വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാഗ്‌ ചരിത്രമുറങ്ങുന്ന ഞങ്ങളുടെ പ്രൗഢനഗരിയിലേക്ക്‌ സ്വാഗതം!

പ്രാഗ്‌ ചരിത്രമുറങ്ങുന്ന ഞങ്ങളുടെ പ്രൗഢനഗരിയിലേക്ക്‌ സ്വാഗതം!

പ്രാഗ്‌ ചരി​ത്ര​മു​റ​ങ്ങുന്ന ഞങ്ങളുടെ പ്രൗഢ​ന​ഗ​രി​യി​ലേക്ക്‌ സ്വാഗതം!

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ ഉണരുക! ലേഖകൻ

ഒരായി​രം കൊല്ല​ത്തി​ന്റെ പഴമ പേറുന്ന ഒരു നഗരം സന്ദർശി​ക്കാൻ നിങ്ങൾക്കി​ഷ്ട​മാ​ണോ? അതേ, 10-ാം നൂറ്റാ​ണ്ടി​ലെ റോമ​നെ​സ്‌ക്‌ ശിൽപ്പ​ചാ​രുത മുതൽ ഗോഥിക്‌, നവോ​ത്ഥാ​ന​കാല വാസ്‌തു​ശിൽപ്പ മാതൃ​ക​ക​ളും, ബറോക്ക്‌, റൊ​കോ​കോ, ക്ലാസിക്കൽ, നവക്ലാ​സിക്‌ ശൈലി​ക​ളും 20-ാം നൂറ്റാ​ണ്ടി​ലെ നവീന കലാവി​ദ്യ​യും സമഞ്‌ജസം സമ്മേളി​ക്കുന്ന ഒരു പ്രൗഢ​ന​ഗരം. എങ്കിൽ മധ്യയൂ​റോ​പ്പി​നെ തിലക​മ​ണി​യി​ക്കുന്ന പ്രാഗ്‌ നഗരി​യി​ലേക്ക്‌ ഞങ്ങളോ​ടൊ​പ്പം പോ​ന്നോ​ളൂ! ചെക്ക്‌ ഭാഷ അത്ര സരളമല്ല. അതു​കൊണ്ട്‌, സ്വരോ​ച്ചാ​ര​ണ​ത്തോ​ടു കൂടിയ ചെറു​വാ​ക്യ​ങ്ങൾ അടങ്ങിയ ഒരു പുസ്‌തകം കൂടെ കരുതി​ക്കോ​ളൂ, അത്‌ വലിയ സഹായ​മാ​യി​രി​ക്കും. അതിരി​ക്കട്ടെ, ആദ്യമാ​യി, എവി​ടെ​യാണ്‌ പ്രാഗ്‌ നഗരം?

യൂറോ​പ്പി​ന്റെ ഒരു ഭൂപടം നോക്കുക. ജർമനി​യിൽ, കിഴ​ക്കോ​ട്ടു മാറി, തലസ്ഥാ​ന​മായ ബെർലിൻ നിങ്ങൾക്കു കാണാം. നേർരേ​ഖ​യിൽ ഏതാണ്ട്‌ 300 കിലോ​മീ​റ്റർ തെക്കോ​ട്ടു നീങ്ങി​യാൽ, ചെക്ക്‌ റിപ്പബ്ലി​ക്കിൽ കണ്ടെത്തുന്ന ആദ്യത്തെ പ്രമുഖ നഗരം അതിന്റെ തലസ്ഥാ​ന​മായ പ്രാഗ്‌ ആയിരി​ക്കും. അതിന്റെ തെക്കോ​ട്ടും പിന്നെ കിഴ​ക്കോ​ട്ടും കണ്ണോ​ടി​ച്ചാൽ ഓസ്‌ട്രി​യ​യി​ലെ വിയന്ന​യും, ഹംഗറി​യി​ലെ ബുഡാ​പെ​സ്റ്റും കാണാ​വു​ന്ന​താണ്‌. വണ്ടിക്കാ​ണെ​ങ്കിൽ ഈ നഗരങ്ങ​ളെ​ല്ലാം തമ്മിൽ ഏതാനും മണിക്കൂർ യാത്ര​യു​ടെ ദൂര​മേ​യു​ള്ളൂ.

വൾട്ടാവ നദിയു​ടെ ഇരുക​ര​ക​ളി​ലു​മാ​യാണ്‌ പ്രാഗ്‌ സ്ഥിതി​ചെ​യ്യു​ന്നത്‌. നമ്മുടെ സൗകര്യാർഥം നഗരത്തെ അഞ്ചു ഭാഗങ്ങ​ളാ​യി തിരി​ക്കാം. (21-ാം പേജിലെ ഭൂപടം നോക്കുക.) നദിക്കു പടിഞ്ഞാ​റുള്ള കുന്നിൻപു​റ​മാണ്‌ ആദ്യ​ത്തേത്‌. ഇവിടെ പ്രാഗ്‌ കോട്ട​യും, കോട്ട​യു​ടെ പ്രാന്ത​പ്ര​ദേ​ശത്ത്‌ 1320-നോട​ടുത്ത കാലഘ​ട്ട​ത്തിൽ സ്ഥാപി​ക്ക​പ്പെട്ട ഹ്രാദ്‌ചാ​നി പട്ടണവും നിങ്ങൾക്കു കാണാം. കോട്ട​യ്‌ക്ക​ക​ത്താണ്‌ ഗോഥിക്‌ ശിൽപ്പ​മാ​തൃ​ക​യി​ലുള്ള ബൃഹത്തായ സെന്റ്‌ വൈറ്റസ്‌ കത്തീഡ്രൽ സ്ഥിതി​ചെ​യ്യു​ന്നത്‌. ഇതിന്റെ നിർമാ​ണം 1344-ൽ തുടങ്ങി​യ​താ​ണെ​ങ്കി​ലും 1929 വരെ പൂർത്തി​യാ​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. പള്ളിയാ​ഭ​ര​ണങ്ങൾ സൂക്ഷി​ച്ചി​രി​ക്കു​ന്ന​തും, വെൻസെ​സ്ലോസ്‌ രാജകു​മാ​രന്റെ ശവകു​ടീ​രം നില​കൊ​ള്ളു​ന്ന​തും ഇതിനു​ള്ളി​ലാണ്‌. നടന്നോ പൊതു വാഹന​ത്തി​ലോ കോട്ട സ്ഥിതി​ചെ​യ്യുന്ന പ്രദേ​ശ​ത്തെ​ത്താം. ഇത്‌ കുത്ത​നെ​യുള്ള ഒരു കയറ്റമാണ്‌. അതു​കൊണ്ട്‌ യോജിച്ച പാദരക്ഷ കരുതുക. കോട്ട​യു​ടെ പ്രദേ​ശ​ത്താ​യി​രി​ക്കെ, സുവർണ വീഥി​യി​ലുള്ള (ചെക്കിൽ സ്ലാറ്റാ ഊളി​ച്‌കാ) അസാധാ​ര​ണ​മായ കൊച്ചു വീടു​ക​ളും കരകൗശല സാധനങ്ങൾ വിൽക്കുന്ന കടകളും കാണാൻ മറക്കരുത്‌. 1500-കളുടെ അവസാനം രാജ​ചേ​വ​കർക്കാ​യി നിർമി​ച്ച​വ​യാണ്‌ ഇവ. പിന്നീട്‌, 17-ാം നൂറ്റാ​ണ്ടിൽ ഇവിടെ സ്വർണ​പ്പ​ണി​ക്കാർ താമസ​മാ​ക്കി. അങ്ങനെ​യാണ്‌ സുവർണ വീഥി എന്ന പേരു​വ​ന്നത്‌.

കോട്ട​യ്‌ക്കു തെക്കോ​ട്ടു​മാ​റി​യാണ്‌ മാലാ സ്‌ട്രാ​നാ എന്ന ലിറ്റിൽ ക്വാർട്ടർ. ഒരു വഴികാ​ട്ടി​പ്പു​സ്‌തകം ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ബറോക്ക്‌ ശൈലി​യി​ലുള്ള പ്രൗ​ഢോ​ജ്ജ്വ​ല​ങ്ങ​ളായ കൊട്ടാ​ര​ങ്ങ​ളും നയനാ​കർഷ​ക​മായ മേൽവി​ലാ​സ​പ്പ​ല​ക​യോ​ടു​കൂ​ടിയ പഴയ വീടു​ക​ളും ക്വാർട്ട​റിൽ ധാരാ​ള​മുണ്ട്‌.” ‘ശതസ്‌തൂ​പി​കാ നഗരം’ എന്ന്‌ പ്രാഗ്‌ അറിയ​പ്പെ​ടു​ന്നു. വാസ്‌ത​വ​ത്തിൽ സ്‌തൂ​പി​ക​ക​ളു​ടെ എണ്ണം നൂറൊ​ന്നു​മല്ല. ചെക്ക്‌ ജനതയിൽ അനേക​രും മതഭക്ത​രാ​യി​രുന്ന ഒരു കാലഘ​ട്ടത്തെ കുറിച്ച്‌ അവ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. കമ്മ്യൂ​ണിസ്റ്റ്‌ വാഴ്‌ച​യ്‌ക്കു ശേഷമുള്ള ഈ കാലഘ​ട്ട​ത്തിൽ പള്ളിക​ളിൽ ആളുകൾ കുറവാ​ണെ​ങ്കി​ലും ലിറ്റിൽ ക്വാർട്ട​റിൽ അവയിൽ ചിലത്‌ മൂകമാ​യി നില​കൊ​ള്ളു​ന്നു. അതിൽ വളരെ പ്രശസ്‌ത​മായ ഒന്നാണ്‌ സെന്റ്‌ നിക്കോ​ളസ്‌ പള്ളി. 1703-ൽ തുടങ്ങി 1761-ൽ പൂർത്തി​യാ​ക്കി​യ​താണ്‌ അതിന്റെ പണി. ഒരു അപ്പനും മകനും ആയിരു​ന്നു ഇതിന്റെ ശിൽപ്പി​കൾ. പക്ഷേ പണി നീണ്ടു​നീ​ണ്ടു പോയ​തി​നാൽ അതു പൂർത്തി​യാ​കു​ന്നതു കാണാൻ അവർ ഇരുവ​രും ജീവി​ച്ചി​രു​ന്നില്ല.

വൾട്ടാ​വ​യ്‌ക്കു കുറുകെ

പ്രാഗി​ന്റെ കിഴക്കൻ കരയി​ലേക്കു കടക്കാൻ വൾട്ടാ​വ​യ്‌ക്കു കുറുകെ ഏഴു പാലങ്ങ​ളെ​ങ്കി​ലു​മുണ്ട്‌. അവയിൽ ഏറ്റവും പ്രശസ്‌ത​മാ​യത്‌, കാൽന​ട​ക്കാർക്കു മാത്ര​മാ​യുള്ള ചാൾസ്‌ പാലമാണ്‌ (കാർലുഫ്‌ മോസ്റ്റ്‌). ഏതാണ്ട്‌ 520 മീറ്റർ നീളമുള്ള ഈ പാലത്തിൽ കൂടി നടക്കാത്ത പക്ഷം നിങ്ങളു​ടെ പ്രാഗ്‌ സന്ദർശനം പൂർണ​മാ​യെന്ന്‌ പറയാൻ കഴിയില്ല. അതിരാ​വി​ലെ​യും വൈകി​ട്ടും അതുവഴി നടന്നു നോക്കൂ. പ്രകാ​ശ​ത്തി​ന്റെ വൈവി​ധ്യ​മാർന്ന വർണവി​ലാ​സം കൺമയ​ക്കുന്ന ഒരു കാഴ്‌ച​ത​ന്നെ​യാണ്‌.

ഈ പാലം, ഇടത്തേ കരയി​ലുള്ള ലിറ്റിൽ ക്വാർട്ട​റി​നെ വലത്ത്‌ കിഴക്കേ കരയിലെ ഓൾഡ്‌ ടൗണു​മാ​യി ബന്ധിപ്പി​ക്കു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ ടൂറി​സ്റ്റു​കൾ, വഴി​യോ​രത്ത്‌ കലാ​പ്ര​ക​ട​നങ്ങൾ നടത്തു​ന്നവർ, വഴിക്ക​ച്ച​വ​ട​ക്കാർ എന്നിവ​രെ​ക്കൊണ്ട്‌ ചാൾസ്‌ പാലം നിറഞ്ഞി​രി​ക്കും. ആഹ്ലാദ​ത്തി​ന്റെ​യും ആസ്വാ​ദ​ന​ത്തി​ന്റെ​യും ഭാവങ്ങ​ളാണ്‌ അന്തരീ​ക്ഷ​ത്തിൽ. വലിഞ്ഞു​മു​റു​കിയ മുഖങ്ങ​ളു​മാ​യി തിരക്കി​ട്ടു പായു​ന്നവർ ഇല്ലേയില്ല. ഒരു ചെക്ക്‌ ജാസ്‌ സംഗീ​ത​സം​ഘം, ന്യൂ ഓർലി​യൻസ്‌ ജനപ്രിയ ശീലുകൾ സാമാ​ന്യം മെച്ചമാ​യി​ത്തന്നെ അവതരി​പ്പി​ക്കു​ന്നത്‌ സാധ്യ​ത​യ​നു​സ​രി​ച്ചു നിങ്ങൾക്കു കേൾക്കാം. തങ്ങളുടെ ഉശിരൻ അവതര​ണ​ങ്ങ​ളു​ടെ സിഡി​ക​ളും കാസെ​റ്റു​ക​ളും അവർ വിൽക്കു​ന്നു​മുണ്ട്‌. ഓൾഡ്‌ ടൗൺ ചത്വര​ത്തി​ലെ അതി​പ്ര​ശ​സ്‌ത​ങ്ങ​ളായ കെട്ടി​ട​ങ്ങ​ളു​ടെ ആകർഷ​ക​മായ പോർസെ​ലേൻ മാതൃ​കകൾ വിറ്റ്‌ നാലു കാശു​ണ്ടാ​ക്കാൻ ശ്രമി​ക്കുന്ന വിദ്യാർഥി​ക​ളെ​യും നിങ്ങൾ കണ്ടുമു​ട്ടി​യേ​ക്കാം. ആ സ്‌മര​ണി​കകൾ വാങ്ങി​യാൽ, പ്രസി​ദ്ധ​മായ ജ്യോ​തി​ശ്ശാ​സ്‌ത്ര ഘടികാ​രം അടക്കം ആ മുഴു ചത്വര​വും വീട്ടിലെ ഷോ കേസിൽ നിങ്ങൾക്കു പുനർനിർമി​ക്കാൻ കഴിയും!

അതാ! പാലത്തിന്‌ ഇരുവ​ശ​വും സ്ഥാപി​ച്ചി​രി​ക്കുന്ന കത്തോ​ലിക്ക “പുണ്യ​വാ​ള​ന്മാ​രു​ടെ” ബിംബ​നിര ശ്രദ്ധിക്കൂ. ചെക്ക്‌ ജനതയു​ടെ മതചരി​ത്രം അവയിൽ നന്നായി നിഴലി​ക്കു​ന്നുണ്ട്‌. ജോൺ നിപ്പോ​മു​ക്കി​ന്റെ കാലം​മു​തൽ (1863) സിറി​ളി​ന്റെ​യും മിതോ​ഡി​യ​സി​ന്റെ​യും നാൾവരെ (1938) സ്ഥാപി​ക്ക​പ്പെട്ട പ്രതി​മകൾ അവയി​ലുണ്ട്‌. ഇവയിൽ ബൈബിൾ വിദ്യാർഥി​കളെ ഹഠാദാ​കർഷി​ക്കു​ന്നത്‌ 1629-ൽ സ്ഥാപി​ക്ക​പ്പെട്ട ക്രിസ്‌തു​ബിം​ബ​മാണ്‌. എന്താണ്‌ അതിന്റെ പ്രത്യേ​കത?

അതിനെ ചുറ്റി തങ്കലി​പി​ക​ളിൽ എബ്രായ കൈ​യെ​ഴു​ത്തു കാണാം. യഹോവ എന്ന ദിവ്യ​നാ​മത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന ചതുര​ക്ഷരി എന്നറി​യ​പ്പെ​ടുന്ന നാല്‌ എബ്രായ അക്ഷരങ്ങ​ളും അതിൽ ആലേഖനം ചെയ്‌തി​ട്ടുണ്ട്‌. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഈ നാമം 7,000-ത്തോളം പ്രാവ​ശ്യം കാണ​പ്പെ​ടു​ന്നു.

ഓൾഡ്‌ ടൗൺ നിങ്ങളെ തികച്ചും വിസ്‌മയം കൊള്ളി​ക്കും

ചാൾസ്‌ പാലം കടന്ന്‌ ഓൾഡ്‌ ടൗൺ ബ്രിഡ്‌ജ്‌ ടവറിനു (വെൻസെ​സ്ലോ​സി​ന്റെ പ്രിയ​പ്പെട്ട മുദ്ര​യാ​യി​രുന്ന പൊന്മാ​ന്റെ കൊത്തു​പണി കാണാൻ കിഴക്കേ മുഖപ്പിൽ നോക്കുക) കീഴെ​ക്കൂ​ടി അപ്പുറ​ത്തെ​ത്തി​യാൽ ഓൾഡ്‌ ടൗണായി. ഇവിടെ എത്തിയാൽ പിന്നെ നിങ്ങൾ ക്യാമറ താഴെ വെക്കില്ല. ഈ പ്രദേ​ശത്തെ എണ്ണിയാ​ലൊ​ടു​ങ്ങാത്ത വാസ്‌തു ശിൽപ്പങ്ങൾ നിങ്ങളു​ടെ കണ്ണിനു വിരു​ന്നൊ​രു​ക്കു​ന്നു. പാലം കഴിഞ്ഞ്‌ നേരേ​പോ​യാൽ നിങ്ങൾ ചാൾസ്‌ വീഥി​യി​ലെ​ത്തും (കാർലോവ). കൊച്ചു​കൊ​ച്ചു കടകളും വാങ്ങാൻ വരുന്ന​വ​രു​ടെ തിരക്കും നിറഞ്ഞ വളഞ്ഞു​പു​ളഞ്ഞ ഒട്ടനവധി ഇടുക്കു തെരു​വു​ക​ളി​ലേ​ക്കാണ്‌ ഇതു നിങ്ങളെ എത്തിക്കുക. എന്നാൽ വിവിധ നവോ​ത്ഥാന, ബറോക്ക്‌ വാസ്‌തു ശിൽപ്പ ശൈലി​കൾ കാണാൻ ചുറ്റും കണ്ണോ​ടി​ക്കുക.

അങ്ങനെ കൗതു​ക​ത്തോ​ടെ കാഴ്‌ചകൾ കണ്ടു നീങ്ങു​മ്പോൾ പെട്ടെ​ന്നു​തന്നെ നിങ്ങൾ ഓൾഡ്‌ ടൗൺ ചത്വര​ത്തിൽ ചെന്നെ​ത്തും. ഒരു ഘടികാ​ര​ത്തി​ലേക്ക്‌ നിർനി​മേ​ഷ​രാ​യി നോക്കി നിൽക്കുന്ന ജനക്കൂ​ട്ട​ത്തെ​യാ​കും നിങ്ങൾ അവിടെ ആദ്യമാ​യി കാണുക, വിശേ​ഷി​ച്ചും മണിമു​ഴ​ങ്ങാ​നുള്ള സമയമാണ്‌ അതെങ്കിൽ. ഇതാണ്‌ ടൗൺ ഹാൾ ക്ലോക്ക്‌, വിസ്‌മ​യങ്ങൾ നിറഞ്ഞ ജ്യോ​തി​ശ്ശാ​സ്‌ത്ര ഘടികാ​രം. പേര്‌ അതാ​ണെ​ങ്കി​ലും ജ്യോ​തി​ശ്ശാ​സ്‌ത്ര​പ​ര​മായ കൃത്യ​ത​യൊ​ന്നും ഇതിനു പ്രതീ​ക്ഷി​ക്ക​രുത്‌. ഭൂമി പ്രപഞ്ച​ത്തി​ന്റെ കേന്ദ്ര​മാ​ണെ​ന്നും സൂര്യ​താ​രാ​ദി​കൾ അതിനെ വലം​വെ​ക്കു​ക​യാ​ണെ​ന്നും പരക്കെ വിശ്വ​സി​ച്ചി​രുന്ന ഒരു കാലത്താണ്‌ ഈ ഘടികാ​രം രൂപകൽപ്പന ചെയ്യ​പ്പെ​ട്ടത്‌. എന്നിരു​ന്നാ​ലും, ഇത്‌ ഘടികാര നിർമാ​ണ​ത്തി​ന്റെ​യും രൂപകൽപ്പനാ പാടവ​ത്തി​ന്റെ​യും ഉത്‌കൃ​ഷ്ടോ​ത്‌പന്നം തന്നെയാണ്‌. a—ഈ പേജിലെ ചതുരം കാണുക.

ഇനി നമുക്ക്‌ മനോ​ഹ​ര​മായ ഓൾഡ്‌ ടൗൺ ചത്വര​ത്തി​ലേക്കു ശ്രദ്ധതി​രി​ക്കാം. അവിടത്തെ രമ്യഹർമ്യ​ങ്ങ​ളും വാസ്‌തു​വി​ദ്യാ വൈവി​ധ്യ​വും ഒന്നു വേറെ​തന്നെ! ചത്വരം അതിവി​ശാ​ല​മാ​യ​തി​നാൽ ആളുകൾ വളരെ​യു​ണ്ടെ​ങ്കി​ലും തിക്കും​തി​ര​ക്കും അനുഭ​വ​പ്പെ​ടു​ന്നില്ല. കണ്ടുന​ട​ക്കാൻ കാഴ്‌ച​ക​ളേറെ. സമയ​മെ​ടുത്ത്‌ കണ്ടോളൂ, കാണുന്ന സംഗതി​കൾ എന്തൊ​ക്കെ​യാ​ണെന്ന്‌ അറിയാൻ ഇടയ്‌ക്കി​ടക്ക്‌ വഴികാ​ട്ടി​പ്പു​സ്‌തകം നോക്കാൻ മറക്കേണ്ട. ഇരട്ട ഗോപു​ര​വും അനവധി സ്‌തൂ​പി​ക​ക​ളു​മുള്ള ആ കൂറ്റൻ പള്ളി കണ്ടോ! 1365-ൽ നിർമിച്ച ടിൻ പള്ളിയാണ്‌ അത്‌. വിസ്‌മ​യാ​വ​ഹ​മായ ഈ ചത്വര​ത്തി​ലെ, റൊ​കോ​കോ ഗോസ്‌ കിൻസ്‌കി കൊട്ടാ​രം പോലുള്ള മണിമ​ന്ദി​ര​ങ്ങ​ളെ​പ്പറ്റി വർണി​ക്കാൻ നമുക്കി​വി​ടെ ഇടം​പോ​രാ.

ചെക്ക്‌ മതപരി​ഷ്‌കർത്താ​വായ ജോൺ ഹസിന്റെ (1372-1415) ബൃഹത്തായ സ്‌മാ​ര​ക​മാണ്‌ ചത്വര​ത്തി​നു നടുവിൽ. ഒരു കത്തോ​ലിക്ക പുരോ​ഹി​തൻ ആയിരു​ന്നെ​ങ്കി​ലും, വൈദി​ക​വൃ​ന്ദ​ത്തി​ന്റെ അധാർമിക പ്രവർത്ത​നങ്ങൾ തുറന്നു​കാ​ട്ടാ​നും ദണ്ഡവി​മോ​ച​ന​പ​ത്രം വിൽക്കു​ന്ന​തി​നെ​തി​രെ ശബ്ദമു​യർത്താ​നും ധൈര്യം​കാ​ട്ടി​യതു നിമിത്തം അദ്ദേഹം പുരോ​ഹി​ത​വർഗ​ത്തി​ന്റെ അമർഷം വിളി​ച്ചു​വ​രു​ത്തി. വ്യാജ​മായ സംരക്ഷണ വാഗ്‌ദാ​ന​ത്താൽ കബളി​പ്പി​ക്ക​പ്പെട്ട ഹസ്‌ തന്റെ വീക്ഷണങ്ങൾ വിശദീ​ക​രി​ക്കാ​നാ​യി കൗൺസിൽ ഓഫ്‌ കോൺസ്റ്റാൻസി​നു മുമ്പാകെ ചെന്നു. പക്ഷേ, പാഷണ്ഡി​യെന്നു മുദ്ര​കു​ത്തി അവർ അദ്ദേഹത്തെ സ്‌തം​ഭ​ത്തി​ലേറ്റി ചുട്ടു​കൊ​ന്നു.

പ്രാഗി​ന്റെ യഹൂദ ചരിതം

വിട്ടു​പോ​ക​രു​താത്ത നാലാ​മത്തെ ഭാഗം, ചെക്ക്‌ ഭാഷയിൽ യോ​സെ​ഫോവ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന യഹൂദ ക്വാർട്ട​റാണ്‌. 1784-ൽ യഹൂദ​ന്മാർക്കെ​തി​രെ​യുള്ള വിവേ​ചനം കുറഞ്ഞ​പ്പോൾ ജോസഫ്‌ രണ്ടാമന്റെ സ്‌മര​ണ​യ്‌ക്കാ​യി നൽകി​യ​താണ്‌ ആ പേര്‌. ഈ ക്വാർട്ട​റി​ന്റെ സവി​ശേ​ഷ​ത​ക​ളിൽ ഒന്നാണ്‌ ഓൾഡ്‌-ന്യൂ സിന​ഗോഗ്‌. 1270-ൽ പണിത ഇത്‌ ഇപ്പോ​ഴും ഉപയോ​ഗ​ത്തിൽ ഇരിക്കുന്ന യൂറോ​പ്പി​ലെ ഏറ്റവും പഴക്കം​ചെന്ന സിന​ഗോ​ഗാണ്‌. കൂടാതെ, പ്രാഗി​ലെ ഗോഥിക്‌ ശൈലി​യിൽ പണിത ആദ്യകാല കെട്ടി​ട​ങ്ങ​ളിൽ ഒന്നുമാണ്‌ ഇത്‌. സിന​ഗോ​ഗിൽ പ്രവേ​ശനം അനുവ​ദി​ച്ചി​ട്ടുണ്ട്‌. ശ്രദ്ധാ​പൂർവം നിരീ​ക്ഷി​ച്ചാൽ എബ്രായ ഭാഷയിൽ ദിവ്യ​നാ​മം എഴുതി​യി​രി​ക്കു​ന്നത്‌ നിങ്ങൾക്കു കാണാം. പക്ഷേ, ഫോട്ടോ എടുക്കാൻ ശ്രമി​ക്ക​രു​തു കേട്ടോ! ഛായാ​ഗ്രഹണ നിരോ​ധനം ലംഘി​ച്ചാൽ കാവൽക്കാ​രൻ വന്ന്‌ നിങ്ങളെ ഇറക്കി​വി​ട്ട​തു​തന്നെ.

അതാ! ആ ഗേറ്റി​നി​ട​യിൽക്കൂ​ടി നോക്കി​യാൽ പരിസ​ര​ത്തു​തന്നെ ഒരു പുരാതന യഹൂദ ശ്‌മശാ​നം കാണാം, എബ്രായ ആലേഖ​ന​ങ്ങ​ളുള്ള ആയിര​ക്ക​ണ​ക്കിന്‌ ശവക്കല്ല​റകൾ കണ്ടോ! ജ്യൂവിഷ്‌ ടൗൺ ഹാൾ ഇവിടെ അടുത്തു​ത​ന്നെ​യാണ്‌. അവിടെ രണ്ടു ഘടികാ​രങ്ങൾ സ്ഥാപി​ച്ചി​ട്ടുണ്ട്‌. ഒരെണ്ണ​ത്തിൽ റോമൻ അക്കങ്ങളും മറ്റേതിൽ എബ്രായ അക്ഷരങ്ങ​ളു​മാ​ണു​ള്ളത്‌.

പിൻകാസ്‌ സിന​ഗോ​ഗും ഇവിടെ അയലത്തു​ത​ന്നെ​യാണ്‌. ഇന്നിത്‌, “നാസി ഗ്യാസ്‌ ചേമ്പറു​ക​ളിൽ ജീവൻ ഹനിക്ക​പ്പെട്ട 77,297 ബൊഹീ​മി​യൻ, മൊ​റേ​വി​യൻ യഹൂദ​ന്മാ​രു​ടെ സ്‌മാ​ര​ക​മാണ്‌.” പ്രാഗിൽനി​ന്നുള്ള 36,000 യഹൂദ​ന്മാ​ര​ടക്കം, അവരു​ടെ​യെ​ല്ലാം പേരുകൾ അതിനു​ള്ളി​ലെ ചുവരു​ക​ളിൽ ആലേഖനം ചെയ്‌തി​ട്ടുണ്ട്‌.—പ്രാഗ്‌ കലയും ചരി​ത്ര​വും (ഇംഗ്ലീഷ്‌).

പുരാതന “ന്യൂ ടൗൺ”

അവസാ​ന​മാ​യി നാം സന്ദർശി​ക്കു​ന്നത്‌ ന്യൂ ടൗൺ (നോവി മിസ്റ്റോ) ആണ്‌. പേരിൽ ഒരു ‘ന്യൂ’ ഉണ്ടെങ്കി​ലും, വാസ്‌ത​വ​ത്തിൽ 1348-ൽ ഒരു കുതി​ര​ച്ച​ന്ത​യാ​യി ചാൾസ്‌ നാലാമൻ നിർമി​ച്ച​താണ്‌ ഇത്‌. ഇവിടത്തെ ഏറ്റവും പ്രശസ്‌ത​മായ സ്ഥലം വെൻസെ​സ്ലോസ്‌ ചത്വര​മാണ്‌. “സമകാ​ലിക പ്രാഗി​ന്റെ ഉപഭോ​ക്തൃ കേന്ദ്രം” എന്ന്‌ ഈ ചത്വരം വർണി​ക്ക​പ്പെ​ടു​ന്നു. മനോ​ഹ​ര​മായ എവ്‌റോ​പ്പാ ഹോട്ടൽ പോലെ നവീന ശിൽപ്പ മാതൃ​ക​യി​ലുള്ള മുഖ​പ്പോ​ടു കൂടിയ ഏതാനും ചില കെട്ടി​ട​ങ്ങ​ളുണ്ട്‌. എന്നാൽ മുഖ്യാ​കർഷണം 1912-ൽ സ്ഥാപി​ക്ക​പ്പെട്ട, അശ്വാ​രൂ​ഢ​നായ വെൻസെ​സ്ലോ​സി​ന്റെ പ്രതി​മ​യാണ്‌.

പ്രാഗി​ന്റെ സാംസ്‌കാ​രിക പൈതൃ​കത്തെ—വിശേ​ഷി​ച്ചും സംഗീ​ത​രം​ഗ​ത്തേത്‌—അനുസ്‌മ​രി​ക്കാ​തെ നമുക്ക്‌ ഈ നഗരസ​ന്ദർശനം മുഴു​മി​ക്കാ​നാ​വില്ല. അതു​കൊണ്ട്‌ നാഷണൽ തിയറ്റർ, സ്റ്റേറ്റ്‌ ഓപ്പറ എന്നിവ സന്ദർശി​ക്കാ​തെ പോക​രുത്‌. അന്റോൺയിൻ ദ്വോർഷാ​ക്കി​ന്റെ “ന്യൂ വേൾഡ്‌ സിംഫണി” ദശലക്ഷ​ക്ക​ണ​ക്കി​നു ശാസ്‌ത്രീയ സംഗീ​താ​സ്വാ​ദകർ കേട്ടി​ട്ടുണ്ട്‌. ബറോക്ക്‌ രീതി​യിൽ പണിത, ചെമപ്പും കാവി​യും നിറമുള്ള, ഒരു ഗ്രാമ​വ​സ​തി​യിൽ ദ്വോർഷാക്‌ മ്യൂസി​യം നിങ്ങൾക്കു കാണാം. “ചെക്ക്‌ സംഗീ​ത​ത്തി​ന്റെ പിതാവ്‌” എന്ന്‌ അറിയ​പ്പെ​ടുന്ന ബെഡെർഷിഹ്‌ സ്‌മെ​റ്റാ​നാ “തികഞ്ഞ ചെക്ക്‌ ശൈലി​യു​ണ്ടാ​യി​രുന്ന ഒരു സംഗീ​തജ്ഞൻ” ആയിരു​ന്നു എന്ന്‌ ഫ്രാൻസ്‌ ലിസ്റ്റ്‌ എഴുതു​ക​യു​ണ്ടാ​യി. സ്‌മെ​റ്റാ​നാ​യു​ടെ “മാ വ്‌ളാസ്റ്റ്‌” (എന്റെ മാതൃ​ദേശം) എന്നു പേരുള്ള സിംഫണി-കവിത​ക​ളു​ടെ സമാഹാ​ര​വും പ്രാഗി​ലൂ​ടെ ഒഴുകുന്ന നദിയു​ടെ സംഗീത വർണന​യായ വൾട്ടാ​വ​യും കേൾവി​കേ​ട്ട​താണ്‌. ഓൾഡ്‌ ടൗണിലെ നദീതീ​ര​ത്താണ്‌ സ്‌മെ​റ്റാ​നാ മ്യൂസി​യം സ്ഥിതി​ചെ​യ്യു​ന്നത്‌.

കണ്ടാസ്വ​ദി​ക്കാൻ ഇനിയും ഒരുപാ​ടു കാഴ്‌ചകൾ പ്രാഗി​ലുണ്ട്‌! അത്‌ നിങ്ങൾതന്നെ വന്നു കാണണം. ഒരു സഹസ്രാ​ബ്ദ​ത്തി​ന്റെ ചരി​ത്ര​വും സംസ്‌കൃ​തി​യും ആസ്വദി​ക്കാ​നാ​യി ഒരിക്കൽ നിങ്ങൾ വരു​മെന്നു കരുതട്ടെ! (g03 11/08)

[അടിക്കു​റിപ്പ്‌]

a ഉണരുക!യുടെ 2000 മേയ്‌ 22 ലക്കം 16-8 പേജുകൾ കാണുക.

[21-ാം പേജിലെ ചതുരം/ചിത്രം]

ജ്യോതിശ്ശാസ്‌ത്ര ഘടികാ​രം

ഈ ഘടികാ​ര​ത്തിന്‌ മൂന്നു ഭാഗങ്ങ​ളുണ്ട്‌. ഓരോ മണിക്കൂർ ഇടവിട്ട്‌ മണിയ​ടി​ക്കേണ്ട സമയമാ​കു​മ്പോൾ മുകൾഭാ​ഗ​ത്തുള്ള രണ്ട്‌ ജാലകങ്ങൾ തുറന്നു​വ​രും, അവിടെ നിങ്ങൾക്ക്‌ 12 അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഘോഷ​യാ​ത്ര ദർശി​ക്കാം. രസകര​മെന്നു പറയട്ടെ, ഈസ്‌ക​ര്യോ​ത്താ യൂദാ​യ്‌ക്കും അല്‌ഫാ​യു​ടെ മകനായ യാക്കോ​ബി​നും പകരം പൗലൊ​സും ബർന്നബാ​സു​മാണ്‌ ഘടികാ​ര​ത്തി​ലു​ള്ളത്‌. എന്നാൽ ബൈബി​ളിൽ ഇവരെ രണ്ടു​പേ​രെ​യും 12 അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കൂട്ടത്തിൽ പെടു​ത്തി​യി​ട്ടില്ല. അപ്പൊ​സ്‌ത​ല​ന്മാർക്കു താഴെ മരണത്തെ ചിത്രീ​ക​രി​ക്കുന്ന ഒരു അസ്ഥികൂ​ട​മുണ്ട്‌. അപ്പൊ​സ്‌ത​ല​ന്മാർക്കു​മു​മ്പേ അത്‌ ചലിക്കാൻ ആരംഭി​ക്കു​ന്നു. അത്‌ ഇടതു​കൈ​യി​ലുള്ള മണൽഘ​ടി​കാ​രം ഉയർത്തു​ക​യും കീഴ്‌മേൽ മറിക്കു​ക​യും ചെയ്യുന്നു. കൂകുന്ന ഒരു കോഴി, തലയാ​ട്ടുന്ന ഒരു തുർക്കി, കണ്ണാടി നോക്കുന്ന ഒരു ദുരഭി​മാ​നി, അത്യാ​ഗ്ര​ഹി​യായ ഒരു പണവ്യാ​പാ​രി​യു​ടെ രൂപത്തി​ലുള്ള ദുരാ​ഗ്രഹം എന്നിവ​യാണ്‌ ചലിക്കുന്ന മറ്റു രൂപങ്ങൾ.

മറ്റനേകം സംഗതി​ക​ളോ​ടൊ​പ്പം ഈ ജ്യോ​തി​ശ്ശാ​സ്‌ത്ര ഘടികാ​രം മൂന്നു തരത്തി​ലുള്ള സമയം കാണി​ക്കു​ന്നു—അറബിക്‌ അക്കങ്ങളിൽ പഴയ ബൊഹീ​മി​യൻ സമയം, റോമൻ അക്കങ്ങളിൽ ആധുനിക സമയം, ബാബി​ലോ​ണി​യൻ സങ്കേത​മ​നു​സ​രി​ച്ചുള്ള പകലിന്റെ 12 വിഭാ​ഗങ്ങൾ. ഈ അത്യലം​കൃത ഘടികാ​രം സമയ​മെ​ടുത്ത്‌ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ക്കേ​ണ്ട​താ​ണെന്ന്‌ ഇപ്പോൾ നിങ്ങൾക്കു തോന്നു​ന്നി​ല്ലേ!

[21-ാം പേജിലെ മാപ്പ്‌]

സെൻട്രൽ പ്രാഗ്‌

പ്രാഗ്‌ കോട്ട​യും ഹ്രാദ്‌ചാ​നി​യും

ലിറ്റിൽ ക്വാർട്ടർ

വൾട്ടാവ നദി

യഹൂദ ക്വാർട്ടർ

ഓൾഡ്‌ ടൗൺ

ന്യൂ ടൗൺ

[20-ാം പേജിലെ ചിത്രം]

ചതുരക്ഷരിയുള്ള എബ്രായ ആലേഖനം

[22-ാം പേജിലെ ചിത്രം]

ബറോക്ക്‌ ശിൽപ്പ​മാ​തൃക ദൃശ്യ​മായ നവീന കലാ​ശൈ​ലി​യി​ലുള്ള കൊട്ടാ​രം

[22, 23 പേജു​ക​ളി​ലെ ചിത്രം]

ചാൾസ്‌ പാലം

[23-ാം പേജിലെ ചിത്രം]

ഓൾഡ്‌ ടൗൺഹാൾ ക്ലോക്‌ ടവറും സെന്റ്‌ നിക്കോ​ളാസ്‌ പള്ളിയും

[23-ാം പേജിലെ ചിത്രം]

സെന്റ്‌ വൈറ്റസ്‌ കത്തീ​ഡ്ര​ലി​ന്റെ ഉൾഭാഗം

[23-ാം പേജിലെ ചിത്രം]

വെൻസെസ്ലോസ്‌ ചത്വരം