വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമാറ്റെ—മെക്‌സിക്കോയുടെ പപ്പൈറസ്‌

ആമാറ്റെ—മെക്‌സിക്കോയുടെ പപ്പൈറസ്‌

ആമാറ്റെ—മെക്‌സി​ക്കോ​യു​ടെ പപ്പൈ​റസ്‌

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

മെക്‌സി​ക്കൻ ജനതയ്‌ക്ക്‌ സമ്പന്നവും വശ്യവു​മായ ഒരു ചരി​ത്ര​മുണ്ട്‌. ഭൂതകാ​ല​ത്തിൽ മൺമറ​ഞ്ഞു​പോ​കാ​തെ സംരക്ഷി​ച്ചു വെച്ചി​രി​ക്കുന്ന വില​യേ​റിയ സാംസ്‌കാ​രിക സമ്പത്തിൽപ്പെ​ടു​ന്ന​വ​യാണ്‌ “പ്രമാ​ണ​പ​ത്രങ്ങൾ”—ചിത്ര​ലി​പി​കൾകൊ​ണ്ടുള്ള കൈ​യെ​ഴു​ത്തു പ്രതികൾ അല്ലെങ്കിൽ കൈ​യെ​ഴു​ത്തു പുസ്‌ത​കങ്ങൾ. ഇവ ചരിത്രം, ശാസ്‌ത്രം, മതം, കാലഗണന എന്നീ മേഖല​കളെ കുറി​ച്ചും ആസ്‌ടെ​ക്കു​കൾ, മായകൾ എന്നീ ജനതകൾ ഉൾപ്പെടെ മെസോ-അമേരി​ക്ക​യി​ലെ വികസിത സംസ്‌കാ​ര​ങ്ങ​ളു​ടെ ദൈനം​ദിന ജീവി​ത​ച​ര്യ​യെ കുറി​ച്ചു​മുള്ള അറിവി​ന്റെ ഭണ്ഡാര​ത്തി​ലേക്കു തുറക്കുന്ന വാതാ​യ​ന​ങ്ങ​ളാണ്‌. അസാമാ​ന്യ പ്രാവീ​ണ്യ​മുള്ള റ്റ്‌ലാ​ക്‌വീ​ലോസ്‌ അഥവാ പകർപ്പെ​ഴു​ത്തു​കാർ പല വസ്‌തു​ക്ക​ളിൽ തങ്ങളുടെ ചരിത്രം കോറി​യി​ട്ടു.

ഈ കൈ​യെ​ഴു​ത്തു പുസ്‌ത​ക​ങ്ങ​ളിൽ ചിലത്‌ തുണി​ക്ക​ഷ​ണങ്ങൾ, മാൻതോല്‌, മഗേ ചെടി​യിൽനിന്ന്‌ ഉണ്ടാക്കുന്ന കടലാസ്‌ എന്നിവ​കൊണ്ട്‌ നിർമി​ച്ച​താ​ണെ​ങ്കി​ലും ഇതിന്‌ ഉപയോ​ഗിച്ച മുഖ്യ പദാർഥം ആമാറ്റെ ആയിരു​ന്നു. നാവാറ്റ്‌ൽ ഭാഷയി​ലെ അമാറ്റ്‌ൽ എന്ന വാക്കിൽനി​ന്നാണ്‌, കടലാസ്‌ എന്നർഥ​മുള്ള ആമാറ്റെ എന്ന പേരു​വ​ന്നത്‌. മോ​രേ​സ്യേ വൃക്ഷകു​ടും​ബ​ത്തി​ലെ ഫൈക്കസ്‌ ജനുസ്സിൽപ്പെട്ട ഒരു അത്തിമ​ര​ത്തി​ന്റെ പട്ടയിൽനി​ന്നാണ്‌ ആമാറ്റെ ഉണ്ടാക്കി​യി​രു​ന്നത്‌. എൻ​സൈ​ക്ലോ​പീ​ഡിയ ഡെ മെക്‌സി​ക്കോ പറയു​ന്ന​ത​നു​സ​രിച്ച്‌, “തായ്‌ത്തടി, ഇലകൾ, പൂക്കൾ, ഫലം എന്നിവ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാ​തെ ഫൈക്കസ്‌ മരങ്ങളു​ടെ വിവിധ ഇനങ്ങൾ തിരി​ച്ച​റി​യുക വളരെ ബുദ്ധി​മു​ട്ടാണ്‌.” വിവി​ധ​തരം ഫൈക്ക​സു​കളെ വെള്ള ആമാറ്റെ, വെള്ള കാട്ടാ​മാ​റ്റെ, കടും​ത​വിട്ട്‌ ആമാറ്റെ എന്നിങ്ങനെ തരംതി​രി​ച്ചി​രി​ക്കു​ന്നു.

ഇതിന്റെ നിർമാ​ണം

16-ാം നൂറ്റാ​ണ്ടിൽ സ്‌പെ​യിൻകാ​രു​ടെ ജയിച്ച​ട​ക്ക​ലി​നെ തുടർന്ന്‌ ആമാ​റ്റെ​യു​ടെ ഉത്‌പാ​ദ​ന​ത്തി​നു തടയി​ടു​ന്ന​തി​നുള്ള ഉദ്യമങ്ങൾ അരങ്ങേ​റു​ക​യു​ണ്ടാ​യി. എന്തു​കൊണ്ട്‌? സ്‌പെ​യിൻകാ​രു​ടെ വീക്ഷണ​ത്തിൽ ഇത്‌ തങ്ങളുടെ അധിനി​വേ​ശ​ത്തി​നു മുമ്പു​ള്ള​തും കത്തോ​ലിക്ക സഭ കുറ്റം​വി​ധി​ച്ച​തു​മായ മതാചാ​ര​ങ്ങ​ളു​മാ​യി അടുത്തു ബന്ധമു​ള്ള​താ​യി​രു​ന്നു. സ്‌പാ​നീഷ്‌ കത്തോ​ലിക്ക സന്ന്യാ​സി​യാ​യി​രുന്ന ഡ്യേഗോ ഡൂറാൻ തന്റെ കൃതി​യായ ഇസ്റ്റോ​റ്യാ ഡെ ലാസ്‌ ഇൻഡ്യാസ്‌ ഡെ ന്യൂവാ എസ്‌പാ​ന്യാ എ ഇസ്‌ലാസ്‌ ഡെ ലാ റ്റ്യെറാ ഫിർമെ​യിൽ (നവീന സ്‌പെ​യിൻ ഇൻഡീ​സി​ന്റെ​യും ടെറാ ഫേമാ ദ്വീപു​ക​ളു​ടെ​യും ചരിത്രം) പറയു​ന്ന​ത​നു​സ​രിച്ച്‌ തദ്ദേശ​വാ​സി​കൾ, “തങ്ങളുടെ പൂർവ​പി​താ​ക്ക​ന്മാ​രു​ടെ ചരിത്രം വളരെ വിശദ​മാ​യി കുറി​ച്ചു​വെ​ച്ചി​രു​ന്നു. അജ്ഞതയിൽനിന്ന്‌ ഉടലെ​ടുത്ത എരിവിൽ അവയെ​ല്ലാം നശിപ്പി​ക്ക​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമുക്കു വളരെ​യ​ധി​കം വെളിച്ചം പകരാൻ ഇവയ്‌ക്കു കഴിയു​മാ​യി​രു​ന്നു. കാരണം വകതി​രി​വി​ല്ലാത്ത ചിലർ ഈ പ്രമാ​ണ​ങ്ങളെ വിഗ്ര​ഹങ്ങൾ ആയി കണക്കാ​ക്കു​ക​യും അവയെ ചുട്ടെ​രി​ക്കു​ക​യും ചെയ്‌തു. വാസ്‌ത​വ​ത്തിൽ അവ ഓർമ​ക​ളിൽ മങ്ങാതെ സൂക്ഷി​ക്കാൻ തക്ക മൂല്യ​മുള്ള ചരിത്ര വസ്‌തു​തകൾ ആയിരു​ന്നു.”

എന്നിരു​ന്നാ​ലും, പരമ്പരാ​ഗ​ത​മാ​യി തുടർന്നു​പോന്ന ആമാറ്റെ കടലാസു നിർമാ​ണം നിറു​ത്ത​ലാ​ക്കാൻ നടത്തിയ ശ്രമങ്ങ​ളൊ​ന്നും വിജയി​ച്ചില്ല. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ ആ വിദ്യ ഇന്നുവ​രെ​യും അതിജീ​വി​ച്ചി​രി​ക്കു​ന്നു. പ്വെബ്ല സംസ്ഥാ​ന​ത്തുള്ള ഉത്തര സിയെറാ ഗിരി​നി​ര​ക​ളിൽ സ്ഥിതി​ചെ​യ്യുന്ന പാവാ​റ്റ്‌ലാൻ മുനി​സി​പ്പാ​ലി​റ്റി​യി​ലെ സാൻ പാബ്ലീ​റ്റോ പോലുള്ള സ്ഥലങ്ങളിൽ ഇത്തരത്തി​ലുള്ള കടലാസ്‌ നിർമാ​ണം ഇപ്പോ​ഴു​മുണ്ട്‌. ഫിലിപ്പ്‌ രണ്ടാമൻ രാജാ​വി​ന്റെ കൊട്ടാര വൈദ്യ​നായ ഫ്രാൻതി​സ്‌കോ എർനാൻഡെത്ത്‌ രേഖ​പ്പെ​ടു​ത്തിയ വിവരങ്ങൾ ഉദ്ധരി​ച്ചു​കൊണ്ട്‌ ആർക്കേ​യോ​ളോ​ഹിയ മെഹി​കേനേ (മെക്‌സി​ക്കൻ പുരാ​വ​സ്‌തു​ശാ​സ്‌ത്രം) എന്ന മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌, “കടലാസു നിർമാ​താ​ക്കൾ ഇളംശാ​ഖകൾ ഒഴിവാ​ക്കി, വളർച്ച​യെ​ത്തിയ കട്ടിയുള്ള ശിഖരങ്ങൾ മാത്രമേ മുറി​ക്കു​മാ​യി​രു​ന്നു​ള്ളൂ. എന്നിട്ട്‌, ഈ തടി മാർദ​വ​പ്പെ​ടു​ത്തു​ന്ന​തിന്‌ രാത്രി​യിൽ ഇവ സമീപ​ത്തുള്ള നദിയി​ലോ അരുവി​ക​ളി​ലോ ഊറയ്‌ക്കി​ടു​മാ​യി​രു​ന്നു. പിറ്റേ​ദി​വസം, മരപ്പട്ട തടിയു​ടെ കാതലിൽനിന്ന്‌ പൊളി​ച്ചെ​ടു​ത്തിട്ട്‌ പുറം​തോ​ടും അകത്തെ തൊലി​യും തമ്മിൽ വേർതി​രിച്ച്‌ അകം​തൊ​ലി ശേഖരി​ക്കും.” വൃത്തി​യാ​ക്കി​യ​ശേഷം അകം​തൊ​ലി​യു​ടെ കനം കുറഞ്ഞ ചെറിയ പാളികൾ ഓരോ​ന്നാ​യി ഒരു പരന്ന പ്രതല​ത്തിൽ നിരത്തി​യിട്ട്‌ കൽച്ചു​റ്റിക കൊണ്ട്‌ ഇടിച്ചു​റ​പ്പി​ച്ചി​രു​ന്നു.

ഇന്ന്‌, ഈ പാളി​കൾക്കു മാർദവം വരുത്തു​ന്ന​തി​നും ചില ഘടകങ്ങൾ നിർമാർജനം ചെയ്യു​ന്ന​തി​നു​മാ​യി ഇവ ചാരവും ചുണ്ണാ​മ്പും ചേർത്ത്‌ വലിയ ലോഹ​പാ​ത്ര​ങ്ങ​ളിൽ ഇട്ടു തിളപ്പി​ക്കു​ന്നു. ഈ പ്രക്രിയ ആറു മണിക്കൂർവരെ നീണ്ടു​നിൽക്കു​ന്ന​താണ്‌. തുടർന്ന്‌ ഇവ കഴുകി വെള്ളത്തിൽത്തന്നെ ഇടുന്നു. എന്നിട്ട്‌, പണിക്കാ​രൻ ഇവ ഓരോ​ന്നാ​യി തടി​കൊ​ണ്ടുള്ള ഒരു പ്രതല​ത്തിൽ ചെസ്സ്‌ബോർഡി​ന്റെ മാതൃ​ക​യിൽ നെടു​ക​യും കുറു​കെ​യു​മാ​യി നിരത്തി​വെ​ക്കു​ന്നു. അതിനു​ശേഷം, പാളികൾ ഇഴചേർന്ന്‌ ഒരു കടലാ​സു​ഷീറ്റ്‌ ആയി രൂപം പ്രാപി​ക്കു​ന്ന​തു​വരെ കൽച്ചു​റ്റിക ഉപയോ​ഗിച്ച്‌ തുടർച്ച​യാ​യി ഇതിന്മേൽ മർദി​ക്കു​ന്നു. അവസാനം കടലാ​സി​ന്റെ അരികു​കൾക്കു ദൃഢത വരുന്ന​തി​നാ​യി അവ അകത്തേക്കു ചുരു​ട്ടി​വെച്ച്‌ വെയി​ല​ത്തിട്ട്‌ ഉണക്കുന്നു.

ആമാറ്റെ വ്യത്യസ്‌ത നിറങ്ങ​ളിൽ ഉണ്ട്‌. പരമ്പരാ​ഗത നിറം തവിട്ടാണ്‌. എന്നാൽ ഇവ ആനക്കൊ​മ്പി​ന്റെ നിറം, വെള്ള, മഞ്ഞ, നീല, റോസ്‌, പച്ച തുടങ്ങിയ നിറങ്ങ​ളി​ലും ഉണ്ട്‌. തവിട്ടും വെള്ളയും ഇടകലർന്ന ആമാ​റ്റെ​യും ലഭ്യമാണ്‌.

ഇതിന്റെ ആധുനിക ഉപയോ​ഗം

മനോ​ഹ​ര​മായ മെക്‌സി​ക്കൻ കരകൗ​ശ​ല​വ​സ്‌തു​ക്കൾ ആമാ​റ്റെ​കൊണ്ട്‌ ഉണ്ടാക്കാ​റുണ്ട്‌. ഈ കടലാ​സി​ലെ ചില പെയി​ന്റി​ങ്ങു​കൾക്ക്‌ മതപര​മായ പ്രാധാ​ന്യം ഉണ്ടെന്നു​വ​രി​കി​ലും മറ്റുള്ള​വ​യെ​ല്ലാം വ്യത്യസ്‌ത മൃഗങ്ങ​ളു​ടെ​യും ഉത്സവങ്ങ​ളു​ടെ​യും മെക്‌സി​ക്കൻ ജനതയു​ടെ സന്തോ​ഷ​ക​ര​മായ ജീവി​ത​ത്തി​ന്റെ​യും ദൃശ്യങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്നവ ആണ്‌. നാനാ​വർണ​ങ്ങ​ളി​ലുള്ള ചേതോ​ഹ​ര​ങ്ങ​ളായ ചിത്രങ്ങൾ കൂടാതെ ആശംസാ കാർഡു​കൾ, ബുക്ക്‌ മാർക്കു​കൾ, മറ്റ്‌ കരകൗ​ശ​ല​വ​സ്‌തു​ക്കൾ തുടങ്ങി​യ​വ​യെ​ല്ലാം ആമാ​റ്റെ​കൊണ്ട്‌ ഉണ്ടാക്കാ​റുണ്ട്‌. ഇവ അലങ്കാ​ര​വ​സ്‌തു​ക്ക​ളാ​യി വാങ്ങുന്ന സ്വദേ​ശി​ക​ളെ​യും വിദേ​ശി​ക​ളെ​യും ഇത്‌ ഒരു​പോ​ലെ മോഹി​പ്പി​ക്കു​ന്നു. ഈ കലാവി​രുത്‌ മെക്‌സി​ക്കോ​യു​ടെ അതിർത്തി​കൾക്ക​പ്പു​റ​ത്തേക്കു വ്യാപി​ച്ചി​രി​ക്കു​ന്നു. ഈ കരകൗ​ശ​ല​വ​സ്‌തു​ക്കൾ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലേ​ക്കും കയറ്റി അയയ്‌ക്ക​പ്പെ​ടു​ന്നുണ്ട്‌. ഇന്ന്‌, പുരാതന കൈ​യെ​ഴു​ത്തു പുസ്‌ത​ക​ങ്ങ​ളു​ടെ പുനഃ​സൃ​ഷ്ടി നടത്തി​യി​ട്ടുണ്ട്‌. ഈ കലാസൃ​ഷ്ടി സ്‌പാ​നീ​ഷു​കാർ ആദ്യമാ​യി നിരീ​ക്ഷി​ച്ച​പ്പോൾ അവർക്ക്‌ എന്തുമാ​ത്രം കൗതുകം തോന്നി​യി​രി​ക്കണം! വാസ്‌ത​വ​ത്തിൽ, മുമ്പ്‌ പരാമർശിച്ച ഡോമി​നി​ക്കൻ സന്ന്യാസി ഡ്യേഗോ ഡൂറാന്റെ അഭി​പ്രാ​യ​ത്തിൽ, തദ്ദേശ​വാ​സി​കൾ “സകലതും പുസ്‌ത​ക​ങ്ങ​ളി​ലും നീണ്ട കടലാസു കഷണങ്ങ​ളി​ലും കുറി​ച്ചും വരച്ചും വെച്ചി​രു​ന്നു. ഇവയെ​ല്ലാം സംഭവിച്ച വർഷങ്ങ​ളും മാസങ്ങ​ളും ദിവസ​ങ്ങ​ളും കാലഗ​ണ​ന​യ​നു​സ​രിച്ച്‌ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അവരുടെ നിയമങ്ങൾ, ഉത്തരവു​കൾ, സെൻസസ്‌ പട്ടിക മുതലാ​യ​വ​യെ​ല്ലാം ചിത്ര​ലി​പി​ക​ളാൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു, എല്ലാം ഏറെ അടുക്കും ചിട്ടയു​മാ​യി ക്രമീ​ക​രി​ച്ച​താ​യി​രു​ന്നു.”

ആമാറ്റെ നിർമാ​ണ​വി​ദ്യ​യു​ടെ പാരമ്പ​ര്യം നമ്മുടെ നാളു​കൾവരെ അതിജീ​വി​ച്ചി​രി​ക്കു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌! മെക്‌സി​ക്കോ​യു​ടെ മനോ​ഹ​ര​മായ പൈതൃ​കം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ അത്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. പൗരാ​ണിക കാലത്തെ റ്റ്‌ലാ​ക്‌വീ​ലോസ്‌ അല്ലെങ്കിൽ പകർപ്പെ​ഴു​ത്തു​കാ​രെ​പ്പോ​ലെ​തന്നെ ആധുനി​ക​നാ​ളി​ലെ കരകൗ​ശ​ല​പ്പ​ണി​ക്കാ​രു​ടെ ഹൃദയം കവരാൻ മെക്‌സി​ക്കോ​യു​ടെ പപ്പൈ​റസ്‌ എന്നു വിശേ​ഷി​പ്പി​ക്കാ​വുന്ന ആമാ​റ്റെക്കു കഴിഞ്ഞി​രി​ക്കു​ന്നു. (g04 3/8)

[18-ാം പേജിലെ ചിത്രം]

കനംകുറഞ്ഞ ചെറിയ പാളികൾ ഇടിച്ചു​പ​തി​പ്പി​ക്കു​ന്നു