കരിമരുന്നു പ്രയോഗത്തോടുള്ള ആകർഷണം
കരിമരുന്നു പ്രയോഗത്തോടുള്ള ആകർഷണം
ഇന്ന് കരിമരുന്നു പ്രയോഗം ഏതൊരു ആഘോഷത്തിന്റെയും അവിഭാജ്യ ഘടകമായിത്തീർന്നിരിക്കുന്നു. കാനഡയിലെ ഒരു കാർഷിക മേളയുടെ ഉദ്ഘാടനമായാലും ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങായാലും ശരി വെടിക്കെട്ടില്ലാത്ത പരിപാടിയില്ല. ഐക്യനാടുകളിലെ സ്വാതന്ത്ര്യ ദിനത്തിലും ഫ്രാൻസിലെ ബാസ്റ്റിൽ ദിനാഘോഷത്തിനും കണ്ണഞ്ചിക്കുന്ന വർണവെളിച്ച വിസ്ഫോടനം അകമ്പടി സേവിക്കുന്നു. നവവത്സരദിനത്തിന്റെ തലേ രാത്രിയിൽ ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാംതന്നെ ആകാശം കരിമരുന്നു പ്രയോഗത്തിന്റെ വർണപ്പകിട്ടിൽ ദീപ്തമാകുന്നു.
എന്നാൽ മനുഷ്യൻ കരിമരുന്നു പ്രയോഗത്തിൽ ആകൃഷ്ടനായത് എന്നാണ്? വിസ്മയാവഹമായ ഈ പ്രകടനത്തിൽ എന്തു ബുദ്ധിവൈഭവമാണ് ഉൾപ്പെട്ടിരിക്കുന്നത്?
ഒരു പൗരസ്ത്യ പാരമ്പര്യം
വെടിയുപ്പും (പൊട്ടാസ്യം നൈട്രേറ്റ്) ഗന്ധകവും കരിയും ചേർന്ന മിശ്രിതം സ്ഫോടനം സൃഷ്ടിക്കുമെന്ന് പൗരസ്ത്യ രസതന്ത്രജ്ഞർ കണ്ടെത്തിയതിനോടടുത്ത് പൊ.യു. ഏതാണ്ട് 10-ാം നൂറ്റാണ്ടിൽ ചൈനാക്കാരാണ് കരിമരുന്നു കണ്ടുപിടിച്ചത് എന്നതിനോട് മിക്ക ശാസ്ത്രജ്ഞരും യോജിക്കുന്നു. മാർക്കോ പോളോയെപ്പോലുള്ള പാശ്ചാത്യ പര്യവേക്ഷകരോ, അറബി വ്യാപാരികളോ ആയിരിക്കണം എളുപ്പത്തിൽ പൊട്ടിത്തെറിക്കുന്ന ഈ വസ്തു യൂറോപ്പിലേക്കു കൊണ്ടുവന്നത്. 14-ാം നൂറ്റാണ്ട് ആയപ്പോഴേക്കും കണ്ണഞ്ചിക്കുന്ന കരിമരുന്നു കലാപ്രകടനങ്ങൾ യൂറോപ്യൻ സദസ്സുകളെ ഹരംപിടിപ്പിച്ചു തുടങ്ങിയിരുന്നു.
എന്നാൽ നയനാനന്ദകരമായ ദൃശ്യവിനോദം പ്രദാനംചെയ്ത ഈ മിശ്രിതം യൂറോപ്പിന്റെ ചരിത്രത്തെ മാറ്റിമറിക്കുകകൂടെ ചെയ്തു. പിന്നീട് വെടിമരുന്ന് എന്ന് അറിയപ്പെടാനിടയായ ഈ വസ്തു ഉപയോഗിച്ച് സൈനികർ വെടിയുണ്ടകൾ പായിക്കുകയും കോട്ട മതിലുകൾ തകർക്കുകയും രാഷ്ട്രീയ ശക്തികളെ തകർക്കുകയും ചെയ്തു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “മധ്യയുഗങ്ങളിൽ സൈനിക വെടിക്കോപ്പുകളുടെ കാര്യത്തിലെന്നപോലെ കരിമരുന്നും പൗരസ്ത്യ നാടുകളിൽനിന്ന് പാശ്ചാത്യനാടുകളിലെത്തി. യൂറോപ്പിൽ വിജയവും സമാധാനവും ആഘോഷിക്കുന്നതിന് കരിമരുന്നു പ്രകടനം നടത്തുക എന്നത് സൈനിക സ്ഫോടകവസ്തു വിദഗ്ധന്റെ ചുമതല ആയിത്തീർന്നു.”
എന്നാൽ ചൈനാക്കാർ വെടിമരുന്നിന്റെ സംഹാര ശക്തിക്ക് വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല എന്നു തോന്നുന്നു. 16-ാം നൂറ്റാണ്ടിൽ ചൈനയിലുണ്ടായിരുന്ന ഇറ്റാലിയൻ മിഷനറിയായ മാറ്റിയോ റിറ്റ്ചി എഴുതുന്നു. “ചൈനാക്കാർ തോക്കുകളുടെയും പീരങ്കികളുടെയും ഉപയോഗത്തിൽ വിദഗ്ധരല്ല, യുദ്ധത്തിൽ അവ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കുന്നുള്ളു. എന്നാൽ വെടിയുപ്പ് ഉപയോഗിച്ച് പൊതു കായികവേദികളിലും ഉത്സവദിനങ്ങളിലും വൻതോതിൽ കരിമരുന്നു പ്രകടനങ്ങൾ നടത്തുന്നുണ്ട്. അത്തരം പ്രദർശനങ്ങളിൽ അവർക്ക് വലിയ താത്പര്യമാണ് . . . കരിമരുന്നുകൊണ്ട് വിസ്മയങ്ങൾ ഒരുക്കുന്നതിൽ അവർ കാട്ടുന്ന പാടവം അസാധാരണമാണ്.”
ദൃശ്യവിസ്മയത്തിനു പിന്നിലെ രഹസ്യം
ആദ്യകാലത്ത് കരിമരുന്നു പ്രയോഗം നടത്തിയിരുന്നവർക്ക് വ്യത്യസ്തമായ പ്രയോഗങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് നിസ്സംശയമായും വൈദഗ്ധ്യവും ധൈര്യവും ആവശ്യമായിരുന്നു. വെടിമരുന്നിന്റെ വലിയ തരികളെ അപേക്ഷിച്ച് ചെറിയ തരികൾ വേഗത്തിലും സ്ഫോടനത്തോടെയും കത്തുന്നു എന്ന് അവർ കണ്ടെത്തി. മുളങ്കുഴലിന്റെയോ പേപ്പർ കുഴലിന്റെയോ ഒരറ്റം അടച്ച് ഉള്ളിൽ വെടിമരുന്നിന്റെ വലിയ തരികൾ നിറച്ച് വാണക്കുറ്റികൾ ഉണ്ടാക്കി. വെടിമരുന്നിനു തീകൊടുക്കുമ്പോൾ ദ്രുതഗതിയിൽ വികസിക്കുന്ന വാതകങ്ങൾ വാണക്കുറ്റിയുടെ തുറന്ന വശത്തുകൂടെ പുറത്തുവന്ന് അതിനെ വായുവിലേക്ക് എറിയുന്നു. (ബഹിരാകാശ യാത്രകളിൽ ഇന്ന് ഈ മൗലികതത്ത്വം ഉപയോഗിക്കുന്നു.) വാണക്കുറ്റി പരമാവധി എത്തിച്ചേരാവുന്ന സ്ഥലത്ത് എത്തുമ്പോൾ സ്ഫോടനം നടക്കുന്നതിന് അതിന്റെ മുകൾ ഭാഗത്ത് വെടിമരുന്നിന്റെ ചെറിയ തരികൾ നിറച്ചിരിക്കും.
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും വെടിമരുന്നിന്റെ സാങ്കേതികവിദ്യയിൽ വലിയ മാറ്റമൊന്നുമില്ല. എന്നാൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ട്. വെളുത്തതും സ്വർണനിറത്തിലുള്ളതുമായ കരിമരുന്നു പ്രയോഗം മാത്രമേ പൗരസ്ത്യർക്ക് ആദ്യം അറിയാമായിരുന്നുള്ളൂ. നിറം ചേർക്കുന്ന വിദ്യ ആവിഷ്കരിച്ചത് ഇറ്റലിക്കാരാണ്. വെടിമരുന്നിനോടുകൂടെ പൊട്ടാസിയം ക്ലോറേറ്റ് ചേർത്ത് കത്തിക്കുമ്പോൾ ലോഹങ്ങളെ വാതകങ്ങളാക്കി മാറ്റാൻ
പര്യാപ്തമായ താപം ഉണ്ടാകുന്നുവെന്നും ജ്വാലയ്ക്കു നിറം ലഭിക്കുന്നുവെന്നും 19-ാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ ഇറ്റലിക്കാർ കണ്ടെത്തി. ഇന്ന് ജ്വാലയ്ക്കു ചുവപ്പു നിറം ലഭിക്കാൻ സ്ട്രോൺഷിയം കാർബണേറ്റ് ചേർക്കുന്നു. ടൈറ്റാനിയം, അലുമിനിയം, മഗ്നീഷ്യം എന്നിവ ചേർത്ത് തൂവെള്ള ജ്വാലയും ചെമ്പിന്റെ സംയുക്തങ്ങൾ ചേർത്ത് നീലയും ബേരിയം നൈട്രേറ്റുകൾ ചേർത്ത് പച്ചയും കൂടാതെ സോഡിയം ഓക്സലേറ്റ് ചേർത്ത് മഞ്ഞ ജ്വാലയും ഉളവാക്കുന്നു.കരിമരുന്നൊരുക്കുന്ന വിസ്മയ കാഴ്ചകൾക്കു കമ്പ്യൂട്ടറുകൾ പുതിയൊരു മാനം നൽകുന്നു. വെടിമരുന്നിനു കൈകൊണ്ടു തീകൊടുക്കുന്നതിനു പകരം, കമ്പ്യൂട്ടർ സംവിധാനം ഉപയോഗിച്ച് സമയ കൃത്യതയോടെ ഇലക്ട്രിക് സംവിധാനത്തിലൂടെ ചെയ്യുമ്പോൾ സംഗീതത്തിന്റെ താളലയത്തിനൊത്ത് സ്ഫോടന പരമ്പര ആവിഷ്കരിക്കാൻ സാങ്കേതിക വിദഗ്ധർക്കു സാധിക്കുന്നു.
മതപരമായ ഒരു ബന്ധം
ജസ്യൂട്ട് മിഷനറി റിറ്റ്ചി പരാമർശിച്ചതുപോലെ കരിമരുന്നു പ്രയോഗം ചൈനയിലെ മതപരമായ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. “നവവത്സരത്തിലും മറ്റ് ആഘോഷ അവസരങ്ങളിലും ഭൂതങ്ങളെ ഓടിക്കുന്നതിനാണ് ചൈനക്കാർ കരിമരുന്നു വിദ്യ കണ്ടുപിടിച്ചത്” എന്ന് പോപ്പുലർ മെക്കാനിക്സ് എന്ന മാസിക വിശദീകരിക്കുന്നു. എല്ലാ മതങ്ങളുടെയും വിശേഷദിവസങ്ങളും ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ഹൗവർഡ് വി. ഹാർപ്പർ ഇങ്ങനെ പ്രസ്താവിക്കുന്നു: “പുരാതന പുറജാതീയ കാലം മുതൽ ആളുകൾ മതപരമായ വിശേഷാവസരങ്ങളിൽ പന്തങ്ങൾ പിടിക്കുകയും പുറത്തു തീകൂട്ടുകയുമൊക്കെ ചെയ്തിട്ടുണ്ട്. കണ്ണഞ്ചിക്കും വിധം നിറപ്പകിട്ടാർന്ന, സ്വയം ചലിക്കുന്ന, പ്രഭാപൂരം പൊഴിക്കുന്ന കരിമരുന്നു പ്രയോഗം ഈ അവസരങ്ങളിൽ ഉൾപ്പെടുത്തുന്നത് തികച്ചും സ്വാഭാവികം മാത്രമായിരുന്നു.”
നാമധേയ ക്രിസ്ത്യാനികൾ കരിമരുന്നു പ്രകടനങ്ങൾ നടത്തിത്തുടങ്ങിയതോടെ, കരിമരുന്നു നിർമാതാക്കൾക്കായി ഒരു പാലക പുണ്യവതിയെ തിരഞ്ഞെടുത്തു. ദ കൊളംബിയ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു: “[ബാർബറ പുണ്യവതിയുടെ] പിതാവ് അവളെ ഒരു ഗോപുരത്തിൽ അടച്ചിടുകയും പിന്നീട്, ക്രിസ്ത്യാനി ആയിത്തീർന്നതിന് അവളെ കൊല്ലുകയും ചെയ്തതായി പറയപ്പെടുന്നു. അവളുടെ പിതാവ് മിന്നലേറ്റു മരിച്ചു. അയാൾ കൊല്ലപ്പെട്ട രീതി നിമിത്തം ബാർബറ പുണ്യവതി വെടിക്കോപ്പുകളും കരിമരുന്നും ഉപയോഗിക്കുന്നവരുടെ പാലക പുണ്യവതി ആയിത്തീർന്നു.”
എന്തു ചെലവും പ്രശ്നമല്ല
ആഘോഷം മതപരമായാലും മതേതരമായാലും കൂടുതൽ വിപുലവും മെച്ചപ്പെട്ടതുമായ കരിമരുന്നു പ്രയോഗം കാണാൻ ആളുകൾക്ക് അടങ്ങാത്ത അഭിനിവേശമാണ്. 16-ാം നൂറ്റാണ്ടിലെ ഒരു ചൈനീസ് കരിമരുന്നു കലാപ്രകടനം വർണിച്ചുകൊണ്ട് റിറ്റ്ചി എഴുതുന്നു. “ഞാൻ നാങ്കിങ്ങിൽ ആയിരുന്നപ്പോൾ, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ വർഷത്തിലെ ആദ്യമാസത്തിന്റെ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കരിമരുന്നു പ്രകടനം കണ്ടു. എന്റെ കണക്കുകൂട്ടലനുസരിച്ച് സാമാന്യ തോതിലുള്ള ഒരു യുദ്ധം പല വർഷം നടത്താൻ മതിയായ അളവിലുള്ള വെടിമരുന്നാണ് അവർ അവിടെ ഉപയോഗിച്ചത്.” ആ പ്രകടനത്തിന്റെ ചെലവിനെ കുറിച്ച് അദ്ദേഹം പറയുന്നു: “കരിമരുന്നു നിർമാണത്തിന് എത്ര പണം ചെലവഴിക്കാനും അവർക്കു മടിയില്ല.”
തുടർന്നുവന്ന നൂറ്റാണ്ടുകൾ വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. 2000-ാമാണ്ടിൽ സിഡ്നി തുറമുഖ പാലത്തിൽവെച്ച് നടത്തിയ ഒരു ആഘോഷത്തിന്റെ ഭാഗമായി സിഡ്നി തുറമുഖത്തിനു സമീപം കടൽത്തീരത്തു തടിച്ചു കൂടിയ പത്തുലക്ഷത്തിലേറെ വരുന്ന കാണികൾക്കുവേണ്ടി ഒരുക്കിയ കരിമരുന്നു പ്രകടനത്തിനുമാത്രം 20 ടൺ കരിമരുന്നാണ് ഉപയോഗിച്ചത്. അതേ വർഷം ഐക്യനാടുകളിൽ 62.5 കോടി ഡോളർ വില വരുന്ന 7 കോടി കിലോഗ്രാം കരിമരുന്ന് ഉപയോഗിക്കുകയുണ്ടായി. തീർച്ചയായും പല സാംസ്കാരിക കൂട്ടങ്ങൾക്കും കരിമരുന്നു പ്രയോഗത്തോടുള്ള ആകർഷണം നിലനിൽക്കുകയാണ്. “കരിമരുന്നു നിർമാണത്തിന് എത്ര പണം ചെലവഴിക്കാനും അവർക്കു മടിയില്ല” എന്നത് ഇവരുടെ കാര്യത്തിലും സത്യമാണ്. (g04 2/8)