വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ കുട്ടിക്ക്‌ പനി വരുമ്പോൾ

നിങ്ങളുടെ കുട്ടിക്ക്‌ പനി വരുമ്പോൾ

നിങ്ങളു​ടെ കുട്ടിക്ക്‌ പനി വരു​മ്പോൾ

മകനോ മകൾക്കോ സുഖമില്ല എന്നു കാണു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ എന്താണു നിങ്ങൾ ആദ്യം ചെയ്യുക? പനിയു​ണ്ടോ എന്നു നോക്കും, അല്ലേ? ഉണ്ടെന്നു കണ്ടാൽ ഉത്‌കണ്‌ഠ തോന്നു​ന്നത്‌ സ്വാഭാ​വി​കം.

“ഒരു സാധാരണ പനി പോലും, അപസ്‌മാ​ര​മോ മസ്‌തിഷ്‌ക തകരാ​റോ പോലുള്ള ഒരു ദോഷ​ഫ​ല​മെ​ങ്കി​ലും വരുത്തി​വെ​ച്ചേ​ക്കാം” എന്ന്‌ മാതാ​പി​താ​ക്ക​ളിൽ 91 ശതമാ​ന​വും വിശ്വ​സി​ക്കു​ന്ന​താ​യി മേരി​ലൻഡി​ലെ ബാൾട്ടി​മോ​റി​ലുള്ള (യു.എസ്‌.എ.) ജോൺസ്‌ ഹോപ്‌കിൻസ്‌ ശിശു​കേ​ന്ദ്രം നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തി. “102 ഡിഗ്രി ഫാരൻ​ഹൈറ്റ്‌ (38.9 ഡിഗ്രി സെൽഷ്യസ്‌) ആകുന്ന​തി​നു മുമ്പു​തന്നെ 89% മാതാ​പി​താ​ക്ക​ളും തങ്ങളുടെ കുട്ടി​കൾക്കു പനി കുറയാൻ മരുന്നു കൊടു​ക്കു​ന്ന​താ​യി” അതേ പഠനം കാണി​ക്കു​ന്നു.

എന്നാൽ നിങ്ങളു​ടെ കുട്ടി​യു​ടെ പനിയെ കുറിച്ച്‌ ന്യായ​മാ​യും എത്രമാ​ത്രം ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തുണ്ട്‌? ഏറ്റവും മെച്ചമായ ചികി​ത്സാ​രീ​തി​കൾ എന്തൊ​ക്കെ​യാണ്‌?

പനിയു​ടെ പ്രധാ​ന​പ്പെട്ട ധർമം

പനി വരുന്നത്‌ എപ്പോ​ഴാണ്‌? ശരീര​ത്തി​ന്റെ സ്വാഭാ​വിക ഊഷ്‌മാവ്‌ (തെർമോ​മീ​റ്റർ വായിൽവെച്ചു നോക്കു​മ്പോൾ കാണി​ക്കുന്ന റീഡിങ്‌) ഏതാണ്ട്‌ 98.6 ഡിഗ്രി ഫാരൻ​ഹൈറ്റ്‌ ആണെങ്കി​ലും സാധാ​ര​ണ​മാ​യി ഇതിൽ നേരിയ വ്യതി​യാ​നം സംഭവി​ക്കാ​റുണ്ട്‌. a രാവിലെ നിങ്ങളു​ടെ ശരീര​ത്തി​ന്റെ ഊഷ്‌മാവ്‌ കുറവും വൈകു​ന്നേരം ഒന്നോ രണ്ടോ ഡിഗ്രി കൂടു​ത​ലും ആയിരി​ക്കാം. ഒരു തെർമോ​സ്റ്റാറ്റ്‌ പോലെ പ്രവർത്തി​ച്ചു​കൊണ്ട്‌ മസ്‌തി​ഷ്‌ക​ത്തി​ന്റെ കീഴ്‌ഭാ​ഗ​ത്തുള്ള ഹൈ​പ്പോ​ത​ലാ​മസ്‌ ശരീര​ത്തി​ന്റെ ഊഷ്‌മാവ്‌ ക്രമീ​ക​രി​ക്കു​ന്നു. ബാക്ടീ​രി​യ​യോ വൈറ​സു​ക​ളോ ശരീര​ത്തിൽ കടന്നാ​ക്ര​മണം നടത്തു​മ്പോൾ പ്രതി​രോ​ധ​വ്യ​വസ്ഥ, പൈ​റോ​ജ​നു​കൾ എന്നറി​യ​പ്പെ​ടുന്ന ചില വസ്‌തു​ക്കൾ രക്തത്തിൽ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ഇതു സംഭവി​ക്കു​മ്പോൾ ഹൈ​പ്പോ​ത​ലാ​മസ്‌ ശരീര ഊഷ്‌മാവ്‌ വർധി​പ്പി​ക്കു​ന്നു. ഇതി​നെ​യാണ്‌ നമ്മൾ പനി എന്നു വിളി​ക്കു​ന്നത്‌.

പനി അസ്വസ്ഥ​ത​യ്‌ക്കും നിർജ്ജ​ലീ​ക​ര​ണ​ത്തി​നും കാരണ​മാ​യേ​ക്കാ​മെ​ങ്കി​ലും അതു തീർത്തും ഹാനി​ക​ര​മായ ഒരു സംഗതി​യാ​ണെന്നു പറയാൻ കഴിയില്ല. ‘വൈദ്യ​ശാ​സ്‌ത്ര പഠനത്തി​നും ഗവേഷ​ണ​ത്തി​നു​മുള്ള മേയോ ഫൗണ്ടേഷൻ’ പറയു​ന്ന​പ്ര​കാ​രം ശരീര​ത്തിൽ കടന്നു​കൂ​ടി​യി​ട്ടുള്ള ബാക്ടീ​രി​യ​യെ​യോ വൈറ​സി​നെ​യോ പുറന്ത​ള്ളു​ന്ന​തിൽ പനി വാസ്‌ത​വ​ത്തിൽ ഒരു പ്രധാന പങ്കു വഹിക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. “ജലദോ​ഷ​ത്തി​നും ശ്വസന​വ്യൂ​ഹ​സം​ബ​ന്ധി​യായ മറ്റു രോഗ​ബാ​ധ​കൾക്കും കാരണ​മായ വൈറ​സു​കൾക്ക്‌ ഊഷ്‌മാവ്‌ കുറഞ്ഞ അവസ്ഥയാണ്‌ ഇഷ്ടം. അപ്പോൾ, ചെറിയ പനി ഉളവാ​ക്കു​ന്നതു മൂലം ശരീരം വാസ്‌ത​വ​ത്തിൽ വൈറ​സു​കളെ തുരത്താൻ നടപടി സ്വീക​രി​ക്കു​ക​യാ​യി​രി​ക്കാം.” അതു​കൊണ്ട്‌ “ചെറിയ പനി കുറയ്‌ക്കാൻ ശ്രമി​ക്കേ​ണ്ട​തില്ല, അത്‌ കുട്ടി​യു​ടെ സ്വാഭാ​വിക രോഗ​നി​വാ​രണ പ്രക്രി​യ​യ്‌ക്കു തടസ്സം സൃഷ്ടി​ച്ചേ​ക്കാം” എന്ന്‌ മേയോ ഫൗണ്ടേഷൻ തുടർന്നു പറയുന്നു. മെക്‌സി​ക്കോ​യി​ലെ ഒരു ആശുപ​ത്രി​യിൽ ചില രോഗ​ങ്ങൾക്കുള്ള ചികി​ത്സ​യു​ടെ ഭാഗമാ​യി ശരീര​ത്തി​ന്റെ ഊഷ്‌മാവ്‌ വർധി​പ്പി​ക്കുന്ന ഒരു രീതി പോലു​മുണ്ട്‌. ഹൈപ്പർതെർമിയ എന്നാണ്‌ ഈ ചികി​ത്സാ​സ​മ്പ്ര​ദാ​യം അറിയ​പ്പെ​ടു​ന്നത്‌.

‘അമേരി​ക്കൻ കോ​ളേജ്‌ ഓഫ്‌ എമർജൻസി ഫിസി​ഷ്യൻസി’ലെ ഡോ. അൽ സാക്കേറ്റി ഇപ്രകാ​രം പറയുന്നു: “സാധാ​ര​ണ​ഗ​തി​യിൽ പനി അതിൽത്തന്നെ ഒരു പ്രശ്‌നമല്ല. എന്നാൽ അത്‌ അണുബാധ ഉണ്ടായി​രി​ക്കാം എന്നതിന്റെ സൂചന​യാണ്‌. അതു​കൊണ്ട്‌ കുട്ടിക്ക്‌ പനി ഉള്ളപ്പോൾ കുട്ടി​യി​ലും അവന്‌ ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന രോഗ​ബാ​ധ​യി​ലും ആണ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ടത്‌, അല്ലാതെ തെർമോ​മീ​റ്റ​റി​ലെ റീഡി​ങ്ങി​ലല്ല.” അമേരി​ക്കൻ ബാലചി​കി​ത്സാ അക്കാദമി ഇങ്ങനെ പറയുന്നു: “കുട്ടിക്ക്‌ അസ്വസ്ഥ​ത​യോ പനി​യോ​ടൊ​പ്പം സന്നി വരുന്ന രീതി​യോ ഇല്ലെങ്കിൽ സാധാ​ര​ണ​ഗ​തി​യിൽ 101 ഡിഗ്രി ഫാരൻ​ഹൈ​റ്റി​നു (38.3 ഡിഗ്രി സെൽഷ്യസ്‌) താഴെ​യുള്ള പനിക്ക്‌ ചികി​ത്സ​യു​ടെ ആവശ്യ​മില്ല. അതിലും കൂടിയ പനി പോലും കുട്ടിക്ക്‌ സന്നിയു​ടെ ചരി​ത്ര​മോ സ്ഥായി​യായ മറ്റേ​തെ​ങ്കി​ലും രോഗ​മോ ഇല്ലാത്ത​പക്ഷം അതിൽത്തന്നെ അപകട​ക​ര​മോ ദോഷ​ക​ര​മോ അല്ല. കുട്ടി​യു​ടെ പെരു​മാ​റ്റം നിരീ​ക്ഷി​ക്കു​ന്ന​താണ്‌ അതിലും പ്രധാനം. അവൻ നന്നായി ഭക്ഷണം കഴിക്കു​ക​യും ഉറങ്ങു​ക​യും ഇടയ്‌ക്കൊ​ക്കെ ഉന്മേഷം പ്രകടി​പ്പി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ ചികി​ത്സ​യു​ടെ ആവശ്യ​മില്ല.”

ചെറിയ പനി ചികി​ത്സി​ക്കാ​വുന്ന വിധം

കുട്ടിയെ സഹായി​ക്കാ​നാ​യി നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല എന്നല്ല ഇതിന്റെ അർഥം. ചെറിയ പനി ചികി​ത്സി​ക്കു​ന്ന​തിന്‌ ചില വൈദ്യ​ശാ​സ്‌ത്ര വിദഗ്‌ധർ പിൻവ​രുന്ന നിർദേ​ശങ്ങൾ നൽകുന്നു: കുട്ടി കിടക്കുന്ന മുറി സുഖക​ര​മായ തണുപ്പു​ള്ള​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക. കട്ടികു​റഞ്ഞ വസ്‌ത്രങ്ങൾ ധരിപ്പി​ക്കുക. (അമിത ചൂട്‌ പനി കൂടാൻ കാരണ​മാ​യേ​ക്കാം.) പനി ശരീര​ത്തി​ലെ ജലാംശം നഷ്ടപ്പെ​ടാൻ ഇടയാ​ക്കി​യേ​ക്കാം എന്നതി​നാൽ വെള്ളം, വെള്ള​മൊ​ഴി​ച്ചു നീട്ടിയ ഫ്രൂട്ട്‌ ജ്യൂസ്‌, സൂപ്പ്‌ എന്നിങ്ങ​നെ​യുള്ള പാനീ​യങ്ങൾ കൂടു​ത​ലാ​യി കുടി​ക്കാൻ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. b (കഫീൻ അടങ്ങിയ കോളാ പാനീ​യ​ങ്ങ​ളും കട്ടൻ ചായയും മറ്റും മൂത്ര​വി​സർജനം വർധി​പ്പി​ക്കു​ന്ന​തി​നാൽ അവ കുടി​ക്കു​ന്നത്‌ കൂടു​ത​ലായ നിർജ്ജ​ലീ​ക​ര​ണ​ത്തി​നു കാരണ​മാ​യേ​ക്കാം.) മുലകു​ടി​ക്കുന്ന കുഞ്ഞു​ങ്ങൾക്ക്‌ തുടർന്നും മുലപ്പാൽ കൊടു​ക്കുക. പനി ഉള്ളപ്പോൾ ദഹന​പ്ര​ക്രിയ മന്ദഗതി​യി​ലാ​കും എന്നതി​നാൽ ദഹിക്കാൻ പ്രയാ​സ​മുള്ള ഭക്ഷണങ്ങൾ ഒഴിവാ​ക്കുക.

കുട്ടി​യു​ടെ പനി 102 ഡിഗ്രി​യി​ലും കൂടു​മ്പോൾ ഡോക്ട​റു​ടെ കുറി​പ്പി​ല്ലാ​തെ​തന്നെ കിട്ടുന്ന പാരസീ​റ്റ​മോ​ളോ ഐബ്യു​പ്രൊ​ഫെ​നോ കൊടു​ക്കു​ന്നത്‌ സാധാ​ര​ണ​മാണ്‌. എന്നാൽ കവറിൽ നിർദേ​ശി​ച്ചി​രി​ക്കുന്ന അളവിൽത്തന്നെ മരുന്ന്‌ കൊടു​ക്കു​ന്നതു പ്രധാ​ന​മാണ്‌. (രണ്ടു വയസ്സിനു താഴെ​യുള്ള കുട്ടി​കൾക്കു ഡോക്ട​റു​ടെ നിർദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ മരു​ന്നൊ​ന്നും കൊടു​ക്ക​രുത്‌.) പനി കുറയാ​നുള്ള മരുന്നു​കൾ വൈറ​സി​നെ പ്രതി​രോ​ധി​ക്കു​ന്നില്ല. അതു​കൊണ്ട്‌ അവ കുട്ടി​യു​ടെ അസ്വസ്ഥത കുറയ്‌ക്കു​മെ​ന്ന​ല്ലാ​തെ ജലദോ​ഷ​വും അതു​പോ​ലുള്ള മറ്റു രോഗ​ങ്ങ​ളും വിട്ടു​മാ​റാൻ ഇടയാ​ക്കു​ക​യില്ല. ചില വിദഗ്‌ധർ 16 വയസ്സിനു താഴെ​യുള്ള കുട്ടി​കൾക്ക്‌ പനി കുറയാ​നാ​യി ആസ്‌പി​രിൻ കൊടു​ക്കു​ന്ന​തി​നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നു. ജീവനു ഭീഷണി ആയേക്കാ​വുന്ന റേയ്‌സ്‌ സിൻ​ഡ്രോ​മു​മാ​യി അതിനെ ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ലാണ്‌ അത്‌. c

സ്‌പഞ്ച്‌ ബാത്ത്‌ നൽകു​ന്ന​തും പനി കുറയാൻ സഹായി​ച്ചേ​ക്കാം: തൊട്ടി​യിൽ ഏതാനും സെന്റി​മീ​റ്റർ ചെറു​ചൂ​ടു​വെള്ളം നിറച്ച്‌ കുട്ടിയെ അതിൽ ഇരുത്തുക, എന്നിട്ട്‌ ദേഹം വെള്ളം മുക്കി തുടയ്‌ക്കുക.

കുട്ടിയെ എപ്പോൾ ഡോക്ടറെ കാണി​ക്കണം എന്നതു സംബന്ധിച്ച്‌ സഹായ​ക​മായ വിവരങ്ങൾ ഒപ്പമുള്ള ചതുര​ത്തിൽ ഉണ്ട്‌. വൈറസ്‌ മൂലമു​ണ്ടാ​കുന്ന ഡെംഗി, ഇബോള, ടൈ​ഫോ​യ്‌ഡ്‌, മഞ്ഞപ്പനി എന്നിങ്ങ​നെ​യുള്ള പനികൾ സാധാ​ര​ണ​മാ​യി കാണ​പ്പെ​ടുന്ന പ്രദേ​ശ​ങ്ങ​ളിൽ വൈദ്യ​സ​ഹാ​യം തേടു​ന്നത്‌ വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌.

അപ്പോൾ ചുരു​ക്കി​പ്പ​റ​ഞ്ഞാൽ സാധാ​ര​ണ​ഗ​തി​യിൽ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി കുട്ടി​യു​ടെ അസ്വാ​സ്ഥ്യ​ങ്ങൾ കുറയ്‌ക്കാൻ ശ്രമി​ക്കുക എന്നതാണ്‌. നാഡീ തകരാ​റോ മരണമോ വരുത്തി​വെ​ക്കും വിധം കൂടിയ പനി വളരെ വിരള​മാ​യേ വരാറു​ള്ളു എന്ന്‌ ഓർക്കുക. ഭയപ്പെ​ടു​ത്തു​ന്ന​തെ​ങ്കി​ലും, പനിയു​മാ​യി ബന്ധപ്പെട്ട്‌ വരുന്ന സന്നി പോലും സാധാ​ര​ണ​ഗ​തി​യിൽ സ്ഥായി​യായ ഭവിഷ്യ​ത്തു​കൾ വരുത്തി​വെ​ക്കു​ക​യില്ല.

തീർച്ച​യാ​യും പ്രതി​രോ​ധം തന്നെയാണ്‌ ഏറ്റവും ഉത്തമം. രോഗ​ബാ​ധ​യിൽനിന്ന്‌ നിങ്ങളു​ടെ കുട്ടിയെ സംരക്ഷി​ക്കാൻ കഴിയുന്ന ഏറ്റവും ഫലപ്ര​ദ​മായ രീതി​ക​ളിൽ ഒന്ന്‌ അടിസ്ഥാന ശുചി​ത്വം പാലി​ക്കാൻ അവനെ പഠിപ്പി​ക്കുക എന്നതാണ്‌. കൂടെ​ക്കൂ​ടെ കൈക​ഴു​കാൻ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കേ​ണ്ട​തുണ്ട്‌—വിശേ​ഷി​ച്ചും ഭക്ഷണത്തി​നു മുമ്പും കക്കൂസിൽ പോയ​തി​നു ശേഷവും ആൾക്കൂ​ട്ട​ത്തി​നി​ട​യിൽ പോകു​ക​യോ വളർത്തു മൃഗങ്ങളെ താലോ​ലി​ക്കു​ക​യോ ഒക്കെ ചെയ്‌ത ശേഷവും. എത്ര​യൊ​ക്കെ സൂക്ഷി​ച്ചി​ട്ടും കുട്ടിക്ക്‌ ചെറി​യൊ​രു പനി വരു​ന്നെ​ങ്കി​ലോ? അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, സുഖം പ്രാപി​ക്കാൻ കുട്ടിയെ സഹായി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ അനവധി കാര്യങ്ങൾ ചെയ്യാ​നാ​കും. (g03 12/08)

[അടിക്കു​റി​പ്പു​കൾ]

a ഉപയോഗിക്കുന്ന തെർമോ​മീ​റ്റർ ഏതു തരത്തി​ലു​ള്ള​താണ്‌ എന്നതി​നെ​യും ശരീര​ത്തി​ന്റെ ഏതു ഭാഗത്തു വെച്ചാണ്‌ റീഡിങ്‌ എടുക്കു​ന്നത്‌ എന്നതി​നെ​യും ആശ്രയിച്ച്‌ ഊഷ്‌മാ​വിൽ വ്യത്യാ​സം കണ്ടേക്കാം.

b പനിയോടൊപ്പം വയറി​ള​ക്ക​വും ഛർദി​യും ഉണ്ടെങ്കിൽ നിർജ്ജ​ലീ​ക​രണം സംഭവി​ക്കാ​തി​രി​ക്കാൻ കൊടു​ക്കാ​വുന്ന ഒരു പാനീയം തയ്യാറാ​ക്കുന്ന വിധം 1995 ഏപ്രിൽ 8 ഉണരുക!യുടെ 11-ാം പേജിൽ കൊടു​ത്തി​ട്ടുണ്ട്‌.

c വൈറസ്‌ ബാധയെ തുടർന്ന്‌ കുട്ടി​ക​ളിൽ ഉണ്ടാകാ​വുന്ന ഗുരു​ത​ര​മായ നാഡീ​രോ​ഗ​മാണ്‌ റേയ്‌സ്‌ സിൻ​ഡ്രോം.

[21-ാം പേജിലെ ചതുരം]

നിങ്ങളുടെ കുട്ടി പിൻവ​രുന്ന ഏതെങ്കി​ലും ഗണത്തിൽപ്പെ​ടു​ന്നെ​ങ്കിൽ ഡോക്ടറെ കാണി​ക്കു​ക

◼ മൂന്നു മാസമോ അതിൽ കുറവോ പ്രായം, മലദ്വാ​ര​ത്തി​ലെ താപനില 100.4 ഡിഗ്രി ഫാരൻ​ഹൈ​റ്റോ അതില​ധി​ക​മോ

◼ പ്രായം മൂന്നു മാസത്തി​നും ആറു മാസത്തി​നും ഇടയ്‌ക്ക്‌, 101 ഡിഗ്രി ഫാരൻ​ഹൈ​റ്റോ അതില​ധി​ക​മോ പനി

◼ പ്രായം ആറ്‌ മാസത്തി​നു മേലെ, പനി 104 ഡിഗ്രി ഫാരൻ​ഹൈ​റ്റോ അതില​ധി​ക​മോ

◼ പാനീ​യങ്ങൾ കുടി​ക്കാൻ വിസമ്മ​തി​ക്കു​ക​യും നിർജ്ജ​ലീ​ക​ര​ണ​ത്തി​ന്റെ ലക്ഷണങ്ങൾ കാണി​ക്കു​ക​യും ചെയ്യുന്നു

◼ സന്നി ഉണ്ടാകു​ക​യോ കുട്ടി തീർത്തും നിരു​ന്മേ​ഷ​വാ​നാ​യി കാണ​പ്പെ​ടു​ക​യോ ചെയ്യുന്നു

◼ 72 മണിക്കൂ​റി​നു ശേഷവും പനി വിട്ടു​മാ​റു​ന്നി​ല്ല

◼ എത്ര ശ്രമി​ച്ചി​ട്ടും കരച്ചിൽ അടക്കാ​നാ​വു​ന്നില്ല, കുട്ടി പിച്ചും പേയും പറയുന്നു

◼ ദേഹത്ത്‌ തടിപ്പു​കൾ, ശ്വസി​ക്കാൻ ബുദ്ധി​മുട്ട്‌, വയറി​ളക്കം, തുടർച്ച​യായ ഛർദി എന്നിവ ഉണ്ടെങ്കിൽ

◼ കഴുത്ത്‌ അനക്കാൻ സാധി​ക്കാ​താ​വു​ക​യോ പെട്ടെന്ന്‌ അതിക​ഠി​ന​മായ തലവേദന ഉണ്ടാകു​ക​യോ ചെയ്യു​ന്നെ​ങ്കിൽ

[കടപ്പാട്‌]

ഉറവിടം: അമേരി​ക്കൻ ബാലചി​കി​ത്സാ അക്കാദമി