വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?

ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?

ആണവ യുദ്ധം ഭീഷണി ഉയർത്തു​ന്നത്‌ ആരാണ്‌?

“ആണവ സർവനാ​ശ​ത്തി​നുള്ള സാധ്യത യഥാർഥ​മാണ്‌. ശീതസ​മരം അവസാ​നി​ച്ചിട്ട്‌ ഒരു ദശാബ്ദ​ത്തി​ലേറെ ആയെങ്കി​ലും, . . . ആ സാധ്യത ഇന്നും നിലനിൽക്കു​ന്നു.” —മുൻ യു.എസ്‌. പ്രതി​രോധ സെക്ര​ട്ടറി റോബർട്ട്‌ എസ്‌. മാക്‌ന​മാര, വാട്‌സൺ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഫോർ ഇന്റർനാ​ഷണൽ സ്റ്റഡീസിൽ അന്താരാ​ഷ്‌ട്ര ബന്ധങ്ങൾ എന്ന വിഷയ​ത്തിൽ പ്രൊ​ഫ​സ​റായ ജയിംസ്‌ ജി. ബ്ലൈറ്റ്‌.

1991-ൽ ശീതയു​ദ്ധം അവസാ​നി​ച്ച​പ്പോൾ, വിഖ്യാ​ത​മായ വിനാ​ശ​ദിന ഘടികാ​ര​ത്തി​ന്റെ മിനിട്ടു സൂചി “അർധരാ​ത്രിക്ക്‌” 17 മിനിട്ട്‌ പുറ​കോ​ട്ടു തിരി​ച്ചു​വെ​ക്ക​പ്പെട്ടു. ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോ​മിക്‌ സയന്റി​സ്റ്റ്‌സി​ന്റെ കവർപേ​ജി​ലാണ്‌ വിനാ​ശ​ദിന ഘടികാ​രം ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ലോകം ഒരു ആണവ യുദ്ധ​ത്തോട്‌ (അർധരാ​ത്രി) സാധ്യ​ത​യ​നു​സ​രിച്ച്‌ എത്ര​ത്തോ​ളം അടുത്തി​രി​ക്കു​ന്നു എന്നതിന്റെ ഒരു പ്രതീ​ക​മാണ്‌ അത്‌. 1947-ൽ ഈ ഘടികാ​രം അവതരി​പ്പി​ക്ക​പ്പെ​ട്ട​തി​നു​ശേഷം മിനിട്ടു സൂചി അത്ര പുറകി​ലേക്കു മാറ്റി വെക്കു​ന്നത്‌ ആദ്യമാ​യി​ട്ടാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, ആ സമയം മുതൽ മിനിട്ടു സൂചി വീണ്ടും മുന്നോ​ട്ടു നീങ്ങാൻ തുടങ്ങി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 2002 ഫെബ്രു​വ​രി​യിൽ ഘടികാ​ര​ത്തി​ലെ സമയം അർധരാ​ത്രിക്ക്‌ ഏഴ്‌ മിനിട്ട്‌ എന്ന നിലയി​ലേക്കു തിരി​ച്ചു​വെ​ക്കു​ക​യു​ണ്ടാ​യി. അത്‌ ശീതയു​ദ്ധം അവസാ​നിച്ച ശേഷം മുന്നോ​ട്ടുള്ള മൂന്നാ​മത്തെ മാറ്റമാ​യി​രു​ന്നു.

ആ ശാസ്‌ത്ര മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ ഘടികാ​ര​സൂ​ചി മുന്നോ​ട്ടു തിരി​ക്ക​ണ​മെന്നു തോന്നി​യത്‌ എന്തു​കൊ​ണ്ടാണ്‌? ആണവ യുദ്ധം ഇപ്പോ​ഴും ഒരു ഭീഷണി​യാ​ണെന്ന്‌ അവർക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌? ആരാണ്‌ സമാധാ​ന​ത്തി​നു ഭീഷണി ഉയർത്തു​ന്നത്‌?

‘വെട്ടി​ച്ചു​രു​ക്ക​ലി​ലെ’ രഹസ്യം

“പ്രവർത്ത​ന​ക്ഷ​മ​മായ 31,000-ത്തിലധി​കം ആണവാ​യു​ധങ്ങൾ ഇപ്പോ​ഴും ഉണ്ട്‌” എന്ന്‌ ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോ​മിക്‌ സയന്റി​സ്റ്റ്‌സ്‌ വിശദീ​ക​രി​ക്കു​ന്നു. അത്‌ ഇങ്ങനെ തുടരു​ന്നു: “ഈ ആയുധ​ങ്ങ​ളിൽ തൊണ്ണൂ​റ്റഞ്ചു ശതമാ​ന​വും ഐക്യ​നാ​ടു​ക​ളി​ലും റഷ്യയി​ലു​മാ​ണു​ള്ളത്‌. 16,000-ത്തിലധി​കം എണ്ണം യുദ്ധസ​ജ്ജ​മാ​യി വിന്യ​സി​ക്ക​പ്പെട്ട നിലയി​ലാണ്‌.” നിലവി​ലുള്ള ആണവ പോർമു​ന​ക​ളു​ടെ കണക്കിൽ ഒരു വൈരു​ദ്ധ്യം ഉള്ളതായി ചിലർ ശ്രദ്ധി​ച്ചേ​ക്കാം. ഈ വൻ ആണവശ​ക്തി​കൾ, തങ്ങളുടെ പോർമു​ന​ക​ളു​ടെ എണ്ണം 6,000 വീതമാ​യി വെട്ടി​ച്ചു​രു​ക്കി​യെന്നു പ്രഖ്യാ​പി​ച്ച​തല്ലേ?

ഇവി​ടെ​യാണ്‌ ‘വെട്ടി​ച്ചു​രു​ക്ക​ലി​ന്റെ’ പിന്നിലെ രഹസ്യം ചുരു​ള​ഴി​യു​ന്നത്‌. കാർണെഗി എൻഡോ​വ്‌മെന്റ്‌ ഫോർ ഇന്റർനാ​ഷണൽ പീസ്‌ എന്ന സംഘട​ന​യു​ടെ ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “കണക്കിൽപ്പെ​ടു​ത്തേണ്ട 6,000 പോർമു​ന​ക​ളാണ്‌ ഉള്ളതെന്നു തിട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ സ്റ്റാർട്ട്‌ [സ്‌ട്രാ​റ്റ​ജിക്‌ ആംസ്‌ റിഡക്ഷൻ ടോക്‌സ്‌ (START)] കരാറിൽ അംഗീ​ക​രി​ക്ക​പ്പെട്ട പ്രത്യേക ഇനവിവര ഗണന നിയമ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌. ഇവയെ കൂടാതെ, അടുത്തുള്ള ലക്ഷ്യങ്ങളെ ആക്രമി​ക്കാൻ രൂപകൽപ്പന ചെയ്‌തി​ട്ടു​ള്ള​തും ആവശ്യം വന്നാൽ ഉപയോ​ഗി​ക്കാ​നാ​യി കരുതി​വെ​ച്ചി​രി​ക്കു​ന്ന​തു​മായ ആയിര​ക്ക​ണ​ക്കിന്‌ ആയുധങ്ങൾ ഇരു രാഷ്‌ട്ര​വും നിലനി​റു​ത്തും.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോ​മിക്‌ സയന്റി​സ്റ്റ്‌സ്‌ പ്രസ്‌താ​വി​ക്കുന്ന പ്രകാരം, “ആക്രമ​ണോ​ന്മു​ഖ​മാ​യി വിന്യ​സി​ച്ചി​രി​ക്കുന്ന ആയുധ​ഗ​ണ​ത്തിൽനി​ന്നു മാറ്റുന്ന അമേരി​ക്കൻ പോർമു​ന​ക​ളിൽ അനേക​വും അഴിച്ചു​മാ​റ്റു​ന്ന​തി​നു പകരം (കരുതൽ ആയുധ ശേഖര​മാ​യി ഇപ്പോൾത്തന്നെ സൂക്ഷി​ച്ചി​ട്ടുള്ള 5,000 പോർമു​ന​ക​ളോ​ടൊ​പ്പം), സൂക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​വ​യു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തു​ക​യാ​കും ചെയ്യുക.”

അതു​കൊണ്ട്‌, ഇപ്പോ​ഴും കരുതൽശേ​ഖ​ര​മാ​യി സൂക്ഷി​ച്ചി​ട്ടുള്ള പ്രവർത്ത​ന​ക്ഷ​മ​മായ ആയിര​ക്ക​ണ​ക്കി​നു തന്ത്ര​പ്ര​ധാന ആണവാ​യു​ധ​ങ്ങൾക്കു—ഒരു ഭൂഖണ്ഡ​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്ക്‌ നേരിട്ടു വിക്ഷേ​പി​ക്കാൻ കഴിയു​ന്ന​വ​യാണ്‌ ഇവ—പുറമേ അടുത്തുള്ള ലക്ഷ്യങ്ങളെ ആക്രമി​ക്കാൻ രൂപകൽപ്പന ചെയ്‌തി​ട്ടുള്ള മറ്റ്‌ ആയിര​ക്ക​ണ​ക്കിന്‌ ആണവ പോർമു​ന​ക​ളും ഇതര ആണവാ​യു​ധ​ങ്ങ​ളും ഉണ്ട്‌. മുഴു മനുഷ്യ​രാ​ശി​യെ​യും അനേക തവണ നശിപ്പി​ക്കാൻപോന്ന ആണവാ​യു​ധങ്ങൾ നിസ്സം​ശ​യ​മാ​യി ഇപ്പോ​ഴും ഇരു ആണവ വൻശക്തി​ക​ളു​ടെ​യും കൈവ​ശ​മുണ്ട്‌! വിനാ​ശ​ക​മായ ഇത്രയ​ധി​കം ആയുധങ്ങൾ കരുതി വെച്ചി​രി​ക്കു​ന്നത്‌ മറ്റൊരു ഭീഷണി കൂടി ഉയർത്തു​ന്നു—ആണവ മി​സൈ​ലു​ക​ളു​ടെ അബദ്ധവ​ശാ​ലുള്ള വിക്ഷേ​പണം.

അബദ്ധവ​ശാ​ലുള്ള ആണവ യുദ്ധം

മുമ്പു പരാമർശിച്ച റോബർട്ട്‌ എസ്‌. മാക്‌ന​മാ​ര​യും ജയിംസ്‌ ജി. ബ്ലൈറ്റും പറയു​ന്ന​ത​നു​സ​രിച്ച്‌, “‘മുന്നറി​യി​പ്പു ലഭിച്ചാ​ലു​ടൻ ആയുധം തൊടു​ക്കുക’ എന്ന യുദ്ധത​ന്ത്ര​മാണ്‌ യു.എസ്‌. ആണവ​സൈ​ന്യ​ത്തെ നിയ​ന്ത്രി​ക്കു​ന്നത്‌.” ഇത്‌ എന്ത്‌ അർഥമാ​ക്കു​ന്നു? “റഷ്യൻ പോർമു​നകൾ പറന്നടു​ക്കു​മ്പോൾത്തന്നെ തൊടു​ത്തു​വി​ടാ​നാ​കും​വി​ധം സജ്ജമാണ്‌ നമ്മുടെ പോർമു​നകൾ” എന്ന്‌ അവർ വിശദീ​ക​രി​ക്കു​ന്നു. അവർ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “റഷ്യൻ ആക്രമ​ണത്തെ കുറി​ച്ചുള്ള ആദ്യ മുന്നറി​യി​പ്പു ലഭിച്ച്‌ 15 മിനിട്ട്‌ കഴിയു​ന്ന​തി​നു​മുമ്പ്‌ നമ്മുടെ മി​സൈ​ലു​കൾ തൊടു​ത്തി​രി​ക്കണം എന്നതാണ്‌ പ്രമാണം.” യു.എസ്സിലെ ഒരു മുൻ തന്ത്ര​പ്ര​ധാന ആണവ മിസൈൽ വിക്ഷേപണ ഓഫീസർ പറയുന്ന പ്രകാരം, “കരയി​ലുള്ള മിക്കവാ​റും എല്ലാ മി​സൈ​ലു​ക​ളും രണ്ടുമി​നി​ട്ടി​നു​ള്ളിൽത്തന്നെ വിക്ഷേ​പി​ക്കാൻ തയ്യാറാ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​വ​യാണ്‌.”

എന്നാൽ ഈ അവസ്ഥ ഒരു അപകടം ക്ഷണിച്ചു​വ​രു​ത്തു​ന്നു. തെറ്റായ ഒരു മുന്നറി​യിപ്പ്‌ അനാവ​ശ്യ​മാ​യി മിസൈൽ തൊടു​ത്തു​വി​ടു​ന്ന​തിൽ കലാശി​ച്ചേ​ക്കാം. “അമേരി​ക്കൻ ആണവ പരിശീ​ലന അഭ്യാ​സ​ങ്ങൾക്കി​ട​യിൽ, അബദ്ധവ​ശാൽ ഒന്നില​ധി​കം തവണ യഥാർഥ​ത്തിൽ മിസൈൽ വിക്ഷേ​പി​ക്കാ​നുള്ള കൽപ്പനകൾ പുറ​പ്പെ​ടു​വി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌” എന്ന്‌ യു.എസ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ടി​ലെ ഒരു ലേഖനം വിശദീ​ക​രി​ക്കു​ന്നു. സമാന​മായ വ്യാജ മുന്നറി​യി​പ്പു​കൾ റഷ്യയി​ലും ഉണ്ടായി​ട്ടുണ്ട്‌. 1995-ൽ ഒരു നോർവീ​ജി​യൻ ഗവേഷണ റോക്കറ്റ്‌ വ്യാജ മുന്നറി​യി​പ്പു മുഴക്കി​യ​പ്പോൾ, റഷ്യൻ പ്രസി​ഡന്റ്‌ ആണവ മി​സൈ​ലു​കൾ വിക്ഷേ​പി​ക്കാ​നുള്ള നടപടി​കൾ ആരംഭി​ക്കു​ക​യു​ണ്ടാ​യി.

തൊടു​ക്കാ​നാ​യി ആയുധങ്ങൾ സദാ തയ്യാറാ​ക്കി​വെ​ക്കുന്ന ഈ യുദ്ധത​ന്ത്രം തീരു​മാ​നങ്ങൾ എടുക്കാൻ ഉത്തരവാ​ദി​ത്വ​പ്പെ​ട്ട​വ​രിൽ വലിയ സമ്മർദം ഉളവാ​ക്കു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, മുമ്പ്‌ മുന്നറി​യി​പ്പു​കൾ ലഭിച്ച​പ്പോ​ഴെ​ല്ലാം അവ വ്യാജ​മാ​ണെന്ന്‌ സൈന്യാ​ധി​പ​ന്മാർ തിരി​ച്ച​റി​ഞ്ഞ​തി​നാൽ ഇന്നുവരെ ഒരു ആണവ യുദ്ധം ഒഴിവാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 1979-ലെ ഒരു സംഭവത്തെ കുറിച്ച്‌ ഒരു ഗവേഷകൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “അമേരി​ക്കൻ മി​സൈ​ലു​കൾ തൊടു​ക്ക​പ്പെ​ടു​ന്ന​തി​നെ തടഞ്ഞത്‌ ശത്രു​വി​ന്റെ ആക്രമ​ണത്തെ കുറിച്ച്‌ കാലേ​കൂ​ട്ടി മുന്നറി​യി​പ്പു നൽകാൻ കഴിവുള്ള ഞങ്ങളുടെ കൃത്രിമ ഉപഗ്ര​ഹ​ങ്ങ​ളാണ്‌, അന്തരീ​ക്ഷ​ത്തിൽ സോവി​യറ്റ്‌ മി​സൈ​ലു​കൾ ഒന്നും​ത​ന്നെ​യില്ല എന്ന്‌ അവ വ്യക്തമാ​ക്കി. എന്നിരു​ന്നാ​ലും, കാലാ​ന്ത​ര​ത്തിൽ അത്തരം കൃത്രിമ ഉപഗ്ര​ഹ​ങ്ങ​ളു​ടെ പ്രവർത്ത​ന​ക്ഷമത കുറയു​ന്നു. “കാലേ​കൂ​ട്ടി മുന്നറി​യി​പ്പു നൽകുന്ന, റഷ്യയു​ടെ മിക്ക കൃത്രിമ ഉപഗ്ര​ഹ​ങ്ങ​ളും പ്രവർത്ത​ന​ക്ഷമം അല്ലാതാ​കു​ക​യോ ഭ്രമണ​പ​ഥ​ത്തിൽനി​ന്നു വ്യതി​ച​ലി​ക്കു​ക​യോ ചെയ്‌തി​രി​ക്കു​ന്ന​തിൽ” ഗവേഷ​ക​രും വിശകലന വിദഗ്‌ധ​രും ഉത്‌ക​ണ്‌ഠാ​കു​ല​രാണ്‌. തന്നിമി​ത്തം, വിരമിച്ച ഒരു യു.എസ്‌. വൈസ്‌ അഡ്‌മി​റൽ ഏതാനും വർഷങ്ങൾക്കു​മുമ്പ്‌ പ്രസ്‌താ​വി​ച്ച​തു​പോ​ലെ, “ശത്രു​വി​ന്റെ ആക്രമണം കൂടാ​തെ​തന്നെ ആക്രമണം നടത്താ​നുള്ള അല്ലെങ്കിൽ തെറ്റി​ദ്ധാ​ര​ണ​യാ​ലോ അധികാ​ര​ദുർവി​നി​യോ​ഗ​ത്താ​ലോ അബദ്ധവ​ശാ​ലോ ഉള്ള ഒരു മിസൈൽ വിക്ഷേ​പ​ണ​ത്തി​നുള്ള സാധ്യത ഇന്ന്‌ മുമ്പെ​ന്ന​ത്തെ​യും പോ​ലെ​തന്നെ വലുതാണ്‌.”

ന്യൂക്ലി​യർ ക്ലബ്ബിലെ പുതു​മു​ഖ​ങ്ങൾ

മുഖ്യ ആണവാ​യുധ ശേഖരം രണ്ട്‌ ആണവ വൻശക്തി​ക​ളു​ടെ കൈവ​ശ​മാണ്‌ ഉള്ളതെ​ങ്കി​ലും ഗ്രേറ്റ്‌ ബ്രിട്ടൻ, ചൈന, ഫ്രാൻസ്‌ എന്നീ രാജ്യ​ങ്ങ​ളും ആണവ ശക്തിക​ളാണ്‌. അടുത്ത​കാ​ലത്ത്‌ ഇന്ത്യയും പാക്കി​സ്ഥാ​നും ന്യൂക്ലി​യർ ക്ലബ്ബ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ഈ പ്രഖ്യാ​പിത ആണവ ശക്തിക​ളോ​ടൊ​പ്പം ചേരു​ക​യു​ണ്ടാ​യി. ഇവ കൂടാതെ, ഇസ്രാ​യേൽ ഉൾപ്പെ​ടെ​യുള്ള വിവിധ രാജ്യങ്ങൾ ആണവാ​യു​ധങ്ങൾ ആർജി​ക്കാൻ ശ്രമം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി—അല്ലെങ്കിൽ ഒരുപക്ഷേ ഇപ്പോൾത്തന്നെ കൈവ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി—മിക്ക​പ്പോ​ഴും വർണി​ക്ക​പ്പെ​ടു​ന്നു.

പുതിയ അംഗങ്ങൾ അടക്കം ന്യൂക്ലി​യർ ക്ലബ്ബിലുള്ള ഏതെങ്കി​ലും രാജ്യം ഉൾപ്പെ​ടുന്ന രാഷ്‌ട്രീയ തർക്കം ഒരു ആണവ യുദ്ധത്തി​നു തിരി​കൊ​ളു​ത്തി​യേ​ക്കാം. “ക്യൂബൻ മിസൈൽ പ്രതി​സ​ന്ധി​ക്കു ശേഷം രണ്ടു രാഷ്‌ട്ര​ങ്ങളെ ഒരു ആണവ യുദ്ധ​ത്തോട്‌ ഏറ്റവും അടുത്തു​കൊ​ണ്ടു​വ​ന്നി​ട്ടു​ള്ളത്‌ . . . ഇന്ത്യയും പാക്കി​സ്ഥാ​നും തമ്മിലുള്ള പ്രതി​സ​ന്ധി​യാണ്‌” എന്ന്‌ ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോ​മിക്ക്‌ സയന്റി​സ്റ്റ്‌സ്‌ വിശദീ​ക​രി​ക്കു​ന്നു. 2002-ന്റെ ആദ്യഭാ​ഗത്ത്‌ പ്രശ്‌നം വളരെ രൂക്ഷമാ​യ​പ്പോൾ അനേകം ആളുകൾ ആണവ ആക്രമണ ഭീതി എന്താ​ണെന്ന്‌ അനുഭ​വി​ച്ച​റി​ഞ്ഞു.

ഇതു കൂടാതെ, കൂട്ട നാശം വിതയ്‌ക്കുന്ന മറ്റു മാരകാ​യു​ധങ്ങൾ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​തും അണ്വാ​യു​ധം പ്രയോ​ഗി​ക്കാ​നുള്ള സാധ്യത വർധി​പ്പി​ച്ചി​രി​ക്കു​ന്നു. “ശത്രു​വി​ന്റെ പക്കലുള്ള ജൈവാ​യു​ധ​ങ്ങ​ളും രാസാ​യു​ധ​ങ്ങ​ളും മറ്റു കൂട്ട നശീകരണ ആയുധ​ങ്ങ​ളും നശിപ്പി​ക്കാ​നാ​യി ആണവാ​യു​ധങ്ങൾ ഉപയോ​ഗി​ക്കാ​നുള്ള സാധ്യത” അമേരി​ക്കൻ ആണവ യുദ്ധത​ന്ത്ര​ത്തി​ന്റെ ഭാഗമാ​യി തീർന്നി​രി​ക്കാം എന്ന്‌ പെന്റഗ​ണി​ന്റെ ഒരു രഹസ്യ റിപ്പോർട്ട്‌ ചർച്ച ചെയ്‌തു​കൊണ്ട്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പ്രസ്‌താ​വി​ച്ചു.

ഐക്യ​നാ​ടു​ക​ളിൽ 2001 സെപ്‌റ്റം​ബർ 11-ന്‌ ഉണ്ടായ ഭീകരാ​ക്ര​മണം മറ്റൊരു ആണവ ഭീഷണി​യെ കുറിച്ച്‌ മുഴു​ലോ​ക​ത്തെ​യും ബോധ​വാ​ന്മാ​രാ​ക്കി. ഭീകര സംഘട​നകൾ ആണവാ​യു​ധങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കാൻ ശ്രമി​ക്കു​ന്ന​താ​യി—ഒരുപക്ഷേ ഇപ്പോൾത്തന്നെ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​താ​യി—അനേകം ആളുകൾ കരുതു​ന്നു. അത്‌ എങ്ങനെ സാധ്യ​മാണ്‌?

ഭീകര​രും ആണവ മാലിന്യ നിർമിത ബോം​ബു​ക​ളും

കരിഞ്ച​ന്ത​യിൽ വിൽക്ക​പ്പെ​ടുന്ന സാധനങ്ങൾ ഉപയോ​ഗിച്ച്‌ ഒരു ആണവ ബോംബു നിർമി​ക്കുക സാധ്യ​മാ​ണോ? ടൈം മാസിക പ്രസ്‌താ​വി​ക്കുന്ന പ്രകാരം സാധ്യ​മാണ്‌ എന്നാണ്‌ ഉത്തരം. ആണവ ഭീകര​വാ​ദ​ത്തിന്‌ തടയി​ടാ​നാ​യി രൂപീ​ക​രി​ക്ക​പ്പെട്ട ഒരു സംഘത്തെ സംബന്ധിച്ച്‌ ആ മാസിക റിപ്പോർട്ടു ചെയ്‌തു. “ഒരു ശരാശരി ഇലക്‌​ട്രോ​ണിക്‌ സ്റ്റോറിൽ വാങ്ങാൻ കിട്ടുന്ന സാങ്കേ​തി​ക​വി​ദ്യ​യും കരിഞ്ച​ന്ത​യിൽ വിൽക്ക​പ്പെ​ടു​ന്ന​തരം ആണവ ഇന്ധനവും” ഉപയോ​ഗിച്ച്‌ “ഒരു ഡസനി​ല​ധി​കം” നാടൻ ബോം​ബു​കൾ “നിർമി​ക്കാൻ” ഇന്നുവരെ ഈ സംഘത്തിന്‌ കഴിഞ്ഞി​ട്ടുണ്ട്‌.

ആണവ നിരാ​യു​ധീ​ക​ര​ണ​വും ആണവാ​യുധ ഭാഗങ്ങ​ളു​ടെ അഴിച്ചു​മാ​റ്റ​ലും ആണവ സാമ​ഗ്രി​ക​ളു​ടെ മോഷണ സാധ്യത വർധി​പ്പി​ച്ചി​ട്ടുണ്ട്‌. “സദാ കാവലുള്ള മി​സൈ​ലു​ക​ളിൽനി​ന്നും ബോംബർ വിമാ​ന​ങ്ങ​ളിൽനി​ന്നും അന്തർവാ​ഹി​നി​ക​ളിൽനി​ന്നും ആയിര​ക്ക​ണ​ക്കിന്‌ റഷ്യൻ ആണവാ​യു​ധങ്ങൾ അഴി​ച്ചെ​ടുത്ത്‌ സുരക്ഷി​ത​ത്വം കുറഞ്ഞ ആയുധ​പ്പു​ര​ക​ളിൽ ശേഖരി​ച്ചു​വെ​ക്കു​ന്നതു നിമിത്തം അവ കൊടും​ഭീ​ക​രരെ പ്രലോ​ഭി​പ്പി​ക്കുന്ന ലക്ഷ്യങ്ങ​ളാ​യി മാറുന്നു” എന്ന്‌ ടൈം മാസിക പറയുന്നു. അഴിച്ചു മാറ്റി വെച്ചി​രി​ക്കുന്ന ആണവാ​യുധ ഭാഗങ്ങൾ ഒരു ചെറിയ കൂട്ടം ആളുകൾ കൈക്ക​ലാ​ക്കു​ക​യും അവ വീണ്ടും കൂട്ടി​ച്ചേർക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ആ കൂട്ടത്തിന്‌ പെട്ടെ​ന്നു​തന്നെ ന്യൂക്ലി​യർ ക്ലബ്ബിന്റെ ഭാഗമാ​യി​ത്തീ​രാൻ കഴിയും!

ന്യൂക്ലി​യർ ക്ലബ്ബിൽ ചേരു​ന്ന​തിന്‌ ഭാഗങ്ങൾ കൂട്ടി​ച്ചേർത്ത്‌ ഒരു ബോം​ബു​ണ്ടാ​ക്കേണ്ട ആവശ്യം പോലു​മില്ല എന്ന്‌ പീസ്‌ മാസിക സമർഥി​ക്കു​ന്നു. അണുവി​ഘടന ശേഷി​യുള്ള യുറേ​നി​യ​മോ പ്ലൂട്ടോ​ണി​യ​മോ മതിയായ അളവിൽ തരപ്പെ​ടു​ത്തുക മാത്രമേ ആവശ്യ​മാ​യി​ട്ടു​ള്ളൂ. മാസിക ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ആധുനിക ആയുധ നിർമാ​ണ​ത്തിന്‌ ഉപയോ​ഗി​ക്കാ​വുന്ന യുറേ​നി​യം കൈവ​ശ​മുള്ള തീവ്ര​വാ​ദി​കൾക്ക്‌ അതിൽ പാതി ഭാഗം മറ്റേ പാതി​യി​ലേക്ക്‌ വെറുതെ എറിഞ്ഞു​കൊണ്ട്‌ ഒരു സ്‌ഫോ​ടനം ഉണ്ടാക്കാൻ കഴിയും.” അതിന്‌ എത്ര​ത്തോ​ളം സമ്പുഷ്ട ആണവ പദാർഥം ആവശ്യ​മാണ്‌? മാസിക പറയുന്ന പ്രകാരം “മൂന്നു കിലോ​ഗ്രാം [ഏഴ്‌ പൗണ്ട്‌] മതിയാ​കും.” 1994-ൽ ചെക്ക്‌ റിപ്പബ്ലി​ക്കിൽവെച്ച്‌ അറസ്റ്റി​ലായ കള്ളക്കട​ത്തു​കാ​രിൽനി​ന്നു പിടി​ച്ചെ​ടു​ത്തത്‌ ഇത്രയും​തന്നെ തൂക്കം​വ​രുന്ന ആയുധ നിർമാ​ണ​ക്ഷ​മ​മായ ആണവ പദാർഥ​മാ​യി​രു​ന്നു!

ആണവ മാലി​ന്യ​ങ്ങൾക്കു​തന്നെ മറ്റൊരു തരത്തി​ലുള്ള ആണവാ​യു​ധ​മാ​യി​ത്തീ​രാൻ കഴിയും. “റേഡി​യോ ആക്ടീവ​ത​യുള്ള മാലി​ന്യ​ത്തി​ന്റെ​യും സാധാരണ സ്‌ഫോ​ടക വസ്‌തു​ക്ക​ളു​ടെ​യും മാരക സമ്മി​ശ്ര​മാണ്‌ വിദഗ്‌ധ​രു​ടെ വലിയ തലവേദന” എന്ന്‌ ദി അമേരി​ക്കൻ സ്‌പെ​ക്ടേറ്റർ എന്ന മാസിക പറയുന്നു. ഇത്തരത്തി​ലുള്ള ആയുധങ്ങൾ അഥവാ റേഡി​യോ ആക്ടീവ​ത​യുള്ള പദാർഥങ്ങൾ ചിതറി​ക്ക​പ്പെ​ടു​ന്ന​തിന്‌ ഇടയാ​ക്കുന്ന ഉപാധി​കൾ ‘ഡേർട്ടി ന്യൂക്‌സ്‌’ അഥവാ ആണവ മാലിന്യ നിർമിത ബോം​ബു​കൾ എന്ന്‌ അറിയ​പ്പെ​ടു​ന്നു. അവ എത്ര​ത്തോ​ളം അപകട​കാ​രി​ക​ളാണ്‌? “ലക്ഷ്യസ്ഥാ​ന​ങ്ങളെ സ്‌ഫോ​ട​ന​ത്താ​ലും ചൂടി​നാ​ലും നശിപ്പി​ക്കു​ന്ന​തി​നു പകരം അവയെ വിഷലി​പ്‌ത​മാ​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ ശക്തമായ റേഡി​യോ ആക്ടീവ​ത​യുള്ള പദാർഥങ്ങൾ വിതറു​ന്ന​തിന്‌” ഇത്തരം ബോം​ബു​ക​ളിൽ “സാധാരണ സ്‌ഫോ​ടക വസ്‌തു​ക്കൾ” ഉപയോ​ഗി​ക്കു​ന്നു എന്ന്‌ ഐഎച്ച്‌റ്റി ആസാഹി ഷിംബുൺ എന്ന വർത്തമാ​ന​പ​ത്രം വിശദീ​ക​രി​ക്കു​ന്നു. അത്‌ ഇങ്ങനെ തുടരു​ന്നു: “ആളുക​ളു​ടെ മേൽ അതിനുള്ള ദോഷ​ഫ​ല​ങ്ങ​ളിൽ അണു​പ്ര​സ​രണം മൂലമുള്ള രോഗങ്ങൾ മുതൽ വേദന സഹിച്ച്‌ ഇഞ്ചിഞ്ചാ​യി മരിക്കു​ന്നതു വരെ ഉൾപ്പെ​ടു​ന്നു.” അനായാ​സം ലഭ്യമായ ആണവ മാലി​ന്യ​ങ്ങൾ പ്രയോ​ഗി​ക്കു​ന്നത്‌ അത്രയ​ധി​കം ഹാനി വരുത്തി​വെ​ക്കു​ക​യില്ല എന്ന്‌ ചിലർ പറയു​ന്നു​ണ്ടെ​ങ്കി​ലും സമ്പുഷ്ട ആണവ പദാർഥങ്ങൾ കരിഞ്ച​ന്ത​യിൽ ലഭ്യമാണ്‌ എന്നത്‌ അനേകരെ ഉത്‌ക​ണ്‌ഠാ​കു​ല​രാ​ക്കു​ന്നു. അടുത്ത പത്തു വർഷത്തി​നു​ള്ളിൽ ആണവ ഭീകര​വാ​ദം പൊട്ടി​പ്പു​റ​പ്പെ​ടു​മെന്ന്‌ അടുത്ത കാലത്തു നടത്തപ്പെട്ട ഒരു ആഗോള സർവേ​യിൽ പങ്കെടുത്ത 60 ശതമാ​ന​ത്തി​ല​ധി​കം ആളുക​ളും അഭി​പ്രാ​യ​പ്പെട്ടു.

നിസ്സം​ശ​യ​മാ​യും, ആണവ ഭീഷണി ലോകത്ത്‌ ഇന്നും ഒരു യാഥാർഥ്യ​മാണ്‌. ബ്രിട്ട​നി​ലെ ഗാർഡി​യൻ വീക്ക്‌ലി​യു​ടെ 2003 ജനുവരി 16-22 ലക്കം ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “യുഎസ്‌ അണ്വാ​യു​ധങ്ങൾ ഉപയോ​ഗി​ക്കാ​നുള്ള സാധ്യത ശീതയു​ദ്ധ​ത്തി​ന്റെ ഇരുണ്ട നാളു​കൾക്കു ശേഷമുള്ള ഏതൊരു സമയ​ത്തെ​ക്കാ​ളും ഇന്ന്‌ ഏറ്റവും അധിക​മാണ്‌. . . . ഒരു ആണവ യുദ്ധത്തെ ന്യായീ​ക​രി​ക്കു​ന്ന​താ​യി യുഎസ്‌ കണക്കാ​ക്കുന്ന സാഹച​ര്യ​ങ്ങൾ അടിക്കടി വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.” തന്നിമി​ത്തം, പിൻവ​രുന്ന ചോദ്യ​ങ്ങൾ വളരെ പ്രസക്ത​മാണ്‌: ഒരു ആണവ യുദ്ധം ഒഴിവാ​ക്കാ​നാ​കു​മോ? ആണവ ഭീഷണി​യിൽനി​ന്നു മുക്തമായ ഒരു ലോകം വരു​മെന്നു പ്രത്യാ​ശി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും അടിസ്ഥാ​നം ഉണ്ടോ? അടുത്ത ലേഖനം ഈ ചോദ്യ​ങ്ങ​ളാണ്‌ ചർച്ച ചെയ്യു​ന്നത്‌. (g04 3/8)

[6-ാം പേജിലെ ചതുരം]

രണ്ടാം ആണവ യുഗം?

ദ ന്യൂ​യോർക്ക്‌ ടൈംസ്‌ മാഗസി​നിൽ എഴുതവേ, പംക്തി​യെ​ഴു​ത്തു​കാ​ര​നായ ബിൽ കെല്ലർ (ഇപ്പോൾ ദ ന്യൂ​യോർക്ക്‌ ടൈം​സി​ന്റെ എക്‌സി​ക്യൂ​ട്ടിവ്‌ എഡിറ്റർ), രാഷ്‌ട്രങ്ങൾ രണ്ടാം ആണവ യുഗത്തി​ലേക്കു രംഗ​പ്ര​വേശം ചെയ്‌തി​രി​ക്കു​ന്ന​താ​യി അഭി​പ്രാ​യ​പ്പെട്ടു. മുൻ സോവി​യറ്റ്‌ യൂണിയൻ തകർന്ന​പ്പോൾ സ്വന്തമാ​യി​ത്തീർന്ന ആയുധങ്ങൾ ഉപേക്ഷി​ക്കാ​മെന്ന്‌ യൂ​ക്രെ​യിൻ സമ്മതിച്ച 1994 ജനുവരി വരെ ആയിരു​ന്നു ആദ്യയു​ഗം. ഒരു രണ്ടാം ആണവ യുഗത്തെ കുറിച്ച്‌ അദ്ദേഹം സംസാ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

കെല്ലർ ഇങ്ങനെ എഴുതു​ന്നു: “ഇന്ത്യയിൽ പുതു​താ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഹിന്ദു ദേശീ​യ​വാദ ഭരണകൂ​ടം 1998-ൽ രാജസ്ഥാൻ മരുഭൂ​മി​യിൽ അഞ്ചു പരീക്ഷണ സ്‌ഫോ​ട​നങ്ങൾ നടത്തവേ മുഴങ്ങി​ക്കേ​ട്ടത്‌ രണ്ടാം ആണവ യുഗത്തി​ന്റെ പടഹധ്വ​നി​യാ​യി​രു​ന്നു. രണ്ടാഴ്‌ച​യ്‌ക്കു ശേഷം പാക്കി​സ്ഥാ​നും അതുതന്നെ ചെയ്‌തു.” ആദ്യ ആണവ യുഗത്തി​ലെ പരീക്ഷ​ണ​ങ്ങ​ളിൽനിന്ന്‌ ഇവയെ വ്യത്യ​സ്‌ത​മാ​ക്കു​ന്നത്‌ എന്താണ്‌? “ഒരു പ്രത്യേക മേഖലയെ മനസ്സിൽക്കണ്ട്‌ വികസി​പ്പിച്ച ആണവാ​യു​ധ​ങ്ങ​ളാ​യി​രു​ന്നു ഇവ.”

ന്യൂക്ലി​യർ ക്ലബ്ബിൽ രണ്ടു സജീവ അംഗങ്ങൾ കൂടി പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ ലോക​ത്തിന്‌ കൂടു​ത​ലായ എന്തെങ്കി​ലും സുരക്ഷി​ത​ത്വം കൈവ​രു​ത്തു​മോ? കെല്ലർ ഇപ്രകാ​രം തുടരു​ന്നു: “ആണവാ​യു​ധങ്ങൾ നേടുന്ന ഓരോ പുതിയ രാജ്യ​വും ഒരു ആണവ രാഷ്‌ട്രം ഉൾപ്പെട്ട യുദ്ധത്തി​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു.”—“ചിന്തനീ​യം” എന്ന തലക്കെ​ട്ടുള്ള ലേഖനം, 2003 മേയ്‌ 4 ലക്കം ദ ന്യൂ​യോർക്ക്‌ ടൈംസ്‌ മാഗസിൻ, പേജ്‌ 50.

“ആറു പുതിയ ആണവ ബോം​ബു​കൾ നിർമി​ക്കാൻ ആവശ്യ​മായ പ്ലൂട്ടോ​ണി​യം” ഉത്തര കൊറി​യ​യു​ടെ കൈവശം ഉണ്ടായി​രു​ന്നേ​ക്കാം എന്ന വാർത്ത സാഹച​ര്യ​ത്തെ പിന്നെ​യും സങ്കീർണ​മാ​ക്കു​ന്നു. “പുതിയ ആണവാ​യു​ധങ്ങൾ നിർമി​ക്കു​ന്ന​തി​ലും ഒരുപക്ഷേ അതിന്റെ വിജയം തെളി​യി​ക്കു​ന്ന​തി​നാ​യി അവയിൽ ഒന്നിന്റെ പരീക്ഷ​ണ​സ്‌ഫോ​ടനം നടത്തു​ന്ന​തി​ലും ഉത്തര കൊറിയ വിജയം​വ​രി​ക്കാ​നുള്ള സാധ്യത ഓരോ ദിവസ​വും വർധി​ച്ചു​വ​രു​ക​യാണ്‌.”—2003 ജൂലൈ 18-ലെ ദ ന്യൂ​യോർക്ക്‌ ടൈംസ്‌.

[7-ാം പേജിലെ ചിത്രം]

“സ്യൂട്ട്‌കേസ്‌” പോലെ തോന്നി​ക്കുന്ന ഒരു ആണവ ബോം​ബി​ന്റെ മാതൃക ഒരു ഗവൺമെന്റ്‌ ഉദ്യോ​ഗസ്ഥൻ പ്രദർശി​പ്പി ക്കുന്നു

[കടപ്പാട്‌]

AP Photo/Dennis Cook

[7-ാം പേജിലെ ചിത്രം]

ആക്രമണത്തെ കുറിച്ച്‌ മുൻകൂ​ട്ടി മുന്നറി​യി​പ്പു നൽകുന്ന പഴയ കൃത്രിമ ഉപഗ്ര​ഹ​ങ്ങ​ളു​ടെ പ്രവർത്ത​ന​ക്ഷമത നഷ്ടമാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു

[കടപ്പാട്‌]

NASA photo

[5-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഭൂമി: NASA photo