ടെലിഫോൺ ലൈംഗികതയിൽ എന്താണിത്ര തെറ്റ്?
യുവജനങ്ങൾ ചോദിക്കുന്നു . . .
ടെലിഫോൺ ലൈംഗികതയിൽ എന്താണിത്ര തെറ്റ്?
പ്രചാരം നേടിയ ഒരു അമേരിക്കൻ മാസിക പറയുന്നതനുസരിച്ച്, “വിദൂരസ്ഥരായ പ്രേമഭാജനങ്ങളുടെ പ്രണയസല്ലാപത്തിൽ പ്രേമലേഖനങ്ങളുടെ സ്ഥാനം ടെലിഫോൺ ലൈംഗികത കയ്യടക്കി കഴിഞ്ഞിരിക്കുന്നു.”
എന്താണ് ടെലിഫോൺ ലൈംഗികത? സഭ്യതയുടെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് ഫോണിലൂടെ കാമോദ്ദീപകമായ കാര്യങ്ങൾ പറയുകയോ കേൾക്കുകയോ ചെയ്യുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. a ഇതിൽ ഏർപ്പെടുന്നവർ മിക്കപ്പോഴും ലൈംഗികോത്തേജനം ശമിപ്പിക്കാൻ സ്വയംഭോഗത്തിൽ ഏർപ്പെടുന്നു. അശ്ലീല ഭാഷണം വിവാഹത്തെ കുറിച്ചു ചിന്തിക്കുന്ന ജോഡികൾ തമ്മിലായാലും അപരിചിതർ തമ്മിലായാലും, ടെലിഫോൺ ലൈംഗികത ഞെട്ടിക്കുംവിധം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ ചില ആളുകൾ അതു പരസ്യമായി ശുപാർശ ചെയ്യുന്നു.
“ലൈംഗികാസ്വാദനത്തിന് ലഭ്യമായ ഏറ്റവും സുരക്ഷിത മാർഗമാണ് ഇത്,” ഒരു സ്ത്രീ അവകാശപ്പെടുന്നു. കുറെ ആളുകളെങ്കിലും ഈ അഭിപ്രായത്തോടു യോജിക്കുന്നു എന്നതു വ്യക്തം. ദൃഷ്ടാന്തത്തിന്, 2000 ഒക്ടോബറിൽ വർധിച്ച എച്ച്ഐവി ബാധയോടുള്ള പ്രതികരണമെന്ന നിലയിൽ ഒരു കൂട്ടം റഷ്യൻ ആരോഗ്യ വിദഗ്ധർ പത്രപ്പരസ്യങ്ങളിലൂടെ ടെലിഫോൺ ലൈംഗികത പ്രോത്സാഹിപ്പിച്ചു.
മറ്റു ചില ആളുകൾ ലാഭം കൊയ്യുന്നതിനുവേണ്ടി മാത്രമാണ് ടെലിഫോൺ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നത്. ഫോണിലൂടെയുള്ള ലൈംഗിക സേവനം—പണം ഈടാക്കി അശ്ലീലം കേൾപ്പിക്കൽ—അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ശതകോടിക്കണക്കിന് ഡോളർ വരുമാനമുള്ള ഒരു വ്യവസായമായിത്തീർന്നിരിക്കുന്നു.
ഇത് ഇത്ര പ്രചാരം നേടാൻ കാരണമെന്താണ്? ദ ഫാന്റസി ഫാക്ടറി എന്ന പുസ്തകം പറയുന്നത് ഇപ്രകാരമാണ്: “ശാരീരികവും വൈകാരികവുമായി വളരെ അടുക്കുന്നത് അപകടകരമാണ്. ശാരീരിക അപകടങ്ങളിൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഉൾപ്പെടുന്നു, അതുപോലെ ഒരുവന്റെ വ്യക്തിപരമായ പ്രതിച്ഛായയെയോ തൊഴിലിനെയോ അതു പ്രതികൂലമായി ബാധിച്ചേക്കാം. ഇനി, മറ്റുള്ളവർ കുറ്റം വിധിക്കുമെന്ന ഭയവും ഉണ്ട്. കൂടാതെ ‘അസ്വാഭാവിക’ ലൈംഗിക നടപടികളോടുള്ള വാഞ്ഛയുടെ പരിണതഫലങ്ങളുമായി കഴിഞ്ഞുകൂടുകയും വേണം. എന്നാൽ ഫോണിലൂടെയുള്ള ലൈംഗികതയാകുമ്പോൾ അത്തരം പ്രശ്നങ്ങൾ കുറയുന്നു.”
ഫോൺ മുഖേനയുള്ള ലൈംഗികതയിൽ മറ്റൊരാളുമായുള്ള ശാരീരിക സമ്പർക്കം ഇല്ല എന്നതു ശരി തന്നെ. എന്നാൽ അതിൽ ഒരു തെറ്റുമില്ലെന്നോ
അതിനു യാതൊരു അപകടവും ഇല്ലെന്നുമാണോ ഇതിന്റെ അർഥം?ടെലിഫോൺ ലൈംഗികത നിരുപദ്രവകരമോ?
വിശേഷിച്ചും യൗവനത്തിൽ ലൈംഗികാഭിലാഷം ശക്തമായിരിക്കും. ലൈംഗികാഭിലാഷങ്ങൾ ഉച്ചാവസ്ഥയിലായിരിക്കുന്ന കാലത്തെ ബൈബിൾ “നവയൗവനം” എന്നു വിളിക്കുന്നു. (1 കൊരിന്ത്യർ 7:36, NW) ജീവിതത്തിലെ ഈ നിർണായക സമയത്ത് ഒരു യുവക്രിസ്ത്യാനി ‘വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടാൻ’ പഠിക്കണം. (1 തെസ്സലൊനീക്യർ 4:5) അതായത്, ലൈംഗിക വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും നിയന്ത്രിക്കാമെന്നും നിങ്ങൾ പഠിക്കണം. ലൈംഗികതയെ കുറിച്ചുള്ള ആരോഗ്യാവഹവും സമനിലയോടു കൂടിയതുമായ വീക്ഷണത്തിന് ഇതു കൂടിയേ തീരൂ.
എന്നാൽ ടെലിഫോൺ ലൈംഗികത, ഒരുവന്റെ ലൈംഗിക വികാരങ്ങളെ നിയന്ത്രിക്കാനല്ല, അവ ഉടനടി തൃപ്തിപ്പെടുത്താനാണ് പഠിപ്പിക്കുന്നത്. അതിനു പുറമേ, എതിർ ലിംഗവർഗത്തിൽ പെട്ടവരെ സംബന്ധിച്ച വികലവും തരംതാണതുമായ വീക്ഷണമാണ് അത് ഉന്നമിപ്പിക്കുന്നത്. ലൈംഗികമായ അടുപ്പം വിവാഹ ബന്ധത്തിനുള്ളിൽ മാത്രമേ ആസ്വദിക്കാവൂ എന്ന് ബൈബിൾ പഠിപ്പിക്കുന്നു. (എബ്രായർ 13:4) എന്നാൽ വിവാഹബാഹ്യ ലൈംഗികതയുടെ സുഖാസ്വാദനത്തിനാണ് ടെലിഫോൺ ലൈംഗികത യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. വാങ്ങുന്നതിൽ നിന്നല്ല, കൊടുക്കുന്നതിൽ നിന്നാണ് യഥാർഥ സന്തോഷം ലഭിക്കുന്നത് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. (പ്രവൃത്തികൾ 20:35, NW) അതേസമയം തങ്ങളുടെ സ്വാർഥ മോഹങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടി മറ്റുള്ളവരെ കരുവാക്കാൻ ടെലിഫോൺ ലൈംഗികത പഠിപ്പിക്കുന്നു. പരസ്പര സ്നേഹവും വിശ്വാസവും വളർത്തിയെടുത്തുകൊണ്ട് യഥാർഥ അടുപ്പം വികസിപ്പിച്ചെടുക്കാനാണ് ബൈബിൾ വിവാഹിത ഇണകളെ പഠിപ്പിക്കുന്നത്. (എഫെസ്യർ 5:22, 32, 33) എന്നാൽ ടെലിഫോൺ ലൈംഗികത ഊഷ്മളതാ രാഹിത്യവും അജ്ഞാതത്വവുമാണ് ഉന്നമിപ്പിക്കുന്നത്.
ഉപദ്രവകരമായ ആസക്തി
അസാന്മാർഗിക പ്രവർത്തനങ്ങൾക്കു കുപ്രസിദ്ധി നേടിയ നഗരമായിരുന്നു പുരാതന കൊരിന്ത്. അതുകൊണ്ട്, “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു” എന്ന് അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യർക്ക് എഴുതിയത് നല്ല കാരണത്തോടെയായിരുന്നു. (2 കൊരിന്ത്യർ 11:3) ചെറുപ്പക്കാരെ വഴി തെറ്റിക്കാൻ പിശാചായ സാത്താൻ ഇന്ന് ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്നാണ് ടെലിഫോൺ ലൈംഗികത.
ചില യുവജനങ്ങൾക്ക് ടെലിഫോൺ ലൈംഗികത അടക്കാനാവാത്ത ആസക്തി ആയിത്തീർന്നിരിക്കുന്നു. അത്തരം ആസക്തിക്ക് എത്ര ശക്തമായിരിക്കാൻ കഴിയുമെന്ന് ഒരു യുവാവിന്റെ ദൃഷ്ടാന്തം വ്യക്തമാക്കുന്നു. അവനെ നമുക്ക് ജിം എന്നു വിളിക്കാം. ലൈംഗിക സംഭാഷണത്തിനായി ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പർ ഒരു പരസ്യബോർഡിൽ ജിം കണ്ടു. അവൻ ആ നമ്പർ ഓർത്തുവെക്കുകയും ഒരു കൗതുകത്തിന് ആ നമ്പറിൽ വിളിക്കുകയും ചെയ്തു. വിളിയുടെ എണ്ണം കൂടിക്കൂടി വന്നു. അധികം കഴിഞ്ഞില്ല, 28,000 രൂപയുടെ ഒരു ഫോൺ ബിൽ ജിമ്മിനെ തേടിയെത്തി!
നിങ്ങൾ അവിവാഹിതർ ആയിരിക്കെ, ലൈംഗിക അഭിലാഷങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവവചനത്തിലെ ബുദ്ധിയുപദേശത്തിനു വിപരീതമാണ്. അത് ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: ‘ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.’—കൊലൊസ്സ്യർ 3:5.
കോർട്ടിങ്ങിലെ അപകടങ്ങൾ
ഗൗരവബുദ്ധ്യാ കോർട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന ചെറുപ്പക്കാരെ കുറിച്ച് എന്തു പറയാൻ കഴിയും? പരസ്പരം ഇഷ്ടപ്പെടുന്ന ആളുകൾ അന്യോന്യം വികാരങ്ങൾ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രമാണ്. ബൈബിൾ കാലത്തെ ദൈവഭയമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരി തന്റെ പ്രതിശ്രുത വരനെ കുറിച്ച് ഇപ്രകാരം പറഞ്ഞു: “ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.” (ഉത്തമഗീതം 7:10) വിവാഹദിനം അടുത്തുവരുമ്പോൾ ചില സ്വകാര്യ വിഷയങ്ങൾ ചർച്ചചെയ്യുന്നത് ഉചിതമാണ്. എന്നിരുന്നാലും, ഫോൺ ലൈംഗികത പ്രണയ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള നല്ല ഒരു മാർഗമാണോ?
ഒരിക്കലുമല്ല. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നവരും അപ്പൊസ്തലനായ പൗലൊസിന്റെ ഈ ബുദ്ധിയുപദേശം പിൻപറ്റാൻ ബാധ്യസ്ഥരാണ്: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.”—എഫെസ്യർ 5:3-5; കൊലൊസ്സ്യർ 3:8.
അധാർമിക ചിന്തകൾ ഉണർത്താനുള്ള ഉദ്ദേശ്യത്തിൽ നടത്തുന്നതോ സ്വയംഭോഗത്തിനു പ്രേരിപ്പിക്കുന്നതോ ആയ സംസാരം വ്യക്തമായും യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധമാണ്. അത് ദൈവിക തത്ത്വങ്ങളുടെ കൂടുതൽ ഗൗരവതരമായ ലംഘനത്തിലേക്കുപോലും നയിച്ചേക്കാം. ദൃഷ്ടാന്തത്തിന്, കോർട്ടിങ്ങിൽ ഏർപ്പെട്ടിരുന്ന
വിദൂരസ്ഥരായ കമിതാക്കളുടെ കാര്യമെടുക്കുക. ആദ്യം, നിരന്തരമായ ടെലിഫോൺ സംഭാഷണങ്ങൾ പരസ്പരം അറിയാനുള്ള ഒരു മാർഗമായാണ് അവർ ഉപയോഗിച്ചത്. എന്നാൽ ഏറെ താമസിയാതെ അവരുടെ സംസാരം അധാർമിക കാര്യങ്ങൾക്കു വഴിമാറി. അവർ ലൈംഗിക കാര്യങ്ങൾ പച്ചയായി ചർച്ച ചെയ്യാൻ തുടങ്ങി. അവസാനം, ഒരുമിച്ചായിരിക്കാൻ അവസരം ലഭിച്ചപ്പോൾ പെട്ടെന്നുതന്നെ അവർ അശുദ്ധ നടത്തയിലേക്കു വീണുപോയതിൽ തെല്ലും അതിശയിക്കാനില്ല.ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന നാം തീർച്ചയായും ടെലിഫോൺ ലൈംഗികതയുടെ കെണിയിൽ കുടുങ്ങാതിരിക്കാൻ നമുക്ക് ആവുന്നതെല്ലാം ചെയ്യും. അതിൽ നമുക്കെങ്ങനെ വിജയം വരിക്കാനാകും?
‘നിങ്ങളുടെ ശരീരത്തെ ദണ്ഡിപ്പിക്കുക’
ടെലിഫോൺ ലൈംഗികത ഒരു ആസക്തിയായി മാറിയേക്കാം. യഹോവയുടെ അംഗീകാരം ലഭിക്കുന്നതിന് നാം നമ്മുടെ ‘ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാ’ക്കേണ്ടതുണ്ട്. (1 കൊരിന്ത്യർ 9:27) നിങ്ങൾ ടെലിഫോൺ ലൈംഗികതയിൽ ഏർപ്പെടുന്ന വ്യക്തിയാണെങ്കിൽ എന്തുകൊണ്ടു സഹായം സ്വീകരിച്ചുകൂടാ? നിങ്ങളുടെ ക്രിസ്തീയ മാതാപിതാക്കളോടു പറയുന്നത് ഒരു നല്ല തുടക്കമായിരിക്കും. അവർ നിങ്ങളോടു ദേഷ്യപ്പെട്ടേക്കാം എന്നതു ശരിയാണ്. എന്നാൽ നിങ്ങൾ വീണ്ടും ആ ശീലത്തിലേക്കു തിരിയുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നത് അവരായിരിക്കാം. നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ സഭയിലെ മൂപ്പന്മാരും നിങ്ങളെ സഹായിക്കാൻ മനസ്സൊരുക്കവും പ്രാപ്തിയും ഉള്ളവർ ആയിരിക്കും.
നിങ്ങൾ കോർട്ടിങ്ങിൽ ഏർപ്പെടുന്നുണ്ടെങ്കിൽ ഫോണിലൂടെ സംസാരിക്കുമ്പോൾ പോലും ധാർമികശുദ്ധി പാലിക്കാൻ ദൃഢചിത്തരായിരിക്കുക. വിവാഹനിശ്ചയം കഴിഞ്ഞ ലെറ്റീസ്യാ എന്നുപേരുള്ള ക്രിസ്തീയ യുവതി പറയുന്നു: “ഞാനും എന്റെ പ്രതിശ്രുതവരനും ഒരുമിച്ചിരുന്ന് ധാർമികശുദ്ധി നിലനിറുത്തുന്നതു സംബന്ധിച്ച ബൈബിളധിഷ്ഠിത ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. നിർമല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതിന് അവ നൽകിയ സഹായം ഞങ്ങൾ വിലമതിക്കുന്നു.” നിങ്ങളുടെ സംഭാഷണം അനുചിത പാതയിലേക്കു തിരിയുന്നെങ്കിൽ സംഭാഷണവിഷയം മാറ്റാനുള്ള ധൈര്യം കാട്ടുക. സംഭാഷണം ശുദ്ധമായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ചർച്ചചെയ്യുക.
ചില രാജ്യങ്ങളിൽ ടെലിഫോൺ ലൈംഗികത വിശേഷവത്കരിക്കുന്ന പരസ്യങ്ങൾ രാത്രി വൈകിയാണ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത്. രാത്രി വൈകി ടെലിവിഷൻ കാണുന്നത് ഒഴിവാക്കുന്നതായിരിക്കാം ഒരുപക്ഷേ ഏറ്റവും നല്ലത്. സമാനമായി, സ്വയംഭോഗം അധാർമിക ചിന്തകൾ ഇല്ലാതാക്കുന്നതിനുപകരം അവയെ ഉണർത്തുമെന്നതിനാൽ ഈ അശുദ്ധ നടപടിയും നിങ്ങൾ ഒഴിവാക്കേണ്ടത് മർമപ്രധാനമാണ്. b മനസ്സിൽ നല്ല കാര്യങ്ങൾ നിറച്ചുകൊണ്ട് നിങ്ങൾക്ക് അശുദ്ധ ചിന്തകളെ വിജയകരമായി പുറന്തള്ളാൻ കഴിയും. (ഫിലിപ്പിയർ 4:8) ആരോഗ്യാവഹമായി സംസാരിക്കുന്ന സുഹൃത്തുക്കളോടു സഹവസിക്കുക, നിങ്ങളുടെ ദൃഢനിശ്ചയത്തെ കാക്കുന്നതിന് ദൈനംദിനം ദൈവവചനവും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കുക. അപ്രകാരം ചെയ്യുമ്പോൾ നിങ്ങളുടെ ചിന്തയെ ദുഷിപ്പിച്ചേക്കാവുന്ന ഏതൊരു അധാർമിക സങ്കൽപ്പങ്ങളും മനസ്സിലേക്കു നുഴഞ്ഞുകയറാതെ തടയാൻ നിങ്ങൾക്കാവും. പരമപ്രധാനമായി സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക. അപ്പൊസ്തലനായ പത്രൊസ് എഴുതി: “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:6, 7.
“അവിഹിത ലൈംഗികതയിൽ ഏർപ്പെടാൻ ചെറുപ്പക്കാരുടെ മേലുള്ള സമ്മർദം അതിശക്തമാണ്,” ബ്രസീലിൽനിന്നുള്ള ഒരു ക്രിസ്തീയ യുവതി പറയുന്നു. എന്നിരുന്നാലും നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ യഹോവ അറിയുന്നു. അവന്റെ ദൃഷ്ടിയിൽ നിർമലരായി നിലകൊള്ളുന്നതിന് ആവശ്യമായ എല്ലാ സഹായവും യഹോവ പ്രദാനം ചെയ്യും എന്നതു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കുക.—എഫെസ്യർ 6:14-18. (g04 2/22)
[അടിക്കുറിപ്പുകൾ]
a സമാനമായ ഒരു അധാർമിക ശീലമായ സൈബർസെക്സിൽ ഉൾപ്പെട്ടിരിക്കുന്നത് ഇന്റർനെറ്റ് ചാറ്റ്റൂമുകളിലെ അശ്ലീല സംഭാഷണമാണ്.
b സ്വയംഭോഗശീലത്തെ അഥവാ ഹസ്തമൈഥുനശീലത്തെ തരണംചെയ്യുന്നതിനുള്ള നിർദേശങ്ങൾക്കായി യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 198-211 പേജുകൾ കാണുക, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[20, 21 പേജുകളിലെ ചിത്രങ്ങൾ]
ടെലിഫോണിലൂടെയും ഇന്റർനെറ്റിലൂടെയുമുള്ള ലൈംഗികത ജനപ്രീതി ആർജിക്കുകയാണ്
[20, 21 പേജുകളിലെ ചിത്രങ്ങൾ]
കോർട്ടിങ്ങിൽ ഏർപ്പെടുന്നവർ അശുദ്ധ സംസാരം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
[22-ാം പേജിലെ ചിത്രം]
ദൈവവചനവും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കുന്നത് ധാർമിക ശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും