ഓമനമൃഗങ്ങൾ സമനിലയോടു കൂടിയ വീക്ഷണം പുലർത്തുക
ഓമനമൃഗങ്ങൾ സമനിലയോടു കൂടിയ വീക്ഷണം പുലർത്തുക
മുൻ ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ ഭൂമിയെയും അതിലുള്ള ജീവജന്തുക്കളെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യനു ലഭിച്ചു. ബൈബിൾ ഇങ്ങനെ പറയുന്നു: ‘[ദൈവം] സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു; ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും തന്നേ.’—സങ്കീർത്തനം 8:6-8; 115:16.
മൃഗങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്വം മനുഷ്യർ എങ്ങനെ നിർവഹിക്കുന്നു എന്നുള്ളതു പ്രധാനമാണ്. “നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ചു കരുതലുള്ളവനാണ്” എന്ന് ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 12:10, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഇസ്രായേല്യർക്കു ദൈവം നൽകിയ ന്യായപ്രമാണത്തിൽ മൃഗങ്ങളോടു പരിഗണന കാണിക്കണമെന്ന് ആവർത്തിച്ച് അനുശാസിച്ചിരുന്നു. (ആവർത്തനപുസ്തകം 22:4, 10; 25:4) തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനിടയിൽ മനുഷ്യർ പലപ്പോഴും വളർത്തുമൃഗങ്ങളുമായി ചങ്ങാത്തത്തിലായിട്ടുണ്ട്, എന്തിന് കാട്ടുമൃഗങ്ങളെപ്പോലും മെരുക്കിയെടുത്ത് ഓമനിച്ചു വളർത്തിയിട്ടുണ്ട്.—ഉല്പത്തി 1:24.
എന്നിരുന്നാലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസവും ബൈബിൾ എടുത്തുകാട്ടുന്നുണ്ട് എന്നു മനസ്സിൽപ്പിടിക്കുന്നത് നല്ലതാണ്. മൃഗങ്ങളല്ല, മനുഷ്യരാണ് ദൈവത്തിന്റെ ‘സ്വരൂപത്തിലും സാദൃശ്യത്തിലും’ സൃഷ്ടിക്കപ്പെട്ടത്. (ഉല്പത്തി 1:26) അതുപോലെതന്നെ, പരിമിതമായ ആയുർദൈർഘ്യത്തോടെയാണ് മൃഗങ്ങൾ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ മനുഷ്യർക്കാകട്ടെ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നൽകപ്പെട്ടിരുന്നു. (ഉല്പത്തി 3:22, 23; സങ്കീർത്തനം 37:29) “നിത്യജീവൻ” ആസ്വദിക്കാൻ നാം വിശ്വാസം പ്രകടമാക്കുകയും ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുകയും ചെയ്യണമെന്ന് യേശുക്രിസ്തു പറഞ്ഞു. മൃഗങ്ങൾക്കു സാധിക്കുന്ന കാര്യങ്ങളല്ല ഇവ. (യോഹന്നാൻ 3:36; 17:3) കൂടാതെ, പുനരുത്ഥാനത്തിനു യോഗ്യരല്ലാത്തവരെ ‘നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളോടു’ ബൈബിൾ തുലനം ചെയ്യുന്നു.—2 പത്രൊസ് 2:9-12.
മനുഷ്യന്റെ പ്രയോജനത്തിനായി നൽകപ്പെട്ടത്
ദൈവം മനുഷ്യർക്കു വേണ്ടിയാണ് ജീവജന്തുക്കളെ സൃഷ്ടിച്ചത്. വേല ചെയ്യുന്നതിൽ അവരെ സഹായിക്കാൻ മൃഗങ്ങൾക്കു കഴിയും. കൂടാതെ മനുഷ്യരുടെ മിത്രങ്ങളായിരിക്കാനും അവയ്ക്കാവും. ജന്തുലോകം ദൈവത്തിന്റെ സ്നേഹത്തെയും ജ്ഞാനത്തെയും വിളിച്ചോതുന്നു. പക്ഷിമൃഗാദികളുടെ ഭംഗി ആസ്വദിക്കുന്നതും അവയുടെ വിസ്മയാവഹമായ സഹജജ്ഞാനം സംബന്ധിച്ച പഠനത്തിലൂടെ സ്രഷ്ടാവിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതും ഹൃദ്യമായ അനുഭവമാണ്. (സങ്കീർത്തനം 104:24; സദൃശവാക്യങ്ങൾ 30:24-28; റോമർ 1:20) ആ ജ്ഞാനത്തിന്റെ അനേകം വരുന്ന ദൃഷ്ടാന്തങ്ങളിൽ ഒന്ന് പ്രാണിലോകത്തിൽ കാണാൻ കഴിയും. തേനീച്ചകൾ പരസ്പരം ആശയവിനിമയം നടത്തുന്നതും കൂട്ടാളികൾ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസ്രോതസ്സുകളുടെ അടുക്കലേക്കു ചെല്ലുന്നതും ആരിലും ആശ്ചര്യം ജനിപ്പിക്കും. തേനീച്ചകൾ അവയുടെ സങ്കീർണമായ കൂടുകൾ നിർമിക്കുന്ന വിധം അതിലും വിസ്മയജനകമാണ്.
ജീവജന്തുക്കൾ മനുഷ്യന് ആഹാരമായും ഉതകുന്നു. ആരംഭത്തിൽ, മനുഷ്യന് ആഹാരത്തിനായി ദൈവം സസ്യജാലങ്ങളെ മാത്രമേ നൽകിയിരുന്നുള്ളൂ. എന്നാൽ 1,600-ലധികം വർഷങ്ങൾക്കു ശേഷം അതായത് നോഹയുടെ നാളിലെ ഉല്പത്തി 1:29; 9:3) അങ്ങനെ, ജീവജന്തുക്കളെ ഭക്ഷിക്കാനുള്ള അനുവാദം ദൈവം മനുഷ്യർക്കു നൽകി. ആരംഭത്തിൽ ദൈവം മനുഷ്യരുടെ ആഹാരക്രമത്തിന്റെ ഭാഗമായി മാംസം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് അത് അനുവദിച്ചത് തീർച്ചയായും അവരുടെ പ്രയോജനത്തിനായിരുന്നിരിക്കണം.
പ്രളയത്തെ തുടർന്ന് ദൈവം ഇപ്രകാരം പറഞ്ഞു: “ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (ഇന്ന് ഓമനമൃഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ
മുൻകാലങ്ങളിൽ മനുഷ്യർ സാധാരണഗതിയിൽ ഓമനമൃഗങ്ങളെ വീടിനുള്ളിൽ പാർപ്പിച്ചിരുന്നില്ലെന്നു കാണാൻ കഴിയുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നും അങ്ങനെയൊരു രീതി ഇല്ല. എന്നാൽ സമീപകാലത്ത്, ആളുകൾ നഗരത്തിലേക്കു കുടിയേറുകയും സമ്പന്നരായിത്തീരുകയും ചെയ്തിരിക്കുന്നതുകൊണ്ട് മൃഗങ്ങളെ വീടിനുള്ളിൽ പരിപാലിക്കുന്നത് സാധാരണമായിരിക്കുകയാണ്. വികസിത രാജ്യങ്ങളിൽ ഇത് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.
ലോകത്തിലെ 50 കോടിയോളം വരുന്ന ഓമനമൃഗങ്ങളിൽ ഏതാണ്ട് 40 ശതമാനവും ഐക്യനാടുകളിലാണ്. അവിടെ ഏതാണ്ട് 5.9 കോടി നായ്ക്കളെയും 7.5 കോടി പൂച്ചകളെയും ആളുകൾ ഓമനിച്ചു വളർത്തുന്നുണ്ട്. എന്നാൽ ന്യൂയോർക്ക് നഗരത്തിലെ ഒരു വീട്ടിൽ ഉള്ളതിനെക്കാൾ കൂടുതൽ ഓമനമൃഗങ്ങൾ ലണ്ടനിലും പാരീസിലും ഉള്ള ഓരോ വീട്ടിലുമുണ്ടത്രേ!
ഏതാനും വർഷങ്ങൾക്കു മുമ്പ് പാരീസിൽ, നടപ്പാതയിൽനിന്ന് പട്ടിക്കാഷ്ഠം വാക്യും ചെയ്തു നീക്കാനായി കാനിനെറ്റ് എന്നു വിളിക്കുന്ന 70-ഓളം വാഹനങ്ങൾ വാടകയ്ക്കെടുത്തു. പാരീസിലെ 2,50,000-ത്തോളം വരുന്ന നായ്ക്കൾ ദിവസവും 25 ടൺ കാഷ്ഠം വിസർജിച്ചിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. ഇതിന്റെ പകുതിയിൽ താഴെ വിസർജ്യം മാത്രമേ കാനിനെറ്റുകൾ നീക്കം ചെയ്തുള്ളൂ. നായ്ക്കളുടെ വിസർജ്യത്തിൽ ചവിട്ടി തെന്നിവീണു പരിക്കേറ്റ് നൂറുകണക്കിന് ആളുകൾ വർഷംതോറും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ശബ്ദകോലാഹലമാണ് മറ്റൊരു പ്രശ്നം. മനുഷ്യരുമായി ഇടപെടുമ്പോൾ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ലാത്ത പല സ്വഭാവങ്ങളും ചിലർ തങ്ങളുടെ പൊന്നോമന നായ്ക്കളോടുള്ള ബന്ധത്തിൽ വെച്ചുപൊറുപ്പിക്കാറുണ്ട്. “കുരച്ച് ശല്യമുണ്ടാക്കുന്ന നായ്ക്കളുടെ ഉടമസ്ഥർ ആ ശബ്ദവും ബഹളവുമൊക്കെ അവഗണിക്കാനുള്ള ഒരു പ്രാപ്തി വളർത്തിയെടുക്കുന്നതായി കാണപ്പെടുന്നു” എന്ന് ‘പെറ്റ് കെയർ ഫോറം’ എന്ന പേരിലുള്ള ഒരു വെബ്സൈറ്റ് അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, പ്രധാനപ്പെട്ട ഒരു സംഭാഷണം തുടരാൻ കഴിയാത്തത്ര ഉച്ചത്തിൽ വീട്ടിലെ നായ കുരച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പോലും അതിന്റെ കുര നിറുത്താനായി ചിലർ ഒന്നും ചെയ്യില്ല.
ചില നായ്ക്കൾ ഉടമസ്ഥർ വീട്ടിലുള്ളപ്പോൾ ശാന്തരായിരിക്കുമെങ്കിലും അവരുടെ അഭാവത്തിൽ ചുറ്റുവട്ടത്തുള്ളവർക്ക് ഒരു വലിയ ശല്യമായിരുന്നേക്കാം. തങ്ങളുടെ പുന്നാരപ്പട്ടികളുടെ ഇത്തരം സ്വഭാവങ്ങൾ ഗണ്യമാക്കാതെ ഉടമസ്ഥർ അവയെ സ്നേഹിച്ചേക്കാമെങ്കിലും, ഷിഫ്റ്റ് ജോലി കഴിഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്ന ഒരു അയൽക്കാരനോ കുഞ്ഞിനെ ഉറക്കാൻ പാടുപെടുന്ന അടുത്ത വീട്ടിലെ ഒരമ്മയ്ക്കോ അതു പൊറുക്കാൻ കഴിഞ്ഞെന്നു വരില്ല. അതിലുപരി, വിരസത അനുഭവിക്കുന്ന മൃഗങ്ങളിൽ ചിലപ്പോൾ ഭയമോ അക്രമവാസനയോ പോലുള്ള അപകടകരമായ സ്വഭാവവിശേഷതകൾ വളർന്നുവന്നേക്കാം.
ഓമനമൃഗങ്ങൾ പെറ്റുപെരുകുന്നത് വിശേഷിച്ചും നഗരങ്ങളിൽ ഒരു വലിയ പ്രശ്നമാണ്. ഐക്യനാടുകളിൽ ഓരോ വർഷവും 1.7 കോടി നായ്ക്കളും 3 കോടി പൂച്ചകളും ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. ഇവയിൽ ലക്ഷക്കണക്കിന് നായ്ക്കളും പൂച്ചകളും ഷെൽറ്ററുകളിൽ (ഉടമസ്ഥരില്ലാത്ത മൃഗങ്ങളെ പാർപ്പിക്കുന്ന ഇടം) എത്തിച്ചേരുന്നു. ഐക്യനാടുകളിലെ മാത്രം ഷെൽറ്ററുകളിൽ പ്രതിവർഷം 40 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയ്ക്ക് മൃഗങ്ങളെ കൊന്നുകളയുന്നു.
ഇത്രയധികം മൃഗങ്ങൾ ഷെൽറ്ററുകളിൽ എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്? പലപ്പോഴും അതിനുള്ള കാരണം ഓമനമൃഗത്തോടുള്ള ഉടമസ്ഥന്റെ സ്നേഹം അധികകാലം നീണ്ടുനിൽക്കാറില്ല എന്നതാണ്. ഓമനത്വം തുളുമ്പുന്ന പട്ടിക്കുഞ്ഞ് അല്ലെങ്കിൽ പൂച്ചക്കുഞ്ഞ് കാലാന്തരത്തിൽ വളർന്നുവലുതാകുന്നു. അതോടെ അവയ്ക്കു കൂടുതലായ
ശ്രദ്ധ നൽകേണ്ടതായി വരുന്നു. എന്നാൽ വീട്ടിലുള്ള ആർക്കും അതിന്റെ കൂടെ കളിക്കാനോ അതിനെ പരിശീലിപ്പിക്കാനോ ഉള്ള സമയവും ക്ഷമയും ഉണ്ടായിരിക്കില്ല. മൃഗങ്ങളെ സംബന്ധിച്ച് വിദഗ്ധ പഠനം നടത്തിയിട്ടുള്ള, ഒരു ഗ്രന്ഥകാരി കൂടെയായ ഡോ. ജോനിക്ക ന്യൂബൈ പറയുന്നു: “പരക്കെയുള്ള ധാരണയ്ക്കു വിരുദ്ധമായി, ലോകമെമ്പാടും നടത്തിയിട്ടുള്ള പഠനങ്ങളെല്ലാം കാണിക്കുന്നത് ഷെൽറ്ററുകളിൽ എത്തിച്ചേരുന്ന നായ്ക്കളിൽ പകുതിയും അലഞ്ഞുതിരിഞ്ഞു നടക്കുന്നവ അല്ലെന്നാണ്. ഈ നായ്ക്കളുടെ കുരയും നശീകരണസ്വഭാവവും സഹിക്കവയ്യാഞ്ഞിട്ടോ അവയുടെ പുറകേ ഓടിനടക്കാനുള്ള ശേഷിയില്ലാഞ്ഞിട്ടോ ഉടമസ്ഥർതന്നെ അവയെ അവിടെ കൊണ്ടുചെന്നാക്കുന്നതാണ്.”ഓമനമൃഗങ്ങൾ പെരുകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് ഈ സാഹചര്യത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു: “എറിഞ്ഞുകളയാവുന്ന വെറും വസ്തുക്കളായി ജീവികൾ മാറിയിരിക്കുന്നു, ഓമനത്വമുള്ളപ്പോൾ നാം അവയെ താലോലിക്കുകയും അസൗകര്യമായിത്തീരുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ ജീവനോടുള്ള ഈ അനാദരവ് നമ്മുടെ സംസ്കാരത്തെ കാർന്നുതിന്നുകയാണ്.”
കണക്കിലെടുക്കേണ്ട സുപ്രധാന ഘടകങ്ങൾ
വിശേഷിച്ചും നഗരത്തിൽ താമസിക്കുന്നവർ ഒരു മൃഗത്തെ വളർത്താൻ തീരുമാനിക്കുന്നതിന് മുമ്പ് അതേ കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഊർജസ്വലരായ ഓമനമൃഗങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ദിവസേനയുള്ള വ്യായാമം ആവശ്യമാണ്. “നാഷണൽ പീപ്പിൾ ആന്റ് പെറ്റ്സ് സർവേ” എന്ന പേരിൽ ഓസ്ട്രേലിയയിൽ നടത്തപ്പെട്ട ഒരു സർവേയുടെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “നടത്തവും മറ്റു വ്യായാമങ്ങളും നായ്ക്കളുടെ ശാരീരിക ക്ഷേമത്തിനു മാത്രമല്ല മാനസിക ഉണർവിനും അനിവാര്യമാണ്. ആവശ്യത്തിനു വ്യായാമം ലഭിക്കാത്ത നായ്ക്കളെ നോക്കാൻ ബുദ്ധിമുട്ടായിരിക്കും.” ദിവസം മുഴുവൻ ഒന്നും ചെയ്യാനില്ലാതെ ചടഞ്ഞു കിടക്കുന്ന നായയ്ക്ക് അതിന്റെ സംഭരിച്ചുവെച്ചിരിക്കുന്ന ഊർജം എങ്ങനെയെങ്കിലും പുറത്തുവിടേണ്ടതായുണ്ട്. എന്നാൽ ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ക്ഷീണിച്ച് അവശരായി തിരിച്ചെത്തുന്ന പല ഉടമസ്ഥർക്കും അവയെ നടക്കാൻ കൊണ്ടുപോകുന്നതിനുള്ള ശേഷി ഉണ്ടായിരിക്കില്ല.
അതുകൊണ്ട് ഒരു പട്ടിയെയോ മറ്റോ വളർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നവർ സ്വയം ഈ ചോദ്യങ്ങൾ ചോദിക്കുന്നതു
നന്നായിരിക്കും: ‘ആ മൃഗത്തിന് ഉചിതമായ ശ്രദ്ധ നൽകാൻ എനിക്കു കഴിയുമോ? എന്റെ ജീവിതശൈലി നിമിത്തം ദിവസത്തിന്റെ ഏറിയ ഭാഗവും യാതൊരു ശ്രദ്ധയും പരിപാലനവും ലഭിക്കാത്ത അവസ്ഥയിലായിരിക്കുമോ അത്? അതിന്റെ കൂടെ കളിക്കാൻ അല്ലെങ്കിൽ അതിനെ നടക്കാൻ കൊണ്ടുപോകാൻ എനിക്കു സമയം ഉണ്ടാകുമോ? എന്റെ നായയ്ക്ക് പരിശീലനം ആവശ്യമായി വരുന്നെങ്കിൽ അതു നൽകാനോ അതിനെ ഒരു പരിശീലനകേന്ദ്രത്തിൽ കൊണ്ടുപോകാനോ ഞാൻ ഒരുക്കമാണോ? ഒരു നായെ വളർത്തുന്നത് കൂടുതൽ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചിരിക്കുന്ന സമയം അപഹരിക്കുമോ?’ഒരു ഓമനമൃഗത്തെ വളർത്തുന്നത് ചെലവുള്ള ഒരു കാര്യമാണെന്നതാണ് ഓർമിക്കേണ്ട മറ്റൊരു സംഗതി. ഇങ്ങനെയുള്ള മൃഗങ്ങളുടെ ഉടമസ്ഥരെ ഉൾക്കൊള്ളിച്ചു നടത്തിയ ഒരു സർവേ, ഐക്യനാടുകളിൽ ഒരു നായയുടെ ചികിത്സാ ചെലവുകൾക്കായി പ്രതിവർഷം ഏതാണ്ട് 10,000 രൂപയും പൂച്ചയ്ക്ക് ഏതാണ്ട് 5,000 രൂപയും വേണ്ടിവരുന്നതായി വെളിപ്പെടുത്തി. അവയുടെ ആഹാരത്തിനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കും വരുന്ന ചെലവ് വേറെയും. ഇതിനു പുറമേ, ചില സമൂഹങ്ങളിൽ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതുണ്ട്.
സമനിലയുള്ള വീക്ഷണം—ഒരു വെല്ലുവിളി
തന്റെ സൃഷ്ടികളായ ജീവജന്തുക്കളിൽ നാം ആനന്ദം കണ്ടെത്തുകയും അവയോടു സ്നേഹപൂർവകമായ കരുതൽ പ്രകടമാക്കുകയും ചെയ്യുന്നതു കാണുമ്പോൾ നമ്മുടെ സ്രഷ്ടാവ് സന്തോഷിക്കുന്നുണ്ടാകണം. അങ്ങനെയെങ്കിൽ, മൃഗങ്ങളോടു ക്രൂരമായി പെരുമാറുന്നത് ശരിയല്ല എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? എങ്കിലും വിനോദത്തിനായി മനുഷ്യർ കാളകളെയും നായ്ക്കളെയും കോഴികളെയുമൊക്കെ പോരിനിറക്കുകയും അങ്ങനെ അവ ദാരുണമായി കൊല്ലപ്പെടാൻ ഇടയാക്കുകയും ചെയ്യാറുണ്ട്. ദുഃഖകരമെന്നു പറയട്ടെ, ആളുകൾ എല്ലായ്പോഴും ദൈവം ഉദ്ദേശിച്ചിരുന്ന അനുകമ്പയോടെയല്ല മൃഗങ്ങളോടു പെരുമാറിയിട്ടുള്ളത്.
അതേസമയം ചില ആളുകൾക്ക് ഓമനമൃഗങ്ങളിലുള്ള താത്പര്യം അതിരുകടക്കുന്നു, അങ്ങനെ കൂടുതൽ പ്രാധാന്യം നൽകേണ്ട കാര്യങ്ങൾ പിന്തള്ളപ്പെടുന്നു. മൃഗങ്ങളോടുള്ള സ്നേഹം അതിരുകടക്കുമ്പോൾ അവയുടെ ജീവന് മനുഷ്യരുടേതിനെക്കാൾ പ്രാധാന്യം ഉള്ളതായി തോന്നിയേക്കാം. ഉദാഹരണത്തിന്, ഒരു മൃഗാശുപത്രിയിൽ തീപിടിത്തമുണ്ടായപ്പോൾ പുറത്തു കൂടിനിന്നിരുന്ന ഉടമസ്ഥരിൽ ചിലർ “തങ്ങളുടെ പൊന്നോമനകളോടൊപ്പം തങ്ങൾക്കും മരിക്കണമെന്നു പറഞ്ഞ് നിലവിളിച്ചുകൊണ്ട് അഗ്നിശമന പ്രവർത്തകർ തീർത്ത രക്ഷാവലയം ഭേദിച്ച് ഇടിച്ചുകയറാൻ ശ്രമിച്ചു”വത്രേ.
ഓമനിച്ചു വളർത്തിയിരുന്ന ഒരു മൃഗം ചാകുന്നത് കാണേണ്ടിവരുന്നത് കടുത്ത മനോവേദന ഉളവാക്കുമെന്നുള്ളതു തീർച്ചയാണ്. എന്നാൽ അത്തരമൊരു സാഹചര്യത്തിൽ പോലും സമനില പാലിക്കാൻ സാധിക്കും. മുമ്പ് പ്രതിപാദിച്ചതുപോലെ മൃഗങ്ങൾ ദൈവത്തിന്റെ സ്വരൂപത്തിലല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, മനുഷ്യരെ പോലെ അവ എന്നേക്കും ജീവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നുമില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ച വിധത്തെ കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ അവരുടെ മനസ്സുകളിൽ നിത്യത വെച്ചിരിക്കുക പോലും ചെയ്തിരിക്കുന്നു.” (സഭാപ്രസംഗി 3:11, ബയിങ്ടൺ) എന്നാൽ ഇത്തരമൊരു കാര്യം മൃഗങ്ങളോടുള്ള ബന്ധത്തിൽ പറയപ്പെട്ടിട്ടില്ല.
ജീവജന്തുക്കളെ കൊല്ലുന്നത് തെറ്റാണെന്നു ബൈബിൾ പറയുന്നില്ല. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ന് അവ ആഹാരമായി ഉതകുന്നു. എന്നാൽ ഒരു ഓമനമൃഗത്തെ—ഉദാഹരണത്തിന്, രോഗം മൂലം ദുരിതം അനുഭവിക്കുന്ന ഒന്നിനെ—കൊന്നുകളയുന്നതു സംബന്ധിച്ചെന്ത്? എത്ര പ്രയാസകരമായ, വേദനാജനകമായ ഒരു തീരുമാനമായിരിക്കാം അത്! എങ്കിലും, താൻ ഓമനിച്ചു വളർത്തിയ മൃഗത്തിന്റെ വേദന ദീർഘിപ്പിക്കാൻ മാത്രം ഉതകുന്ന, സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചേക്കാവുന്ന ചെലവേറിയ ഒരു ചികിത്സ നൽകുന്നതിനെക്കാൾ നല്ലത് തന്റെ വിശ്വസ്ത ചങ്ങാതിയെ വേദനയില്ലാതെ പെട്ടെന്നു കൊന്നുകളയുന്നതാണ് എന്ന് ഉടമസ്ഥൻ തീരുമാനിച്ചേക്കാം.
ദൈവം തന്റെ മാനവസൃഷ്ടിയെ ആഴമായി സ്നേഹിക്കുന്നു; നമ്മുടെ പരിപാലനയിലും മേൽനോട്ടത്തിലും ഏൽപ്പിച്ചു തന്നിരിക്കുന്ന മൃഗങ്ങളോട് നാമും സ്നേഹവും പരിഗണനയും കാട്ടേണ്ടതല്ലേ? അത്തരം സ്നേഹം ഉള്ളവരെ മിക്കപ്പോഴും, നമ്മുടെ സ്രഷ്ടാവ് ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നതുപോലെ ജീവജന്തുക്കളുമായി സന്തുഷ്ടിദായകമായ ഒരു ബന്ധം പുലർത്താമെന്ന വിസ്മയാവഹമായ പ്രത്യാശ ആകർഷിച്ചിരിക്കുന്നു. ഈ പരമ്പരയിലെ അവസാന ലേഖനം ഓമനമൃഗങ്ങളെ സംബന്ധിച്ച വിഷയത്തിന്റെ ഈ വശത്തെ കുറിച്ചു ചർച്ച ചെയ്യും. (g04 2/22)
[7-ാം പേജിലെ ചിത്രം]
ഷെൽറ്ററുകളിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ഓമനമൃഗങ്ങളെ കൊന്നുകളയുന്നത് എന്തുകൊണ്ടാണ്?
[കടപ്പാട്]
© Hulton-Deutsch Collection/CORBIS
[8, 9 പേജുകളിലെ ചിത്രങ്ങൾ]
വിശേഷിച്ചും നഗരവാസികളെ സംബന്ധിച്ചിടത്തോളം ഒരു ഓമനമൃഗത്തെ വളർത്തുന്നതിൽ പലരും ചിന്തിക്കുന്നതിനെക്കാളധികം ഉൾപ്പെട്ടിരിക്കുന്നു
[9-ാം പേജിലെ ചിത്രം]
നാം മൃഗങ്ങളോട് ദയയോടെ ഇടപെടുമ്പോൾ നമ്മുടെ സ്രഷ്ടാവ് സന്തോഷിക്കുന്നു