ആണവ യുദ്ധം അത് ഒഴിവാക്കാനാകുമോ?
ആണവ യുദ്ധം അത് ഒഴിവാക്കാനാകുമോ?
“അവർ ഭക്ഷിച്ചു കിടന്നുറങ്ങും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” —സെഫന്യാവു 3:13, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
എല്ലാവരും ആണവ ഭീഷണിയില്ലാത്ത ഒരു ലോകം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ലോകത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട് ആളുകൾ ഭഗ്നാശരാകുന്നു, തങ്ങളുടെ ആഗ്രഹം എന്നെങ്കിലും സഫലമാകുമെന്ന് അവർ കരുതുന്നില്ല. “നിയന്ത്രണം, വെട്ടിച്ചുരുക്കൽ എന്നിവയിലൂടെ ക്രമേണ അണ്വായുധങ്ങൾ നിർമാർജനം ചെയ്യുക എന്ന ആശയം അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അജണ്ടയിൽനിന്നു വഴുതിപ്പോകുകയാണ്” എന്ന് ദ ഗാർഡിയൻ വീക്ക്ലി പരിതപിക്കുന്നു.
എന്നിരുന്നാലും, ഈ ലക്ഷ്യത്തിൽ രാഷ്ട്രങ്ങൾ നടത്തിവരുന്ന ശ്രമങ്ങൾ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൃഷ്ടാന്തത്തിന്, ആണവ യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കായി ഐക്യനാടുകൾ മാത്രം ഓരോ വർഷവും 220 കോടി ഡോളർ ചെലവഴിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതു തീർച്ചയായും വലിയൊരു തുകതന്നെയാണ്. എന്നാൽ അതേ രാജ്യംതന്നെ ഒരു ആണവ യുദ്ധത്തിനു കോപ്പുകൂട്ടിക്കൊണ്ട് പ്രതിവർഷം ഏതാണ്ട് 2,700 കോടി ഡോളർ ചെലവഴിക്കുന്നു എന്നത് അനേകരെ അസ്വസ്ഥരാക്കുന്നു.
സമാധാന കരാറുകൾ സംബന്ധിച്ചെന്ത്? അത്തരം ശ്രമങ്ങൾക്ക് പ്രത്യാശയുടെ ഉറവായിരിക്കാൻ കഴിയുമോ?
അണ്വായുധ നിയന്ത്രണ കരാറുകൾ
ആണവബോംബുകൾ അവതരിപ്പിക്കപ്പെട്ട കാലംമുതൽതന്നെ അണ്വായുധങ്ങൾ നിയന്ത്രിക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ ലക്ഷ്യംവെച്ചുള്ള ഒട്ടേറെ കരാറുകളും ഒപ്പുവെക്കപ്പെട്ടിട്ടുണ്ട്. ആണവ നിർവ്യാപന കരാർ, സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്സ്, സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ടോക്സ്, സമഗ്ര അണു പരീക്ഷണ നിരോധന കരാർ എന്നിവ അവയിൽ പെടുന്നു. ആണവ ഭീഷണി നിർമാർജനം ചെയ്യുന്നതിൽ ഇവ ഫലപ്രദമായിരുന്നിട്ടില്ലേ?
ഉൾപ്പെട്ടിട്ടുള്ള കക്ഷികൾ പരസ്പരം കൈമാറുന്ന വാഗ്ദാനങ്ങളാണ് ഏതൊരു കരാറിന്റെയും അടിസ്ഥാനം. ദൃഷ്ടാന്തത്തിന്, 1970-ൽ ഒപ്പുവെച്ചതും 2000 ഡിസംബറിലെ കണക്കനുസരിച്ച് 187 രാഷ്ട്രങ്ങൾ അംഗങ്ങളായിട്ടുള്ളതുമായ നിർവ്യാപന കരാറിന്റെ കാര്യമെടുക്കുക. അതിൽ ഒപ്പുവെച്ച, അണുശക്തിയുള്ളതും ഇല്ലാത്തതുമായ രാജ്യങ്ങളുടെ സന്മനസ്സിന്മേലാണ് അതിന്റെ വിജയം കുടികൊള്ളുന്നത്. അത്, ആണവ ശക്തികളല്ലാത്ത രാജ്യങ്ങൾ ആണവ പടക്കോപ്പുകൾ വികസിപ്പിക്കുന്നതോ വാങ്ങുന്നതോ നിരോധിക്കുകയും ആണവ ശക്തികൾ തങ്ങളുടെ അണ്വായുധങ്ങൾ നിർമാർജനം ചെയ്യാൻ
പരിശ്രമിക്കേണ്ടതാണ് എന്ന് അനുശാസിക്കുകയും ചെയ്യുന്നു. ഇതു ഫലപ്രദമായിരുന്നിട്ടുണ്ടോ? “എൻപിറ്റിയുടെ നിയന്ത്രണ സംവിധാനം പഴുതുകൾ ഇല്ലാത്തത് ആയിരുന്നിട്ടില്ലെങ്കിലും, നിരീക്ഷണ വിധേയമായതും യുദ്ധേതര ആവശ്യങ്ങൾക്കുള്ളതുമായ ആണവ സാങ്കേതികവിദ്യയും സൗകര്യങ്ങളും ദുരുപയോഗം ചെയ്യുന്നതു തടയുന്നതിൽ ഇതു ഫലപ്രദമായിരുന്നിട്ടുണ്ട്” എന്ന് “അണ്വായുധങ്ങൾ സംബന്ധിച്ച് കൂടെക്കൂടെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ” (ഇംഗ്ലീഷ്) എന്ന ഡോക്യുമെന്റിൽ കാരി സബ്ലെറ്റ് വിശദമാക്കുന്നു.ഈ ഉടമ്പടി ഏറെക്കുറെ വിജയപ്രദം ആയിരുന്നിട്ടുണ്ടെങ്കിലും “ചില രാജ്യങ്ങളെ ഈ ആയുധങ്ങൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിൽനിന്ന്—അവയിൽ ചില രാജ്യങ്ങളുടെ കാര്യത്തിൽ അതിൽ വിജയിക്കുന്നതിൽനിന്ന്—തടയാൻ അതിനു കഴിഞ്ഞിട്ടില്ല” എന്ന് സബ്ലെറ്റ് പറയുന്നു. എന്നിരുന്നാലും, നിർവ്യാപന കരാറിന്റെ നിരീക്ഷണവിധേയമായ സൗകര്യങ്ങൾക്കു വെളിയിൽ നടപ്പാക്കിയ രഹസ്യ പരിപാടികളിലൂടെ മാത്രമാണ് അവർക്ക് ഇതിനു കഴിഞ്ഞിട്ടുള്ളത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കരാറുകളുടെ ഫലപ്രദത്വം അതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളുടെ വിശ്വാസ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യരുടെ വാഗ്ദാനങ്ങൾ നമുക്കു മുഖവിലയ്ക്ക് എടുക്കാൻ കഴിയുമോ? മനുഷ്യചരിത്രത്തിലെ യാഥാർഥ്യങ്ങളിലൂടെ കണ്ണോടിച്ചാൽ ഉത്തരം വളരെ വ്യക്തമാണ്.
അപ്പോൾപ്പിന്നെ, പ്രത്യാശയ്ക്കായി നമുക്ക് എങ്ങോട്ടു തിരിയാനാകും?
ഒരു പുതിയ വഴിക്കു ചിന്തിക്കൽ
2001 ഡിസംബറിൽ 110 നോബൽ സമ്മാന ജേതാക്കൾ ചേർന്ന് പിൻവരുന്ന പ്രസ്താവന അംഗീകരിച്ച് ഒപ്പുവെച്ചു: “ഭാവി സംബന്ധിച്ചുള്ള ഏക പ്രത്യാശ കുടികൊള്ളുന്നത് ജനാധിപത്യ അടിസ്ഥാനത്തിലുള്ള, അന്താരാഷ്ട്ര സഹകരണത്തോടുകൂടിയ പ്രവർത്തനത്തിലാണ്. . . . നാം മാറ്റിമറിച്ച ഈ ലോകത്തിൽ അതിജീവിക്കുന്നതിന് നാം ഒരു പുതിയ വഴിക്കു ചിന്തിക്കാൻ പഠിക്കണം.” എന്നാൽ, ഏതു ‘പുതിയ വഴിക്കുള്ള’ ചിന്തയാണ് ആവശ്യമായിരിക്കുന്നത്? തങ്ങളുടെ അണ്വായുധങ്ങളാൽ ലോക സമാധാനത്തിനു ഭീഷണി ഉയർത്തുന്നവർ ഒരു പുതിയ വഴിക്കു ചിന്തിക്കാൻ പഠിക്കും എന്നു കരുതുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതാണോ?
ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.” (സങ്കീർത്തനം 146:3) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല,” ബൈബിൾ ഉത്തരം നൽകുന്നു. (യിരെമ്യാവു 10:23) അതേ, ഭൂമിയെ സമാധാനപരമായി ഭരിക്കാനുള്ള പ്രാപ്തി മനുഷ്യനു നൽകപ്പെട്ടിട്ടില്ല എന്നതാണ് അടിസ്ഥാന കാരണം. ബൈബിൾ പ്രസ്താവിക്കുന്നതു പോലെ, ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തിയിരിക്കുന്നു.—സഭാപ്രസംഗി 8:9.
ഭൂമിയെ ഭരിക്കാൻ മനുഷ്യൻ അപ്രാപ്തനാണെങ്കിൽ പിന്നെ ആർക്ക് അതിനു കഴിയും? വിശ്വാസയോഗ്യവും കാര്യക്ഷമവുമായ ഒരു ഭരണകൂടത്തിൻ കീഴിൽ സമാധാനം ആനയിക്കപ്പെടുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. ഈ ഭരണാധിപത്യത്തെ ബൈബിളിൽ ദൈവരാജ്യം എന്നാണ് പരാമർശിച്ചിരിക്കുന്നത്. കർത്താവിന്റെ പ്രാർഥന ഉരുവിട്ടുകൊണ്ട് ദശലക്ഷങ്ങൾ അറിയാതെയാണെങ്കിലും ഈ ഭരണകൂടത്തിനായി പ്രാർഥിച്ചിരിക്കുന്നു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ഈ രാജ്യത്തിന്റെ രാജാവ് സമാധാന പ്രഭുവായ യേശുക്രിസ്തുവാണ്. അവന്റെ ഭരണത്തെ വർണിച്ചുകൊണ്ട് ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”—യെശയ്യാവു 9:6, 7.
രാഷ്ട്രീയനേതാക്കളാകുന്ന ഈ ലോകത്തിന്റെ ‘പ്രഭുക്കന്മാരും’ മാനുഷ ഭരണകൂടങ്ങളും ഈ പുതിയ വഴിക്കു ചിന്തിച്ചില്ലെങ്കിൽത്തന്നെയും നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയും. ബൈബിളിന്റെ ഈ പ്രത്യാശാ സന്ദേശം സ്വീകരിക്കുന്നതിന് യഹോവയുടെ സാക്ഷികൾ സൗജന്യ ബൈബിളധ്യയന പരിപാടിയിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഈ മാസികയുടെ പ്രസാധകരുമായി ബന്ധപ്പെടുക, അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ നിങ്ങൾക്കു സന്ദർശിക്കാവുന്നതാണ്. (g04 3/8)
[8, 9 പേജുകളിലെ ചിത്രം]
ദൈവരാജ്യ ഭരണത്തിൻ കീഴിൽ, ലോകം ആണവ ഭീഷണിയിൽനിന്നു മുക്തമായിരിക്കും