വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നികുതികളോട്‌ ഏറിവരുന്ന പ്രതിഷേധമോ?

നികുതികളോട്‌ ഏറിവരുന്ന പ്രതിഷേധമോ?

നികു​തി​ക​ളോട്‌ ഏറിവ​രുന്ന പ്രതി​ഷേ​ധ​മോ?

ഞാൻ എല്ലുമു​റി​യെ അധ്വാ​നി​ച്ചാ​ലും കിട്ടു​ന്നത്‌ എന്നിൽനി​ന്നും തട്ടിപ്പ​റി​ക്കും.”പൊ.യു.മു. ഏകദേശം 2300-ലെ ഒരു ബാബി​ലോ​ണി​യൻ പഴമൊ​ഴി.

“ഈ ലോക​ത്തിൽ ഒന്നും സുനി​ശ്ചി​തമല്ല, മരണവും നികു​തി​ക​ളു​മൊ​ഴി​കെ.”—യു.എസ്‌. രാജ്യ​ത​ന്ത്ര​ജ്ഞ​നാ​യി​രുന്ന ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ, 1789.

രൂബെൻ ഒരു സെയിൽസ്‌മാ​നാണ്‌. ഓരോ വർഷവും അദ്ദേഹം വിയർപ്പൊ​ഴു​ക്കി സമ്പാദി​ക്കുന്ന വേതന​ത്തി​ന്റെ ഏതാണ്ടു മൂന്നി​ലൊന്ന്‌ നികു​തി​ക​ളു​ടെ രൂപത്തിൽ അപ്രത്യ​ക്ഷ​മാ​കു​ന്നു. “ഈ പണമെ​ല്ലാം എങ്ങോട്ടു പോകു​ന്നു​വെന്ന്‌ എനിക്ക​റി​യില്ല,” അദ്ദേഹം പരാതി​പ്പെ​ടു​ന്നു. “ചില സേവന​ങ്ങൾക്കാ​യി ഗവൺമെന്റ്‌ നീക്കി​വെ​ക്കുന്ന തുകയിൽ വെട്ടി​ക്കു​റ​യ്‌ക്ക​ലു​കൾ നടത്തു​ന്ന​തി​നാൽ, ലഭിക്കുന്ന സേവനങ്ങൾ മുമ്പെ​ന്ന​ത്തേ​തി​ലും കുറവാണ്‌.”

നാം ഇഷ്ടപ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും നികു​തി​കൾ ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌. എഴുത്തു​കാ​ര​നായ ചാൾസ്‌ ആഡംസ്‌ ഇപ്രകാ​രം പറയുന്നു: “സാമൂഹ്യ ജീവിതം തുടങ്ങി​യ​പ്പോൾ മുതൽ ഭരണകൂ​ടങ്ങൾ അനേക വിധങ്ങ​ളിൽ വരുമാ​ന​ത്തി​ന്മേൽ നികുതി ചുമത്തി​ക്കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള്ളത്‌.” നികു​തി​കൾ പലപ്പോ​ഴും പ്രതി​ഷേ​ധ​ങ്ങൾക്കു കാരണ​മാ​കു​ക​യും ചില​പ്പോ​ഴൊ​ക്കെ വിപ്ലവ​ത്തി​നു തിരി​കൊ​ളു​ത്തു​ക​യും ചെയ്‌തി​ട്ടുണ്ട്‌. “തലയിൽ നികു​തി​ഭാ​ര​വു​മാ​യി ജീവി​ക്കു​ന്ന​തി​നെ​ക്കാൾ എത്രയോ നല്ലതാണ്‌ ഞങ്ങളെ കൊന്നു​ക​ള​യു​ന്നത്‌!” എന്നു പറഞ്ഞു​കൊണ്ട്‌ പുരാതന ബ്രിട്ടീ​ഷു​കാർ റോമാ​ക്കാ​രോ​ടു പൊരു​തി. ഫ്രാൻസിൽ, ഗബെൽ എന്നു പേരുള്ള ഉപ്പുനി​കു​തി​യോ​ടുള്ള വെറുപ്പ്‌ ആയിരു​ന്നു ഫ്രഞ്ചു വിപ്ലവ​ത്തി​നു വഴിമ​രു​ന്നിട്ട ഒരു സംഗതി. അതിൽ, നികുതി പിരി​വു​കാർ ശിര​ച്ഛേദം ചെയ്യ​പ്പെട്ടു. ഇംഗ്ലണ്ടു​മാ​യുള്ള യു.എസ്‌.-ന്റെ സ്വാത​ന്ത്ര്യ സമരത്തി​ലും നികു​തി​യോ​ടുള്ള പ്രതി​ഷേ​ധ​ത്തിന്‌ ഒരു പങ്കുണ്ടാ​യി​രു​ന്നു.

ഇന്നും, നികു​തി​ക​ളോ​ടുള്ള പ്രതി​ഷേധം നീറി​പ്പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നത്‌ അതിശ​യമല്ല. വികസ്വര രാജ്യ​ങ്ങ​ളി​ലെ നികുതി വ്യവസ്ഥ പലപ്പോ​ഴും “പിടി​പ്പു​കെ​ട്ട​തും” “അന്യാ​യ​വും” ആണെന്നു വിദഗ്‌ധർ പറയുന്നു. ദരി​ദ്ര​മായ ഒരു ആഫ്രിക്കൻ ദേശത്ത്‌ “300-ൽ അധികം പ്രാ​ദേ​ശിക നികു​തി​കൾ ഉണ്ടായി​രു​ന്നെ​ന്നും ഏറ്റവും സമർഥ​രായ ഉദ്യോ​ഗ​സ്ഥർക്കു​പോ​ലും അതു കൈകാ​ര്യം ചെയ്യാൻ കഴിയു​മാ​യി​രു​ന്നില്ല” എന്നും ഒരു ഗവേഷകൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “വേണ്ടവി​ധ​ത്തി​ലുള്ള നികുതി പിരിക്കൽ സമ്പ്രദാ​യ​ങ്ങ​ളോ അവ വിനി​യോ​ഗി​ക്കുന്ന വിധത്തി​ന്മേൽ മേൽനോ​ട്ടം വഹിക്കാ​നുള്ള ക്രമീ​ക​ര​ണ​മോ ഒന്നുകിൽ നിലവി​ലില്ല അല്ലെങ്കിൽ പ്രവർത്തി​ക്കു​ന്നില്ല . . . അത്‌ നികുതി ദുരു​പ​യോ​ഗം ചെയ്യാ​നുള്ള അവസര​മൊ​രു​ക്കു​ന്നു.” ഒരു ഏഷ്യൻ രാജ്യത്ത്‌ “പ്രാ​ദേ​ശിക ഉദ്യോ​ഗസ്ഥർ ഒന്നുകിൽ സർക്കാ​രി​ന്റെ ഖജനാവ്‌ [കൊഴു​പ്പി​ക്കാൻ] അല്ലെങ്കിൽ തങ്ങളുടെ സ്വന്തം കീശ വീർപ്പി​ക്കാൻ ഡസൻ കണക്കിന്‌ . . . അന്യായ നികു​തി​കൾ—വാഴക്കൃ​ഷി​ക്കു മുതൽ പന്നികളെ കശാപ്പു ചെയ്യു​ന്ന​തി​നു വരെ—ചുമത്തു​ക​യു​ണ്ടാ​യി” എന്ന്‌ ബിബിസി ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്‌തു.

ധനിക​രും ദരി​ദ്ര​രും തമ്മിലുള്ള വിടവ്‌ നികു​തി​യോ​ടുള്ള പ്രതി​ഷേധം ആളിക്ക​ത്താൻ ഇടയാ​ക്കു​ന്നു. യുഎൻ പ്രസി​ദ്ധീ​ക​ര​ണ​മായ ആഫ്രിക്കാ റിക്കവറി ഇപ്രകാ​രം പറയുന്നു: “വികസിത രാജ്യങ്ങൾ കർഷകർക്ക്‌ സബ്‌സി​ഡി​കൾ നൽകു​മ്പോൾ വികസ്വര രാജ്യങ്ങൾ അവരു​ടെ​മേൽ നികുതി ചുമത്തു​ന്നു. ഇത്തരം രാജ്യ​ങ്ങൾക്കി​ട​യിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വ​ങ്ങ​ളിൽ ഒന്നാണ്‌ ഇത്‌. . . . യുഎസ്‌ തങ്ങളുടെ കർഷകർക്കു സബ്‌സി​ഡി​കൾ നൽകു​ന്ന​തു​കൊ​ണ്ടു മാത്രം, പശ്ചിമ ആഫ്രി​ക്ക​യ്‌ക്ക്‌ വർഷം തോറും പരുത്തി കയറ്റു​മതി മൂലം കിട്ടുന്ന വാർഷിക വരുമാ​ന​ത്തിൽ 25 [കോടി] ഡോളർ കുറവ്‌ വരുന്നു എന്ന്‌ ലോക​ബാങ്ക്‌ പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു.” സ്വതേ തുച്ഛമായ തങ്ങളുടെ വരുമാ​ന​ത്തിൽനിന്ന്‌ ഗവൺമെന്റ്‌ നികുതി പിഴി​ഞ്ഞെ​ടു​ക്കു​മ്പോൾ വികസ്വര രാജ്യ​ങ്ങ​ളി​ലെ കർഷകർ പ്രതി​ഷേ​ധി​ച്ചേ​ക്കാം. ഒരു ഏഷ്യൻ രാജ്യത്തെ കർഷകൻ പറയുന്നു: “എപ്പോ​ഴൊ​ക്കെ [സർക്കാർ ഉദ്യോ​ഗസ്ഥർ] ഇവിടെ വന്നോ അപ്പോ​ഴെ​ല്ലാം അവർ പണം ചോദി​ക്കു​മെന്ന്‌ ഞങ്ങൾക്ക​റി​യാ​മാ​യി​രു​ന്നു.”

അടുത്ത​കാ​ലത്ത്‌, ദക്ഷിണാ​ഫ്രി​ക്ക​യിൽ ഗവൺമെന്റ്‌ കർഷക​രു​ടെ​മേൽ ഭൂനി​കു​തി ചുമത്തി​യ​പ്പോൾ ഇതു​പോ​ലുള്ള പ്രതി​ഷേ​ധ​മു​യർന്നു. ഗവൺമെ​ന്റി​നെ​തി​രാ​യി കോട​തി​ന​ട​പ​ടി​കൾ സ്വീക​രി​ക്കു​മെന്ന്‌ കർഷകർ ഭീഷണി മുഴക്കി. നികുതി, “കർഷകർക്കി​ട​യിൽ പാപ്പര​ത്വ​ത്തി​നു വഴി​തെ​ളി​ക്കു​മെ​ന്നും കൃഷി​ക്കാ​രു​ടെ ഇടയിൽ കൂടുതൽ തൊഴി​ലി​ല്ലായ്‌മ സൃഷ്ടി​ക്കു​മെ​ന്നും” കർഷക​രു​ടെ ഒരു വക്താവ്‌ അവകാ​ശ​പ്പെട്ടു. ഇപ്പോ​ഴും ഇടയ്‌ക്കൊ​ക്കെ, നികുതി ചുമത്ത​ലി​നോ​ടുള്ള പ്രതി​ഷേധം അക്രമ​ത്തിൽ കലാശി​ക്കാ​റുണ്ട്‌. ബിബിസി ന്യൂസ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “അമിത നികു​തി​ക്കെ​തി​രെ കർഷകർ പ്രതി​ഷേധ പ്രകടനം നടത്തി​ക്കൊ​ണ്ടി​രുന്ന ഒരു ഗ്രാമ​ത്തി​ലേക്ക്‌ പോലീസ്‌ ഇരച്ചു​ക​യ​റി​യ​തി​ന്റെ ഫലമായി കഴിഞ്ഞ​വർഷം രണ്ട്‌ [ഏഷ്യൻ] കർഷകർ കൊല്ല​പ്പെട്ടു.”

എന്നിരു​ന്നാ​ലും, നികുതി നൽകു​ന്നതു സംബന്ധിച്ച്‌ അമർഷം പ്രകടി​പ്പി​ക്കു​ന്നത്‌ ദരിദ്രർ മാത്രമല്ല. സമ്പന്നരായ നികു​തി​ദാ​യ​ക​രിൽ പലരും “കൂടുതൽ നികു​തി​കൾ കൊടു​ക്കാൻ തയ്യാറല്ല—അതു നൽകി​യി​ല്ലെ​ങ്കിൽ അവർക്ക്‌ ആവശ്യ​മായ സുപ്ര​ധാന സേവനങ്ങൾ മെച്ച​പ്പെ​ടു​ത്താൻ ഗവൺമെ​ന്റി​നു കഴിയി​ല്ലെന്നു വന്നാൽപ്പോ​ലും” എന്ന്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്നു. സംഗീതം, സിനിമ, സ്‌പോർട്‌സ്‌, രാഷ്‌ട്രീ​യം എന്നീ മേഖല​ക​ളിൽ തിളങ്ങുന്ന ലോക​പ്ര​ശ​സ്‌ത​രായ വ്യക്തികൾ നികുതി വെട്ടി​പ്പി​ന്റെ പേരിൽ പത്രങ്ങ​ളു​ടെ തലക്കെ​ട്ടു​ക​ളിൽ പ്രത്യ​ക്ഷ​പ്പെ​ടാ​റുണ്ട്‌. ആദായ നികു​തി​യു​ടെ അധോ​ഗ​തി​യും (പതനവും) (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “ദുഃഖ​ക​ര​മെന്നു പറയട്ടെ, നമ്മുടെ ഉന്നതരായ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രും നമ്മുടെ പ്രസി​ഡ​ന്റു​മാ​രും സാധാരണ പൗരന്മാ​രെ നികുതി നിയമങ്ങൾ അനുസ​രി​ക്കാൻ പ്രേരി​പ്പി​ക്കും വിധം പ്രചോ​ദ​നാ​ത്മ​ക​മായ മാതൃക വെക്കുന്ന കാര്യ​ത്തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.”

നികു​തി​കൾ ഭാരി​ച്ച​തും അന്യാ​യ​വും അതിരു​ക​ട​ന്ന​തും ആണെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കും തോന്നി​യേ​ക്കാം. അങ്ങനെ​യെ​ങ്കിൽ, നികുതി അടയ്‌ക്കു​ന്ന​തി​നെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കണം? അവ എന്തെങ്കി​ലും നല്ല ഉദ്ദേശ്യം സാധി​ക്കു​ന്നു​ണ്ടോ? നികുതി വ്യവസ്ഥകൾ മിക്ക​പ്പോ​ഴും ഏറെ സങ്കീർണ​വും പ്രത്യ​ക്ഷ​ത്തിൽ അന്യാ​യ​വും ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? പിൻവ​രുന്ന ലേഖനങ്ങൾ ഈ ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[4-ാം പേജിലെ ചിത്രം]

വികസ്വര രാജ്യ​ങ്ങ​ളിൽ ദരിദ്രർ അന്യാ​യ​മാ​യി നികു​തി​ഭാ​രം പേറേണ്ടി വന്നേക്കാം

[കടപ്പാട്‌]

Godo-Foto