അമിത മദ്യപാനം തീർത്തും അനഭികാമ്യമോ?
ബൈബിളിന്റെ വീക്ഷണം
അമിത മദ്യപാനം തീർത്തും അനഭികാമ്യമോ?
കുടിയനായി അഭിനയിച്ച് കാണികളെ രസിപ്പിക്കുന്ന കഥാപാത്രം വർഷങ്ങളായി അരങ്ങിലും വെള്ളിത്തിരയിലും സ്ഥാനം പിടിച്ചിരിക്കുന്നു. അത് അഭിനയം മാത്രമാണെങ്കിലും അത്തരം തമാശ, അമിതകുടിയോടുള്ള ആളുകളുടെ പരസ്പരവിരുദ്ധ മനോഭാവങ്ങൾക്ക് ഉത്തമ ഉദാഹരണമാണ്. ഒരു ദൗർബല്യം ആണെങ്കിൽത്തന്നെയും അതുകൊണ്ടു കാര്യമായ ദോഷമൊന്നുമില്ല എന്നു കരുതുന്നവരാണ് അനേകരും.
എന്നാൽ യാഥാർഥ്യങ്ങളുടെ ലോകത്തിലേക്കു വരുമ്പോൾ ഇതിൽ രസാവഹമായി യാതൊന്നുമില്ല എന്നു മനസ്സിലാകുന്നു. ലോകമെമ്പാടും ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്ന ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നായാണ് ലോകാരോഗ്യ സംഘടന മദ്യത്തിന്റെ ദുരുപയോഗത്തെ കണക്കാക്കുന്നത്. പുകയില കഴിഞ്ഞാൽ ഏറ്റവുമധികം രോഗങ്ങൾക്കും മരണത്തിനും കാരണമാകുന്ന ആസക്തിജന്യ വസ്തു മദ്യമാണെന്നു പറയപ്പെടുന്നു. കൂടാതെ, അമേരിക്കയിൽ മാത്രം ഓരോ വർഷവും 18,400 കോടിയിലധികം ഡോളറാണ് ആ വഴിക്ക് നഷ്ടമാകുന്നത്.
വസ്തുതകൾ ഇങ്ങനെയൊക്കെ ആയിരുന്നിട്ടും പലരും അമിത മദ്യപാനത്തിന്റെ ഗൗരവം കുറച്ചുകാട്ടുന്നതിൽ തുടരുന്നു. ദീർഘകാല അടിസ്ഥാനത്തിലുള്ള ദുരുപയോഗത്തിന്റെ ദുഷ്ഫലങ്ങൾ അവർ അംഗീകരിച്ചേക്കാം എങ്കിലും വല്ലപ്പോഴും കാര്യമായി കഴിക്കുന്നതിൽ കുഴപ്പമൊന്നുമില്ല എന്നാണ് അവരുടെ നിലപാട്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം മദ്യലഹരി നുണയുന്നത് തങ്ങൾ മുതിർന്നിരിക്കുന്നു എന്നതിന്റെ തെളിവു നൽകലാണ്. ആരോഗ്യ സംഘടനകൾ ഗൗരവതരമായ മുന്നറിയിപ്പുകൾ മുഴക്കുന്നുണ്ടെങ്കിലും ഒറ്റയടിക്ക് അഞ്ചോ അതിലധികമോ പെഗ്ഗ് അകത്താക്കുന്ന പ്രവണത എല്ലാ പ്രായക്കാരുടെയും ഇടയിൽ വർധിച്ചുവരികയാണ്. അതുകൊണ്ട് സ്വാഭാവികമായും പല വ്യക്തികളും അമിത മദ്യപാനത്തിൽ അത്രയ്ക്കു കുഴപ്പമുണ്ടോ എന്നു സംശയിക്കുന്നു. ബൈബിളിന് എന്താണു പറയാനുള്ളത്?
വീഞ്ഞും മദ്യവും—ദൈവത്തിൽ നിന്നുള്ള ദാനങ്ങൾ
വീഞ്ഞിനെയും മദ്യത്തെയും കുറിച്ചുള്ള ധാരാളം പരാമർശങ്ങൾ ബൈബിളിലുണ്ട്. ശലോമോൻ രാജാവ് സഭാപ്രസംഗി 9:7) ‘മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞ്’ പ്രദാനം ചെയ്യുന്നത് യഹോവയാം ദൈവമാണെന്ന് സങ്കീർത്തനക്കാരൻ തിരിച്ചറിഞ്ഞു. (സങ്കീർത്തനം 104:14, 15) മനുഷ്യവർഗത്തിനുള്ള യഹോവയുടെ അനുഗ്രഹങ്ങളിൽ വീഞ്ഞും ഉൾപ്പെട്ടിരിക്കുന്നു എന്നതു വ്യക്തം.
ഇങ്ങനെ എഴുതി: “നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.” (വീഞ്ഞ് ഉപയോഗിക്കുന്നത് യേശുവിനും സ്വീകാര്യമായിരുന്നു. അവന്റെ ആദ്യത്തെ അത്ഭുതപ്രവർത്തനംതന്നെ ഒരു വിവാഹ വിരുന്നിൽവെച്ച് വെള്ളം ഗുണമേന്മയുള്ള വീഞ്ഞാക്കി മാറ്റിയതായിരുന്നു. (യോഹന്നാൻ 2:3-10) അതുപോലെ, കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയപ്പോൾ തന്റെ രക്തത്തെ ഉചിതമായി പ്രതീകപ്പെടുത്തുന്ന ചിഹ്നമായി യേശു വീഞ്ഞാണ് ഉപയോഗിച്ചത്. (മത്തായി 26:27-29) വീഞ്ഞിന്റെ ഔഷധമൂല്യത്തെ കുറിച്ചും ബൈബിൾ പരാമർശിക്കുന്നുണ്ട്. ദൃഷ്ടാന്തത്തിന് തിമൊഥെയൊസിനോട് അവന്റെ “അജീർണ്ണത [‘ഉദരാസ്വാസ്ഥ്യം,’ ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം]” നിമിത്തം അൽപ്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളാൻ അപ്പൊസ്തലനായ പൗലൊസ് ശുപാർശ ചെയ്തു.—1 തിമൊഥെയൊസ് 5:23; ലൂക്കൊസ് 10:34.
ഔചിത്യത്തിന്റെ താക്കോൽ—മിതത്വം
പൗലൊസ് ശുപാർശ ചെയ്തത് ‘അല്പം വീഞ്ഞ്’ മാത്രമായിരുന്നു എന്നത് കുറിക്കൊള്ളുക. ലഹരിപാനീയങ്ങളുടെ അമിത ഉപയോഗത്തെ ബൈബിൾ വ്യക്തമായും കുറ്റംവിധിക്കുന്നു. യഹൂദ പുരോഹിതന്മാർക്ക് തങ്ങളുടെ ശുശ്രൂഷയിൽ ഏർപ്പെടാത്ത സമയത്ത് മിതമായി മദ്യം ഉപയോഗിക്കാമായിരുന്നു. എന്നാൽ, നിയമനങ്ങൾ നിർവഹിക്കുമ്പോൾ അവർ യാതൊരു ലഹരിപാനീയവും ഉപയോഗിക്കാൻ പാടില്ലെന്നു നിഷ്കർഷിക്കപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 10:8-11) അനേക വർഷങ്ങൾക്കു ശേഷം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഈ മുന്നറിയിപ്പു നൽകപ്പെട്ടു: മദ്യപന്മാർ “ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.
കൂടുതലായി, തിമൊഥെയൊസിന് നിർദേശങ്ങൾ നൽകവേ സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ ‘മദ്യപ്രിയരോ’ “ധാരാളം വീഞ്ഞു കുടിക്കുന്നവരോ” (NW) ആയിരിക്കരുതെന്ന് പൗലൊസ് പറഞ്ഞു. a (1 തിമൊഥെയൊസ് 3:3, 8) വാസ്തവത്തിൽ, അനുതാപമില്ലാത്ത കുടിയന്മാരെ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കാനാണ് ബൈബിൾ അനുശാസിക്കുന്നത്. (1 കൊരിന്ത്യർ 5:11-13) ഉചിതമായിത്തന്നെ, “വീഞ്ഞു പരിഹാസി”യാണെന്നു തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 20:1) മദ്യത്തിന്റെ അമിത ഉപയോഗം ഒരുവന്റെ ആത്മനിയന്ത്രണത്തെ ദുർബലപ്പെടുത്തുകയും തീരുമാനശേഷിയെ വികലമാക്കുകയും ചെയ്യുന്നു.
ദൈവവചനം അമിത മദ്യപാനത്തെ കുറ്റംവിധിക്കുന്നതിന്റെ കാരണം
നാം എന്തെങ്കിലും ദുരുപയോഗം ചെയ്യുമ്പോൾ അത് നമ്മുടെയും മറ്റുള്ളവരുടെയും ദോഷത്തിലേ കലാശിക്കൂ എന്ന് ‘ശുഭകരമായി പ്രവർത്തിപ്പാൻ നമ്മെ അഭ്യസിപ്പിക്കുന്ന’ യഹോവയ്ക്ക് അറിയാം. (യെശയ്യാവു 48:17, 18) ലഹരിപാനീയങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. ദൈവവചനം ഇപ്രകാരം ചോദിക്കുന്നു: “ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പ്?” അത് ഉത്തരം നൽകുന്നു: “വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ.”—സദൃശവാക്യങ്ങൾ 23:29, 30.
മദ്യലഹരിയിൽ ആളുകൾ ചിന്താരഹിതവും അപകടകരവുമായ നിരവധി കാര്യങ്ങൾ ചെയ്തുകൂട്ടുന്നു: മദ്യലഹരിയിൽ വാഹനമോടിച്ച് തനിക്കു തന്നെയും മറ്റുള്ളവർക്കും അപകട സാധ്യത സൃഷ്ടിക്കുക, മറ്റൊരുവന്റെ ഇണയോട് അതിരുകവിഞ്ഞ അടുപ്പം കാണിച്ചുകൊണ്ട് ബന്ധങ്ങൾ താറുമാറാക്കുക, വിവേകശൂന്യമായോ അപമര്യാദയായോ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക എന്നിങ്ങനെ പലതും. (സദൃശവാക്യങ്ങൾ 23:33) സമകാലിക ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന ഏറ്റവും ഹാനികരമായ സാമൂഹിക തിന്മകളിൽ ഒന്നായി മദ്യദുരുപയോഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് തികച്ചും ഉചിതമാണ്. ദൈവം ഇങ്ങനെ ആഹ്വാനം ചെയ്യുന്നതിൽ അത്ഭുതമില്ല: “നീ ധാരാളം വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കരുത്.”—സദൃശവാക്യങ്ങൾ 23:20, NW.
ഗലാത്യർ 5:19-21-ൽ, (NW) ദൈവാത്മാവിന്റെ ഫലത്തിനു വിപരീതമായി അമിത മദ്യപാനവും വെറിക്കൂത്തും “ജഡത്തിന്റെ പ്രവൃത്തികളി”ലാണ് പൗലൊസ് പട്ടികപ്പെടുത്തുന്നത്. അമിത മദ്യപാനം ഒരുവനു ദൈവവുമായുള്ള ബന്ധത്തിനു ഹാനി വരുത്തും. തന്നിമിത്തം, ക്രിസ്ത്യാനികൾ നിശ്ചയമായും ലഹരിപാനീയങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കേണ്ടതാണ്. (g04 3/8)
[അടിക്കുറിപ്പ്]
a മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും യഹോവയുടെ ഉന്നതമായ നിലവാരങ്ങളോടു തങ്ങളുടെ പരമാവധി പറ്റിനിന്നുകൊണ്ട് തീരുമാനങ്ങളിലും പെരുമാറ്റത്തിലും ആട്ടിൻകൂട്ടത്തിനു മാതൃക ആയിരിക്കേണ്ടവരാണ്. അതുകൊണ്ട് ഈ വ്യവസ്ഥ മറ്റ് ക്രിസ്ത്യാനികൾക്കും ബാധകമാണെന്ന് ഉചിതമായും മനസ്സിലാക്കാം.