വാഹനം നന്നാക്കുമ്പോൾ സുരക്ഷയിൽ ശ്രദ്ധിക്കുക
വാഹനം നന്നാക്കുമ്പോൾ സുരക്ഷയിൽ ശ്രദ്ധിക്കുക
കെവിന് തന്റെ കാറിലെ ഓയിൽ മാറ്റി പരിചയമുണ്ടായിരുന്നു. ക്രാങ്ക്കേസിന്റെ കീഴ്ഭാഗത്തായുള്ള ഓയിൽ പാനിന്റെ അടപ്പൂരി ഓയിൽ ഊറ്റിയെടുത്തശേഷം അത് വീണ്ടും അടപ്പിട്ട് മുറുക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ ഒരിക്കൽ ഇതു ചെയ്യുമ്പോൾ സ്പാനർ ബോൾട്ടിൽനിന്നു തെന്നിപ്പോയി. അദ്ദേഹത്തിന്റെ കൈ മൂർച്ചയുള്ള ഒരു ലോഹക്കഷണത്തിൽ ചെന്നു ശക്തിയായി ഇടിച്ച് കൈവെള്ള വല്ലാതെ മുറിഞ്ഞു, കുറെ കുത്തിക്കെട്ട് ഇടേണ്ടി വന്നു.
കെവിനെ പോലുള്ള അനേകർ പതിവായി സ്വന്തം വാഹനത്തിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നവരാണ്. ഇത് ചെലവു ചുരുക്കുന്നു എന്ന കാരണത്താൽ മാത്രമായിരിക്കാം ചിലർ അങ്ങനെ ചെയ്യുന്നത്. എന്നാൽ അത്യാവശ്യം അറ്റകുറ്റപ്പണികൾ അറിഞ്ഞിരിക്കുന്നതുകൊണ്ട് വേറെയും പ്രയോജനങ്ങളുണ്ട്. കാത്തി എന്ന സ്ത്രീ പറയുന്നു: “ഒരിക്കൽ ഒരു ദീർഘയാത്രയ്ക്കിടയിൽ എന്റെ കാറിന് എന്തോ തകരാറ് ഉണ്ടായി. കാറ് നന്നാക്കാൻ അറിയാമായിരുന്നതിനാൽ തന്നെത്താൻ പ്രശ്നം പരിഹരിച്ച് യാത്ര തുടരാൻ എനിക്കു സാധിച്ചു.”
ഒരുപക്ഷേ അറ്റകുറ്റപ്പണികളും വാഹനം നന്നാക്കലുമൊക്കെ സ്വയം ചെയ്യാൻ നിങ്ങളും ആഗ്രഹിച്ചേക്കാം. എന്നാൽ നിങ്ങൾക്ക് എങ്ങനെ അതു സുരക്ഷിതമായി ചെയ്യാൻ കഴിയും?
മുൻകൂട്ടി ചിന്തിക്കുക!
സുരക്ഷയ്ക്ക് ആയിരിക്കണം മുൻഗണന. a കെവിന്റെ അപകടം കാണിക്കുന്നതുപോലെ, സ്ഥലം തീരെ കുറവായിരിക്കുമ്പോഴും വളരെ ശക്തി ചെലുത്തി ഒരു ഉപകരണം ഉപയോഗിക്കേണ്ടി വരുമ്പോഴും എളുപ്പം പരിക്കേൽക്കാം. അത് നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും? നിങ്ങൾ ഒരു ബോൾട്ട് മുറുക്കുകയാണ് എന്നിരിക്കട്ടെ. സ്പാനർ അതിനു മുകളിൽ ശരിയായി ഉറപ്പിച്ചുവെക്കാൻ ശ്രദ്ധിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക, ‘സ്പാനർ തെന്നിപ്പോയാൽ എന്റെ കൈ എങ്ങോട്ടാണു പോകുക?’ കൈയുറ ധരിക്കുകയോ കൈയിൽ തുണി പൊതിയുകയോ ചെയ്താൽ അത് കുറച്ചു സംരക്ഷണം പ്രദാനം ചെയ്തേക്കാം. നിങ്ങൾ ചെലുത്തുന്ന ശക്തി നിയന്ത്രിക്കുന്നതിന് സ്പാനർ എതിർദിശയിലേക്കു തള്ളുന്നതിനു പകരം പറ്റുമെങ്കിൽ നിങ്ങളുടെ വശത്തേക്കു വലിക്കുക. അതുപോലെ ഏറെ മുറുകിയിരിക്കുന്ന ഒരു ബോൾട്ട് അയയ്ക്കുമ്പോൾ അത് അൽപ്പാൽപ്പമായി—ഒരു സമയത്ത് ഒരു വൃത്തത്തിന്റെ നാലിൽ ഒന്നു വീതം—തിരിക്കാൻ നോക്കുക. സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും ശക്തി നിയന്ത്രിക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട ഈ തത്ത്വങ്ങൾ എല്ലായ്പോഴും ബാധകമാണ്. തിരക്കിന്റെ പേരിൽ അവ ഒരിക്കലും അവഗണിക്കരുത്!
ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഉപകരണം മറ്റെന്തിനെങ്കിലും ഉപയോഗിക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണത്തിന് ടോമിന്റെ കാര്യം എടുക്കുക. അദ്ദേഹം
തന്റെ കാറിലെ സ്പാർക്ക് പ്ലഗ്ഗുകൾ മാറ്റാൻ ശ്രമിച്ചപ്പോൾ അതു വളരെ ബുദ്ധിമുട്ടാണെന്നു കണ്ടെത്തി. എന്തുകൊണ്ട്? കാരണം അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന സോക്കറ്റ് റെൻചിന്റെ സോക്കറ്റിന് നീളം കുറവായിരുന്നു. അതുകൊണ്ട് അത് ആദ്യത്തെ പ്ലഗ്ഗിൽനിന്നു തെന്നിപ്പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ, ടോം സോക്കറ്റിനും റാച്ചറ്റിനും ഇടയ്ക്ക് ഒരു എക്സ്റ്റെൻഷൻ പിടിപ്പിച്ചു. അതിനുശേഷം, ആദ്യത്തെ സ്പാർക്ക് പ്ലഗ്ഗ് മാറ്റാൻ എടുത്ത സമയംകൊണ്ട് അദ്ദേഹത്തിന് ബാക്കി അഞ്ചും മാറ്റാൻ കഴിഞ്ഞു—അതും സുരക്ഷിതമായി! ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? ശരിയായ ഉപകരണം ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.അതുപോലെ വണ്ടിയുടെ അടിയിൽ കിടന്ന് പണിയുകയോ ഡാഷ്ബോർഡിന്റെ അടിവശം പരിശോധിക്കുകയോ ചെയ്യുമ്പോൾ കണ്ണിൽ എന്തെങ്കിലും പോകാനുള്ള സാധ്യതയുണ്ട്. ഇത് എങ്ങനെ ഒഴിവാക്കാൻ കഴിയും? “കണ്ണ് സംരക്ഷിക്കാൻ തക്കവണ്ണം കണ്ണടയോ മറ്റോ ധരിക്കുക,” ഒരു മെക്കാനിക്കായി പത്തിലധികം വർഷത്തെ അനുഭവപരിചയമുള്ള ഷോൻ പറയുന്നു. “ഞാൻ ജോലി ചെയ്യുന്നിടത്ത് ഇത്തരം സുരക്ഷാ നടപടികൾ നിർബന്ധമാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ബാറ്ററി ആസിഡ് പോലുള്ള അപകടകരമായ ദ്രാവകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോഴും കണ്ണുകൾക്കു സംരക്ഷണം പ്രദാനം ചെയ്യേണ്ടതാണ്.
വണ്ടിയുടെ അടിയിൽ പണി ചെയ്യേണ്ടതുള്ളപ്പോൾ എല്ലായ്പോഴും ശരിയായ രീതിയിൽ രൂപകൽപ്പന ചെയ്ത ഒരു ജാക്ക് സ്റ്റാൻഡോ പ്രൊഫഷനൽ ലിഫ്റ്റോ ഉപയോഗിക്കുക. അല്ലെങ്കിൽ, വാഹനത്തിന്റെ അടിയിൽ പണി ചെയ്യാനായി ബലിഷ്ഠമായ വിധത്തിൽ പ്രത്യേകം രൂപസംവിധാനം ചെയ്തിരിക്കുന്ന ഗർത്തം പ്രയോജനപ്പെടുത്താവുന്നതാണ്. ജാക്ക് മാത്രം ഉപയോഗിച്ച് ഉയർത്തി നിറുത്തിയ ഒരു വാഹനത്തിന്റെ അടിയിലേക്ക് ഒരിക്കലും കയറരുത്. വണ്ടിക്ക് ആവശ്യത്തിന് താങ്ങ് ലഭിക്കുന്നതിന് ജാക്കും ജാക്ക് സ്റ്റാൻഡും എവിടെ ഉറപ്പിക്കണം
എന്ന് ചില വാഹനങ്ങളുടെ മാന്യുവലിൽ പറയാറുണ്ട്. എന്നിരുന്നാലും, വല്ലാതെ മുറുകിയിരിക്കുന്ന ഒരു ബോൾട്ട് അയയ്ക്കാൻ ശ്രമിക്കുമ്പോഴെന്നപോലെ പെട്ടെന്ന് ശക്തി ചെലുത്തുമ്പോൾ വാഹനം അതിന്റെ താങ്ങുകളിൽനിന്ന് തെന്നിപ്പോയേക്കാം എന്ന് ഓർക്കുക.അത്യാഹിതങ്ങൾ ഒഴിവാക്കൽ
വാഹനത്തിന്റെ ചില ഭാഗങ്ങൾ വളരെ ചൂടാകുന്നതിനാൽ അവിടെ തൊട്ടാൽ പൊള്ളലേൽക്കും. ഉദാഹരണത്തിന് റേഡിയേറ്ററിലെ വെള്ളം എഞ്ചിൻ ഓഫ് ചെയ്ത ശേഷം കുറച്ചു സമയത്തേക്കുംകൂടെ ചൂടായിരിക്കും. അതുകൊണ്ട് കൈ കൊണ്ട് തൊടാൻ പാകത്തിന് റേഡിയേറ്റർ തണുത്ത ശേഷമേ അതിന്റെ അടപ്പ് തുറക്കാവൂ. ചില വാഹനങ്ങളിലെ റേഡിയേറ്റർ ഫാൻ വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്നതാണ്. എഞ്ചിൻ ഓഫ് ചെയ്ത ശേഷം പോലും അതു തന്നെത്താൻ പ്രവർത്തിച്ചുതുടങ്ങും. അതുകൊണ്ട് അപകടം ഒഴിവാക്കാൻ പണി തുടങ്ങുന്നതിനു മുമ്പ് ബാറ്ററിയിൽനിന്ന് ഗ്രൗണ്ട് വയർ വിച്ഛേദിക്കുക.
വാഹനം നന്നാക്കുമ്പോൾ മോതിരവും മറ്റ് ആഭരണങ്ങളും ഊരിവെക്കുക, പ്രത്യേകിച്ചും എഞ്ചിൻ ഓൺ ആണെങ്കിൽ. ഉന്തിനിൽക്കുന്ന ഏതെങ്കിലും ഭാഗത്ത് അവ ഉടക്കിയേക്കാം എന്നു മാത്രമല്ല ലോഹാഭരണങ്ങൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകുകയും ചുട്ടു പഴുക്കുകയും ചെയ്തേക്കാം! അയഞ്ഞ കൈയുള്ള വസ്ത്രങ്ങൾ, ടൈ, സ്കാർഫ്, നീണ്ട മുടി തുടങ്ങിയവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങളിൽ കുടുങ്ങിപ്പോയേക്കാം.
പണിയെല്ലാം ചെയ്തു കഴിയുമ്പോഴോ? അവസാനമായി ഒരു കാര്യംകൂടെ ചെയ്യുക. “ചെയ്ത പണി എപ്പോഴും രണ്ടാമതൊന്ന് പരിശോധിക്കുക” എന്ന് തിരക്കേറിയ ഒരു വർക്ക്ഷോപ്പിലെ സർവീസ് അഡ്വൈസറായ ഡെർക്ക് പറയുന്നു. “ഒരിക്കൽ ബ്രേക്കിന്റെ പണി കഴിഞ്ഞ് ഒരു മെക്കാനിക്ക് ഇത് ചെയ്യാൻ മറന്നു. ബ്രേക്കുകൾ പ്രവർത്തിച്ചില്ല, വണ്ടി നേരെ എന്റെ മേശയിലേക്ക് ഇടിച്ചുകയറി!” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ
ഒരു ദിവസം തന്റെ കാറ് വല്ലാതെ ചൂടാകുന്നതായി ടോം ശ്രദ്ധിച്ചു. ഒരു ഹോസ് പൊട്ടി റേഡിയേറ്ററിലെ വെള്ളം പുറത്തേക്ക് ഒലിച്ചുപോയിരുന്നു. കാറിൽ സൂക്ഷിച്ചിരുന്ന ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് ടോം താത്കാലികമായി ഹോസിന്റെ പൊട്ടിയ ഭാഗം ഒട്ടിച്ചുവെച്ചശേഷം റേഡിയേറ്ററിൽ വെള്ളവും ആന്റിഫ്രീസും ഒഴിച്ചു. പിന്നെ വണ്ടിയുടെ സ്പെയർ പാർട്സ് കിട്ടുന്ന ഒരു കടയിലേക്ക് ഓടിച്ചുപോയി ഒരു പുതിയ ഹോസ് വാങ്ങി. വണ്ടി നന്നാക്കാൻ അവശ്യം വേണ്ട സാധനങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ടോമിന്റെ അനുഭവം വ്യക്തമാക്കുന്നു.
വണ്ടി ഓടിക്കുമ്പോൾ അസാധാരണമായ എന്തെങ്കിലും ശബ്ദമോ മണമോ വരുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഇവോണിന്റെ കാര്യം എടുക്കുക. കാറിന്റെ എഞ്ചിനിൽനിന്ന് എന്തോ ഒരു മണം വരുന്നതായി അവർ ശ്രദ്ധിച്ചു. അവരുടെ ഭർത്താവ് ബോണറ്റ് തുറന്നു നോക്കിയപ്പോൾ കണ്ടത് റേഡിയേറ്റർ ഹോസിന്റെ മുകൾഭാഗത്തെ ഒരു ചെറിയ തുളയിൽനിന്ന് ആന്റിഫ്രീസ് മുകളിലേക്കു ചീറ്റുന്നതാണ്. കാറ് അമിതമായി ചൂടാകുന്നതിനു മുമ്പുതന്നെ പ്രശ്നം കണ്ടുപിടിച്ചതുകൊണ്ട് അവർക്ക് ഒരു വർക്ക്ഷോപ്പിലേക്ക് വണ്ടി ഓടിച്ചുകൊണ്ടുപോകാൻ കഴിഞ്ഞു.
ഹൈവേയിൽവെച്ച് വണ്ടി നിന്നുപോകുന്നെങ്കിൽ എന്താണു ചെയ്യേണ്ടത്? ആദ്യംതന്നെ വാഹനം റോഡിൽനിന്നു കഴിയുന്നത്ര മാറ്റിയിടാൻ ശ്രമിക്കുക. യാത്രക്കാർ, പ്രത്യേകിച്ചും കുട്ടികൾ, വാഹനത്തിന്റെ ഉള്ളിൽ സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കണം. ഇനി, പുറത്തിറങ്ങേണ്ടതുണ്ടെങ്കിൽ തിരക്കേറിയ റോഡിൽനിന്നു കഴിയുന്നത്ര മാറിനിൽക്കുക. എമർജൻസി ലൈറ്റുകൾ തെളിക്കുക. വാഹനത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് മറ്റുള്ളവർക്കു മനസ്സിലാകാൻ തക്കവണ്ണം ബോണറ്റ് ഉയർത്തിവെക്കുക. റിഫ്ളെക്റ്ററുകളും മറ്റും ശ്രദ്ധാപൂർവം സ്ഥാപിക്കുക.
ബാറ്ററിയുടെ ചാർജ് തീർന്നു പോയിരിക്കുന്നെങ്കിൽ ജംപർ കേബിളുകൾ ഉപയോഗിച്ച് നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിൻ മറ്റൊരു വാഹനത്തിന്റെ ബാറ്ററിയുമായി ബന്ധിപ്പിച്ച് വണ്ടി സ്റ്റാർട്ട് ചെയ്യാൻ നിങ്ങൾ ഒരുപക്ഷേ തീരുമാനിച്ചേക്കാം. എന്നാൽ ഒരു കാര്യം മനസ്സിൽ പിടിക്കുക: വാഹനങ്ങളുടെ ബാറ്ററികൾ എളുപ്പം കത്തുന്ന വാതകം പുറപ്പെടുവിക്കുന്നു. ചെറിയൊരു തീപ്പൊരി മതി, അപകടകരമായ ആസിഡ് ചിതറിച്ചുകൊണ്ട് ഒരു സ്ഫോടനം ഉണ്ടാകാൻ. അതുകൊണ്ട് ഈ രീതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്യേണ്ടത് എങ്ങനെയെന്നു നിങ്ങൾക്കോ നിങ്ങളെ സഹായിക്കുന്നവർക്കോ വേണ്ടത്ര നിശ്ചയം ഇല്ലെങ്കിൽ അറിയാവുന്നവരുടെ സഹായം തേടുക.
നാം കണ്ടു കഴിഞ്ഞതുപോലെ, വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതു നിസ്സാരമായിട്ട് എടുക്കാവുന്ന ഒരു ഉത്തരവാദിത്വമല്ല. നിങ്ങൾ വാഹനത്തിൽ പണിയുന്നത് ഒരു അടിയന്തിര സാഹചര്യത്തിലായാലും പതിവു പണികളുടെ ഭാഗമായിട്ടായാലും ഒരു കാര്യം എപ്പോഴും മനസ്സിൽ പിടിക്കുക: സുരക്ഷ സംബന്ധിച്ചു ബോധമുള്ളവരായിരിക്കുന്നത് അത്യന്താപേക്ഷിതമാണ്! (g03 01/08)
[അടിക്കുറിപ്പ്]
a നിങ്ങൾ ആദ്യമായിട്ടാണ് ഒരു പണി ചെയ്യുന്നതെങ്കിൽ വണ്ടിയുടെ റിപ്പെയർ മാന്യുവൽ നോക്കി ചെയ്യുകയോ അനുഭവപരിചയമുള്ള ഒരു സുഹൃത്തിനോടു സഹായം ചോദിക്കുകയോ ചെയ്യുക. നിങ്ങളുടെ വാഹനത്തിൽ കമ്പ്യൂട്ടർവത്കൃതമോ മറ്റു തരത്തിലുള്ളതോ ആയ അതിനൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആവശ്യമായ ഉപകരണങ്ങളും അനുഭവപരിചയവും ഉള്ള ഒരു മെക്കാനിക്കിന്റെ അടുത്തേക്ക് വണ്ടി കൊണ്ടുപോകുന്നതായിരിക്കും ഒരുപക്ഷേ നല്ലത്.
[21-ാം പേജിലെ ആകർഷക വാക്യം]
ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഉപകരണം മറ്റെന്തിനെങ്കിലും ഉപയോഗിക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്
[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
വാഹനത്തിൽ ഉണ്ടായിരിക്കേണ്ട സാധനങ്ങൾ
□ സ്റ്റെപ്പിനിയും ജാക്കും
□ ജംപർ കേബിളുകൾ
□ റിഫ്ളെക്റ്ററുകൾ
□ ഉപകരണങ്ങളും കണ്ണടയും
□ ടോർച്ച്
□ ആവശ്യം വന്നാൽ ഉപയോഗിക്കാനുള്ള ദ്രാവകങ്ങൾ (ഓയിൽ, വെള്ളം, കൂളന്റ്, ബ്രേക്ക് ഫ്ളൂയിഡ്)
□ ഒട്ടിക്കാനുള്ള ഡക്റ്റ് ടേപ്പ്
□ എക്സ്ട്രാ ഫ്യൂസുകൾ
□ വലിക്കാനുള്ള കയർ (ശ്രദ്ധിക്കുക: ചില സ്ഥലങ്ങളിൽ പ്രത്യേക ലൈസൻസുള്ള വാഹനങ്ങൾക്കേ കേടുപറ്റിയ വാഹനങ്ങൾ വലിച്ചുകൊണ്ടുപോകാനുള്ള അനുവാദം ഉള്ളൂ)
□ ഉപകരണങ്ങൾ വൃത്തിയായും ദ്രാവകങ്ങൾ നിറച്ച പാത്രങ്ങൾ നേരെയും വെക്കാൻ ഒരു പെട്ടി
വാഹനം നന്നാക്കുന്നതിനു വേണ്ട കൂടുതലായ മറ്റു സാധനങ്ങളും വണ്ടിയിൽ വെക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ വഴിയിൽവെച്ചു നിന്നുപോയ വാഹനങ്ങൾ നന്നാക്കിക്കൊടുക്കുന്ന ചില ഓട്ടോമൊബൈൽ ക്ലബ്ബുകൾ, വാഹന ഉടമകൾ തന്നെത്താൻ പണി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സഹായിക്കാൻ മടി കാണിക്കാറുണ്ട്. അതുകൊണ്ട് നിങ്ങൾ ഒരു ഓട്ടോമൊബൈൽ ക്ലബ്ബിലെ അംഗമാണെങ്കിൽ ഏതുതരം പണികളാണ് അനുവദനീയം എന്ന് മനസ്സിലാക്കിയിരിക്കുക.