മലമുകളിലെ മെഥൂശലഹ്
മലമുകളിലെ മെഥൂശലഹ്
അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറു ഭാഗത്തുള്ള വൈറ്റ് പർവതനിരയിലാണ്, സമുദ്ര നിരപ്പിൽനിന്നു 3,000 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ളതെന്നു കരുതപ്പെടുന്ന വൃക്ഷം സ്ഥിതിചെയ്യുന്നത്—മെഥൂശലഹ് എന്നറിയപ്പെടുന്ന ഒരു ബ്രിസൽകോൺ പൈൻ മരം. ‘കിഴവൻ’ എന്നും ഇത് അറിയപ്പെടുന്നു. മെഥൂശലഹ് തോട്ടം എന്നറിയപ്പെടുന്ന പുരാതന ബ്രിസൽകോൺ പൈൻ മരക്കൂട്ടത്തിലെ മുതുമുത്തച്ഛനാണ് 4,700-ലധികം വർഷം പ്രായമുള്ളതായി കണക്കാക്കപ്പെടുന്ന ഈ പൈൻ മരം. a
ഈ വൃക്ഷങ്ങൾ തികച്ചും കഠിനമായ പരിസ്ഥിതിയിലാണ് നിലനിൽക്കുന്നത്. “ശരാശരി വാർഷിക വർഷപാതം 30 സെന്റിമീറ്ററിൽ താഴെയാണ്, അതിൽ ഏറെയും ലഭിക്കുന്നതു മഞ്ഞുവീഴ്ചയിലൂടെയും. അതുകൊണ്ട് അവിടെ ജലാംശം വളരെ കുറവാണ്,” ന്യൂ സയന്റിസ്റ്റ് എന്ന പത്രികയിലെ ഒരു റിപ്പോർട്ടു പറയുന്നു. “ഈ വൃക്ഷങ്ങൾ വളരുന്നതാണെങ്കിൽ പോഷകങ്ങൾ തീരെ കുറഞ്ഞ, ചുണ്ണാമ്പുകല്ലിന്റെ ഒരു വകഭേദമായ ഡോളമൈറ്റിലാണ്.” തന്നെയുമല്ല, അവിടെ “അതിശൈത്യവും അത്യുഷ്ണവും അനുഭവപ്പെടുന്നു, ഉഗ്രമായി വീശിയടിക്കുന്ന കാറ്റും സാധാരണമാണ്.”
എന്നാൽ, ഈ പ്രതികൂല അവസ്ഥകൾ ഇവയുടെ ആയുർദൈർഘ്യത്തിനു സംഭാവന ചെയ്യുന്നുമുണ്ട്. “വൈറസുകൾക്കും ബാക്ടീരിയയ്ക്കും പോലും ഇവിടത്തെ അത്യന്തം വരണ്ട കാലാവസ്ഥയെ അതിജീവിക്കുക ദുഷ്കരമാണ്. ബ്രിസൽകോൺ പൈൻ മരത്തിന്റെ തടി പ്രാണികീടങ്ങൾക്കു തുളച്ചുകയറാൻ കഴിയാത്ത വിധം കട്ടിയുള്ളതും കറയുള്ളതുമാണ്. മിന്നൽ മൂലം അഗ്നിബാധ ഉണ്ടായേക്കാമെങ്കിലും മരങ്ങൾ തമ്മിൽ വളരെ അകലം ഉള്ളതുകൊണ്ട് തീ പടർന്നുപിടിക്കുന്നില്ല,” ന്യൂ സയന്റിസ്റ്റ് വിശദീകരിക്കുന്നു.
ഈ വൃക്ഷങ്ങളുടെ വളരും കാലഘട്ടം—വളർച്ചാ അവസ്ഥകൾക്ക് ഏറ്റവും അനുയോജ്യമായ കാലയളവ്—ഏകദേശം 45 ദിവസമാണ്. വളരെ സാവധാനം വളർന്നുകൊണ്ട് അവ പരിമിതമായ ഊർജം പരമാവധി കരുതിവെക്കുന്നു. അവയുടെ ചുറ്റളവ് ഒരു നൂറ്റാണ്ടിൽ 25 മില്ലിമീറ്ററോളം മാത്രമേ വർധിക്കുന്നുള്ളൂ, ഇലകൾ 30 വർഷം വരെ നിലനിൽക്കുന്നു. ഏറ്റവും പൊക്കം കൂടിയ ബ്രിസൽകോൺ പൈൻ മരത്തിന് ഏകദേശം 18 മീറ്റർ ഉയരമുണ്ട്. ഏറ്റവും പഴക്കമുള്ള പൈൻ മരങ്ങൾ ഇനിയും അഞ്ചു നൂറ്റാണ്ടു നിലനിന്നേക്കുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.
സമീപ വർഷങ്ങളിൽ, മനുഷ്യായുസ്സ് വർധിപ്പിക്കുന്നതിൽ തത്പരരായ ആളുകൾ ബ്രിസൽകോൺ പൈൻ മരങ്ങളുടെ അതിജീവന രഹസ്യം ആരായുന്നതിൽ അതീവ ഉത്സാഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആയുർദൈർഘ്യത്തിന്റെ യഥാർഥ താക്കോൽ കണ്ടെത്താൻ പർവതപ്പരപ്പിലെ ഈ പരുപരുത്ത, വളഞ്ഞുപുളഞ്ഞ വയസ്സൻ മരം തേടിപ്പോകേണ്ടതില്ല. അതിലും എളുപ്പത്തിൽ അത് ലഭ്യമാണ്. ലോകത്തിലെ ഏറ്റവും പുരാതന ഗ്രന്ഥമായ ബൈബിൾ പ്രസ്താവിക്കുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യോഹന്നാൻ 17:3) ആ പരിജ്ഞാനം എല്ലാവർക്കും ലഭ്യമാണ്. നിങ്ങൾക്ക് അതു വ്യക്തിപരമായി പരിശോധിക്കരുതോ? (g04 3/22)
[അടിക്കുറിപ്പ്]
a നോഹയുടെ പിതാമഹനായ മെഥൂശലഹ് 969 വർഷം ജീവിച്ചിരുന്നു—ബൈബിൾ ചരിത്രത്തിലെ മറ്റാരെക്കാളുമേറെ.—ഉല്‌പത്തി 5:27; ലൂക്കൊസ് 3:36, 37.
[17-ാം പേജിലെ ചിത്രം]
മെഥൂശലഹ് തോട്ടത്തിലെ ഒരു ബ്രിസൽകോൺ പൈൻ മരം