പക്ഷിമൃഗാദികൾ ദൈവത്തിൽനിന്നുള്ള ഒരു ദാനം
പക്ഷിമൃഗാദികൾ ദൈവത്തിൽനിന്നുള്ള ഒരു ദാനം
നിങ്ങൾ എന്നെങ്കിലും ഒരു മൃഗശാലയിലോ സർക്കസ് കൂടാരത്തിലോ പോയിട്ടുണ്ടോ? അവിടെ കണ്ട അഴകാർന്ന മൃഗങ്ങളിലൊന്നിനെ, ഗാംഭീര്യവും രൂപഭംഗിയും ഒത്തുചേർന്ന ഒരു സിംഹത്തെയോ ഒരു കൂറ്റൻ സൈബീരിയൻ കടുവയെയോ ഒന്നു തൊട്ടുതലോടാൻ നിങ്ങൾക്കു കൊതി തോന്നിയോ? ഒരുപക്ഷേ, ഒരു മൃഗപരിശീലകനോ പരിപാലകനോ അതു ചെയ്യുന്നത് കൗതുകത്തോടും വിസ്മയത്തോടും കൂടെ നിങ്ങൾ നോക്കിനിന്നിട്ടുണ്ടാകും. ഏതാണ്ട് 2,000 വർഷം മുമ്പ് ഒരു ബൈബിളെഴുത്തുകാരൻ പറഞ്ഞതു ശ്രദ്ധിക്കുക: “എല്ലാ ഇനം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും ഇണക്കിയെടുക്കേണ്ടതായിട്ടുണ്ട്, മനുഷ്യവർഗം ഇണക്കിയെടുത്തിട്ടുമുണ്ട്.”—യാക്കോബ് 3:7, NW.
എല്ലാത്തരം ജീവികളും, അവയ്ക്കു ലഭിക്കുന്ന ശ്രദ്ധയോടും സ്നേഹപൂർവകമായ പരിപാലനത്തോടും പ്രതികരിക്കുന്നു. പക്ഷിമൃഗാദികളും അവയെ ഇണക്കിയെടുത്ത മനുഷ്യരും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കാണുന്നത് തീർച്ചയായും സന്തോഷകരമായ ഒരു അനുഭവമാണ്. ആന, സിംഹം, കടുവ, കഴുകൻ, മുതല, പാമ്പ് തുടങ്ങിയ ജീവികളെയും, എന്തിന് മത്സ്യത്തെ പോലും ഇണക്കിയെടുക്കുന്നതിനെ കുറിച്ച് ബൈബിൾ എഴുത്തുകാരനായ യാക്കോബിന്റെ സമകാലികനും ഒരു റോമൻ എഴുത്തുകാരനുമായ പ്ലിനി പറയുകയുണ്ടായി.
മൃഗങ്ങളെ മെരുക്കിയെടുത്തു വളർത്തുന്നത് കാലങ്ങൾക്കു മുമ്പേ തുടങ്ങിയ ഒരു സംരംഭമാണ്. യാക്കോബും പ്ലിനിയും ജീവിച്ചിരുന്നതിനു ദീർഘകാലം മുമ്പുതന്നെ ഈജിപ്തുകാർ വന്യമൃഗങ്ങളെ മെരുക്കിയെടുത്ത് തങ്ങളുടെ സഹചാരികളാക്കിയിരുന്നു. ഇക്കാലത്ത് ചില രാജ്യങ്ങളിൽ, മൃഗശാലയിൽ സൂക്ഷിക്കുന്ന മൃഗങ്ങളിൽ പലതിനെയും വീടുകളിലും കാണാൻ കഴിയും.
ആദിമ കാലത്ത് മനുഷ്യരുമായി ഉണ്ടായിരുന്ന ബന്ധം
മനുഷ്യ ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും പുരാതന രേഖയായ ബൈബിൾ, ആദ്യ മനുഷ്യനായ ആദാം പക്ഷിമൃഗാദികൾക്കു പേരു നൽകിയതിനെ കുറിച്ചു പറയുന്നു: “സകലജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു.” (ഉല്പത്തി 2:19, 20) ജീവജന്തുക്കൾക്ക് ഉചിതമായ പേരു നൽകാൻ സാധിക്കത്തക്കവണ്ണം അവയെ അറിയുന്നതിന് ആദാം അവയുമായി വളരെ അടുത്ത് ഇടപഴകിയിരുന്നു. എന്നാൽ അവന് അവയിൽനിന്ന്—വന്യമൃഗങ്ങളിൽനിന്നു പോലും—സംരക്ഷണം ആവശ്യമില്ലായിരുന്നു. അവ അവനുമായി സമാധാനത്തിലായിരുന്നു. അവയുമായുള്ള ചങ്ങാത്തം അവൻ എത്രയധികം ആസ്വദിച്ചിരുന്നിരിക്കണം!
ആദാമിനും അവന്റെ ഭാര്യ ഹവ്വായ്ക്കും ജീവജന്തുക്കളെ പരിപാലിക്കാനുള്ള ചുമതല ദൈവം നൽകി. ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം, മനുഷ്യർക്ക് “കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവ്വ ജീവികളുടെയുംമേൽ ആധിപത്യം ഉണ്ടായിരി”ക്കണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.—ഉല്പത്തി 1:26, പി.ഒ.സി. ബൈബിൾ.
നിലനിൽക്കുന്ന ഉറ്റബന്ധം
ആളുകൾ ജീവജന്തുക്കളുടെ മേൽ ഉചിതമായ ആധിപത്യം പുലർത്തുമ്പോൾ ഫലം സന്തുഷ്ടദായകമായിരിക്കും. ചിലർ തങ്ങളുടെ ഓമനമൃഗത്തെ ഒരടുത്ത ചങ്ങാതിയായി, കുടുംബത്തിന്റെ ഒരു ഭാഗമായി പോലും വീക്ഷിച്ചേക്കാം. ആയിരക്കണക്കിനു വർഷം മുമ്പുപോലും ഇത്തരം ബന്ധങ്ങൾ നിലനിന്നിരുന്നു. ദരിദ്രനായ ഒരു മനുഷ്യൻ വളർത്തിയിരുന്ന ഒരു 2 ശമൂവേൽ 12:1-3.
‘പെൺകുഞ്ഞാടിനെ’ കുറിച്ചുള്ള ബൈബിൾ വിവരണത്തിൽനിന്ന് അതു മനസ്സിലാക്കാവുന്നതാണ്. പ്രവാചകനായ നാഥാൻ ദാവീദ് രാജാവിനോട് ആ ദരിദ്രനെയും അയാളുടെ കുഞ്ഞാടിനെയും കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘[കുഞ്ഞാട്] അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; [അത്] അവന് ഒരു മകളെപ്പോലെ ആയിരുന്നു.’—ഒരു മൃഗത്തിന് ഒരു പ്രിയപ്പെട്ട ചങ്ങാതിയായി മാറാൻ, കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ആകാൻ കഴിയുന്നത് എങ്ങനെയെന്ന് ഇന്നു പലർക്കും മനസ്സിലാവും. സിംബാബ്വേയുടെ തലസ്ഥാന നഗരിയായ ഹരാരേക്കു സമീപം താമസിക്കുന്ന ഒരു കുടുംബത്തിന്റെ അനുഭവംതന്നെ ഉദാഹരണം. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് കൂട്ടിനായി ഓരോ നായയെ വീതം വാങ്ങിക്കൊടുത്തു. ഒരിക്കൽ, വീട്ടിലെ എട്ടു വയസ്സുകാരൻ തന്റെ നായയെയുംകൊണ്ട് നടക്കാനിറങ്ങി. പെട്ടെന്ന് ഒരു മരത്തിൽനിന്ന് വലിയൊരു വിഷപ്പാമ്പ് (മാംപ) അവരുടെ മുന്നിലേക്കു വീണു. പാമ്പ് കൊത്താനാഞ്ഞു, എന്നാൽ മിന്നൽ വേഗത്തിൽ അതിന്റെമേൽ ചാടിവീണ നായ കുട്ടിയുടെ ജീവൻ രക്ഷിച്ചു. പിന്നീട് ആ നായ വീട്ടുകാർക്ക് എത്ര പ്രിയപ്പെട്ടതായിരുന്നിരിക്കണം!
തങ്ങളെ സഹായിക്കാൻ പരിശീലിപ്പിക്കപ്പെട്ട നായ്ക്കളുടെ സേവനം ബധിരർ വിശേഷിച്ചും വിലമതിക്കുന്നു. ഒരു സ്ത്രീ പറയുന്നതു ശ്രദ്ധിക്കുക: “കോളിംഗ് ബെൽ ശബ്ദിക്കുമ്പോൾ ട്വിങ്കി എന്റെ കാലിൽ വന്നു തട്ടിയിട്ട് എന്നെ മുൻവാതിലിലേക്കു നയിക്കും. അതുപോലെതന്നെ, എന്റെ അവ്ന്റെ ബസർ ശബ്ദിക്കുമ്പോഴും അവൾ എന്റെ അടുത്തേക്ക് ഓടിവരും, ഞാൻ അവളെ പിന്തുടരും. പുകയോ തീപിടിത്തമോ സൂചിപ്പിക്കാനുള്ള അലാറം കേൾക്കുമ്പോൾ എന്റെ ശ്രദ്ധ ആകർഷിക്കാനും നിലത്തു കിടന്നുകൊണ്ട് അപകടസൂചന തരാനും ട്വിങ്കിക്കു പരിശീലനം നൽകിയിട്ടുണ്ട്.”
അന്ധരും അവരുടെ വഴികാട്ടിപ്പട്ടികളും തമ്മിലുള്ള ബന്ധം വിശേഷാൽ ശ്രദ്ധേയമാണ്. വിലതീരാത്ത സേവനമാണ് ഈ പട്ടികൾ അവയുടെ യജമാനന്മാർക്കുവേണ്ടി അനുഷ്ഠിക്കുന്നത്. ഒരു വഴികാട്ടിപ്പട്ടി അതിന്റെ അന്ധനായ യജമാനന് “സ്വാതന്ത്ര്യവും സ്വാശ്രയത്വവും ചലനക്ഷമതയും ചങ്ങാത്തവും” പ്രദാനം ചെയ്തുകൊണ്ട് പുതിയൊരു ലോകംതന്നെ തുറന്നുകൊടുക്കുന്നുവെന്ന് വഴികാട്ടിപ്പട്ടികളുടെ പരിശീലകനും വഴികാട്ടുന്ന കണ്ണുകൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ മൈക്കൾ ടക്കർ അഭിപ്രായപ്പെടുന്നു. അതേ, വഴികാട്ടിപ്പട്ടികളും അവയുടെ യജമാനന്മാരും തമ്മിലുള്ള ഉറ്റബന്ധം പലപ്പോഴും ഹൃദയസ്പർശകമാണ്!
മറ്റു തരത്തിലുള്ള ശാരീരിക വൈകല്യങ്ങളുള്ളവരും തങ്ങളുടെ വാലാട്ടും ചങ്ങാതിമാരിൽനിന്ന് വിലതീരാത്ത സഹായങ്ങൾ സ്വീകരിക്കുന്നുണ്ട്. ചക്രക്കസേരയെ അഭയം പ്രാപിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ വളർത്തുനായ, ഫോൺ ശബ്ദിക്കുമ്പോൾ റിസീവർ എടുത്തുകൊടുക്കാനും പോസ്റ്റൽ കവറിൽ ഒട്ടിക്കാനുള്ള സ്റ്റാമ്പുകൾ നക്കാനുമൊക്കെ പഠിച്ചിരിക്കുന്നു! മറ്റൊരു നായ 120 ആജ്ഞാവാക്കുകളോടു പ്രതികരിക്കും. സൂപ്പർമാർക്കറ്റിന്റെ ഷെൽഫുകളിൽനിന്ന് ടിന്നുകളും പായ്ക്കറ്റുകളും ശേഖരിക്കാൻ പോലും ഇതിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ശാരീരിക വൈകല്യമുള്ള യജമാനൻ തനിക്കു വാങ്ങാനുള്ള സാധനങ്ങൾ തിരിച്ചറിയിക്കാനായി ഒരു ലേസർ ഡോട്ട് ഉപയോഗിക്കുന്നു. ഈ ഉപകരണത്തിൽനിന്നുള്ള ചുവന്ന ലേസർ രശ്മി സാധനത്തിൽ പതിക്കുമ്പോൾ നായ അത് യജമാനനു കൊണ്ടുചെന്നു കൊടുക്കും.
ഓമനമൃഗങ്ങൾ പ്രായമായവർക്കും തുണയേകുന്നു. “ജീവിതസായാഹ്നത്തിൽ, പലപ്പോഴും ഒറ്റപ്പെടലിന്റേതായ തോന്നലുകളുമായി മല്ലിടേണ്ടി വരുന്നവരുടെ ജീവിതത്തിന്” നായ്ക്കൾ ഉൾപ്പെടെയുള്ള ഓമനമൃഗങ്ങൾ “അർഥവും ഉദ്ദേശ്യവും നൽകു”ന്നതായി ഒരു മൃഗചികിത്സകൻ പറഞ്ഞു. ദ ടൊറന്റോ സ്റ്റാർ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “കൂട്ടിനായി ഓമനമൃഗങ്ങൾ ഉള്ളവർക്ക് മാനസിക പിരിമുറുക്കം പൊതുവേ കുറവാണെന്നു കാണപ്പെടുന്നു. ഡോക്ടർമാരെ ചെന്നുകാണേണ്ട സാഹചര്യങ്ങളും താരതമ്യേന കുറവായിരിക്കും.
ഇവർ ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.”ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തുന്നു: “പദവികൾ ലഭിക്കുന്നത് ഉത്തരവാദിത്വബോധത്തെ ആശ്രയിച്ചാണ് എന്ന സംഗതി കുട്ടികളെ പഠിപ്പിക്കാനും ലൈംഗികതയെ കുറിച്ചുള്ള ചില കാര്യങ്ങൾ അവർക്കു മനസ്സിലാക്കിക്കൊടുക്കാനും ഉള്ള അവസരങ്ങൾ ഓമനമൃഗങ്ങളെ വളർത്തുന്നതിലൂടെ ലഭിക്കുന്നു. ഇണചേരലും ഗർഭാവസ്ഥയും പ്രസവവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും കുഞ്ഞുങ്ങളുടെ പരിപാലനവുമൊക്കെ കുട്ടികൾക്കു നിരീക്ഷിക്കാൻ കഴിയുന്നു.”
ഓമനമൃഗങ്ങളോടുള്ള സ്നേഹം
ഓമനമൃഗങ്ങൾ പ്രകടിപ്പിക്കുന്ന അസാധാരണമായ കൂറ്, തങ്ങളുടെ കുടുംബാംഗങ്ങളെക്കാൾ ഗാഢമായി അവയെ സ്നേഹിക്കാൻ ചിലരെ പ്രേരിപ്പിക്കുന്നു. ചില വിവാഹമോചന കേസുകളിൽ, സ്വത്തുസംബന്ധമായ തർക്കങ്ങളിലെ ഒത്തുതീർപ്പിന്റെ ഭാഗമായി ഓമനമൃഗത്തിന്റെ സംരക്ഷണാവകാശം വിട്ടുകൊടുക്കാറുണ്ട്. കണക്കില്ലാത്ത സ്വത്തിന്റെ അവകാശിയായി വിൽപ്പത്രത്തിൽ തങ്ങളുടെ പൊന്നോമനമൃഗത്തിന്റെ പേരു വെച്ചിട്ടുള്ളവരുമുണ്ട്.
ഓമനമൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട ബിസിനസ്സുകൾ ഇന്ന് ലാഭം വാരിക്കൂട്ടുന്നതിൽ അതിശയമില്ല! ഇത്തരം മൃഗങ്ങളെ സംബന്ധിക്കുന്ന ഏതു വിഷയത്തെ കുറിച്ചും ബുദ്ധിയുപദേശം നൽകുന്ന പുസ്തകങ്ങളും മാസികകളുമുണ്ട്. ചിലർ തങ്ങൾ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്കുവേണ്ടി എത്ര പണം വാരിയെറിയാനും ഒരുക്കമാണെന്നു മനസ്സിലാക്കിയിട്ടുള്ള ബിസിനസ്സ് മേഖല ഈ ഉടമസ്ഥർ ആഗ്രഹിക്കുന്നതെന്തും നൽകാൻ തയ്യാറായി നിൽക്കുന്നു.
ഉദാഹരണത്തിന്, ഓമനമൃഗങ്ങളെ ബാധിക്കുന്ന ഏതു രോഗവും ചികിത്സിക്കുന്ന പ്രത്യേക വൈദഗ്ധ്യം നേടിയ
ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമാണ്. മൃഗങ്ങളിലെ വിഷാദം അകറ്റാൻ ആന്റിഡിപ്രസന്റ് ഔഷധം കുറിച്ചുകൊടുക്കുന്ന ഓമനമൃഗ-മനോരോഗ ചികിത്സകരുണ്ട്. കൂടാതെ, ഓമനമൃഗങ്ങൾക്കായി പ്രത്യേക അഭിഭാഷകരും ഇൻഷ്വറൻസ് ഏജന്റുമാരും ഉണ്ട്. ഇത്തരം മൃഗങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനുള്ള ബ്യൂട്ടിപാർലറുകളും പരിശീലനത്തിനുള്ള പ്രത്യേക സ്ഥാപനങ്ങളും ഇന്ന് കാണാവുന്നതാണ്. തങ്ങളുടെ ഓമനമൃഗങ്ങൾക്കായി ശവസംസ്കാര ചടങ്ങുകൾ ഏർപ്പെടുത്തുന്ന ആളുകളുണ്ട്. ഓമനമൃഗങ്ങളുടെ ക്ലോണുകൾ സൃഷ്ടിച്ചുകൊടുക്കാമെന്ന വാഗ്ദാനങ്ങളും ഇന്ന് ഉടമസ്ഥർക്കു ലഭിക്കുന്നു—എല്ലാത്തിനും പണം എണ്ണിക്കൊടുക്കണമെന്നേയുള്ളൂ!അതേ, ഓമനമൃഗങ്ങളോടുള്ള സ്നേഹം വ്യാപകമാണെന്നു വ്യക്തം. ദി ആനിമൽ അട്രാക്ഷൻ എന്ന തന്റെ പുസ്തകത്തിൽ ഡോ. ജോന്നിക്കാ ന്യൂബി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നമ്മൾ വീട്ടിൽ തിരിച്ചെത്തിയതാണ് അന്ന് ഉണ്ടായ ഏറ്റവും നല്ല കാര്യം എന്ന മട്ടിൽ ഒരു നായ വാലാട്ടിക്കൊണ്ട് നമ്മുടെ അടുത്തേക്ക് ഓടിവരികയും നമ്മെ നക്കുകയുമൊക്കെ ചെയ്യുമ്പോൾ അതിനെ ‘സ്നേഹം’ എന്നു വിശേഷിപ്പിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.” ആ “സ്നേഹം” തിരിച്ചുനൽകാൻ പല ഉടമസ്ഥരും പ്രേരിതരാകുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളു.
എങ്കിലും ഒരു ഓമനമൃഗത്തോട് മനുഷ്യനോടെന്നപോലെ ഇടപെടാൻ ശ്രമിക്കുന്നതു ദോഷഫലങ്ങൾ ഉളവാക്കിയേക്കാം. ഒരു വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹമനുഷ്യരെ പോലെ ഒരു ഓമനമൃഗത്തിനാവില്ല എന്നത് ഒരു വസ്തുതയാണ്. തന്നെയുമല്ല, ഈ മൃഗങ്ങൾക്ക് നഗരത്തിന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടേണ്ടിവരുന്നത് അവയ്ക്കും ഉടമസ്ഥർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അടുത്ത ലേഖനത്തിൽ നാം ആ വിഷയങ്ങൾ പരിശോധിക്കുന്നതായിരിക്കും. (g04 2/22)
[3-ാം പേജിലെ ചിത്രം]
പുരാതനകാലം മുതൽ മനുഷ്യൻ വന്യമൃഗങ്ങളെ മെരുക്കിയെടുത്ത് വളർത്തിയിരിക്കുന്നു
[കടപ്പാട്]
ജോവാന്നി സ്റ്റ്രാഡന്നോ വരച്ച മഹാനായ പാർത്തിയൻ രാജാവ് വളർത്തു പുലികളോടൊപ്പം നായാട്ടിൽ എന്ന ചിത്രത്തിന്റെ ഒരു ഭാഗം: © Stapleton Collection/CORBIS
[4-ാം പേജിലെ ചിത്രം]
ഇസ്രായേലിലെ ഇടയന്മാർ ആട്ടിൻകുട്ടികളെ ആർദ്രാനുകമ്പയോടെയാണ് പരിപാലിച്ചിരുന്നത്
[5-ാം പേജിലെ ചിത്രം]
വൈകല്യമുള്ളവരെയും പ്രായമായവരെയും സഹായിക്കാൻ ഓമനമൃഗങ്ങൾക്കു സാധിക്കും