വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിസ്ഥിതിയെ രക്ഷിക്കുന്നതിൽ നാം എത്രത്തോളം വിജയിച്ചിരിക്കുന്നു?

പരിസ്ഥിതിയെ രക്ഷിക്കുന്നതിൽ നാം എത്രത്തോളം വിജയിച്ചിരിക്കുന്നു?

പരിസ്ഥി​തി​യെ രക്ഷിക്കു​ന്ന​തിൽ നാം എത്ര​ത്തോ​ളം വിജയി​ച്ചി​രി​ക്കു​ന്നു?

ചെർണോ​ബിൽ, ഭോപ്പാൽ, വാൽഡിസ്‌, ത്രീ മൈൽ ദ്വീപ്‌. ഇത്തരം പേരുകൾ കേൾക്കു​മ്പോൾ ലോക​ത്തി​ന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളിൽ ഉണ്ടായി​ട്ടുള്ള പാരി​സ്ഥി​തിക ദുരന്ത​ങ്ങ​ളു​ടെ ബീഭത്സ ചിത്രങ്ങൾ നമ്മുടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തി​യേ​ക്കാം. ഭൗമപ​രി​സ്ഥി​തി കടന്നാ​ക്ര​മ​ണ​ത്തി​നു വിധേ​യ​മാ​കു​ക​യാ​ണെന്ന്‌ ഈ ദുരന്തങ്ങൾ ഓരോ​ന്നും നമ്മുടെ ശ്രദ്ധയിൽ പെടുത്തി.

പരിസ്ഥി​തി വിദഗ്‌ധ​രും വ്യക്തി​ക​ളു​മാ​യി അനേകം​പേർ മുന്നറി​യി​പ്പു​കൾ മുഴക്കി​യി​ട്ടുണ്ട്‌. തങ്ങളുടെ വീക്ഷണങ്ങൾ ഉറക്കെ പ്രഖ്യാ​പി​ക്കാൻ ചിലർ പരസ്യ​മായ നടപടി​കൾ സ്വീക​രി​ച്ചി​ട്ടുണ്ട്‌. അതി​ലോ​ല​മായ ഒരു ആവാസ​വ്യ​വസ്ഥ സ്ഥിതി​ചെ​യ്യുന്ന ഒരു പ്രദേ​ശ​ത്തു​കൂ​ടി റോഡ്‌ നിർമി​ക്കാ​നുള്ള ശ്രമത്തെ എതിർത്തു​കൊണ്ട്‌ ഇംഗ്ലീ​ഷു​കാ​രി​യായ ഒരു ലൈ​ബ്രേ​റി​യൻ ഒരു ബുൾഡോ​സ​റി​നോ​ടു ചേർത്ത്‌ തന്നെത്തന്നെ ചങ്ങലയ്‌ക്കി​ട്ടു. ഓസ്‌​ട്രേ​ലി​യ​യിൽ, ഒരു ദേശീയ പാർക്കി​നു​ള്ളി​ലെ യുറേ​നി​യം ഖനനത്തി​നെ​തി​രെ രണ്ട്‌ ആദിവാ​സി സ്‌ത്രീ​കൾ പ്രക്ഷോ​ഭം നയിച്ചു. ഖനനം നിറു​ത്തി​വെച്ചു. സദു​ദ്ദേ​ശ്യ​പ​ര​മെ​ങ്കി​ലും ഇത്തരം പരി​ശ്ര​മങ്ങൾ എല്ലായ്‌പോ​ഴും അനൂകൂല പ്രതി​ക​രണം നേടി​യി​ട്ടില്ല. ദൃഷ്ടാ​ന്ത​ത്തിന്‌, മുങ്ങി​പ്പോയ അന്തർവാ​ഹി​നി​ക​ളി​ലെ ആണവ റിയാ​ക്ട​റു​ക​ളിൽനി​ന്നുള്ള അണു​പ്ര​സ​ര​ണത്തെ കുറിച്ച്‌ സോവി​യറ്റ്‌ ഭരണകാ​ലത്ത്‌ ഒരു നാവിക മേധാവി ഉത്‌കണ്‌ഠ പ്രകടി​പ്പി​ച്ചു. ഇവയുടെ സ്ഥാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ച​തി​ന്റെ ഫലമായി അദ്ദേഹം അറസ്റ്റു​ചെ​യ്യ​പ്പെട്ടു.

പരിസ്ഥി​തി നേരി​ടുന്ന ഭീഷണി​കളെ കുറിച്ച്‌ നിരവധി സംഘട​ന​ക​ളും അപായ​മണി മുഴക്കു​ന്നുണ്ട്‌. യുനെ​സ്‌കോ എന്ന്‌ അറിയ​പ്പെ​ടുന്ന ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘടന, ഐക്യ​രാ​ഷ്‌ട്ര പരിസ്ഥി​തി പരിപാ​ടി, ഗ്രീൻപീസ്‌ എന്നിവ ഇവയിൽ ഉൾപ്പെ​ടു​ന്നു. ചില സംഘട​ന​ക​ളും വ്യക്തി​ക​ളും, പരിസ്ഥി​തി പ്രശ്‌നങ്ങൾ തങ്ങളുടെ ജോലി​യു​മാ​യി ബന്ധപ്പെട്ടു വരുന്ന സന്ദർഭ​ങ്ങ​ളിൽ അവ കേവലം റിപ്പോർട്ടു ചെയ്യുന്നു. മറ്റുള്ള​വ​രാ​കട്ടെ, പാരി​സ്ഥി​തിക പ്രശ്‌നങ്ങൾ ജനശ്ര​ദ്ധ​യി​ലേക്കു കൊണ്ടു​വ​രാ​നുള്ള ഉദ്യമ​ങ്ങൾക്കാ​യി സ്വയം അർപ്പി​ച്ചി​രി​ക്കു​ന്നു. പരിസ്ഥി​തി വിവാ​ദങ്ങൾ കൊടു​മ്പി​രി​കൊ​ള്ളുന്ന സ്ഥലങ്ങളി​ലേക്ക്‌ പ്രവർത്ത​കരെ അയയ്‌ക്കു​ന്ന​തി​ലും, ആഗോ​ള​ത​പനം, വംശനാ​ശ​ഭീ​ഷണി നേരി​ടുന്ന ജൈവ​ജാ​തി​കൾ, ജന്തുക്ക​ളി​ലും സസ്യങ്ങ​ളി​ലും ജനിതക വ്യതി​യാ​നം വരുത്തു​ന്ന​തി​ന്റെ അപകടങ്ങൾ എന്നിവ പോലുള്ള പ്രശ്‌ന​ങ്ങ​ളി​ലേക്ക്‌ ജനശ്രദ്ധ ആകർഷി​ക്കു​ന്ന​തി​ലും കേൾവി​കേ​ട്ട​താണ്‌ ഗ്രീൻപീസ്‌ എന്ന സംഘടന.

“ആഗോള പരിസ്ഥി​തി പ്രശ്‌ന​ങ്ങളെ തുറന്നു​കാ​ട്ടുക എന്ന ലക്ഷ്യത്തിൽ [തങ്ങൾ] സർഗാത്മക ഏറ്റുമു​ട്ടൽ രീതികൾ” അവലം​ബി​ക്കു​ന്ന​താ​യി ചില പരിസ്ഥി​തി​പ്ര​വർത്തകർ പറയുന്നു. അങ്ങനെ, കാലങ്ങ​ളാ​യി നിലനി​ന്നു​പോ​രുന്ന വനങ്ങൾ വെട്ടി​ന​ശി​പ്പി​ക്കു​ന്ന​തിൽ പ്രതി​ഷേ​ധി​ച്ചു​കൊണ്ട്‌ തടിമി​ല്ലു​ക​ളു​ടെ ഗേറ്റു​ക​ളോ​ടു ചേർത്ത്‌ തങ്ങളെ​ത്തന്നെ ചങ്ങലയ്‌ക്കി​ടു​ന്ന​തു​പോ​ലുള്ള സമരത​ന്ത്രങ്ങൾ അവർ പ്രയോ​ഗി​ക്കു​ന്നു. തിമിം​ഗി​ല​വേട്ട നിരോ​ധന കാലയ​ളവ്‌ ഒരു രാജ്യം ലംഘി​ച്ച​പ്പോൾ, ആ നടപടി തങ്ങൾ സുസൂ​ക്ഷ്‌മം നിരീ​ക്ഷി​ക്കു​ന്നുണ്ട്‌ എന്നതിന്റെ സൂചന​യാ​യി, വലിയ കണ്ണുകൾ വെച്ചു​കെട്ടി ആ രാജ്യ​ത്തി​ന്റെ സ്ഥാനപതി കാര്യാ​ല​യ​ത്തി​നു മുന്നിൽ പ്രകടനം നടത്തി​ക്കൊ​ണ്ടാണ്‌ പരിസ്ഥി​തി​വാ​ദി​കൾ പ്രതി​ഷേ​ധി​ച്ചത്‌.

പരിസ്ഥി​തി​വാ​ദി​കൾക്കു സമരം​ചെ​യ്യാൻ പ്രശ്‌ന​ങ്ങൾക്കു യാതൊ​രു കുറവു​മില്ല. ഉദാഹ​ര​ണ​ത്തിന്‌, ജലമലി​നീ​ക​ര​ണ​ത്തി​ന്റെ ഭവിഷ്യ​ത്തു​കളെ കുറിച്ച്‌ വ്യക്തി​ക​ളിൽനി​ന്നും സംഘട​ന​ക​ളിൽനി​ന്നും ആവർത്തിച്ച്‌ മുന്നറി​യി​പ്പു​കൾ ലഭിച്ചി​ട്ടുണ്ട്‌. എന്നിട്ടും സാഹച​ര്യം തികച്ചും ഖേദക​ര​മാണ്‌. നൂറു​കോ​ടി ആളുകൾക്ക്‌ ശുദ്ധമായ കുടി​വെള്ളം ലഭ്യമല്ല. ടൈം മാസിക പറയുന്ന പ്രകാരം, “34 ലക്ഷം പേർ ജലജന്യ രോഗങ്ങൾ നിമിത്തം ഓരോ വർഷവും മരിക്കു​ന്നു.” വായു മലിനീ​ക​ര​ണ​വും സമാന​മായ ഒരു പ്രശ്‌ന​മാണ്‌. “വായു മലിനീ​ക​രണം, പ്രതി​വർഷം 27 ലക്ഷം മുതൽ 30 ലക്ഷം വരെ ആളുക​ളു​ടെ ജീവൻ അപഹരി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു” എന്നാണ്‌ 2001-ലെ ലോക​ജ​ന​സം​ഖ്യാ​നില (ഇംഗ്ലീഷ്‌) റിപ്പോർട്ടു ചെയ്യു​ന്നത്‌. തുടർന്ന്‌, അത്‌ ഇങ്ങനെ പറയുന്നു: “വീടിനു പുറത്തുള്ള വായു മലിനീ​ക​രണം 110 കോടി​യി​ല​ധി​കം ആളുകളെ ഹാനി​ക​ര​മാ​യി ബാധി​ക്കു​ന്നു.” ദൃഷ്ടാ​ന്ത​മാ​യി അത്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “യൂറോ​പ്പിൽ കുട്ടി​കൾക്കു​ണ്ടാ​കുന്ന ശ്വാസ​കോശ രോഗ​ബാ​ധ​ക​ളിൽ 10 ശതമാ​ന​ത്തി​ന്റെ​യും കാരണം വായു​വിൽ തങ്ങിനിൽക്കുന്ന സൂക്ഷ്‌മ കണങ്ങൾമൂ​ല​മുള്ള മലിനീ​ക​ര​ണ​മാണ്‌.” മുന്നറി​യി​പ്പു​കൾ മുഴക്കു​ക​യും ചില നടപടി​കൾ സ്വീക​രി​ക്കു​ക​യും ഒക്കെ ചെയ്‌തി​ട്ടും ജീവസ​ന്ധാ​ര​ണ​ത്തി​ന്റെ അടിസ്ഥാന ഘടകങ്ങ​ളോ​ടു ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങൾ വഷളാ​വുക മാത്ര​മാ​ണു ചെയ്യു​ന്നത്‌.

പലർക്കും ഇതൊരു വൈരു​ദ്ധ്യ​മാ​യി തോന്നു​ന്നു. പരിസ്ഥി​തി​യെ കുറി​ച്ചുള്ള വിവരങ്ങൾ മുമ്പെ​ന്ന​ത്തെ​ക്കാൾ ഇന്നു ലഭ്യമാണ്‌. പരിസ്ഥി​തി ശുചീ​ക​ര​ണ​ത്തിൽ എന്നത്തെ​ക്കാ​ള​ധി​കം ആളുക​ളും സംഘട​ന​ക​ളും താത്‌പ​ര്യം പ്രകടി​പ്പി​ക്കു​ന്നു. പ്രശ്‌ന​പ​രി​ഹാ​ര​ത്തിൽ സഹായി​ക്കാൻ ഗവൺമെ​ന്റു​കൾ പ്രത്യേക ഡിപ്പാർട്ടു​മെ​ന്റു​കൾതന്നെ രൂപവ​ത്‌ക​രി​ച്ചി​രി​ക്കു​ന്നു. പ്രശ്‌നങ്ങൾ കൈകാ​ര്യം​ചെ​യ്യാൻ മുമ്പി​ല്ലാ​തി​രുന്ന അത്യാ​ധു​നിക സാങ്കേ​തി​ക​വി​ദ്യ ഇന്നു നമുക്കുണ്ട്‌. എന്നിട്ടും കാര്യങ്ങൾ മെച്ച​പ്പെ​ടു​ന്ന​താ​യി കാണു​ന്നില്ല. എന്തു​കൊണ്ട്‌?

ഒരടി മുന്നോട്ട്‌

, രണ്ടടി പുറ​കോട്ട്‌

വ്യാവ​സാ​യിക പുരോ​ഗ​തി​യു​ടെ ഉദ്ദേശ്യം ജീവിതം കൂടുതൽ സുഗമ​മാ​ക്കുക എന്നതാ​യി​രു​ന്നു. ഈ ഉദ്ദേശ്യം സാധി​ക്കു​ന്ന​തിൽ ഒരളവു​വരെ അതു വിജയി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, ഈ “പുരോ​ഗതി” തന്നെയാണ്‌ പാരി​സ്ഥി​തിക പ്രശ്‌ന​ങ്ങളെ കൂടുതൽ വഷളാ​ക്കു​ന്നത്‌. വ്യവസാ​യം നമുക്കു കരഗത​മാ​ക്കി​യി​രി​ക്കുന്ന നൂതന കണ്ടുപി​ടി​ത്ത​ങ്ങ​ളെ​യും പുരോ​ഗ​തി​ക​ളെ​യും നാം വിലമ​തി​ക്കു​ന്നു. എന്നാൽ, ഇവയുടെ ഉത്‌പാ​ദ​ന​വും ഉപഭോ​ഗ​വും​തന്നെ മിക്ക​പ്പോ​ഴും ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളു​ടെ നാശത്തി​നു കാരണ​മാ​കു​ന്നു.

ഇതിന്‌ ഉദാഹ​ര​ണ​മാണ്‌ മോ​ട്ടോർ വാഹനങ്ങൾ. അവ യാത്ര ശീഘ്ര​വും സുകര​വും ആക്കിയി​രി​ക്കു​ന്നു. കുതി​ര​യു​ടെ​യും കുതി​ര​വ​ണ്ടി​യു​ടെ​യും യുഗത്തി​ലേക്ക്‌ മടങ്ങി​പ്പോ​കാൻ ആഗ്രഹി​ക്കു​ന്നവർ ചുരു​ങ്ങും. എന്നിരു​ന്നാ​ലും, ആധുനിക ഗതാഗതം ഒട്ടനവധി പ്രശ്‌ന​ങ്ങൾക്കു വഴിമ​രു​ന്നി​ട്ടി​രി​ക്കു​ന്നു. അവയിൽ ഒന്നാണ്‌ ആഗോ​ള​ത​പനം. കോടി​ക്ക​ണ​ക്കിന്‌ ടൺ വാതകങ്ങൾ പുറന്ത​ള്ളുന്ന കണ്ടുപി​ടി​ത്ത​ങ്ങൾമൂ​ലം മനുഷ്യർ അന്തരീ​ക്ഷ​ത്തി​ന്റെ രാസഘ​ട​നയെ തകിടം മറിച്ചി​രി​ക്കു​ന്നു. ഈ വാതകങ്ങൾ ഹരിത​ഗൃഹ പ്രഭാവം എന്നറി​യ​പ്പെ​ടുന്ന പ്രതി​ഭാ​സ​ത്തി​നു കാരണ​മാ​കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. ഇത്‌ അന്തരീ​ക്ഷ​ത്തി​ന്റെ താപനില വർധി​ക്കാൻ ഇടയാ​ക്കു​ന്നു. കഴിഞ്ഞ നൂറ്റാ​ണ്ടിൽ ഉടനീളം അന്തരീക്ഷ ഊഷ്‌മാവ്‌ വർധി​ക്കു​ക​യു​ണ്ടാ​യി. “20-ാം നൂറ്റാ​ണ്ടി​ലെ ഏറ്റവും ചൂടു​കൂ​ടിയ പത്തുവർഷങ്ങൾ നൂറ്റാ​ണ്ടി​ന്റെ അവസാന 15 വർഷങ്ങ​ളി​ലാണ്‌ ഉണ്ടായത്‌” എന്ന്‌ യു.എസ്‌. പരിസ്ഥി​തി സംരക്ഷണ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. 21-ാം നൂറ്റാ​ണ്ടിൽ, ശരാശരി ആഗോള അന്തരീക്ഷ ഊഷ്‌മാവ്‌ 1.4 മുതൽ 5.8 വരെ ഡിഗ്രി സെൽഷ്യസ്‌ വർധി​ച്ചേ​ക്കു​മെന്ന്‌ ചില ശാസ്‌ത്ര​ജ്ഞ​ന്മാർ കരുതു​ന്നു.

ചൂടു​കൂ​ടു​ന്നത്‌ മറ്റു പ്രശ്‌നങ്ങൾ വിളി​ച്ചു​വ​രു​ത്തി​യേ​ക്കാം. ഉത്തരാർധ ഗോള​ത്തിൽ മഞ്ഞുമൂ​ടിയ പ്രദേ​ശങ്ങൾ കുറഞ്ഞു വരുന്നു. 2002-ന്റെ ആരംഭ​ത്തിൽ, അന്റാർട്ടി​ക്ക​യി​ലെ 3,250 ചതുരശ്ര കിലോ​മീ​റ്റർ വരുന്ന ഒരു ഹിമപാ​ളി ഉടഞ്ഞു​പോ​യി. ഈ നൂറ്റാ​ണ്ടിൽ സമു​ദ്ര​നി​രപ്പ്‌ ഗണ്യമാ​യി ഉയരാൻ സാധ്യ​ത​യുണ്ട്‌. ലോക​ജ​ന​സം​ഖ്യ​യു​ടെ മൂന്നി​ലൊന്ന്‌ തീര​ദേ​ശ​ങ്ങ​ളിൽ ജീവി​ക്കു​ന്ന​തി​നാൽ അത്‌ ഒടുവിൽ ഭവനങ്ങ​ളും കൃഷി​സ്ഥ​ല​ങ്ങ​ളും നഷ്ടപ്പെ​ടു​ന്ന​തിന്‌ ഇടയാ​ക്കി​യേ​ക്കാം. സമു​ദ്ര​തീ​ര​ത്തുള്ള നഗരങ്ങൾക്കും അത്‌ ഗുരു​ത​ര​മായ പ്രശ്‌നങ്ങൾ വരുത്തി​വെ​ച്ചേ​ക്കാം.

ഉയരുന്ന ഊഷ്‌മാവ്‌, വർധിച്ച ഹിമ-വർഷപാ​ത​ത്തി​നും ആവർത്തി​ച്ചുള്ള കടുത്ത കാലാ​വ​സ്ഥ​യ്‌ക്കും ഇടയാ​ക്കു​മെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ വിശ്വ​സി​ക്കു​ന്നു. 90 പേരുടെ ജീവ​നെ​ടു​ക്കു​ക​യും 27 കോടി വൃക്ഷങ്ങൾ നശിപ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ 1999-ൽ ഫ്രാൻസിൽ ആഞ്ഞടിച്ച കൊടു​ങ്കാ​റ്റു​പോ​ലുള്ള പ്രകൃ​തി​ക്ഷോ​ഭങ്ങൾ വരാനി​രി​ക്കു​ന്ന​വ​യു​ടെ മുന്നോ​ടി മാത്ര​മാ​ണെന്ന്‌ ചിലർ കരുതു​ന്നു. മലമ്പനി, ഡെംഗി, കോളറ എന്നിങ്ങ​നെ​യുള്ള രോഗങ്ങൾ പടർന്നു പിടി​ക്കാൻ കാലാ​വസ്ഥാ വ്യതി​യാ​നങ്ങൾ കാരണ​മാ​കും എന്ന്‌ മറ്റു ഗവേഷകർ കരുതു​ന്നു.

സാങ്കേ​തി​ക​വി​ദ്യ​യു​ടെ പരിണ​തി​കൾ എത്ര സങ്കീർണ​മാ​ണെന്ന്‌ മോ​ട്ടോർ വാഹന​ത്തി​ന്റെ ഉദാഹ​രണം തെളി​യി​ക്കു​ന്നു. ഈ കണ്ടുപി​ടി​ത്തങ്ങൾ പൊതു​വിൽ ജനത്തിനു പ്രയോ​ജനം ചെയ്യു​ന്ന​വ​യാ​ണെ​ങ്കി​ലും ജീവി​ത​ത്തി​ന്റെ നാനാ മണ്ഡലങ്ങളെ ബാധി​ക്കുന്ന പ്രശ്‌നങ്ങൾ അവമൂലം ഉരുത്തി​രി​ഞ്ഞേ​ക്കാം. 2001-ലെ മാനവ വികസന റിപ്പോർട്ട്‌ (ഇംഗ്ലീഷ്‌) നടത്തിയ പിൻവ​രുന്ന പ്രസ്‌താ​വന അർഥവ​ത്താണ്‌: “സാങ്കേ​തി​ക​വി​ദ്യ​യു​ടെ ഏതൊരു കാൽവെ​പ്പും സാധ്യ​ത​യുള്ള നേട്ടങ്ങ​ളോ​ടൊ​പ്പം കോട്ട​വും കൈവ​രു​ത്തു​ന്നു, അവയിൽ ചിലത്‌ മൂൻകൂ​ട്ടി​ക്കാ​ണുക അത്ര എളുപ്പമല്ല.”

പാരി​സ്ഥി​തി​ക പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കാണാൻ സാങ്കേ​തി​ക​വി​ദ്യ​യി​ലേക്കു തന്നെയാണ്‌ ആളുകൾ മിക്ക​പ്പോ​ഴും നോക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, കീടനാ​ശി​നി​ക​ളു​ടെ ഉപയോ​ഗ​ത്തി​നെ​തി​രെ പരിസ്ഥി​തി​വാ​ദി​കൾ കാലങ്ങ​ളാ​യി മുറവി​ളി​കൂ​ട്ടി​യി​ട്ടുണ്ട്‌. കീടനാ​ശി​നി​ക​ളു​ടെ ഉപയോ​ഗം കുറയ്‌ക്കു​ക​യോ അവയുടെ ആവശ്യമേ ഇല്ലാതാ​ക്കു​ക​യോ ചെയ്യു​മാ​യി​രുന്ന ജനിതക വ്യതി​യാ​നം വരുത്തിയ സസ്യങ്ങൾ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ സാങ്കേ​തി​ക​വി​ദ്യ ഉചിത​മായ ഒരു പരിഹാ​ര​മാർഗം പ്രദാനം ചെയ്‌ത​താ​യി ആളുകൾക്കു തോന്നി. എന്നിരു​ന്നാ​ലും, കീടനാ​ശി​നി കൂടാതെ തണ്ടുതു​ര​പ്പനെ നിയ​ന്ത്രി​ക്ക​ത്ത​ക്ക​വി​ധ​ത്തിൽ രൂപ​പ്പെ​ടു​ത്തി​യെ​ടുത്ത ബിറ്റി ചോള​ത്തിന്‌ മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​ങ്ങ​ളെ​യും കൊല്ലാൻ കഴിയും എന്ന്‌ പരീക്ഷ​ണ​ങ്ങ​ളിൽ വെളി​പ്പെട്ടു. അങ്ങനെ “പ്രശ്‌ന​പ​രി​ഹാര”ത്തിൽനി​ന്നു​തന്നെ ചില​പ്പോൾ അപ്രതീ​ക്ഷി​ത​മായ തിരി​ച്ച​ടി​കൾ നേരി​ടു​ന്നു. അവ കൂടു​ത​ലായ പ്രശ്‌ന​ങ്ങൾക്കു കളമൊ​രു​ക്കി​യേ​ക്കാം.

ഗവൺമെ​ന്റു​കൾക്ക്‌ സഹായി​ക്കാൻ കഴിയു​മോ?

പരിസ്ഥി​തി നാശം ബൃഹത്തായ ഒരു പ്രശ്‌ന​മാ​യി​രി​ക്കു​ന്ന​തി​നാൽ, വിജയ​പ്ര​ദ​മായ ഒരു നീക്കു​പോ​ക്കു​ണ്ടാ​ക്കു​ന്ന​തിന്‌ ലോക ഗവൺമെ​ന്റു​ക​ളു​ടെ കൂട്ടായ പ്രവർത്തനം ആവശ്യ​മാ​യി​രി​ക്കും. ചില​പ്പോ​ഴെ​ങ്കി​ലും ഗവൺമെന്റ്‌ പ്രതി​നി​ധി​കൾ, പരിസ്ഥി​തി​ക്കു ഗുണക​ര​മായ ക്രിയാ​ത്മക പരിവർത്ത​നങ്ങൾ മുന്നോ​ട്ടു​വെ​ക്കാൻ ധൈര്യം​കാ​ട്ടി​യി​രി​ക്കു​ന്നത്‌ ശ്ലാഘനീ​യ​മാണ്‌. എന്നിരു​ന്നാ​ലും, യഥാർഥ വിജയങ്ങൾ എന്നും വിരള​മാ​യി​രു​ന്നു.

ഇതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ 1997-ൽ ജപ്പാനിൽ നടന്ന അന്താരാ​ഷ്‌ട്ര ഉച്ചകോ​ടി. ആഗോ​ള​ത​പ​ന​ത്തിന്‌ ആധാര​മാ​യി പറയ​പ്പെ​ടുന്ന, മാലിന്യ ഉത്സർജ​ന​ത്തി​ന്റെ തോതു കുറയ്‌ക്കാൻ ലക്ഷ്യമി​ട്ടുള്ള ഒരു കരാറി​ന്റെ ഉപാധി​ക​ളും വ്യവസ്ഥ​ക​ളും നിശ്ചയി​ക്കു​ന്ന​തിന്‌ രാഷ്‌ട്രങ്ങൾ തർക്കവി​തർക്ക​ങ്ങ​ളും സംവാ​ദ​ങ്ങ​ളും നടത്തി. ഒടുവിൽ പലരെ​യും അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ അവർ ഒരു ഉടമ്പടി​യിൽ എത്തി​ച്ചേർന്നു. ക്യോ​ട്ടോ പ്രോ​ട്ടോ​കോൾ എന്നാണ്‌ ഈ കരാർ അറിയ​പ്പെ​ടു​ന്നത്‌. 2012-ഓടെ യൂറോ​പ്യൻ യൂണിയൻ, ജപ്പാൻ, ഐക്യ​നാ​ടു​കൾ എന്നീ വികസിത മേഖലകൾ ഹരിത​ഗൃഹ വാതക​ങ്ങ​ളു​ടെ ഉത്സർജനം ശരാശരി 5.2 ശതമാനം വെട്ടി​ച്ചു​രു​ക്കേ​ണ്ട​താ​ണെന്ന്‌ പ്രതി​നി​ധി​കൾ തീരു​മാ​നി​ച്ചു. കാര്യങ്ങൾ മെച്ച​പ്പെ​ടു​ക​യാ​ണെന്നു തോന്നാൻ ഇത്‌ ഇടയാക്കി. എന്നിരു​ന്നാ​ലും, തങ്ങൾ ക്യോ​ട്ടോ പ്രോ​ട്ടോ​കോൾ ഉപേക്ഷി​ക്കു​ക​യാ​ണെന്ന്‌ 2001-ന്റെ ആരംഭ​ത്തിൽ യു.എസ്‌. ഗവൺമെന്റ്‌ സൂചന നൽകി. ഇത്‌ ആളുകളെ ആശ്ചര്യ​പ്പെ​ടു​ത്തി. കാരണം ലോക ജനസം​ഖ്യ​യു​ടെ 5 ശതമാ​ന​ത്തിൽ കുറവു​മാ​ത്ര​മുള്ള ഐക്യ​നാ​ടു​ക​ളാണ്‌ വിഷമാ​ലി​ന്യ​ങ്ങ​ളു​ടെ ഏതാണ്ട്‌ നാലിൽ ഒരു ഭാഗവും ഉത്സർജി​ക്കു​ന്നത്‌. കൂടാതെ, ഈ ഉടമ്പടി​യിൽ ഒപ്പു​വെ​ക്കു​ന്നതു സംബന്ധിച്ച്‌ മറ്റു ഗവൺമെ​ന്റു​കൾ മെല്ലെ​പ്പോ​ക്കു നയമാണ്‌ സ്വീക​രി​ച്ചി​ട്ടു​ള്ളത്‌.

അർഥവ​ത്താ​യ നിവാ​ര​ണ​മാർഗങ്ങൾ ആവിഷ്‌ക​രി​ക്കുക എന്നത്‌ ഗവൺമെ​ന്റു​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര ബുദ്ധി​മു​ട്ടാ​ണെന്ന്‌ മേൽപ്പറഞ്ഞ ദൃഷ്ടാന്തം വ്യക്തമാ​ക്കു​ന്നു. രാജ്യ​ങ്ങളെ വട്ടമേ​ശ​യ്‌ക്കു ചുറ്റും എത്തിക്കാൻതന്നെ വലിയ പങ്കപ്പാ​ടാണ്‌; പരിസ്ഥി​തി പ്രശ്‌നങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യണം എന്നതു സംബന്ധിച്ച്‌ ഒരു യോജി​പ്പി​ലെ​ത്തു​ന്നത്‌ അതി​നെ​ക്കാൾ ദുഷ്‌ക​ര​വും. ഉടമ്പടി​കൾ ഒപ്പിട്ടാൽപ്പോ​ലും ചില കക്ഷികൾ പിന്നീട്‌ കാലു​മാ​റാ​റുണ്ട്‌. മറ്റു ഗവൺമെ​ന്റു​ക​ളാ​കട്ടെ, ഉടമ്പടി വ്യവസ്ഥകൾ നടപ്പിൽ വരുത്തുക ബുദ്ധി​മു​ട്ടാ​ണെന്നു കണ്ടെത്തു​ന്നു. ഇനിയും ചില ഗവൺമെ​ന്റു​ക​ളും കോർപ്പ​റേ​ഷ​നു​ക​ളും, പരിസ്ഥി​തി ശുചീ​ക​ര​ണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ചെലവു​കൾ തങ്ങൾക്കു താങ്ങാൻ കഴിയി​ല്ലെന്നു കരുതു​ന്നു. ചില സ്ഥലങ്ങളിൽ ലാഭ​ക്കൊ​തി​യാണ്‌ കാര്യ​ങ്ങളെ നയിക്കു​ന്നത്‌. വ്യവസാ​യ​രം​ഗത്തെ അതികാ​യ​ന്മാർ, തങ്ങളുടെ ലാഭം ചോർത്തി​ക്ക​ള​യുന്ന നടപടി​കൾ നടപ്പാ​ക്കാ​തി​രി​ക്കാൻ ഗവൺമെ​ന്റു​ക​ളു​ടെ​മേൽ ശക്തമായ സമ്മർദം ചെലു​ത്തു​ന്നു. വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ഭവിഷ്യ​ത്തു​കൾ ഗണ്യമാ​ക്കാ​തെ പ്രകൃ​തി​യെ പരമാ​വധി ചൂഷണം ചെയ്യുന്നു എന്ന കുപ്ര​സി​ദ്ധി ആർജി​ച്ചി​രി​ക്കു​ന്നു.

ഭൂമി​യു​ടെ മലിനീ​ക​ര​ണ​ത്തി​ന്റെ പരിണ​ത​ഫ​ലങ്ങൾ എത്ര വിപത്‌ക​ര​മാ​യി​രി​ക്കും എന്നതിനെ കുറിച്ച്‌ ശാസ്‌ത്ര​ജ്ഞ​ന്മാർക്കു​തന്നെ അഭി​പ്രാ​യൈ​ക്യം ഇല്ലാത്തത്‌ കാര്യ​ങ്ങളെ കൂടുതൽ വഷളാ​ക്കു​ന്നു. തന്നിമി​ത്തം, ചിലർ വിചാ​രി​ക്കു​ന്നത്ര ഗൗരവ​മു​ള്ള​തോ ഇല്ലാത്ത​തോ ആയിരു​ന്നേ​ക്കാ​വുന്ന ഒരു പ്രശ്‌നത്തെ നിയ​ന്ത്രി​ക്കാ​നുള്ള ശ്രമത്തിൽ സാമ്പത്തിക വളർച്ച​യു​ടെ​മേൽ എത്ര​ത്തോ​ളം പരിമി​തി​കൾ കെട്ടി​വെ​ക്കണം എന്നതു സംബന്ധിച്ച്‌ ഗവൺമെന്റ്‌ നയരൂ​പ​വ​ത്‌കരണ വിദഗ്‌ധ​ന്മാർക്ക്‌ ഒരു തീരു​മാ​ന​ത്തി​ലെ​ത്താൻ കഴിയാ​തെ വന്നേക്കാം.

മനുഷ്യ​വർഗം ധർമസ​ങ്ക​ട​ത്തി​ലാണ്‌. പ്രശ്‌നം ഉണ്ടെന്നും അതു സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്‌തേ​പറ്റൂ എന്നും എല്ലാവർക്കും അറിയാം. ചില രാഷ്‌ട്രങ്ങൾ ഇക്കാര്യ​ത്തിൽ ആത്മാർഥ​മായ ശ്രമം നടത്തു​ന്നുണ്ട്‌, എങ്കിലും പരിസ്ഥി​തി പ്രശ്‌ന​ങ്ങ​ളിൽ മിക്കതും​തന്നെ കൂടുതൽ വഷളാ​വു​ക​യാണ്‌. ഭൂമി മനുഷ്യ​വാ​സ​യോ​ഗ്യം അല്ലാതാ​യി​ത്തീ​രാൻ വിധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണോ? അടുത്ത​താ​യി നമുക്ക്‌ ഈ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താം. (g03 11/22)

[7-ാം പേജിലെ ചതുരം/ചിത്രം]

ശബ്ദ മലിനീ​ക​ര​ണം

കാണാൻ കഴിയാത്ത ഒരു മലിനീ​ക​ര​ണ​മുണ്ട്‌, അതു കേൾക്കാ​നേ കഴിയൂ—ശബ്ദ മലിനീ​ക​രണം തന്നെ. കേൾവി​ക്കു​റവ്‌, സമ്മർദം, ഉയർന്ന രക്തസമ്മർദം, നിദ്രാ​നഷ്ടം, ഉത്‌പാ​ദ​ന​ക്ഷ​മ​ത​യു​ടെ കുറവ്‌ എന്നിവ​യ്‌ക്കു കാരണ​മാ​കു​ന്ന​തി​നാൽ ഇതും ഉത്‌ക​ണ്‌ഠ​യ്‌ക്കു വകനൽകു​ന്നു എന്ന്‌ വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ശബ്ദകോ​ലാ​ഹലം നിറഞ്ഞ ചുറ്റു​പാ​ടിൽ സ്‌കൂ​ളിൽ പോകുന്ന കുട്ടി​കൾക്ക്‌ വായനാ​പ്രാ​പ്‌തി വികസി​പ്പി​ക്കാൻ ബുദ്ധി​മു​ട്ടു നേരി​ട്ടേ​ക്കാം.

[7-ാം പേജിലെ ചതുരം/ചിത്രം]

വനനശീകരണം മൂലം മൂഷി​ക​ബാ​ധ

ഫിലി​പ്പീൻസി​ലെ സാമാർ ദ്വീപിൽ, എലിപ്പട 15 പട്ടണങ്ങളെ ആക്രമി​ച്ച​പ്പോൾ, പ്രദേ​ശത്തെ വനനശീ​ക​ര​ണ​മാണ്‌ അതിന്‌ ആധാര​മെന്ന്‌ ഒരു ഗവൺമെന്റ്‌ റിപ്പോർട്ട്‌ കുറ്റ​പ്പെ​ടു​ത്തി. വനനശീ​ക​രണം നിമിത്തം എലികളെ ഭക്ഷിക്കുന്ന ജീവി​ക​ളു​ടെ എണ്ണം കുറഞ്ഞു​പോ​യി. എലികൾക്കും തീറ്റ കിട്ടാ​താ​യി. അങ്ങനെ അവ തീറ്റ​തേടി ജനവാ​സ​മുള്ള പ്രദേ​ശ​ത്തേക്കു കുടി​യേറി.

[കടപ്പാട്‌]

© Michael Harvey/Panos Pictures

[7-ാം പേജിലെ ചതുരം/ചിത്രം]

വിഷലിപ്‌തമായ വിസർജ്യ​ങ്ങ​ളു​ടെ ഇരകളോ?

മൂന്നര മാസം പ്രായ​മു​ള്ള​പ്പോൾ മൈക്ക​ലിന്‌ ന്യൂ​റോ​ബ്ലാ​സ്റ്റോമ എന്ന ഒരുതരം കാൻസർ പിടി​പെ​ട്ടി​രി​ക്കു​ന്ന​താ​യി കണ്ടെത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവ​മാ​യി​രു​ന്നെ​ങ്കിൽ ഒരുപക്ഷേ അധിക​മാ​രു​ടെ​യും ശ്രദ്ധയിൽ പെടാതെ പോ​യേനെ. എന്നാൽ, ആ ചെറിയ പ്രദേ​ശത്തെ വേറെ നൂറോ​ളം കുട്ടി​കൾക്കും കാൻസർ ഉള്ളതായി പിന്നീടു കണ്ടെത്തി. ഇത്‌ അനേകം മാതാ​പി​താ​ക്കളെ പരി​ഭ്രാ​ന്ത​രാ​ക്കി. ജനസം​ഖ്യാ​നു​പാ​തി​ക​മ​ല്ലാത്ത ഇത്രയ​ധി​കം കാൻസർകേ​സു​കൾക്ക്‌ പ്രദേ​ശ​ത്തുള്ള രാസവ​സ്‌തു​നിർമാണ കമ്പനി​ക​ളു​മാ​യി ബന്ധമു​ള്ള​താ​യി ചിലർ സംശയി​ച്ചു. മുമ്പ്‌ ഒരു ആക്രി​ക്ക​ച്ച​വ​ട​ക്കാ​രൻ ഒരു കമ്പനി​യിൽനിന്ന്‌, വിഷ​ദ്രാ​വ​കങ്ങൾ വരുന്ന വീപ്പകൾ വാങ്ങിച്ച്‌ ഒരു മുൻ കോഴി​വ​ളർത്തൽ കേന്ദ്ര​ത്തിൽ കൊണ്ടു​പോ​യി കൂട്ടി​യി​ടു​മാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ വീപ്പയ്‌ക്കു​ള്ളി​ലെ ദ്രാവകം ഒഴിച്ചു കളയു​ക​യും ചെയ്‌തി​രു​ന്നു. സമീപ പ്രദേ​ശ​ങ്ങ​ളി​ലെ കിണറു​ക​ളിൽ വിഷാം​ശം ഉള്ളതായി അന്വേ​ഷ​ണോ​ദ്യോ​ഗസ്ഥർ കണ്ടെത്തി. തങ്ങളുടെ കുട്ടി​കൾക്കു കാൻസർ വരാനുള്ള ഹേതുകം ഇതായി​രി​ക്കണം എന്നാണ്‌ മാതാ​പി​താ​ക്കൾ കരുതു​ന്നത്‌.

[8-ാം പേജിലെ ചതുരം/ചിത്രം]

വിഷലിപ്‌തമായ രാസപ​ദാർഥ​ങ്ങൾ

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം 1,20,000 ടൺ വിഷവ​സ്‌തു​ക്കൾ,—അതി​ലേ​റെ​യും ഫോസ്‌ജീ​നും മസ്റ്റർഡ്‌ ഗ്യാസു​മാണ്‌—കപ്പലിൽ അടച്ച്‌ സമു​ദ്ര​ത്തിൽ താഴ്‌ത്തു​ക​യു​ണ്ടാ​യി. ചിലത്‌ ഉത്തര അയർലൻഡി​നു വടക്കു​പ​ടി​ഞ്ഞാറ്‌ മാറി​യാണ്‌ തള്ളിയി​രി​ക്കു​ന്നത്‌. ഈ രാസവ​സ്‌തു​ക്കൾ ഇപ്പോൾ ചോർന്നു തുടങ്ങാ​നുള്ള സാധ്യ​ത​യു​ണ്ടെന്ന്‌ റഷ്യൻ ശാസ്‌ത്ര​ജ്ഞ​ന്മാർ മുന്നറി​യി​പ്പു നൽകുന്നു.

[8-ാം പേജിലെ ചതുരം/ചിത്രം]

വായു മലിനീ​ക​രണം എന്ന കൊല​യാ​ളി

ആഗോ​ള​മാ​യി വർഷം​തോ​റും 5 മുതൽ 6 വരെ ശതമാനം മരണത്തി​നു കാരണം വായു മലിനീ​ക​ര​ണ​മാ​ണെന്ന്‌ ലോകാ​രോ​ഗ്യ സംഘടന പറയുന്നു. കാനഡ​യി​ലെ ഒൺടേ​റി​യോ പ്രവി​ശ്യ​യിൽ മാത്രം, വായു മലിനീ​ക​രണം മൂലമു​ണ്ടാ​കുന്ന രോഗ​ങ്ങൾക്കാ​യുള്ള ചികിത്സാ ചെലവും രോഗ​ബാധ നിമിത്തം ആളുകൾ ജോലി​ക്കു ഹാജരാ​കാ​തി​രി​ക്കു​ന്ന​തി​നാൽ ഉണ്ടാകുന്ന നഷ്ടവും നൂറു​കോ​ടി ഡോള​റി​ല​ധി​ക​മാണ്‌ എന്ന്‌ റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു.

[8-ാം പേജിലെ ചതുരം/ചിത്രം]

നശിക്കുന്ന പവിഴ​പ്പു​റ്റു​കൾ

ദക്ഷിണ​പൂർവേ​ഷ്യ​യിൽ നഞ്ചുക​ലക്കി മീൻപി​ടി​ക്കുന്ന മുക്കു​വ​രിൽ ചിലർ കടലിൽ സയ​നൈഡ്‌ ലായനി ഒഴിക്കു​ന്നു. മത്സ്യത്തി​ന്റെ ശരീര​ത്തിൽ വിഷം തങ്ങിനിൽക്കാ​ത്ത​തു​കൊണ്ട്‌ അതു ഭക്ഷ്യ​യോ​ഗ്യ​മാണ്‌. എന്നിരു​ന്നാ​ലും, വിഷം കടൽജ​ല​ത്തിൽ വ്യാപിച്ച്‌ പവിഴ​പ്പു​റ്റു​കളെ നശിപ്പി​ക്കു​ന്നു.

[8-ാം പേജിലെ ചതുരം/ചിത്രം]

ശസ്‌ത്രകിയാ മാസ്‌ക്കു​കൾ ഉപയോ​ഗി​ക്കു​ന്ന​തിൽ കാര്യ​മു​ണ്ടോ?

ഏഷ്യൻ നഗരങ്ങ​ളിൽ, വായു മലിനീ​ക​ര​ണ​ത്തി​ന്റെ മുഖ്യ​നി​ദാ​നം പുകതു​പ്പുന്ന വാഹന​ങ്ങ​ളാണ്‌ എന്ന്‌ ഏഷ്യാ​വീക്ക്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. ട്രക്കും മോ​ട്ടോർ​സൈ​ക്കി​ളു​മാണ്‌ ഇതിൽ പ്രദൂ​ഷ​ണ​വീ​ര​ന്മാർ. അതിസൂക്ഷ്‌മ കണങ്ങൾ വലി​യൊ​ര​ള​വിൽ അന്തരീ​ക്ഷ​ത്തിൽ തങ്ങിനിൽക്കാൻ ഇവ ഇടയാ​ക്കു​ന്നു. ഇത്‌ ഒട്ടനവധി ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾക്കു വഴി​വെ​ക്കു​ന്നു. ആ മാസിക തുടർന്ന്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “ഡീസൽ പുക കാൻസ​റിന്‌ കാരണ​മാ​കു​ന്നു എന്ന്‌ മലിനീ​ക​ര​ണ​ത്തി​ന്റെ പ്രത്യാ​ഘാ​ത​ങ്ങളെ കുറിച്ചു പഠിക്കുന്ന തായ്‌വാ​നി​ലെ പ്രമുഖ വിദഗ്‌ധ​നായ, ഡോക്ടർ ചാൻ ചാങ്‌ ച്വാൻ പറയുന്നു.” ഏഷ്യൻ നഗരങ്ങ​ളിൽ ചിലർ ആത്മസം​ര​ക്ഷ​ണാർഥം ശസ്‌ത്ര​ക്രി​യാ മാസ്‌ക്കു​കൾ ധരിക്കു​ന്നു. ഈ മുഖം​മൂ​ടി​കൾ എന്തെങ്കി​ലും ഗുണം ചെയ്യു​മോ? ഡോക്ടർ ചാൻ ഇങ്ങനെ മറുപടി പറയുന്നു: “ഈ മാസ്‌ക്കു​കൾ ധരിക്കു​ന്ന​തു​കൊണ്ട്‌ പറയത്തക്ക പ്രയോ​ജനം ഒന്നുമില്ല. മലിന വാതക​ങ്ങ​ളും അതിസൂക്ഷ്‌മ കണങ്ങളും നിമി​ത്ത​മാണ്‌ മലിനീ​ക​ര​ണ​ത്തിൽ അധിക​വും ഉണ്ടാകു​ന്നത്‌. വെറു​മൊ​രു മാസ്‌ക്കിന്‌ അതി​നെ​യൊ​ന്നും അരിച്ചു​വി​ടാൻ കഴിയില്ല. മാത്ര​വു​മല്ല, അവ പൂർണ​മാ​യി വായു​രോ​ധ​ക​മ​ല്ല​താ​നും. പിന്നെ, ധരിക്കുന്ന ആളിന്‌ ഒരു സുരക്ഷി​ത​ത്വം തോന്നു​ന്നു, അത്രമാ​ത്രം.”

[7-ാം പേജിലെ ചിത്രം]

പരിസ്ഥിതിയെ രക്ഷിക്കാ​നാ​യി വനവത്‌ക​ര​ണം

[8-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

AFP/Getty Images; മുകളിൽ ഇടത്ത്‌: Published with the permission of The Trustees of the Imperial War Museum, London (IWM H 42208); മുകളിൽ വലത്ത്‌: Howard Hall/howardhall.com