വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പുരാതന പ്രതിജ്ഞ ആധുനിക പ്രസക്തിയുള്ളത്‌

ഒരു പുരാതന പ്രതിജ്ഞ ആധുനിക പ്രസക്തിയുള്ളത്‌

ഒരു പുരാതന പ്രതിജ്ഞ ആധുനിക പ്രസക്തി​യു​ള്ളത്‌

വൈദ്യ​ശാ​സ്‌ത്ര​ത്തി​ന്റെ പിതാവ്‌ എന്നു പൊതു​വേ അറിയ​പ്പെ​ടുന്ന ഗ്രീക്ക്‌ ഭിഷഗ്വ​ര​നായ ഹിപ്പോ​ക്രാ​റ്റ​സാണ്‌ പൊതു​യു​ഗ​ത്തി​നു​മുമ്പ്‌ (പൊ.യു.മു.) ഏതാണ്ട്‌ 400-ാമാണ്ടിൽ “ഹിപ്പോ​ക്രാ​റ്റിക്‌ പ്രതിജ്ഞ” എഴുതി​യത്‌. ആ മഹത്തായ തത്ത്വസം​ഹി​ത​യാണ്‌ ഇന്നും വൈദ്യ​ശാ​സ്‌ത്രത്തെ നയിക്കു​ന്നത്‌. അങ്ങനെ​യാ​ണോ നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ള്ളത്‌? ആണെങ്കിൽ നിങ്ങൾ തനിച്ചല്ല. എന്നാൽ മേൽപ്പറഞ്ഞ വാദങ്ങൾ തികച്ചും ശരിയാ​ണോ?

തന്റെ പേരിൽ അറിയ​പ്പെ​ടുന്ന പ്രതിജ്ഞ ഒരുപക്ഷേ ഹിപ്പോ​ക്രാ​റ്റസ്‌ എഴുതി​യത്‌ അല്ലായി​രി​ക്കാം എന്നാണ്‌ വസ്‌തു​തകൾ സൂചി​പ്പി​ക്കു​ന്നത്‌. മാത്രമല്ല, ആ മാർഗ​ദർശക തത്ത്വങ്ങൾ രചിക്ക​പ്പെട്ട കാലത്ത്‌ അതി​നോ​ടു​ണ്ടാ​യി​രുന്ന ആഭിമു​ഖ്യം ഇന്ന്‌ വൈദ്യ​ശാ​സ്‌ത്രം കാട്ടു​ന്ന​തു​മില്ല.

ഈ പുരാതന പ്രതി​ജ്ഞ​യു​ടെ കർത്താവ്‌ ആരെന്നു നമുക്ക്‌ അറിയാൻ സാധി​ക്കു​മോ? അറിയാൻ കഴിയു​മെ​ങ്കിൽത്തന്നെ അതിന്‌ ഇന്നു നമ്മെ സംബന്ധിച്ച്‌ എന്തെങ്കി​ലും പ്രാധാ​ന്യ​മു​ണ്ടോ?

ഹിപ്പോ​ക്രാ​റ്റ​സാ​ണോ പ്രതിജ്ഞ എഴുതി​യത്‌?

യഥാർഥ​ത്തിൽ ഹിപ്പോ​ക്രാ​റ്റസ്‌ തന്നെയാ​ണോ പ്രതിജ്ഞ എഴുതി​യത്‌ എന്നു സംശയി​ക്കു​ന്ന​തിന്‌ പല കാരണ​ങ്ങ​ളുണ്ട്‌. നിരവധി ദേവീ​ദേ​വ​ന്മാ​രോ​ടുള്ള അപേക്ഷ​യോ​ടെ​യാണ്‌ പ്രതിജ്ഞ ആരംഭി​ക്കു​ന്നത്‌ എന്നതാണ്‌ അവയി​ലൊന്ന്‌. എന്നാൽ മതത്തെ​യും വൈദ്യ​ശാ​സ്‌ത്ര​ത്തെ​യും വേർതി​രി​ക്കു​ക​യും പ്രകൃ​ത്യ​തീത ശക്തികൾക്കു​പരി ഭൗതിക കാരണ​ങ്ങ​ളാണ്‌ രോഗ​ത്തി​നു പിന്നി​ലെന്ന്‌ വിലയി​രു​ത്തു​ക​യും ചെയ്‌ത ആദ്യവ്യ​ക്തി​യാ​യാണ്‌ ഹിപ്പോ​ക്രാ​റ്റസ്‌ അറിയ​പ്പെ​ടു​ന്നത്‌.

കൂടാതെ, പ്രതി​ജ്ഞ​യിൽ വിലക്ക​പ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ പലതും ഹിപ്പോ​ക്രാ​റ്റ​സി​ന്റെ കാലത്തെ വൈദ്യ​ശാ​സ്‌ത്ര പ്രവർത്ത​ന​ങ്ങൾക്കു വിരു​ദ്ധ​മ​ല്ല​താ​നും. (21-ാം പേജിലെ ചതുരം കാണുക.) ദൃഷ്ടാ​ന്ത​ത്തിന്‌, ഭ്രൂണ​ഹ​ത്യ​യെ​യും ആത്മഹത്യ​യെ​യും വിലക്കുന്ന നിയമ​ങ്ങ​ളോ മതപര​മായ ചട്ടങ്ങളോ ഹിപ്പോ​ക്രാ​റ്റ​സി​ന്റെ കാലത്ത്‌ ഉണ്ടായി​രു​ന്നില്ല. മാത്രമല്ല, പ്രതി​ജ്ഞ​യെ​ടു​ക്കുന്ന ആൾ താൻ ശസ്‌ത്ര​ക്രിയ ചെയ്യി​ല്ലെ​ന്നും പകരം അത്‌ ശസ്‌ത്ര​ക്രി​യാ വിദഗ്‌ധർക്കു വിട്ടു​കൊ​ടു​ക്കു​മെ​ന്നും പ്രഖ്യാ​പി​ക്കു​മാ​യി​രു​ന്നു. എങ്കിലും ഹിപ്പോ​ക്രാ​റ്റ​സും മറ്റു പ്രാചീന എഴുത്തു​കാ​രും എഴുതി​യ​തെന്നു പറയ​പ്പെ​ടുന്ന ഹിപ്പോ​ക്രാ​റ്റിക്‌ കൃതി​ക​ളിൽ ശസ്‌ത്ര​ക്രി​യാ വിദ്യ​ക​ളും വിവരി​ക്ക​പ്പെ​ടു​ന്നുണ്ട്‌.

അതു​കൊണ്ട്‌ പ്രതി​ജ്ഞ​യു​ടെ കർത്തൃ​ത്വം ഇപ്പോ​ഴും പണ്ഡിത​ന്മാർക്കി​ട​യിൽ തർക്കവി​ഷ​യ​മാ​ണെ​ങ്കി​ലും ഹിപ്പോ​ക്രാ​റ്റിക്‌ പ്രതിജ്ഞ അദ്ദേഹം രചിച്ച​ത​ല്ലെന്നു കരുതാൻ തക്ക ന്യായ​മു​ണ്ടെന്നു തോന്നു​ന്നു. ജീവന്റെ പവിത്രത സംബന്ധിച്ച ആദർശങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ക​യും ശസ്‌ത്ര​ക്രി​യ​യോട്‌ വൈമു​ഖ്യം പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തി​രുന്ന പൊ.യു.മു. നാലാം നൂറ്റാ​ണ്ടി​ലെ പൈത​ഗോ​റി​യൻ തത്ത്വചി​ന്ത​യോട്‌ ഏറ്റവും അടുപ്പ​മുള്ള തത്ത്വചി​ന്ത​യാണ്‌ പ്രതി​ജ്ഞ​യിൽ പ്രകട​മാ​കു​ന്നത്‌.

സമ്മിതി മങ്ങുന്നു, വീണ്ടെ​ടു​ക്കു​ന്നു

പ്രതിജ്ഞ എഴുതി​യത്‌ ആരുതന്നെ ആയാലും പാശ്ചാത്യ വൈദ്യ​ശാ​സ്‌ത്ര​ത്തിൽ, പ്രത്യേ​കിച്ച്‌ അതിന്റെ സദാചാര മേഖല​യിൽ ഈ പ്രതി​ജ്ഞ​യ്‌ക്കുള്ള പ്രഭാവം ചോദ്യം​ചെ​യ്യാ​നാ​വില്ല. “വൈദ്യ​ശാ​സ്‌ത്ര​ത്തി​ലെ കർശന​മായ സദാചാര സിദ്ധാ​ന്തങ്ങൾ ഉരുത്തി​രിഞ്ഞ അത്യുന്നത സ്ഥാനം,” “വികസിത ലോക​ത്തി​ലെ രോഗി​യും ചികി​ത്സ​ക​നും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാ​നം,” “തൊഴിൽപ​ര​മായ ധാർമി​ക​ത​യു​ടെ ഉത്‌കൃഷ്ട സംഹിത” എന്നൊ​ക്കെ​യാണ്‌ ഇതു വിശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നത്‌. 1913-ൽ ഒരു വിശ്രുത കനേഡി​യൻ ഭിഷഗ്വ​ര​നായ സർ വില്യം ഓസ്‌ലർ പറഞ്ഞു: “ഇത്‌ ഹിപ്പോ​ക്രാ​റ്റ​സി​ന്റെ കാലത്തു രചിക്ക​പ്പെ​ട്ട​താ​ണോ അല്ലയോ എന്നതിന്‌ വലിയ പ്രസക്തി​യൊ​ന്നു​മില്ല . . . 25 നൂറ്റാ​ണ്ടു​ക​ളാ​യി അത്‌ വൈദ്യ​സ​മൂ​ഹ​ത്തി​ന്റെ സദാചാര പ്രമാ​ണ​മാണ്‌. പല സർവക​ലാ​ശാ​ല​ക​ളി​ലും, പരിശീ​ലനം പൂർത്തി​യാ​ക്കിയ ഡോക്ടർമാർ പ്രതി​ജ്ഞ​യെ​ടു​ക്കു​ന്നത്‌ ഇതിനെ ആധാര​മാ​ക്കി​യാണ്‌.”

എന്നിരു​ന്നാ​ലും 20-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ ഈ പ്രതി​ജ്ഞ​യ്‌ക്ക്‌ അതുവരെ ഉണ്ടായി​രുന്ന സമ്മിതി​ക്കു മങ്ങലേറ്റു, അന്നത്തെ ശാസ്‌ത്രീയ മുന്നേ​റ്റ​ങ്ങ​ളാ​വാം അതിനു കാരണം. യുക്തി​വാ​ദം വേരു​റ​പ്പി​ച്ചു​കൊ​ണ്ടി​രുന്ന സാഹച​ര്യ​ത്തിൽ, പ്രതിജ്ഞ കാലഹ​ര​ണ​പ്പെ​ട്ട​തും അപ്രസ​ക്ത​വു​മാ​യി കാണ​പ്പെ​ട്ടി​രി​ക്കാം. എന്നാൽ ശാസ്‌ത്രം എത്രതന്നെ മുന്നേ​റി​യാ​ലും സദാചാര മാർഗ​നിർദേ​ശ​ത്തി​ന്റെ ആവശ്യകത ഇല്ലാതാ​കു​ന്നില്ല. അതു​കൊ​ണ്ടാ​യി​രി​ക്കാം സമീപ​ദ​ശ​ക​ങ്ങ​ളിൽ ഈ പ്രതിജ്ഞ, നഷ്ടപ്പെട്ട സമ്മിതി വീണ്ടെ​ടു​ത്തത്‌.

മെഡിക്കൽ കോ​ളേ​ജു​ക​ളി​ലെ പ്രവേ​ശ​ന​ത്തോ​ടോ ബിരുദ സ്വീക​ര​ണ​ത്തോ​ടോ ഉള്ള ബന്ധത്തിൽ പ്രതി​ജ്ഞ​യെ​ടു​ക്കു​ന്നത്‌ ഒരു പ്രധാന നടപടി​യാ​യി വീണ്ടും അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 1993-ൽ ഐക്യ​നാ​ടു​ക​ളി​ലും കാനഡ​യി​ലും നടത്തിയ ഒരു സർവേ​യിൽ ഉൾപ്പെട്ട 98 ശതമാനം മെഡിക്കൽ കോ​ളേ​ജു​ക​ളി​ലും ചില പ്രതിജ്ഞാ ചടങ്ങുകൾ ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 1928-ൽ 24 ശതമാനം മാത്ര​മാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. യു​ണൈ​റ്റഡ്‌ കിങ്‌ഡ​ത്തിൽ നടത്തിയ സമാന​മായ ഒരു സർവേ 50 ശതമാനം കോ​ളേ​ജു​കൾ ഒരു പ്രതി​ജ്ഞ​യോ പ്രഖ്യാ​പ​ന​മോ നിർവ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കു​ന്നു. ഓസ്‌​ട്രേ​ലി​യ​യി​ലും ന്യൂസി​ലൻഡി​ലും അത്‌ ഏതാണ്ട്‌ 50 ശതമാനം തന്നെയാണ്‌.

കാലാ​നു​സൃ​ത​മായ മാറ്റം

എന്നാൽ ഹിപ്പോ​ക്രാ​റ്റിക്‌ പ്രതിജ്ഞ മാറ്റത്തി​നു വിധേ​യ​മാ​കാത്ത ഒന്നല്ല. കടന്നു​പോയ നൂറ്റാ​ണ്ടു​ക​ളിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ അതതു കാലത്ത്‌ നിലവി​ലി​രുന്ന വിശ്വാ​സ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി അതിൽ മാറ്റം വരുത്തി​യി​ട്ടുണ്ട്‌. ചില​പ്പോൾ മാരക രോഗ​ങ്ങൾക്ക്‌ ഇരയാ​കു​ന്ന​വരെ കൈകാ​ര്യം ചെയ്യു​ന്നതു പോലുള്ള വിഷയ​ങ്ങ​ളോട്‌ അനുബ​ന്ധി​ച്ചും മാറ്റം വന്നിട്ടുണ്ട്‌. അടുത്ത കാലത്ത്‌ ആധുനിക ചിന്തയ്‌ക്ക്‌ അനുസൃ​ത​മായ ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ അതിൽ വരുത്തു​ക​യു​ണ്ടാ​യി.

ഈ പ്രതി​ജ്ഞ​യു​ടെ പല ഭാഷാ​ന്ത​ര​ങ്ങ​ളി​ലും, ആധുനിക വൈദ്യ​ശാ​സ്‌ത്രം ഉപേക്ഷി​ച്ചി​ട്ടുള്ള സമ്പ്രദാ​യങ്ങൾ ഒഴിവാ​ക്കു​ക​യും സമകാ​ലീന സമൂഹ​ത്തി​ന്റെ ആശയങ്ങൾക്ക്‌ അനുസൃ​ത​മാ​യവ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, രോഗി​യു​ടെ അവകാശം എന്ന തത്ത്വം ആധുനിക ചികിത്സാ സമ്പ്രദാ​യ​ത്തി​നു നിർണാ​യ​ക​മാ​യി​രി​ക്കാം; എന്നാൽ പുരാതന ഗ്രീക്കു വൈദ്യ​ശാ​സ്‌ത്ര​ത്തി​ലോ ഹിപ്പോ​ക്രാ​റ്റിക്‌ പ്രതി​ജ്ഞ​യി​ലോ അങ്ങനെ​യൊ​രു ആശയം ഉണ്ടായി​രു​ന്നില്ല. ഇപ്പോൾ ഉപയോ​ഗ​ത്തി​ലുള്ള മിക്ക പ്രഖ്യാ​പ​ന​ങ്ങ​ളി​ലും രോഗി​യു​ടെ അവകാ​ശങ്ങൾ എന്ന ആശയത്തിന്‌ പ്രാധാ​ന്യം കൽപ്പി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം.

ഇതിനു പുറമേ, കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള ഒരു തിര​ഞ്ഞെ​ടുപ്പ്‌ (ഉൾപ്പെ​ട്ടി​രി​ക്കുന്ന ചികി​ത്സാ​രീ​തി​യെ കുറിച്ച്‌ പൂർണ വിശദീ​ക​രണം ലഭിച്ച​ശേഷം രോഗി തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌) പോലുള്ള ആശയങ്ങൾക്ക്‌ പ്രാധാ​ന്യം കൊടു​ക്കാൻ തുടങ്ങി​യ​തോ​ടെ രോഗി​യും ചികി​ത്സ​ക​നും തമ്മിലുള്ള ബന്ധത്തി​നും മാറ്റം വന്നിരി​ക്കു​ന്നു. അതിനാൽ ഭൂരി​ഭാ​ഗം മെഡിക്കൽ കോ​ളേ​ജു​ക​ളും ഹിപ്പോ​ക്രാ​റ്റിക്‌ പ്രതിജ്ഞ തനതു രൂപത്തിൽ മുറുകെ പിടി​ക്കാ​ത്ത​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

പ്രതി​ജ്ഞ​യിൽ വന്നിട്ടുള്ള മറ്റു ചില മാറ്റങ്ങൾ കൂടുതൽ അത്ഭുതം ഉളവാ​ക്കി​യേ​ക്കാം. 1993-ൽ ഐക്യ​നാ​ടു​ക​ളി​ലും കാനഡ​യി​ലും നടന്ന പ്രതി​ജ്ഞ​ക​ളിൽ കേവലം 43 ശതമാനം മാത്ര​മാണ്‌ ഡോക്ടർമാർ അവരുടെ പ്രവർത്ത​ന​ങ്ങൾക്ക്‌ ഉത്തരവാ​ദി​ക​ളാ​യി​രി​ക്കും എന്ന ആശയം ഉൾപ്പെ​ടു​ത്തി​യത്‌. മിക്ക ആധുനിക പതിപ്പു​ക​ളും പ്രതിജ്ഞാ ലംഘന​ത്തിന്‌ യാതൊ​രു പിഴയും ഉൾപ്പെ​ടു​ത്തു​ന്നില്ല. ദയാവധം, ഭ്രൂണ​ഹത്യ, ദേവതാ​സ്‌തു​തി എന്നിവയെ കുറി​ച്ചുള്ള പരാമർശങ്ങൾ പ്രതി​ജ്ഞ​യിൽനിന്ന്‌ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു എന്നു മാത്രമല്ല, സർവേ​യിൽ പങ്കെടുത്ത മെഡിക്കൽ കോ​ളേ​ജു​ക​ളിൽ 3 ശതമാനം മാത്ര​മാണ്‌ രോഗി​ക​ളു​മാ​യി ലൈം​ഗി​ക​ബന്ധം പുലർത്തു​ക​യില്ല എന്ന കാര്യം പ്രതി​ജ്ഞ​യിൽ ഉൾപ്പെ​ടു​ത്തി​യത്‌.

പ്രതി​ജ്ഞ​യു​ടെ മൂല്യം

ഹിപ്പോ​ക്രാ​റ്റിക്‌ പ്രതി​ജ്ഞ​യിൽ പല മാറ്റങ്ങൾ വന്നിട്ടു​ണ്ടെ​ങ്കി​ലും, അടിസ്ഥാ​ന​പ​ര​മാ​യി ഉത്‌കൃ​ഷ്ട​വും ധാർമി​ക​വു​മായ ആദർശ​ങ്ങ​ളോ​ടു പ്രതി​ബ​ദ്ധ​ത​യുള്ള ഒരു തൊഴിൽ മേഖലയെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്തര​മൊ​രു പ്രതിജ്ഞ പ്രാധാ​ന്യം അർഹി​ക്കു​ന്ന​താ​യി മിക്ക​പ്പോ​ഴും വീക്ഷി​ക്ക​പ്പെ​ടു​ന്നു. നിലവി​ലുള്ള മിക്ക പ്രതി​ജ്ഞ​ക​ളും, ചികി​ത്സ​കർക്ക്‌ രോഗി​ക​ളോ​ടുള്ള പ്രതി​ബ​ദ്ധ​ത​യ്‌ക്കു പ്രാധാ​ന്യം നൽകു​ന്ന​താ​യി മുമ്പു പരാമർശിച്ച 1993-ലെ സർവേ കണ്ടെത്തി. ഇത്‌ രോഗി​കൾക്കു വേണ്ടി തങ്ങളുടെ പരമാ​വധി വാഗ്‌ദാ​നം ചെയ്യാൻ പുതിയ ചികി​ത്സ​കരെ പ്രേരി​പ്പി​ക്കു​ന്നു. അത്തര​മൊ​രു പ്രതിജ്ഞ വൈദ്യ​ശാ​സ്‌ത്ര മേഖല​യു​ടെ അടിസ്ഥാ​ന​മാ​യി വർത്തി​ക്കുന്ന മൂല്യ​വ​ത്തായ ധാർമിക തത്ത്വങ്ങ​ളി​ലേക്കു വെളിച്ചം വീശുന്നു.

ദ മെഡിക്കൽ ജേർണൽ ഓഫ്‌ ഓസ്‌​ട്രേ​ലി​യ​യിൽ പ്രസി​ദ്ധീ​ക​രിച്ച ഒരു പത്രാ​ധി​പ​ക്കു​റി​പ്പിൽ പ്രൊ​ഫസർ എഡ്‌മണ്ട്‌ പെലെ​ഗ്രി​നോ ഇപ്രകാ​രം എഴുതി: “വൈദ്യ​ശാ​സ്‌ത്ര പ്രതിജ്ഞ ഇന്നു പലരെ സംബന്ധി​ച്ചും ശിഥി​ല​മായ ഒരു പുരാതന സദാചാര പ്രമാ​ണ​ത്തി​ന്റെ ഒരു നുറുങ്ങു മാത്ര​മാണ്‌. എന്നാൽ അതു മറന്നു കളയു​ന്നത്‌ വൈദ്യ​ശാ​സ്‌ത്ര മേഖലയെ ഒരു വാണിജ്യ, വ്യവസായ സംരം​ഭ​മോ അല്ലെങ്കിൽ ലാഭത്തി​നു​വേണ്ടി നടത്തുന്ന ഒരു ഏർപ്പാ​ടോ ആക്കിത്തീർക്കു​മെന്ന്‌ ഓർമി​പ്പി​ക്കാൻ മതിയായ അളവിൽ ആ സിദ്ധാന്തം വൈദ്യ​ശാ​സ്‌ത്ര​ത്തി​ന്റെ മനസ്സാ​ക്ഷി​യിൽ അവശേ​ഷി​ച്ചി​ട്ടുണ്ട്‌.”

ഹിപ്പോ​ക്രാ​റ്റിക്‌ പ്രതി​ജ്ഞ​യോ അതിന്റെ ചുവടു പിടി​ച്ചു​ണ്ടായ ആധുനിക പ്രഖ്യാ​പ​ന​ങ്ങ​ളോ ഇന്നു പ്രസക്ത​മാ​ണോ എന്ന സൈദ്ധാ​ന്തിക സംവാദം ഇനിയും തുടർന്നേ​ക്കാം. എന്നാൽ, അതിന്റെ ഫലം എന്തു തന്നെയാ​യാ​ലും രോഗി​കളെ ശുശ്രൂ​ഷി​ക്കു​ന്ന​തിൽ ഡോക്‌ടർമാർ പ്രകട​മാ​ക്കുന്ന പ്രതി​ബദ്ധത ഇന്നും വിലമ​തി​ക്ക​ത്ത​ക്ക​താണ്‌. (g04 4/22)

[21-ാം പേജിലെ ചതുരം]

ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ

ലൂറ്റ്‌

വിക്‌ ഏഡൽ​സ്റ്റൈന്റെ പരിഭാ​ഷയെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ളത്‌

വൈദ്യ​നായ അപ്പോ​ളോ​യു​ടെ​യും അസ്‌ക്ലീ​പ്പി​യ​സി​ന്റെ​യും ഈയീ​യാ​യു​ടെ​യും പാനാ​കീ​യാ​യു​ടെ​യും എല്ലാ ദേവീ​ദേ​വ​ന്മാ​രു​ടെ​യും നാമത്തിൽ, അവർ സാക്ഷി​ക​ളാ​യി, ഈ പ്രതി​ജ്ഞ​യും ഉടമ്പടി​യും എന്റെ പ്രാപ്‌തി​ക്കും ഗ്രാഹ്യ​ത്തി​നും അനുസൃ​ത​മാ​യി പാലി​ച്ചു​കൊ​ള്ളാം എന്ന്‌ ഞാൻ ഇതിനാൽ സമ്മതി​ച്ചു​കൊ​ള്ളു​ന്നു.

എന്നെ ഈ വിദ്യ അഭ്യസി​പ്പിച്ച വ്യക്തിയെ എന്റെ മാതാ​പി​താ​ക്കൾക്കു തുല്യ​രാ​യി കാണു​ക​യും എന്റെ ജീവി​ത​ത്തി​ലു​ട​നീ​ളം അദ്ദേഹ​ത്തോ​ടു സഹകരി​ച്ചു പ്രവർത്തി​ക്കു​ക​യും അദ്ദേഹ​ത്തി​നു പണം ആവശ്യ​മു​ള്ള​പ്പോൾ എനിക്കു​ള്ള​തി​ന്റെ ഒരോ​ഹരി നൽകു​ക​യും അദ്ദേഹ​ത്തി​ന്റെ സന്തതി​കളെ എന്റെ സഹോ​ദ​ര​ന്മാ​രെ പോലെ കരുതി അവർ ആഗ്രഹി​ക്കു​ന്ന​പക്ഷം അവരിൽനി​ന്നു കൂലി ഈടാ​ക്കാ​തെ​യും ബാധ്യ​ത​യിൻ കീഴിൽ ആക്കാ​തെ​യും ഈ വിദ്യ പഠിപ്പി​ക്കു​ക​യും എന്റെ മക്കൾക്കും എന്നെ പഠിപ്പിച്ച വ്യക്തി​യു​ടെ മക്കൾക്കും ഉടമ്പടി ഒപ്പു​വെ​ക്കു​ക​യും പ്രതിജ്ഞ എടുക്കു​ക​യും ചെയ്യുന്ന എല്ലാ വിദ്യാർഥി​കൾക്കും തത്ത്വോ​പ​ദേ​ശ​വും വാചി​കാ​ഭ്യ​സ​ന​വും മറ്റെല്ലാ ബോധ​ന​വും നൽകു​ക​യും ചെയ്‌തു​കൊ​ള്ളാ​മെ​ന്നും ഇവർക്ക​ല്ലാ​തെ മറ്റാർക്കും അവ നൽകു​ക​യി​ല്ലെ​ന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

എന്റെ പ്രാപ്‌തി​യും ഗ്രാഹ്യ​വും അനുസ​രിച്ച്‌, രോഗ​ബാ​ധി​ത​രാ​യ​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ഉചിത​മായ ഭക്ഷണ​ക്രമം നിർദേ​ശി​ക്കു​ന്ന​താ​യി​രി​ക്കും. അവരെ ഞാൻ ദ്രോ​ഹ​ത്തിൽനി​ന്നും അനീതി​യിൽനി​ന്നും സംരക്ഷി​ക്കും.

ആവശ്യ​പ്പെ​ട്ടാൽപ്പോ​ലും മരണക​ര​മായ ഒരു ഔഷധം കൊടു​ക്കു​ക​യോ അത്തര​മൊ​രു ഔഷധം​നിർദേ​ശി​ക്കു​ക​യോ ഇല്ല. സമാന​മാ​യി, ഒരു സ്‌ത്രീക്ക്‌ ഗർഭച്ഛി​ദ്ര​ത്തിന്‌ ഞാൻ മരുന്നു കൊടു​ക്കു​ക​യില്ല. എന്റെ ജീവി​ത​വും എന്റെ വിദ്യ​യും നിർമ​ല​ത​യോ​ടും വിശു​ദ്ധി​യോ​ടും കൂടെ ഞാൻ കാത്തു​കൊ​ള്ളും.

ഞാൻ ശസ്‌ത്ര​ക്രി​യ​യ്‌ക്കുള്ള ഉപകരണം ഉപയോ​ഗി​ക്കു​ക​യില്ല—മൂത്ര​സ​ഞ്ചി​യി​ലെ​യോ മറ്റോ കല്ലു മൂലം ദുരിതം അനുഭ​വി​ക്കുന്ന ഒരു രോഗി​യു​ടെ കാര്യ​ത്തിൽപ്പോ​ലും. ആ ജോലി ഞാൻ ശസ്‌ത്ര​ക്രിയ ചെയ്യു​ന്ന​വർക്കാ​യി വിട്ടു​കൊ​ടു​ക്കും.

ഞാൻ ഏതു വീട്ടിൽ പോയാ​ലും അത്‌ രോഗി​ക​ളു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ആയിരി​ക്കും; മനഃപൂർവ​മായ എല്ലാത്തരം അനീതി​യിൽനി​ന്നും ദ്രോ​ഹ​ത്തിൽനി​ന്നും പ്രത്യേ​കിച്ച്‌, രോഗി​ക​ളു​മാ​യുള്ള ലൈം​ഗിക ബന്ധത്തിൽനിന്ന്‌, സ്വത​ന്ത്ര​നോ അടിമ​യോ പുരു​ഷ​നോ സ്‌ത്രീ​യോ ആരുമാ​യി​ക്കൊ​ള്ളട്ടെ, ഞാൻ ഒഴിഞ്ഞു​നിൽക്കും.

ചികിത്സാ സംബന്ധ​മാ​യോ അല്ലാ​തെ​യോ ആളുക​ളു​ടെ ജീവി​ത​വു​മാ​യി ബന്ധപ്പെട്ട്‌ ഞാൻ കാണു​ക​യോ കേൾക്കു​ക​യോ ചെയ്യുന്ന, പരസ്യ​പ്പെ​ടു​ത്ത​രു​താത്ത കാര്യങ്ങൾ അതീവ രഹസ്യ​മാ​യി​ത്തന്നെ ഞാൻ സൂക്ഷി​ക്കും.

ഞാൻ ഈ പ്രതിജ്ഞ നിറ​വേ​റ്റു​ക​യും ലംഘി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ജീവി​ത​വും വൈദ്യ​വൃ​ത്തി​യും ആസ്വദി​ക്കാ​നും എല്ലാ കാലത്തും എല്ലാവ​രാ​ലും ബഹുമാ​നി​ക്ക​പ്പെ​ടാ​നും ഇടവരട്ടെ; ഞാൻ ഈ പ്രതിജ്ഞ ലംഘി​ക്കു​ന്നെ​ങ്കിൽ ഇതിനു വിപരീ​ത​വും വന്നുഭ​വി​ക്കട്ടെ.

[20-ാം പേജിലെ ചിത്രം]

ഹിപ്പോക്രാറ്റിക്‌ കൃതി​യിൽനി​ന്നുള്ള ഒരു പേജ്‌

[20-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഹിപ്പോക്രാറ്റസും പേജും: Courtesy of the National Library of Medicine