വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടലിലെ നിറംമാറും വിരുതൻ

കടലിലെ നിറംമാറും വിരുതൻ

കടലിലെ നിറം​മാ​റും വിരുതൻ

“നീരാളി. അയ്യോ! അത്‌ ഒരു മനുഷ്യ​നെ അപ്പാടെ വിഴു​ങ്ങി​ക്ക​ള​യും. അവനെ വലിച്ച​ടു​പ്പി​ച്ചിട്ട്‌ ഉള്ളി​ലേക്ക്‌ ഒറ്റ വലിയാണ്‌. വരിഞ്ഞു മുറുക്കി, നിശ്ചല​നാ​ക്കി, ആ ഭീകര​സ​ത്വം സാവധാ​നം തന്നെ വയറ്റി​ലാ​ക്കു​ന്നത്‌ അവൻ അറിയു​ന്നു.” —വിക്ടർ ഹ്യൂഗോ എഴുതിയ കടലിലെ കഠിനാ​ധ്വാ​നി​കൾ (ഇംഗ്ലീഷ്‌).

നീരാളി ഒരു ഭീകര കഥാപാ​ത്ര​മാ​യാണ്‌ പൊതു​വേ അറിയ​പ്പെ​ടു​ന്നത്‌. പൗരാ​ണിക കെട്ടു​ക​ഥ​ക​ളും മേലു​ദ്ധ​രി​ച്ച​തു​പോ​ലെ​യുള്ള പേടി​പ്പെ​ടു​ത്തുന്ന നീരാ​ളി​ക്ക​ഥ​ക​ളും അതിന്‌ ഒരു ഭീകര പരി​വേഷം നൽകി​യി​രി​ക്കു​ന്നു.

എന്നാൽ കഥകളി​ലെ ഈ ഭീകരൻ സത്യത്തിൽ വെറു​മൊ​രു പാവത്താ​നാണ്‌. പസിഫിക്‌ സമു​ദ്ര​ത്തിൽ കാണ​പ്പെ​ടുന്ന, ഏതാണ്ട്‌ ആറുമീ​റ്റർ നീളവും 50 കിലോ​ഗ്രാം വരെ ഭാരവും ഉള്ള ഭീമൻ നീരാ​ളി​പോ​ലും സാധാ​ര​ണ​ഗ​തി​യിൽ മനുഷ്യന്‌ ഉപദ്രവം ചെയ്യു​ന്ന​വയല്ല. അടുത്ത​കാ​ല​ങ്ങ​ളിൽ, അഷ്ടഭു​ജ​ങ്ങ​ളുള്ള ഈ “സത്വ”ത്തെ സംബന്ധിച്ച കൽപ്പി​ത​ക​ഥകൾ യാഥാർഥ്യ​ങ്ങൾക്കു വഴിമാ​റി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു. മുങ്ങലു​കാർക്കും (divers) സമു​ദ്ര​ജീ​വ​ശാ​സ്‌ത്ര​ജ്ഞർക്കും നിരവധി ഇനം നീരാ​ളി​കളെ കുറിച്ച്‌ ഒട്ടനവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌.

ഇരപി​ടി​ത്ത​വും ശത്രു​ക്ക​ളിൽനി​ന്നുള്ള ഒഴിഞ്ഞു​മാ​റ്റ​വും

ഞണ്ട്‌, ചെമ്മീൻ, കക്കകൾ തുടങ്ങി പുറം​തോ​ടുള്ള ജീവി​ക​ളാണ്‌ നീരാ​ളി​ക​ളു​ടെ മുഖ്യ ആഹാരം, അല്ലാതെ മനുഷ്യ​രല്ല. നീരാ​ളി​കൾ അവയുടെ എട്ടു കൈക​ളും അവയി​ലുള്ള ബലമേ​റിയ 1,600-ഓളം സക്കറു​ക​ളും (ദ്രാവകം വലി​ച്ചെ​ടു​ക്കു​ന്ന​തി​നുള്ള അവയവം) ഉപയോ​ഗി​ച്ചാണ്‌ ഇരയെ പിടി​ക്കു​ന്നത്‌. ഈ സക്കറുകൾ ഉപയോ​ഗിച്ച്‌, ഒരു ചെറിയ നീരാ​ളിക്ക്‌ അതിന്റെ 20 ഇരട്ടി ഭാരമുള്ള ഒരു വസ്‌തു​വി​നെ വലിച്ചു​കൊ​ണ്ടു​വ​രാൻ സാധി​ക്കും! ചില നീരാ​ളി​കൾ വിഷം ചീറ്റു​ന്ന​വ​യാണ്‌, ക്ഷണനേ​രം​കൊണ്ട്‌ ഇരയെ മരവി​പ്പി​ക്കാൻ ഈ വിഷത്തിന്‌ കഴിയും. a ഇരയെ കിട്ടി​യാൽ നീരാളി കൊക്കു​പോ​ലെ​യി​രി​ക്കുന്ന തന്റെ വായി​ലേക്ക്‌ അതിനെ വലി​ച്ചെ​ടുത്ത്‌ ഭക്ഷിക്കു​ക​യാ​യി.

ഇനി മറ്റേ​തെ​ങ്കി​ലും ജീവി നീരാ​ളി​യെ ശാപ്പി​ടാ​മെന്ന്‌ കരുതി എത്തുക​യാ​ണെ​ങ്കി​ലോ? ഈ ജന്തുവി​ന്റെ ഒരു പ്രത്യേ​ക​തയെ കുറിച്ചു കേട്ടാൽ നാം അതിശ​യി​ച്ചേ​ക്കാം. നീരാ​ളി​യു​ടെ ഇളംനീല നിറമുള്ള രക്തത്തിന്‌ ആധാരം ഹീമോ​ഗ്ലോ​ബിൻ അല്ല മറിച്ച്‌ ഹീമോ​സൈ​യാ​നിൻ ആണ്‌, ഇതാകട്ടെ വളരെ കുറച്ച്‌ ഓക്‌സി​ജൻ മാത്രമേ വഹിക്കു​ന്നു​ള്ളൂ. അതു​കൊണ്ട്‌, പാവം നീരാളി വളരെ​പ്പെ​ട്ടെന്ന്‌ തളർന്നു​പോ​കും. എന്നു​വെച്ച്‌ ഇരപി​ടി​യ​ന്മാർക്ക്‌ അവയെ എളുപ്പം പിടി​കൂ​ടാ​മെ​ന്നൊ​ന്നും കരുതേണ്ട. സീലു​ക​ളിൽനി​ന്നും തിമിം​ഗി​ല​ങ്ങ​ളിൽനി​ന്നും മറ്റും രക്ഷപ്പെ​ടാൻ ഈ വിരു​ത​ന്മാർക്കു ചില പ്രത്യേക വിദ്യകൾ ഉണ്ട്‌.

അതി​ലൊ​ന്നാണ്‌ പ്രേഷണം (propulsion). ഭീഷണി നേരി​ടുന്ന പക്ഷം നീരാളി, കട്ടികൂ​ടിയ ശരീര​കോ​ട​ര​ത്തി​നു​ള്ളി​ലേക്ക്‌ എടുക്കുന്ന വെള്ളം ചീറ്റി​ത്തെ​റി​പ്പി​ച്ചു​കൊണ്ട്‌ പിന്നോ​ട്ടു കുതി​ക്കു​ന്നു. രക്ഷപ്പെ​ടാൻ ഈ സൂത്ര​ശാ​ലി​കൾ മറ്റൊരു തന്ത്രം​കൂ​ടി പ്രയോ​ഗി​ക്കു​ന്നു. ഇവ മഷി സ്രവി​പ്പി​ച്ചു​കൊണ്ട്‌ ഒരു മറ സൃഷ്ടി​ക്കു​ന്നു. ഇതിൽ അടങ്ങി​യി​രി​ക്കുന്ന വർണകം കടൽവെ​ള്ള​ത്തിൽ ലയിക്കാ​ത്ത​താണ്‌. തന്മൂലം മഷിമറ അപ്രത്യ​ക്ഷ​മാ​കു​ന്ന​തി​നു മുമ്പേ ശത്രു​വി​ന്റെ കണ്ണു വെട്ടിച്ച്‌ അവി​ടെ​നിന്ന്‌ മുങ്ങി​ക്ക​ള​യാൻ നീരാ​ളി​ക്കാ​കും.

ആൾമാ​റാട്ട വിദഗ്‌ധൻ

വാസ്‌ത​വ​ത്തിൽ, ശത്രു​വി​ന്റെ കണ്ണിൽപ്പെ​ടാ​തെ കഴിയു​ന്ന​താണ്‌ ഇക്കൂട്ടർക്ക്‌ ഏറെ ഇഷ്ടം. എങ്ങനെ​യാണ്‌ ഇവ ഇരപി​ടി​യ​ന്മാ​രിൽനിന്ന്‌ ഒളിച്ചു​ക​ഴി​യു​ന്നത്‌? സമു​ദ്രാ​ന്തർ പര്യ​വേഷണ രംഗത്ത്‌ പ്രശസ്‌ത​നായ ഷാക്ക്‌-ഈവ്‌ കൂസ്റ്റോ ഇപ്രകാ​രം എഴുതി: “മാർസേൽസിൽവെച്ച്‌, ഞങ്ങളുടെ സംഘം നീരാ​ളി​കളെ കുറി​ച്ചുള്ള സിനി​മ​യു​ടെ ഷൂട്ടിങ്‌ തുടങ്ങിയ സമയത്ത്‌ മുങ്ങലു​കാ​രിൽ മിക്കവ​രും ആ പ്രദേ​ശത്തു നീരാ​ളി​കളേ ഇല്ലെന്ന്‌ റിപ്പോർട്ടു ചെയ്‌തു. മുമ്പ്‌ അവ അവിടെ ഉണ്ടായി​രു​ന്നെ​ങ്കിൽത്ത​ന്നെ​യും ഇപ്പോൾ ഇല്ല എന്ന്‌ അവർ ഉറപ്പിച്ചു പറഞ്ഞു. വാസ്‌ത​വ​ത്തിൽ, നീരാ​ളി​ക​ളു​ടെ തൊട്ട​ടു​ത്തു​കൂ​ടെ​യാ​യി​രു​ന്നു മുങ്ങലു​കാർ നീന്തി​ക്കൊ​ണ്ടി​രു​ന്നത്‌. ചുറ്റു​പാ​ടു​കൾക്ക്‌ അനു​യോ​ജ്യ​മാ​യി നിറം​മാ​റി അതിസ​മർഥ​മാ​യി ഒളിച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഈ സൂത്ര​ശാ​ലി​കൾ. അവയെ തിരി​ച്ച​റി​യാ​നേ കഴിയി​ല്ലാ​യി​രു​ന്നു.” അവ എങ്ങനെ​യാണ്‌ ഈ പണി പറ്റിച്ചത്‌?

വളർച്ച​യെ​ത്തി​യ ഒരു നീരാ​ളിക്ക്‌ അതിന്റെ ത്വക്കിൽ അനേകം വർണക​കോ​ശങ്ങൾ ഉണ്ട്‌, ഒരു ചതുരശ്ര മില്ലി​മീ​റ്റ​റിൽ ഏകദേശം 200 എന്ന കണക്കിൽ 20 ലക്ഷം വരെ വരുമിത്‌. ഓരോ വർണക​കോ​ശ​ത്തി​ലും ചുവപ്പ്‌, മഞ്ഞ അല്ലെങ്കിൽ കറുപ്പ്‌ വർണകങ്ങൾ ഉണ്ട്‌. ഈ കോശ​ങ്ങൾക്കു ചുറ്റു​മുള്ള പേശികൾ സങ്കോ​ചി​പ്പി​ക്കു​ക​യോ അയയ്‌ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ നീരാ​ളിക്ക്‌ ഏതാനും നിമിഷം കൊണ്ട്‌ തന്റെ ശരീരം മുഴു​വ​നും മറ്റേ​തെ​ങ്കി​ലും നിറമാ​ക്കു​ന്ന​തി​നോ പലനി​റ​ങ്ങ​ളു​ടെ സമ്മി​ശ്ര​മാ​ക്കു​ന്ന​തി​നോ കഴിയും.

വൈരു​ദ്ധ്യ​മെ​ന്നു പറയട്ടെ, നീരാ​ളി​യു​ടെ നേത്ര​ങ്ങൾക്കു വർണക്കാഴ്‌ച ഇല്ലെന്നാണ്‌ മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടു​ള്ളത്‌. എന്നാൽ വർണക​കോ​ശ​ങ്ങ​ളിൽ അടങ്ങി​യി​രി​ക്കുന്ന മൂന്നു വർണക​ങ്ങ​ളെ​ക്കാൾ കൂടുതൽ നിറ​ഭേ​ദങ്ങൾ ത്വക്കിൽ വരുത്താൻ നീരാ​ളി​ക്കു കഴിയും. അതിന്റെ ചുറ്റു​പാ​ടു​ക​ളു​ടെ നിറങ്ങ​ളു​മാ​യി ചേർന്നു​പോ​കുന്ന വർണങ്ങ​ളിൽ പ്രകാ​ശ​ര​ശ്‌മി​കളെ അപവർത്തനം ചെയ്യുന്ന ദർപ്പണ​പ്ര​ത​ല​ങ്ങ​ളോ​ടു കൂടിയ വർണദീ​പ്‌ത​കോ​ശങ്ങൾ (Iridocytes) അതിനുണ്ട്‌. മാത്ര​മോ, ഒരു പവിഴ​പ്പു​റ്റിൽ ഒളിക്കു​മ്പോൾ നീരാ​ളിക്ക്‌ അതിന്റെ മാർദ​വ​മേ​റിയ ശരീരം ചുളുക്കി മുള്ളു​പോ​ലെ​യാ​ക്കി പവിഴ​പ്പു​റ്റി​നു സമാന​മായ പരുക്കൻ പ്രതലം സൃഷ്ടി​ക്കാൻ വരെ കഴിയും.

വീടു പണിയാ​നും വീടു നോക്കാ​നും മിടുക്കർ

ഇത്രയും കേട്ടു​ക​ഴിഞ്ഞ സ്ഥിതിക്ക്‌ നീരാ​ളി​ക​ളു​ടെ പാർപ്പി​ടം കണ്ടെത്താൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെന്ന്‌ പറഞ്ഞാൽ അതിൽ അതിശ​യ​മൊ​ന്നു​മി​ല്ല​ല്ലോ. അവ തങ്ങളുടെ ഭവനം പണിയാൻ ഇഷ്ടപ്പെ​ടു​ന്നത്‌ വിള്ളലു​ക​ളി​ലും കൂറ്റൻ പാറകൾക്ക​ടി​യി​ലു​മാണ്‌. സമീപ പ്രദേ​ശ​ത്തു​നി​ന്നും കിട്ടുന്ന നിർമാണ സാമ​ഗ്രി​കൾ ഉപയോ​ഗി​ച്ചാ​ണു വീട്‌ ഉണ്ടാക്കു​ന്നത്‌. അവയുടെ പാർപ്പി​ട​ത്തി​ന്റെ മേൽക്കൂ​ര​യും ചുവരു​ക​ളും കല്ലുകൾ, ലോഹ​ക്ക​ഷ​ണങ്ങൾ, കക്കകൾ എന്തിന്‌ തകർന്ന കപ്പലു​ക​ളു​ടെ അവശി​ഷ്ട​ങ്ങ​ളും സമു​ദ്ര​ത്തിൽ വന്നടി​യുന്ന പാഴ്‌വ​സ്‌തു​ക്ക​ളും പോലും അടുക്കി​വെച്ച്‌ നിർമി​ച്ച​താ​യി​രി​ക്കും.

വീടു​പ​ണി പൂർത്തി​യാ​യാൽ പിന്നെ നീരാളി ഗൃഹപ​രി​പാ​ല​ന​ത്തിൽ അതീവ ശ്രദ്ധപു​ലർത്തു​ന്നു. അകത്തെ മണൽത്തറ വെള്ളം ചീറ്റിച്ചു മാർദ​വ​പ്പെ​ടു​ത്തു​ന്നു. ഭക്ഷണം കഴിച്ചു​ക​ഴി​ഞ്ഞാൽ എല്ലാ അവശി​ഷ്ട​ങ്ങ​ളും വീട്ടിൽനി​ന്നു പുറന്ത​ള്ളും. ഈ ജീവി​യു​ടെ ഗൃഹപ​രി​പാ​ല​ന​വൈ​ദ​ഗ്‌ധ്യം ഒന്നു പരീക്ഷി​ക്കു​ന്ന​തിന്‌ കൂസ്റ്റോ​യു​ടെ സംഘത്തി​ലുള്ള മുങ്ങലു​കാർ ഒരു നീരാളി മടയുടെ ചുവരിൽനിന്ന്‌ ചില കല്ലുകൾ എടുത്തു​മാ​റ്റി. നീരാളി എന്താണു ചെയ്‌തത്‌? ഉരുളൻ കല്ലുകൾ ഓരോ​ന്നാ​യി പെറു​ക്കി​വെച്ച്‌ അതു മെല്ലെ തന്റെ ചുവർ പുനർനിർമി​ച്ചു! കൂസ്റ്റോ ഇപ്രകാ​രം എഴുതി: “ചുവർ പൂർത്തി​യാ​ക്കു​ന്ന​തു​വരെ അതു പണിതു​ടർന്നു. മുങ്ങലു​കാർ ഇടിച്ചു​കളഞ്ഞ ആ ചുവരി​നോട്‌ സർവസാ​ദൃ​ശ്യ​വും പുലർത്തു​ന്ന​താ​യി​രു​ന്നു പുനർനിർമി​തി.” തങ്ങളുടെ വീട്‌ അടുക്കും ചിട്ടയും വൃത്തി​യു​മു​ള്ള​താ​യി സൂക്ഷി​ക്കുന്ന കാര്യ​ത്തിൽ പേരു​കേ​ട്ട​വ​രാ​ണു നീരാ​ളി​കൾ. കുന്നു​കൂ​ടി​ക്കി​ട​ക്കുന്ന മണലും അവശി​ഷ്ട​ങ്ങ​ളും നിറഞ്ഞ ഒരു മട കാണു​ക​യാ​ണെ​ങ്കിൽ മുങ്ങലു​കാർക്ക്‌ അറിയാം അതിൽ ‘ആൾത്താ​മസം’ ഇല്ലെന്ന്‌.

അവളുടെ അന്തിമ​ഭ​വ​നം

സാധാ​ര​ണ​ഗ​തി​യിൽ, ഒരു പെൺനീ​രാ​ളി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം അവളുടെ ഏറ്റവും പ്രധാന ഭവനം മുട്ടയി​ടുന്ന മടയാണ്‌. ഇതാണ്‌ അവളുടെ അന്തിമ​ഭ​വ​ന​വും. തന്റെ ഇണയിൽനിന്ന്‌ ബീജാ​ണു​ക്കൾ സ്വീക​രി​ച്ച​ശേഷം അണ്ഡങ്ങൾ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​വരെ അവൾ അവ ശരീര​ത്തിൽ സംഭരി​ച്ചു​വെ​ക്കു​ന്നു. ഈ കാലയ​ള​വിൽ പറ്റിയ ഒരു ഭവനത്തി​നാ​യുള്ള തിരക്കിട്ട അന്വേ​ഷ​ണ​ത്തി​ലാ​യി​രി​ക്കും അവൾ. അതിനാ​യി ചില​പ്പോൾ ആഴ്‌ച​കൾതന്നെ എടു​ത്തേ​ക്കാം. അടുത്ത​താ​യി, അവൾ മട സുരക്ഷി​ത​മാ​ക്കി​യിട്ട്‌, മേൽക്കൂ​ര​യിൽ ഒട്ടിയി​രി​ക്കത്തക്ക വിധം കുലക​ളാ​യി ആയിര​ക്ക​ണ​ക്കി​നു മുട്ടകൾ നിക്ഷേ​പി​ക്കു​ന്നു. എന്നാൽ ബ്ലൂറി​ങ്‌ഡ്‌ നീരാളി ഇത്തരം മടക​ളൊ​ന്നും നിർമി​ക്കാ​റില്ല. അവളുടെ നീലനി​റം​തന്നെ ശത്രുക്കൾ അവളോട്‌ അടുക്ക​രു​തെ​ന്നുള്ള മുന്നറി​യി​പ്പാ​യി ഉതകുന്നു. ശരീര​ത്തി​ലെ ഈ അപായ​വർണം മറ്റുള്ള​വർക്കു ദൃശ്യ​മാ​കാൻ ഏറ്റവും പറ്റിയ ഇടം കടൽത്തട്ട്‌ ആയതി​നാൽ മുട്ടയി​ടു​ന്ന​തി​നും സംരക്ഷി​ക്കു​ന്ന​തി​നും ഇക്കൂട്ടർ തിര​ഞ്ഞെ​ടു​ക്കാ​റു​ള്ള​തും അവിടം​ത​ന്നെ​യാണ്‌.

പെൺനീ​രാ​ളി കർത്തവ്യ​ബോ​ധ​മുള്ള ഒരു മാതാ​വാണ്‌. സാധാ​ര​ണ​ഗ​തി​യിൽ മുട്ടക​ളി​ട്ടു കഴിഞ്ഞാൽ അവൾ തീറ്റി തിന്നാ​റില്ല. പകരം തന്റെ മുട്ടകൾ സംരക്ഷി​ക്കു​ന്ന​തി​ലും വൃത്തി​യാ​ക്കു​ന്ന​തി​ലും അവയ്‌ക്ക്‌ ആവശ്യ​മായ വായു ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​ലും ഒക്കെയാ​യി​രി​ക്കും അവളുടെ മുഴു ശ്രദ്ധയും. അതു​പോ​ലെ അവൾ മട ബലപ്പെ​ടു​ത്തു​ക​യും ശത്രു​ക്കളെ തുരത്തി​യോ​ടി​ക്കാൻ സദാ തയ്യാറാ​യി​രി​ക്കു​ക​യും ചെയ്യുന്നു. മുട്ടവി​രിഞ്ഞ്‌ കുഞ്ഞുങ്ങൾ പുറത്തു​വന്നു കഴിയു​മ്പോൾ അമ്മ നീരാ​ളി​യു​ടെ ജീവിതം അവസാ​നി​ക്കു​മെ​ങ്കി​ലും ആ നിമി​ഷം​വരെ അവൾ അവർക്കു​വേണ്ടി കരുതു​ന്നു. കൂസ്റ്റോ ഇപ്രകാ​രം പറഞ്ഞു: “തന്റെ മുട്ടകൾ കാവലി​ല്ലാ​തെ ഇട്ടേക്കുന്ന ഒരു പെൺനീ​രാ​ളി​യെ കുറിച്ച്‌ ഇന്നേവരെ ആരും പറഞ്ഞ്‌ കേട്ടി​ട്ടില്ല.”

മിക്ക നീരാളി വർഗങ്ങ​ളി​ലും മുട്ടവി​രിഞ്ഞ്‌ പുറത്തു​വ​രുന്ന കുഞ്ഞുങ്ങൾ, പ്ലവകങ്ങ​ളാ​യി ജലോ​പ​രി​ത​ല​ത്തിൽ പൊങ്ങി​ക്കി​ട​ക്കു​ന്നു. ഇവയിൽ പലതും മറ്റു സമു​ദ്ര​ജീ​വി​കൾക്ക്‌ ആഹാര​മാ​കു​ന്നു. അതിജീ​വി​ക്കു​ന്നവ കുറെ ആഴ്‌ച​കൾക്കു ശേഷം കടൽത്ത​ട്ടി​ലേക്കു തിരികെ ചെന്ന്‌ വളർച്ച പ്രാപി​ക്കു​ന്നു. ഇവയുടെ ജീവി​ത​കാ​ലം മൂന്നു വർഷം​വ​രെ​യാണ്‌.

ഇവർ എത്ര ബുദ്ധി​ശാ​ലി​ക​ളാണ്‌?

മൃഗങ്ങ​ളോ​ടുള്ള ബന്ധത്തിൽ ഉപയോ​ഗി​ക്കു​മ്പോൾ “ബുദ്ധി” എന്ന പദത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ അനുഭ​വ​ത്തിൽനി​ന്നു പഠിക്കാ​നും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നു​മുള്ള പ്രാപ്‌തി​യാണ്‌ എന്നു പറയ​പ്പെ​ടു​ന്നു. അതി​നോ​ടുള്ള ചേർച്ച​യിൽ, കൂസ്റ്റോ​യു​ടെ പിൻവ​രുന്ന അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “നീരാ​ളി​യു​ടെ ഭയവും അകൽച്ച​യും ബുദ്ധി​പ​ര​മായ ഒരു പ്രതി​ക​ര​ണ​മാണ്‌, മുഖ്യ​മാ​യും വിവേകം, മുൻക​രു​തൽ എന്നീ ഘടകങ്ങ​ളിൽ അടിസ്ഥാ​ന​പ്പെട്ട ഒന്ന്‌. . . . നീരാ​ളി​യെ താൻ ഒരുത​ര​ത്തി​ലും ഉപദ്ര​വി​ക്കി​ല്ലെന്ന്‌ അതിനു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻ ഒരു മുങ്ങലു​കാ​രനു കഴിഞ്ഞാൽ പെട്ടെന്ന്‌ അതിന്റെ പേടി ഇല്ലാതാ​കും, ഏതു ‘വന്യ’ ജീവി​യെ​ക്കാ​ളും വേഗത്തിൽ.”

അകശേ​രു​ക്ക​ളിൽവെച്ച്‌ ഏറ്റവു​മ​ധി​കം വികസിച്ച തലച്ചോ​റും നേത്ര​ങ്ങ​ളും ഉള്ളത്‌ നീരാ​ളി​ക്കാണ്‌. അവയുടെ കണ്ണുകൾക്ക്‌ നമ്മു​ടേ​തു​പോ​ലെ സൂക്ഷ്‌മ​മാ​യി ദൃഷ്ടി​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും പ്രകാ​ശ​ത്തി​ന്റെ ഏറ്റക്കു​റ​ച്ചി​ലു​ക​ളോ​ടു പൊരു​ത്ത​പ്പെ​ടു​ന്ന​തി​നും ഉള്ള കഴിവുണ്ട്‌. മസ്‌തി​ഷ്‌ക​ത്തി​ലെ പ്രാകാ​ശി​ക​പാ​ളി (optic lobe) നേത്ര​ങ്ങ​ളിൽനി​ന്നും ലഭിക്കുന്ന വിവര​ങ്ങ​ളു​ടെ അർഥം വ്യാഖ്യാ​നി​ക്കു​ന്നു. ഈ സവി​ശേ​ഷ​ത​യും അപാര​മായ സ്‌പർശ​ന​പ്രാ​പ്‌തി​യും സംയോ​ജി​പ്പിച്ച്‌ ആരിലും വിസ്‌മയം ജനിപ്പി​ക്കുന്ന ബുദ്ധി​പൂർവ​ക​മായ തീരു​മാ​നങ്ങൾ എടുക്കാൻ നീരാ​ളി​ക്കു കഴിയു​ന്നു.

ഒരു കുപ്പി​ക്കു​ള്ളിൽ ഇട്ടിരി​ക്കുന്ന ചിറ്റാ​ക്കൊ​ഞ്ചി​നെ എടുക്കാൻ കുപ്പി​യു​ടെ കോർക്ക്‌ തുറക്കാൻ ഒരു നീരാളി പഠിച്ചത്‌ തങ്ങൾ നിരീ​ക്ഷി​ച്ച​താ​യി ചില ശാസ്‌ത്ര​ജ്ഞ​ന്മാർ റിപ്പോർട്ടു ചെയ്‌തി​ട്ടുണ്ട്‌. ഒരു ജാറി​നു​ള്ളിൽ വെച്ചി​രി​ക്കുന്ന ഭക്ഷണം എടുക്കാൻ അതിന്റെ അടപ്പ്‌ എങ്ങനെ തിരിച്ച്‌ തുറക്കാ​മെന്ന്‌ നീരാ​ളിക്ക്‌ കണ്ടുപി​ടി​ക്കാ​നാ​വും എന്ന്‌ മറ്റു ചിലർ റിപ്പോർട്ടു ചെയ്‌തി​ട്ടുണ്ട്‌. കാനഡ​യി​ലെ വാൻകൂ​വർ അക്വേ​റി​യ​ത്തി​ലെ ഒരു നീരാളി എന്നും രാത്രി​യിൽ ഒരു മലിന​ജ​ല​നിർഗമന പൈപ്പി​ലൂ​ടെ അപ്രത്യ​ക്ഷ​നാ​കു​ന്ന​താ​യി കണ്ടെത്തി, അടുത്ത ടാങ്കിൽ കിടക്കുന്ന മത്സ്യങ്ങളെ അകത്താ​ക്കു​ക​യാ​യി​രു​ന്നു ഇഷ്ടന്റെ ലക്ഷ്യം.

നീരാ​ളി​യു​ടെ ബുദ്ധി​സാ​മർഥ്യ​ത്തെ കുറിച്ച്‌ പ്രകൃ​തി​യി​ലെ നിഗൂ​ഢ​തകൾ കണ്ടെത്തൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “പ്രൈ​മേ​റ്റു​കളെ ബുദ്ധി​ശ​ക്തി​യിൽ ഏറ്റവും മികച്ചു​നിൽക്കു​ന്ന​വ​യാ​യി കാണാൻ നമു​ക്കൊ​രു ചായ്‌വുണ്ട്‌. എന്നാൽ നീരാ​ളി​ക​ളും ഏറ്റവും ബുദ്ധി​യുള്ള ജന്തുജാ​ല​ങ്ങ​ളു​ടെ പട്ടിക​യിൽ വരുന്നു എന്നതിനു തെളി​വു​ക​ളുണ്ട്‌.”

നീരാ​ളി​യു​ടെ ബുദ്ധി​പ​ര​മായ പെരു​മാ​റ്റം, “സഹജ ജ്ഞാനമു​ള്ളവ” എന്നു ബൈബിൾ വിളി​ച്ചി​രി​ക്കുന്ന ജന്തുക്കളെ കുറിച്ച്‌ നമ്മെ ഓർമി​പ്പി​ച്ചേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 30:24, NW) ഇവ സൃഷ്ടി​യി​ലെ ഒരു വിസ്‌മയം തന്നെയാണ്‌. വിക്ടർ ഹ്യൂ​ഗോ​യു​ടെ വിവര​ണ​ത്തി​ലെ “ഭീകര​സ​ത്വം” വെറു​മൊ​രു സങ്കൽപ്പം മാത്ര​മാ​യി​രു​ന്നു​വെന്ന്‌ ഇപ്പോൾ ശാസ്‌ത്ര​ജ്ഞ​രും മുങ്ങലു​കാ​രും ഒരു​പോ​ലെ തിരി​ച്ച​റി​യു​ന്നു. കടലിലെ ഈ നിറം​മാ​റും വിരുതൻ അതിനെ കുറിച്ചു പഠിക്കു​ന്ന​വരെ വിസ്‌മ​യ​ഭ​രി​ത​രാ​ക്കും എന്നതിനു സംശയ​മില്ല. (g04 4/22)

[അടിക്കു​റിപ്പ്‌]

a ഓസ്‌ട്രേലിയയിൽ കണ്ടുവ​രുന്ന, ശരീരം നിറയെ നീല വൃത്തങ്ങ​ളുള്ള ബ്ലൂറി​ങ്‌ഡ്‌ നീരാളി മാത്ര​മാണ്‌ മനുഷ്യന്‌ ഭീഷണി​യാ​യി കണക്കാ​ക്ക​പ്പെ​ടു​ന്നത്‌. അതിന്റെ കടി​യേ​റ്റാൽ ശ്വസന​വ്യൂ​ഹം തകരാ​റി​ലാ​കും.

[15-ാം പേജിലെ ചിത്രം]

ബ്ലൂറിങ്‌ഡ്‌ നീരാളി

[കടപ്പാട്‌]

© Jeffrey Rosenfeld

[16-ാം പേജിലെ ചിത്രം]

പസിഫിക്‌ പവിഴ​പ്പു​റ്റു​ക​ളിൽ ഒളിച്ചി​രി​ക്കുന്ന ഒരു നീരാളി, ഒരു ഇരപി​ടി​യൻ മത്സ്യത്തി​ന്റെ വായ്‌ക്കു തൊട്ടു​താ​ഴെ. നിങ്ങൾക്ക്‌ നീരാ​ളി​യെ കാണാൻ കഴിയു​ന്നു​ണ്ടോ?

[16, 17 പേജു​ക​ളി​ലെ ചിത്രം]

നീരാ​ളി​കൾ പല തരത്തി​ലും വർണത്തി​ലും ഉണ്ട്‌

[17-ാം പേജിലെ ചിത്രം]

നീരാളിക്കുഞ്ഞുങ്ങൾ ജലോ​പ​രി​ത​ല​ത്തി​ലേക്ക്‌

[കടപ്പാട്‌]

© Fred Bavendam

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ ഇടത്ത്‌: © Roger T. Hanlon; മുകളിൽ: © Jeffrey Rosenfeld