പ്രഭാഷണകല വികസിപ്പിച്ചെടുക്കാൻ എനിക്ക് എങ്ങനെ കഴിയും?
യുവജനങ്ങൾ ചോദിക്കുന്നു . . .
പ്രഭാഷണകല വികസിപ്പിച്ചെടുക്കാൻ എനിക്ക് എങ്ങനെ കഴിയും?
“ആളുകൾ എന്റെ ഓരോ കുറ്റവും കുറവും ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ വിചാരിച്ചു. എനിക്ക് ഏകാഗ്രതയോടെ പ്രസംഗിക്കാൻ കഴിഞ്ഞില്ല. അവരെല്ലാം ഉള്ളിൽ ചിരിക്കുകയാണെന്ന് എനിക്കു തോന്നി.”—സാൻഡി. a
തിങ്ങിനിറഞ്ഞ സ്കൂൾ ഓഡിറ്റോറിയം. ഉച്ചഭാഷിണിയിലൂടെ നിങ്ങളുടെ പേരു വിളിക്കുന്നതു നിങ്ങൾ കേൾക്കുന്നു, പൊടുന്നനെ എല്ലാ കണ്ണുകളും നിങ്ങളുടെമേൽ പതിയുന്നു. ഏതാനും ചുവടു മാത്രം അകലെയുള്ള പ്രസംഗപീഠം മൈലുകൾക്ക് അപ്പുറമാണെന്ന തോന്നൽ . . . കൈകൾ വിയർക്കുന്നു, കാലുകൾ കുഴയുന്നു, വായ് വല്ലാതെ വരളുന്നു. തുടയ്ക്കാൻ കഴിയുന്നതിനുമുമ്പ് വിയർപ്പു ചാൽ കവിളിലേക്ക് ഒലിച്ചിറങ്ങുന്നു. എന്തൊരു നാണക്കേട്! ഫയറിങ് സ്ക്വാഡിനെ അഭിമുഖീകരിക്കാനൊന്നും പോവുകയല്ലെന്ന് അറിയാം, എന്നിട്ടും ഫലത്തിൽ അങ്ങനെ തോന്നുന്നു.
ഇതു നാം അംഗീകരിച്ചേ മതിയാവൂ: മറ്റുള്ളവരുടെ മുമ്പാകെ സംസാരിക്കുക എന്ന ചിന്തതന്നെ നമ്മിൽ പലർക്കും ഭീതിദമാണ്. (യിരെമ്യാവു 1:5, 6) സദസ്സിനെ അഭിമുഖീകരിക്കുന്നതിനുള്ള ചിലരുടെ ഭയം മരണഭീതിയെയും കവിയുന്നതാണത്രേ! എന്നാൽ വ്യക്തിപരമായ അനുഭവം എന്തുതന്നെ ആയിരുന്നാലും പ്രഭാഷണകല വളർത്തിയെടുക്കുന്നതിൽ നിങ്ങൾ താത്പര്യം പ്രകടിപ്പിക്കുന്നതിന് മൂല്യവത്തായ കാരണങ്ങളുണ്ട്. അവയിൽ ചിലതു പരിശോധിച്ചുകൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രഭാഷണകല വികസിപ്പിച്ചെടുക്കുന്നതിൽ വിജയിക്കാനാകും എന്നു പരിചിന്തിക്കാം.
പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെടുമ്പോൾ
“എല്ലാവർക്കും ആവശ്യമായ ഒരു വൈദഗ്ധ്യമാണ് പ്രഭാഷണകല.” ഇത് ഒരു പ്രഭാഷണ പരിശീലന പരിപാടിയുടെ പരസ്യവാചകമാണ്. ശരിയാണ്, ഇന്നല്ലെങ്കിൽ നാളെ നിങ്ങളും ഒരു സദസ്സിനെ അഭിമുഖീകരിച്ചേക്കാം. പല വിദ്യാലയങ്ങളിലും പ്രഭാഷണകല അഭ്യസിപ്പിക്കുന്നുണ്ട്. റ്റാറ്റ്യാന എന്നു പേരായ ഒരു ചെറുപ്പക്കാരി അനുസ്മരിക്കുന്നു: “സ്കൂളിൽ എനിക്കു പല തവണ സഹപാഠികളുടെ മുമ്പാകെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്.” വാചിക റിപ്പോർട്ടുകൾ, പുസ്തകാവലോകനങ്ങൾ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള അവതരണങ്ങൾ, സംവാദങ്ങൾ എന്നീ വിധങ്ങളിലെല്ലാം വിദ്യാർഥികൾക്കു ഭാഷണപാടവം പ്രയോഗിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസാനന്തരം നിങ്ങൾക്ക് ഒരു ജോലി കിട്ടുമ്പോൾ ചിലപ്പോൾ സഹജോലിക്കാർക്ക് ക്ലാസ് എടുക്കേണ്ടിവന്നേക്കാം, ഇടപാടുകാർക്കു മുമ്പാകെ ചില നിർദേശങ്ങൾ അവതരിപ്പിക്കേണ്ടിവന്നേക്കാം, അതുമല്ലെങ്കിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയോട് ഒരു സാമ്പത്തിക റിപ്പോർട്ട് വിശദീകരിക്കേണ്ടിവന്നേക്കാം. വാസ്തവത്തിൽ പത്രപ്രവർത്തനം, മാനേജ്മെന്റ്, പബ്ലിക് റിലേഷൻസ്, വിൽപ്പന എന്നീ മേഖലകളിലെല്ലാം ഉപയുക്തമാണ് ഭാഷണവൈദഗ്ധ്യം.
എന്നാൽ, നിങ്ങൾ കായികാധ്വാനം ഉൾപ്പെട്ടിരിക്കുന്ന പണിക്കോ ഓഫീസ് ക്ലാർക്കിന്റെ ജോലിക്കോ ആണു പോകാൻ തീരുമാനിക്കുന്നതെങ്കിലോ? ഇന്റർവ്യൂവിനു ചെല്ലുമ്പോൾ നിങ്ങൾ സംസാരിക്കുന്ന വിധമാണ് മിക്കപ്പോഴും ജോലി സാധ്യത നിർണയിക്കുന്നത്. മാത്രമല്ല, ജോലി ലഭിച്ചുകഴിഞ്ഞാലും ഭാഷണവൈദഗ്ധ്യം
ഒരു മുതൽക്കൂട്ടായിരിക്കും. കോറിൻ വിദ്യാഭ്യാസാനന്തരം മൂന്നു വർഷം വെയ്റ്റ്റസായി ജോലി ചെയ്തു. അവൾ പറയുന്നു: “സംഭാഷണ ചാതുര്യം, നിങ്ങൾക്കു നല്ല പക്വതയും കൂടുതൽ ചുമതലകൾ നിർവഹിക്കാനുള്ള പ്രാപ്തിയും ഉണ്ടെന്നു മറ്റുള്ളവർക്കു തോന്നാൻ ഇടയാക്കും. അത് മെച്ചപ്പെട്ട ജോലിയും ഉയർന്ന ശമ്പളവും ലഭ്യമാക്കിയേക്കാം; കുറഞ്ഞപക്ഷം കൂടുതൽ ആദരവെങ്കിലും.”കൂടുതലായി, യുവ ക്രിസ്ത്യാനികൾക്ക് മിക്കപ്പോഴും തങ്ങളുടെ പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കേണ്ടതുണ്ട്. (എബ്രായർ 10:23) “നിങ്ങളുടെ ഉള്ളിലുള്ളത് വ്യക്തമായി പ്രകടിപ്പിക്കാൻ പ്രാപ്തിയുണ്ടായിരിക്കുന്നതു പ്രധാനമാണ്,” റ്റാനീഷ പറയുന്നു. “നമുക്കു ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയെന്ന വിശിഷ്ട പദവിയുണ്ട്.” (മത്തായി 24:14; 28:19, 20) സഭയിലും വയൽശുശ്രൂഷയിലും “തങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിപ്പാതിരിപ്പാൻ” യുവജനങ്ങൾക്കു കഴിയില്ല.—പ്രവൃത്തികൾ 4:20; എബ്രായർ 13:15.
പ്രഭാഷണകല വികസിപ്പിക്കുന്നതുകൊണ്ട് അങ്ങനെ പല പ്രയോജനങ്ങളും ഉണ്ട്. എന്നിരുന്നാലും, സദസ്സിനെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ആശങ്ക തോന്നിയേക്കാം. സഭാകമ്പത്തെ അതിജീവിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? തീർച്ചയായും.
നിങ്ങളുടെ ഭയം തരണംചെയ്യൽ
“വിജയിക്കുന്നതിന് നിങ്ങൾ അതിസമർഥനോ പരിപൂർണനോ ആയിരിക്കണമെന്നില്ല,” സമ്മർദ ലഘൂകരണ വിദഗ്ധനും പ്രഗത്ഭ പ്രഭാഷകനുമായ ഡോ. മോർട്ടൻ സി. ഓർമൻ പറയുന്നു. “പ്രഭാഷണകലയുടെ മുഖ്യ ഉദ്ദേശ്യം ഇതാണ്: നിങ്ങളുടെ സദസ്സിന് മൂല്യവത്തായ എന്തെങ്കിലും നൽകുക.” മറ്റുവാക്കുകളിൽ പറഞ്ഞാൽ, നിങ്ങളിലോ നിങ്ങളുടെ ഉത്കണ്ഠകളിലോ അല്ല, നൽകാനുള്ള സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിലർ പൗലൊസിനെ അത്ര വാക്സാമർഥ്യമുള്ളവനായി ഗണിച്ചിരുന്നില്ല. പക്ഷേ, എല്ലായ്പോഴും അവനു മൂല്യവത്തായ ചിലതു പറയാനുണ്ടായിരുന്നതുകൊണ്ട് അവന്റെ പ്രഭാഷണം ഫലപ്രദമായിരുന്നു. (2 കൊരിന്ത്യർ 11:6) അതേ വിധം, നിങ്ങൾ തികഞ്ഞ ബോധ്യത്തോടെ വിശ്വസിക്കുന്ന പ്രാധാന്യമുള്ള വിവരങ്ങൾ അവതരിപ്പിക്കുക. നിങ്ങളുടെ ഭയം ശമിക്കാൻ അതു സഹായിക്കും.
മറ്റൊരു പ്രമുഖ പ്രസംഗകനും പരിശീലകനുമായ റോൺ സാറ്റ്ഹോഫ് ഈ നിർദേശം നൽകുന്നു: നിങ്ങളുടെ പ്രസംഗത്തെ ഔപചാരിക അവതരണമായി വീക്ഷിക്കാതെ ഒരു സംഭാഷണമെന്നപോലെ കൈകാര്യം ചെയ്യുക. അതേ, മുഴു സദസ്സിനോടായിട്ടല്ലാതെ നിങ്ങൾ സാധാരണ സംഭാഷണത്തിൽ ചെയ്യാറുള്ളതുപോലെ, വ്യക്തികളോടു സംസാരിക്കുക. നിങ്ങളുടെ സദസ്സിനോട് യഥാർഥ വ്യക്തിഗത താത്പര്യം പ്രകടമാക്കിക്കൊണ്ട് നിങ്ങളുടെ തനതു രീതിയിൽ സംസാരിക്കുക. (ഫിലിപ്പിയർ 2:3, 4) സംഭാഷണഗുണം മെച്ചപ്പെടുന്തോറും നിങ്ങളുടെ പിരിമുറുക്കം കുറഞ്ഞുവരും.
ഉത്കണ്ഠയ്ക്കുള്ള മറ്റൊരു കാരണം മറ്റുള്ളവരുടെ മുമ്പിൽ നാണംകെടുമെന്ന ഭീതിയോ മറ്റുള്ളവർ വിമർശിക്കുമെന്ന ഭയമോ ആണ്. പരിചയസമ്പന്നനായ പ്രസംഗകനും പ്രസംഗ പരിശീലകനുമായ ലെന്നി ലാസ്കോവ്സ്കി പറയുന്നത് സദസ്സ് ഓരോ അവതരണത്തോടും ക്രിയാത്മകമായി പ്രതികരിക്കാൻ പ്രവണത കാട്ടുന്നു എന്നാണ്. “നിങ്ങൾ വിജയിക്കാനാണ് അവർ ആഗ്രഹിക്കുന്നത്—പരാജയപ്പെടാനല്ല,” ലാസ്കോവ്സ്കി പറയുന്നു. അതുകൊണ്ട് ക്രിയാത്മക മനോഭാവം ഉള്ളവരായിരിക്കുക. സാധ്യമെങ്കിൽ, സ്റ്റേജിൽ കയറുന്നതിനു മുമ്പ് സദസ്യരിൽ ചിലരെയെങ്കിലും പരിചയപ്പെടുക. അവരെ സുഹൃത്തുക്കളായി കാണാൻ ശ്രമിക്കുക, ശത്രുക്കളായല്ല.
സദൃശവാക്യങ്ങൾ 11:2) നേരിയ ഭയം മെച്ചപ്പെട്ട പ്രകടനത്തിൽ കലാശിക്കുന്നതായി പല കായിക താരങ്ങളും സംഗീതജ്ഞരും അഭിനേതാക്കളും സമ്മതിക്കുന്നു, പ്രഭാഷണകലയെ സംബന്ധിച്ചും ഇതു സത്യമാണ്.
ഭയം പൂർണമായും അനഭികാമ്യമായ ഒന്നല്ല എന്നതും ഓർമിക്കുക. “പൊതു വിശ്വാസത്തിനു വിരുദ്ധമായി, ഭയം നിങ്ങൾക്കും നിങ്ങളുടെ അവതരണത്തിനും ഗുണം ചെയ്യും,” ഒരു വിദഗ്ധൻ പറയുന്നു. എങ്ങനെ? ഒരളവോളം ഭയം എളിമയെ പ്രതിഫലിപ്പിക്കുന്നു, അത് അമിത ആത്മവിശ്വാസം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. (വിജയത്തിന് സഹായകമായ ചില നിർദേശങ്ങൾ
തുടർന്നു നാം പരിചിന്തിക്കുന്ന ആശയങ്ങളും സമാനമായ മറ്റു വിവരങ്ങളും ബാധകമാക്കുക വഴി ചില യുവക്രിസ്ത്യാനികൾ സ്കൂളിലും ജോലിസ്ഥലത്തും സഭയിലും പ്രഭാഷണകലയിൽ ഒരളവോളം അനുഭവ സമ്പത്തും വിജയവും നേടിയെടുത്തിട്ടുണ്ട്. അവരുടെ നിർദേശങ്ങൾ നിങ്ങൾക്കു സഹായകമായിരുന്നേക്കാം.
ജെയ്ഡ്: “സ്വന്തം വാക്കുകളിൽ കാര്യങ്ങൾ അവതരിപ്പിക്കുക. പ്രതിപാദ്യത്തിന്റെ പ്രയോജനം സ്വയം ബോധ്യപ്പെടുക. പറയാനുള്ളത് പ്രാധാന്യമുള്ളതാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ സദസ്സിനും അങ്ങനെതന്നെ അനുഭവപ്പെടും.”
റോഷെൽ: “എന്റെ പ്രസംഗം വീഡിയോ ടേപ്പു ചെയ്യുന്നതു സഹായകമാണെന്ന് ഞാൻ കണ്ടെത്തി. അതു കുറവുകൾ തുറന്നുകാട്ടുമെങ്കിലും പ്രയോജനകരമാണ്. നിങ്ങൾക്ക് ആസ്വാദ്യമായ ഒരു വിഷയം തിരഞ്ഞെടുക്കുക. അത് നിങ്ങളുടെ പ്രസംഗത്തിൽ പ്രതിഫലിക്കും.”
മാർഗ്രറ്റ്: “പദാനുപദം എഴുതിയ നോട്ട് ഉപയോഗിക്കുന്നതിനു പകരം ഹ്രസ്വമായ കുറിപ്പ് ഉപയോഗിക്കുമ്പോൾ ഞാൻ കൂടുതൽ സ്വാഭാവികമായി, സംഭാഷണശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു. കൂടാതെ, തുടങ്ങുന്നതിനുമുമ്പ് ദീർഘശ്വാസം എടുക്കുന്നത് ശാന്തത കൈവരിക്കാൻ എന്നെ സഹായിക്കുന്നു.”
കോറിൻ: “സ്വന്തം പിഴവുകൾ നർമബോധത്തോടെ വീക്ഷിക്കുക. എല്ലാവർക്കും തെറ്റ് സംഭവിക്കുന്നു. നിങ്ങളുടെ പരമാവധി ശ്രമിക്കുക എന്നതാണ് പ്രധാനം.”
ഏതു മേഖലയിലും, കായികരംഗമോ സംഗീതം പോലുള്ള ഒരു കലയോ ഏതുമായിക്കൊള്ളട്ടെ, അനുഭവ പരിചയത്തിനും നിരന്തരമായ പരിശീലനത്തിനും പകരം മറ്റൊന്നുമില്ല. പരിശീലിക്കാൻ മതിയായ സമയം ലഭിക്കുന്നതിന് പ്രഭാഷണം കഴിയുന്നത്ര നേരത്തേ തയ്യാറാകാനാണ് റ്റാറ്റ്യാന ശുപാർശ ചെയ്യുന്നത്. ഒരിക്കലും ശ്രമം ഉപേക്ഷിക്കാതിരിക്കുക. “മറ്റുള്ളവരുടെ മുമ്പാകെ ഞാൻ എത്രയധികം സംഭാഷിക്കുന്നുവോ, അത്രയധികം ആത്മവിശ്വാസം എനിക്കു കൈവരുന്നു,” അവൾ പറയുന്നു. നാം ഒരിക്കലും വിസ്മരിക്കരുതാത്ത സഹായത്തിന്റെ മറ്റൊരു ഉറവ് കൂടെ ഉണ്ട്, വിശേഷിച്ചും നമ്മുടെ ഭാഷണം സത്യാരാധനയുടെ ഉന്നമനം ലാക്കാക്കിയുള്ളത് ആയിരിക്കുമ്പോൾ.
വലിയ ആശയസംവേദകനിൽ നിന്നുള്ള സഹായം
ഒരു യുവാവ് ആയിരിക്കുമ്പോൾ തന്നെ, ഇസ്രായേലിന്റെ ഭാവി രാജാവായിരുന്ന ദാവീദ് ‘വാക്ചാതുര്യമുള്ളവൻ’ എന്ന ഖ്യാതി സമ്പാദിച്ചിരുന്നു. (1 ശമൂവേൽ 16:18) എങ്ങനെ? ഒരു ഇടയബാലനെന്ന നിലയിൽ ആടുകളെ മേയ്ച്ചുകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ പാർത്തിരുന്ന നാളുകളിൽ, വലിയ ആശയസംവേദകനായ യഹോവയാം ദൈവത്തോട്, പ്രാർഥനയിലൂടെ അവൻ ഉറ്റ ബന്ധം വികസിപ്പിച്ചെടുത്തിരുന്നു. (സങ്കീർത്തനം 65:2) ക്രമത്തിൽ, ഈ ബന്ധം പ്രതികൂല സാഹചര്യങ്ങളിൻകീഴിൽ പോലും വ്യക്തമായി, ശക്തിയോടെ, ബോധ്യപ്പെടുത്തുംവിധം സംസാരിക്കാൻ അവനെ സജ്ജനാക്കി.—1 ശമൂവേൽ 17:34-37, 45-47.
ദാവീദിനെ സഹായിച്ചതുപോലെ, സത്യാരാധനയോടുള്ള ബന്ധത്തിൽ ബോധ്യം വരുത്തുംവിധം സംസാരിക്കുന്നതിന് “പഠിപ്പിക്കപ്പെട്ടവരുടെ നാവു” തന്ന് ദൈവം നിങ്ങളെയും സഹായിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക. (യെശയ്യാവു 50:4, NW; മത്തായി 10:18-20) നിങ്ങളുടെ പ്രഭാഷണകല മെച്ചപ്പെടുത്താൻ ലഭ്യമായ എല്ലാ അവസരങ്ങളും ഇപ്പോൾ പ്രയോജനപ്പെടുത്തുന്നെങ്കിൽ നിങ്ങൾക്കും ഫലപ്രദനായ പ്രഭാഷകനായിത്തീരാൻ സാധിക്കും. (g03 12/22)
[അടിക്കുറിപ്പ്]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[18-ാം പേജിലെ ചതുരം]
പ്രഭാഷകരെന്ന നിലയിൽ പരിശീലിപ്പിക്കപ്പെടുന്നു
ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്നു പേരായ പ്രതിവാര ബൈബിളധിഷ്ഠിത പരിശീലന പരിപാടിയുണ്ട്. വിദ്യാർഥികൾ ചർച്ചകളിൽ പങ്കെടുക്കുന്നു, സഭയ്ക്കു മുമ്പാകെ അവതരണങ്ങൾ നടത്തുന്നു, പുരോഗതി കൈവരിക്കാൻ വ്യക്തിപരമായ സഹായം സ്വീകരിക്കുന്നു. ഇതു പ്രയോജനപ്രദമാണോ? 19 വയസ്സു പ്രായമുള്ള ക്രിസിന്റെ അനുഭവം ഉത്തരം നൽകുന്നു.
“ഈ സ്കൂളിൽ ചേരുന്നതിനു മുമ്പ്, ആളുകളുടെ സാന്നിധ്യം എനിക്ക് അസുഖകരമായിരുന്നു,” അവൻ പറയുന്നു. “ഒരു സദസ്സിനു മുമ്പാകെ സ്റ്റേജിൽ നിൽക്കുന്നതിനെ കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. എന്നാൽ സഭാംഗങ്ങളിൽ ചിലർ, സദസ്സിനെ അഭിമുഖീകരിക്കാനുള്ള എന്റെ പ്രയാസം അവർ തിരിച്ചറിയുന്നുവെന്നും മുഴു സമയവും ഞാൻ നിന്നു വിക്കിയാലും തങ്ങൾ പരിപാടി ആസ്വദിക്കും എന്നും പറഞ്ഞുകൊണ്ട് എന്നെ പ്രോത്സാഹിപ്പിച്ചു. ഓരോ പ്രസംഗത്തിനും ശേഷം അവർ എന്നെ അഭിനന്ദിച്ചു. അതൊരു വലിയ സഹായമായിരുന്നു.”
ഇന്ന്, സ്കൂളിൽ അഞ്ചു വർഷത്തെ പരിശീലനത്തിനു ശേഷം, ക്രിസ് 45 മിനിട്ടു ദൈർഘ്യമുള്ള തന്റെ ആദ്യ പ്രഭാഷണത്തിനായി തയ്യാറെടുക്കുകയാണ്. നിങ്ങൾ ഈ കരുതലിൽ നിന്നു പ്രയോജനം നേടുന്നുണ്ടോ?
[16, 17 പേജുകളിലെ ചിത്രങ്ങൾ]
പ്രഭാഷണകലയിൽ നൈപുണ്യം നേടുന്നത് ജീവിതത്തിന്റെ എല്ലാ തുറകളിലും സഹായകമാണ്