വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൾട്ടിപ്പിൾ സ്‌ക്ലീറോസിസുമായി പൊരുത്തപ്പെട്ടു ജീവിക്കൽ

മൾട്ടിപ്പിൾ സ്‌ക്ലീറോസിസുമായി പൊരുത്തപ്പെട്ടു ജീവിക്കൽ

മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സി​സു​മാ​യി പൊരു​ത്ത​പ്പെട്ടു ജീവിക്കൽ

എവിസ്‌ തനിയെ വീട്ടി​ലേക്കു കാറോ​ടി​ച്ചു പോകു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ അവളുടെ കാഴ്‌ച​മങ്ങി. അവൾ ഉടനെ കാർ നിറുത്തി. ഏതാനും മിനിട്ടു കഴിഞ്ഞ​പ്പോൾ അവൾക്കു വ്യക്തമാ​യി കാണാൻ പറ്റു​മെ​ന്നാ​യി. ക്ഷീണം​കൊണ്ട്‌ സംഭവി​ച്ച​താ​യി​രി​ക്കും ഇതെന്നു കരുതി അവൾ യാത്ര തുടർന്നു. നാലു വർഷത്തി​നു ശേഷം, ഒരിക്കൽ എവിസും ഭർത്താ​വും വീട്ടിൽനിന്ന്‌ മാറി​യൊ​രി​ടത്ത്‌ അവധി​ക്കാ​ലം ചെലവ​ഴി​ക്കവേ, അതിശ​ക്ത​മായ തലവേ​ദ​ന​കൊണ്ട്‌ ഒരു അർധരാ​ത്രി​യിൽ എവിസ്‌ ഉറക്കമു​ണർന്നു. ആശുപ​ത്രി​യിൽ എത്തിയ​പ്പോൾ ഡോക്ടർ വേദന​സം​ഹാ​രി നൽകി​യ​ശേഷം, രക്തക്കു​ഴ​ലി​ന്റെ വീക്കമാ​യി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെന്നു കരുതി അവളെ നിരീ​ക്ഷ​ണ​ത്തിൽ വെച്ചു.

പിറ്റേ​ന്നാ​യ​പ്പോൾ വേദന പോയി. പക്ഷേ എവിസി​നു നല്ല ക്ഷീണം തോന്നി. ഒരു ഗ്ലാസ്‌ വെള്ളം​പോ​ലും കയ്യിൽ പിടി​ക്കാൻ അവൾക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ശരീര​ത്തി​ന്റെ വലതു​വ​ശത്ത്‌ തരിപ്പും പുകച്ചി​ലും അനുഭ​വ​പ്പെട്ടു. ആകുല​ചി​ത്ത​രായ എവിസും ഭർത്താ​വും അവധി​ക്കാ​ലം വെട്ടി​ച്ചു​രു​ക്കി വീട്ടി​ലേക്കു തിരിച്ചു. അടുത്ത​ദി​വസം രാവിലെ പ്രഭാ​ത​ഭ​ക്ഷണം കഴിക്കു​മ്പോൾ എവിസിന്‌ ഫോർക്ക്‌ ശരിയാ​യി പിടി​ക്കാൻ സാധി​ച്ചില്ല. ശരീര​ത്തി​ന്റെ വലതു​വശം മുഴു​വ​നും തളർച്ച അനുഭ​വ​പ്പെട്ടു. ആശുപ​ത്രി​യിൽ ചെന്ന​പ്പോൾ ഡോക്ടർമാർ കുറെ​യേറെ പരി​ശോ​ധ​നകൾ നടത്തി. അതിൽനിന്ന്‌ അവൾക്കു സംഭവി​ച്ചത്‌ മസ്‌തി​ഷ്‌കാ​ഘാ​തം അല്ലെന്നു മനസ്സി​ലാ​യി. നാലു​വർഷം മുമ്പ്‌ നടന്ന സംഭവത്തെ കുറിച്ച്‌ ഡോക്ടർമാർക്ക്‌ അറിയി​ല്ലാ​യി​രു​ന്ന​തി​നാൽ തൃപ്‌തി​ക​ര​മായ ഒരു നിഗമ​ന​ത്തിൽ എത്താൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ പല മാസങ്ങൾക്കു ശേഷം ശരീര​ത്തി​ന്റെ വലതു​വ​ശ​ത്തിന്‌ വീണ്ടും പൂർണ​ശേഷി കൈവന്നു. തനിക്ക്‌ ഏതോ വിചി​ത്ര​മായ വൈറ​സ്‌ബാധ ഉണ്ടായ​താ​ണെന്ന്‌ എവിസ്‌ അനുമാ​നി​ച്ചു.

നാലു​വർഷം കൂടെ കടന്നു​പോ​യി. ഒരു വെള്ളി​യാഴ്‌ച രാവിലെ ഉറക്കമു​ണർന്ന​പ്പോൾ അവളുടെ ഇടതു​ക​ണ്ണി​ന്റെ കാഴ്‌ച മങ്ങിയ​താ​യി കാണ​പ്പെട്ടു. ഇത്‌ സമ്മർദം മൂലമാ​ണെന്ന്‌ ഡോക്ടർ പറഞ്ഞു. പക്ഷേ, ഞായറാഴ്‌ച ആയപ്പോ​ഴേ​ക്കും ആ കണ്ണിനു കാഴ്‌ച തീരെ​യി​ല്ലാ​തെ​യാ​യി. പരി​ഭ്രാ​ന്ത​യായ എവിസ്‌ കരഞ്ഞു​കൊണ്ട്‌ ഡോക്ടർക്ക്‌ ഫോൺ ചെയ്‌തു. ഉടൻതന്നെ ഡോക്ടർ അവളെ വിശദ​പ​രി​ശോ​ധ​ന​യ്‌ക്ക്‌ അയച്ചു. സ്റ്റീറോ​യ്‌ഡ്‌ ഉപയോ​ഗി​ച്ചുള്ള ചികി​ത്സ​യി​ലൂ​ടെ അവളുടെ കാഴ്‌ച ഭാഗി​ക​മാ​യി വീണ്ടെ​ടു​ക്കാൻ കഴിഞ്ഞു. കൂടു​ത​ലായ പരി​ശോ​ധ​ന​യി​ലൂ​ടെ എവിസി​ന്റെ പ്രശ്‌നം ഡോക്ടർമാർക്കു പിടി​കി​ട്ടി. അവൾക്ക്‌ മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സിസ്‌ അഥവാ എംഎസ്‌ ആയിരു​ന്നു.

എന്താണു മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സിസ്‌?

തലച്ചോ​റും സുഷു​മ്‌ന​യും ചേർന്ന കേന്ദ്ര​നാ​ഡീ​വ്യ​വ​സ്ഥ​യ്‌ക്ക്‌ വീക്കം സംഭവി​ക്കുന്ന സ്ഥായി​യായ ഒരു രോഗ​മാണ്‌ എംഎസ്‌. ഇത്‌ ഒരു ‘ഓട്ടോ​ഇ​മ്മ്യൂൺ’ രോഗ​മാ​ണെന്ന്‌ നിരവധി ഡോക്ടർമാർ വിശ്വ​സി​ക്കു​ന്നു. ശരീര​ത്തി​ലെ പ്രതി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ പ്രവർത്തനം തകരാ​റി​ലാ​കു​ക​യും അത്‌ ശരീര​ത്തി​ലെ​തന്നെ ചില കലകളെ ആക്രമി​ക്കു​ക​യും ചെയ്യുന്ന, ഒരുകൂ​ട്ടം രോഗ​ങ്ങളെ കുറി​ക്കു​ന്ന​താണ്‌ ഈ പദം. എംഎസ്സി​ന്റെ കാരണം അജ്ഞാത​മാണ്‌. എന്നാൽ വൈറ​സ്‌ബാധ ആയിരി​ക്കാം പ്രശ്‌ന​ങ്ങൾക്ക്‌ തുടക്കം കുറി​ക്കു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു. അവസാനം പ്രതി​രോ​ധ​വ്യ​വ​സ്ഥ​യി​ലെ ഘടകങ്ങൾ, കേന്ദ്ര​നാ​ഡീ​വ്യ​വ​സ്ഥ​യി​ലെ നാഡീ​ത​ന്തു​ക്കളെ പൊതി​ഞ്ഞി​രി​ക്കുന്ന മൈലിൻ കഞ്ചുകത്തെ (myelin sheath) ആക്രമി​ക്കു​ക​യും അതിന്റെ ഫലമായി കൊഴു​പ്പുള്ള ഒരു പ്രധാന പദാർഥ​മായ മൈലി​നിൽ തടിപ്പു​കൾ അഥവാ വടുക്കൾ ഉണ്ടാകു​ക​യും ചെയ്യുന്നു. മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സിസ്‌ എന്ന പേര്‌, നാഡീ​ത​ന്തു​ക്ക​ളി​ന്മേൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന അനവധി തടിപ്പു​കളെ അഥവാ കടുപ്പ​മേ​റിയ കലക​ളെ​യാണ്‌ കുറി​ക്കു​ന്നത്‌.

മൈലിൻ നാഡീ​ത​ന്തു​ക്കളെ ആവരണം ചെയ്‌ത്‌ ഒരു ഇൻസു​ലേ​ഷ​നാ​യി വർത്തി​ക്കു​ന്നു. മൈലിൻ കഞ്ചുക​ത്തിന്‌ ഹാനി സംഭവി​ക്കു​മ്പോൾ വൈദ്യു​ത ആവേഗങ്ങൾ പൂർണ​മാ​യി നിലയ്‌ക്കു​ക​യോ ഹ്രസ്വ​പ​രി​വാ​ഹം അഥവാ ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാകു​ന്ന​തി​ന്റെ ഫലമായി അടുത്തുള്ള നാഡി​ക​ളി​ലേക്ക്‌ ക്രമവി​രു​ദ്ധ​മായ ആവേഗങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ക​യോ ചെയ്യുന്നു. കേന്ദ്ര​നാ​ഡീ​വ്യ​വ​സ്ഥ​യിൽ എവി​ടെ​യും ക്ഷതം ഉണ്ടാ​യേ​ക്കാം എന്നതി​നാൽ രണ്ടു രോഗി​ക​ളു​ടെ രോഗ​ല​ക്ഷ​ണങ്ങൾ ഒരേ​പോ​ലു​ള്ളത്‌ ആയിരി​ക്കില്ല. ഒരു രോഗി​ക്കു​തന്നെ ഓരോ തവണ രോഗാ​ക്ര​മ​ണ​മു​ണ്ടാ​കു​മ്പോ​ഴും വ്യത്യസ്‌ത ലക്ഷണങ്ങൾ ആയിരി​ക്കാം പ്രത്യ​ക്ഷ​പ്പെ​ടുക. കേന്ദ്ര​നാ​ഡീ​വ്യ​വ​സ്ഥ​യി​ലെ ഏതു ഭാഗത്തെ ബാധി​ച്ചി​രി​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇത്‌. എന്നാലും, രോഗ​ല​ക്ഷ​ണ​ങ്ങ​ളിൽ മിക്ക​പ്പോ​ഴും തളർച്ച, ക്ഷീണം, കൈകാൽ മരവിപ്പ്‌, നടക്കാ​നുള്ള ബുദ്ധി​മുട്ട്‌, കാഴ്‌ച​മങ്ങൽ, തരിപ്പ്‌, പുകച്ചിൽ, മലമൂത്ര വിസർജ​ന​വു​മാ​യി ബന്ധപ്പെട്ട ബുദ്ധി​മു​ട്ടു​കൾ, ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നോ ശരിയാ​യി ചിന്തി​ക്കാ​നോ കഴിയാ​തെ​വരൽ എന്നിവ​യെ​ല്ലാം ഉൾപ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, രോഗി​ക​ളിൽ അനേക​രും “തീർത്തും ശേഷി​ക്കു​റ​വു​ള്ള​വ​രാ​യി മാറു​ന്നില്ല” എന്നുള്ളത്‌ ആശ്വാ​സ​ക​ര​മാണ്‌ എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലെ ‘ദ നാഷണൽ മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സിസ്‌ സൊ​സൈറ്റി’ പറയുന്നു.—“എംഎസ്‌ മുഖ്യ​മാ​യും നാലു​തരം” എന്ന ചതുരം കാണുക.

ഇതിന്റെ ലക്ഷണങ്ങൾ മറ്റുപല ക്രമ​ക്കേ​ടു​ക​ളു​ടെ ലക്ഷണങ്ങ​ളു​മാ​യി ഒത്തുവ​രു​ന്ന​തി​നാൽ എവിസി​ന്റെ കാര്യ​ത്തിൽ സംഭവി​ച്ച​തു​പോ​ലെ, തുടക്ക​ത്തിൽത്തന്നെ ഇതു കണ്ടുപി​ടി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ ആവർത്തി​ച്ചുള്ള രോഗാ​ക്ര​മ​ണ​ത്തി​ന്റെ വിവരങ്ങൾ കിട്ടി​ക്ക​ഴി​ഞ്ഞാൽ ഡോക്ടർമാർക്കു സാധാ​ര​ണ​ഗ​തി​യിൽ കൂടുതൽ കൃത്യ​മായ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ കഴിയും.—“എംഎസ്‌ കണ്ടുപി​ടി​ക്കു​ന്ന​തി​നുള്ള അംഗീ​കൃത പരി​ശോ​ധ​നകൾ” എന്ന ചതുരം കാണുക.

ലോക​മൊ​ട്ടാ​കെ, ഏതാണ്ട്‌ 25 ലക്ഷം പേർക്ക്‌ എംഎസ്‌ ഉണ്ട്‌. കാനഡ​യിൽ ഏകദേശം 50,000 പേർക്കും ഐക്യ​നാ​ടു​ക​ളിൽ 3,50,000 പേർക്കും ഈ രോഗ​മുണ്ട്‌. ഐക്യ​നാ​ടു​ക​ളിൽ, ഓരോ ആഴ്‌ച​യും ഏതാണ്ട്‌ 200 പേർക്ക്‌ രോഗ​മു​ള്ള​താ​യി പുതു​താ​യി കണ്ടുപി​ടി​ക്കു​ന്നു. “ശാരീ​രിക പരിക്കു​കൾ ഒഴിച്ചാൽ, പ്രായ​പൂർത്തി​യി​ലെ​ത്തുന്ന സമയം മുതൽ മധ്യവ​യ​സ്സു​വരെ ഉണ്ടാകുന്ന നാഡീ​സം​ബ​ന്ധ​മായ വൈക​ല്യ​ങ്ങ​ളു​ടെ കാരണം മിക്ക​പ്പോ​ഴും [എംഎസ്‌] ആണ്‌” എന്ന്‌ ഒരു വൈദ്യ​ശാ​സ്‌ത്ര ഗ്രന്ഥം പറയുന്നു. ഇതു ബാധി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ എണ്ണം പുരു​ഷ​ന്മാ​രു​ടേ​തി​ന്റെ ഏതാണ്ട്‌ ഇരട്ടി​യാണ്‌. രോഗ​ല​ക്ഷ​ണങ്ങൾ പ്രത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങുന്ന പ്രായം സാധാരണ 20-നും 50-നും ഇടയി​ലും.

എംഎസ്സി​നുള്ള ചികിത്സ

എംഎസ്‌ പൂർണ​മാ​യി സുഖ​പ്പെ​ടു​ത്താ​നുള്ള മാർഗം ഇതുവരെ കണ്ടുപി​ടി​ച്ചി​ട്ടില്ല. അതിനാൽ ഡോക്ടർമാർ അതിന്റെ വർധന തടയു​ക​യോ മന്ദഗതി​യി​ലാ​ക്കു​ക​യോ ചെയ്‌തു​കൊ​ണ്ടും രോഗ​ല​ക്ഷ​ണങ്ങൾ വഷളാ​കാ​തെ നോക്കി​ക്കൊ​ണ്ടും ഈ രോഗത്തെ നിയ​ന്ത്രി​ക്കാൻ ശ്രമി​ക്കു​ന്നു. എംഎസ്‌ രോഗ​വർധന തടയു​ക​യോ മന്ദഗതി​യി​ലാ​ക്കു​ക​യോ അതിന്റെ ആക്രമ​ണ​ത്തി​ന്റെ തീവ്രത കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തിന്‌ ഉപയോ​ഗി​ക്കുന്ന ഔഷധ​ങ്ങ​ളിൽ കുറഞ്ഞത്‌ രണ്ടുത​ര​ത്തി​ലുള്ള ഇന്റർഫി​റോ​ണും (പ്രതി​രോ​ധ​കോ​ശങ്ങൾ സ്വാഭാ​വി​ക​മാ​യി പുറ​പ്പെ​ടു​വി​ക്കുന്ന ഒരു പ്രോ​ട്ടീൻ) ഗ്ലാറ്റി​റ​മെർ അസറ്റെറ്റ്‌ എന്ന ഒരു മരുന്നും ഉൾപ്പെ​ടു​ന്നു.

ചില രോഗി​കൾക്ക്‌ ഡോക്ടർമാർ കോർട്ടി​ക്കോ​സ്റ്റീ​റോ​യ്‌ഡ്‌ എന്ന മരുന്നു നിർദേ​ശി​ക്കാ​റുണ്ട്‌. വീക്കം ഉണ്ടാകാ​തെ നോക്കാ​നും രോഗാ​ക്ര​മ​ണങ്ങൾ ഉണ്ടാകു​മ്പോൾ രോഗ​ശ​മനം ത്വരി​ത​ഗ​തി​യി​ലാ​ക്കാ​നും വേണ്ടി​യാ​ണിത്‌. എന്നിരു​ന്നാ​ലും, “ദീർഘ​കാ​ലം കോർട്ടി​ക്കോ​സ്റ്റീ​റോ​യ്‌ഡ്‌ ഉപയോ​ഗി​ക്കാൻ ശുപാർശ​ചെ​യ്യു​ന്നില്ല, കാരണം അതിന്‌ അസ്ഥി​ദ്ര​വീ​ക​രണം, അൾസറു​കൾ, പ്രമേഹം എന്നിങ്ങനെ ആരോ​ഗ്യ​സം​ബ​ന്ധ​മായ നിരവധി സങ്കീർണ​ത​കൾക്കു കാരണ​മാ​കാൻ കഴിയും” എന്ന്‌ ദ മെർക്ക്‌ മാന്വൽ എന്ന വൈദ്യ​ശാ​സ്‌ത്ര പ്രസി​ദ്ധീ​ക​രണം പറയുന്നു. കൂടാതെ, സ്റ്റീറോ​യ്‌ഡ്‌ ചികിത്സ ഈ രോഗ​ത്തി​ന്റെ ദൈർഘ്യ​ത്തി​നു മാറ്റ​മൊ​ന്നും വരുത്തു​ക​യി​ല്ല​താ​നും. അതു​കൊണ്ട്‌ ഈ രോഗ​ത്തി​ന്റെ തീവ്രത കുറഞ്ഞ ആക്രമ​ണ​ത്തിന്‌ ചില ഡോക്ടർമാർ ചികിത്സ വേണ്ടെ​ന്നു​വെ​ക്കും. a

കേടു​വ​ന്നു​പോ​യ മൈലിൻ പുനഃ​സ്ഥാ​പി​ക്കാ​നുള്ള വഴികളെ കുറിച്ച്‌ പഠിച്ചു​കൊണ്ട്‌ ചില വിദഗ്‌ധർ ഇതിനെ മറ്റൊരു രീതി​യിൽ ചികി​ത്സി​ക്കാൻ ശ്രമി​ക്കു​ന്നു. ലബോ​റ​ട്ടറി പഠനങ്ങ​ളിൽ അവർ ചില പ്രത്യേക മാതൃ​കോ​ശ​ങ്ങളെ തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. ഇവയ്‌ക്ക്‌ പക്വമായ മൈലിൻ ഉത്‌പാ​ദക കോശ​ങ്ങളെ സൃഷ്ടി​ക്കാൻ കഴിയും. ഈ പ്രക്രി​യയെ എങ്ങനെ ഉത്തേജി​പ്പി​ക്കാം എന്നു പഠിക്കു​ക​യാ​ണെ​ങ്കിൽ, ശരീര​ത്തി​ലെ കേടുവന്ന നാഡി​ക​ളു​ടെ അറ്റകുറ്റം തീർക്കു​ന്ന​തിന്‌ ശരീരത്തെ ഉദ്ദീപി​പ്പി​ക്കു​ന്ന​തിന്‌ അവർക്കു സാധി​ച്ചേ​ക്കാം.

എംഎസ്സു​മാ​യി പൊരു​ത്ത​പ്പെട്ടു ജീവിക്കൽ

അമിത തളർച്ച​യാണ്‌ തങ്ങൾ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌ന​ങ്ങ​ളിൽ ഏറ്റവും ദുഷ്‌കരം എന്ന്‌ എംഎസ്‌ രോഗി​ക​ളിൽ 50 ശതമാ​ന​ത്തി​ലേ​റെ​യും റിപ്പോർട്ടു ചെയ്യുന്നു. ഇതിന്‌ ഒരുവന്റെ തൊഴി​ലി​നെ​യും ഭാവി തൊഴിൽ സാധ്യ​ത​ക​ളെ​യും ബാധി​ച്ചു​കൊണ്ട്‌ രോഗ​ല​ക്ഷ​ണങ്ങൾ വഷളാ​ക്കാൻ കഴിയും. മാത്രമല്ല, രോഗ​ത്തി​ന്മേൽ തനിക്കു നിയ​ന്ത്ര​ണ​മു​ണ്ടെ​ന്നുള്ള ഒരുവന്റെ തോന്ന​ലി​നെ ക്രമേണ ദുർബ​ല​മാ​ക്കാ​നും ഇതിനു കഴിയും. അതു​കൊണ്ട്‌, ഉച്ചകഴിഞ്ഞ്‌ അമിത​മായ തളർച്ച അനുഭ​വ​പ്പെ​ടു​ന്ന​വ​രിൽ അനേക​രും ദിവസ​ത്തി​ന്റെ ആരംഭ​ത്തിൽത്തന്നെ ജോലി​യെ​ല്ലാം തീർത്ത​ശേഷം എന്നും ഉച്ചകഴിഞ്ഞ്‌ ഒന്നു മയങ്ങു​ന്നത്‌ സഹായ​ക​മാ​ണെന്നു കണ്ടെത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, എന്നും ഉച്ചകഴിഞ്ഞ്‌ ഒരു മണിക്കൂർ വിശ്ര​മി​ക്കു​ന്നത്‌ ഒരു മുഴു​സമയ സ്വമേ​ധയാ ശുശ്രൂ​ഷ​ക​യെന്ന നിലയിൽ തുടരാൻ എവിസി​നെ സഹായി​ച്ചി​രി​ക്കു​ന്നു.

എംഎസ്‌ ഉള്ളവരു​ടെ പൊതു​വായ ആരോഗ്യ പരിപാ​ല​ന​ത്തി​ന്റെ കാര്യ​ത്തിൽ ഹാരി​സൺസ്‌ പ്രിൻസി​പ്പിൾസ്‌ ഓഫ്‌ ഇന്റേർണൽ മെഡി​സിൻ ആരോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ന്റെ പ്രാധാ​ന്യ​ത്തിന്‌ ഊന്നൽ നൽകുന്നു. ഇതിൽ “സമ്മർദം കുറയ്‌ക്കൽ, സമീകൃ​ത​മായ ആഹാര​ക്രമം, പെട്ടെന്നു തൂക്കം കുറയു​ന്നത്‌ ഒഴിവാ​ക്കൽ, ആവശ്യ​ത്തി​നു വിശ്രമം” എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. വീണ്ടും വീണ്ടും രോഗാ​ക്ര​മണം ഉണ്ടാകു​ന്ന​തിന്‌ സമ്മർദം ഇടയാ​ക്കും എന്നാണ്‌ മിക്ക ഗവേഷ​ക​രു​ടെ​യും അഭി​പ്രാ​യം. അതു​കൊണ്ട്‌, സമ്മർദ​ത്തി​നു വഴി​യൊ​രു​ക്കുന്ന, എന്നാൽ ന്യായ​മാ​യും ഒഴിവാ​ക്കാൻ കഴി​ഞ്ഞേ​ക്കാ​വുന്ന ഘടകങ്ങൾ വ്യക്തികൾ തിരി​ച്ച​റി​യു​ന്നത്‌ മൂല്യ​വ​ത്താണ്‌.

എന്നാൽ, എംഎസ്‌ ഉള്ളവർ അമിതാ​ധ്വാ​നം ചെയ്യാ​തെ​യും വല്ലാതെ തളർന്നു​പോ​കുന്ന സാഹച​ര്യം ഒഴിവാ​ക്കി​യും അങ്ങേയ​റ്റത്തെ ചൂടോ തണുപ്പോ ഏൽക്കാ​തെ​യും സാധ്യ​മാ​കു​ന്നത്ര സാധാ​ര​ണ​വും പ്രവർത്ത​ന​നി​ര​ത​വു​മായ ജീവിതം നയി​ക്കേ​ണ്ട​തുണ്ട്‌. അവർ ഉചിത​മായ വ്യായാ​മ​ങ്ങ​ളി​ലും ഏർപ്പെ​ടേ​ണ്ട​താണ്‌. ദ മെർക്ക്‌ മാന്വൽ ഇപ്രകാ​രം പറയുന്നു: “ക്രമമായ വ്യായാ​മം (ഉദാഹ​ര​ണ​ത്തിന്‌ നിശ്ചല​മാ​യി​രി​ക്കുന്ന സൈക്കിൾ, ട്രെഡ്‌മിൽ എന്നിവ​കൊ​ണ്ടുള്ള വ്യായാ​മം, നീന്തൽ, ശരീര​ത്തി​നു വലിവു കിട്ടു​ന്ന​തരം വ്യായാ​മങ്ങൾ) ശുപാർശ​ചെ​യ്യു​ന്നുണ്ട്‌. ദീർഘ​കാ​ല​മാ​യി രോഗ​മു​ള്ള​വർപോ​ലും അതു ചെയ്യു​ന്നത്‌ നല്ലതാണ്‌. കാരണം വ്യായാ​മം ഹൃദയ​ത്തെ​യും പേശി​ക​ളെ​യും നല്ല നിലയിൽ നിലനി​റു​ത്തു​ന്നു, പേശീ​സ​ങ്കോ​ചം കുറയ്‌ക്കു​ന്നു, കൂടാതെ മനഃശാ​സ്‌ത്ര​പ​ര​മായ പ്രയോ​ജ​ന​ങ്ങ​ളും ഇതിനുണ്ട്‌.”

“നിങ്ങളു​ടെ ശരീരത്തെ നന്നായി മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നതു പ്രധാ​ന​മാണ്‌” എന്ന്‌ എവിസ്‌ പറയുന്നു. “അസാധാ​ര​ണ​മാം​വി​ധം തളർച്ച​യോ കൈകാ​ലു​കൾക്ക്‌ തരിപ്പോ മരവി​പ്പോ അനുഭ​വ​പ്പെ​ടു​മ്പോൾ അടുത്ത ഒന്നോ രണ്ടോ ദിവസ​ത്തേക്ക്‌ കാര്യങ്ങൾ സാവധാ​ന​ത്തി​ലാ​ക്കണം എന്ന്‌ എനിക്ക​റി​യാം. ഇത്‌ രോഗത്തെ നിയ​ന്ത്ര​ണ​ത്തിൽ നിറു​ത്താൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.”

എംഎസ്‌ രോഗ​മു​ള്ള​വർക്ക്‌ വിഷാ​ദ​വും അനുഭ​വ​പ്പെ​ട്ടേ​ക്കാം. എന്നാൽ ഇത്‌ രോഗ​ത്തി​ന്റെ നേരി​ട്ടുള്ള ഫലം ആയിരി​ക്ക​ണ​മെ​ന്നില്ല. രോഗ​നിർണയം നടത്തു​മ്പോൾ ഉണ്ടാകുന്ന ആദ്യ ആഘാത​ത്തി​നു​ശേഷം രോഗി​കൾ സാധാ​ര​ണ​ഗ​തി​യിൽ ദുഃഖ​ത്തി​ന്റെ പല ഘട്ടങ്ങളി​ലൂ​ടെ കടന്നു​പോ​കാ​റുണ്ട്‌. യാഥാർഥ്യം അംഗീ​ക​രി​ക്കാൻ തയ്യാറാ​കാ​തി​രി​ക്കൽ, ദേഷ്യം, കടുത്ത നിരാശ, സങ്കടം, നിസ്സഹാ​യത എന്നിവ അതിൽ ഉൾപ്പെ​ട്ടേ​ക്കാം. ഈ വികാ​രങ്ങൾ എല്ലാം സാധാ​ര​ണ​മാണ്‌. മിക്കവ​രു​ടെ​യും കാര്യ​ത്തിൽ, ക്രമേണ അവ ശമിച്ച്‌ ഒരു ക്രിയാ​ത്മ​ക​മായ മാനസി​കാ​വ​സ്ഥ​യി​ലേക്കു വന്നു​കൊ​ള്ളും.

പുതു​താ​യി രോഗ​മു​ണ്ടെന്നു കണ്ടെത്തുന്ന വ്യക്തി​യു​ടെ കുടും​ബാം​ഗ​ങ്ങൾക്കും സുഹൃ​ത്തു​ക്കൾക്കും കൂടെ ദുഃഖം അനുഭ​വ​പ്പെ​ടു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. എന്നാൽ, ഈ രോഗത്തെ കുറിച്ചു പഠിക്കാൻ അവർ ശ്രമം ചെലു​ത്തു​ന്നെ​ങ്കിൽ രോഗി​ക്കു നല്ല പിന്തുണ നൽകാ​നും സാഹച​ര്യ​വു​മാ​യി നന്നായി പൊരു​ത്ത​പ്പെ​ടാ​നും കഴിയും. ഉദാഹ​ര​ണ​ത്തിന്‌, എംഎസ്‌ ആയുസ്സി​നെ അത്ര കാര്യ​മാ​യി ബാധി​ക്കു​ക​യില്ല, അത്‌ ഒരു പകർച്ച​വ്യാ​ധി​യല്ല, പാരമ്പര്യ രോഗമല്ല എന്നൊക്കെ അറിയു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാണ്‌. എന്നാൽ രോഗം പാരമ്പ​ര്യ​സി​ദ്ധ​മ​ല്ലെ​ങ്കി​ലും രോഗ​സാ​ധ്യത പാരമ്പ​ര്യ​മാ​യി ലഭി​ച്ചേ​ക്കാ​മെന്ന്‌ ഗവേഷണം വെളി​പ്പെ​ടു​ത്തു​ന്നു.

എംഎസ്‌ ഉള്ളവരിൽ അനേക​രും ഫലപ്ര​ദ​വും സന്തുഷ്ട​വു​മായ ജീവിതം നയിക്കു​ന്നു. എവിസിന്‌ ദൈവ​വു​മാ​യുള്ള അവളുടെ ബന്ധത്തി​ലൂ​ടെ​യും ഭാവി സംബന്ധി​ച്ചുള്ള ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശ​യി​ലൂ​ടെ​യും കൂടു​ത​ലായ ശക്തി ലഭിച്ചി​രി​ക്കു​ന്നു. അതേ, ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ “എനിക്കു ദീനം” എന്ന്‌ ആരും പറയു​ക​യി​ല്ലാത്ത അവസ്ഥയ്‌ക്കാ​യി അവൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. (യെശയ്യാ​വു 33:24; വെളി​പ്പാ​ടു 21:3-5) നിങ്ങൾ എംഎസ്സോ മറ്റേ​തെ​ങ്കി​ലും ഗുരു​ത​ര​മായ ആരോഗ്യ പ്രശ്‌ന​മോ അഭിമു​ഖീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കിൽ നിങ്ങ​ളെ​യും ‘തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന . . . ആശ്വാസം’ താങ്ങു​ക​യും നിങ്ങളു​ടെ പരി​ശോ​ധ​ന​കളെ വിജയ​ക​ര​മാ​യി നേരി​ടാൻ സഹായി​ക്കു​ക​യും ചെയ്യു​മാ​റാ​കട്ടെ.—റോമർ 15:4. (g03 11/22)

[അടിക്കു​റിപ്പ്‌]

a എംഎസ്‌ രോഗ​മു​ള്ള​വ​രിൽ 50 മുതൽ 60 വരെ ശതമാനം ആളുകൾ ജീവകങ്ങൾ, ലവണങ്ങൾ, പച്ചസസ്യ​ങ്ങൾ, പോഷ​ക​ദാ​യ​ക​ങ്ങ​ളായ പദാർഥങ്ങൾ എന്നിവ കഴിക്കു​ന്ന​താ​യി ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. ഇവയിൽ ചിലത്‌ എംഎസ്‌ രോഗി​കൾക്ക്‌ ദോഷം ചെയ്യാ​ത്ത​താ​യി​രി​ക്കാ​മെ​ങ്കി​ലും മറ്റുചി​ലത്‌ വിപരീ​ത​ഫ​ലങ്ങൾ ഉളവാ​ക്കു​ന്ന​തോ അപകട​കരം പോലു​മോ ആയിരു​ന്നേ​ക്കാം. അതു​കൊണ്ട്‌ മറ്റെ​ന്തെ​ങ്കി​ലും ചികി​ത്സാ​വി​ധി​ക​ളോ പോഷ​ക​ദാ​യ​ക​ങ്ങ​ളായ പദാർഥ​ങ്ങ​ളോ സ്വീക​രി​ക്കു​ന്ന​തി​നു മുമ്പ്‌, അപകട​സാ​ധ്യ​ത​ക​ളെ​പ്പറ്റി രോഗി​കൾ ചിന്തി​ക്കേ​ണ്ട​തുണ്ട്‌.

[12-ാം പേജിലെ ചതുരം]

എംഎസ്‌ മുഖ്യ​മാ​യും നാലു​ത​രം

റിലാപ്‌സിങ്‌-റെമി​റ്റിങ്‌: രോഗ​ത്തി​ന്റെ ഏറ്റവും സാധാ​ര​ണ​മാ​യി കാണ​പ്പെ​ടുന്ന രൂപം ഇതാണ്‌. രോഗ​ല​ക്ഷ​ണങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ പ്രാരം​ഭ​ദ​ശ​യിൽ 70 മുതൽ 80 വരെ ശതമാനം രോഗി​ക​ളി​ലും ഇത്‌ കണ്ടുവ​രു​ന്നു. രോഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ ഇടയ്‌ക്കി​ട​യ്‌ക്കുള്ള പുനരാ​ഗ​മനം അല്ലെങ്കിൽ പെട്ടെ​ന്നുള്ള വർധന വ്യക്തമാ​യി തിരി​ച്ച​റി​യാൻ കഴിയും. കാരണം, അതുണ്ടാ​കു​ന്നത്‌ രോഗ​ല​ക്ഷ​ണങ്ങൾ ഇല്ലാതി​രി​ക്കു​ക​യോ അവയ്‌ക്കു ഭാഗി​ക​മാ​യി ശമനം വരിക​യോ ചെയ്യുന്ന ഒരു കാലയ​ള​വി​നു ശേഷമാണ്‌. എന്നാൽ, രോഗ​പു​ന​രാ​ഗ​മ​ന​ത്തിന്‌ (relapses) ഇടയ്‌ക്കുള്ള കാലയ​ള​വിൽ രോഗം മൂർച്ഛി​ക്കു​ന്നു എന്നുള്ള​തി​ന്റെ സൂചന​യൊ​ന്നും ഉണ്ടായി​രി​ക്കില്ല.

സെക്കണ്ടറി പ്രോ​ഗ്ര​സ്സീവ്‌: പ്രാരം​ഭ​ത്തിൽ രോഗ​ത്തി​ന്റെ റിലാ​പ്‌സിങ്‌-റെമി​റ്റിങ്‌ രൂപം കണ്ടുവ​രുന്ന രോഗി​ക​ളിൽ ഏതാണ്ട്‌ 70 ശതമാനം പേരിൽ പിന്നീട്‌ എംഎസ്സി​ന്റെ ഈ രൂപം വികാസം പ്രാപി​ക്കു​ന്നു. ഇവരിൽ രോഗ​പു​ന​രാ​ഗ​മനം തുടർന്നും ഉണ്ടാ​യേ​ക്കാം. എന്നാൽ സാവധാ​നം, പടിപ​ടി​യാ​യി ഇത്തരക്കാ​രു​ടെ നാഡി​ക​ളു​ടെ പ്രവർത്ത​ന​ക്ഷ​മ​ത​യും നഷ്ടപ്പെ​ടാ​നി​ട​യുണ്ട്‌.

പ്രോഗ്രസ്സീവ്‌-റിലാ​പ്‌സിങ്‌: രോഗി​ക​ളിൽ ഏതാണ്ട്‌ 10 ശതമാ​നത്തെ ബാധി​ക്കുന്ന, എംഎസ്സി​ന്റെ ഈ രൂപം തുടക്കം മുതൽത്തന്നെ ക്രമേണ മൂർച്ഛി​ച്ചു​വ​രു​ന്നു. ഇവരിൽ ഇടയ്‌ക്കി​ട​യ്‌ക്ക്‌ രോഗ​ല​ക്ഷ​ണങ്ങൾ വളരെ വഷളാ​കു​ന്നു, അതു ശമിക്കു​ക​യോ ശമിക്കാ​തി​രി​ക്കു​ക​യോ ചെയ്‌തേ​ക്കാം. ആദ്യം പരാമർശിച്ച റിലാ​പ്‌സിങ്‌-റെമി​റ്റിങ്‌ രൂപത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി എംഎസ്സി​ന്റെ ഈ രൂപത്തിൽ, രോഗ​പു​ന​രാ​ഗ​മ​ന​ത്തി​ന്റെ ഓരോ കാലയ​ള​വി​നി​ട​യി​ലും രോഗ​ത്തി​ന്റെ തീക്ഷ്‌ണത ക്രമേണ വർധി​ക്കു​ന്നു.

പ്രൈമറി പ്രോ​ഗ്ര​സ്സീവ്‌: എംഎസ്സി​ന്റെ ഈ രൂപം 10 മുതൽ 15 വരെ ശതമാനം രോഗി​കളെ ബാധി​ക്കു​ന്നു. പ്രാരം​ഭ​ഘട്ടം മുതൽ രോഗ​ത്തി​ന്റെ തീക്ഷ്‌ണത ഏതാണ്ട്‌ തുടർച്ച​യാ​യി കൂടി​ക്കൊ​ണ്ടി​രി​ക്കും. രോഗ​പു​ന​രാ​ഗ​മ​ന​ത്തി​നും ശമനത്തി​നും പ്രത്യേ​ക​മാ​യി തിരി​ച്ച​റി​യത്തക്ക കാലയ​ളവ്‌ ഉണ്ടായി​രി​ക്കു​ക​യില്ല. എന്നാൽ, പടിപ​ടി​യാ​യി രോഗ​ത്തി​ന്റെ തീക്ഷ്‌ണത കൂടു​മ്പോ​ഴും താത്‌കാ​ലി​ക​മാ​യി അൽപ്പം പുരോ​ഗ​മനം കണ്ടെന്നു​വ​രാം. 40 വയസ്സിനു ശേഷം എംഎസ്‌ വികാസം പ്രാപി​ച്ച​വ​രി​ലാണ്‌ ഇതു കൂടു​ത​ലാ​യി കണ്ടുവ​രു​ന്നത്‌.

[കടപ്പാട്‌]

ഉറവിടങ്ങൾ: ഐക്യ​നാ​ടു​ക​ളി​ലെ, നാഷണൽ മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സിസ്‌ സൊ​സൈ​റ്റി​യും മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സിസ്‌ ഇൻ ക്ലിനിക്കൽ പ്രാക്‌റ്റിസ്‌ എന്ന പുസ്‌ത​ക​വും. ഉറവി​ടത്തെ ആശ്രയിച്ച്‌ ശതമാന നിരക്കിൽ നേരിയ വ്യത്യാ​സ​മുണ്ട്‌.

[13-ാം പേജിലെ ചതുരം]

എംഎസ്‌ കണ്ടുപി​ടി​ക്കു​ന്ന​തി​നുള്ള അംഗീ​കൃത പരി​ശോ​ധ​ന​കൾ

മാഗ്നറ്റിക്ക്‌ റെസൊ​ണൻസ്‌ ഇമേജിങ്‌ (എംആർഐ): ചികി​ത്സാർഥം ശരീര​ഭാ​ഗ​ങ്ങ​ളു​ടെ പ്രതി​രൂ​പങ്ങൾ എടുക്കു​ന്ന​തിന്‌ ഇന്ന്‌ ലഭ്യമാ​യ​തിൽവെച്ച്‌ ഏറ്റവും പ്രയോ​ജ​ന​പ്ര​ദ​മായ മാർഗ​ങ്ങ​ളിൽ ഒന്നാണ്‌ എംആർഐ. ഇതിന്‌ തലച്ചോ​റി​ലെ കലകളു​ടെ അതിസൂ​ക്ഷ്‌മ​മായ പ്രതി​രൂ​പങ്ങൾ ഒപ്പി​യെ​ടു​ക്കാൻ കഴിയും. ഈ പ്രതി​രൂ​പങ്ങൾ, എംഎസ്‌ ഉണ്ടെന്നു​ള്ള​തി​ന്റെ ലക്ഷണങ്ങളെ വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രി​ക​യോ കുറഞ്ഞ​പക്ഷം രോഗി​ക്കു​ള്ളത്‌ മറ്റു​രോ​ഗങ്ങൾ ഒന്നുമല്ല എന്ന നിഗമ​ന​ത്തിൽ എത്തുന്ന​തിന്‌ സഹായി​ക്കു​ക​യോ ചെയ്യുന്നു.

സെറിബ്രോസ്‌പൈനൽ ദ്രാവ​ക​ത്തി​ന്റെ (സിഎസ്‌എഫ്‌) പരി​ശോ​ധന: സിഎസ്‌എഫ്‌ വലി​ച്ചെ​ടു​ക്കു​ന്നത്‌ നട്ടെല്ലിൽനി​ന്നാണ്‌. ഈ ദ്രാവ​ക​ത്തിൽ, പ്രതി​രോ​ധ​വ്യ​വ​സ്ഥ​യി​ലെ ചില ഘടകങ്ങൾ അസാധാ​രണ അളവിൽ ഉണ്ടോ എന്ന്‌ ഡോക്ടർമാർ പരി​ശോ​ധി​ക്കും. അതു​പോ​ലെ, മൈലിൻ ക്ഷയിക്കു​ന്ന​തു​മൂ​ലം ഉണ്ടാകുന്ന ഘടകങ്ങൾ ഇതിലു​ണ്ടോ എന്നും അവർ നോക്കും.

ഉദ്ദീപന പ്രതി​കരണ പരി​ശോ​ധന: നാഡി​യി​ലെ സഞ്ചാര​പ​ഥ​ങ്ങ​ളി​ലൂ​ടെ സന്ദേശങ്ങൾ സഞ്ചരി​ക്കാൻ എടുക്കുന്ന ശരാശരി സമയത്തി​ന്റെ അളവ്‌ കണക്കാ​ക്കാൻ കമ്പ്യൂ​ട്ടർവ​ത്‌കൃത ഉപകരണം ഉപയോ​ഗി​ക്കു​ന്നു. ഉദ്ദീപ​ന​ത്തോ​ടുള്ള പ്രതി​ക​ര​ണ​ത്തിൽ 80 മുതൽ 90 വരെ ശതമാനം എംഎസ്‌ രോഗി​ക​ളി​ലും ക്രമ​ക്കേട്‌ നിരീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.

[14-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

എംഎസ്സിനെ വിജയ​ക​ര​മാ​യി നേരിടൽ

പിന്തുണ: സഹാനു​ഭൂ​തി​യു​ള്ള​വ​രും സജീവ പിന്തുണ നൽകു​ന്ന​വ​രു​മായ കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളു​മാ​യുള്ള അടുത്ത ബന്ധം രോഗി​യു​ടെ ക്ഷേമത്തി​നു സംഭാവന ചെയ്യും. അതു​കൊണ്ട്‌ നിങ്ങൾക്കു സഹായം വേണ്ട​പ്പോൾ അത്‌ ആവശ്യ​പ്പെ​ടുക. തന്നി​ലേ​ക്കു​തന്നെ ഒതുങ്ങി​ക്കൂ​ടു​ന്നത്‌ ഒഴിവാ​ക്കുക.

തുറന്ന ആശയവി​നി​മയം: എംഎസ്സി​നെ കുറി​ച്ചും അതിന്റെ വെല്ലു​വി​ളി​കളെ കുറി​ച്ചും തുറന്നു സംസാ​രി​ക്കാൻ മനസ്സൊ​രു​ക്കം കാണി​ക്കു​ന്നത്‌ മറ്റുള്ളവർ രോഗി​യെ മനസ്സി​ലാ​ക്കാൻ ഇടയാ​ക്കു​ക​യും രോഗ​വു​മാ​യി കൂടുതൽ എളുപ്പ​ത്തിൽ പൊരു​ത്ത​പ്പെ​ടാൻ അയാളെ സഹായി​ക്കു​ക​യും ചെയ്യും. നേരെ മറിച്ച്‌, ആശയവി​നി​മ​യ​ത്തി​നു മടികാ​ണി​ക്കു​ന്നത്‌ തെറ്റി​ദ്ധാ​രണ, നിരാശ, ഒറ്റപ്പെടൽ എന്നിവ​യി​ലേക്കു നയി​ച്ചേ​ക്കാം.

ആത്മീയത: ആത്മീയത നമ്മുടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തു​ക​യും ഭാവി സംബന്ധിച്ച ശുഭ​പ്ര​തീക്ഷ ഉൾപ്പെ​ടെ​യുള്ള ക്രിയാ​ത്മക ഗുണങ്ങളെ ഊട്ടി​വ​ളർത്തു​ക​യും ചെയ്യു​മെ​ന്ന​തിന്‌ വർധി​ച്ചു​വ​രുന്ന തെളി​വു​ക​ളുണ്ട്‌. ഇത്‌ യേശു​വി​ന്റെ വാക്കു​ക​ളോ​ടു ചേർച്ച​യി​ലാണ്‌: “മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു.”—മത്തായി 4:4.

നർമബോധം: എംഎസ്‌ രോഗ​വു​മാ​യി ബന്ധപ്പെട്ട്‌ ചിരി​ക്കാൻ ഒന്നുമി​ല്ലെ​ന്നതു ശരിതന്നെ. എങ്കിലും, ചിരി ശരീര​ത്തി​നും മനസ്സി​നും നല്ലൊരു ഔഷധ​മാണ്‌.

[കടപ്പാട്‌]

മൾട്ടിപ്പിൾ സ്‌ക്ലീ​റോ​സിസ്‌ ഇൻ ക്ലിനിക്കൽ പ്രാക്‌റ്റിസ്‌ എന്ന പുസ്‌ത​കത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ളത്‌.

[11-ാം പേജിലെ ചിത്രം]

എംഎസ്‌ ബാധി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ എണ്ണം പുരു​ഷ​ന്മാ​രു​ടേ​തി​ന്റെ ഇരട്ടി​യാണ്‌

[13-ാം പേജിലെ ചിത്രം]

ക്രമമായ വ്യായാ​മം ശരീര​ത്തി​നും മനസ്സി​നും നല്ലതാണ്‌