ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കുരങ്ങുകളി
ഇഷ്ടംപോലെ കുരങ്ങന്മാരെ വേണ്ടുവോളം ടൈപ്റൈറ്ററുകൾ കൊടുത്ത് ടൈപ്പ് ചെയ്യാൻ ഏൽപ്പിക്കുകയാണെങ്കിൽ ക്രമേണ അവർ ഷെയ്ക്സ്പിയറിന്റെ മുഴുവൻ കൃതികളും എഴുതിത്തീർക്കും എന്നു ചിലർ സിദ്ധാന്തിച്ചു. അതുകൊണ്ട് ഇംഗ്ലണ്ടിലെ പ്ലിമത്ത് സർവകലാശാലയിലെ ഗവേഷകർ ആറു കുരങ്ങന്മാർക്ക് ഒരു മാസത്തേക്ക് ഒരു കമ്പ്യൂട്ടർ കൊടുത്തു. “ഒരൊറ്റ വാക്കുപോലും ടൈപ്പ് ചെയ്യാൻ” കുരങ്ങന്മാർക്കു “കഴിഞ്ഞില്ല” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ പെയ്ന്റൺ മൃഗശാലയിലെ ഈ ആറു കുരങ്ങന്മാർക്ക് “അഞ്ചു പേജുകൾ ടൈപ്പ് ചെയ്യാനേ കഴിഞ്ഞുള്ളൂ.” എസ് എന്ന അക്ഷരമായിരുന്നു അതിൽ ഒട്ടുമുക്കാലും. ഒടുവിലായപ്പോൾ ജെ, എ, ഐ, എം എന്നീ ഏതാനും അക്ഷരങ്ങൾകൂടെ കുരങ്ങച്ചന്മാർ ടൈപ്പ് ചെയ്തിരുന്നു. കീബോർഡിനെ കുരങ്ങന്മാർ തങ്ങളുടെ പൊതു കക്കൂസ് ആയും ഉപയോഗിച്ചു. (g03 01/22)
മുട്ടകളിൽനിന്ന് പാമ്പിൻ വിഷത്തിനുള്ള പ്രതിവിഷം
“കോഴിമുട്ടയ്ക്ക് സർപ്പദംശനത്തിനു ചികിത്സാർഥം ഉപയോഗിക്കാനുള്ള തന്മാത്രകളുടെ ഒരു ഉറവായിരിക്കാൻ കഴിയുമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നു.” ദ ടൈസ് ഓഫ് ഇന്ത്യ ആണ് ഇതു റിപ്പോർട്ടു ചെയ്തത്. ഏതാണ്ട് 12 ആഴ്ച പ്രായമുള്ള കോഴികളിൽ “പേശികൾക്കുള്ളിലൂടെ മാരകമല്ലാത്ത ഡോസിലുള്ള വിഷം” കുത്തിവെക്കുന്നു. രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം ഒരു ബൂസ്റ്റർ ഡോസുംകൂടെ നൽകുന്നു. 21 ആഴ്ചയ്ക്കു ശേഷം കോഴികൾ പ്രതിവിഷ പ്രതിവസ്തുക്കൾ (antibodies) അടങ്ങുന്ന മുട്ടകളിടാൻ തുടങ്ങുന്നു. കോഴിമുട്ടയിൽനിന്നു കിട്ടുന്ന പ്രതിവിഷം കുതിരകളിൽനിന്ന് ലഭിക്കുന്നവയുടെ സ്ഥാനത്ത് ഉപയോഗിക്കാൻ കഴിഞ്ഞേക്കുമെന്നു ഗവേഷകർ പ്രത്യാശിക്കുന്നു. കുതിരകളിൽനിന്ന് “സർപ്പ വിഷത്തിനുള്ള പ്രതിവിഷം ശേഖരിക്കുന്നതിന് അവയെ വേദനയേറിയ നടപടികൾക്ക് വിധേയമാക്കേണ്ടതുണ്ട്” എന്ന് ദ ടൈംസ് പറയുന്നു. ഓസ്ട്രേലിയയിലുള്ള ശാസ്ത്രജ്ഞർ ഇതിനോടകംതന്നെ പുതിയ സാങ്കേതികവിദ്യ ജന്തുക്കളിൽ പരീക്ഷിച്ച് വിജയം നേടിയിരിക്കുന്നതായി അവകാശപ്പെടുന്നു. മുട്ടയിൽനിന്നുള്ള പ്രതിവിഷം മനുഷ്യരിൽ ഫലകരമെന്നു തെളിഞ്ഞാൽ ഇത് ഇന്ത്യയ്ക്കു വലിയൊരു അനുഗ്രഹം ആയിരിക്കും. കാരണം, വർഷംതോറും ഇവിടെ സർപ്പദംശനത്തിന്റെ 3,00,000 കേസുകൾ രേഖപ്പെടുത്താറുണ്ട്. ഇവരിൽ 10 ശതമാനം പേർ മരണമടയുന്നു.(g03 01/08)
പൂമ്പാറ്റകളുടെ പറക്കൽ
“ചിത്രശലഭങ്ങൾക്ക് കുറഞ്ഞ വേഗത്തിൽ അതിവിദഗ്ധമായി ചലിക്കാൻ, കാര്യമായ ശ്രമമൊന്നും കൂടാതെ ചിറകടിച്ചു നിൽക്കാനും പുറകോട്ടും വശങ്ങളിലേക്കും പറക്കാനും കഴിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു” എന്ന് ലണ്ടനിലെ ദി ഇൻഡിപ്പെൻഡന്റ് പറയുന്നു. ഒടുവിൽ ഇപ്പോൾ ഈ ശലഭങ്ങളുടെ പറക്കലിന്റെ രഹസ്യം തങ്ങൾ മനസ്സിലാക്കിയെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ വിശ്വസിക്കുന്നു. വായുഗതി മനസ്സിലാക്കുന്നതിന്, പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു വിൻഡ് ടണലും നേരിയ പുകപടലവും ഉപയോഗിച്ച് അവർ ചുവന്ന അഡ്മിറൽ ചിത്രശലഭങ്ങളുടെ പറക്കൽ നിരീക്ഷിച്ചു. വിൻഡ് ടണലിൽ വെച്ചിരുന്ന കൃത്രിമ പുഷ്പങ്ങളിലേക്കും തിരിച്ചും ശലഭങ്ങൾ പറക്കുമ്പോൾ അവയുടെ ചിറകുകൾക്കു ചുറ്റുമുണ്ടാകുന്ന വായുഗതി ഒപ്പിയെടുക്കാൻ അവർ അതിവേഗ ഡിജിറ്റൽ ക്യാമറകൾ ഉപയോഗിച്ചു. “ചിത്രശലഭങ്ങളുടെ പറക്കൽ ക്രമരഹിതവും അലക്ഷ്യവും ആയ ചുറ്റിത്തിരിയൽ അല്ല, മറിച്ച് നാനാതരത്തിലുള്ള വായുഗതിക വിദ്യകളുടെ മേലുള്ള നിയന്ത്രണശേഷിയുടെ ഫലമാണ്” എന്ന് ഗവേഷകർ കണ്ടെത്തി. ഈ വിവരങ്ങൾ ഉപയോഗിച്ച്, പത്തു സെന്റിമീറ്റർ മാത്രം ചിറകുവിരിവുള്ളതും ദൂരെനിന്നു നിയന്ത്രിക്കാവുന്നതുമായ കൊച്ചുവിമാനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ക്യാമറ ഘടിപ്പിച്ച് ഇവയെ ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് ചിറകുള്ള നിരീക്ഷകരായി അയയ്ക്കാൻ കഴിയും. (g03 01/08)
ആനക്കൊമ്പിന്റെ നിയമപരമായ വിൽപ്പന
ആഫ്രിക്കയിലെ ആനകളുടെ എണ്ണം 1979 മുതൽ 1989 വരെയുള്ള വെറും പത്തുവർഷം കൊണ്ട് പകുതിയിലധികം കുറഞ്ഞു. ഇവയുടെ കൊമ്പുകൾകൊണ്ട് ഉണ്ടാക്കിയ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതായിരുന്നു ഇതിന് ഒരു കാരണം. ഓട്ടോമാറ്റിക് ആയുധങ്ങൾ അനധികൃത നായാട്ടുകാരുടെ ഇടയിൽ സുലഭമായിത്തീർന്നതാണ് മറ്റൊരു കാരണം. തത്ഫലമായി, വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കരാർ (സിഐറ്റിഇഎസ്) 1989-ൽ ആനക്കൊമ്പ് വ്യാപാരത്തിന്മേൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തി. എന്നിരുന്നാലും, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ എന്നിവിടങ്ങളിൽനിന്നുള്ള 60 ടൺ ആനക്കൊമ്പ് ഒറ്റത്തവണയായി വിൽക്കുന്നതിന് സിഐറ്റിഇഎസ് ആ രാജ്യങ്ങൾക്ക് അടുത്തകാലത്ത് അനുമതി നൽകിയതായി അമേരിക്കൻ വൈൽഡ്ലൈഫ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഈ കൊമ്പുകൾ അനധികൃത നായാട്ടുകാരിൽനിന്നു പിടിച്ചെടുത്തതോ തനിയെ ചത്തുപോയ ആനകളിൽനിന്ന് എടുത്തതോ ആയിരുന്നു. വേറെ രണ്ടു രാജ്യങ്ങൾക്ക് ആനക്കൊമ്പു വിൽപ്പനയ്ക്ക് അനുമതി നൽകിയില്ല. ലേഖനം പറയുന്നതനുസരിച്ച്, ‘ആനക്കൊമ്പിന്റെ നിയമവിരുദ്ധ വ്യാപാരം തടയാനാകുമെന്നതിന് അവർ മതിയായ ഉറപ്പു നൽകാഞ്ഞതാണു’ കാരണം. (g03 01/08)
കഷ്ടത്തിലായ കർഷകർ
ഒരു റിപ്പോർട്ട് അനുസരിച്ച്, “കാർഷികോത്പന്നങ്ങളുടെ അളവിൽ ലോകത്തിന്റെ മിക്കയിടങ്ങളിലും വർധന നേടിക്കൊടുത്ത ഹരിതവിപ്ലവത്തിനുവേണ്ടി [ചിലർക്ക്] ഒരു വിലയൊടുക്കേണ്ടി വന്നു: ലോകത്തിലെ പരമദരിദ്രരായ ലക്ഷക്കണക്കിന് ആഫ്രിക്കൻ കർഷകർ ദാരിദ്ര്യത്തിലേക്ക് ഒന്നുകൂടി കൂപ്പുകുത്തി” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നു. അതെങ്ങനെ? ലോക ജനസംഖ്യ ത്വരിതഗതിയിൽ വർധിച്ചതിന്റെ ഫലമായി പ്രതീക്ഷിച്ചിരുന്ന ക്ഷാമത്തെ ചെറുക്കുന്നതിന് 1950-കളുടെ അവസാനം മുതൽ വർധിച്ച വിളവു നൽകുന്ന തരം ഗോതമ്പും നെല്ലും കൃഷി ചെയ്യുകയുണ്ടായി. എന്നാൽ, ഇവ ധാന്യങ്ങളുടെ ആധിക്യത്തിനും അങ്ങനെ വിലയിടിവിനും കാരണമായി. “വില കുറഞ്ഞെങ്കിലും വിളവു കൂടുതൽ കിട്ടിയതിനാൽ ഈ പുതിയ തരം വിളകൾ കൃഷിയിറക്കാൻ കഴിഞ്ഞ കർഷകർക്ക് നഷ്ടം വന്നില്ല. പക്ഷേ അതിനു ശേഷിയില്ലാതിരുന്ന പാവപ്പെട്ട കർഷകർക്ക് കനത്ത നഷ്ടം ഏറ്റുവാങ്ങേണ്ടിവന്നു” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നു. അതു മാത്രമല്ല, ആഫ്രിക്കൻ ചുറ്റുപാടുകൾ ഈ പുതിയ തരം വിത്തുകൾക്ക് ചേർന്നതായിരുന്നില്ല. കാരണം അവ ഏഷ്യയ്ക്കും ലാറ്റിൻ അമേരിക്കയ്ക്കും വേണ്ടി വികസിപ്പിച്ചെടുത്തതായിരുന്നു. (g03 01/22)
ഉറക്കം തൂങ്ങുന്ന ഡ്രൈവർമാരേ, അപകടം പതിയിരിക്കുന്നു!
“ഡ്രൈവർമാരുടെ ക്ഷീണം അല്ലെങ്കിൽ ഉറക്കം തൂങ്ങൽ നമ്മുടെ സമൂഹത്തിലെ വ്യാപകവും ഗുരുതരവുമായ ഒരു പ്രശ്നമാണ്” എന്ന് മെഡിക്കൽ ജേർണൽ ഓഫ് ഓസ്ട്രേലിയയിൽ (എംജെഎ) വന്ന ഒരു പഠന റിപ്പോർട്ട് പറയുന്നു. “20 ശതമാനത്തിലധികം റോഡ് അപകടങ്ങൾക്കു കാരണം ഡ്രൈവർമാരുടെ ഉറക്കം തൂങ്ങലാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു” എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. എംജെഎ-യിൽ വന്ന പഠന റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “ഉറക്കം തൂങ്ങുന്നതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങളിൽ മിക്കതും ഉണ്ടാകുന്നത് ഡ്രൈവർമാർ തനിച്ച് രാത്രിയിലോ ഉച്ചമയക്കത്തിന്റെ സമയത്തോ താരതമ്യേന നല്ല വേഗത്തിൽ വാഹനമോടിച്ചു പോകുമ്പോഴാണ്. മോട്ടോർ വാഹന അപകടങ്ങളുടെ മറ്റു കാരണങ്ങളുടെ കാര്യത്തിലെപോലെതന്നെ ഉറക്കം തൂങ്ങി വാഹനമോടിച്ച് അപകടത്തിൽ പെടുന്നത് 30 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കിടയിൽ ഏറെ സാധാരണമാണ്.” വണ്ടിയോടിച്ചുകൊണ്ടിരിക്കെ ഉറക്കത്തിലേക്കു വഴുതിവീഴാൻ സാധ്യതയുള്ളവർ ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് ആപ്നിയ (ഒഎസ്എ) എന്ന, ഉറക്കവുമായി ബന്ധപ്പെട്ട ഒരു സാധാരണ ക്രമക്കേടുള്ളവരാണ്. “മധ്യവയസ്കരായ ഏതാണ്ട് 25 ശതമാനം പുരുഷന്മാരെ” ഈ പ്രശ്നം ബാധിക്കുന്നതായി ജേർണൽ പറയുന്നു. ഈ ക്രമക്കേട് ഉള്ളവർ വാഹനമോടിച്ചുകൊണ്ടിരിക്കെ ഉറക്കം തൂങ്ങാൻ പോകുകയാണെങ്കിലും ആ കാര്യം സംബന്ധിച്ച് ബോധവാന്മാരല്ലാതിരുന്നേക്കാം. (g03 01/22)
ഉരുകുന്ന ഹിമാനികൾ
വൈകുന്ന മൺസൂൺ കാരണം ഇന്ത്യയിലെ പഞ്ചാബിലുള്ള മറ്റു ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നിരിക്കുമ്പോൾ സത്ലജ് നദിയിലെ ബക്ര ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ ഏതാണ്ട് ഇരട്ടിയായി ഉയർന്നു. എന്തുകൊണ്ട്? സത്ലജിന്റെ മുഖ്യ പോഷകനദി ഒഴുകിവരുന്നത് 89 ഹിമാനികൾ ഉള്ള സ്ഥലത്തുകൂടെയാണ് എന്ന് ഡൗൺ റ്റു എർത്ത് എന്ന മാസിക പറയുന്നു. “മൺസൂണിന്റെ അഭാവം ഹിമാനികളുടെ വലുപ്പം വർധിച്ചതോതിൽ കുറഞ്ഞുപോകാൻ കാരണമായിരിക്കുന്നു. മേഘങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സൂര്യരശ്മികൾ കൂടുതൽ തീവ്രമായി ഹിമാനികളിൽ പതിക്കുന്നു. ഇതും വളരെ ഉയർന്ന താപനിലയും ഹിമാനികൾ പെട്ടെന്ന് ഉരുകാൻ ഇടയാക്കുന്നു” എന്ന് ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഹിമാനി വിദഗ്ധനായ സയെദ് ഇക്ബാൽ ഹാസ്നെയ്ൻ വിശദീകരിക്കുന്നു. ഇങ്ങനെ ഉരുകുകയാണെങ്കിൽ അത് ഹിമാനികൾ ഉരുകി രൂപംകൊള്ളുന്ന തടാകങ്ങൾ നിറഞ്ഞുകവിയാൻ ഇടയാക്കിയേക്കും എന്ന് വിദഗ്ധർ കരുതുന്നു. കൂടാതെ, വലുപ്പം കുറഞ്ഞ ഹിമാനികൾ, ഭാവിയിൽ ജലലഭ്യത കുറയാനും അങ്ങനെ ഊർജോത്പാദനവും കൃഷിയും പ്രതികൂലമായി ബാധിക്കപ്പെടാനും ഇടയാക്കും. (g03 01/22)