മഴയോ മഴ!
മഴയോ മഴ!
അയർലൻഡിലെ ഉണരുക! ലേഖകൻ
“ശ്ശൊ! മഴ പിന്നെയും തുടങ്ങിയല്ലോ!”
നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? അയർലൻഡിലെ അറ്റ്ലാന്റിക് തീരത്തുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലം സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയെന്നിരിക്കട്ടെ. വേനൽക്കാലമാണ്, നല്ല തെളിവുള്ള ദിവസവും. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴോ, ശക്തമായ കാറ്റും മഴയും. നിങ്ങൾക്ക് എന്തു തോന്നും? അത്തരമൊരു സന്ദർഭത്തിൽ മഴ ഒരു ശല്യമാണെന്നു തോന്നിയാൽ അതിശയമില്ല. പക്ഷേ ഒന്നോർത്തുനോക്കൂ, മഴ വാസ്തവത്തിൽ ഒരനുഗ്രഹമല്ലേ? മഴയില്ലായിരുന്നെങ്കിൽ നാമോ പ്രകൃതിമനോഹരമായ പ്രദേശങ്ങളോ ഉണ്ടായിരിക്കുമായിരുന്നോ?
മഴ എത്ര പെയ്താലും തീർന്നു പോകുന്നില്ല. അത് പിന്നെയും പിന്നെയും എത്തുന്നു. ഇത് എങ്ങനെയാണു സാധ്യമാകുന്നത്? സവിശേഷമായ ഒരു പുനർചംക്രമണ പ്രക്രിയയാണ് ഇതിനു കാരണം. ജീവത്പ്രധാനമായ ഈ പ്രക്രിയയിൽ ഉൾപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പടികളായ ബാഷ്പീകരണം, ഘനീകരണം, വർഷണം എന്നിവയെ കുറിച്ചു ചുരുക്കമായി പരിചിന്തിച്ചാൽത്തന്നെ മനസ്സിലാകും ഇത് യാദൃച്ഛികമായി സംഭവിക്കുന്ന ഒരു കാര്യമല്ലെന്ന്. ഒരു ഗ്രന്ഥം പറയുന്നതനുസരിച്ച്, സങ്കീർണമായ വിധത്തിൽ രൂപസംവിധാനം ചെയ്യപ്പെട്ടതും “സ്ഥായിയായ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന”തുമായ ഒരു പ്രക്രിയയാണ് ഇത്.
ബാഷ്പീകരണം
ഭൂമിയിലെ ജലത്തിന്റെ 97 ശതമാനത്തോളം സമുദ്രങ്ങളിലാണ്. ബാക്കിയുള്ളതിൽ ഏറെയും ഹിമനദികളിലും തടാകങ്ങളിലും ജലഭരങ്ങളിലുമായി സംഭരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ സമുദ്രങ്ങളിലെ ജലം അതേപടി നമുക്കു കുടിക്കാൻ കഴിയില്ല. അത് “ദ റൈം ഓഫ് ആൻ ഏൻഷ്യന്റ് മറൈനർ” a എന്ന കവിതയിലെ ആകുലചിത്തനായ നാവികൻ പറഞ്ഞതുപോലെയാണ്: “വെള്ളം, വെള്ളം, സർവത്ര വെള്ളം, നാവു നനയ്ക്കാൻ തുള്ളിയുമില്ല.”
സുദീർഘവും സങ്കീർണവുമായ ഒരു പ്രക്രിയയിലൂടെ മാത്രമേ സമുദ്ര ജലം പാനയോഗ്യമാകുകയുള്ളൂ. ആദ്യം അത് ബാഷ്പീകരിക്കപ്പെട്ട് നീരാവി ആയിത്തീരുന്നു. ഓരോ വർഷവും സൂര്യതാപം മൂലം കരയിൽനിന്നും കടലിൽനിന്നുമായി ഏതാണ്ട് 4,00,000 ഘനകിലോമീറ്റർ വെള്ളമാണ് നീരാവിയായി ഉയരുന്നത്. പുരാതന കാലത്ത് ജീവിച്ചിരുന്ന എലീഹൂ എന്നു പേരുള്ള ഒരു വ്യക്തി ഈ പ്രക്രിയയ്ക്കുള്ള ബഹുമതി ദൈവത്തിനു നൽകി. അവൻ പറഞ്ഞു: “അവിടുന്നു നീർത്തുള്ളികളെ സംഭരിക്കുന്നു; അവ നീരാവിയായി മഴ പൊഴിക്കുന്നു.”—ഇയ്യോബ് 36:27, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
അന്തരീക്ഷം തന്നെ “അവിശ്വസനീയമാംവിധം സങ്കീർണമായ ഒന്നാണ്.” ഭൂമിയുടെ മുകൾപ്പരപ്പിൽനിന്ന് 400-ലധികം കിലോമീറ്റർ ഉയരം വരെ അത് വ്യാപിച്ചു കിടക്കുന്നു. ഭൂമിക്കു തൊട്ടുമുകളിലുള്ള 10 മുതൽ 20 വരെ കിലോമീറ്റർ വരുന്ന ഭാഗത്താണ് വെള്ളത്തിന്റെ പുനർചംക്രമണം നടക്കുന്നത്. ഈ മേഖലയ്ക്ക് ട്രോപോസ്ഫിയർ എന്നാണ് പേര്. നമ്മുടെ ലോലമായ ജലഗ്രഹം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നപ്രകാരം “ഭൂമിയുടെ മുകൾപ്പരപ്പുമായി സമ്പർക്കമുള്ള ഭാഗമാണ് ഇത്. മഴയും മേഘവും കൊടുങ്കാറ്റും ചുഴലിക്കാറ്റും മഞ്ഞും എല്ലാം രൂപംകൊള്ളുന്നത് ഈ മേഖലയിലാണ്.”
വായുവിന്റെ ചൂട് എത്രയധികമാണോ, അത്രയധികം ജലാംശം അതിന് ഉൾക്കൊള്ളാൻ കഴിയും. നല്ല ചൂടും കാറ്റുമുള്ള ഒരു ദിവസം തുണി അലക്കിയിട്ടാൽ വേഗം ഉണങ്ങുന്നത് അതുകൊണ്ടാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അന്തരീക്ഷത്തിലാണ് ജലാംശത്തിൽ ഭൂരിഭാഗവും ഉള്ളത്. ‘അങ്ങനെയെങ്കിൽ ആവശ്യമുള്ള മറ്റു പ്രദേശങ്ങളിലേക്ക് ഈ ജലമെല്ലാം എത്തിക്കുന്നത് എങ്ങനെയാണ്’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഭൂഗോളത്തെ ചുറ്റി വീശിയടിക്കുന്ന ശക്തമായ കാറ്റുകളാണ് ഇതു ചെയ്യുന്നത്. അച്ചുതണ്ടിന്മേലുള്ള ഭൂമിയുടെ കറക്കവും ഭൂപ്രതലത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത തോതിൽ ചൂടാകുന്നതിന്റെ ഫലമായി അന്തരീക്ഷത്തിൽ നിരന്തരം ഉണ്ടാകുന്ന ഉഗ്ര ചലനങ്ങളുമാണ് ഈ കാറ്റുകൾക്കു നിദാനം.
വിക്ഷോഭണവിധേയമായ നമ്മുടെ അന്തരീക്ഷത്തിൽ വലിയ വായുപിണ്ഡങ്ങൾ—ഏറെക്കുറെ ഒരേ താപനിലയുള്ള വായു അടങ്ങിയ വലിയ പ്രദേശങ്ങൾ—ഉണ്ട്. അവ എത്ര വലുതാണ്? ഏതാനും ദശലക്ഷ ചതുരശ്ര കിലോമീറ്റർ വരെ അവ വ്യാപിച്ചുകിടന്നേക്കാം. ചൂടുള്ള വായുപിണ്ഡങ്ങൾ രൂപംകൊള്ളുന്നത് ഉഷ്ണമേഖലകളിലാണ്, ശീത പിണ്ഡങ്ങളാകട്ടെ ധ്രുവ പ്രദേശങ്ങളിലും. അന്തരീക്ഷത്തിലെ ജലാംശം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്ന ദൗത്യം നിറവേറ്റുന്നത് ഈ കൂറ്റൻ വായുപിണ്ഡങ്ങളാണ്.
രൂപകൽപ്പനാ വൈഭവത്തിനുള്ള മറ്റൊരു ഉത്തമ ഉദാഹരണം അന്തരീക്ഷത്തിലെ നീരാവിയുടെ ചലനത്തിൽ കാണാൻ
കഴിയും. അത് ഉഷ്ണമേഖലകൾ പോലെ ചൂട് അധികമുള്ള പ്രദേശങ്ങളിൽനിന്നു ചൂട് കുറവുള്ള പ്രദേശങ്ങളിലേക്കു താപം എത്തിക്കുന്നു. അല്ലാത്തപക്ഷം ഭൂമിയുടെ ചില ഭാഗങ്ങളിൽ ചൂട് അനിയന്ത്രിതമായി വർധിച്ചേനെ.ഘനീകരണം
നീരാവി അന്തരീക്ഷത്തിൽ സുപ്രധാന ദൗത്യങ്ങൾ നിർവഹിക്കുന്നുണ്ടെങ്കിലും അവിടെത്തന്നെ തങ്ങിയാൽ നമുക്കറിയാവുന്നതു പോലെ അതിന് ഭൂമിയെ നനയ്ക്കാൻ സാധിക്കില്ല. സഹാറ മരുഭൂമി പോലുള്ള ചിലയിടങ്ങളിൽ സംഭവിക്കുന്നത് ഇതാണ്. സഹാറയ്ക്കു മുകളിലുള്ള അന്തരീക്ഷത്തിൽ വലിയ അളവിൽ ജലാംശം ഉണ്ടെങ്കിലും ആ പ്രദേശം സദാ വരണ്ട അവസ്ഥയിലാണ്. അന്തരീക്ഷത്തിലെ ജലാംശം എങ്ങനെയാണ് ഭൂമിയിലേക്കു മടങ്ങിയെത്തുന്നത്? ആദ്യം അത് ഘനീഭവിച്ച് ദ്രാവകരൂപത്തിലേക്കു തിരിച്ചുവരുന്നു.
വെള്ളം തിളപ്പിക്കുമ്പോൾ നീരാവി പാത്രത്തിന്റെ അടപ്പിൽ ചെന്നുതട്ടി ഘനീഭവിച്ച് നീർത്തുള്ളികളായി മാറുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? കൂടുതൽ തണുപ്പുള്ള ഭാഗങ്ങളിലേക്ക് ഉയരുന്ന വായുവിന്റെ താപം കുറയുമ്പോൾ സമാനമായ ഒരു സംഗതി സംഭവിക്കുന്നു. വായു ഉയരാൻ കാരണം എന്താണ്? ഘനമേറിയ തണുത്ത വായുപിണ്ഡം ചൂടുപിടിച്ച വായുപിണ്ഡത്തെ മുകളിലേക്കു തള്ളിവിടുന്നു. ചില സന്ദർഭങ്ങളിൽ വായു മുകളിലേക്ക് ഉയരാൻ ഇടയാക്കുന്നത് പർവതങ്ങളാണ്. മറ്റു ചിലപ്പോൾ ഇത് സംഭവിക്കുന്നത് താപസംവഹനം മൂലമാണ്, പ്രത്യേകിച്ചും ഉഷ്ണമേഖലകളിൽ.
‘എന്നാൽ അന്തരീക്ഷത്തിലെ നീരാവി എന്തിൽ തട്ടിയാണ് ഘനീഭവിക്കുന്നത്’ എന്നു നിങ്ങൾ ചോദിച്ചേക്കാം? അന്തരീക്ഷത്തിൽ പുക, പൊടി, സമുദ്ര ലവണങ്ങൾ എന്നിവയുടെയെല്ലാം തീരെ ചെറിയ കണങ്ങൾ ഉണ്ട്. അതുകൊണ്ട് വായു തണുക്കുമ്പോൾ നീരാവി ഈ ചെറിയ കണങ്ങളിൽ പറ്റിക്കൂടി നീർത്തുള്ളികളായി ഘനീഭവിക്കുന്നു. ഇത്തരത്തിലുള്ള അനേകം ചെറു നീർത്തുള്ളികൾ ചേർന്നാണ് മേഘങ്ങൾ രൂപംകൊള്ളുന്നത്.
ഈ വെള്ളം ഉടനെ ഭൂമിയിലേക്കു പതിക്കുന്നില്ല. എന്തുകൊണ്ട്? വെള്ളത്തിന്റെ സാന്ദ്രത വായുവിന്റേതിനെക്കാൾ 800 മടങ്ങ് ആയതിനാൽ അങ്ങനെയല്ലേ സംഭവിക്കേണ്ടത് എന്നു തോന്നിയേക്കാം. എന്നാൽ മേഘത്തിലെ ഓരോ വെള്ളത്തുള്ളിയും തീരെ ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ അതിനു വായുവിൽ ഒഴുകിനടക്കാൻ കഴിയും. ‘ജ്ഞാനസംപൂർണ്ണനായ ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികൾമൂലം മേഘങ്ങൾ മുകളിൽ തങ്ങി നില്ക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് നേരത്തേ പരാമർശിച്ച എലീഹൂ ജലപരിവൃത്തിയിലെ ഈ വിസ്മയത്തിൽ അതിശയംപൂണ്ടു. (ഇയ്യോബ് 37:16, പി.ഒ.സി. ബൈബിൾ) നമുക്കു മുകളിലൂടെ ഒഴുകി നടക്കുന്ന പഞ്ഞിക്കെട്ടു പോലെ തോന്നിക്കുന്ന ഒരു ചെറിയ മേഘത്തിൽ 100 മുതൽ 1,000 ടൺ വരെ ജലാംശം ഉണ്ടായിരിക്കാം എന്നത് അത്ഭുതം ഉണർത്തുന്നില്ലേ?
വർഷണം
പല മേഘങ്ങളും വർഷണത്തിന് ഇടയാക്കുന്നേയില്ല. ജലം അന്തരീക്ഷത്തിൽ എത്തുന്നത് എങ്ങനെയാണെന്നും മേഘങ്ങൾ ആകാശത്തുകൂടെ ഒഴുകിനടക്കുന്നത് എങ്ങനെയാണെന്നും വിശദീകരിക്കാൻ താരതമ്യേന എളുപ്പമാണ്. “ജലം വീണ്ടും താഴേക്കു പതിക്കുന്നത് എങ്ങനെയാണ് എന്നു വിശദീകരിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്” എന്ന് ഒരു ലേഖകൻ പറയുന്നു.—അന്തരീക്ഷം ഉയർത്തുന്ന വെല്ലുവിളി (ഇംഗ്ലീഷ്).
“ഒരു മേഘത്തിലെ പത്തു ലക്ഷമോ അതിലധികമോ നീർത്തുള്ളികൾ” കൂടിയാണ് ഒരു ചെറിയ മഴത്തുള്ളിയായിത്തീരുന്നത്. ഒഴുകിനടക്കുന്ന മേഘത്തിലെ നീർത്തുള്ളികളെ ഓരോ മിനിട്ടിലും ഭൂമിയിൽ പതിച്ചുകൊണ്ടിരിക്കുന്ന 100 കോടി ടൺ ജലമാക്കി മാറ്റുന്നത് എന്താണ് എന്നതിന് പൂർണമായും തൃപ്തികരമായ ഒരു ഉത്തരം തരാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ചെറിയ നീർത്തുള്ളികൾ കൂടിച്ചേർന്ന് വലിപ്പം കൂടിയ മഴത്തുള്ളികൾ ആകുന്നതാണോ? ചില സമയങ്ങളിൽ അതാണു സംഭവിക്കുന്നത്. ഉഷ്ണമേഖലകളിലും മറ്റും മഴയുണ്ടാകുന്നത് സാധ്യതയനുസരിച്ച് ഇങ്ങനെയാണ്. എന്നാൽ അയർലൻഡിലെ അറ്റ്ലാന്റിക് തീരപ്രദേശങ്ങളിലും മറ്റും ‘മഴത്തുള്ളികൾ രൂപംകൊള്ളുന്നത് എങ്ങനെയെന്ന്’ ഇതു വിശദീകരിക്കുന്നില്ല.
ഇവിടെ മേഘങ്ങളിലെ ചെറിയ നീർത്തുള്ളികൾ കേവലം കൂടിച്ചേരുകയല്ല ചെയ്യുന്നത്. പൂർണമായും മനസ്സിലാക്കിയിട്ടില്ലാത്ത പ്രക്രിയകളുടെ ഫലമായി അവ ചെറിയ ഐസ് ക്രിസ്റ്റലുകൾ ആയിത്തീരുന്നു. ഇവ ഒന്നിച്ചുകൂടി “പ്രകൃതിയിലെ ഏറ്റവും വലിയ വിസ്മയങ്ങളിൽ ഒന്നായ” ലോലമായ മഞ്ഞുപാളിക്ക് രൂപം കൊടുക്കുന്നു. ഈ മഞ്ഞുപാളികളുടെ വലിപ്പവും ഭാരവും വർധിക്കുമ്പോൾ വായുമർദത്തെ മറികടന്ന് അവ ഭൂമിയിലേക്കു പതിക്കുന്നു. ആവശ്യത്തിനു തണുപ്പ് ഉണ്ടെങ്കിൽ അവ ഹിമമായി പൊഴിയും. ഒരു മഞ്ഞുപൊഴിച്ചിലിൽ ശതകോടിക്കണക്കിന് നേർത്ത മഞ്ഞുപാളികൾ ഉണ്ടാകും. എന്നാൽ അവ വീഴുന്നത് ചൂടുള്ള വായുവിലൂടെ ആണെങ്കിൽ മഞ്ഞുപാളികൾ ഉരുകി മഴത്തുള്ളികളായി മാറുന്നു. അതുകൊണ്ട് മഞ്ഞെന്നു പറയുന്നത് ഉറഞ്ഞുകൂടിയ മഴത്തുള്ളികളല്ല. മറിച്ച് മഴയുടെ തുടക്കം മിക്കപ്പോഴും മഞ്ഞ് ആയിട്ടാണ്—വിശേഷിച്ചും മിതോഷ്ണമേഖലകളിൽ. എന്നിട്ട് താഴേക്കുള്ള വഴിമധ്യേ അത് ഉരുകി വെള്ളം ആയിത്തീരുകയാണ്.
അങ്ങനെ ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി, ഇപ്പോഴും പൂർണമായി ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പല സങ്കീർണ പ്രക്രിയകൾക്കും വിധേയമായ ശേഷം മഴവെള്ളം ഭൂമിയിൽ മടങ്ങിയെത്തുന്നു. മഴ ചിലപ്പോഴൊക്കെ നിങ്ങളുടെ പദ്ധതികളും പരിപാടികളും ‘വെള്ളത്തിലാക്കിയേക്കാം’ എന്നതു ശരിതന്നെ. എന്നാൽ നമുക്കു തുടർച്ചയായി വെള്ളം ലഭിക്കുന്നത് ഈ അത്ഭുത പ്രതിഭാസം മുഖാന്തരമാണ്. അതേ, മഴ ഒരു അനുഗ്രഹം തന്നെയാണ്. അതുകൊണ്ട് അടുത്തപ്രാവശ്യം മഴത്തുള്ളികൾ മുഖത്തു വീഴുമ്പോൾ ദൈവത്തിൽനിന്നുള്ള ഈ ദാനത്തെ വിലമതിക്കാൻ നിങ്ങൾ കൂടുതൽ ചായ്വുള്ളവർ ആയിരിക്കും എന്നു പ്രതീക്ഷിക്കട്ടെ. (g04 2/8)
[അടിക്കുറിപ്പ്]
a ഇംഗ്ലീഷ് കവിയായ സാമുവെൽ ടെയ്ലർ കോൾറിജ് രചിച്ചത്.
[14-ാം പേജിലെ ചതുരം/രേഖാചിത്രം]
ആലിപ്പഴം രൂപംകൊള്ളുന്നത് എങ്ങനെ?
“ഇടിമഴയ്ക്ക് ഇടയാക്കുന്ന വലിയ മേഘങ്ങളിലെ ഉഗ്രമായ ചലനങ്ങളുടെ സവിശേഷമായ ഒരു സൃഷ്ടിയാണ് ആലിപ്പഴം,” കാലാവസ്ഥ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഇടിമഴമേഘങ്ങളിലെ തീരെ ചെറിയ കണങ്ങളിൽ പറ്റിക്കൂടി ഘനീഭവിക്കുന്ന മേഘത്തിലെ നീർത്തുള്ളികൾ ചിലപ്പോൾ മുകളിലേക്കുള്ള ശക്തമായ വായുപ്രവാഹത്തിൽപ്പെട്ട് മേഘത്തിന്റെ മുകൾഭാഗത്തെ തണുത്തുറഞ്ഞ ഭാഗത്ത് എത്തുന്നു. അവിടെയെത്തുമ്പോൾ ഈ മഴത്തുള്ളിയുടെ മേൽ മറ്റ് നീർത്തുള്ളികൾ വീണ്ടും ഘനീഭവിക്കുകയും ഉടനടി ഉറഞ്ഞുപോകുകയും ചെയ്യുന്നു. ഉറഞ്ഞ മഴത്തുള്ളി മേഘത്തിന്റെ തണത്തുറഞ്ഞ പാളിയിലേക്കും താഴേക്കും പലവുരു സഞ്ചരിക്കുന്നു. അപ്പോഴൊക്കെയും ഈ പ്രക്രിയ ആവർത്തിക്കപ്പെടുന്നു. ഓരോ തവണയും ഉറഞ്ഞ മഴത്തുള്ളിയുടെ മേൽ ഒരു പാളി ഐസ് കൂടെ ചേർക്കപ്പെടുകയും അത് പല പാളികൾ ഉള്ള ഒരു സവാള പോലെ ആയിത്തീരുകയും ചെയ്യുന്നു. ഒടുവിൽ അതിന്റെ ഭാരം മേഘത്തിലെ വായുവിന്റെ മുകളിലേക്കുള്ള സമ്മർദത്തെക്കാൾ കൂടുതലാകുമ്പോൾ അവ താഴെ ഭൂമിയിലേക്കു പതിക്കുന്നു. ഇതിനെയാണ് നമ്മൾ ആലിപ്പഴമെന്നു വിളിക്കുന്നത്. “ചിലപ്പോൾ ആലിപ്പഴത്തിന്റെ തൂക്കം 0.76 കിലോഗ്രാം വരെ പോലും എത്തിയേക്കാം” എന്ന് അന്തരീക്ഷം, കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ആലിപ്പഴം
മുകളിലേക്കുള്ള വായുപ്രവാഹം
നീർത്തുള്ളികൾ ഉറയുന്ന സ്ഥാനം .......................
താഴേക്കുള്ള വായുപ്രവാഹം
[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങൾ അറിഞ്ഞിരുന്നോ?
ശരാശരി എടുത്താൽ, ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള മൊത്തം ജലാംശം ഏതാണ്ട് പത്തു ദിവസത്തെ മഴയ്ക്കേ തികയുകയുള്ളൂ.
ഒരു വേനൽക്കാല ഇടിമഴയ്ക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിൽ വർഷിച്ചതുപോലുള്ള ഒരു ഡസൻ ബോംബുകളുടേതിനു തുല്യമായ ഊർജം പുറപ്പെടുവിക്കാൻ കഴിയും. പ്രതിദിനം ഏകദേശം 45,000 ഇടിമഴകൾ ഭൂമിയിൽ ഉണ്ടാകുന്നു.
അന്തരീക്ഷം ചൂടാകുന്നത് മുഖ്യമായും സൂര്യതാപം നേരിട്ടു പതിക്കുന്നതിനാലല്ല. ഈ താപോർജത്തിൽ അധികവും അന്തരീക്ഷത്തിലൂടെ കടന്ന് നേരെ താഴേക്കു പതിക്കുകയാണ് ചെയ്യാറ്. ചൂടായ ഭൂമിയിൽനിന്ന് തിരിച്ചു വികിരണം ചെയ്യപ്പെടുന്ന താപമാണ് അന്തരീക്ഷത്തെ ചൂടാക്കുന്നത്.
ഒരേ പ്രദേശത്ത് ഒരേസമയം മൂന്ന് വ്യത്യസ്ത രൂപങ്ങളിൽ—ഖരം, ദ്രാവകം, വാതകം—സുലഭമായി കാണപ്പെടുന്ന ഭൂമിയിലെ ഏക പദാർഥമാണ് വെള്ളം.
ഭൂമിയുടെ ഉപരിതലത്തിനടുത്തുള്ള വായുവിൽ ഉണ്ടാകുന്ന മേഘമാണ് മൂടൽമഞ്ഞ്.
[16, 17 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഭൂമിയിലെ വെള്ളത്തിന്റെ 97 ശതമാനം സമുദ്രങ്ങളിലാണ്
സൂര്യന്റെ ചൂട് വെള്ളത്തെ നീരാവിയാക്കുന്നു
നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപംകൊള്ളുന്നു
മേഘങ്ങളിലെ ജലാംശം വർഷണത്തിലൂടെ താഴേക്കു പതിക്കുന്നു
മഴത്തുള്ളികളും നേർത്ത മഞ്ഞുപാളികളും