വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ത്വക്ക്‌ ഒരു “നഗര മതിൽ”

നിങ്ങളുടെ ത്വക്ക്‌ ഒരു “നഗര മതിൽ”

നിങ്ങളു​ടെ ത്വക്ക്‌ ഒരു “നഗര മതിൽ”

പുരാതന നഗരങ്ങ​ളി​ലെ നിവാ​സി​കൾ, പുറത്തു​നി​ന്നുള്ള ആക്രമ​ണ​കാ​രി​കളെ തടയാൻ പ്രതി​രോധ മതിലു​കൾ നിർമി​ച്ചി​രു​ന്നു. മുന്നേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന ശത്രു​ക്കളെ തടയാ​നും പ്രതി​രോ​ധ​കർക്ക്‌ നിലയു​റ​പ്പി​ച്ചു​കൊണ്ട്‌ നഗരത്തെ സംരക്ഷി​ക്കാ​നും ഉള്ള ശക്തമായ ഉപാധി​യാ​യി നഗര മതിൽ ഉതകി. സമാന​മാ​യി നിങ്ങളു​ടെ ശരീര​ത്തി​ലും ഒരു സംരക്ഷക “മതിൽ” ഉണ്ട്‌. അതാണു ത്വക്ക്‌. ആക്രമ​ണ​കാ​രി​ക​ളിൽനിന്ന്‌ ത്വക്ക്‌ എങ്ങനെ​യാ​ണു നിങ്ങളെ സംരക്ഷി​ക്കു​ന്നത്‌?

നിങ്ങളു​ടെ ത്വക്കിന്റെ ഉപരി​തലം ബാക്ടീ​രി​യകൾ, മറ്റു സൂക്ഷ്‌മാ​ണു​ക്കൾ എന്നിവ​യാൽ നിറഞ്ഞി​രി​ക്കു​ന്നു. ഇവയിൽ ചിലത്‌ അണുബാ​ധ​യ്‌ക്കോ രോഗ​ത്തി​നോ ഇടയാ​ക്കി​യേ​ക്കാം. നിങ്ങളു​ടെ ത്വക്ക്‌ കേവലം നിഷ്‌ക്രി​യ​മായ ഒരു പ്രതി​രോ​ധമല്ല. പ്രതി​രോ​ധകർ ആയി വർത്തി​ക്കുന്ന, സൂക്ഷ്‌മാ​ണു​പ്ര​തി​രോ​ധക മാംസ്യ​ങ്ങൾ അഥവാ പെപ്‌​റ്റൈ​ഡു​കൾ ഉത്‌പാ​ദി​പ്പി​ച്ചു​കൊണ്ട്‌ അത്‌ ആക്രമ​ണ​കാ​രി​കളെ തുരത്തു​ന്ന​താ​യും കാണുന്നു. ഇവയിൽ ചിലത്‌ എപ്പോ​ഴും ഡ്യൂട്ടി​യി​ലാ​യി​രി​ക്കും. മറ്റു ചിലതാ​കട്ടെ, ത്വക്കിന്‌ ഹാനി സംഭവി​ക്കുന്ന സമയത്ത്‌ പ്രതി​രോ​ധ​ത്തി​നാ​യി അണിനി​ര​ക്കും.

സൂക്ഷ്‌മാ​ണു​പ്ര​തി​രോ​ധക പെപ്‌​റ്റൈ​ഡു​ക​ളു​ടെ കണ്ടെത്ത​പ്പെട്ട ആദ്യത്തെ രണ്ടു കൂട്ടങ്ങൾ ഡിഫെൻസിൻസ്‌ എന്നും കാത്തെ​ലി​സൈ​ഡിൻസ്‌ എന്നുമാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ആവശ്യം വരുന്ന സമയത്തു പ്രതി​രോ​ധി​ക്കാൻ എത്തുന്ന​വ​യാണ്‌ ഇവ. ത്വക്കിൽ ക്ഷതമോ വീക്കമോ ഉണ്ടാകു​ന്ന​തി​നോ​ടുള്ള പ്രതി​ക​ര​ണ​മാ​യി ത്വക്കിന്റെ ഉപരി​പാ​ളി​യി​ലുള്ള കോശ​ങ്ങ​ളാണ്‌ ഈ രണ്ടു കൂട്ടം പ്രതി​രോ​ധ​ക​ങ്ങളെ സ്രവി​പ്പി​ക്കു​ന്നത്‌. ഇവ ആക്രമ​ണ​കാ​രി​ക​ളു​ടെ കോശ​സ്‌ത​ര​ത്തിൽ ദ്വാരങ്ങൾ വീഴ്‌ത്തി​ക്കൊണ്ട്‌ അവയെ വകവരു​ത്തും.

രോഗാ​ണു​ക്ക​ളോട്‌ ഏറ്റുമു​ട്ടുന്ന മറ്റൊ​രു​തരം മാംസ്യ​ത്തെ ജർമനി​യി​ലെ ട്യൂബി​ങ്‌ഗൻ സർവക​ലാ​ശാ​ല​യി​ലെ ഗവേഷ​ക​രു​ടെ ഒരു സംഘം 2001-ൽ കണ്ടെത്തു​ക​യു​ണ്ടാ​യി. ഡെർമി​സൈ​ഡിൻ എന്നു വിളി​ക്കുന്ന ഇത്‌ സദാ പ്രവർത്ത​ന​നി​ര​ത​മാണ്‌. മറ്റു രണ്ടു കൂട്ടങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഡെർമി​സൈ​ഡിൻ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ ആരോ​ഗ്യ​മുള്ള ത്വക്കിലെ സ്വേദ ഗ്രന്ഥി​ക​ളി​ലാണ്‌. ഈ മാംസ്യ​ത്തി​ന്റെ പ്രവർത്തന രീതി ഇപ്പോ​ഴും അജ്ഞാത​മാണ്‌. എന്നിരു​ന്നാ​ലും, രോഗ​ങ്ങളെ അകറ്റി​നി​റു​ത്താൻ സ്വേദനം അഥവാ വിയർക്കൽ സഹായി​ക്കു​ന്നു എന്ന വസ്‌തുത, ദേഹം അമിത​മാ​യി വൃത്തി​യാ​ക്കു​ന്ന​വർക്ക്‌ ത്വക്കിൽ അണുബാ​ധ​യും എക്‌സി​മ​യും (ഒരുതരം ചർമ​രോ​ഗം) ഉണ്ടാകാൻ സാധ്യത കൂടു​ത​ലു​ള്ള​തി​ന്റെ കാരണം വിശദീ​ക​രി​ച്ചേ​ക്കാം.

പുരാതന നഗര മതിൽ പോലെ നമ്മുടെ ത്വക്ക്‌ ശത്രു​ക്ക​ളായ ആക്രമ​ണ​കാ​രി​കൾക്കെ​തി​രെ ഒരു പ്രതി​ബ​ന്ധ​മാ​യി വർത്തി​ക്കു​ന്നു. തീർച്ച​യാ​യും സങ്കീർത്ത​ന​ക്കാ​രന്റെ പിൻവ​രുന്ന വാക്കു​ക​ളോട്‌ നിങ്ങൾ യോജി​ക്കും: “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്ര പെരു​കി​യി​രി​ക്കു​ന്നു! ജ്ഞാന​ത്തോ​ടെ നീ അവയെ ഒക്കെയും ഉണ്ടാക്കി​യി​രി​ക്കു​ന്നു”—സങ്കീർത്തനം 104:24. (g03 01/08)