വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിഗ്മികളിൽനിന്ന്‌ ഞങ്ങൾ പഠിച്ചത്‌

പിഗ്മികളിൽനിന്ന്‌ ഞങ്ങൾ പഠിച്ചത്‌

പിഗ്മി​ക​ളിൽനിന്ന്‌ ഞങ്ങൾ പഠിച്ചത്‌

മധ്യാഫ്രിക്കൻ റിപ്പബ്ലി​ക്കി​ലെ ഉണരുക! ലേഖകൻ

“ഇനി വെള്ളത്തി​ലൂ​ടെ നടക്കണം, അതു​കൊണ്ട്‌ ചെരിപ്പ്‌ ഊരി​പ്പി​ടി​ച്ചോ​ളൂ. പിന്നെ ആനകളു​ടെ വഴിത്താര കടക്കണം. ഞാൻ പറയു​ന്ന​തെ​ല്ലാം അക്ഷരം​പ്രതി അനുസ​രി​ക്കണം കേട്ടോ. വഴിക്കു​വെച്ച്‌ നമ്മൾ ഒരു ഗൊറി​ല്ലയെ കാണു​ന്നു​വെ​ന്നി​രി​ക്കട്ടെ, കവിണ്ണു​കി​ട​ക്കുക, അവന്റെ മുഖ​ത്തേക്കു തുറി​ച്ചു​നോ​ക്ക​രുത്‌. ഇനി ഒരു ആനയുടെ മുമ്പി​ലാണ്‌ ചെന്നു​പെ​ടു​ന്ന​തെ​ങ്കിൽ നിൽക്കു​ന്നി​ട​ത്തു​തന്നെ നിൽക്കുക, അനങ്ങരുത്‌.”

റെസ്റ്ററ​ന്റി​ന്റെ വരാന്ത​യി​ലി​രുന്ന്‌ വിശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഞങ്ങൾ. കഴിഞ്ഞ ദിവസ​ങ്ങ​ളിൽ കണ്ട കാര്യങ്ങൾ ഒന്നൊ​ന്നാ​യി മനസ്സിന്റെ കണ്ണാടി​യിൽ മിന്നി​ത്തെ​ളി​ഞ്ഞു. ഒരു വശത്ത്‌ അതാ സാങ്‌ഗാ നദി; മറുവ​ശത്ത്‌ ഹരിത​മ​നോ​ഹ​ര​മായ ഇടതൂർന്ന വനം. മധ്യാ​ഫ്രി​ക്കൻ റിപ്പബ്ലി​ക്കി​ന്റെ തെക്കേ അറ്റത്ത്‌, കാമറൂ​ണി​നും കോം​ഗോ റിപ്പബ്ലി​ക്കി​നും ഇടയ്‌ക്കാ​യി സ്ഥിതി​ചെ​യ്യുന്ന ബായാ​ങ്‌ഗാ ആയിരു​ന്നു അത്‌.—17-ാം പേജിലെ ഭൂപടം കാണുക.

ഡ്‌സാ​ങ്‌ഗാ-എൻഡോ​കി ദേശീയ പാർക്കി​ന്റെ പ്രവേശന കവാട​ത്തിൽ എത്തിയ​തും ദുർഘ​ട​മായ ദീർഘ​ദൂര യാത്ര​യു​ടെ ക്ഷീണ​മെ​ല്ലാം പമ്പകടന്നു. മധ്യാ​ഫ്രി​ക്കൻ റിപ്പബ്ലി​ക്കി​ന്റെ തലസ്ഥാ​ന​മായ ബാംഗ്വി​യിൽനിന്ന്‌ 480 കിലോ​മീ​റ്റർ അകലെ​യാണ്‌ പാർക്ക്‌. ഇടുങ്ങിയ വഴിക​ളി​ലൂ​ടെ ഏകദേശം 11 മണിക്കൂർ യാത്ര​ചെ​യ്‌താണ്‌ ഞങ്ങൾ അവിടെ എത്തിയത്‌. പോകു​ന്ന​വ​ഴിക്ക്‌, ചിലയി​ട​ങ്ങ​ളിൽ റോഡ​രി​കി​ലാ​യി ഇല്ലിക്കൂ​ട്ടങ്ങൾ വളർന്നു​നിൽക്കു​ന്നതു കാണാ​മാ​യി​രു​ന്നു. എൻഗോ​ട്ടോ എന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ ബോട്ടിൽ ഒരു നദി കടക്കേണ്ടി വന്നു. ബോ​ട്ടെന്നു പറഞ്ഞാൽ, അസാധാ​ര​ണ​മായ ഒന്ന്‌. ഒഴുക്കി​ന്റെ സഹായ​ത്താൽ മാത്രം മുന്നോ​ട്ടു നീങ്ങി​യി​രുന്ന അതിന്‌ എഞ്ചി​നൊ​ന്നു​മി​ല്ലാ​യി​രു​ന്നു. നദിക്കു കുറു​കെ​യുള്ള ഒരു വടത്തി​ലൂ​ടെ തെന്നി​നീ​ങ്ങുന്ന ഒരു കപ്പിയു​മാ​യി അതിനെ ഘടിപ്പി​ച്ചി​രു​ന്നു. ബോട്ടിൽ ഉണ്ടായി​രുന്ന ചെറു​പ്പ​ക്കാർക്ക്‌ ആകെ ഉണ്ടായി​രുന്ന ജോലി അങ്ങോ​ട്ടും ഇങ്ങോ​ട്ടും മാറി​പ്പോ​കാ​തെ അതിനെ നിയ​ന്ത്രി​ച്ചു കൊണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

പിന്നെ ഞങ്ങൾ ബാംബി​യോ നദിക്ക​ര​യിൽ എത്തി. വെള്ളത്തിൽ പൊങ്ങി​ക്കി​ട​ക്കുന്ന ഒരു തോണി​പ്പാ​ലം ഉണ്ടായി​രു​ന്നു ആ നദിയിൽ. മഴക്കാ​ലത്ത്‌ വെള്ളം പൊങ്ങി​യാ​ലോ വേനൽക്കാ​ലത്ത്‌ കുറഞ്ഞാ​ലോ ഒന്നും അത്‌ ആ പാലത്തെ ബാധി​ക്കില്ല. അവർണ​നീയ സൗന്ദര്യ​ത്താൽ അനു​ഗ്ര​ഹി​ക്ക​പ്പെട്ട ഒരു പ്രദേ​ശ​മാണ്‌ അത്‌. അവിടെ, മൃഗങ്ങളെ അവയുടെ സ്വാഭാ​വിക ചുറ്റു​പാ​ടു​ക​ളിൽ കാണാ​നും ഇപ്പോ​ഴും തങ്ങളുടെ പരമ്പരാ​ഗത രീതികൾ പിൻപ​റ്റുന്ന അക്കാ പിഗ്മികളെ a പരിച​യ​പ്പെ​ടാ​നും ഞങ്ങൾക്ക്‌ അവസരം ലഭിച്ചു.

വിസ്‌മ​യാ​നു​ഭ​വങ്ങൾ നിറഞ്ഞ ഈ യാത്ര​യിൽ ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രു​ന്നെ​ങ്കിൽ എന്ന്‌ ആശിച്ചു പോകു​ന്നു​വോ? സാരമില്ല, മനസ്സു​കൊ​ണ്ടെ​ങ്കി​ലും ഞങ്ങളോ​ടൊ​പ്പം പോരാ​മ​ല്ലോ. ബെൻവാ എന്ന്‌ പേരുള്ള ഒരു പിഗ്മി ആയിരു​ന്നു ഞങ്ങളുടെ വഴികാ​ട്ടി. ആദ്യം​തന്നെ ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ ഗ്രാമ​ത്തി​ലേ​ക്കാ​ണു പോയത്‌. അവി​ടെ​നിന്ന്‌ രണ്ടു പിഗ്മി നാട്ടു​വൈദ്യ ചികി​ത്സകർ—ഷെർമെ​നും വലേറീ​യും—ഞങ്ങളോ​ടൊ​പ്പം വരാ​മെന്ന്‌ ഏറ്റിരു​ന്നു. ഔഷധ സസ്യങ്ങ​ളു​ടെ ഒരു മാസ്‌മര ലോക​ത്തേ​ക്കാണ്‌ അവർ ഞങ്ങളെ കൂട്ടി​ക്കൊ​ണ്ടു​പോ​യത്‌.

ഔഷധ​ഗു​ണ​മുള്ള സസ്യങ്ങൾ

കാനന പാതയി​ലൂ​ടെ അൽപ്പദൂ​രം സഞ്ചരി​ച്ച​തേ​യു​ള്ളൂ, കാർ അവിടെ നിറു​ത്തി​യിട്ട്‌ കാൽന​ട​യാ​യി കൂടെ​ച്ചെ​ല്ലാൻ ഞങ്ങളുടെ പുതിയ കൂട്ടു​കാർ ആവശ്യ​പ്പെട്ടു. വെട്ടു​ക​ത്തി​കൊണ്ട്‌ കാട്‌ വെട്ടി​ത്തെ​ളി​ച്ചു മുന്നോ​ട്ടു നീങ്ങിയ അവരോ​ടൊ​പ്പം എത്താൻ ഞങ്ങൾക്ക്‌ അൽപ്പം പണി​പ്പെ​ടേണ്ടി വന്നു. അപ്പോ​ഴതാ, ആദ്യത്തെ അത്ഭുതം. മോ എൻസാം​ബൂ എൻസാം​ബൂ, നീർവള്ളി എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ചെടി ആയിരു​ന്നു അത്‌. ഞങ്ങളുടെ വഴികാ​ട്ടി​കൾ ഏതാണ്ട്‌ 50 സെന്റി​മീ​റ്റർ നീളത്തിൽ അത്‌ മുറിച്ച്‌ ഓരോ​രു​ത്തർക്കും തന്നു. അതിൽ നിന്നൊ​ഴു​കിയ സ്വച്ഛജലം കുടിച്ച്‌ ഞങ്ങൾ ദാഹമ​കറ്റി.

അൽപ്പം മുന്നോ​ട്ടു നീങ്ങി​യ​പ്പോൾ പേരമ​ര​ത്തി​ന്റെ ഇല കാട്ടി പിഗ്മികൾ പറഞ്ഞു, അവരത്‌ തിളപ്പിച്ച്‌ ചുമയ്‌ക്കുള്ള ഒരു കഷായം ഉണ്ടാക്കാ​റു​ണ്ടെന്ന്‌. ഓഫൂ​റൂ​മാ എന്ന മറ്റൊരു മരത്തിന്റെ വെള്ളനി​റ​ത്തി​ലുള്ള പാല്‌ ചെങ്കണ്ണിന്‌ ഒന്നാന്ത​ര​മാ​ണ​ത്രേ. “പാമ്പു​ക​ടിക്ക്‌ പ്രതി​വി​ധി​യു​ണ്ടോ?” ഞങ്ങൾ ചോദി​ച്ചു. “പിന്നില്ലേ, ബോളോ ഇലകൾ [ഉഷ്‌ണ​മേ​ഖ​ല​ക​ളിൽ കാണുന്ന ഒരു തരം വള്ളി​ച്ചെ​ടിക്ക്‌ അക്കാ പിഗ്മികൾ നൽകി​യി​ട്ടുള്ള പേര്‌] ചതച്ച്‌ കടിയേറ്റ ഭാഗത്ത്‌ വെക്കും,” അവർ പറഞ്ഞു. ഓരോ ചുവടു വെക്കു​മ്പോ​ഴും പിഗ്മികൾ ഔഷധ​ഗു​ണ​മുള്ള സസ്യങ്ങൾ ഞങ്ങൾക്കു കാണി​ച്ചു​തന്നു. മുറി​വു​കൾ, കുടലി​ലെ പരാദങ്ങൾ, ചെവി​യി​ലെ അണുബാധ, ദന്തക്ഷയം എന്നുവേണ്ട വന്ധ്യത​യ്‌ക്കു പോലും പ്രതി​വി​ധി​യു​ണ്ട​ത്രേ!

പ്രാകൃ​തർ എന്നു ചില​പ്പോ​ഴൊ​ക്കെ മുദ്ര​കു​ത്ത​പ്പെ​ടുന്ന ഇവർ എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ ഞങ്ങളെ പഠിപ്പി​ച്ചത്‌. വനാന്ത​ര​ങ്ങ​ളി​ലേക്കു കടന്ന​പ്പോൾ നാട്ടു​വൈദ്യ ചികി​ത്സകർ അവരുടെ ഭക്ഷണം ശേഖരി​ക്കാൻ തുടങ്ങി—കൂണ്‌, കാട്ടു പച്ചടി​ക്കീര, വെളു​ത്തു​ള്ളി​യു​ടെ ഗുണവി​ശേ​ഷ​ങ്ങ​ളുള്ള ചില വേരുകൾ എന്നിവ. ചില ഇലകൾക്ക്‌ നല്ല സ്വാദാ​ണെന്നു തോന്നു​ന്നു, അവർ അത്‌ പറിക്കു​ന്ന​തും വായി​ലി​ടു​ന്ന​തും ഒരുമി​ച്ചാണ്‌! ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ഭൂമി​യിൽ പുതിയ പുതിയ കാര്യങ്ങൾ പഠിക്കു​മ്പോൾ അത്‌ എത്ര വിസ്‌മ​യ​ക​ര​മാ​യി​രി​ക്കും!—യെശയ്യാ​വു 65:17; 2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 21:1-5.

ഉപ്പുറവ—കാട്ടു​ജ​ന്തു​ക്ക​ളു​ടെ ഒരു സംഗമ​സ്ഥാ​നം

ഉച്ചകഴിഞ്ഞ്‌ കാട്ടാ​ന​കളെ കാണാൻ ഞങ്ങൾ ഉപ്പുറ​വ​യി​ലേക്കു തിരിച്ചു. അങ്ങോ​ട്ടുള്ള വഴിക്കാണ്‌ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പറഞ്ഞ നിർദേ​ശങ്ങൾ വഴികാ​ട്ടി ഞങ്ങൾക്കു തന്നത്‌. എന്നാൽ എന്താണീ ഉപ്പുറവ? വൃക്ഷല​താ​ദി​ക​ളൊ​ന്നും ഇല്ലാത്ത, ധാതു​ല​വ​ണങ്ങൾ നിറഞ്ഞ ഒരു വലിയ പ്രദേ​ശ​മാണ്‌ അത്‌. ചില മൃഗങ്ങൾക്ക്‌ ഈ ലവണങ്ങൾ ജീവനാണ്‌. അതു​കൊണ്ട്‌ ദിവസ​വും കാട്ടാ​നകൾ, കാട്ടു​പോ​ത്തു​കൾ, മാനുകൾ, കൂറ്റൻ കാട്ടു​പ​ന്നി​കൾ തുടങ്ങി​യവ ഇവിടെ എത്തുന്നു.

വൃക്ഷങ്ങൾ ഇടതൂർന്നു വളർന്നു​നിൽക്കുന്ന ഈ വനപ്ര​ദേ​ശത്ത്‌ മൃഗങ്ങളെ കാണാൻ വലിയ ബുദ്ധി​മു​ട്ടാണ്‌. അതു​കൊണ്ട്‌ പാർക്ക്‌ അധികൃ​തർ ഉപ്പുറ​വ​യു​ടെ അരികി​ലാ​യി ഒരു നിരീ​ക്ഷ​ണ​വേദി കെട്ടി​പ്പൊ​ക്കി​യി​ട്ടുണ്ട്‌. എന്നാൽ അവി​ടെ​യെ​ത്താൻ തുട​യൊ​പ്പം വെള്ളമുള്ള ഒരു ചതുപ്പു​നി​ലം കടക്കേ​ണ്ടി​യി​രു​ന്നു. വഴികാ​ട്ടി പിഗ്മി ചുറ്റും ശബ്ദങ്ങൾക്കാ​യി കാതോർത്തു. അതു​പോ​ലെ ഞങ്ങൾ ഒപ്പമു​ണ്ടോ എന്ന്‌ ഇടയ്‌ക്കി​ടെ നോക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. എന്തിനാ​ണെ​ന്നോ? ചില​പ്പോൾ ആനകൾ കൂട്ടമാ​യി അതുവഴി വരാറു​ണ്ടു​പോ​ലും!

നിരീ​ക്ഷ​ണ​വേ​ദി​യിൽ എത്തിയ ഞങ്ങൾ 80-ലധികം ആനക​ളെ​യും ഏതാനും കാട്ടു​പോ​ത്തു​ക​ളെ​യും മാനു​ക​ളെ​യും കണ്ടു. 11 വർഷമാ​യി ആനകളെ കുറിച്ചു ഗവേഷണം നടത്തുന്ന ഒരു ശാസ്‌ത്ര​ജ്ഞ​യും അവിടെ ഉണ്ടായി​രു​ന്നു. “ഓരോ [ആനയ്‌ക്കും] അതി​ന്റേ​തായ സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളുണ്ട്‌. 3,000 ആനകളെ ഞാൻ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌, അവയിൽ 700 എണ്ണത്തിന്‌ ഞാൻ ഓരോ പേരും കൊടു​ത്തി​ട്ടുണ്ട്‌,” അവർ ഞങ്ങളോ​ടു പറഞ്ഞു. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, കാട്ടാ​ന​യു​ടെ കൊമ്പിന്‌ വലിയ ഡിമാ​ന്റാ​യ​തി​നാൽ അവയ്‌ക്കു​വേണ്ടി ആനകളെ കൊല്ലു​ന്നു. ചില പൗരസ്‌ത്യ​ദേ​ശ​ങ്ങ​ളിൽ രേഖക​ളി​ലും ചിത്ര​ര​ച​ന​ക​ളി​ലും വ്യക്തി​മു​ദ്ര പതിപ്പി​ക്കാ​നുള്ള സീലുകൾ ഉണ്ടാക്കു​ന്നത്‌ ഈ ആനക്കൊ​മ്പു​കൾകൊ​ണ്ടാണ്‌. b

വലകൊ​ണ്ടുള്ള നായാട്ട്‌

പിറ്റേന്ന്‌ അതിരാ​വി​ലെ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ഉൾപ്പെട്ട, പത്തു​പേ​ര​ട​ങ്ങുന്ന ഒരു നായാ​ട്ടു​സം​ഘ​ത്തോ​ടൊ​പ്പം ഞങ്ങൾ യാത്ര തിരിച്ചു. വല ഉപയോ​ഗിച്ച്‌ മൃഗങ്ങളെ വേട്ടയാ​ടു​ന്നത്‌ നേരിൽ കാണാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. ഉഷ്‌ണ​മേ​ഖലാ വള്ളി​ച്ചെ​ടി​കൾകൊണ്ട്‌ ഉണ്ടാക്കിയ അവരുടെ വലകൾക്ക്‌ ഓരോ​ന്നി​നും ഏതാണ്ട്‌ 20 മീറ്റർ നീളവും 120 സെന്റി​മീ​റ്റർ വീതി​യും ഉണ്ടായി​രു​ന്നു. കുറെ ദൂരം പിന്നി​ട്ട​ശേഷം സംഘത്തി​ലുള്ള ഓരോ​രു​ത്ത​രും തങ്ങളുടെ വല മറ്റൊ​ന്നിൽ കൂട്ടി​ക്കെ​ട്ടി​ക്കൊണ്ട്‌ വനത്തി​നു​ള്ളി​ലേക്ക്‌ ആവുന്നത്ര മാറി​നിൽക്കാൻ തുടങ്ങി. അങ്ങനെ അവർ ഏതാണ്ട്‌ 200 മീറ്റർ ദൂരത്തിൽ വലവി​രി​ച്ചു. പിന്നെ, നായാ​ട്ടു​കാർ പിന്നി​ലേക്കു മാറി, ഈ വലയ്‌ക്കു ചുറ്റു​മാ​യി ഒരു വലിയ വലയം തീർത്തു. മൃഗങ്ങളെ വലയുടെ ഭാഗ​ത്തേക്ക്‌ ഓടി​ച്ചു​വി​ടാ​നാ​യി ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി​യും മരക്കൊ​മ്പു​കൾ പിടി​ച്ചു​കു​ലു​ക്കി​യും​കൊണ്ട്‌ അവർ തിരിച്ച്‌ വലയുടെ അടു​ത്തേക്കു നടന്നു. എന്നാൽ ഇത്തവണ ജന്തുക്ക​ളെ​യൊ​ന്നും കിട്ടി​യില്ല. വേട്ടക്കാർ വലകൾ അഴിച്ച്‌ വനത്തി​നു​ള്ളി​ലേക്കു കുറെ​ക്കൂ​ടെ ദൂരം പോയി ശ്രമം ആവർത്തി​ച്ചു. പത്തുത​വ​ണ​യെ​ങ്കി​ലും ഇങ്ങനെ ചെയ്‌തു​കാ​ണും.

ഉച്ചയാ​യ​പ്പോ​ഴേ​ക്കും ഞങ്ങളാകെ തളർന്നു. മൂന്നു ചെറിയ മാനു​കളെ കണ്ടെങ്കി​ലും അവ പിടി​കൊ​ടു​ക്കാ​തെ കടന്നു​ക​ളഞ്ഞു. ഏതായാ​ലും ഞങ്ങൾക്ക്‌ നിരാ​ശ​യൊ​ന്നും തോന്നി​യില്ല, കാരണം മൃഗങ്ങൾ വലയിൽ കുടു​ങ്ങു​ന്നതു കാണുക എന്നതാ​യി​രു​ന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. പരിഷ്‌കൃത ലോക​ത്തി​ന്റെ ആയുധ​സാ​മ​ഗ്രി​ക​ളൊ​ന്നും ഇല്ലാത്ത ഈ മനുഷ്യർ അതിജീ​വി​ക്കാൻ അവലം​ബി​ക്കുന്ന സമർഥ​മായ മാർഗങ്ങൾ കാണണ​മെന്നേ ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ. ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം അങ്ങേയറ്റം അസാധാ​ര​ണ​മായ ഒരു ദൃശ്യ​മാ​യി​രു​ന്നു അത്‌.

ഒറ്റത്തടി​വ​ള്ള​ത്തിൽ സാങ്‌ഗാ നദിയി​ലൂ​ടെ

വെള്ളത്തി​ലൂ​ടെ മെല്ലെ തെന്നി​നീ​ങ്ങാൻ ഇഷ്ടപ്പെ​ടാ​ത്ത​വ​രാ​യി ആരാണു​ള്ളത്‌? ഒറ്റത്തടി​വ​ള്ള​ത്തി​ലാ​കു​മ്പോൾ ഇതു കൂടുതൽ രസകര​മാണ്‌, ഏതാണ്ട്‌ വെള്ളത്തി​ന്റെ അതേ നിരപ്പി​ലാ​യി​രി​ക്കും നിങ്ങളും. അന്ന്‌ ഉച്ചകഴി​ഞ്ഞുള്ള യാത്ര​യിൽ ചാരമു​ണ്ടി​ക​ളെ​യും ഒരു സൗന്ദര്യ മത്സരത്തിന്‌ എത്തിയ​താ​ണോ എന്നു തോന്നി​പ്പോ​കുന്ന വിധത്തി​ലുള്ള നാനാ​വർണ പക്ഷിക​ളെ​യും ഞങ്ങൾ കണ്ടു. ചില കിളികൾ നദിക്ക​ര​യി​ലെ ഒരു മരക്കൊ​മ്പിൽനിന്ന്‌ മറ്റൊ​ന്നി​ലേക്കു പാറി​പ്പ​റ​ന്നു​കൊ​ണ്ടി​രു​ന്നു, വെള്ളത്തി​ലൂ​ടെ മുന്നോ​ട്ടു പോകുന്ന ഞങ്ങളെ പിന്തു​ട​രു​ക​യാ​ണെ​ന്ന​പോ​ലെ.

ചില സ്ഥലങ്ങളിൽ ചിമ്പാൻസി​കൾ വള്ളികൾതോ​റും ചാടി രസിക്കു​ക​യാ​യി​രു​ന്നു. അതോ ഇനി ഞങ്ങളെ രസിപ്പി​ക്കാ​നാ​യി​രു​ന്നോ ആ വിക്രി​യ​ക​ളെ​ല്ലാം? വള്ളക്കാരൻ—അലൻ പാറ്റ്രിക്‌ എന്നായി​രു​ന്നു അയാളു​ടെ പേര്‌—ആഞ്ഞുതു​ഴ​യു​ക​യാ​യി​രു​ന്നു. തലേന്ന്‌ ഏതാനും മീറ്റർ അപ്പുറം അയാൾ നീർക്കു​തി​ര​കളെ കണ്ടിരു​ന്ന​ത്രേ. എന്നാൽ കഷ്ടം, ഞങ്ങൾ ചെന്ന​പ്പോൾ അവ അവിടെ ഇല്ലായി​രു​ന്നു. പക്ഷേ അത്രയും പോയ​തു​കൊണ്ട്‌ വേറൊ​രു ഗുണമു​ണ്ടാ​യി. നദി​യോ​രത്തെ ചില ഗ്രാമ​ങ്ങ​ളും അതിസ​മർഥ​മാ​യി ചെറിയ ഒറ്റത്തടി​വ​ള്ളങ്ങൾ തുഴഞ്ഞു​പോ​കുന്ന കുട്ടി​ക​ളെ​യും ഞങ്ങൾക്കു കാണാ​നാ​യി. സാങ്‌ഗാ നദിയി​ലൂ​ടെ ഒറ്റത്തടി​വ​ള്ള​ത്തിൽ നടത്തിയ ആ യാത്ര എന്നെന്നും ഞങ്ങളുടെ സ്‌മര​ണ​യിൽ തങ്ങിനിൽക്കും, തീർച്ച.

മടക്കയാ​ത്ര​യി​ലെ മധുര​സ്‌മ​ര​ണ​കൾ

ബാംഗ്വി​യി​ലേ​ക്കുള്ള മടക്കയാ​ത്ര​യി​ലു​ട​നീ​ളം നൂറു​നൂറ്‌ ഓർമ​ക​ളും ദൃശ്യ​ങ്ങ​ളും മനസ്സി​ലേക്ക്‌ ഓടി​വ​ന്നു​കൊ​ണ്ടി​രു​ന്നു. പല കാര്യ​ങ്ങ​ളും ഞങ്ങളെ ആഴത്തിൽ സ്‌പർശി​ച്ചു, മറ്റു പലതും ഞങ്ങളെ അത്ഭുത​സ്‌ത​ബ്ധ​രാ​ക്കി. പിഗ്മി​കൾക്ക്‌ കാടു​മാ​യുള്ള ആത്മബന്ധ​വും തങ്ങളുടെ ചുറ്റു​പാ​ടു​കളെ പൂർണ​മാ​യും പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തിൽ അവർ പ്രകട​മാ​ക്കുന്ന ബുദ്ധി​സാ​മർഥ്യ​വു​മൊ​ന്നും ഒരിക്ക​ലും മറക്കാ​നാ​വില്ല.

കാട്ടാന, ഗൊറില്ല, ചിമ്പാൻസി, നീർക്കു​തിര, മാൻ, പുള്ളി​പ്പു​ലി എന്നീ മൃഗങ്ങ​ളും പലവർണ​ത്തി​ലുള്ള പക്ഷിക​ളും ചിത്ര​ശ​ല​ഭ​ങ്ങ​ളും മറ്റും ധാരാ​ള​മുള്ള ലോക​ത്തി​ന്റെ ഒരു ഭാഗം കാണാ​നുള്ള അമൂല്യ അവസരം ഞങ്ങൾക്കു ലഭിച്ചു. എല്ലാ കാഴ്‌ച​ക​ളു​മൊ​ന്നും കാണാൻ പറ്റിയി​ല്ലെ​ങ്കി​ലും ഒരു അതുല്യ അനുഭ​വ​മാ​യി​രു​ന്നു അത്‌. ഡ്‌സാ​ങ്‌ഗാ-സാങ്‌ഗാ മൃഗസം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലും ഡ്‌സാ​ങ്‌ഗാ-എൻഡോ​കി ദേശീയ പാർക്കി​ലു​മാ​യി 7,000-ത്തോളം ഇനം സസ്യങ്ങ​ളും 55 ഇനം സസ്‌ത​ന​ങ്ങ​ളും ഉണ്ടത്രേ.

അതുല്യ​മാ​യ ഈ ജൈവ​വൈ​വി​ധ്യം ഒരു ബൈബിൾ വാക്യം മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്ര പെരു​കി​യി​രി​ക്കു​ന്നു! ജ്ഞാന​ത്തോ​ടെ നീ അവയെ ഒക്കെയും ഉണ്ടാക്കി​യി​രി​ക്കു​ന്നു; ഭൂമി നിന്റെ സൃഷ്ടി​ക​ളാൽ നിറെ​ഞ്ഞി​രി​ക്കു​ന്നു.” (സങ്കീർത്തനം 104:24) വിജ്ഞാ​ന​പ്ര​ദ​വും അവിസ്‌മ​ര​ണീ​യ​വു​മായ ഈ അനുഭവം അതേ സങ്കീർത്ത​ന​ത്തിൽ കാണുന്ന പിൻവ​രുന്ന വാക്കുകൾ പ്രാവർത്തി​ക​മാ​ക്കാ​നുള്ള ഞങ്ങളുടെ തീരു​മാ​നത്തെ ശക്തീക​രി​ച്ചി​രി​ക്കു​ന്നു: “എന്റെ ആയുഷ്‌കാ​ല​ത്തൊ​ക്കെ​യും ഞാൻ യഹോ​വെക്കു പാടും; ഞാൻ ഉള്ളേട​ത്തോ​ളം എന്റെ ദൈവ​ത്തി​ന്നു കീർത്തനം പാടും. എന്റെ ധ്യാനം അവന്നു പ്രസാ​ദ​ക​ര​മാ​യി​രി​ക്കട്ടെ; ഞാൻ യഹോ​വ​യിൽ സന്തോ​ഷി​ക്കും.”—സങ്കീർത്തനം 104:33, 34. (g03 11/08)

[അടിക്കു​റി​പ്പു​കൾ]

a ആഫ്രിക്കൻ ഭൂമധ്യ​രേ​ഖാ​പ്ര​ദേ​ശത്തെ പിഗ്മികൾ അവരുടെ കുറിയ ശരീര​ത്തി​നു പേരു​കേ​ട്ട​വ​രാണ്‌. ശരാശരി അഞ്ചടി​യിൽ താഴെ പൊക്കമേ അവർക്കു​ള്ളൂ.

b ചാപ്പ എന്നു വിളി​ക്ക​പ്പെ​ടുന്ന ഈ സീലുകൾ മറ്റു വസ്‌തു​ക്കൾകൊ​ണ്ടും ഉണ്ടാക്കാ​റുണ്ട്‌. കൂടുതൽ വിവര​ങ്ങൾക്ക്‌ 1994 മേയ്‌ 22 ലക്കം ഉണരുക! 22-4 പേജുകൾ കാണുക.

[17-ാം പേജിലെ മാപ്പുകൾ]

കാമറൂൺ

കോംഗോ റിപ്പബ്ലിക്ക്‌

മധ്യാഫ്രിക്കൻ റിപ്പബ്ലിക്ക്‌

ബാംഗ്വി

ബായാ​ങ്‌ഗാ

ഡ്‌സാ​ങ്‌ഗാ-എൻഡോ​കി ദേശീയ പാർക്ക്‌

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Jerry Callow/Panos Pictures