മേഘങ്ങൾക്കു മീതെ പ്രശ്നങ്ങളില്ലാതെ
മേഘങ്ങൾക്കു മീതെ പ്രശ്നങ്ങളില്ലാതെ
ബൊളീവിയയിലെ ഉണരുക! ലേഖകൻ
ഗാംഭീര്യവും ലാസ്യഭംഗിയും കൈകോർക്കുന്ന പ്രശാന്തസുന്ദരമായ പ്രദേശം. മലകയറ്റവും സ്കീയിങ്ങും പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങളാണെങ്കിൽ ഇഷ്ടംപോലെ. അതിനു താത്പര്യമില്ലെങ്കിൽ പ്രകൃതിഭംഗി ആസ്വദിച്ച് വെറുതെ ചുറ്റിക്കറങ്ങുകയുമാവാം. ഇവയൊക്കെ പലരെയും തങ്ങളുടെ ഒഴിവുകാലം പർവതപ്രദേശങ്ങളിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇക്കൂട്ടരെ കൂടാതെ, മുകിൽമാലകൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന താഴ്വാരങ്ങളിലും പീഠഭൂമികളിലും സ്ഥിരമായി പാർക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമുണ്ട്. എന്നാൽ ഇത്ര ഉയർന്ന പ്രദേശങ്ങളിലെ താമസം ഒരുവന്റെ ആരോഗ്യത്തെ വിചിത്രമായ വിധങ്ങളിൽ ബാധിച്ചേക്കാം. അതുപോലെ, വാഹനങ്ങൾ ഉപയോഗിക്കുമ്പോഴും പാചകം ചെയ്യുമ്പോഴുമൊക്കെ ചില പ്രശ്നങ്ങൾ നേരിട്ടെന്നുവരാം. എന്താണ് ഈ പ്രശ്നങ്ങൾക്കു കാരണം, അവ എങ്ങനെ കൈകാര്യം ചെയ്യാനാകും? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് നമുക്ക് ആദ്യം ഒരു കാര്യം ഉറപ്പാക്കിയാലോ, ഉയർന്ന പർവതപ്രദേശങ്ങളിൽ വാസ്തവത്തിൽ ഇത്രയധികം പേർ വസിക്കുന്നുണ്ടോ?
പല പർവതപ്രദേശങ്ങളും ഇപ്പോൾ സാമ്പത്തിക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന മേഖലകളാണ്. മെക്സിക്കോ നഗരത്തിലെ ദശലക്ഷങ്ങൾ സമുദ്രനിരപ്പിൽനിന്ന് 2,000-ത്തിലേറെ മീറ്റർ ഉയരത്തിലാണ് വസിക്കുന്നത്.
യു.എസ്.എ.-യിലെ കോളറാഡോയിലുള്ള ഡെൻവറും കെനിയയിലെ നയ്റോബിയും ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗുമൊക്കെ സ്ഥിതിചെയ്യുന്നത് 1,500-ലധികം മീറ്റർ ഉയരത്തിലാണ്. ഹിമാലയസാനുക്കളിൽ വസിക്കുന്ന ദശലക്ഷങ്ങളാകട്ടെ 3,000-ത്തിലേറെ മീറ്റർ ഉയരത്തിലും. ആൻഡീസ് പർവതനിരകളിലെ പല വലിയ നഗരങ്ങളുടെയും സ്ഥാനം 3,300-ലേറെ മീറ്റർ ഉയരത്തിലാണ്, അവിടെ 6,000 മീറ്റർ ഉയരത്തിലുള്ള ഖനികളിൽ ആളുകൾ ജോലി ചെയ്യുന്നു. ഇത്രയധികം ആളുകൾ പർവതപ്രദേശങ്ങളിൽ ജീവിക്കുന്നതിനാൽ അവിടെയുള്ള ജീവിതവുമായി മനുഷ്യശരീരം എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നു എന്നതിനെ കുറിച്ചുള്ള പഠനം ഇപ്പോൾ പ്രാധാന്യം നേടിയിരിക്കുകയാണ്. ഈ പഠനങ്ങൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ശരീരത്തിന്റെ അത്ഭുതകരമായ രൂപകൽപ്പന സംബന്ധിച്ച നിങ്ങളുടെ വിലമതിപ്പ് വർധിപ്പിച്ചേക്കാം.ഉണ്ടാകാനിടയുള്ള ചില കാര്യങ്ങൾ
ഉയർന്ന പ്രദേശങ്ങളിൽ എത്തുന്ന പലരുടെയും അനുഭവം മനസ്സിലാക്കാൻ, ആൻഡീസ് പർവതങ്ങളിൽ എത്തിയ ഡഗ്ഗിന് സംഭവിച്ചത് എന്താണെന്നു പരിചിന്തിക്കുന്നത് സഹായിക്കും. അദ്ദേഹം പറയുന്നു: “വിമാനത്താവളത്തിൽവെച്ച് പെട്ടികൾ എടുത്തുവെക്കുമ്പോൾ എനിക്ക് പെട്ടെന്നു തലകറങ്ങുന്നതുപോലെ തോന്നി, ബോധംകെട്ടു വീണില്ല എന്നേയുള്ളൂ. അത് പെട്ടെന്നു മാറിയെങ്കിലും ആദ്യത്തെ ഒന്നുരണ്ട് ആഴ്ച സ്ഥിരം തലവേദന ഉണ്ടായിരുന്നു, ഉറക്കവും ശരിയായില്ല. രാത്രി ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടുന്നതുപോലെ തോന്നി ഞാൻ ഞെട്ടി ഉണരുമായിരുന്നു. ഏതാനും മാസത്തേക്കു വിശപ്പേ ഇല്ലായിരുന്നു, പെട്ടെന്ന് ക്ഷീണം തോന്നുകയും ചെയ്തിരുന്നു. അതുകൊണ്ട് പതിവിലും കൂടുതൽ ഉറങ്ങേണ്ടതായി വന്നു എനിക്ക്.” ഡഗ്ഗിന്റെ ഭാര്യ കാറ്റി ഇങ്ങനെ കൂട്ടിച്ചേർത്തു: “ഉയർന്ന പ്രദേശങ്ങളിൽ ആളുകൾക്ക് ഉണ്ടാകുന്നതായി പറയുന്ന പ്രശ്നങ്ങളെല്ലാം അവരുടെ വെറും തോന്നലുകളാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മനസ്സിലായി, അല്ലെന്ന്.”
ഡഗ്ഗിന്റേതുപോലുള്ള അനുഭവം ഉണ്ടായാൽ നിങ്ങൾ ശരിക്കും പേടിച്ചുപോയേക്കാം. ഉറക്കത്തിനിടെ ചിലപ്പോഴൊക്കെ ഏതാനും സെക്കൻഡു നേരത്തേക്ക് ശ്വാസം വാസ്തവത്തിൽ നിലച്ചുപോയേക്കാം. അത്തരം ചില അവസരങ്ങളിൽ ശ്വാസംമുട്ടുന്നതുപോലെ തോന്നി നിങ്ങൾ ഞെട്ടി ഉണർന്നെന്നുവരാം.
ഉയർന്ന പ്രദേശങ്ങളിൽ എത്തുന്ന ചിലയാളുകൾക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നാൽ ചിലർക്ക് 2,000 മീറ്റർ ഉയരത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. 3,000 മീറ്റർ ഉയരത്തിൽ പുതിയതായി എത്തുന്നവരിൽ പകുതിയോളം പേർക്കും അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. പർവതപ്രദേശങ്ങളിൽ താമസിക്കുന്നവർതന്നെ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് താഴ്ന്ന പ്രദേശങ്ങളിൽ പോയി മടങ്ങിവരുമ്പോഴും ഇതേ അസ്വസ്ഥതകൾ ഉണ്ടാകുന്നു എന്നതാണ് രസകരമായ സംഗതി. എന്താണ് ഇതിനു കാരണം?
പ്രദേശത്തിന്റെ ഉയരം ശരീരത്തെ ബാധിക്കുന്നത് എന്തുകൊണ്ട്?
ഓക്സിജന്റെ അഭാവമാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം. മുകളിലേക്കു പോകുന്തോറും വായുവിന്റെ മർദം കുറഞ്ഞുവരും. അതുകൊണ്ട് സമുദ്രനിരപ്പിൽ ഉള്ളതിനെക്കാൾ 20 ശതമാനം കുറവ് ഓക്സിജനാണ് 2,000 മീറ്റർ ഉയരത്തിലെ വായുവിലുള്ളത്. 4,000 മീറ്റർ ഉയരത്തിൽ ഇത് 40 ശതമാനം കുറവാണ്. ഓക്സിജന്റെ കുറവ് മിക്ക ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. നിങ്ങളുടെ പേശികളുടെ പ്രവർത്തനശേഷി കുറയുന്നു, നാഡീവ്യൂഹത്തിന് താങ്ങാനാകുന്ന സമ്മർദത്തിന്റെ അളവ് കുറയുന്നു. അതുപോലെ ദഹനവ്യൂഹത്തിന് കൊഴുപ്പ് അത്ര നന്നായി ദഹിപ്പിക്കാൻ കഴിയാതെ വരുന്നു. സാധാരണഗതിയിൽ, ശരീരത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായി വരുമ്പോൾ നിങ്ങൾ കിതയ്ക്കാൻ തുടങ്ങുന്നു. അങ്ങനെ ശരീരം അതിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഇതു സംഭവിക്കാത്തത് എന്തുകൊണ്ടാണ്?
ശരീരം നിങ്ങളുടെ ശ്വസന നിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയാണ് എന്നത് ഇനിയും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അത്ഭുതമാണ്. എന്നാൽ നിങ്ങൾ കൂടുതൽ ആയാസമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വേഗത്തിലുള്ള ശ്വാസോച്ഛ്വാസത്തിന് ഇടയാക്കുന്നത് ഓക്സിജന്റെ അഭാവം മാത്രമല്ല. പേശികളുടെ പ്രവർത്തനഫലമായി രക്തത്തിൽ അടിഞ്ഞുകൂടുന്ന കാർബൺ ഡൈ ഓക്സൈഡും അതിൽ പങ്കുവഹിക്കുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ നിങ്ങളുടെ ശ്വസന നിരക്ക് വർധിക്കുന്നുണ്ട് എന്നതാണു വാസ്തവം. എന്നാൽ ഓക്സിജന്റെ തുടർച്ചയായ കുറവ് നികത്താൻ അതു മതിയാകുന്നില്ല.
തലവേദന ഉണ്ടാകാൻ കാരണം എന്താണ്? പ്രദേശത്തിന്റെ ഉയരം ശരീരത്തെ ബാധിക്കുന്ന വിധവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അസ്വസ്ഥതകൾക്കുള്ള ചികിത്സയും സംബന്ധിച്ച് ആദ്യമായി നടന്ന ലോക സമ്മേളനത്തിൽ ഒരു പ്രഭാഷകൻ പർവതവ്യാധിയുമായി (mountain sickness) ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അനേകവും മസ്തിഷ്കത്തിൽ ദ്രാവകം വന്നുനിറയുന്നതിന്റെ ഫലമാണെന്നു വിശദീകരിച്ചു. ചിലരുടെ കാര്യത്തിൽ ഇത് തലയ്ക്കുള്ളിലെ മർദം വർധിപ്പിക്കുന്നു. എന്നാൽ ചിലയാളുകൾക്ക് അവരുടെ തലയോടിന്റെ വലുപ്പം കാരണം പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നിരുന്നാലും ചുരുക്കം കേസുകളിൽ ജീവനു ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങൾ ഉടലെടുത്തേക്കാം. പേശികളുടെ നിയന്ത്രണം നഷ്ടപ്പെടൽ, മങ്ങിയ കാഴ്ച, വിഭ്രാന്തി, ആശയക്കുഴപ്പം എന്നീ ലക്ഷണങ്ങൾ ഉടനടി വൈദ്യസഹായം തേടുകയും വേഗം താഴ്ന്ന പ്രദേശങ്ങളിലേക്കു പോകുകയും ചെയ്യേണ്ടതിന്റെ സൂചനകളാണ്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ഉയർന്ന പ്രദേശങ്ങളിൽ എത്തി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ് സാധാരണഗതിയിൽ അസ്വസ്ഥതകൾ ഏറ്റവും രൂക്ഷമാകുന്നത്. അതുകൊണ്ട് അവിടെ എത്തുന്നതിന് ഏതാനും ദിവസം മുമ്പും പിമ്പും ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്, വിശേഷിച്ചും രാത്രിയിൽ. അതുപോലെ, അവിടെ എത്തിയ ശേഷം കൊഴുപ്പേറിയ ഭക്ഷണങ്ങൾക്കു പകരം ചോറ്, ഓട്ട്സ്, കിഴങ്ങ് എന്നിങ്ങനെ കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക. ‘പ്രഭാതഭക്ഷണം വയറുനിറയെ, എന്നാൽ അത്താഴം വളരെ കുറച്ച്’ എന്ന ഉപദേശം അനുസരിക്കുന്നതു ബുദ്ധിയായിരിക്കും. അതുപോലെ
കായികാധ്വാനം ഒഴിവാക്കുക, കാരണം ഇത് അസ്വസ്ഥതകൾ രൂക്ഷമാകുന്നതിന് ഇടയാക്കും. ചെറുപ്പക്കാർ പൊതുവെ ഈ ഉപദേശം വകവെക്കാത്തതു കൊണ്ടായിരിക്കാം, അവർക്കാണ് മിക്കപ്പോഴും ഏറ്റവുമധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.അതുപോലെ തൊപ്പി ധരിക്കാനും സൂര്യതാപത്തിൽനിന്ന് ചർമത്തിനു സംരക്ഷണം നൽകുന്ന ക്രീമുകൾ പുരട്ടാനുമുള്ള ഉപദേശത്തിന് ചെവികൊടുക്കുന്നതും ബുദ്ധിയാണ്. കാരണം പ്രദേശത്തിന്റെ ഉയരം കൂടുന്തോറും അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷണമേകുന്ന അന്തരീക്ഷവലയം നേർത്തുവരുന്നു. ഈ രശ്മികൾ കണ്ണുകളിലെ അസ്വസ്ഥതയ്ക്ക് ഇടയാക്കുകയോ അവയ്ക്കു തകരാറ് വരുത്തുകയോ പോലും ചെയ്തേക്കാം. അതുകൊണ്ട് കൂളിങ് ഗ്ലാസ് ധരിക്കുന്നതു നല്ലതാണ്. പർവതപ്രദേശങ്ങളിലെ സാന്ദ്രത കുറഞ്ഞ വായുവിന് കണ്ണുനീര് വറ്റിപ്പോകാനും ഇടയാക്കാൻ കഴിയും. ഇത് കണ്ണിന്റെ അസ്വസ്ഥതയ്ക്ക് ആക്കം കൂട്ടും. വെള്ളവും മറ്റു പാനീയങ്ങളും ധാരാളം കുടിക്കുന്നതാണ് ഇതിനുള്ള പ്രതിവിധി.
ഉയർന്ന രക്തസമ്മർദം, സിക്കിൾ സെൽ അനീമിയ, ഹൃദയ-ശ്വാസകോശ തകരാറുകൾ, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ഉയർന്ന പ്രദേശങ്ങളിലേക്കു യാത്ര പുറപ്പെടുന്നതിനു മുമ്പ് സൂക്ഷ്മമായ ഒരു വൈദ്യ പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. a കടുത്ത ജലദോഷം, ശ്വാസനാളവീക്കം (bronchitis), ന്യൂമോണിയ തുടങ്ങിയവ ഉള്ളപ്പോൾ നിങ്ങളുടെ യാത്ര മാറ്റിവെക്കുന്നതാണ് ബുദ്ധി. കാരണം ഉയർന്ന പ്രദേശങ്ങളിലായിരിക്കുമ്പോൾ, ശ്വാസകോശരോഗമുള്ള അല്ലെങ്കിൽ ആയാസകരമായ കായിക അധ്വാനത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തിയുടെ ശ്വാസകോശത്തിൽ അപകടകരമാംവിധം ദ്രാവകം വന്നു നിറഞ്ഞേക്കാം. ജീവിതകാലം മുഴുവനും പർവതപ്രദേശങ്ങളിൽ കഴിഞ്ഞിട്ടുള്ളവരിൽ പോലും ശ്വാസകോശ തകരാറുകൾ, ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതു മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് ഇടയാക്കിയേക്കാം. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി ആസ്ത്മ ഉള്ളവർക്ക് പലപ്പോഴും ഉയർന്ന പ്രദേശങ്ങളിലേക്കു പോകുമ്പോൾ ആശ്വാസം കിട്ടുന്നതായി കാണുന്നു. നേരത്തേ പരാമർശിച്ച ലോകസമ്മേളനത്തിൽ ഒരു കൂട്ടം റഷ്യൻ ഡോക്ടർമാർ ചില രോഗികളെ തങ്ങൾ ചികിത്സയ്ക്കായി ഉയർന്ന പ്രദേശങ്ങളിലുള്ള ക്ലിനിക്കുകളിലേക്കു കൊണ്ടുപോകാറുണ്ടെന്ന് റിപ്പോർട്ടു ചെയ്തു.
ഉയരങ്ങളിൽ സ്ഥിരതാമസമാക്കൽ
ഉയർന്ന പ്രദേശങ്ങളിലെ ജീവിതത്തെ ഭയപ്പെടേണ്ടതില്ല. വാസ്തവത്തിൽ, കോക്കസസ് പർവതങ്ങൾ പോലുള്ള ചില ഉയർന്ന പ്രദേശങ്ങൾ അവിടത്തെ നിവാസികളുടെ ആയുർദൈർഘ്യം നിമിത്തം പ്രസിദ്ധമാണ്. മറ്റു സ്ഥലങ്ങളിൽനിന്നു വന്ന് അത്തരം പ്രദേശവുമായി പൊരുത്തപ്പെട്ട് വർഷങ്ങളോളം അവിടെ ജീവിച്ചിട്ടുള്ളവരുമുണ്ട്. ആൻഡീസിലെ ഒരു ഉണരുക! വായനക്കാരൻ ഇങ്ങനെ എഴുതി: “6,000 മീറ്റർ ഉയരത്തിൽ, ഒരു അഗ്നിപർവതത്തിന്റെ മുകൾഭാഗത്തോടടുത്ത് ഉണ്ടായിരുന്ന ഒരു ഖനിയിലാണ് 13 വർഷം ഞാൻ ജോലിചെയ്തതും ജീവിച്ചതും. ഗന്ധക പാറകൾ വലിയ ചുറ്റികകൊണ്ടു പൊട്ടിക്കുന്നത് കഠിനവേലയായിരുന്നു. എങ്കിലും വൈകുന്നേരമായാൽ ഞങ്ങൾ ഫുട്ബോൾ കളിക്കുമായിരുന്നു!” പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള അത്ഭുതകരമായ പ്രാപ്തി മനുഷ്യശരീരത്തിനുണ്ട്. ഇത് അതിന്റെ സ്രഷ്ടാവിന്റെ ജ്ഞാനത്തിൽ നാം വിസ്മയംകൊള്ളാൻ ഇടയാക്കുന്നു. ഉയർന്ന പ്രദേശങ്ങളിലെ ഓക്സിജന്റെ കുറവുമായി നിങ്ങളുടെ ശരീരം പൊരുത്തപ്പെടുന്നത് എങ്ങനെയാണ്?
ഉയർന്ന പ്രദേശങ്ങളിൽ എത്തുമ്പോൾ നിങ്ങളുടെ ശരീരം ആദ്യം ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ത്വരിതപ്പെടുത്തുകയാണ്. പിന്നെ ഓക്സിജൻ വഹിക്കുന്ന അരുണ രക്താണുക്കളെ ബാക്കിനിറുത്തിക്കൊണ്ട് ശരീരം പ്ലാസ്മ പുറന്തള്ളുന്നു. പെട്ടെന്നുതന്നെ തലച്ചോറിലേക്ക് കൂടുതൽ രക്തം അയയ്ക്കാൻ തുടങ്ങുന്നു, അവിടെയാണല്ലോ രക്തം ഏറ്റവും ആവശ്യം.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ അസ്ഥിമജ്ജ ഒരുപക്ഷേ കൂടുതൽ ഫലപ്രദമായി ഓക്സിജൻ വഹിക്കാൻ കഴിവുള്ള അരുണരക്താണുക്കൾ കൂടുതലായി ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇതിന്റെയൊക്കെ അർഥം പർവതങ്ങളിലെ ജീവിതവുമായി പൂർണമായി ഇണങ്ങിച്ചേരാൻ മാസങ്ങൾ എടുത്തേക്കാമെങ്കിലും ദിവസങ്ങൾക്കകംതന്നെ ഹൃദയമിടിപ്പും ശ്വസനവുമൊക്കെ സാധാരണഗതിയിലായേക്കാം എന്നാണ്.വാഹനങ്ങളെയും പാചകത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ
എന്നാൽ ഓക്സിജന്റെ കുറവ് അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരത്തിനു മാത്രമല്ല. നിങ്ങളുടെ വാഹനത്തിനും ഒരു ‘ഉന്മേഷമില്ലാത്തതായി’ കണ്ടേക്കാം. മെക്കാനിക്ക് വാഹനത്തിലെ ഇന്ധനവായു മിശ്രിതത്തിന്റെ അനുപാതം ക്രമീകരിക്കുകയും എഞ്ചിനിലെ ജ്വാലന സമയം മുന്നോട്ടാക്കുകയും ചെയ്താൽത്തന്നെയും എഞ്ചിന്റെ പിക്കപ്പ് കുറവായിരുന്നേക്കാം. ഇനി നമുക്ക് അടുക്കളയിൽ എന്തൊക്കെ സംഭവിക്കുമെന്നു നോക്കാം.
കേക്ക് പൊങ്ങാതെ വരിക, റൊട്ടി പൊടിഞ്ഞുപോകുക, ബീൻസ് വേകാതിരിക്കുക, മുട്ട പുഴുങ്ങുമ്പോൾ ആവശ്യത്തിന് കട്ടിയാകാതിരിക്കുക എന്നിവയെല്ലാം അടുക്കളയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്, നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പാചക ദുരന്തങ്ങൾ ഏറെയും ഉണ്ടാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും ബേക്കു ചെയ്യുമ്പോഴാണ്. കുറഞ്ഞ വായുമർദം, റൊട്ടിയും കേക്കും മറ്റും പൊങ്ങി മാർദവമുള്ളതാകാൻ സഹായിക്കുന്ന വാതകങ്ങൾ സമുദ്രനിരപ്പിൽ ആയിരിക്കുമ്പോഴത്തേതിനെക്കാൾ കൂടുതലായി വികസിക്കാൻ ഇടയാക്കുന്നു. മാവിലെ ചെറിയ കുമിളകൾ വലുതാകുകയും റൊട്ടിയും മറ്റും പൊടിഞ്ഞു പോകുകയും ചെയ്യുന്നു. കുമിളകൾ പൊട്ടിപ്പോകുകയാണെങ്കിൽ കേക്ക് പൊങ്ങുകയുമില്ല. എന്നാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. കേക്കിന് മാർദവം വരാൻ മുട്ട പതപ്പിച്ചുചേർക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് സാധാരണത്തേതിലും കുറച്ചു പതപ്പിച്ചാൽ മതിയാകും. മാവ് പൊങ്ങാൻ യീസ്റ്റോ ബേക്കിങ് പൗഡറോ പോലുള്ള ഒരു പദാർഥം ചേർക്കുന്നെങ്കിൽ അതിന്റെ അളവ് കുറയ്ക്കുക. ദ ന്യൂ ഹൈ ഓൾറ്റിറ്റ്യൂഡ് കുക്ക്ബുക്ക് എന്ന പാചകപുസ്തകം പറയുന്നത് മാവ് പൊങ്ങാൻ ചേർക്കുന്ന പദാർഥത്തിന്റെ അളവ് 600 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ 25 ശതമാനവും 2,000 മീറ്റർ ഉയരത്തിൽ 75 ശതമാനവും കുറയ്ക്കണമെന്നാണ്.
യീസ്റ്റ് ചേർത്ത് റൊട്ടിയോ മറ്റോ ഉണ്ടാക്കുമ്പോൾ കുഴച്ചുവെക്കുന്ന മാവ് അതിന്റെ ഇരട്ടിയിലധികമായി പൊങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. മുട്ട കേക്കിന് ഉറപ്പ് നൽകുന്നതിനാൽ കൂടുതൽ വലുപ്പമുള്ള മുട്ടകൾ ചേർക്കുന്നതു നല്ലതാണ്. എന്നാൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, കാരണം അത് അധികമായാൽ കേക്കിന്റെ ഉറപ്പ് കുറയും. മാത്രമല്ല, വായുമർദം കുറവായതിനാൽ വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുകയും കൂടുതൽ പഞ്ചസാര ചേർത്ത ഫലം ഉണ്ടാകുകയും ചെയ്യും എന്നതും മനസ്സിൽ പിടിക്കുക. പാചകം ചെയ്യുന്നത് എന്തായാലും മിക്കപ്പോഴും സാധാരണയിൽ കൂടുതൽ വെള്ളം ചേർക്കേണ്ടതുണ്ട്, കാരണം പർവതപ്രദേശങ്ങളിലെ വരണ്ട വായു അവയിലെ വെള്ളം നഷ്ടപ്പെടാൻ ഇടയാക്കുന്നു.
ഉയർന്ന പ്രദേശങ്ങളിൽ എല്ലാ ആഹാരസാധനങ്ങളുംതന്നെ പാചകം ചെയ്യാൻ കൂടുതൽ സമയം വേണം. ഉദാഹരണത്തിന് 1,500 മീറ്റർ ഉയരത്തിൽ മുട്ട പുഴുങ്ങാൻ, സാധാരണ എടുക്കുന്നതിനെക്കാൾ ഒരു മിനിട്ട് അധികം വേണം, 3,000 മീറ്ററിൽ മൂന്നര മിനിട്ടും. പ്രഷർ കുക്കർ വളരെ ഉപയോഗപ്രദമാണെന്ന് നിങ്ങൾ കണ്ടെത്തും. വാസ്തവത്തിൽ വളരെ ഉയർന്ന പ്രദേശങ്ങളിൽ അതില്ലാതെ ബീൻസും പട്ടാണിയുമൊന്നും വേവിക്കാനേ കഴിയില്ല.
അതുകൊണ്ട് ഉയർന്ന പ്രദേശങ്ങളിലേക്കു പോകാൻ പേടിക്കേണ്ടതില്ല. ചിലപ്പോൾ അൽപ്പം കിതപ്പ് അനുഭവപ്പെട്ടേക്കാം, അല്ലെങ്കിൽ നിങ്ങളുടെ സ്പഞ്ച് കേക്ക് പാൻകേക്ക് പോലെ ഇരുന്നേക്കാം, കാറ് ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിയേക്കാം. എന്നാൽപ്പോലും ഒരുവിധം നല്ല ആരോഗ്യമുള്ള ആളാണ് നിങ്ങളെങ്കിൽ ആ അനുഭവം നിങ്ങൾ വളരെയധികം ആസ്വദിക്കാൻ ഇടയുണ്ട്. (g04 3/8)
[അടിക്കുറിപ്പ്]
a വളരെ ഉയർന്ന പ്രദേശങ്ങളിൽ, ശ്വസന സഹായിയെന്ന നിലയിൽ ചില ഡോക്ടർമാർ അസിറ്റസോളമൈഡ് കുറിച്ചുകൊടുക്കാറുണ്ട്. പർവതവ്യാധിക്ക് മറ്റു പല മരുന്നുകളും ലഭ്യമാണ്, എന്നാൽ എല്ലാ ഡോക്ടർമാരും അവ ശുപാർശ ചെയ്യുന്നില്ല.
[12, 13 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ചില പർവതങ്ങളും ഉയർന്ന പ്രദേശങ്ങളിലുള്ള നഗരങ്ങളും
9,000 മീറ്റർ
എവറസ്റ്റ് പർവതം, നേപ്പാൾ-ചൈന
8,850 മീ.
7,500 മീറ്റർ
6,000 മീറ്റർ
കിളിമഞ്ചാരോ പർവതം, ടാൻസാനിയ
5,895 മീ.
ഔകാങ്കിൽച്ചാ, ചിലി
5,346 മീ.
ബ്ലാങ്ക് പർവതം, ഫ്രാൻസ്
4,807 മീ.
4,500 മീറ്റർ
പോട്ടോസി, ബൊളീവിയ
4,180 മീ.
പൂനൊ, പെറു
3,826 മീ.
ഫൂജി പർവതം, ജപ്പാൻ
3,776 മീ.
ല പാസ്, ബൊളീവിയ
3,625 മീ.
3,000 മീറ്റർ—
ട്രൊങ്സ സോങ്, ഭൂട്ടാൻ
2,398 മീ.
മെക്സിക്കോ നഗരം, മെക്സിക്കോ
2,239 മീ.
വാഷിങ്ടൺ പർവതം, ന്യൂ ഹാംഷയർ,
അമേരിക്കൻ ഐക്യനാടുകൾ
1,917 മീ.
നയ്റോബി, കെനിയ
1,675 മീ.
ഡെൻവർ, കോളറാഡോ, ഐക്യനാടുകൾ
1,609 മീ.
1,500 മീറ്റർ
—സമുദ്രനിരപ്പ്—
[10-ാം പേജിലെ ചിത്രം]
ല പാസ്, ബൊളീവിയ 3,625 മീ.
[10-ാം പേജിലെ ചിത്രം]
ജോഹാനസ്ബർഗ്, ദക്ഷിണാഫ്രിക്ക 1,750 മീ.