വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നികുതികൾ ഒരു “പരിഷ്‌കൃത സമൂഹത്തിന്റെ” വിലയോ?

നികുതികൾ ഒരു “പരിഷ്‌കൃത സമൂഹത്തിന്റെ” വിലയോ?

നികു​തി​കൾ ഒരു “പരിഷ്‌കൃത സമൂഹ​ത്തി​ന്റെ” വിലയോ?

“ഒരു പരിഷ്‌കൃത സമൂഹ​ത്തി​നു വേണ്ടി നാം നൽകുന്ന വിലയാണ്‌ നികു​തി​കൾ.”വാഷി​ങ്‌ടൺ ഡി.സി.-യിലെ ആഭ്യന്തര വരുമാന സേവന കെട്ടി​ട​ത്തി​ന്മേ​ലുള്ള ആലേഖനം.

നികു​തി​കൾ ഒരു അവശ്യ തിന്മയാ​ണെന്ന്‌—“പരിഷ്‌കൃത സമൂഹ​ത്തി​ന്റെ” വിലയാ​ണെന്ന്‌—ഗവൺമെ​ന്റു​കൾ അവകാ​ശ​പ്പെ​ടു​ന്നു. നിങ്ങൾ ആ അഭി​പ്രാ​യ​ത്തോ​ടു യോജി​ച്ചാ​ലും ഇല്ലെങ്കി​ലും ഈ വില സാധാ​ര​ണ​ഗ​തി​യിൽ ഒരു ഭാരിച്ച വിലയാണ്‌ എന്നതിൽ തർക്കമില്ല.

നികു​തി​ക​ളെ രണ്ടായി തിരി​ക്കാം: പ്രത്യക്ഷ നികു​തി​യും പരോക്ഷ നികു​തി​യും. ആദായ​നി​കു​തി, വ്യവസാ​യ​നി​കു​തി, സ്വത്തു​നി​കു​തി മുതലാ​യവ പ്രത്യക്ഷ നികു​തി​കൾക്ക്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. ഇവയിൽ ആദായ​നി​കു​തി​യാണ്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ഏറ്റവും പ്രതി​ഷേ​ധ​ത്തി​നു കാരണ​മാ​കു​ന്നത്‌. വർധമാ​ന​തോ​തി​ലുള്ള നികുതി—വരുമാ​നം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌, നൽകേണ്ട ആദായ​നി​കു​തി​യു​ടെ നിരക്കും വർധി​ക്കു​ന്നു—പ്രാബ​ല്യ​ത്തി​ലി​രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ ഇത്‌ പ്രത്യേ​കി​ച്ചും സത്യമാണ്‌. ഈ നികുതി കഠിനാ​ധ്വാ​ന​ത്തി​നും വിജയ​ത്തി​നും ഉള്ള ഒരു ശിക്ഷയാ​ണെന്നു വിമർശകർ വാദി​ക്കു​ന്നു.

ആദായ​നി​കു​തി​ദാ​യകർ, കേന്ദ്ര​ഗ​വൺമെ​ന്റി​നു നികു​തി​കൾ നൽകു​ന്ന​തി​നു പുറമേ, “പ്രാ​ദേ​ശിക അധികൃ​തർക്കും, മണ്ഡലം, പ്രവിശ്യ, സംസ്ഥാനം എന്നിവി​ട​ങ്ങ​ളി​ലേ​ക്കും നികു​തി​കൾ നൽകേണ്ടി വന്നേക്കാം” എന്ന്‌ സാമ്പത്തിക സഹകര​ണ​ത്തി​നും വികസ​ന​ത്തി​നു​മാ​യുള്ള സംഘട​ന​യു​ടെ ഒരു പ്രസി​ദ്ധീ​ക​ര​ണ​മായ ഒഇസിഡി ഒബ്‌സർവർ നമ്മെ ഓർമി​പ്പി​ക്കു​ന്നു. “ഐക്യ​നാ​ടു​കൾ, ഐസ്‌ലൻഡ്‌, കാനഡ, കൊറിയ, ജപ്പാൻ, നോർഡിക്‌ രാജ്യങ്ങൾ, ബെൽജി​യം, സ്‌പെ​യിൻ, സ്വിറ്റ്‌സർലൻഡ്‌, എന്നിവി​ട​ങ്ങ​ളിൽ നിലവി​ലി​രി​ക്കു​ന്നത്‌ ഈ സ്ഥിതി വിശേ​ഷ​മാണ്‌.”

വിൽപ്പന നികുതി, മദ്യത്തി​നും സിഗറ​റ്റി​നും ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന നികുതി, കസ്റ്റംസ്‌ ഡ്യൂട്ടി എന്നിവ പരോക്ഷ നികു​തി​യിൽപ്പെ​ടു​ന്ന​വ​യാണ്‌. ഇത്‌ പ്രത്യക്ഷ നികു​തി​പോ​ലെ അത്ര പ്രകട​മ​ല്ലെ​ങ്കി​ലും സാമ്പത്തിക പ്രഹര​മേൽപ്പി​ക്കാൻ പോന്ന​താണ്‌, പ്രത്യേ​കിച്ച്‌ ദരി​ദ്രർക്കി​ട​യിൽ. നികു​തി​ദാ​യ​ക​രായ ഇടത്തര​ക്കാ​രും സമ്പന്നവർഗ​വും ആണ്‌ ഇന്ത്യയു​ടെ നികു​തി​യിൽ സിംഹ​ഭാ​ഗ​വും കൊടു​ത്തു​തീർക്കു​ന്നത്‌ എന്ന ധാരണ മിഥ്യ​യാ​ണെ​ന്നാണ്‌ ഫ്രൺട്‌ലൈൻ എന്ന ഇന്ത്യൻ മാസി​ക​യു​ടെ എഴുത്തു​കാ​രി​യായ ജയാലി ഘോഷി​ന്റെ വാദമു​ഖം. അവർ പറയുന്നു: “സംസ്ഥാന ഗവൺമെ​ന്റു​ക​ളു​ടെ മൊത്തം നികുതി വരവിന്റെ 95 ശതമാനം പരോക്ഷ നികു​തി​യാണ്‌. . . . സാധ്യ​ത​യ​നു​സ​രിച്ച്‌ സമ്പന്ന​രെ​ക്കാ​ളും തങ്ങളുടെ വരുമാ​ന​ത്തി​ന്റെ വലി​യൊ​രു ഭാഗം നികുതി രൂപത്തിൽ നൽകു​ന്നത്‌ പാവപ്പെട്ട ജനങ്ങളാണ്‌.” കൂടുതൽ ജനങ്ങൾ ഉപയോ​ഗി​ക്കുന്ന ഉപഭോഗ വസ്‌തു​ക്ക​ളായ സോപ്പ്‌, ഭക്ഷണസാ​ധ​നങ്ങൾ എന്നിവ​യ്‌ക്ക്‌ ഉയർന്ന നികു​തി​കൾ ചുമത്തു​ന്ന​താണ്‌ പ്രത്യ​ക്ഷ​ത്തിൽ ഈ അസമത്വ​ത്തി​നു കാരണം.

അങ്ങനെ​യെ​ങ്കിൽ, തങ്ങൾ സമാഹ​രി​ക്കുന്ന ഈ പണമെ​ല്ലാം ഗവൺമെ​ന്റു​കൾ എന്താണു ചെയ്യു​ന്നത്‌?

പണം ഉപയോ​ഗി​ക്കുന്ന വിധം

അവശ്യ സേവനങ്ങൾ നിർവ​ഹി​ക്കു​ന്ന​തി​നും ലഭ്യമാ​ക്കു​ന്ന​തി​നും ഗവൺമെ​ന്റു​കൾക്ക്‌ ഭീമമായ തുക ചെലവി​ടേ​ണ്ടി​വ​രു​ന്നു എന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഫ്രാൻസിൽ നാലു​പേ​രിൽ ഒരാൾ വീതം പൊതു​മേ​ഖ​ല​യിൽ തൊഴിൽ ചെയ്യുന്നു. അധ്യാ​പകർ, തപാൽ ജീവന​ക്കാർ, മ്യൂസി​യ​ത്തി​ലെ​യും ആശുപ​ത്രി​യി​ലെ​യും ജീവന​ക്കാർ, പോലീസ്‌, മറ്റ്‌ ഗവൺമെന്റ്‌ ജോലി​ക്കാർ എന്നിവർ ഇതിൽ ഉൾപ്പെ​ടു​ന്നു. അവർക്കു ശമ്പളം കൊടു​ക്കാൻ നികു​തി​കൾ ആവശ്യ​മാണ്‌. അതു​പോ​ലെ റോഡ്‌, വിദ്യാ​ല​യങ്ങൾ, ആശുപ​ത്രി​കൾ എന്നിവ​യ്‌ക്കും ചപ്പുച​വറു ശേഖരണം, തപാൽ വിതരണം എന്നീ സേവന​ങ്ങൾക്കു​മുള്ള ചെലവു വഹിക്കാ​നും നികു​തി​കൾ ഉപയോ​ഗി​ക്കു​ന്നു.

നികുതി ചുമത്തു​ന്ന​തി​നുള്ള മറ്റൊരു പ്രധാന കാരണം സൈനിക ചെലവു​ക​ളാണ്‌. 1799-ൽ, ഫ്രാൻസു​മാ​യുള്ള യുദ്ധത്തി​ന്റെ ചെലവു​കൾ വഹിക്കു​ന്ന​തി​നാണ്‌ സമ്പന്നരായ ബ്രിട്ടീ​ഷു​കാ​രു​ടെ​മേൽ ആദ്യമാ​യി ആദായ​നി​കു​തി ചുമത്ത​പ്പെ​ട്ടത്‌. പിന്നീട്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, തൊഴി​ലാ​ളി വർഗ​ത്തോ​ടും ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ആദായ​നി​കു​തി ആവശ്യ​പ്പെ​ടാൻ തുടങ്ങി. ഇന്നും, രാഷ്‌ട്ര​ത്തി​ന്റെ സൈനി​ക​സ​ന്നാ​ഹ​ങ്ങളെ നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കുക എന്നത്‌ ചെല​വേ​റിയ ഒരു സംഗതി​യാ​യി തുടരു​ന്നു, സമാധാന കാലങ്ങ​ളിൽ പോലും. 2000-ത്തിൽ ലോക​മൊ​ട്ടാ​കെ​യുള്ള സൈനിക ചെലവ്‌ ഏകദേശം 79,800 കോടി ഡോളർ ആയിരു​ന്നെന്ന്‌ സ്റ്റോക്ക്‌ഹോം അന്താരാ​ഷ്‌ട്ര സമാധാന ഗവേഷണ സ്ഥാപനം കണക്കാ​ക്കു​ക​യു​ണ്ടാ​യി.

പൊതു​ജ​ന​ക്ഷേമം മുൻനി​റു​ത്തി

നികു​തി​കൾ “പൊതു​ജ​ന​ക്ഷേമം” നടപ്പിൽ വരുത്തു​ന്ന​തിന്‌ ഒരു മാർഗ​മാ​യി, ചില ശീലങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യോ ചെയ്യുന്ന ഒരു മാധ്യ​മ​മാ​യി വർത്തി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മദ്യത്തി​നു നികുതി ഏർപ്പെ​ടു​ത്തു​ന്നത്‌ അമിത മദ്യപാ​നം കുറയ്‌ക്കു​ന്നു​വെന്നു കരുത​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ അനേകം രാജ്യ​ങ്ങ​ളിൽ ബിയറി​ന്റെ വിലയിൽ 35 ശതമാനം വരെ നികു​തി​യാണ്‌.

പുകയി​ല​യ്‌ക്കും കനത്ത നികുതി ചുമത്തി​യി​ട്ടുണ്ട്‌. ദക്ഷിണാ​ഫ്രി​ക്ക​യിൽ ഒരു പായ്‌ക്കറ്റ്‌ സിഗര​റ്റി​ന്റെ വിലയിൽ 45 മുതൽ 50 വരെ ശതമാനം നികു​തി​യാണ്‌. എന്നിരു​ന്നാ​ലും, ഇത്തരം നികു​തി​കൾ ചുമത്തു​ന്നത്‌ പലപ്പോ​ഴും ഗവൺമെ​ന്റിന്‌ പൗരന്മാ​രു​ടെ ക്ഷേമത്തി​ലുള്ള താത്‌പ​ര്യം​കൊ​ണ്ടു മാത്ര​മാ​ണെന്നു ധരിക്ക​രുത്‌. പുകയില, “ഒരു പ്രമുഖ സാമ്പത്തിക വരുമാന മാർഗ​മാണ്‌. വർഷം തോറും ഇതിന്റെ വിൽപ്പ​ന​യി​ലൂ​ടെ ആയിര​ക്ക​ണ​ക്കിന്‌ കോടി ഡോളർ സമാഹ​രി​ക്ക​പ്പെ​ടു​ക​യും നൂറു​ക​ണ​ക്കി​നു കോടി ഡോള​റി​ന്റെ നികുതി വരുമാ​നം ഉണ്ടാകു​ക​യും ചെയ്യുന്നു” എന്ന്‌ വിദേശ നയം (ഇംഗ്ലീഷ്‌) എന്ന മാസി​ക​യു​ടെ എഴുത്തു​കാ​ര​നായ കെന്നത്ത്‌ വാർനർ നിരീ​ക്ഷി​ക്കു​ന്നു.

പൊതു​ജ​ന​ക്ഷേ​മം ലക്ഷ്യമാ​ക്കി​യുള്ള ശ്രദ്ധേ​യ​മായ ഒരു നടപടി 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ എടുക്കു​ക​യു​ണ്ടാ​യി. അതിസമ്പന്ന കുടും​ബങ്ങൾ രൂപം കൊള്ളു​ന്നതു കുറയ്‌ക്കാൻ ഒരു എസ്റ്റേറ്റ്‌ നികുതി ഏർപ്പെ​ടു​ത്തു​ന്ന​തി​നെ കുറിച്ച്‌ യു.എസ്‌. നിയമ നിർമാ​താ​ക്കൾ ആലോ​ചി​ച്ചു. സമ്പന്നനായ ഒരു വ്യക്തി മരിക്കു​മ്പോൾ അയാൾ സമ്പാദി​ച്ചു കൂട്ടിയ ധനത്തിൽനിന്ന്‌ ഭീമമായ ഒരു തുക നികു​തി​യാ​യി എടുക്കും. എസ്റ്റേറ്റ്‌ നികു​തി​യു​ടെ പ്രയോ​ക്താ​ക്കൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ഈ നികു​തി​കൾ മൂലം “പണം കുടും​ബാം​ഗ​ങ്ങ​ളു​ടെ മാത്രം കൈയി​ലേക്ക്‌ ഒതുങ്ങി​പ്പോ​കാ​തെ പൊതു ആവശ്യ​ങ്ങൾക്കും ജനാധി​പത്യ ഉദ്ദേശ്യ​ങ്ങൾക്കും വേണ്ടി ഉപയോ​ഗി​ക്കാൻ കഴിയു​ന്നു.” പറയു​ന്നത്‌ ശരിയാ​യി​രി​ക്കാം, എന്നാൽ സമ്പന്നരായ നികു​തി​ദാ​യകർ അത്തരത്തി​ലുള്ള നികു​തി​ഭാ​ര​ത്തി​ന്റെ പ്രഹരം കുറയ്‌ക്കാൻ എണ്ണമറ്റ തന്ത്രങ്ങൾ കണ്ടുപി​ടി​ച്ചി​ട്ടുണ്ട്‌.

പരിസ്ഥി​തി സംരക്ഷണം പോ​ലെ​യുള്ള വ്യത്യസ്‌ത സാമൂ​ഹിക പദ്ധതി​കളെ ഉന്നമി​പ്പി​ക്കു​ന്ന​തി​നും നികു​തി​കൾ ഉപയോ​ഗി​ച്ചു​വ​രു​ന്നു. പരിസ്ഥി​തി മാസിക (ഇംഗ്ലീഷ്‌) ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “ഒമ്പത്‌ പാശ്ചാത്യ യൂറോ​പ്യൻ രാജ്യങ്ങൾ അടുത്ത കാലത്ത്‌ പാരി​സ്ഥി​തിക നികുതി വ്യതി​യാ​നം—മലിനീ​കാ​രി​ക​ളു​ടെ​മേൽ നികുതി കൂട്ടു​ക​യും സാധാരണ ജനങ്ങളു​ടെ നികു​തി​ഭാ​രം കുറയ്‌ക്കു​ക​യും—പ്രാബ​ല്യ​ത്തിൽ വരുത്തു​ക​യു​ണ്ടാ​യി. കൂടു​ത​ലും വായു മലിനീ​ക​രണം കുറയ്‌ക്കു​ന്ന​തി​നു​വേണ്ടി ആയിരു​ന്നു.” മുമ്പ്‌ പരാമർശിച്ച വർധമാ​ന​തോ​തി​ലുള്ള ആദായ​നി​കു​തി​ക​ളാണ്‌ പൊതു​ജ​ന​ക്ഷേമ പരിപാ​ടി​യു​ടെ ഭാഗമാ​യുള്ള മറ്റൊരു ഉദ്യമം. ഉള്ളവനും ഇല്ലാത്ത​വ​നും ഇടയി​ലുള്ള വിടവ്‌ കുറയ്‌ക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. ജീവകാ​രു​ണ്യ പ്രവർത്ത​ന​ങ്ങൾക്കു സംഭാ​വ​നകൾ നൽകു​ന്ന​വർക്കും കുട്ടി​ക​ളുള്ള ദമ്പതി​കൾക്കും ചില ഗവൺമെ​ന്റു​കൾ നികുതി ഇളവു നൽകാ​റുണ്ട്‌.

എന്തു​കൊ​ണ്ടാണ്‌ ഇത്ര സങ്കീർണ​മാ​യി​രി​ക്കു​ന്നത്‌?

ഒരു പുതിയ നികു​തി​ക്കു രൂപം കൊടു​ക്കു​മ്പോൾ അതിലു​ണ്ടാ​കാ​വുന്ന സകല പഴുതു​ക​ളും അടയ്‌ക്കാൻ നിയമജ്ഞർ ശ്രമി​ക്കും. അല്ലാത്ത​പക്ഷം ഭീമമായ തുകയാ​ണ​ല്ലോ നഷ്ടപ്പെ​ടുക. അതിനാൽ നികുതി നിയമങ്ങൾ വളരെ സങ്കീർണ​വും സാങ്കേ​തി​ക​വും ആയിത്തീ​രു​ന്നു. ടൈം മാസി​ക​യി​ലെ ഒരു ലേഖനം വിശദീ​ക​രി​ക്കു​ന്നത്‌, യു.എസ്‌.-ലെ നികുതി നിയമ​ത്തി​ന്റെ സങ്കീർണ​ത​ക​ളിൽ അനേക​വും “വരുമാ​നം നിർവ​ചി​ക്കുന്ന കാര്യ​ത്തോട്‌ ബന്ധപ്പെ​ട്ടു​ള്ള​താണ്‌” അതായത്‌, നികു​തി​ദാ​യക വരുമാ​നം ഏതാ​ണെന്നു തീരു​മാ​നി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌. ഇനി, “പലവിധ നികുതി ഇളവും ഒഴിവും അനുവ​ദി​ക്കുന്ന” നൂറാ​യി​രം നിയമ​ങ്ങ​ളുണ്ട്‌. അതിന്റെ നൂലാ​മാ​ലകൾ വേറെ. എന്നിരു​ന്നാ​ലും, ഇത്തരത്തിൽ സങ്കീർണ​മായ നികുതി നിയമങ്ങൾ ഉള്ളത്‌ ഐക്യ​നാ​ടു​ക​ളിൽ മാത്രമല്ല. അടുത്ത​യി​ടെ ഇറങ്ങിയ ബ്രിട്ടന്റെ നികുതി നിയമ​ത്തി​ന്റെ പതിപ്പ്‌ 9,521 പേജുകൾ വരുന്ന​താ​യി​രു​ന്നു, പത്തു വാല്യങ്ങൾ നിറയ്‌ക്കാ​വു​ന്ന​ത്ര​യും.

മിഷിഗൺ സർവക​ലാ​ശാ​ല​യി​ലെ നികു​തി​നയ ഗവേഷണ ഓഫീസ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “യു.എസ്‌.-ലെ നികു​തി​ദാ​യകർ ഓരോ വർഷവും തങ്ങളുടെ ആദായ​നി​കു​തി പത്രി​കകൾ പൂരി​പ്പി​ക്കു​ന്ന​തി​നാ​യി മാത്രം 300 കോടി​യി​ലേറെ മണിക്കൂർ ചെലവ​ഴി​ക്കു​ന്നു. . . . മൊത്തം, യു.എസ്‌.-ലെ ആദായ​നി​കു​തി​ദാ​യകർ [നികുതി പത്രി​കകൾ പൂരി​പ്പി​ക്കു​ന്ന​തിന്‌] ചെലവി​ടുന്ന സമയവും പണവും കണക്കു​കൂ​ട്ടു​ക​യാ​ണെ​ങ്കിൽ വർഷം തോറും ഏതാണ്ട്‌ 10,000 കോടി ഡോളർ വരും. അതായത്‌, സമാഹ​രി​ക്ക​പ്പെ​ടുന്ന നികു​തി​യു​ടെ 10 ശതമാ​ന​ത്തോ​ളം. നികുതി നിയമം പിൻപ​റ്റു​ന്ന​തിന്‌ ഇത്ര​യേറെ ചെലവു വരുന്ന​തി​ന്റെ കാരണം, ആദായ​നി​കു​തി നിയമ​ത്തി​ന്റെ തലമര​പ്പി​ക്കുന്ന നൂലാ​മാ​ല​ക​ളാണ്‌.” ഈ ലേഖന പരമ്പര​യി​ലെ ആദ്യ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പരാമർശി​ച്ചി​രുന്ന രൂബെൻ ഇപ്രകാ​രം പറയുന്നു: “മുമ്പ്‌ നികുതി പത്രി​കകൾ ഞാൻതന്നെ തയ്യാറാ​ക്കാൻ ശ്രമി​ച്ചി​രു​ന്നു. പക്ഷേ, അതിന്‌ ഒരുപാ​ടു സമയ​മെ​ടു​ക്കും, മാത്രമല്ല, ഞാൻ കൊടു​ക്കേ​ണ്ട​തി​നെ​ക്കാൾ കൊടു​ക്കു​ന്നു​ണ്ടെന്ന തോന്നൽ എന്നെ അലട്ടു​ക​യും ചെയ്യും. അതു​കൊണ്ട്‌, ഇപ്പോൾ ഒരു അക്കൗണ്ട​ന്റിന്‌ പണം കൊടുത്ത്‌ ഇതു ചെയ്യി​പ്പി​ക്കു​ക​യാണ്‌.”—8-ാം പേജിലെ, “നികുതി നിയമങ്ങൾ അനുസ​രി​ക്കൽ” എന്ന ചതുരം കാണുക.

നികുതി കൊടു​ക്കു​ന്നവർ, ഒഴിവാ​ക്കു​ന്നവർ, വെട്ടി​ക്കു​ന്ന​വർ

നികു​തി​കൾമൂ​ലം തങ്ങളുടെ സമൂഹ​ത്തി​നു കിട്ടുന്ന പ്രയോ​ജ​നങ്ങൾ മനസ്സി​ല്ലാ​മ​ന​സ്സോ​ടെ ആണെങ്കി​ലും മിക്കവ​രും അംഗീ​ക​രി​ക്കും. ബ്രിട്ടീഷ്‌ ആഭ്യന്തര നികു​തി​യു​ടെ മേലധി​കാ​രി ഒരിക്കൽ ഇപ്രകാ​രം പറഞ്ഞു: “ആദായ​നി​കു​തി കൊടു​ക്കു​ന്നത്‌ ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും, അത്‌ ഇല്ലായി​രു​ന്നെ​ങ്കിൽ നമ്മുടെ സ്ഥിതി മെച്ചമാ​യി​രു​ന്നേനെ എന്ന്‌ ആരും​തന്നെ വാദി​ക്കാ​റില്ല.” ഐക്യ​നാ​ടു​ക​ളിൽ 90 ശതമാനം പേരും നികുതി നിയമങ്ങൾ സംബന്ധിച്ച നടപടി​ക്ര​മങ്ങൾ അനുസ​രി​ക്കു​ന്നു​വെന്നു ചില കണക്കുകൾ കാണി​ക്കു​ന്നു. നികുതി കൈകാ​ര്യം ചെയ്യുന്ന ഒരു ഉദ്യോ​ഗസ്ഥൻ ഇപ്രകാ​രം സമ്മതി​ക്കു​ന്നു: “നികുതി അടയ്‌ക്കാ​ത്ത​തി​ന്റെ കാരണം മിക്ക​പ്പോ​ഴും നിയമ​വും നടപടി​ക്ര​മ​ങ്ങ​ളും പിൻപ​റ്റു​ന്ന​തി​ലെ ബുദ്ധി​മു​ട്ടാണ്‌. അല്ലാതെ മനഃപൂർവം വെട്ടിപ്പു നടത്തു​ന്നതല്ല.”

എങ്കിൽപ്പോ​ലും, ചില നികു​തി​കൾ അടയ്‌ക്കാ​തെ രക്ഷപ്പെ​ടാ​നുള്ള പഴുതു​കൾ തേടുന്ന അനേകർ ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യു.എസ്‌. ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ടിൽ വന്ന ഒരു ലേഖനം വ്യവസാ​യ​നി​കു​തി​കളെ കുറിച്ച്‌ പറഞ്ഞി​രി​ക്കു​ന്നതു ശ്രദ്ധി​ക്കുക: “അനേകം കമ്പനികൾ തങ്ങൾ കൊടു​ക്കേണ്ട നികു​തി​ക​ളു​ടെ ഒരു വലിയ പങ്ക്‌—ചില കേസു​ക​ളിൽ മുഴു​വ​നും—നിയമ​പ​ര​മാ​യി​ത്തന്നെ ഒഴിവാ​ക്കു​ന്നു. നികു​തി​ദാ​യക വരുമാ​ന​ത്തിൽ നിന്ന്‌ ചെലവു​കൾ കുറയ്‌ക്കാ​നുള്ള പഴുതും സമർഥ​മായ അക്കൗണ്ടിങ്‌ തന്ത്രങ്ങ​ളും ഉപയോ​ഗി​ച്ചാണ്‌ ഇതു ചെയ്യു​ന്നത്‌.” ഇത്തരത്തി​ലുള്ള ഒരു ഉപായ​ത്തിന്‌ ഉദാഹ​രണം നൽകി​ക്കൊണ്ട്‌ ലേഖനം തുടരു​ന്നു: “അധിക​മൊ​ന്നും നികുതി അടയ്‌ക്കേ​ണ്ട​തി​ല്ലാത്ത ഒരു വിദേശ രാജ്യത്ത്‌ ഒരു യു.എസ്‌. കോർപ്പ​റേഷൻ ഒരു കമ്പനി സ്ഥാപി​ക്കു​ന്നു. എന്നിട്ട്‌ യു.എസ്‌.-ലുള്ളത്‌ വിദേ​ശ​ത്തുള്ള ഈ കമ്പനി​യു​ടെ ശാഖയാ​ണെന്നു വരുത്തി​ത്തീർക്കു​ന്നു.” കമ്പനിക്ക്‌ ഇപ്പോൾ യു.എസ്‌. നികു​തി​കൾ—അതു ചില​പ്പോൾ 35 ശതമാനം വരെ പോലും ആയിരു​ന്നേ​ക്കാം—അടയ്‌ക്കേ​ണ്ട​തില്ല, “ഹെഡ്‌ക്വാർട്ടേ​ഴ്‌സ്‌ എന്നു പറയു​ന്നി​ടത്ത്‌ ഒരു തപാൽപ്പെ​ട്ടി​യും ഒരു ഫയലിങ്‌ ക്യാബി​ന​റ്റും മാത്രമേ ഉള്ളു എങ്കിൽപ്പോ​ലും.”

ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി നികുതി വെട്ടിപ്പ്‌ നടത്തു​ന്ന​വ​രും ഉണ്ട്‌. ഒരു യൂറോ​പ്യൻ രാജ്യത്ത്‌ നികുതി വെട്ടിപ്പ്‌ “ദേശീയ വിനോദ”മായി കരുത​പ്പെ​ടു​ന്നു​വ​ത്രേ. ഐക്യ​നാ​ടു​ക​ളിൽ നടത്തിയ ഒരു സർവേ അനുസ​രിച്ച്‌, 25-നും 29-നും ഇടയ്‌ക്കു പ്രായ​മുള്ള പുരു​ഷ​ന്മാ​രിൽ 58 ശതമാനം മാത്രമേ തങ്ങളുടെ വരുമാ​നം മുഴു​വ​നും കാണി​ക്കാ​തി​രി​ക്കു​ന്നത്‌ തെറ്റാ​ണെന്നു കരുതി​യു​ള്ളൂ. സർവേ നടത്തി​യവർ ഇപ്രകാ​രം സമ്മതി​ക്കു​ന്നു: “നമ്മുടെ സമൂഹ​ത്തി​ന്റെ ധാർമി​ക​ത​യെ​യും സദാചാ​ര​ത്തെ​യും കുറി​ച്ചുള്ള ഈ റിപ്പോർട്ടി​ന്റെ വെളി​പ്പെ​ടു​ത്തൽ അഭിമാ​നി​ക്കാൻ വക നൽകു​ന്നില്ല.” മെക്‌സി​ക്കോ​യിൽ നികുതി വെട്ടിപ്പ്‌ ഏതാണ്ട്‌ 35 ശതമാ​ന​മാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു.

എന്നിരു​ന്നാ​ലും, പൊതു​വേ ആളുകൾ നികുതി കൊടു​ക്കേ​ണ്ട​തി​ന്റെ ആവശ്യം തിരി​ച്ച​റി​യു​ക​യും കടപ്പെ​ട്ടത്‌ മടികൂ​ടാ​തെ കൊടു​ക്കു​ക​യും ചെയ്യുന്നു. എന്നാൽ തീബെ​ര്യൊസ്‌ കൈസ​റു​ടേ​തെന്നു കരുത​പ്പെ​ടുന്ന പ്രസി​ദ്ധ​മായ പിൻവ​രുന്ന വാക്കുകൾ ശരിയാ​ണെന്നു തോന്നു​ന്നു: “ഒരു നല്ല ഇടയൻ ആടുക​ളു​ടെ രോമം കത്രി​ക്കണം, തൊലി ഉരിയ​രുത്‌.” അങ്ങനെ​യെ​ങ്കിൽ, ഭാരി​ച്ച​തും അന്യാ​യ​വും അങ്ങേയറ്റം സങ്കീർണ​വു​മായ ഒരു നികുതി വ്യവസ്ഥ​യ്‌ക്ക്‌ നിങ്ങൾ ഇരയാ​കു​ന്ന​താ​യി തോന്നു​ന്നെ​ങ്കിൽ നികുതി നൽകു​ന്ന​തി​നെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കണം?

[7-ാം പേജിലെ ചതുരം]

മറ്റൊരിടത്തേക്കു മാറി​പ്പാർക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കുക!

നികുതി വ്യവസ്ഥ ഓരോ രാജ്യ​ത്തും വ്യത്യ​സ്‌ത​മാണ്‌. വാസ്‌ത​വ​ത്തിൽ, പ്രാ​ദേ​ശിക ആദായ​നി​കു​തി​കൾ ഒരേ രാജ്യ​ത്തു​തന്നെ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം. അതിനാൽ, കുറഞ്ഞ നികുതി നിരക്കുള്ള പ്രദേ​ശ​ത്തേക്ക്‌ മാറി​ത്താ​മ​സി​ക്കു​ന്ന​തി​നെ കുറിച്ച്‌ ആലോ​ചി​ക്കു​ന്നത്‌ മൂല്യ​വ​ത്താ​യി​രി​ക്കു​മോ? ഒരുപക്ഷേ ആയിരി​ക്കാം, എന്നാൽ നല്ലവണ്ണം ചിന്തി​ച്ചു​വേണം അത്തര​മൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ.

ഉദാഹ​ര​ണ​ത്തിന്‌, അടിസ്ഥാന നികുതി നിരക്ക്‌ എത്ര​യെ​ന്നു​ള്ളത്‌ മാത്രമല്ല ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ ഒഇസിഡി ഒബ്‌സർവർ എന്ന മാസി​ക​യിൽ വന്ന ലേഖനം വായന​ക്കാ​രെ ഓർമി​പ്പി​ക്കു​ന്നു. അത്‌ ഇപ്രകാ​രം പറയുന്നു: “പലതരം കിഴി​വു​കൾ ഓരോ നികു​തി​ദാ​യ​ക​നും നികു​തി​യാ​യി അടയ്‌ക്കേണ്ടി വരുന്ന യഥാർഥ തുകയെ ബാധി​ക്കും.” ഉദാഹ​ര​ണ​ത്തിന്‌, ചില രാജ്യ​ങ്ങൾക്ക്‌ താഴ്‌ന്ന നികുതി നിരക്കാണ്‌ ഉള്ളത്‌. പക്ഷേ, അവർ “നികു​തി​യിൽ ഇളവും കിഴി​വും വളരെ കുറച്ചേ നൽകാ​റു​ള്ളൂ.” എന്നാൽ കൂടുതൽ നികുതി നിരക്കുള്ള ചില രാജ്യങ്ങൾ കൂടുതൽ നികുതി ഇളവും കിഴി​വും അനുവ​ദി​ക്കു​ന്നു. ഫലമോ? കുറഞ്ഞ നികുതി നിരക്കുള്ള രാജ്യ​ങ്ങ​ളിൽ ഒരുവൻ കൂടുതൽ നികുതി നൽകേ​ണ്ട​താ​യി വന്നേക്കാം.

ഐക്യ​നാ​ടു​ക​ളിൽ, ചിലർ സംസ്ഥാന നികു​തി​കൾ നൽകേ​ണ്ട​തി​ല്ലാത്ത സംസ്ഥാ​ന​ങ്ങ​ളി​ലേക്കു മാറി​പ്പാർക്കു​ന്ന​തി​നെ കുറിച്ച്‌ ആലോ​ചി​ക്കു​ന്നു. പക്ഷേ ഇതു വാസ്‌ത​വ​ത്തിൽ പണച്ചെ​ലവ്‌ കുറയ്‌ക്കു​മോ? ഇല്ല എന്നാണ്‌ കിപ്ലി​ങ്ങേ​ഴ്‌സ്‌ പേഴ്‌സണൽ ഫിനാൻസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌. അത്‌ ഇങ്ങനെ പറയുന്നു: “പല കേസു​ക​ളി​ലും ആദായ​നി​കു​തി ഈടാ​ക്കാത്ത സംസ്ഥാ​നങ്ങൾ സ്വത്തു​നി​കു​തി​കൾ, വിൽപ്പന നികു​തി​കൾ, മറ്റ്‌ തരത്തി​ലുള്ള നികു​തി​കൾ എന്നിവ​യ്‌ക്ക്‌ ഉയർന്ന നിരക്ക്‌ ഏർപ്പെ​ടു​ത്തി​ക്കൊണ്ട്‌ തങ്ങൾക്കു​ണ്ടാ​കുന്ന നഷ്ടം നികത്തു​ന്ന​താ​യി ഞങ്ങളുടെ ഗവേഷണം വെളി​പ്പെ​ടു​ത്തു​ന്നു.”

[8-ാം പേജിലെ ചതുരം]

നികുതി നിയമങ്ങൾ അനുസ​രി​ക്കൽ

നമ്മിൽ അനേക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം നികുതി നൽകുക എന്നത്‌ ഭാരിച്ച ഒരു സംഗതി​യാണ്‌, വളരെ ശ്രമക​ര​മായ ഒന്ന്‌. അതു​കൊണ്ട്‌ ചില പ്രാ​യോ​ഗിക നിർദേ​ശ​ങ്ങൾക്കാ​യി ഉണരുക! ഒരു നികുതി വിദഗ്‌ധന്റെ അഭി​പ്രാ​യം ആരായു​ക​യു​ണ്ടാ​യി.

“നല്ല ബുദ്ധി​യു​പ​ദേശം തേടുക. ഇത്‌ അത്യാ​വ​ശ്യ​മാണ്‌. കാരണം, നികുതി നിയമങ്ങൾ വളരെ സങ്കീർണ​മാ​യി​രു​ന്നേ​ക്കാം, നിയമത്തെ കുറി​ച്ചുള്ള അജ്ഞതയെ, നിയമം അനുസ​രി​ക്കാ​തി​രി​ക്കാ​നുള്ള സാധു​വായ ഒരു കാരണ​മാ​യി കണക്കാ​ക്കാ​റില്ല. നികുതി ഉദ്യോ​ഗ​സ്ഥ​ന്മാ​രെ നികു​തി​ദാ​യകർ ശത്രു​ക്ക​ളാ​യി വീക്ഷി​ച്ചേ​ക്കാ​മെ​ങ്കി​ലും മിക്ക​പ്പോ​ഴും നികുതി സംബന്ധ​മായ കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ കൃത്യ​ത​യു​ള്ള​തും ലളിത​വു​മായ നിർദേ​ശങ്ങൾ നൽകാൻ അവർക്കു കഴിയും. നിങ്ങളു​ടെ നികുതി സംബന്ധ​മായ പത്രി​കകൾ ആദ്യം പൂരി​പ്പി​ക്കു​മ്പോൾത്തന്നെ അതു കൃത്യ​ത​യോ​ടെ ചെയ്യാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. നിയമ​ലം​ഘ​ന​ത്തി​ന്റെ പേരിൽ നിങ്ങൾക്കെ​തി​രെ നിയമ​ന​ട​പടി എടുക്കാൻ അവർ ആഗ്രഹി​ക്കു​ന്നില്ല.

“നിങ്ങളു​ടെ പണപര​മായ സംഗതി​കൾ സങ്കീർണം ആണെങ്കിൽ നികു​തി​കാ​ര്യ​ങ്ങൾ ഫീസ്‌ വാങ്ങി ചെയ്‌തു​കൊ​ടു​ക്കുന്ന ഒരു നികുതി വിദഗ്‌ധന്റെ ഉപദേശം തേടുക. പക്ഷേ ജാഗ്രത പാലി​ക്കുക! നിങ്ങളു​ടെ ക്ഷേമത്തിൽ തികച്ചും തത്‌പ​ര​രായ നികുതി വിദഗ്‌ധർ അനേകർ ഉണ്ടായി​രി​ക്കാം. എങ്കിലും, അങ്ങനെ​യ​ല്ലാത്ത നിരവ​ധി​പ്പേ​രുണ്ട്‌. അതു​കൊണ്ട്‌, നിങ്ങൾക്കു വിശ്വ​സി​ക്കാ​വുന്ന ഒരു സുഹൃ​ത്തി​നോ​ടോ, ബിസി​നസ്സ്‌ പരിച​യ​ക്കാ​ര​നോ​ടോ വിദഗ്‌ധന്റെ വിശ്വാ​സ​യോ​ഗ്യ​ത​യ്‌ക്ക്‌ ഉറപ്പു​നൽകുന്ന തെളി​വു​കൾ അന്വേ​ഷി​ക്കുക.

“കാലതാ​മസം വരുത്ത​രുത്‌. വിവരങ്ങൾ സമർപ്പി​ക്കാൻ വൈകി​യാൽ ഉണ്ടാകാ​വുന്ന ശിക്ഷാ​ന​ട​പ​ടി​കൾ കടുത്തത്‌ ആയിരു​ന്നേ​ക്കാം.

രേഖകൾ വൃത്തി​യാ​യി സൂക്ഷി​ക്കുക. വരവു ചെലവു കണക്കുകൾ സൂക്ഷി​ക്കു​ന്നതു സംബന്ധിച്ച്‌ നിങ്ങളു​ടെ രീതി എന്തായി​രു​ന്നാ​ലും ശരി, അത്‌ ഏറ്റവും പുതി​യ​താ​ക്കി നിലനി​റു​ത്തണം. അപ്പോൾ നിങ്ങളു​ടെ നികു​തി​പ​ത്രി​കകൾ പൂരി​പ്പി​ക്കു​ന്ന​തിന്‌ ചെലവി​ടേണ്ടി വരുന്ന സമയം കുറയ്‌ക്കാൻ കഴിയും. നിങ്ങളു​ടെ രേഖകൾ ഓഡിറ്റു ചെയ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ലും ഇതു സഹായ​ക​മാ​കും.

“സത്യസ​ന്ധ​രാ​യി​രി​ക്കുക. കള്ളത്തരം കാണി​ക്കാ​നോ സ്വാർഥ​ലാ​ഭ​ത്തി​നാ​യി നിയമത്തെ അൽപ്പം വളച്ചൊ​ടി​ക്കാ​നോ നിങ്ങൾക്ക്‌ ചായ്‌വ്‌ തോന്നി​യേ​ക്കാം. പക്ഷേ, വ്യാജ​മായ അവകാ​ശ​വാ​ദങ്ങൾ കണ്ടുപി​ടി​ക്കാൻ നികു​തി​കൾ കൈകാ​ര്യം ചെയ്യുന്ന ഉദ്യോ​ഗ​സ്ഥ​ന്മാർക്ക്‌ വളരെ സമർഥ​മായ പല മാർഗ​ങ്ങ​ളും ഉണ്ട്‌. അതു​കൊണ്ട്‌ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​താണ്‌ എല്ലായ്‌പോ​ഴും നല്ലത്‌.

“താത്‌പ​ര്യ​മെ​ടു​ക്കുക. നിങ്ങളു​ടെ നികു​തി​കാ​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന വ്യക്തി കൃത്യ​മ​ല്ലാത്ത വിവര​ങ്ങ​ളാണ്‌ കാണി​ക്കു​ന്ന​തെ​ങ്കിൽ, അതിനുള്ള ഉത്തരവാ​ദി​ത്വം നിങ്ങളു​ടെ​മേ​ലാ​ണു വരിക. അതു​കൊണ്ട്‌, നിങ്ങൾ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന വ്യക്തി നിങ്ങളു​ടെ ഇഷ്ടത്തി​ന​നു​സ​രി​ച്ചാണ്‌ കാര്യങ്ങൾ ചെയ്യു​ന്നത്‌ എന്നു ശ്രദ്ധാ​പൂർവം ഉറപ്പു​വ​രു​ത്തുക.”

[7-ാം പേജിലെ ചിത്രം]

പല രാജ്യ​ങ്ങ​ളി​ലും പുകയില ഉത്‌പ​ന്ന​ങ്ങൾക്കും ലഹരി​പാ​നീ​യ​ങ്ങൾക്കും ഉയർന്ന നികു​തി​കൾ ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

നാം അത്ര കാര്യ​മാ​യി എടുക്കാ​തി​രു​ന്നേ​ക്കാ​വുന്ന പല സേവന​ങ്ങ​ളും നമുക്കു ലഭ്യമാ​കു​ന്നത്‌ നികു​തി​കൾ മൂലമാണ്‌