വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജന ഡാൻസ്‌ ക്ലബ്ബുകളെ എങ്ങനെ വീക്ഷിക്കണം?

യുവജന ഡാൻസ്‌ ക്ലബ്ബുകളെ എങ്ങനെ വീക്ഷിക്കണം?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

യുവജന ഡാൻസ്‌ ക്ലബ്ബുകളെ എങ്ങനെ വീക്ഷി​ക്കണം?

“ശരി​ക്കൊന്ന്‌ ആഘോ​ഷി​ക്കാ​നാണ്‌ ഞാൻ അവിടെ പോയി​രു​ന്നത്‌.”—ഷോൺ.

“സത്യം പറയാ​മ​ല്ലോ, അതു രസമാ​യി​രു​ന്നു—ശരിക്കും ആസ്വാ​ദ്യം! രാത്രി മുഴു​വ​നും ഡാൻസു​തന്നെ.”—ഏർണസ്റ്റ്‌.

യുവജന ഡാൻസ്‌ ക്ലബ്ബുകൾ സമീപ​വർഷ​ങ്ങ​ളിൽ വളരെ പ്രസി​ദ്ധി​യാർജി​ച്ചി​ട്ടുണ്ട്‌. വിനോ​ദം തേടുന്ന ചെറു​പ്പ​ക്കാർ ഇത്തരം ക്ലബ്ബുക​ളി​ലെ സ്ഥിരം സന്ദർശ​ക​രാണ്‌.

തീർച്ച​യാ​യും നാമെ​ല്ലാം വിനോ​ദം ആസ്വദി​ക്കു​ന്നു. ‘ചിരി​ക്കാൻ ഒരു കാല’വും ‘നൃത്തം ചെയ്യാൻ ഒരു കാല’വും ഉണ്ടെന്ന്‌ ബൈബി​ളും പറയുന്നു. (സഭാ​പ്ര​സം​ഗി 3:4) എന്നാൽ യുവജ​ന​ങ്ങൾക്കു വേണ്ടി​യുള്ള ഡാൻസ്‌ ക്ലബ്ബുകൾക്ക്‌ ആരോ​ഗ്യാ​വ​ഹ​മായ വിനോ​ദം പ്രദാനം ചെയ്യാ​നാ​കു​മോ? അതോ അത്തര​മൊ​രു സ്ഥലത്തേക്കു പോകു​ന്ന​തി​നു​മുമ്പ്‌ രണ്ടു വട്ടം ചിന്തി​ക്ക​ണ​മോ?

‘വെറി​ക്കൂ​ത്തു​കൾ’

മാന്യ​മായ രീതി​യിൽ നടക്കുന്ന സാമൂ​ഹിക കൂടി​വ​ര​വു​കളെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നില്ല. എന്നാൽ വെറി​ക്കൂ​ത്തു​കൾക്കെ​തി​രെ അതു മുന്നറി​യി​പ്പു നൽകുന്നു. (ഗലാത്യർ 5:19-21) ബൈബിൾ കാലങ്ങ​ളിൽ അത്തരം ചില സാമൂ​ഹിക കൂടി​വ​ര​വു​കൾ മിക്ക​പ്പോ​ഴും അനിയ​ന്ത്രിത പെരു​മാ​റ്റ​ത്തി​ലേക്കു നയിച്ചി​ട്ടുണ്ട്‌. യെശയ്യാ പ്രവാ​ചകൻ ഇപ്രകാ​രം എഴുതി: “അതികാ​ലത്തു എഴു​ന്നേ​ററു മദ്യം തേടി ഓടു​ക​യും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാ​സ​മ​യത്തു വൈകി ഇരിക്ക​യും ചെയ്യു​ന്ന​വർക്കും അയ്യോ കഷ്ടം! അവരുടെ വിരു​ന്നു​ക​ളിൽ കിന്നര​വും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോ​വ​യു​ടെ പ്രവൃ​ത്തി​യെ അവർ നോക്കു​ന്നില്ല.”—യെശയ്യാ​വു 5:11, 12.

ലഹരി പിടി​പ്പി​ക്കുന്ന മദ്യവും വന്യമായ സംഗീ​ത​വും ഇത്തരം കൂടി​വ​ര​വു​ക​ളു​ടെ വിശേ​ഷ​ത​ക​ളാ​യി​രു​ന്നു. നേരത്തേ തുടങ്ങുന്ന ആഘോഷം സന്ധ്യവരെ നീളു​മാ​യി​രു​ന്നു. വെറി​ക്കൂ​ത്തിൽ ഏർപ്പെ​ടു​ന്ന​വ​രു​ടെ മനോ​ഭാ​വം ശ്രദ്ധിക്കൂ—ദൈവം ഇല്ല എന്നപോ​ലെ​യാണ്‌ അവർ പെരു​മാ​റു​ന്നത്‌! അത്തരം കൂടി​വ​ര​വു​കൾ ദൈവം വിലക്കി​യ​തിൽ യാതൊ​രു അതിശ​യ​വു​മില്ല. അങ്ങനെ​യെ​ങ്കിൽ ഇന്ന്‌, യുവജ​ന​ങ്ങൾക്കാ​യുള്ള ഡാൻസ്‌ ക്ലബ്ബുക​ളിൽ നടക്കുന്ന കാര്യ​ങ്ങളെ ദൈവം എങ്ങനെ​യാ​യി​രി​ക്കും വീക്ഷി​ക്കുക?

ചില വസ്‌തു​തകൾ പരിചി​ന്തി​ക്കുക. ചില ക്ലബ്ബുകൾ മോഷിങ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന അക്രമാ​സ​ക്ത​മായ ഒരിനം ഡാൻസി​നു പേരു​കേ​ട്ട​വ​യാണ്‌. ഒരു ഉറവ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “ഐക്യ​നാ​ടു​ക​ളിൽ എൺപതു​ക​ളു​ടെ മധ്യത്തിൽ ‘പങ്ക്‌’ ക്ലബ്ബുകൾ നിലവിൽവന്ന ശേഷമാണ്‌ ഇത്‌ ആവിർഭ​വി​ച്ചത്‌. പങ്കെടു​ക്കു​ന്നവർ പരസ്‌പരം ഇടിക്കുന്ന ഒരു തരം ഡാൻസിൽനി​ന്നാണ്‌ മോഷിങ്‌ ഉടലെ​ടു​ത്തത്‌.” മുകളി​ലേ​ക്കും താഴേ​ക്കും ചാടുക, ശിരസ്സ്‌ ദ്രുത​ഗ​തി​യിൽ ചലിപ്പി​ക്കുക, മൃഗങ്ങ​ളെ​പ്പോ​ലെ തലകൊ​ണ്ടി​ടി​ക്കുക, പരസ്‌പരം കൂട്ടി​യി​ടി​ക്കുക എന്നിവ​യൊ​ക്കെ​യാണ്‌ മോഷി​ങ്ങി​ന്റെ ചിട്ടവ​ട്ടങ്ങൾ. കൈകാ​ലു​കൾ ഒടിയു​ക​യും മുറി​യു​ക​യും ചെയ്യു​ന്നത്‌ തികച്ചും സാധാ​ര​ണ​മാണ്‌. നട്ടെല്ലി​നും തലയ്‌ക്കും പരിക്കേറ്റ സന്ദർഭ​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. എന്തിന്‌, ചില​പ്പോൾ മരണം പോലും സംഭവി​ച്ചി​ട്ടുണ്ട്‌. കൂടാതെ ചില ക്ലബ്ബുകൾ ആളുകൾക്ക്‌ ക്രൗഡ്‌ സർഫിങ്‌ എന്ന ഒരുതരം വിനോ​ദ​ത്തിൽ ഏർപ്പെ​ടാൻ അവസരം ഒരുക്കു​ന്നു. ഇതിൽ, കുറെ പേർ ചേർന്ന്‌ ഒരു വ്യക്തിയെ തങ്ങളുടെ തലയ്‌ക്കു മുകളിൽ പൊക്കി​പ്പി​ടി​ക്കു​ന്നു, ആൾക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ ‘സർഫിങ്‌’ നടത്തു​ക​യാ​ണെന്നു തോന്നു​മാറ്‌ അയാൾ അവരുടെ കൈക​ളി​ലൂ​ടെ തെന്നി​നീ​ങ്ങു​ന്നു. ഇങ്ങനെ ചെയ്യു​ന്ന​തി​നി​ട​യിൽ പലരും താഴെ വീണ്‌ പരി​ക്കേ​റ്റി​ട്ടുണ്ട്‌. ഇതിനി​ട​യിൽ പെൺകു​ട്ടി​കളെ അനുചി​ത​മാ​യി തലോ​ടു​ക​യും സ്‌പർശി​ക്കു​ക​യും ചെയ്യു​ന്നതു സാധാ​ര​ണ​മാണ്‌.

സംശയ​ലേ​ശ​മെ​ന്യേ, ദൈവം അത്തരം പെരു​മാ​റ്റം അംഗീ​ക​രി​ക്കു​ന്നില്ല. ‘ഭക്തി​കേ​ടും പ്രപഞ്ച​മോ​ഹ​ങ്ങ​ളും വർജ്ജി​ച്ചി​ട്ടു സുബോ​ധ​ത്തോ​ടെ’ ജീവി​ക്കാൻ ദൈവ​വ​ചനം ക്രിസ്‌ത്യാ​നി​ക​ളോ​ടു കൽപ്പി​ക്കു​ന്നു.—തീത്തൊസ്‌ 2:13.

സംഗീ​ത​വും മയക്കു​മ​രു​ന്നു​ക​ളും

ഭൂരി​ഭാ​ഗം ഡാൻസ്‌ ക്ലബ്ബുക​ളി​ലും ഉപയോ​ഗി​ക്കുന്ന സംഗീ​തത്തെ കുറി​ച്ചും ചിന്തി​ക്കുക. ദ്രുത​ഗ​തി​യി​ലുള്ള താളവും അശ്ലീല വരിക​ളു​മൊ​ക്കെ​യുള്ള ഹാർഡ്‌ റോക്ക്‌, ഹെവി മെറ്റൽ സംഗീ​ത​ത്തിന്‌ ചില ക്ലബ്ബുകൾ പ്രസി​ദ്ധ​മാണ്‌. എന്നാൽ ഹിപ്പ്‌-ഹോപ്പ്‌ അഥവാ റാപ്പ്‌ സംഗീ​ത​മാണ്‌ മിക്ക ക്ലബ്ബുകൾക്കും കമ്പം. ലൈം​ഗി​കത, അക്രമം, മത്സരം എന്നിവ​യാണ്‌ ഇവയു​ടെ​യും കാമ്പും കഴമ്പും. അനാ​രോ​ഗ്യ​ക​ര​മായ ചുറ്റു​പാ​ടിൽ അത്തരം സംഗീ​ത​ത്തി​നു ചെവി​കൊ​ടു​ക്കു​ന്നത്‌ നിങ്ങളെ ദോഷ​ക​ര​മാ​യി ബാധി​ക്കു​മോ? ഒരു നിശാ​ക്ലബ്ബ്‌ ഉപദേ​ശ​ക​നായ ഡേവിഡ്‌ ഹോളി​ങ്ങ്‌വർത്ത്‌ പറയുന്നു: “സംഗീ​ത​ത്തിന്‌ ആളുക​ളു​ടെ മനസ്സിനെ വലിയ അളവിൽ സ്വാധീ​നി​ക്കാൻ കഴിയും. ഒരു വലിയ കൂട്ട​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ അത്‌ ആളുക​ളിൽ അക്രമാ​സ​ക്ത​മായ മനോ​ഭാ​വത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചേ​ക്കാം.” ഐക്യ​നാ​ടു​ക​ളി​ലെ മിക്ക നഗരങ്ങ​ളി​ലും ഡാൻസ്‌ ക്ലബ്ബുക​ളിൽ അക്രമ​സം​ഭ​വങ്ങൾ അരങ്ങേ​റി​യി​ട്ടു​ള്ള​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല. അശ്ലീല പ്രവൃ​ത്തി​ക​ളെ​യും മൃഗീയ പെരു​മാ​റ്റ​ത്തെ​യും മഹത്ത്വീ​ക​രി​ക്കുന്ന സംഗീത സംസ്‌കാ​ര​ത്തി​ന്റെ പ്രത്യക്ഷ ഫലമാ​ണിത്‌ എന്ന്‌ മിക്ക ആളുക​ളും വിചാ​രി​ക്കു​ന്നു. a

സമീപ വർഷങ്ങ​ളിൽ മയക്കു​മ​രു​ന്നു​പ​യോ​ഗ​വും ഡാൻസ്‌ ക്ലബ്ബുക​ളി​ലെ ഒരു സ്ഥിരം കാഴ്‌ച​യാ​യി മാറി​യി​രി​ക്കു​ന്നു. ഒരു ഗവേഷക പറയു​ന്ന​ത​നു​സ​രിച്ച്‌, “മയക്കു​മ​രു​ന്നു​ക​ളു​ടെ ലഭ്യത​യും ലഭിക്കുന്ന ഇനങ്ങളു​ടെ വൈവി​ധ്യ​വും അവ ഉപയോ​ഗി​ക്കാ​നുള്ള സൗകര്യ​വും ആണ്‌ ഡാൻസ്‌ ക്ലബ്ബുകൾക്ക്‌ ഇത്ര പ്രചാരം നേടി​ക്കൊ​ടു​ത്തി​രി​ക്കു​ന്നത്‌.” ഡാൻസ്‌ ഡ്രഗുകൾ എന്ന പേരിൽ അറിയ​പ്പെ​ടുന്ന മയക്കു​മ​രു​ന്നു​കൾത​ന്നെ​യുണ്ട്‌. ഡാൻസ്‌ ക്ലബ്ബുക​ളി​ലെ പതിവു​കാ​രിൽ ചിലർ മയക്കു​മ​രു​ന്നു​ക​ളു​ടെ മിശ്രണം പോലും ഉപയോ​ഗി​ക്കു​ന്നു. അങ്ങനെ ഉപയോ​ഗി​ക്കു​ന്ന​തിൽ ഏറ്റവും സാധാ​രണം കെറ്റാ​മീൻ (സ്‌പെഷൽ കെ എന്നും അറിയ​പ്പെ​ടു​ന്നു) ആണ്‌. ഇത്‌ ശിഥില വ്യക്തി​ത്വം, ഉന്മാദം, ശ്വാസം​മു​ട്ടൽ, നാഡീ​സം​ബ​ന്ധ​മായ തകരാ​റു​കൾ എന്നിവ​യ്‌ക്കു വഴി​തെ​ളി​ക്കു​ന്നു. മെതാം​ഫെ​റ്റാ​മിൻ എന്ന മയക്കു​മ​രുന്ന്‌ ഓർമ​യി​ല്ലായ്‌മ, ആക്രമ​ണ​ത്വര, അക്രമ​വാ​സന, ഹൃദയ​ത്തെ​യും നാഡി​ക​ളെ​യും സംബന്ധി​ക്കുന്ന തകരാ​റു​കൾക്കുള്ള സാധ്യത എന്നിവ​യ്‌ക്കു കാരണ​മാ​കു​ന്നു. ഈ കൂട്ടത്തിൽ ഏറ്റവും പ്രചാ​ര​മു​ള്ളത്‌ എക്‌സ്റ്റസി എന്നറി​യ​പ്പെ​ടുന്ന ആംഫി​റ്റാ​മിൻ ചേർന്ന മയക്കു​മ​രു​ന്നാണ്‌. അത്‌ ആശയക്കു​ഴപ്പം, ഉത്‌കണ്‌ഠ, ഉയർന്ന നാഡി​യി​ടിപ്പ്‌, ഉയർന്ന രക്തസമ്മർദം, കടുത്ത പനി എന്നിവ​യ്‌ക്കു കാരണ​മാ​കു​ന്നു. എക്‌സ്റ്റസി ഉപയോ​ഗം നിമിത്തം ചിലർ മരിച്ചി​ട്ടു​മുണ്ട്‌.

മയക്കു​മ​രു​ന്നു​പ​യോ​ഗം ‘ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടി​പ്പാ​ക്കാ​നുള്ള’ തിരു​വെ​ഴു​ത്തു കൽപ്പന​യ്‌ക്കു വിരു​ദ്ധ​മാണ്‌. (2 കൊരി​ന്ത്യർ 7:1) മയക്കു​മ​രു​ന്നു​പ​യോ​ഗം സർവവ്യാ​പ​ക​മാ​യി​രി​ക്കുന്ന ഒരു ചുറ്റു​പാ​ടിൽ ആയിരി​ക്കു​ന്നതു ജ്ഞാനമാ​ണോ?

മോശ​മായ സഹവാസം

ഏറെ ഉദ്ധരി​ക്ക​പ്പെ​ട്ടി​ട്ടുള്ള ഈ മുന്നറി​യിപ്പ്‌ ഓർമി​ക്കുക: “മോശ​മായ സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു.” (1 കൊരി​ന്ത്യർ 15:33, NW) ബൈബിൾ കാലങ്ങ​ളി​ലെ വെറി​ക്കൂ​ത്തു​കാ​രെ​പോ​ലെ, ഡാൻസ്‌ ക്ലബ്ബുകൾ പതിവാ​യി സന്ദർശി​ക്കുന്ന ചെറു​പ്പ​ക്കാ​രിൽ സിംഹ​ഭാ​ഗ​വും ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിൽ താത്‌പ​ര്യ​മെ​ടു​ക്കാ​ത്ത​വ​രാ​ണെന്നു കാണ​പ്പെ​ടു​ന്നു. വാസ്‌ത​വ​ത്തിൽ ഇവരിൽ പലരും “ദൈവ​പ്രി​യ​രാ​യി​രി​ക്കു​ന്ന​തി​നു​പ​കരം ഉല്ലാസ​പ്രിയ”രായി​രി​ക്കു​ന്ന​താ​യി പറയാൻ കഴിയും. (2 തിമൊ​ഥെ​യൊസ്‌ 3:4, NW) അത്തരം ഒരു കൂട്ട​ത്തോ​ടു സഹവസി​ക്കാൻ നിങ്ങൾ യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​മോ?

മറ്റു ക്രിസ്‌തീയ യുവജ​ന​ങ്ങ​ളോ​ടൊ​ത്തു ഡാൻസ്‌ ക്ലബ്ബിൽ പോകു​ന്ന​തിൽ അപകട​മി​ല്ല​ല്ലോ എന്നു ചിലർ ന്യായ​വാ​ദം ചെയ്‌തേ​ക്കാം. എന്നാൽ, ‘നടപ്പിൽ വിശ്വാ​സി​കൾക്കു മാതൃ​ക​യാ​യി​രി​ക്കുന്ന’ യുവ​ക്രി​സ്‌ത്യാ​നി​കൾ അങ്ങനെ പോകാൻ ആഗ്രഹി​ക്കു​ക​യില്ല. (1 തിമൊ​ഥെ​യൊസ്‌ 4:12) ഇനി, ഒരു കൂട്ടം യുവസാ​ക്ഷി​കൾ ഡാൻസ്‌ ക്ലബ്ബിൽ പോകു​ക​യും അവർ മാത്രം ഒരുമി​ച്ചാ​യി​രി​ക്കു​ക​യും ചെയ്‌താൽ പോലും ആരോ​ഗ്യാ​വ​ഹ​മ​ല്ലാത്ത സംഗീ​ത​ത്തി​നും അന്തരീ​ക്ഷ​ത്തി​നും അപ്പോ​ഴും മാറ്റ​മൊ​ന്നു​മില്ല. സാക്ഷി​ക​ള​ല്ലാ​ത്ത​വ​രോ​ടൊ​പ്പം ഡാൻസു ചെയ്യാൻ ക്ഷണിക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ വല്ലായ്‌മ​യ്‌ക്കും പിരി​മു​റു​ക്ക​ത്തി​നും ഇടയാ​ക്കി​യേ​ക്കാം. ചില യുവജ​നങ്ങൾ സംഘർഷ​ങ്ങ​ളിൽപ്പോ​ലും അകപ്പെ​ട്ടി​ട്ടുണ്ട്‌! അത്‌ ബൈബി​ളി​ലെ ഈ ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ സത്യത​യി​ലേക്കു വിരൽചൂ​ണ്ടു​ന്നു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.”—സദൃശ​വാ​ക്യ​ങ്ങൾ 13:20.

വികാ​രോ​ദ്ദീ​പ​ക​മായ ഡാൻസ്‌

ഇനി, അവിടെ നടക്കുന്ന ഡാൻസി​നെ കുറി​ച്ചു​തന്നെ ചിന്തി​ക്കുക. തികച്ചും അസാധാ​ര​ണ​മായ ഒരുതരം ഡാൻസിന്‌ ഇപ്പോൾ വളരെ പ്രചാരം സിദ്ധി​ച്ചി​ട്ടുണ്ട്‌, വിശേ​ഷി​ച്ചും ഐക്യ​നാ​ടു​ക​ളി​ലെ യുവാ​ക്ക​ളു​ടെ​യി​ട​യിൽ. ലൈം​ഗിക ചേഷ്ടകളെ പച്ചയായി വിവരി​ക്കുന്ന ഹിപ്പ്‌-ഹോപ്പ്‌ സംഗീ​ത​ത്തി​ന്റെ അകമ്പടി​യോ​ടെ​യാണ്‌ ഇതിന്റെ അവതരണം. മാത്രമല്ല, ഡാൻസ്‌ അതിൽത്തന്നെ ലൈം​ഗിക പ്രക്രി​യ​യു​ടെ അനുക​ര​ണ​മാണ്‌. അതിനാൽ ഇത്തരം ഡാൻസ്‌ അറിയ​പ്പെ​ടു​ന്ന​തു​തന്നെ ‘വസ്‌ത്രം സഹിത​മുള്ള ലൈം​ഗി​കത’ എന്നാണ്‌.

ഇത്തരം ഡാൻസിൽ ഉൾപ്പെ​ടാൻ ഒരു യുവ​ക്രി​സ്‌ത്യാ​നി ആഗ്രഹി​ക്കു​മോ? ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ക്രിസ്‌തീയ ചെറു​പ്പ​ക്കാർ അതു ചെയ്യു​ക​യില്ല. എന്തു​കൊ​ണ്ടെ​ന്നാൽ “ദുർന്ന​ടപ്പു വിട്ടു ഓടു​വിൻ” എന്നാണ്‌ ദൈവം കൽപ്പി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 6:18) ‘എല്ലാവ​രും ചെയ്യു​ന്ന​തല്ലേ, അതു​കൊണ്ട്‌ അത്‌ അത്ര കുഴപ്പ​മു​ള്ള​താ​യി​രി​ക്കാൻ വഴിയില്ല’ എന്നു ചിലർ ന്യായ​വാ​ദം ചെയ്‌തേ​ക്കാം. എന്നാൽ ഭൂരി​പക്ഷം ആളുക​ളും ഒരു സംഗതി ചെയ്യുന്നു എന്നതു​കൊണ്ട്‌ അതു ശരിയാ​യി​ക്കൊ​ള്ള​ണ​മെ​ന്നില്ല. (പുറപ്പാ​ടു 23:2) നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രു​ടെ തെറ്റായ പ്രേര​ണ​കളെ ധീരമാ​യി ചെറു​ത്തു​നിൽക്കു​ക​യും ദൈവ​മു​മ്പാ​കെ നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്യുക.—1 പത്രൊസ്‌ 4:3, 4.

തീരു​മാ​ന​മെ​ടു​ക്കൽ

എല്ലാത്തരം ഡാൻസും മോശ​മാ​ണെന്നല്ല ഇതിന്റെ അർഥം. വിശുദ്ധ നിയമ​പെ​ട്ട​ക​വും കൊണ്ട്‌ യെരൂ​ശ​ലേ​മി​ലേക്കു വന്നപ്പോൾ സന്തോഷം കൊണ്ടു മതിമറന്ന ദാവീദ്‌ രാജാവ്‌ അതിനു ചുറ്റും, ‘പൂർണ്ണ​ശ​ക്തി​യോ​ടെ നൃത്തം ചെയ്‌തു​കൊ​ണ്ടി​രു​ന്നു’ എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (2 ശമൂവേൽ 6:14) ധൂർത്ത​പു​ത്രനെ സംബന്ധിച്ച യേശു​വി​ന്റെ ഉപമയിൽ, മകന്റെ തിരി​ച്ചു​വ​ര​വി​ങ്കൽ നടന്ന ആഘോ​ഷ​ത്തിൽ ‘വാദ്യ​വും നൃത്തവും’ ഉണ്ടായി​രു​ന്നു.—ലൂക്കൊസ്‌ 15:25.

സമാന​മാ​യി നിങ്ങളു​ടെ പ്രദേ​ശ​ത്തും ചിലതരം ഡാൻസു​കൾ ക്രിസ്‌ത്യാ​നി​കൾക്ക്‌ സ്വീകാ​ര്യ​മാ​യി​രു​ന്നേ​ക്കാം. അപ്പോൾപ്പോ​ലും സമനി​ല​യും വിവേ​ച​ന​യും പ്രധാ​ന​മാണ്‌. വേണ്ടത്ര നിയ​ന്ത്ര​ണ​വും മേൽനോ​ട്ട​വു​മുള്ള ക്രിസ്‌തീയ കൂടി​വ​ര​വു​ക​ളി​ലെ സംഗീ​ത​വും നൃത്തവു​മാണ്‌ ചെറു​പ്പ​ക്കാർക്കുള്ള ക്ലബ്ബുക​ളി​ലേ​തി​നെ​ക്കാൾ സുരക്ഷി​തം. നല്ല മേൽനോ​ട്ട​മുള്ള ക്രിസ്‌തീയ കൂടി​വ​ര​വു​ക​ളിൽ യുവാക്കൾ ഒറ്റപ്പെ​ടാ​തെ വ്യത്യസ്‌ത പ്രായ​പ​രി​ധി​യി​ലുള്ള ക്രിസ്‌ത്യാ​നി​ക​ളു​മൊത്ത്‌ ആരോ​ഗ്യാ​വ​ഹ​മായ സഹവാസം ആസ്വദി​ക്കു​ന്നു.

ഒരുപക്ഷേ, നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ചില റെസ്റ്ററ​ന്റു​ക​ളിൽ സ്വീകാ​ര്യ​മായ സംഗീ​ത​വും നൃത്തവും ഉണ്ടായി​രു​ന്നേ​ക്കാം. എന്നാൽ അത്തരം ഏതെങ്കി​ലും സ്ഥലങ്ങളിൽ പോകാ​നുള്ള ക്ഷണം സ്വീക​രി​ക്കു​ന്ന​തി​നു​മുമ്പ്‌ ഈ ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കു​ന്നതു നന്നായി​രി​ക്കും: ഈ സ്ഥലത്തിന്‌ ഏതു തരം പേരാ​ണു​ള്ളത്‌? അവിടെ യുവാ​ക്കൾക്കു മാത്രമേ പ്രവേ​ശ​ന​മു​ള്ളോ? അങ്ങനെ​യാ​ണെ​ങ്കിൽ, അവിടെ ആരോ​ഗ്യാ​വ​ഹ​മായ അന്തരീക്ഷം ആയിരി​ക്കു​മോ? എന്തു സംഗീ​ത​മാണ്‌ അവിടെ ഉപയോ​ഗി​ക്കു​ന്നത്‌? ഏതു തരം ഡാൻസാണ്‌ അവിടെ നടക്കാൻ പോകു​ന്നത്‌? ഞാൻ അവിടെ പോകു​ന്ന​തി​നോട്‌ എന്റെ മാതാ​പി​താ​ക്കൾ എങ്ങനെ പ്രതി​ക​രി​ക്കും? ഇത്തരം ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ ദോഷ​ത്തിൽനിന്ന്‌ സ്വയം സംരക്ഷി​ക്കാൻ നിങ്ങളെ സഹായി​ക്കും.

തുടക്ക​ത്തിൽ പരാമർശിച്ച ഷോൺ, കാര്യം സംബന്ധിച്ച ശരിയായ ചിത്രം നൽകുന്നു. ക്രിസ്‌ത്യാ​നി ആയിത്തീ​രു​ന്ന​തി​നു​മുമ്പ്‌ അവൻ ഡാൻസ്‌ ക്ലബ്ബിൽ പതിവു​കാ​ര​നാ​യി​രു​ന്നു. അവൻ ഓർക്കു​ന്നു: “നിശാ​ക്ല​ബ്ബു​ക​ളിൽ കുത്തഴിഞ്ഞ ധാരാളം കാര്യങ്ങൾ നടക്കു​ന്നുണ്ട്‌. അധഃപ​തിച്ച സംഗീ​ത​വും അങ്ങേയറ്റം അധാർമി​ക​മായ നൃത്തവു​മാ​യി​രി​ക്കും അവിടെ ഉണ്ടാവുക. അവിടെ പോകു​ന്ന​വ​രിൽ ഭൂരി​ഭാ​ഗ​ത്തി​ന്റെ​യും ലക്ഷ്യം ഒന്നുതന്നെ—ഒരു ലൈം​ഗിക പങ്കാളി​യെ കണ്ടെത്തുക.” യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിച്ച​പ്പോൾ ഷോൺ ക്ലബ്ബിൽ പോകു​ന്നതു നിറുത്തി. തന്റെ കയ്‌പേ​റിയ അനുഭ​വ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഷോൺ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “അത്തരം ക്ലബ്ബുകൾ ക്രിസ്‌ത്യാ​നി​കൾക്കു​ള്ളതല്ല.” (g04 4/22)

[അടിക്കു​റിപ്പ്‌]

a 1999 ഒക്ടോബർ 8 ലക്കം ഉണരുക!യിലെ “സംഗീതം നമ്മെ സ്വാധീ​നി​ക്കു​ന്ന​തി​ന്റെ കാരണം” എന്ന ലേഖനം കാണുക.

[24-ാം പേജിലെ ചിത്രം]

ചില യുവജ​നങ്ങൾ ഡാൻസ്‌ ക്ലബ്ബുക​ളിൽ അനുചി​ത​മായ സാഹച​ര്യ​ങ്ങ​ളിൽ അകപ്പെ​ട്ടി​ട്ടുണ്ട്‌