മൃഗങ്ങൾ അവയുമായുള്ള ചങ്ങാത്തം എന്നേക്കും ആസ്വദിക്കുക
മൃഗങ്ങൾ അവയുമായുള്ള ചങ്ങാത്തം എന്നേക്കും ആസ്വദിക്കുക
എത്രയിനം ജീവജന്തുക്കളാണ് ഭൂമിയിലുള്ളത്! ഓരോന്നിനും തനതായ സവിശേഷതകളും ഉണ്ട്. അവയോടുള്ള സ്നേഹവും അനുകമ്പയും ഒരു വ്യക്തിയെ അവയുടെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന ഘടകമായി വർത്തിച്ചേക്കാം. അതാണ് മരിയയുടെ കാര്യത്തിൽ സംഭവിച്ചത്.
ഏകദേശം മൂന്നു വർഷം മുമ്പ്, മരിയ പോർച്ചുഗലിലെ ലിസ്ബണിൽ താമസിക്കുമ്പോൾ അവർ വളരെ ഓമനിച്ചു വളർത്തിയിരുന്ന പട്ടിയെ കാണാതായി. കണ്ടുകിട്ടുന്നവർ അതിനെ തന്നെ ഏൽപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് മരിയ റേഡിയോയിൽ ഒരു അറിയിപ്പു നടത്തി. അത് കേൾക്കാനിടയായ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു സ്ത്രീ, വിവരിച്ചിരിക്കുന്ന അടയാളങ്ങളോടു കൂടിയ ഒരു പട്ടിയെ താൻ കണ്ടതായി ഓർമിച്ചു. അവർ മരിയയുമായി ബന്ധപ്പെട്ടു. ഇരുവരും നേരിൽ കണ്ടു. തുടർന്ന് പട്ടിയെയും കണ്ടെത്തി. മരിയയ്ക്ക് മൃഗങ്ങളോട്
ഇത്രയ്ക്കു സ്നേഹമുള്ളതുകൊണ്ട് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ ജീവിക്കുന്നത് അവർ തീർച്ചയായും ആസ്വദിക്കുമെന്ന് സാക്ഷി പറഞ്ഞു. അവിടെ മനുഷ്യർ എല്ലാ മൃഗങ്ങളുമായും സമാധാനത്തിൽ ആയിരിക്കുമെന്നും സാക്ഷി വിശദീകരിച്ചു.സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കാനുള്ള ക്ഷണം മരിയ സ്വീകരിച്ചു. അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവരുടെ താത്പര്യത്തെ ഉണർത്തി, വ്യക്തിപരമായ ഒരു ബൈബിളധ്യയനം വേണമെന്നായി അവർ. പഠനം പുരോഗമിക്കവേ, യഹോവയാം ദൈവത്തെയും ഭൂമിയിലെ—നീതി വസിക്കുന്ന ഒരു പുതിയ ലോകത്തിലെ—നിത്യജീവന്റെ പ്രത്യാശയെയും കുറിച്ചു പഠിച്ചത് അവരുടെ ഹൃദയത്തെ ആഴമായി സ്പർശിച്ചു. (സങ്കീർത്തനം 37:29; യോഹന്നാൻ 17:3) ഒടുവിൽ, 2002 ഫെബ്രുവരി 16-ന് അവർ യഹോവയാം ദൈവത്തിനുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം
മനുഷ്യർ എന്നേക്കും ഒരു പറുദീസ ഭൂമിയിൽ ജീവിക്കണമെന്നും അതിലെ എല്ലാ ജീവജന്തുക്കളെയും പരിപാലിക്കണമെന്നും ഉള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിവൃത്തിയാകും എന്നതിനുള്ള തെളിവുകൾ മരിയയെ പോലെ ഒട്ടനവധി പേരെ പുളകംകൊള്ളിച്ചിട്ടുണ്ട്. (ഉല്പത്തി 1:28) ദൈവം ‘[ഭൂമിയെ] സൃഷ്ടിച്ചത് വ്യർത്ഥമായിട്ടല്ല,’ പിന്നെയോ, “പാർപ്പിന്നത്രേ” എന്ന് ബൈബിൾ പറയുന്നു. ഭൂമിയിലെ ജീവിതവും മൃഗങ്ങളുമായുള്ള സഹവർത്തിത്വവും മനുഷ്യർ എന്നേക്കും ആസ്വദിക്കണമെന്നതായിരുന്നു ദൈവോദ്ദേശ്യം.—യെശയ്യാവു 45:18.
കൂടാതെ, ഭൂമി ഒരു പറുദീസയാകണമെന്ന തന്റെ ആദിമ ഉദ്ദേശ്യം നിറവേറ്റാനുള്ള ദൈവത്തിന്റെ ദൃഢനിശ്ചയത്തെയും ബൈബിൾ എടുത്തു കാണിക്കുന്നു. “ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും” എന്ന് അവൻ അരുളിച്ചെയ്യുന്നു. വീണ്ടും യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 46:11; 55:11.
മനുഷ്യർ ഒരു ഭൗമിക പറുദീസയിൽ എന്നേക്കും ജീവിതം ആസ്വദിക്കണമെന്നുള്ളതായിരുന്നു ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം എന്നു വ്യക്തം. തക്ക സമയത്ത് ആ ഉദ്ദേശ്യം നിവർത്തിക്കപ്പെടും എന്ന ഉറച്ച വിശ്വാസം നമുക്ക് ഉണ്ടായിരിക്കാൻ കഴിയും. ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിതം എങ്ങനെയുള്ളത് ആയിരിക്കും എന്നതിനെ കുറിച്ച് ബൈബിൾ നൽകുന്ന ഹ്രസ്വമായ വിവരണങ്ങൾ നമുക്കു പരിചിന്തിക്കാം. വളർത്തു മൃഗങ്ങളും കാട്ടുമൃഗങ്ങളും ഉൾപ്പെടെ എല്ലാ ജീവജന്തുക്കളും പരസ്പരവും മനുഷ്യവർഗവുമായും സമാധാനത്തിലായിരിക്കുമെന്ന് നാം കാണും.—യെശയ്യാവു 65:17, 21-25; 2 പത്രൊസ് 3:13.
ഓമനമൃഗങ്ങൾ—ദൈവത്തിന്റെ പുതിയ ലോകത്തിൽ
യഹോവയുടെ പുതിയ ലോകത്തിൽ, സിംഹത്തിന്റെ സ്വർണനിറത്തിലുള്ള ഇടതൂർന്ന സടയിലൂടെ വിരലോടിക്കാനും കടുവയുടെ വരയൻ കുപ്പായത്തിന്മേൽ തലോടാനും അതേ, മൃഗങ്ങൾ ഉപദ്രവിക്കുമെന്ന ഭയമില്ലാതെ വനാന്തരങ്ങളിലെ വൃക്ഷങ്ങൾക്കുകീഴെ കിടന്നുറങ്ങാനും ആളുകൾക്കു സാധിക്കും. ദൈവത്തിന്റെ ഈ വാഗ്ദാനം ശ്രദ്ധിക്കുക: ‘ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ [മനുഷ്യർ] മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.’—യെഹെസ്കേൽ 34:25; ഹോശേയ 2:18.
കാട്ടുമൃഗങ്ങൾ കൊച്ചുകുട്ടികളോടു പോലും വിധേയത്വം പ്രകടമാക്കും! ബൈബിൾ ഇങ്ങനെ പറയുന്നു: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും.”
എന്നാൽ അതുകൊണ്ടും തീർന്നില്ല! തിരുവെഴുത്ത് തുടർന്ന് ഇങ്ങനെ പറയുന്നു: “പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:6-9.
യഹോവയുടെ പുതിയ ലോകത്തിൽ, തങ്ങൾക്കും തങ്ങൾ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുംവിധം നഗരങ്ങളിൽ തിങ്ങിപ്പാർക്കേണ്ട ഗതികേട് ആളുകൾക്ക് ഉണ്ടാകില്ല. ഇന്നുപോലും പലരും മൃഗങ്ങളുമായുള്ള ചങ്ങാത്തം ആസ്വദിക്കുന്നുണ്ട് എന്നതു ശരിയാണ്. അതുപോലെതന്നെ പലരും മൃഗങ്ങളോടുള്ള മനോഭാവത്തിലും അവയെ പരിപാലിക്കുന്നതിലും സമനില പുലർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ നീതി വസിക്കുന്ന ഒരു പുതിയ ലോകത്തിൽ ഓമനമൃഗങ്ങളുമായുള്ള ചങ്ങാത്തം എന്നേക്കും ആസ്വദിക്കുകയെന്ന വിസ്മയാവഹമായ പ്രത്യാശയെ കുറിച്ചു ചിന്തിക്കുക! അവയ്ക്കു നൽകുന്ന സ്നേഹപൂർവകമായ പരിപാലനം എല്ലാ ജീവജാലങ്ങളുടെയും മഹാസ്രഷ്ടാവിനു തീർച്ചയായും മഹത്ത്വം കരേറ്റും.
ദൈവത്തിന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങൾ അറിയാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഒരാളാണോ നിങ്ങൾ? എങ്കിൽ തുടക്കത്തിൽ പരാമർശിച്ച, മൃഗങ്ങളെ സ്നേഹിക്കുന്ന മരിയയെ പോലെ നിങ്ങൾക്കും ആ അവസരം ലഭിക്കേണ്ടതിന് ഈ മാസികയുടെ പ്രസാധകരുമായോ യഹോവയുടെ സാക്ഷികളിൽ ആരെങ്കിലുമായോ ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. അതേക്കുറിച്ചു പഠിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ അവർക്കു സന്തോഷമായിരിക്കും. (g04 2/22)
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ, മൃഗങ്ങളുമായുള്ള ചങ്ങാത്തം എന്നേക്കും ആസ്വദിക്കാൻ കഴിയും