വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“തലനരച്ച” കുറ്റവാ​ളി​കൾ

“ജോലി​യിൽ നിന്നു വിരമിച്ച ശേഷം കുറ്റകൃ​ത്യ​ങ്ങ​ളി​ലേക്കു തിരി​യുന്ന വയോ​ധി​ക​രു​ടെ എണ്ണം അഭൂത​പൂർവ​മാ​യി വർധിച്ചു വരുന്ന സ്ഥിതി​വി​ശേഷം നേരി​ടു​ന്ന​തിന്‌ വയോ​ധി​കരെ പാർപ്പി​ക്കു​ന്ന​തി​നുള്ള പ്രത്യേക സജ്ജീക​ര​ണ​ങ്ങ​ളോ​ടു കൂടിയ ജയിൽ വിഭാഗം ബ്രിട്ട​നിൽ നിലവിൽ വന്നിരി​ക്കു​ന്നു,” ലണ്ടനിലെ ദ സൺഡേ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. പോർട്ട്‌സ്‌മൗ​ത്തി​ലെ ഒരു ജയിലിൽ പ്രവർത്തി​ക്കുന്ന ഈ വിഭാ​ഗ​ത്തിൽ ആളുകളെ മുകളി​ലേ​ക്കും താഴേ​ക്കും കൊണ്ടു​പോ​കു​ന്ന​തിന്‌ യന്ത്രവ​ത്‌കൃത കസേര റെയി​ലി​നോ​ടു ഘടിപ്പി​ച്ചു​ണ്ടാ​ക്കിയ സ്റ്റെയർലി​ഫ്‌റ്റു​കൾ, വ്യായാ​മ​ത്തി​നുള്ള പരിഷ്‌ക​രിച്ച ഉപകര​ണങ്ങൾ, ആതുര​ശു​ശ്രൂ​ഷാ വിദഗ്‌ധ​രായ ജീവന​ക്കാർ എന്നീ കരുത​ലു​ക​ളുണ്ട്‌. തങ്ങൾക്കു ലഭിക്കുന്ന പെൻഷ​നി​ലും സർക്കാർ സഹായ​ത്തി​ലും തൃപ്‌ത​രാ​കാ​തെ കുറ്റകൃ​ത്യ​ത്തി​ലേക്കു തിരി​ഞ്ഞി​ട്ടുള്ള—തിരി​യു​ന്ന​തി​നെ കുറിച്ചു ചിന്തി​ച്ചി​ട്ടുള്ള—1,00,000-ത്തിൽ കൂടുതൽ വ്യക്തികൾ ഉണ്ടെന്ന്‌ പഠനം വെളി​പ്പെ​ടു​ത്തു​ന്നു. മയക്കു​മ​രുന്ന്‌ ഇടപാട്‌, കടകളിൽനി​ന്നു സാധനങ്ങൾ മോഷ്ടി​ക്കൽ, ബ്രിട്ട​നി​ലേക്ക്‌ സിഗര​റ്റും മദ്യവും കടത്തൽ, ബാങ്കു കവർച്ച തുടങ്ങിയ കുറ്റങ്ങ​ളാണ്‌ ഇവരുടെ പേരി​ലു​ള്ളത്‌. ഇത്തരത്തിൽ, പെൻഷൻ പറ്റിയ​ശേഷം ജയിലിൽ എത്തിയ​വ​രു​ടെ എണ്ണം 1990-ൽ 355  ആയിരു​ന്നെ​ങ്കിൽ 2000-ത്തിൽ അത്‌ 1,138 ആയി ഉയർന്നു. കുറ്റകൃ​ത്യ​ത്തി​ന്റെ ഭൂതകാ​ല​രേഖ ഇല്ലാത്ത ഇവരിൽ പലരും “മെച്ചപ്പെട്ട ജീവി​ത​നി​ല​വാ​രം നിലനി​റു​ത്തു​ന്ന​തി​നുള്ള വലിയ സമ്മർദ​ത്തിൻകീ​ഴി​ലാണ്‌,” കുറ്റശാ​സ്‌ത്ര വിദഗ്‌ധ​നായ ബിൽ ടപ്‌മാൻ പറയുന്നു. “ഉദ്യോ​ഗ​ത്തിൽനി​ന്നു വിരമിച്ച ഇവർ തീർത്തും ദരി​ദ്ര​രായ ആളുകളല്ല, മറിച്ച്‌ കഠിനാ​ധ്വാ​നി​ക​ളും ജീവി​ത​ത്തി​ലു​ട​നീ​ളം നിയമാ​നു​സ​രണം ജീവി​ച്ചി​രു​ന്ന​വ​രും ആയ ഇടത്തട്ടുകാരാണ്‌.”(g04 2/8)

സോപ്പ്‌ ജീവൻ രക്ഷിക്കു​ന്നു

സോപ്പ്‌ അതിസാര രോഗ​ങ്ങളെ ചെറു​ക്കാൻ സഹായി​ക്കു​ന്ന​തു​കൊണ്ട്‌, സോപ്പ്‌ ഉപയോ​ഗിച്ച്‌ കൈകൾ കഴുകു​ന്ന​തു​കൊ​ണ്ടു​മാ​ത്രം പ്രതി​വർഷം പത്തു ലക്ഷം പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന്‌ ലണ്ടൻ സ്‌കൂൾ ഓഫ്‌ ഹൈജീൻ ആൻഡ്‌ ട്രോ​പ്പി​ക്കൽ മെഡി​സി​നി​ലെ ലക്‌ച്ചറർ ആയ വാൽ കർട്ടിസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ജപ്പാനി​ലെ ക്യോ​ട്ടോ​യിൽ നടന്ന തേർഡ്‌ വേൾഡ്‌ വാട്ടർ ഫോറ​ത്തിൽ മനുഷ്യ മാലി​ന്യ​ങ്ങ​ളി​ലെ രോഗാ​ണു​ക്കളെ “ഒന്നാമത്തെ പൊതു ശത്രു” എന്നാണ്‌ കർട്ടിസ്‌ വിശേ​ഷി​പ്പി​ച്ചത്‌, ദ ഡെയ്‌ലി യോമി​യൂ​രി റിപ്പോർട്ടു ചെയ്യുന്നു. “ചില രാജ്യ​ങ്ങ​ളിൽ മലവി​സർജ​ന​ത്തി​നു​ശേഷം കുട്ടി​കളെ കഴുകി​ച്ചിട്ട്‌ സ്‌ത്രീ​കൾ കൈകൾ കഴുകാ​തെ ഭക്ഷണം പാകം​ചെ​യ്യു​ന്നത്‌ സാധാ​ര​ണ​മാണ്‌” എന്ന്‌ പത്രം പറയുന്നു. സോപ്പ്‌ ഉപയോ​ഗിച്ച്‌ കൈകൾ കഴുകു​ന്നത്‌ മാരക​മായ വൈറ​സു​ക​ളും ബാക്ടീ​രി​യ​ക​ളും പകരു​ന്നത്‌ തടയാൻ സഹായി​ക്കും. കർട്ടി​സി​ന്റെ അഭി​പ്രാ​യ​ത്തിൽ, വികസ്വര രാജ്യ​ങ്ങ​ളിൽ അതിസാര രോഗ​ങ്ങളെ തടയത്തക്ക വിധത്തിൽ ജലത്തിന്റെ ഗുണനി​ല​വാ​രം മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ സോപ്പ്‌ ഉപയോ​ഗിച്ച്‌ കൈകൾ കഴുകു​ന്ന​തി​നു വേണ്ടി​വ​രു​ന്ന​തി​ന്റെ മൂന്നി​രട്ടി ചെലവാ​ക്കേണ്ടി വരും.(g04 2/22)

സുരക്ഷി​ത​മായ നെരു​പ്പോട്‌

“നെരു​പ്പോ​ടി​ലോ വിറക​ടു​പ്പി​ലോ തീ കത്തിക്കു​ന്നത്‌ വീടിന്റെ അകവും പുറവും മലിന​മാ​കാ​നും അഗ്നിബാധ ഉണ്ടാകാ​നും കാരണ​മാ​യേ​ക്കാം,” യുസി ബർക്ക്‌ലി വെൽനെസ്‌ ലെറ്റർ കുറി​ക്കൊ​ള്ളു​ന്നു. തീപി​ടി​ത്തം മൂലമുള്ള അപകട​ങ്ങ​ളും നെരു​പ്പോ​ടി​ന്റെ ഉപയോ​ഗം ഉളവാ​ക്കുന്ന മാലി​ന്യ​ങ്ങൾ ഉയർത്തി​വി​ടുന്ന ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാൻ വെൽനെസ്‌ ലെറ്റർ ചില നിർദേ​ശങ്ങൾ നൽകുന്നു:

“പുകക്കു​ഴൽ പ്രവർത്ത​ന​ക്ഷ​മ​മാ​യി നിലനി​റു​ത്തുക . . . , അതു വൃത്തി​യാ​ക്കി​യും കേടു​പോ​ക്കി​യും സൂക്ഷി​ക്കുക.”

“കാർബൺ മോ​ണോ​ക്‌​സൈ​ഡി​ന്റെ സാന്നി​ധ്യം തിരി​ച്ച​റി​യാ​നുള്ള സംവി​ധാ​നം അഭില​ഷ​ണീ​യം . . . , വിശേ​ഷി​ച്ചും വീടു കെട്ടി​യ​ട​ച്ചത്‌ ആണെങ്കിൽ.

“പുക​യോ​ടു​കൂ​ടി ആളിക്ക​ത്താത്ത, ചൂടു നിൽക്കുന്ന ചെറിയ തീപൂ​ട്ടുക.”

“ആറുമാ​സം എങ്കിലും ഉണക്കി​സൂ​ക്ഷിച്ച വിറക്‌ ഉപയോ​ഗി​ക്കുക. കടുപ്പം കൂടിയ തടി നന്നായി, കൂടുതൽ സമയം കത്തും.”

“വായു കടക്കാൻ ജാലകം [അൽപ്പം] തുറന്നി​ടുക.”

“വിറക്‌ ഉപയോ​ഗി​ച്ചു കത്തിക്കുന്ന അടുപ്പ്‌ ശരിയായ രീതി​യിൽ സ്ഥാപി​ക്കു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്തുക, എളുപ്പം തീപി​ടി​ക്കാ​വുന്ന ഭിത്തി​യിൽനി​ന്നും ഗൃഹോ​പ​ക​ര​ണ​ങ്ങ​ളിൽനി​ന്നും ഒരു [മീറ്റർ] എങ്കിലും അകലെയേ സ്ഥാപി​ക്കാ​വൂ. തറയ്‌ക്കു കേടു വരാതി​രി​ക്കാൻ താപക​വചം” ഉപയോ​ഗി​ക്കുക.

“സംസ്‌ക​രിച്ച തടി, പ്ലൈവുഡ്‌, പാർട്ടി​ക്കിൾ ബോർഡ്‌, ചായമോ മറ്റോ പൂശിയ തടി, നിറമുള്ള പേപ്പർ, പ്ലാസ്റ്റിക്‌ എന്നിവ​യൊ​ന്നും കത്തിക്കാൻ ഉപയോ​ഗി​ക്ക​രുത്‌. അവയിൽനി​ന്നു വിഷപ്പുക നിർഗ​മി​ച്ചേ​ക്കാം.”

“എപ്പോ​ഴും നെരു​പ്പോ​ടി​നു മുമ്പിൽ സംരക്ഷ​ണമറ ഉപയോ​ഗി​ക്കുക.” (g03 11/8)

വികാര വിചാ​ര​ങ്ങ​ളും ആരോ​ഗ്യ​വും

ചിന്തകൾക്കു ശരീര​ത്തി​ന്മേ​ലുള്ള സ്വാധീ​നം നാം മുമ്പു കരുതി​യി​രു​ന്ന​തി​ലും വളരെ അധിക​മാ​യി​രു​ന്നേ​ക്കാം, പോളിഷ്‌ മാസി​ക​യായ വ്‌​പ്രോസ്റ്റ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അത്‌ ഇങ്ങനെ തുടരു​ന്നു: “ചിന്തക​ളും വികാ​ര​ങ്ങ​ളും മനുഷ്യ ശരീര​ത്തി​ലെ പ്രധാ​ന​പ്പെട്ട എല്ലാ അവയവ​ങ്ങ​ളെ​യും നാഡീ​വ്യ​വസ്ഥ, രോഗ​പ്ര​തി​രോ​ധം, ഹോർമോൺ, രക്തപര്യ​യനം, പ്രത്യു​ത്‌പാ​ദനം തുടങ്ങി എല്ലാ വ്യവസ്ഥ​ക​ളെ​യും ബാധി​ക്കു​ന്നു.” അതു​കൊണ്ട്‌ “സമ്മർദ​പൂ​രി​ത​മായ ജീവിതം നയിക്കുന്ന ആളുകൾക്ക്‌ മറ്റുള്ള​വരെ അപേക്ഷി​ച്ചു ജലദോ​ഷ​വും പനിയും ഉണ്ടാകാ​നുള്ള സാധ്യത രണ്ടു മടങ്ങാണ്‌” എന്ന്‌ വാഴ്‌സോ​യി​ലെ മിലി​ട്ടറി ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ഹൈജീൻ ആൻഡ്‌ എപ്പി​ഡെ​മോ​ള​ജി​യിൽ പ്രൊ​ഫ​സ​റായ മാരെക്‌ കോവാൽചിക്‌ പറയുന്നു. വിഷാ​ദ​മ​ഗ്ന​രായ സ്‌ത്രീ​കൾ ഗർഭം ധരിക്കാ​നുള്ള സാധ്യത 50 ശതമാനം കുറവാണ്‌ എന്നും അദ്ദേഹം പറയുന്നു. സമ്മർദം കാൻസ​റി​നു കാരണ​മാ​കു​ക​യി​ല്ലെ​ങ്കി​ലും “അതിനു സുഷു​പ്‌താ​വ​സ്ഥ​യി​ലുള്ള കാൻസ​റി​ന്റെ വളർച്ചയെ ത്വരി​ത​പ്പെ​ടു​ത്താൻ കഴിയും,” എന്നും വ്‌​പ്രോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. കോപ​വും ആരോ​ഗ്യ​ത്തെ അപകട​ത്തി​ലാ​ക്കി​യേ​ക്കാം. അക്രമ​സ്വ​ഭാ​വ​വും ശത്രു​താ​മ​നോ​ഭാ​വ​വും ഉള്ളവർക്ക്‌ ഹൃദയ​ധ​മനീ രോഗം ഉണ്ടാകാ​നുള്ള സാധ്യത വളരെ കൂടു​ത​ലാണ്‌ എന്നു കരുത​പ്പെ​ടു​ന്നു, അത്‌ ഹൃദയാ​ഘാ​ത​ത്തി​നുള്ള സാധ്യ​ത​യും വർധി​പ്പി​ക്കു​ന്നു. (g04 1/8)

യുവജ​ന​ങ്ങ​ളി​ലെ കോപ​പ്ര​വ​ണ​ത​യും ഹൃ​ദ്രോ​ഗ​വും

“മറ്റുള്ള​വ​രോ​ടു കടുത്ത ശത്രുത വെച്ചു​പു​ലർത്തുന്ന കുട്ടി​കൾക്കും കൗമാ​ര​ക്കാർക്കും മെറ്റ​ബോ​ളിക്‌ സിൻ​ഡ്രോം—ഹൃ​ദ്രോ​ഗ​ത്തി​ന്റെ ഒരു കടുത്ത അപകട​സൂ​ചന—ഉണ്ടാകാ​നുള്ള സാധ്യത സൗമ്യ​പ്ര​കൃ​ത​ക്കാ​രായ സമപ്രാ​യ​ക്കാ​രെ അപേക്ഷിച്ച്‌ ഏതാണ്ട്‌ മൂന്നു മടങ്ങ്‌ കൂടു​ത​ലാണ്‌,” മോൺട്രി​യോ​ളി​ലെ വർത്തമാ​ന​പ​ത്ര​മായ ദ ഗസറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. 134 കുട്ടി​ക​ളു​ടെ​യും കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും ശത്രുതാ നിരക്കി​നെ കുറിച്ചു പഠനം നടത്തിയ അമേരി​ക്കൻ, ഫിന്നിഷ്‌ ഗവേഷകർ കോപ​പ്ര​വണത കൂടു​ത​ലു​ള്ള​വർക്ക്‌ കോപ​പ്ര​വണത കുറഞ്ഞ​വരെ അപേക്ഷിച്ച്‌ ഹൃദയ​സം​ബ​ന്ധ​മായ രോഗ​സാ​ധ്യത 22 ശതമാനം അധിക​മാ​ണെന്നു കണ്ടെത്തി. “ആരും 50 വയസ്സാ​കു​മ്പോൾ പെട്ടെ​ന്നൊ​രു ദിവസം ഹൃ​ദ്രോ​ഗി​യാ​യി മാറു​ന്നില്ല,” പഠനം നടത്തിയ സംഘത്തിൽ അംഗമായ ഡോക്ടർ ക്രിസ്റ്റൻ സലൊമൻ പറയുന്നു. “ഹൃദയ​സം​ബ​ന്ധ​മായ രോഗങ്ങൾ ചെറു​പ്പ​ത്തിൽ തന്നെ തുടങ്ങു​ന്നു.” (g04 2/8)

ബ്രിട്ട​നി​ലെ ഏറ്റവും പ്രായം​ചെന്ന പക്ഷി

“52 വർഷം കൊണ്ട്‌ 80,00,000 കിലോ​മീ​റ്റർ പറന്ന ബ്രിട്ട​നി​ലെ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും പ്രായം​ചെന്ന പക്ഷി ഇപ്പോ​ഴും സുഖമാ​യി​രി​ക്കു​ന്നു,” ലണ്ടനിലെ ദിനപ​ത്ര​മായ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഈ ചെറിയ പക്ഷിയെ, കറുപ്പും വെളു​പ്പും കലർന്ന മാങ്ക്‌സ്‌ ഷീർവാ​ട്ട​റി​നെ, “1957 മേയിൽ അതിന്‌ ഏതാണ്ട്‌ ആറു വയസ്സ്‌ ഉള്ളപ്പോ​ഴാണ്‌ ടാഗ്‌ ബന്ധിച്ചു വിട്ടത്‌.” 1961, 1978, 2002 എന്നീ വർഷങ്ങ​ളിൽ അതിനെ വീണ്ടും പിടിച്ചു. പിന്നീട്‌ അതിനെ കാണു​മെന്ന്‌ പക്ഷിവി​ജ്ഞാ​നീ​യർ പ്രതീ​ക്ഷി​ച്ച​തേയല്ല. എന്നാൽ 2003-ന്റെ ആരംഭ​ത്തിൽ വടക്കേ വെയിൽസി​ന്റെ തീരത്തു​നി​ന്നു മാറി അതിനെ വീണ്ടും പിടിച്ചു. പക്ഷിവി​ജ്ഞാ​ന​ത്തി​നു വേണ്ടി​യുള്ള ബ്രിട്ടീഷ്‌ ട്രസ്റ്റിന്റെ കണക്കനു​സ​രിച്ച്‌ തെക്കേ അമേരി​ക്ക​യി​ലേ​ക്കും തിരി​ച്ചു​മാ​യി ഈ ദേശാടന പക്ഷി ഏറ്റവും കുറഞ്ഞത്‌ 8,00,000 കിലോ​മീ​റ്റർ പറന്നി​ട്ടുണ്ട്‌. അതോ​ടൊ​പ്പം തീറ്റ തേടി​യുള്ള 1,000 കിലോ​മീ​റ്റർ പതിവു പറക്കലും കൂടെ​യാ​കു​മ്പോൾ 80,00,000 കിലോ​മീ​റ്റ​റിൽ കൂടുതൽ പറന്നി​രി​ക്കണം എന്നാണ്‌ ശാസ്‌ത്രജ്ഞർ നിഗമനം ചെയ്യു​ന്നത്‌. വടക്കൻ വെയിൽസി​ലെ ബാർഡ്‌സി പക്ഷി നിരീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഗ്രേയം അപ്പൽറ്റൺ പറയുന്നു: “ഈ പ്രായം​ചെന്ന പക്ഷിയെ നാലാ​മത്തെ ടാഗാണ്‌ അണിയി​ച്ചത്‌; ഇത്‌ ഒരു റെക്കോർഡാണ്‌. മറ്റു ടാഗു​കൾക്കെ​ല്ലാം തേയ്‌മാ​നം സംഭവി​ച്ചി​രു​ന്നു.” (g04 2/8)

ആഫ്രി​ക്ക​യിൽ മലമ്പനി പിടി​മു​റു​ക്കു​ന്നു

മലമ്പനി നിമിത്തം “ആഫ്രിക്കൻ ഭൂഖണ്ഡ​ത്തിൽ പ്രതി​ദി​നം 3,000 കുട്ടികൾ മരിക്കു​ന്നു,” ഫ്രഞ്ച്‌ വർത്തമാ​ന​പ​ത്ര​മായ ല ഫിഗാ​റോ പ്രസ്‌താ​വി​ക്കു​ന്നു. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ കണക്കു​ക​ള​നു​സ​രിച്ച്‌ ആഫ്രി​ക്ക​യിൽ പ്രതി​വർഷം ഉണ്ടാകുന്ന 30 കോടി​യി​ല​ധി​കം ഗുരു​ത​ര​മായ മലമ്പനി രോഗ​ബാധ കുറഞ്ഞത്‌ 10 ലക്ഷം ജീവൻ അപഹരി​ക്കു​ന്നു. 2000-ാമാണ്ടിൽ ബുറുണ്ടി അതിന്റെ ചരി​ത്ര​ത്തി​ലെ ഏറ്റവും നാശക​ര​മായ മലമ്പനി ബാധക​ളി​ലൊന്ന്‌ അഭിമു​ഖീ​ക​രി​ച്ചു. ഏഴു മാസത്തി​നു​ള്ളിൽ അവിടത്തെ പകുതി ജനങ്ങളും അതായത്‌ 35 ലക്ഷത്തോ​ളം ആളുകൾ രോഗ​ബാ​ധി​ത​രാ​യി. പ്രതി​രോ​ധ​ശക്തി ആർജിച്ച പരാദങ്ങൾ കൊയ്‌ന ഉപയോ​ഗി​ച്ചുള്ള ചികിത്സ നിഷ്‌ഫ​ല​മാ​ക്കി​യ​താണ്‌ ഇതിനു കാരണം. ചൈന​യിൽ കണ്ടുവ​രുന്ന ആർട്ടി​മി​സിയ അന്നുവ എന്ന ചെടി​യിൽ നിന്ന്‌ ഉത്‌പാ​ദി​പ്പി​ക്കുന്ന മലമ്പനി​യ്‌ക്കെ​തി​രെ​യുള്ള കൂടുതൽ പുതിയ മരുന്നു​കൾ വിലക്കൂ​ടു​തൽ ഭയന്ന്‌ പല ആഫ്രിക്കൻ രാജ്യ​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്നില്ല. അതിന്റെ ഫലമായി “ആഫ്രി​ക്ക​യിൽ മലമ്പനി പിടി​മു​റു​ക്കു​ക​യാണ്‌,” ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഒരു ഉന്നത ഉദ്യോ​ഗസ്ഥ പറഞ്ഞു. (g04 2/22)

ലത്തീൻ ഭാഷയു​ടെ മുഖം മിനു​ക്കു​ന്നു

അനേകം ആളുകൾക്കും ലത്തീൻ ഒരു മൃതഭാ​ഷ​യാ​ണെ​ങ്കി​ലും വത്തിക്കാൻ അതിനെ പുനരു​ജ്ജീ​വി​പ്പി​ക്കാ​നും കാലാ​നു​സൃ​ത​മാ​ക്കാ​നും ഉദ്യമി​ക്കു​ക​യാണ്‌. എന്തു​കൊണ്ട്‌? ഉപയോ​ഗ​ത്തി​ലി​രി​ക്കുന്ന ഭാഷ ഇറ്റാലി​യൻ ആണെങ്കി​ലും ലത്തീൻ ഔദ്യോ​ഗിക ഭാഷയാണ്‌. മാത്രമല്ല, ചാക്രി​ക​ലേ​ഖ​ന​ങ്ങ​ളി​ലും മറ്റു രേഖക​ളി​ലും അതാണ്‌ ഇപ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌. കുർബാന പ്രാ​ദേ​ശിക ഭാഷക​ളിൽ ആചരി​ക്കാ​മെന്ന തീരു​മാ​ന​ത്തെ​ത്തു​ടർന്ന്‌ 1970-കളിൽ ലത്തീൻ വളരെ​യ​ധി​കം ക്ഷയിച്ചു തുടങ്ങി. അപ്പോൾ, ഈ ഭാഷയെ സജീവ​മാ​യി നിലനി​റു​ത്താൻ പോൾ ആറാമൻ പാപ്പാ ലത്തീൻ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഈ ലക്ഷ്യത്തിൽ രണ്ടു വാല്യ​ങ്ങ​ളാ​യി പ്രസി​ദ്ധീ​ക​രിച്ച ലത്തീൻ-ഇറ്റാലി​യൻ നിഘണ്ടു​വി​ന്റെ അവസാന പ്രതി​യും വിറ്റഴി​ഞ്ഞു. ഇപ്പോൾ രണ്ടു വാല്യ​ങ്ങ​ളും സമാഹ​രിച്ച്‌ ഒരു പുതിയ പതിപ്പ്‌ പ്രസി​ദ്ധീ​ക​രി​ച്ചു കഴിഞ്ഞു. 115 ഡോള​റാണ്‌ വില. അതിൽ “ഇസ്‌കാ​ര്യോ​റം ലാവാ​റ്റോർ” (പാത്രം കഴുകാ​നുള്ള യന്ത്രം) എന്നിങ്ങനെ ഏതാണ്ട്‌ 15,000 ആധുനിക ലത്തീൻ പദങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. “രണ്ടു മൂന്നു വർഷത്തി​നു​ള്ളിൽ ഒരു പുതിയ വാല്യം പ്രതീ​ക്ഷി​ക്കു​ന്നു,” ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പറയുന്നു. പുതു​താ​യി ചേർക്കുന്ന പദങ്ങളി​ലേ​റെ​യും “കമ്പ്യൂട്ടർ, വിവര വിജ്ഞാ​നീ​യം എന്നീ മേഖല​ക​ളിൽ നിന്നു​ള്ള​വ​യാ​യി​രി​ക്കും.” (g04 2/22)