്‌. (1 കൊരി​ന്ത്യർ 8:3) ബാരി പിൻവ​രുന്ന വാക്യ​ങ്ങ​ളിൽ അതു സംഗ്ര​ഹി​ക്കു​ന്നു: “യഹോ​വയെ സേവി​ക്കു​ന്തോ​റും എന്റെ സന്തോഷം വർധി​ക്കു​ന്ന​താ​യി ഞാൻ കാണുന്നു. ആളുകൾ ഇപ്പോൾ എന്നെ ഒരു വ്യക്തി​യാ​യി കാണാൻ തുടങ്ങി​യി​ട്ടുണ്ട്‌. എന്റെ സഹോ​ദ​ര​ന്മാ​രെ വിലമ​തി​ക്കു​ന്ന​തു​പോ​ലെ​തന്നെ അവർ ഇപ്പോൾ എന്നെയും വിലമ​തി​ക്കു​ന്നു.” (g03 11/22)

[അടിക്കു​റി​പ്പു​കൾ]

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b യഹോവയുടെ സാക്ഷികൾ ക്രമീ​ക​രി​ച്ചു നടത്തു​ന്നത്‌.

[27-ാം പേജിലെ ചിത്രം]

നിങ്ങളുടെ സഹോ​ദ​ര​നോ സഹോ​ദ​രി​യോ മിക്ക​പ്പോ​ഴും ശ്രദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു​ണ്ടോ?

[28-ാം പേജിലെ ചിത്രം]

സ്വന്തം കഴിവു​ക​ളും പ്രാപ്‌തി​ക​ളും കണ്ടെത്താൻ ശ്രമി​ക്കു​ക

[28-ാം പേജിലെ ചിത്രം]

ആത്മീയ വൈദ​ഗ്‌ധ്യ​ങ്ങൾ വികസി​പ്പി​ച്ചെ​ടു​ത്തു​കൊണ്ട്‌ ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​പ്പി​ക്കുക’