ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പാട്ടു പാടാത്ത കുട്ടികൾ!
ഗാനാലാപനം “കുട്ടികളുടെ വ്യക്തിത്വവികാസത്തെ ഉന്നമിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വികാര പ്രകടനോപാധിയാണ്,” ലൈപ്സിഗ് സർവകലാശാലയിലെ ഇ.എൻ.റ്റി വിദഗ്ധനായ ഡോക്ടർ മിഹായെൽ ഫുക്ക്സ്, ജർമനിയിലെ ഗെസുൺട്ഹൈറ്റ് എന്ന ആരോഗ്യ മാസികയിൽ എഴുതിയതാണ് ഇത്. പക്ഷേ, “കഴിഞ്ഞ 20 വർഷം കൊണ്ട് കുട്ടികളുടെ ശബ്ദത്തിന്റെ വ്യാപ്തിമണ്ഡലം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അവരുടെ ശബ്ദസ്വരവും മാറിയിരിക്കുന്നു,” അദ്ദേഹം പരിതപിക്കുന്നു. ഇതിനു രണ്ടു കാരണങ്ങളാണ് ഫുക്ക്സ് ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്, “ഇന്നത്തെ കുട്ടികൾ വീട്ടിൽ പാട്ടുപാടിക്കൊണ്ട് ഏറെ സമയം ചെലവഴിക്കുന്നില്ല. മുൻകാലത്ത് കുടുംബങ്ങളിൽ വിശ്രമവേളകൾ, പാടാനും സംഗീതോപകരണങ്ങൾ വായിക്കാനുമാണ് വിനിയോഗിച്ചിരുന്നത്; ഇന്നാകട്ടെ, ടെലിവിഷൻ പരിപാടികൾ കാണാനും വെറുതെ പാട്ടുകേൾക്കാനും.” രണ്ടാമത്, വല്ലപ്പോഴും പാടുമ്പോൾത്തന്നെ റോക്ക്, പോപ്പ് താരങ്ങളുടെ രൂക്ഷശബ്ദത്തെ അനുകരിക്കാനുള്ള പ്രവണതയാണ് മുന്നിട്ടുനിൽക്കുന്നത്. അത്തരം “അനുകരണം കുട്ടികളുടെ സ്വനാവയവങ്ങൾക്ക് ആയാസം സൃഷ്ടിക്കുന്നു,” ഫുക്ക്സ് എഴുതുന്നു. അത് കണ്ഠനാളത്തിന്റെയും കഴുത്തിലെ പേശികളുടെയും അയവ് ഇല്ലാതാക്കും. വർധിച്ച ആയാസം സ്വനതന്തുക്കളിൽ ചെറു മുഴകൾ ഉണ്ടാകാനും തദ്വാരാ ശബ്ദഗുണം കുറയാനും കാരണമാകും. (g03 11/08)
ഉറുമ്പുകൾ പ്രളയത്തെ അതിജീവിക്കുന്ന വിധം
മഴയത്ത് ഉറുമ്പുകൾ എന്തുചെയ്യും? മണ്ണിനടിയിൽ ജീവിക്കുന്ന ചില ഇനം ഉറുമ്പുകൾ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ശ്രദ്ധേയമായ ഉപായങ്ങൾ അവലംബിക്കുന്നു എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. ഉഷ്ണമേഖലാ വനങ്ങളിൽ ജീവിക്കുന്ന ചില ഇനം ഉറുമ്പുകൾ, “അവയുടെ കൂടിന്റെ പ്രവേശന ദ്വാരത്തിങ്കൽ ഒരു തുള്ളി [വെള്ളം] വീണാൽ പോലും ബഹളംവെച്ച് കൂടിനുള്ളിലൂടെ പരക്കംപായുന്നു, മിക്കപ്പോഴും ഓട്ടം അവസാനിക്കുന്നത് മറ്റ് വാതിലുകളിലൂടെ കൂടിനു വെളിയിൽ എത്തുമ്പോഴായിരിക്കും,” ഉറുമ്പുകളെ കുറിച്ചു പഠനം നടത്തുന്ന ഡോക്ടർ എഡ്വേർഡ് ഒ. വിൽസണും ബർട്ട് ഹോൾ ഡോബ്ളറും വിശദീകരിക്കുന്നു. “അവ മറ്റ് ഉറുമ്പുകളെ ഘ്രാണശക്തികൊണ്ടു തിരിച്ചറിയാൻ കഴിയുന്ന വഴികളിലൂടെ കൂടിനുള്ളിലെ സുരക്ഷിതമായ പ്രവേശന പഥങ്ങളിലേക്കോ ചിലപ്പോൾ കൂടിനു വെളിയിലേക്കോ നയിക്കുന്നു.” 30 സെക്കൻഡിനുള്ളിൽ കോളനിയിലെ ഏതാണ്ട് മുഴുവൻ ഉറുമ്പുകളെയും ചലനാത്മകമാക്കാൻ അവയ്ക്കു കഴിയും. തെക്കു പടിഞ്ഞാറൻ ഐക്യനാടുകളിലും തെക്കേ അമേരിക്കയുടെ വടക്കു ഭാഗത്തും കാണപ്പെടുന്ന തീയുറുമ്പുകളെ കുറിച്ച് ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു, “കൂടിനുള്ളിലൂടെ തറനിരപ്പോളം വന്ന്
, മുതിർന്നവരും റാണിയും കുഞ്ഞുങ്ങളുമൊക്കെ ഉൾപ്പെടുന്ന, വലിയ കൂട്ടമായി അവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. ഒരു വലിയ സംഖ്യ രക്ഷപ്പെടുന്നു . . . ഒടുവിൽ ഈ ‘ഉറുമ്പുചങ്ങാടം’ പുല്ലിലോ കുറ്റിച്ചെടികളിലോ നങ്കൂരമിടുന്നു, അതിജീവകർ വെള്ളം ഇറങ്ങുമ്പോൾ കൂട്ടിലേക്കു മടങ്ങിയേക്കാം.” (g03 11/08)
അമിത തൂക്കം അപകടകരം!
“തങ്ങളുടെ 40-കളിൽ അമിത തൂക്കമുള്ളവർ, അമിത തൂക്കം ഇല്ലാത്തവരെ അപേക്ഷിച്ച് കുറഞ്ഞത് മൂന്നു വർഷം മുമ്പു മരിക്കാനുള്ള സാധ്യതയുണ്ട്. മധ്യവയസ്സിലെ പൊണ്ണത്തടി—പുകവലി കൊണ്ടെന്ന പോലെ—ആയുർദൈർഘ്യത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് അതിന്റെ അർഥം,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “നിങ്ങൾക്ക് 30-കളുടെ പകുതി മുതൽ 40-കളുടെ പകുതി വരെ അമിത തൂക്കം ഉണ്ടെങ്കിൽ, പിന്നീട് തൂക്കം കുറഞ്ഞാൽപ്പോലും, മരണസാധ്യത ഉയർന്നത് ആയിരിക്കും എന്നാണ് ഈ പഠനം കാണിക്കുന്നത്,” ഒരു തൂക്കംകുറയ്ക്കൽ ചികിത്സാലയത്തിന്റെ ഡയറക്ടറായ ഡോക്ടർ സേർഷ് ഷാബൂർ പറഞ്ഞു. “ചെറുപ്പത്തിൽ തന്നെ തൂക്കത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക എന്നതാണ് ഇതു നൽകുന്ന സന്ദേശം. കാലവിളംബം ഒരുപക്ഷേ അപരിഹാര്യമായ നാശം വരുത്തിവെക്കും.” തൂക്കം കുറയ്ക്കുന്നത്
കാൻസർ മൂലമുള്ള മരണത്തെയും ചെറുത്തേക്കാം. 9,00,000 ആളുകളിൽ 16 വർഷം പഠനം നടത്തിയതിനു ശേഷം, അമേരിക്കൻ കാൻസർ സൊസൈറ്റി, “പുരുഷന്മാർക്കിടയിലെ 14-ഉം സ്ത്രീകൾക്കിടയിലെ 20-ഉം ശതമാനം കാൻസർ മരണങ്ങൾക്ക് അമിത തൂക്കവുമായി ബന്ധമുണ്ടായിരിക്കാം” എന്ന നിഗമനത്തിൽ എത്തിച്ചേർന്നതായി ടൈംസ് പറഞ്ഞു. അമിത തൂക്കത്തെ പഠനങ്ങൾ വിവിധ തരം കാൻസറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. (g03 11/22)ആശ്രയയോഗ്യമല്ലാത്ത സഭകൾ
“പോലീസിലും സൈന്യത്തിലും വലിയ ഒരളവോളം ആശ്രയം വെക്കുന്ന ജർമൻകാർ സഭകളെ ആശ്രയോഗ്യമായി കണക്കാക്കുന്നില്ല,” ലൈപ്റ്റ്സിഗർ ഫോക്സൈറ്റുങ് എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. 17 പ്രമുഖ പൊതു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ “ആശ്രയയോഗ്യതാ സർവേ”യിൽ സഭകൾ ഏറ്റവും പിന്നിലാണ്. അരക്ഷിതാവസ്ഥ തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ ജർമൻകാർ “നന്മതിന്മകളെ വിവേചിക്കാൻ” കഴിയുന്ന, പോലീസും സൈന്യവും പോലുള്ള സംഘടനകളിൽ ഏറെ ആശ്രയം അർപ്പിക്കുന്നു എന്നാണ് സാമൂഹിക ശാസ്ത്രജ്ഞനായ ആർമിൻ നസ്സഹീ പറഞ്ഞത്. സഭകളെ ആശ്രയോഗ്യമായി കാണാത്തതിന്റെ കാരണം എന്താണ്? നസ്സഹീ പറയുന്നു: “മതഭക്തിയുടെ ഒരു നവോത്ഥാനം ഉണ്ടായിട്ടുണ്ടെങ്കിൽപ്പോലും, സഭകൾക്ക് തങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കുന്നില്ല.” “ജർമനിയിലെ സഭകൾക്ക് ആചാരങ്ങളല്ലാതെ മറ്റൊന്നും നൽകാനില്ല,” അദ്ദേഹം കുറിക്കൊള്ളുന്നു. (g03 12/08)
അതിവിദൂര സർവീസ് കോളുകൾ
ഐക്യനാടുകളിലെ ഫിലദെൽഫിയയിൽ നിന്ന് ഒരു സ്ത്രീ ഒരു പ്രാദേശിക ഉപഭോക്തൃ സേവന നമ്പർ ഡയൽ ചെയ്യുന്നു. അവർക്കു മറുപടി നൽകിയ ചെറുപ്പക്കാരി മിഷെൽ എന്നാണ് സ്വയം പരിചയപ്പെടുത്തിയതെങ്കിലും, അവൾ ഇന്ത്യയിൽ നിന്നുള്ള മേഘ്ന ആയിരുന്നു, ഇന്ത്യയിൽ അപ്പോൾ സമയം പാതിരാത്രി ആയിരുന്നുതാനും. അമേരിക്കൻ എക്സ്പ്രസ്സ്, എറ്റി&റ്റി, ജനറൽ ഇലക്ട്രിക് കമ്പനി, ബ്രിട്ടീഷ് എയർവേയ്സ്, സിറ്റിബാങ്ക് തുടങ്ങിയ വിദേശ കമ്പനികൾക്കു വേണ്ടി “വിദൂര ഓഫീസ്” സേവനം നിർവഹിക്കുന്നതിന് ഇന്ത്യയിലെ കോൾ സെന്ററുകൾ 1,00,000-ത്തിലേറെ ആളുകളെയാണ് വിന്യസിച്ചിരിക്കുന്നത്. മിതമായ അന്താരാഷ്ട്ര ടെലിഫോൺ നിരക്കാണ് ഈ പ്രവർത്തനരംഗം ഇന്ത്യയിലേക്ക് മാറ്റാൻ പ്രേരകമായിട്ടുള്ള ഒരു ഘടകം. ഒപ്പം, “പാശ്ചാത്യ രാജ്യങ്ങളിൽ ഇതേ ജോലിക്കു കൊടുക്കുന്നതിന്റെ 80 ശതമാനം കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന വിദ്യാസമ്പന്നരും ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരുമായ ജോലിക്കാരുടെ ലഭ്യതയും,” ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. സംസാരത്തിൽ പരമാവധി അമേരിക്കൻ ചുവ വരുത്തുന്നതിന് മേഘ്നയെപ്പോലുള്ള ടെലിഫോൺ ഓപ്പറേറ്റർമാർ മാസങ്ങളോളം പരിശീലനം നേടുന്നു. “വ്യത്യസ്തങ്ങളായ അമേരിക്കൻ ഉച്ചാരണഭേദങ്ങൾ ഗ്രഹിക്കുന്നതിന് പ്രശസ്ത ഹോളിവുഡ് സിനിമകൾ കാണുന്നതും അതിൽ ഉൾപ്പെടുന്നു.” മേഘ്നയുടെ കമ്പ്യൂട്ടർ ഫിലദെൽഫിയയിലെ കാലാവസ്ഥ സൂചിപ്പിക്കുന്നതുകൊണ്ട് താൻ അവിടെത്തന്നെയാണെന്ന പ്രതീതി ജനിപ്പിക്കാൻ അവൾക്കു കഴിയും. ഒപ്പം, “ശുഭദിനാശംസ”യോടെയാണ് അവൾ സംഭാഷണം അവസാനിപ്പിക്കുന്നത്. (g03 12/22)
പഠിക്കാൻ പ്രായം പ്രശ്നമല്ല
നിരക്ഷരത വ്യാപകമായിട്ടുള്ള നേപ്പാളിൽ 12-ലധികം കൊച്ചുമക്കളുള്ള ഒരു വൃദ്ധൻ വിദ്യാഭ്യാസം നേടാനുള്ള തന്റെ ശ്രമങ്ങൾക്ക് പ്രസിദ്ധി നേടിയിരിക്കുന്നു. റൈട്ടർ ബാഷ എന്നറിയപ്പെടുന്ന ബാൽ ബഹാദൂർ കാർക്കീ 1917-ലാണ് ജനിച്ചത്. അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. 84-ാം വയസ്സിൽ, നാലു പ്രാവശ്യം പരീക്ഷ എഴുതി പത്താം തരം പാസ്സായി. ഇപ്പോൾ 86-ാം വയസ്സിൽ അദ്ദേഹം കോളേജ് വിദ്യാഭ്യാസം നേടുകയാണ്. ഇംഗ്ലീഷ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അദ്ദേഹം മറ്റുള്ളവരെ അതു പഠിപ്പിക്കുകയും ചെയ്യുന്നു. ചെറുപ്പക്കാരുടെ നടുവിലിരിക്കുമ്പോൾ വീണ്ടും ചെറുപ്പമായതു പോലെ തോന്നുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള ഒടുവിലത്തെ യാത്രയിൽ തന്റെ നേട്ടങ്ങളെ പ്രതി അദ്ദേഹം സമ്മാനിതനായപ്പോൾ കാതടപ്പിക്കുന്ന കരഘോഷം അകമ്പടി സേവിച്ചു. പ്രായം ഏറിപ്പോയി എന്നതുകൊണ്ടു മാത്രം പഠനം ഉപേക്ഷിക്കാതിരിക്കാൻ അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും റൈട്ടർ ബാഷയ്ക്ക് ഒരു പരാതി ഉണ്ടായിരുന്നു. വിമാനയാത്രാ നിരക്കിൽ ഇളവു കിട്ടാഞ്ഞതുകൊണ്ട്, മൂന്നു ദിവസത്തെ നടപ്പിനുശേഷം ബസ്സിൽ കയറി യാത്രചെയ്യേണ്ടിവന്നു അദ്ദേഹത്തിന്. “ഞാൻ ഒരു വിദ്യാർഥി ആയതിനാൽ, വിമാനക്കമ്പനിക്കാർ എനിക്ക് വിദ്യാർഥികൾക്കുള്ള ഇളവ് അനുവദിക്കേണ്ടതാണ്” അദ്ദേഹം കാഠ്മണ്ഡു പോസ്റ്റിനോടു പറഞ്ഞു. (g03 12/22)
നായ്ക്കളുടെ ഭാഷ മനസ്സിലാക്കുന്നു?
ജപ്പാനിലെ ഒരു കളിപ്പാട്ട നിർമാണ കമ്പനി നായ്ക്കളുടെ ശബ്ദം മനുഷ്യഭാഷയിലേക്കു മൊഴിമാറ്റം നടത്തുന്നതായി പറയപ്പെടുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നു എന്ന് ജപ്പാൻ ഇൻഫർമേഷൻ നെറ്റ്വർക്ക് റിപ്പോർട്ടു ചെയ്യുന്നു. നായയുടെ കഴുത്തിലെ ബെൽറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വയർലസ് മൈക്രോഫോൺ ആണ് ഈ ഉപകരണം. ഇത് ഒരു റിസീവറിലേക്ക് ശബ്ദം സംപ്രേഷണം ചെയ്യുന്നു. റിസീവർ നായയുടെ ശബ്ദം അപഗ്രഥിച്ച് നിരാശ, കോപം, സന്തോഷം, സങ്കടം, ഇച്ഛ, അക്രമോന്മുഖത എന്നിങ്ങനെ ആറു വൈകാരിക അവസ്ഥകളായി വർഗീകരിക്കുന്നുവത്രേ. ഫലം റിസീവറിന്റെ ദ്രാവക ക്രിസ്റ്റൽ പ്രതലത്തിൽ കാണാം. അവയിൽ “എനിക്കു നല്ല സുഖം തോന്നുന്നു!” “ഇതു വലിയ ശല്യമായല്ലോ!” “വരൂ, എന്റെ കൂടെ കളിക്കൂ!” തുടങ്ങിയ വാക്യങ്ങൾ ഉൾപ്പെടുന്നു. 100 ഡോളർ വിലയുള്ള ഈ ഉപകരണം ജപ്പാനിൽ 3,00,000 എണ്ണം വിറ്റഴിച്ചെന്നും ദക്ഷിണ കൊറിയയിലും അമേരിക്കയിലും വിപണിയിലിറക്കുന്നതോടെ അതു പത്ത് ലക്ഷം ആകുമെന്നും നിർമാതാവ് അവകാശപ്പെട്ടു.(g03 12/08)
കുരങ്ങും മനുഷ്യനും തമ്മിലുള്ള വ്യത്യാസം
ചിമ്പാൻസികൾ, ഒറാങ്ങുട്ടാനുകൾ, റീസസ് കുരങ്ങുകൾ, മറ്റു ചില കുരങ്ങുകൾ എന്നിവയുടെ ഡിഎൻഎ-യെക്കുറിച്ചുള്ള അടുത്ത കാലത്തെ ഒരു വിശകലനം, അവയുടെ ജനിതക ഘടന ശാസ്ത്രജ്ഞന്മാർ ഒരിക്കൽ കരുതിയിരുന്നതുപോലെ മനുഷ്യന്റേതിനോടു സമാനമല്ലെന്നു വെളിപ്പെടുത്തിയിരിക്കുന്നു. “ഡിഎൻഎ-കൾ തമ്മിലുള്ള വ്യത്യാസങ്ങൾ—നിസ്സാരമല്ല, ഗണ്യമായവ—മനുഷ്യക്കുരങ്ങുകളെയും മറ്റു കുരങ്ങുകളെയും മനുഷ്യരിൽ നിന്നും പരസ്പരവും വേർതിരിക്കുന്നു” എന്ന് ബ്രിട്ടനിലെ ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. “ക്രോമസോമുകൾ താരതമ്യം ചെയ്യുമ്പോൾ ചില ജനിതക ഘടകങ്ങളുടെ ആധിക്യവും അഭാവവും പ്രകടമാണ്,” വിശകലനം നടത്തിയ ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള പൾജൻ കമ്പനിയിലെ കെല്ലി ഫ്രേസർ വിശദീകരിക്കുന്നു. “നമ്മെയും കുരങ്ങുകളെയും വേർതിരിക്കുന്ന വിശാലമായ വിടവ്” എന്നാണ് ന്യൂ സയന്റിസ്റ്റ് ഈ വ്യത്യാസങ്ങളെ വിശേഷിപ്പിച്ചത്.(g03 12/22)