വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തൂവൽ മിനുക്കൽ കേവലം സൗന്ദര്യസംരക്ഷണമോ?

തൂവൽ മിനുക്കൽ കേവലം സൗന്ദര്യസംരക്ഷണമോ?

തൂവൽ മിനുക്കൽ കേവലം സൗന്ദര്യ​സം​ര​ക്ഷ​ണ​മോ?

സ്‌പെയിനിലെ ഉണരുക! ലേഖകൻ

പക്ഷികൾ അവയുടെ തൂവൽ കൊത്തി​മി​നു​ക്കി​ക്കൊണ്ട്‌ ധാരാളം സമയം ചെലവി​ടു​ന്നത്‌ നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? വിടർത്തി​പ്പി​ടിച്ച തൂവലു​കൾ ചിക്കി​ച്ചി​ക​ഞ്ഞു​കൊണ്ട്‌ അവ ദിവസ​വും മണിക്കൂ​റു​കൾ ചെലവ​ഴി​ക്കു​ന്നു. തത്ത, ഞാറ, കുരുവി, ഫ്‌ളമിം​ഗോ എന്നുവേണ്ട എല്ലാ പക്ഷിക​ളും പതിവാ​യി ഇങ്ങനെ ചെയ്യാ​റുണ്ട്‌. എന്നാൽ എന്തിന്‌? തങ്ങളുടെ സൗന്ദര്യം വർധി​പ്പി​ക്കുക മാത്ര​മാ​ണോ അവയുടെ ലക്ഷ്യം?

യഥാർഥ കാരണം അതിലും വളരെ പ്രാധാ​ന്യം അർഹി​ക്കു​ന്ന​താണ്‌. വിമാ​നങ്ങൾ ഇടയ്‌ക്കി​ടെ പൂർണ​മാ​യി പരി​ശോ​ധിച്ച്‌ കേടു​പോ​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണോ അത്രതന്നെ അനിവാ​ര്യ​മാണ്‌ പക്ഷികൾക്ക്‌

അവയുടെ ഈ തൂവൽ മിനു​ക്ക​ലും. വാസ്‌ത​വ​ത്തിൽ തൂവലു​കൾ നന്നായി സൂക്ഷി​ക്കുക എന്നത്‌ പക്ഷികൾക്കു ജീവത്‌പ്ര​ധാ​ന​മാണ്‌. പക്ഷിക​ളു​ടെ തൂവലു​കൾക്ക്‌ ഒരുപാട്‌ കേടു​പാ​ടു​കൾ സംഭവി​ക്കു​ന്നുണ്ട്‌. കൊത്തി​മി​നു​ക്ക​ലി​ലൂ​ടെ പക്ഷി പരാദ​ങ്ങ​ളെ​യെ​ല്ലാം പെറു​ക്കി​ക്ക​ളഞ്ഞ്‌ തൂവൽ വൃത്തി​യാ​ക്കു​ന്ന​തി​നു പുറമേ വായു​വി​ലൂ​ടെ സുഗമ​മാ​യി പറന്നു​നീ​ങ്ങാ​നുള്ള അതിന്റെ പ്രാപ്‌തിക്ക്‌ തകരാ​റൊ​ന്നും സംഭവി​ക്കു​ന്നി​ല്ലെ​ന്നും ഉറപ്പു​വ​രു​ത്തു​ന്നു.

ദിവ​സേ​ന​യു​ള്ള ഈ ചമയത്തിൽ, വേർപെട്ടു പോയി​ട്ടുള്ള തൂവലി​ഴ​കളെ തമ്മിൽ കൊളു​ത്തി ബന്ധിപ്പി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. ഇങ്ങനെ തൂവലി​ഴ​കളെ തമ്മിൽ ബന്ധിപ്പിച്ച്‌ നിറു​ത്തു​ക​യാ​ണെ​ങ്കിൽ പക്ഷിക്ക്‌ പറന്നു​യ​രാൻ ആവശ്യ​മായ ഉത്ഥാപകം (lift) നൽകു​ന്ന​തിൽ തൂവൽ കൂടുതൽ ഫലപ്ര​ദ​മാ​യി​രി​ക്കും.

“രണ്ടുകൂ​ട്ടം തൂവലു​കൾക്കു സവിശേഷ ശ്രദ്ധ ആവശ്യ​മാണ്‌,” ബുക്ക്‌ ഓഫ്‌ ബ്രിട്ടീഷ്‌ ബേർഡ്‌സ്‌ വിശദീ​ക​രി​ക്കു​ന്നു, “ചിറകു​ക​ളി​ലെ പറക്കാൻ സഹായി​ക്കുന്ന തൂവലു​കൾക്കും വാലിലെ ‘ദിശ നിയ​ന്ത്രി​ക്കുന്ന’ തൂവലു​കൾക്കും.”

കൂടാതെ പക്ഷികൾക്ക്‌ പരാദ​ങ്ങ​ളോ​ടു തുടർച്ച​യാ​യി പൊരു​തി​യേ മതിയാ​വൂ. അവ പക്ഷികൾക്ക്‌ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കു​മെന്നു മാത്രമല്ല, അവയുടെ തൂവലു​കൾക്കു കേടു​പാ​ടു​കൾ വരുത്തു​ക​യും ചെയ്യും. കൊക്കി​നു കേടു പറ്റിയ പക്ഷികൾക്ക്‌ വേണ്ടും​വണ്ണം തൂവൽ മിനു​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട്‌ സാധാരണ കാണ​പ്പെ​ടു​ന്ന​തി​ലു​മ​ധി​കം പരാദങ്ങൾ അത്തരം പക്ഷിക​ളു​ടെ തൂവലു​ക​ളിൽ ഉള്ളതായി പ്രകൃ​തി​ശാ​സ്‌ത്രജ്ഞർ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌. പരാദ​ങ്ങളെ നീക്കം ചെയ്യു​ന്ന​തി​നു​വേണ്ടി ഉറുമ്പു​ക​ളെ​ക്കൊണ്ട്‌ സ്വയം പൊതി​യുന്ന ചില പക്ഷികൾ പോലു​മുണ്ട്‌! ഉറുമ്പി​ന്റെ ശരീര​ത്തി​ലെ ഫോർമിക്‌ അമ്ലം ഉഗ്രൻ കീടനാ​ശി​നി​യാ​യി വർത്തി​ച്ചു​കൊ​ള്ളും.

അവസാ​ന​മാ​യി, തൂവലു​കൾക്ക്‌ എണ്ണമയം ആവശ്യ​മാണ്‌. നീർപ്പ​ക്ഷി​കൾക്ക്‌ തൂവലു​ക​ളി​ലുള്ള എണ്ണമയം ഒരു ജലരോ​ധക ആവരണം പ്രദാനം ചെയ്യുന്നു. അതു​പോ​ലെ നല്ല എണ്ണമയ​മുള്ള തൂവലു​കൾ എല്ലാ പക്ഷികൾക്കും ചൂടിൽനി​ന്നും തണുപ്പിൽനി​ന്നു​മൊ​ക്കെ​യുള്ള സംരക്ഷ​ണ​മാണ്‌. എവിടെ നിന്നാണ്‌ പക്ഷിക്ക്‌ ഈ എണ്ണ കിട്ടു​ന്നത്‌? വാലിനു തൊട്ടു മുകളി​ലുള്ള കൊഴുപ്പ്‌ ഗ്രന്ഥി​യിൽനിന്ന്‌. ആ ഗ്രന്ഥി സ്രവി​ക്കുന്ന കൊഴുപ്പ്‌ എടുത്ത്‌ പക്ഷി ക്ഷമയോ​ടെ ഓരോ തൂവലി​ലും പുരട്ടു​ന്നു. പറക്കാൻ സഹായി​ക്കുന്ന തൂവലു​കൾക്ക്‌ ഈ പ്രക്രി​യ​യി​ലും പ്രത്യേക ശ്രദ്ധ ലഭിക്കു​ന്നു.

അതു​കൊണ്ട്‌ ഒരു പക്ഷി തൂവലു​കൾ കൊത്തി​മി​നു​ക്കു​ന്നതു കാണു​മ്പോൾ അതു വെറുതെ സമയം പാഴാ​ക്കു​ക​യാണ്‌ എന്നു വിചാ​രി​ക്കല്ലേ. തൂവൽ മിനുക്കൽ പക്ഷിയു​ടെ അഴകു വർധി​പ്പി​ക്കു​ന്നു എന്നതിനു സംശയ​മില്ല. എങ്കിൽപ്പോ​ലും അതിന്റെ ആരോ​ഗ്യ​ത്തി​നും അത്‌ ആവശ്യ​മാണ്‌. പറവക​ളു​ടെ ജീവൻതന്നെ അതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. (g04 4/22)

[14-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

തണ്ട്‌

തൂവലിഴകൾ

പിച്ഛിക

പിച്ഛികാവർധം

[ചിത്രം]

തൂവൽ മിനു​ക്ക​ലി​ലൂ​ടെ പക്ഷികൾ അവയുടെ തൂവലു​ക​ളി​ലെ ചെറിയ ഘടകങ്ങളെ തമ്മിൽ കൊളു​ത്തു​ക​യും, അങ്ങനെ തൂവലി​ഴ​കളെ ബന്ധിപ്പി​ക്കു​ക​യും ചെയ്യുന്നു

[13-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Cortesía del Zoo de la Casa de Campo, Madrid

[14-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഞാറ: ഫോട്ടോ: Loro Parque, Puerto de la Cruz, Tenerife; parrot: Cortesía del Zoo de la Casa de Campo, Madrid