വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കുട്ടി​കളെ ലക്ഷ്യമി​ടുന്ന ഭക്ഷണപ​ര​സ്യ​ങ്ങൾ!

“കുട്ടി​കളെ പരസ്യ​ങ്ങ​ളു​ടെ മായി​ക​വ​ല​യ​ത്തിൽ അകപ്പെ​ടു​ത്തി അവരുടെ ആഹാര​ശീ​ലങ്ങൾ വികല​മാ​ക്കു​ക​യും അവരെ പൊണ്ണ​ത്ത​ടി​യൻമാ​രാ​ക്കി മാറ്റു​ക​യും ചെയ്യുന്ന” ഫാസ്റ്റ്‌-ഫുഡ്‌ കമ്പനി​കളെ ഒരു നല്ല സംഖ്യ പോഷ​കാ​ഹാര വിദഗ്‌ധ​രും കുറ്റ​പ്പെ​ടു​ത്തു​ന്ന​താ​യി ടോക്കി​യോ​യി​ലെ ഐഎച്ച്‌റ്റി ആസാഹി ഷിംബൂൺ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. “സാധനങ്ങൾ വാങ്ങു​ന്ന​തിന്‌ കുട്ടി​കളെ പ്രേരി​പ്പി​ക്കാൻ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഏറ്റവും ശക്തമായ മാധ്യമം ടെലി​വി​ഷ​നാണ്‌,” റിപ്പോർട്ടു പറയുന്നു. ഇതിനു പുറമേ, തങ്ങളുടെ “ഉത്‌പ​ന്നങ്ങൾ വാങ്ങാൻ കുട്ടി​കളെ പ്രേരി​പ്പി​ക്കു​ന്ന​തിന്‌ ഭക്ഷണക്ക​മ്പ​നി​കൾ നവീന ഉപാധി​കൾ കണ്ടെത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌.” സിനിമ, കളികൾ, ഇന്റർനെറ്റ്‌ സൈറ്റു​കൾ, ഗണിത​ശാ​സ്‌ത്ര പുസ്‌ത​കങ്ങൾ, കളിപ്പാ​ട്ടങ്ങൾ എന്നിവ​യി​ലെ​ല്ലാം ഭക്ഷണക്ക​മ്പ​നി​ക​ളു​ടെ പരസ്യങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ ഇവർ കുട്ടി​കളെ ലക്ഷ്യമി​ടു​ന്നത്‌? “അവരാണ്‌ ഏറ്റവും വലിയ ഉപഭോ​ക്താ​ക്കൾ,” ടെക്‌സാസ്‌ എ&എം മാർക്ക​റ്റിങ്‌ പ്രൊ​ഫസർ ജെയിംസ്‌ മക്‌നീൽ പറയുന്നു. ഈ കമ്പനികൾ “മുഖ്യ​മാ​യും വിൽക്കു​ന്നത്‌ ഉയർന്ന കലോ​റി​യു​ള്ള​തും അതേസ​മയം പോഷ​ക​ഗു​ണം തീരെ കുറഞ്ഞ​തു​മായ ഭക്ഷണവ​സ്‌തു​ക്ക​ളാണ്‌,” ഹാർവാർഡ്‌ സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്തി​ലെ പ്രൊ​ഫ​സ​റായ വോൾട്ടർ വിലറ്റ്‌ പറയുന്നു. “പഴങ്ങളു​ടെ​യും പച്ചക്കറി​ക​ളു​ടെ​യും എത്ര പരസ്യങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌?” എന്ന്‌ അദ്ദേഹം തുടർന്നു ചോദിക്കുന്നു.(g04 4/22)

ഇടിമി​ന്ന​ലി​ന്റെ സ്വന്തം നാട്‌!

“ലോക​ത്തിൽ ഏറ്റവു​മ​ധി​കം ഇടിമി​ന്നൽ പതിക്കുന്ന സ്ഥലം ബ്രസീൽ ആണ്‌” എന്ന്‌ ഉപഗ്ര​ഹ​ങ്ങൾവഴി ലഭിച്ച വിവരങ്ങൾ വിശക​ലനം ചെയ്‌ത ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി ഊ ഗ്ലോബൂ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. “[ബ്രസീ​ലിൽ] ഓരോ സെക്കൻഡി​ലും രണ്ടോ മൂന്നോ തവണ വൈദ്യു​ത പ്രസരണം ഉണ്ടാകു​ന്നു, അതായത്‌ ഒരു വർഷം ഏഴു കോടി തവണ.” എന്താണ്‌ ഇതിനു കാരണം? മഴക്കാ​ടു​ക​ളു​ടെ ആധിക്യ​വും ഒപ്പം ചൂടുള്ള കാലാ​വ​സ്ഥ​യും. ഈ പരിസ്ഥി​തി അടിക്ക​ടി​യുള്ള ഇടിമ​ഴ​യ്‌ക്ക്‌ ഏറ്റവും അനുകൂ​ല​മായ സാഹച​ര്യം ഒരുക്കു​ന്നു. പ്രതി​വർഷം ഏതാണ്ട്‌ 100 പേരുടെ ജീവൻ അപഹരി​ക്കുന്ന ഇടിമി​ന്നൽ, വൈദ്യു​ത-ടെലി​ഫോൺ ലൈനു​കൾക്കും വ്യവസാ​യ​ശാ​ല​കൾക്കും മറ്റും കേടു​പാ​ടു​കൾ സൃഷ്ടി​ച്ചു​കൊണ്ട്‌ ഏതാണ്ട്‌ 20 കോടി ഡോള​റി​ന്റെ നഷ്ടം വരുത്തി​വെ​ക്കു​ന്നു. പൊതു​വേ​യുള്ള ധാരണ​യ്‌ക്കു വിരു​ദ്ധ​മാ​യി, “ഒരേ സ്ഥലത്ത്‌ മൂന്നോ, അഞ്ചോ എന്തിന്‌, പത്തുത​വ​ണ​പോ​ലും ഇടിമി​ന്നൽ ഉണ്ടാ​യേ​ക്കാം,” ദേശീയ ബഹിരാ​കാശ ഗവേഷണ സ്ഥാപന​ത്തി​ലെ ശാസ്‌ത്ര​ജ്ഞ​നായ ഓസ്‌മാർ പിന്റൂ ജൂനിയർ പറയുന്നു.(g04 4/8)

മൊ​ബൈൽ ഫോൺ ചാരവൃ​ത്തി

ക്യാമറ ഘടിപ്പി​ച്ചി​ട്ടുള്ള മൊ​ബൈൽ ഫോണു​കൾ ബിസി​നസ്‌ രഹസ്യങ്ങൾ ചോർത്താൻ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​യി ഫ്രാങ്ക്‌ഫുർട്ടർ ആൽജെ​മൈന ററ്‌​സൈ​റ​റുങ്‌ എന്ന വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. ആദ്യ​മൊ​ക്കെ വിൽപ്പന വർധി​പ്പി​ക്കാ​നുള്ള ഒരു ഉപാധി എന്ന നിലയിൽ മാത്രമേ ക്യാമ​റയെ കണ്ടിരു​ന്നു​ള്ളൂ. എന്നാൽ അതിനൂ​തന സെല്ലു​ലാർ ഫോണു​ക​ളി​ലെ ഡിജിറ്റൽ ക്യാമ​റ​കൾക്ക്‌ വസ്‌തു​ക്ക​ളു​ടെ സൂക്ഷ്‌മ​മായ വിശദാം​ശ​ങ്ങൾപോ​ലും പകർത്താൻ കഴിയും എന്നതി​നാൽ പല കമ്പനി​ക​ളു​ടെ​യും സെക്യൂ​രി​റ്റി ഓഫീ​സർമാർക്ക്‌ ഇവ ഒരു തലവേദന ആയിത്തീർന്നി​രി​ക്കു​ന്നു. ഫോൺ ക്യാമ​റകൾ എളുപ്പ​ത്തിൽ കണ്ടെത്താ​നാ​വില്ല എന്നു മാത്രമല്ല, ഇവയ്‌ക്ക്‌ സാധാരണ ക്യാമ​റ​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഫോട്ടോ തത്സമയം സം​പ്രേ​ഷണം ചെയ്യാ​നുള്ള കഴിവു​മുണ്ട്‌. അത്‌ അവയെ വ്യവസായ ചാരവൃ​ത്തിക്ക്‌ ഉതകുന്ന ഒന്നാന്തരം ഉപകര​ണ​മാ​ക്കി മാറ്റുന്നു. നുഴഞ്ഞു​ക​യ​റ്റ​ക്കാ​രനെ പിടി​കൂ​ടി​യാ​ലും വലിയ ഫലമൊ​ന്നു​മില്ല, കാരണം ചോർത്തിയ വിവരങ്ങൾ അതി​നോ​ടകം എത്തേണ്ടി​ടത്ത്‌ എത്തിക്ക​ഴി​ഞ്ഞി​രി​ക്കും. ഇക്കാര​ണ​ങ്ങ​ളാൽ ധാരാളം കമ്പനികൾ, ഉത്‌പ​ന്ന​ങ്ങ​ളു​ടെ പുതിയ മാതൃ​കകൾ പരീക്ഷി​ക്കുന്ന ഡി​സൈ​നിങ്‌ ഡിപ്പാർട്ട്‌മെന്റ്‌ പോ​ലെ​യുള്ള അതിസു​രക്ഷാ മേഖല​ക​ളിൽ, ക്യാമറ ഘടിപ്പിച്ച മൊ​ബൈൽ ഫോണു​കൾ നിരോ​ധി​ച്ചു കഴിഞ്ഞു. (g04 4/8)

സംഗീ​ത​പ​ഠ​ന​വും ഓർമ​ശ​ക്തി​യും

“സംഗീതം പഠിക്കുന്ന കുട്ടികൾ അതു പഠിക്കാ​ത്ത​വരെ അപേക്ഷിച്ച്‌ വളരെ മെച്ചപ്പെട്ട ഓർമ​ശ​ക്തി​യും പദസമ്പ​ത്തും നേടി​യെ​ടു​ക്കു​ന്നു” എന്ന്‌ നവീന ഗവേഷണം വെളി​പ്പെ​ടു​ത്തു​ന്ന​താ​യി കാനഡ​യി​ലെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. സംഗീ​ത​പ​ഠനം തലച്ചോ​റി​ന്റെ ഇടതു വശത്തെ പ്രവർത്ത​നങ്ങൾ ത്വരി​ത​പ്പെ​ടു​ത്തി​ക്കൊണ്ട്‌ തലച്ചോ​റി​ന്റെ മൊത്ത​ത്തി​ലുള്ള പ്രവർത്ത​ന​ക്ഷ​മ​തയെ മെച്ച​പ്പെ​ടു​ത്തു​ന്ന​താ​യും പുതിയ വാക്കുകൾ പഠിക്കു​ന്ന​തു​പോ​ലെ ബുദ്ധി​മു​ട്ടുള്ള കാര്യങ്ങൾ കൂടുതൽ നന്നായി കൈകാ​ര്യം ചെയ്യാൻ തലച്ചോ​റി​നെ പ്രാപ്‌ത​മാ​ക്കു​ന്ന​താ​യും ഹോ​ങ്കോം​ഗി​ലെ ചൈനീസ്‌ സർവക​ലാ​ശാ​ല​യി​ലെ ഡോക്ടർ ആഗ്നസ്‌ ചാൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. 6-നും 15-നും ഇടയ്‌ക്കു പ്രായ​മുള്ള 90 കുട്ടി​കൾക്ക്‌ വാക്കു​ക​ളും ദൃശ്യ​ങ്ങ​ളും ഓർമി​ച്ചെ​ടു​ക്കുന്ന ഒരു പരീക്ഷ നടത്തി​യ​പ്പോൾ സംഗീ​ത​പ​രി​ശീ​ലനം നടത്തുന്ന കുട്ടി​കൾക്ക്‌ മറ്റുള്ള​വരെ അപേക്ഷിച്ച്‌ കൂടുതൽ വാക്കുകൾ ഓർമി​ക്കാൻ കഴിഞ്ഞു. ഓർമി​ക്കാ​നുള്ള പ്രാപ്‌തി സംഗീ​ത​പ​രി​ശീ​ല​ന​ത്തി​ന്റെ കാലയ​ള​വിന്‌ ആനുപാ​തി​ക​മാ​യി​രു​ന്നു. “അത്‌ തലച്ചോ​റി​നുള്ള ഒരു ബഹുമുഖ പരിശീ​ലനം പോ​ലെ​യാണ്‌,” ചാൻ പറയുന്നു. സംഗീതം അഭ്യസി​ക്കു​ന്ന​വർക്ക്‌ “സ്‌കൂൾ പഠനം മിക്കവാ​റും എളുപ്പ​മാ​യി​രി​ക്കും” എന്നാണ്‌ അവരുടെ പക്ഷം. (g04 4/22)

നക്ഷത്ര​ങ്ങ​ളു​ടെ എണ്ണം

ലണ്ടനിലെ ദ ഡെയ്‌ലി ടെലി​ഗ്രാഫ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഭൂമി​യിൽനി​ന്നു [ദൂരദർശി​നി​യി​ലൂ​ടെ] നോക്കി​യാൽ 7 കോടി സഹസ്ര​ലക്ഷം കോടി—7-നു ശേഷം 22 പൂജ്യം ചേർത്താൽ കിട്ടു​ന്നത്ര—നക്ഷത്രങ്ങൾ കാണാ​മെ​ന്നാണ്‌ ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ കണക്കാ​ക്കി​യി​ട്ടു​ള്ളത്‌.” അമേരിക്ക, ഓസ്‌​ട്രേ​ലിയ, സ്‌കോ​ട്ട്‌ലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ “ഭൂമി​യോട്‌ ഏറ്റവും അടുത്തുള്ള, പ്രപഞ്ച​ത്തി​ന്റെ ഒരു ചെറിയ ഭാഗത്തെ ഗാലക്‌സി​കളെ മുഴുവൻ എണ്ണു”കയും അവയിൽ ഓരോ​ന്നി​ലും എത്ര നക്ഷത്രങ്ങൾ വീതം ഉണ്ടെന്ന്‌ കണക്കാ​ക്കു​ക​യും ചെയ്‌തു. ആ സംഖ്യയെ ആധാര​മാ​ക്കി ആകാശ​ത്തി​ലെ മുഴുവൻ നക്ഷത്ര​ങ്ങ​ളു​ടെ എണ്ണവും അവർ കണക്കാ​ക്കി​യി​ട്ടുണ്ട്‌. എന്നാൽ “ഇത്‌ പ്രപഞ്ച​ത്തി​ലെ മുഴുവൻ നക്ഷത്ര​ങ്ങ​ളു​ടെ​യും എണ്ണമല്ല, നമ്മുടെ ദൂരദർശി​നി​യു​ടെ വീക്ഷണ പരിധി​യിൽ വരുന്ന നക്ഷത്ര​ങ്ങ​ളു​ടെ എണ്ണമാണ്‌,” ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​രു​ടെ ആ സംഘത്തെ നയിച്ച ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള ഡോക്ടർ സൈമൺ ഡ്രൈവർ പറയുന്നു. “വലിയ കണക്കു​കൂ​ട്ട​ലു​കൾ നടത്തുന്ന പരിച​യ​സ​മ്പ​ന്ന​നായ ജ്യോ​തി​ശ്ശാ​സ്‌ത്ര വിദഗ്‌ധ​നു​പോ​ലും അമ്പരപ്പ്‌ ഉളവാ​ക്കുന്ന സംഗതി​യാണ്‌ ഇത്‌.” വെളിച്ചം ഇല്ലാത്ത ഒരു സ്ഥലത്തു​നി​ന്നു നോക്കി​യാൽ നഗ്നനേ​ത്ര​ങ്ങൾകൊ​ണ്ടു കാണാൻ കഴിയു​ന്നത്‌ ഏതാനും ആയിരം നക്ഷത്ര​ങ്ങളെ മാത്ര​മാണ്‌, ഒരു വൻനഗരം പോലെ നല്ല വെളി​ച്ച​മുള്ള സ്ഥലത്തു​നിന്ന്‌ ആണെങ്കിൽ കേവലം 100 എണ്ണവും. (g04 4/22)

ചക്രങ്ങ​ളി​ലെ കുറഞ്ഞ വായു​മർദം

“പ്രധാന വീഥി​ക​ളി​ലെ ഗുരു​ത​ര​മായ ഓരോ 17 അപകട​ത്തി​ലും ഒന്നുവീ​തം വാഹന​ത്തി​ന്റെ ചക്രത്തി​ന്റെ മോശ​മായ അവസ്ഥ നിമി​ത്ത​മാ​ണു സംഭവി​ക്കു​ന്നത്‌.” വാലോവ്‌ർ ആക്‌റ്റ്വെൽ എന്ന ഫ്രഞ്ചു മാസി​ക​യിൽ വന്ന ഒരു വാർത്ത​യാണ്‌ ഇത്‌. “2002-ൽ, 3-ൽ 2 വാഹന​ങ്ങ​ളു​ടെ​യും ഒരു ചക്രത്തി​നെ​ങ്കി​ലും വായു​മർദം കുറവാ​യി​രു​ന്നു” എന്നാണ്‌ മിഷ്‌ലൻ ടയർ കമ്പനി നടത്തിയ പഠനം കാണി​ക്കു​ന്നത്‌. മിഷ്‌ലൻ കമ്പനി​യു​ടെ സാങ്കേ​തിക ആശയവി​നി​മയ ഡയറക്ട​റായ പ്യെർ മെനെൻഡെ​സി​ന്റെ അഭി​പ്രാ​യ​ത്തിൽ “ചക്രത്തിൽ വായു​മർദം വളരെ കൂടി​പ്പോ​യാൽ അത്‌ പൊട്ടി​ത്തെ​റി​ക്കു​മെ​ന്നും അത്‌ വായു​മർദം വളരെ കുറഞ്ഞു പോകു​ന്ന​തി​നെ​ക്കാൾ അപകട​കരം ആയിരി​ക്കു​മെ​ന്നും ഡ്രൈ​വർമാർ തെറ്റായി വിചാ​രി​ക്കു​ന്നു. ഇത്‌ വാസ്‌ത​വ​ത്തി​നു നേർവി​പ​രീ​ത​മാണ്‌.” ചക്രത്തിൽ വായു​മർദം സാധാരണ അളവി​ലും വളരെ കുറഞ്ഞു​പോ​യാൽ അത്‌ ബ്രേക്കി​ന്റെ പ്രവർത്ത​നത്തെ ബാധി​ക്കും, പ്രത്യേ​കിച്ച്‌ വളവു​ക​ളിൽ ചക്രത്തിന്‌ ഘർഷണം നഷ്ടപ്പെ​ടും. “സ്റ്റിയറിങ്‌ പെട്ടെന്ന്‌ തിരി​ച്ചാൽ വാഹന​ത്തി​ന്റെ നിയ​ന്ത്രണം നഷ്ടപ്പെ​ട്ടെ​ന്നും വരാം,” മാസിക തുടരു​ന്നു. മാത്രമല്ല, വായു​മർദം കുറയു​ന്ന​ത​നു​സ​രിച്ച്‌ ചക്രത്തി​ന്റെ ആകൃതി​യും മാറും. തത്‌ഫ​ല​മാ​യി അവയുടെ ഘടകഭാ​ഗ​ങ്ങൾക്കു ചൂടു​പി​ടി​ക്കു​ക​യും ചക്രം പെട്ടെന്ന്‌ പ്രവർത്ത​ന​ര​ഹി​ത​മാ​കു​ക​യും ചെയ്യുന്നു. (g04 4/22)

തേനീ​ച്ച​ക്കൂ​ട്ടി​ലെ താപന സംവി​ധാ​നം

കടുത്ത തണുപ്പു കാലത്തെ അതിജീ​വി​ക്കാൻ തേനീ​ച്ചകൾ “ഭുജ​പേ​ശി​കൾ വിറപ്പിച്ച്‌ ചൂടു​ണ്ടാ​ക്കു​ന്നു,” ഫ്രാങ്ക്‌ഫുർട്ടർ ആൽജെ​മൈന ററ്‌​സൈ​റ​റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ തേനീ​ച്ച​ക്കൂ​ടി​ന്റെ എല്ലാ ഭാഗത്തും താപനില ഒരു​പോ​ലെ ആയിരി​ക്കു​ക​യില്ല. തേനീ​ച്ച​യു​ടെ ശരാശരി ശരീ​രോ​ഷ്‌മാവ്‌ കൂടിന്റെ മധ്യഭാ​ഗത്ത്‌ 30 ഡിഗ്രി സെൽഷ്യ​സിൽ താഴെ​യും കൂടിന്റെ അരികു​ക​ളിൽ -11 ഡിഗ്രി​യോ അതിൽ താഴെ​യോ ആയിരി​ക്കും. കൂടിന്റെ മധ്യത്തി​ലുള്ള തേനീ​ച്ചകൾ അരികു​ക​ളിൽ ഉള്ളവയെ അപേക്ഷിച്ച്‌ വളരെ കൂടുതൽ തവണ പേശികൾ വിറപ്പി​ക്കു​ന്നു​ണ്ടെന്ന്‌ ഓസ്‌​ട്രേ​ലി​യ​യി​ലെ ഗ്രാസ്‌ സർവക​ലാ​ശാ​ല​യി​ലെ ശാസ്‌ത്രജ്ഞർ കണ്ടെത്തി​യി​ട്ടുണ്ട്‌. ഈ വിധത്തിൽ അവ താപനഷ്ടം പരിഹ​രി​ക്കു​ന്നു. അങ്ങനെ, തണുപ്പു​കാ​ലത്ത്‌ ആവശ്യ​മാ​യി വരുന്ന ആഹാര​ത്തി​ന്റെ അളവു കുറയ്‌ക്കാൻ അവയ്‌ക്കു കഴിയു​ന്നു. എന്നാൽ, കൂടിന്റെ മധ്യഭാ​ഗത്ത്‌ ഊഷ്‌മ​ള​വും സുഖക​ര​വു​മായ അവസ്ഥയിൽ കഴിയുന്ന തേനീ​ച്ചകൾ അരികു​ക​ളിൽ ഉള്ളവയെ അപേക്ഷിച്ച്‌ തങ്ങൾ കൂടുതൽ താപം ഉത്‌പാ​ദി​പ്പി​ക്കേ​ണ്ട​തുണ്ട്‌ എന്ന്‌ അറിയു​ന്നത്‌ എങ്ങനെ എന്ന ചോദ്യം അവശേ​ഷി​ക്കു​ന്നു. (g04 4/8)