വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബി​ളി​ന്റെ വീക്ഷണം

നയതന്ത്രം ലോക​സ​മാ​ധാ​നം കൈവ​രു​ത്തു​മോ?

നയതന്ത്രം ലോക​സ​മാ​ധാ​നം കൈവ​രു​ത്തു​മോ?

യുദ്ധങ്ങൾക്കെ​ല്ലാം ഒരു അറുതി വന്നുകാ​ണാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? ദേശീ​യ​വും അന്തർദേ​ശീ​യ​വു​മായ ഏറ്റുമു​ട്ട​ലു​കൾക്ക്‌ ഒരു നയതന്ത്ര പരിഹാ​രം ആവശ്യ​മാ​ണെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടാ​കണം. ലോക​നേ​താ​ക്കൾ സഹകരി​ച്ചു പ്രവർത്തി​ച്ചാൽ യുദ്ധം ഇല്ലായ്‌മ ചെയ്യാ​വു​ന്ന​തേ​യു​ള്ളു എന്ന്‌ പലരും കരുതു​ന്നു. എന്നിരു​ന്നാ​ലും, നയതന്ത്ര ശ്രമങ്ങൾ പാളി​പ്പോ​കു​ന്നതു കണ്ട്‌ നിങ്ങൾക്കു നിരാശ തോന്നു​ന്നു​ണ്ടാ​കാം. നൂറ്റാ​ണ്ടു​ക​ളാ​യി നയത​ന്ത്രജ്ഞർ കരാറു​ക​ളിൽ ഒപ്പു​വെ​ക്കു​ക​യും പ്രമേ​യങ്ങൾ പാസ്സാ​ക്കു​ക​യും ഉച്ചകോ​ടി സമ്മേള​നങ്ങൾ നടത്തു​ക​യു​മൊ​ക്കെ ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും ശാശ്വ​ത​മാ​യി പരിഹ​രി​ക്കാൻ കഴിഞ്ഞി​ട്ടുള്ള പ്രശ്‌നങ്ങൾ നന്നേ കുറവാണ്‌.

നയത​ന്ത്ര​ത്തെ​യും സമാധാ​ന​ത്തെ​യും കുറിച്ച്‌ ബൈബിൾ വളരെ​യ​ധി​കം കാര്യങ്ങൾ പറയു​ന്നുണ്ട്‌. പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ അത്‌ ഉത്തരം നൽകുന്നു: ഇന്ന്‌ സമാധാ​നം കൈവ​രു​ത്തു​ന്ന​തിൽനിന്ന്‌ നയതന്ത്ര ശ്രമങ്ങളെ തടയുന്ന ഘടകങ്ങൾ എന്തെല്ലാ​മാണ്‌? ക്രിസ്‌ത്യാ​നി​കൾ നയതന്ത്ര ശ്രമങ്ങ​ളിൽ ഉൾപ്പെ​ട​ണ​മോ? യഥാർഥ സമാധാ​നം ഒടുവിൽ എങ്ങനെ കൈവ​രും?

സമാധാ​നത്തെ തടയു​ന്നത്‌ എന്ത്‌?

വ്യക്തികൾ തമ്മിലുള്ള സമ്പർക്കം സമാധാ​ന​ത്തി​ലേക്കു നയിക്കു​ന്നത്‌ എങ്ങനെ എന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കുന്ന ചില വിവര​ണങ്ങൾ ബൈബി​ളിൽ ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നയപൂർവം കാര്യങ്ങൾ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ തന്റെ കുടും​ബ​ത്തോ​ടു പ്രതി​കാ​രം ചെയ്യു​ന്ന​തിൽനിന്ന്‌ അബീഗ​യിൽ ദാവീ​ദി​നെ​യും അവന്റെ ആളുക​ളെ​യും തടഞ്ഞു. (1 ശമൂവേൽ 25:18-35) യുക്തി​സ​ഹ​മായ മറ്റു പോം​വ​ഴി​ക​ളൊ​ന്നും ഇല്ലാത്ത​തി​നാൽ സമാധാ​ന​ത്തി​നാ​യി അഭ്യർഥി​ക്കാൻ സ്ഥാനപ​തി​കളെ അയച്ച ഒരു രാജാ​വി​ന്റെ ദൃഷ്ടാന്തം യേശു ഒരിക്കൽ ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. (ലൂക്കൊസ്‌ 14:31, 32) അതേ, ചില തരം നയത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ഏറ്റുമു​ട്ട​ലു​കൾ ഒഴിവാ​ക്കാൻ കഴിയു​മെന്ന്‌ ബൈബിൾ സമ്മതി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ സമാധാന ചർച്ചകൾക്ക്‌ മിക്ക​പ്പോ​ഴും കാര്യ​മായ ഫലം ഉണ്ടാകാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

നമ്മുടെ കാലം പ്രക്ഷു​ബ്ധ​മായ ഒന്നായി​രി​ക്കു​മെന്ന്‌ ബൈബിൾ കൃത്യ​മാ​യി പ്രവചി​ച്ചു. പിശാ​ചായ സാത്താന്റെ ദുഷ്ടസ്വാ​ധീ​ന​ത്തിൻ ഫലമായി ആളുകൾ “ഇണങ്ങാ​ത്ത​വ​രും [“ഒന്നിനും വഴങ്ങാ​ത്ത​വ​രും, പി.ഒ.സി. ബൈബിൾ]. . . ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ​യി”രിക്കും എന്ന്‌ അത്‌ മുൻകൂ​ട്ടി പറഞ്ഞു. (2 തിമൊ​ഥെ​യൊസ്‌ 3:3, 4; വെളി​പ്പാ​ടു 12:12) കൂടാതെ, ‘യുദ്ധങ്ങ​ളും യുദ്ധ​ശ്രു​തി​ക​ളും’ ഇന്നത്തെ വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ പ്രത്യേ​കത ആയിരി​ക്കു​മെന്ന്‌ യേശു പ്രവചി​ച്ചു. (മർക്കൊസ്‌ 13:7, 8) ഇവ ഒന്നി​നൊ​ന്നു വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന യാഥാർഥ്യം ആർക്കെ​ങ്കി​ലും നിഷേ​ധി​ക്കാ​നാ​കു​മോ? ആ സ്ഥിതിക്ക്‌ രാഷ്‌ട്രങ്ങൾ തമ്മിലുള്ള സമാധാന ശ്രമങ്ങൾ മിക്ക​പ്പോ​ഴും പാളി​പ്പോ​കു​ന്ന​തിൽ അതിശ​യി​ക്കാ​നു​ണ്ടോ?

തന്നെയു​മല്ല ഈ വസ്‌തു​ത​കൂ​ടെ പരിചി​ന്തി​ക്കുക: ഏറ്റുമു​ട്ട​ലു​കൾ ഒഴിവാ​ക്കാൻ നയത​ന്ത്രജ്ഞർ കിണഞ്ഞു പരി​ശ്ര​മി​ച്ചേ​ക്കാ​മെ​ങ്കി​ലും അവരിൽ ഓരോ​രു​ത്ത​രു​ടെ​യും മുഖ്യ ലക്ഷ്യം സ്വന്ത രാജ്യ​ത്തി​ന്റെ താത്‌പ​ര്യ​ങ്ങൾ സംരക്ഷി​ക്കുക എന്നതാണ്‌. രാഷ്‌ട്രീയ നയത​ന്ത്ര​ത്തി​ന്റെ കാതൽ എന്നു പറയു​ന്ന​തു​തന്നെ അതാണ്‌. ക്രിസ്‌ത്യാ​നി​കൾ ഇത്തരം കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ട​ണ​മോ?

ലോകനയതന്ത്രജ്ഞരുടെ ഉദ്ദേശ്യ​ങ്ങൾ എന്തുതന്നെ ആയിരു​ന്നാ​ലും, ശാശ്വത പരിഹാ​രങ്ങൾ കാണാ​നുള്ള കഴിവോ പ്രാപ്‌തി​യോ അവർക്കില്ല

ക്രിസ്‌ത്യാ​നി​ക​ളും നയത​ന്ത്ര​വും

“നിങ്ങൾ പ്രഭു​ക്ക​ന്മാ​രിൽ ആശ്രയി​ക്ക​രു​തു, സഹായി​പ്പാൻ കഴിയാത്ത മനുഷ്യ​പു​ത്ര​നി​ലും അരുത്‌” എന്ന്‌ ബൈബിൾ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. (സങ്കീർത്തനം 146:3) ലോക​ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ ഉദ്ദേശ്യ​ങ്ങൾ എന്തുതന്നെ ആയിരു​ന്നാ​ലും, ശാശ്വത പരിഹാ​രങ്ങൾ കാണാ​നുള്ള കഴിവോ പ്രാപ്‌തി​യോ അവർക്കില്ല എന്ന്‌ ഈ വാക്യം സൂചി​പ്പി​ക്കു​ന്നു.

പൊന്തി​യൊസ്‌ പീലാ​ത്തോ​സി​ന്റെ മുമ്പാകെ വിചാരണ ചെയ്യ​പ്പെ​ട്ട​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഐഹി​കമല്ല [“ഈ ലോക​ത്തി​ന്റെ ഭാഗമല്ല,” NW]; എന്റെ രാജ്യം ഐഹികം ആയിരു​ന്നു എങ്കിൽ എന്നെ യെഹൂ​ദ​ന്മാ​രു​ടെ കയ്യിൽ ഏല്‌പി​ക്കാ​ത​വണ്ണം എന്റെ ചേവകർ പോരാ​ടു​മാ​യി​രു​ന്നു; എന്നാൽ എന്റെ രാജ്യം ഐഹി​കമല്ല.” (യോഹ​ന്നാൻ 18:36) സമാധാന ശ്രമങ്ങൾ മിക്ക​പ്പോ​ഴും ദേശീയ വിദ്വേ​ഷ​ത്താ​ലും രാഷ്‌ട്രീയ സ്വാർഥ​ത​ക​ളാ​ലും കളങ്കി​ത​മാ​യി​രി​ക്കും. അതു​കൊണ്ട്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ ഈ ലോക​ത്തി​ന്റെ ഏറ്റുമു​ട്ട​ലു​ക​ളിൽനി​ന്നും നയതന്ത്ര ശ്രമങ്ങ​ളിൽനി​ന്നും ഒഴിഞ്ഞു​നിൽക്കു​ന്നു.

ലോക​ത്തിൽ നടക്കുന്ന കാര്യ​ങ്ങ​ളോ​ടു ക്രിസ്‌ത്യാ​നി​കൾ നിസ്സംഗത പുലർത്തു​ന്നു​വെ​ന്നോ മനുഷ്യ​രു​ടെ യാതനകൾ അവർ ഗൗനി​ക്കു​ന്നി​ല്ലെ​ന്നോ ആണോ അതിനർഥം? തീർച്ച​യാ​യു​മല്ല. മറിച്ച്‌, ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ തങ്ങൾക്കു ചുറ്റും നടക്കുന്ന ഹീനമായ കാര്യങ്ങൾ കണ്ട്‌ “നെടു​വീർപ്പി​ട്ടു കരയുന്ന”തായി ബൈബിൾ പറയുന്നു. (യെഹെ​സ്‌കേൽ 9:4) സമാധാ​നം കൊണ്ടു​വ​രാൻ കഴിവു​ള്ളത്‌, അതു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ദൈവ​ത്തി​നാ​ണെന്ന്‌ വിശ്വ​സി​ക്കു​ന്നെന്നു മാത്രം. സമാധാ​നം എന്നതിനെ യുദ്ധമി​ല്ലാത്ത അവസ്ഥ എന്നാണോ നിങ്ങൾ നിർവ​ചി​ക്കു​ന്നത്‌? ദൈവ​രാ​ജ്യം തീർച്ച​യാ​യും അങ്ങനെ​യൊ​രു അവസ്ഥയാണ്‌ കൈവ​രു​ത്താൻ പോകു​ന്നത്‌. (സങ്കീർത്തനം 46:8, 9) എന്നാൽ അതിനു പുറമേ, മുഴു ഭൂവാ​സി​കൾക്കും അത്‌ സമ്പൂർണ സുരക്ഷി​ത​ത്വ​വും ക്ഷേമവും ഉറപ്പാ​ക്കും. (മീഖാ 4:3, 4; വെളി​പ്പാ​ടു 21:3-5) അങ്ങനെ​യുള്ള ശ്രേഷ്‌ഠ​മായ സമാധാ​നം, നയത​ന്ത്ര​ങ്ങ​ളാ​ലോ മനുഷ്യർ രൂപം​കൊ​ടു​ത്തി​രി​ക്കുന്ന ‘സമാധാ​ന​പാ​ല​ന​ത്തി​നാ​യുള്ള’ സംഘട​ന​ക​ളു​ടെ ശ്രമങ്ങ​ളാ​ലോ ഒരിക്ക​ലും കൈവ​രാൻ പോകു​ന്നില്ല.

സമാധാ​ന​ത്തി​നാ​യി മാനു​ഷിക നയത​ന്ത്ര​ശ്ര​മ​ങ്ങ​ളിൽ ആശ്രയി​ക്കു​ന്നത്‌ നിരാ​ശ​യി​ലേക്കേ നയിക്കു​ക​യു​ള്ളു എന്ന്‌ ബൈബിൾ പ്രവച​ന​വും കഴിഞ്ഞ​കാല അനുഭ​വ​ങ്ങ​ളും വ്യക്തമാ​യി കാണി​ക്കു​ന്നു. സമാധാ​നം കൈവ​രു​ത്താ​നാ​യി യേശു​ക്രി​സ്‌തു​വിൽ പ്രത്യാശ അർപ്പി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തെ പിന്താ​ങ്ങു​ക​യും ചെയ്യു​ന്നവർ യഥാർഥ സമാധാ​ന​ത്തി​നാ​യുള്ള തങ്ങളുടെ ആഗ്രഹം സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​ന്നതു കാണും. മാത്രമല്ല, നിത്യ​ത​യി​ലെ​ങ്ങും അവർ അത്‌ ആസ്വദി​ക്കു​ക​യും ചെയ്യും!—സങ്കീർത്തനം 37:11, 29.