വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ ഇത്ര മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌?

എനിക്ക്‌ ഇത്ര മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എനിക്ക്‌ ഇത്ര മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌?

“ഒരു കാര്യ​വു​മി​ല്ലാത്ത കാര്യ​ങ്ങൾക്ക്‌ [എന്റെ ബോയ്‌ഫ്രണ്ട്‌] മിക്ക​പ്പോ​ഴും എന്നോടു വഴക്കി​ടാ​റുണ്ട്‌. പക്ഷേ, അദ്ദേഹത്തെ പിരി​യാൻ എനിക്കാ​വില്ല, അത്രയ്‌ക്ക്‌ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെ​ട്ടു​പോ​യി.”—കാത്‌റിൻ. a

“പുറമേ [മുറി​വൊ​ന്നും] ഉണ്ടായി​രു​ന്നില്ല. എന്നാൽ ഉള്ളിൽ ഞാൻ ആകെ തകർന്നി​രു​ന്നു.”—ബോയ്‌ഫ്ര​ണ്ടി​ന്റെ അടിയേറ്റ ആൻ​ഡ്രേയാ.

തികച്ചും പരിചി​ത​മായ ഒരു സാഹച​ര്യം: ഒരു പെൺകു​ട്ടി ആകർഷക വ്യക്തി​ത്വ​ത്തിന്‌ ഉടമയായ, മര്യാ​ദ​ക്കാ​രൻ എന്നു തോന്നി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​ര​നു​മാ​യി ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ന്നു. എന്നാൽ ക്രമേണ ചെറു​പ്പ​ക്കാ​ര​നിൽ ചില മാറ്റങ്ങൾ കണ്ടുതു​ട​ങ്ങു​ന്നു. മധുര​മൊ​ഴി​കൾ പരുഷ പരിഹാ​സ​ത്തി​നും അവമതി​ക്കുന്ന വിമർശ​ന​ങ്ങൾക്കും വഴിമാ​റു​ന്നു. ആദ്യ​മൊ​ക്കെ അതിനെ നയമി​ല്ലാ​ത്ത​തെ​ങ്കി​ലും കേവലം ഇഷ്ടക്കൂ​ടു​തൽ നിമി​ത്ത​മുള്ള കളിയാ​ക്ക​ലാ​യേ അവൾ കണക്കാ​ക്കു​ന്നു​ള്ളൂ. എന്നാൽ വാക്കുകൾ കൊണ്ടുള്ള മുറി​വേൽപ്പി​ക്ക​ലും കോപാ​വേ​ശ​വും പശ്ചാത്താപ പ്രകട​ന​ങ്ങ​ളു​മൊ​ക്കെ തുടർക്ക​ഥ​യാ​യി മാറുന്നു. എന്തു​കൊ​ണ്ടോ താനാണ്‌ ഇതി​നൊ​ക്കെ ഉത്തരവാ​ദി എന്നാണ്‌ പെൺകു​ട്ടി​യു​ടെ വിചാരം. കാര്യ​ങ്ങൾക്കു മാറ്റം വരു​മെന്നു ചിന്തി​ച്ചു​കൊണ്ട്‌ അവൾ എല്ലാം നിശ്ശബ്ദം സഹിക്കു​ക​യാണ്‌. പക്ഷേ, അവളുടെ പ്രതീ​ക്ഷകൾ അസ്ഥാന​ത്താ​കു​ന്നു. അവളുടെ കൂട്ടു​കാ​രൻ ആക്രോ​ശി​ക്കാ​നും ബഹളം​വെ​ക്കാ​നു​മൊ​ക്കെ തുടങ്ങു​ന്നു. അത്തര​മൊ​രു സന്ദർഭ​ത്തിൽ അയാൾ അവളെ അക്രമാ​സ​ക്ത​മാ​യി പിടി​ച്ചു​ത​ള്ളുക പോലും ചെയ്യുന്നു. അടുത്ത തവണ പ്രഹര​മാ​യി​രി​ക്കു​മോ എന്ന്‌ അവൾ ഭയപ്പെ​ടു​ന്നു. b

പ്രണയി​താ​വിൽനി​ന്നുള്ള ശാരീ​രി​ക​മോ വാഗ്രൂ​പേ​ണ​യോ ഉള്ള ദുഷ്‌പെ​രു​മാ​റ്റം അനുഭ​വി​ക്കു​ന്ന​വർക്ക്‌ തുടർച്ച​യായ വിമർശനം, വേദനി​പ്പി​ക്കുന്ന സംസാരം, കോപം എന്നിവ സഹി​ക്കേണ്ടി വന്നേക്കാം. നിങ്ങൾ അത്തരം ഒരവസ്ഥ​യി​ലാ​ണോ? (“ചില മുന്നറി​യി​പ്പിൻ അടയാ​ളങ്ങൾ” എന്ന ചതുരം കാണുക.) അങ്ങനെ​യാ​ണെ​ങ്കിൽ ദുഃഖ​വും നാണ​ക്കേ​ടും നിമിത്തം എന്തു ചെയ്യണം എന്നറി​യാ​തെ കുഴങ്ങു​ക​യാ​യി​രി​ക്കാം നിങ്ങൾ.

ഇത്തരം സാഹച​ര്യ​ങ്ങൾ നിങ്ങൾ കരുതാ​നി​ട​യു​ള്ളതു പോലെ അത്ര അസാധാ​ര​ണ​മൊ​ന്നു​മല്ല. ഡേറ്റി​ങ്ങിൽ ഏർപ്പെ​ടുന്ന അഞ്ചു​പേ​രിൽ ഒരാൾക്കു വീതം ഏതെങ്കി​ലും തരത്തി​ലുള്ള ദ്രോഹം നേരി​ടേ​ണ്ടി​വ​രു​ന്നു എന്നാണ്‌ ഗവേഷകർ കണക്കാ​ക്കു​ന്നത്‌. വേദനി​പ്പി​ക്കു​ന്ന​തും പരുഷ​വു​മായ സംസാരം കൂടെ പരിഗ​ണി​ച്ചാൽ അത്‌ 5-ൽ 4 ആയി ഉയരും. പൊതു​വേ ആളുകൾ കരുതു​ന്ന​തു​പോ​ലെ സ്‌ത്രീ​കൾ മാത്രമല്ല ഇത്തരത്തിൽ ദ്രോ​ഹി​ക്ക​പ്പെ​ടു​ന്നത്‌. ഡേറ്റിങ്‌ പങ്കാളി​യാൽ ദ്രോ​ഹി​ക്ക​പ്പെ​ടുന്ന “സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ അനുപാ​തം ഏറെക്കു​റെ തുല്യ​മാണ്‌” എന്നാണ്‌ അക്രമത്തെ കുറിച്ച്‌ ബ്രിട്ട​നിൽ നടന്ന ഒരു പഠനം കാണി​ക്കു​ന്നത്‌. c

പ്രേമ​ബ​ന്ധ​ത്തിൽ അത്തരം മോശ​മായ പെരു​മാ​റ്റ​ത്തിന്‌ എന്താണു കാരണം? നിങ്ങൾക്ക്‌ അങ്ങനെ സംഭവി​ക്കു​ന്നെ​ങ്കിൽ എന്താണു ചെയ്യേ​ണ്ടത്‌?

ദൈവ​ത്തി​ന്റെ വീക്ഷണം വെച്ചു​പു​ലർത്തു​ക

ദൈവം അത്തര​മൊ​രു സാഹച​ര്യ​ത്തെ എത്ര​ത്തോ​ളം ഗൗരവ​ത്തോ​ടെ കാണുന്നു എന്നതാണ്‌ നിങ്ങൾ ആദ്യം തിരി​ച്ച​റി​യേണ്ട സംഗതി. അപൂർണ മനുഷ്യർ മറ്റുള്ള​വരെ വേദനി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യും എന്നതു ശരിതന്നെ. (യാക്കോബ്‌ 3:2) പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യുന്ന ആളുകൾ തമ്മിൽ പോലും ഇടയ്‌ക്കൊ​ക്കെ വിയോ​ജി​പ്പു​കൾ ഉണ്ടാകും എന്നും പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, പക്വമ​തി​ക​ളായ ക്രിസ്‌ത്യാ​നി​കൾ ആയിരു​ന്നി​ട്ടും അപ്പൊ​സ്‌ത​ല​നായ പൗലൊ​സും ബർന്നബാ​സും തമ്മിൽ ഒരിക്കൽ ‘ഉഗ്രവാ​ദ​മു​ണ്ടാ​യി.’ (പ്രവൃ​ത്തി​കൾ 15:38) അതു​കൊണ്ട്‌ നിങ്ങൾ ഡേറ്റി​ങ്ങിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ ഇടയ്‌ക്കി​ടെ ചില പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം.

നിങ്ങളു​ടെ ബോയ്‌ഫ്രണ്ട്‌ ഒരിക്ക​ലും വിമർശ​നാ​ത്മ​ക​മാ​യി യാതൊ​ന്നും പറയു​ക​യില്ല എന്നു പ്രതീ​ക്ഷി​ക്കു​ന്നത്‌ യാഥാർഥ്യ​ത്തി​നു നിരക്കു​ന്നതല്ല. നിങ്ങൾ വിവാ​ഹത്തെ കുറിച്ചു ചിന്തി​ക്കു​ന്ന​വ​രാ​ണെ​ന്നി​രി​ക്കെ നിങ്ങളു​ടെ ഏതെങ്കി​ലും ശീലമോ സ്വഭാ​വ​വി​ശേ​ഷ​മോ അയാൾക്ക്‌ ഇഷ്ടപ്പെ​ടു​ന്നി​ല്ലെ​ങ്കിൽ അത്‌ നിങ്ങ​ളോ​ടു തുറന്നു​പ​റ​യു​ന്ന​താ​യി​രി​ക്കി​ല്ലേ സ്‌നേ​ഹ​പൂർവ​ക​മായ സംഗതി? വിമർശനം വേദനി​പ്പി​ച്ചേ​ക്കാം എന്നതു സത്യം​തന്നെ. (എബ്രായർ 12:11) എന്നാൽ സ്‌നേ​ഹ​ത്താൽ പ്രചോ​ദി​ത​മായ, സ്‌നേ​ഹ​പൂർവ​മുള്ള വിമർശനം ഒരിക്ക​ലും വേദനി​പ്പി​ക്കുന്ന പരുഷ സംസാ​രമല്ല.—സദൃശ​വാ​ക്യ​ങ്ങൾ 27:6.

എന്നാൽ ആക്രോ​ശ​വും അടിയും ഇടിയും അധി​ക്ഷേ​പ​വു​മൊ​ക്കെ അതിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മാണ്‌. “കോപം, ക്രോധം, ഈർഷ്യ, വായിൽനി​ന്നു വരുന്ന ദൂഷണം, ദുർഭാ​ഷണം” എന്നിവയെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 3:8) അപമാ​നി​ക്കു​ക​യോ ഭീഷണി​പ്പെ​ടു​ത്തു​ക​യോ അടിച്ച​മർത്തു​ക​യോ ചെയ്‌തു​കൊണ്ട്‌ ആരെങ്കി​ലും “അധികാ​രം” ദുരു​പ​യോ​ഗം ചെയ്യു​മ്പോൾ യഹോവ കോപാ​കു​ല​നാ​കു​ന്നു. (സഭാ​പ്ര​സം​ഗി 4:1; 8:9) വാസ്‌ത​വ​ത്തിൽ ദൈവ​വ​ചനം ഭർത്താ​ക്ക​ന്മാർക്ക്‌ ഈ കൽപ്പന നൽകുന്നു: “ഭർത്താ​ക്ക​ന്മാ​രും തങ്ങളുടെ ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു . . .  ആരും തന്റെ ജഡത്തെ ഒരുനാ​ളും പകെച്ചി​ട്ടി​ല്ല​ല്ലോ; . . . അതിനെ പോററി പുലർത്തു​ക​യ​ത്രേ ചെയ്യു​ന്നത്‌.” (എഫെസ്യർ 5:28, 29) തന്റെ കോർട്ടിങ്‌ പങ്കാളി​യോട്‌ മോശ​മാ​യി സംസാ​രി​ക്കു​ക​യോ പെരു​മാ​റു​ക​യോ ചെയ്യുന്ന ഒരുവൻ ഒരു വിവാഹ ഇണയാ​കാൻ യോഗ്യ​നല്ല എന്നു പ്രകട​മാ​ക്കു​ക​യാണ്‌. തന്നെയു​മല്ല, അയാൾ യഹോ​വ​യാം ദൈവ​ത്തി​ന്റെ അപ്രീ​തി​ക്കു പാത്ര​മാ​യി​ത്തീ​രു​ക​യും ചെയ്യുന്നു!

അതു നിങ്ങളു​ടെ കുറ്റമല്ല!

തങ്ങളുടെ മോശ​മായ പെരു​മാ​റ്റ​ത്തിന്‌ അതിന്‌ ഇരയാ​യ​വ​രെ​യാണ്‌ ഇത്തരക്കാർ മിക്ക​പ്പോ​ഴും പഴിക്കാ​റു​ള്ളത്‌. അതു​കൊണ്ട്‌ കൂട്ടു​കാ​രന്റെ കോപ​ത്തി​നു കാരണ​ക്കാ​രി നിങ്ങൾതന്നെ ആണെന്ന്‌ ഒരുപക്ഷേ തോന്നി​യേ​ക്കാം. എന്നാൽ അതും നിങ്ങളും തമ്മിൽ കാര്യ​മായ ബന്ധമൊ​ന്നും ഉണ്ടായി​രി​ക്ക​ണ​മെ​ന്നില്ല. മിക്ക​പ്പോ​ഴും, മോശ​മാ​യി പെരു​മാ​റു​ന്നവർ അക്രമ​വും ദുഷിച്ച സംസാ​ര​വും സാധാരണ സംഗതി​ക​ളാ​യി കരുത​പ്പെ​ട്ടി​രുന്ന ഒരു അന്തരീ​ക്ഷ​ത്തിൽ വളർന്നു വന്നിട്ടു​ള്ള​വ​രാണ്‌. d ചില രാജ്യ​ങ്ങ​ളിൽ നിലനിൽക്കുന്ന പുരുഷ മേധാ​വി​ത്വ സംസ്‌കാ​രം യുവജ​ന​ങ്ങളെ ബാധി​ക്കു​ന്നുണ്ട്‌. ഒരുതരം പരുക്കൻ പൗരുഷം പ്രകടി​പ്പി​ക്കാൻ പ്രേരി​പ്പി​ക്കു​ന്ന​തിൽ സമപ്രാ​യ​ക്കാർക്കും പങ്കുണ്ടാ​യി​രു​ന്നേ​ക്കാം. ആത്മവി​ശ്വാ​സം ഇല്ലാത്ത​തി​നാൽ, നിങ്ങൾ പറയു​ന്ന​തും ചെയ്യു​ന്ന​തു​മെ​ല്ലാം വെല്ലു​വി​ളി​യാ​യി അയാൾക്കു തോന്നി​യേ​ക്കാം.

സാഹച​ര്യം എന്തുതന്നെ ആയിരു​ന്നാ​ലും മറ്റൊ​രാൾ വൈകാ​രി​ക​മാ​യി പൊട്ടി​ത്തെ​റി​ക്കു​ന്ന​തിന്‌ നിങ്ങൾ ഉത്തരവാ​ദി​യാ​കു​ന്നില്ല. വേദനി​പ്പി​ക്കുന്ന തരത്തി​ലുള്ള പരുഷ​മായ സംസാ​ര​വും അക്രമ​വും ഒരിക്ക​ലും ന്യായീ​ക​രി​ക്കാ​വു​ന്ന​തു​മല്ല.

നിങ്ങളു​ടെ ചിന്താ​ഗ​തി​ക്കു മാറ്റം​വ​രു​ത്തു​ക

എന്നിരു​ന്നാ​ലും കാര്യങ്ങൾ സംബന്ധിച്ച നിങ്ങളു​ടെ വീക്ഷണ​ഗ​തി​യിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. എങ്ങനെ? ഒരു പെൺകു​ട്ടി വളർന്നു വന്നത്‌ അക്രമ​വും വ്രണ​പ്പെ​ടു​ത്തുന്ന സംസാ​ര​വും നിത്യ​സം​ഭ​വ​മാ​യി​ട്ടുള്ള സാഹച​ര്യ​ത്തി​ലാ​ണെ​ങ്കിൽ ദുഷ്‌പെ​രു​മാ​റ്റ​ത്തിൽ അവൾക്ക്‌ യാതൊ​രു അസ്വാ​ഭാ​വി​ക​ത​യും തോന്നാ​നി​ട​യില്ല. ക്രിസ്‌ത്യാ​നി​കൾക്കു നിരക്കാത്ത അത്തരം പെരു​മാ​റ്റ​ത്തോ​ടു വെറുപ്പു പ്രകടി​പ്പി​ക്കു​ന്ന​തി​നു പകരം അവൾ അതി​നോ​ടു സഹിഷ്‌ണുത പുലർത്തി​യേ​ക്കാം. ഒരുപക്ഷേ, അത്‌ അവൾക്ക്‌ ആകർഷ​ണീ​യ​മാ​യി പോലും തോന്നി​യേ​ക്കാം. ഉവ്വ്‌, വളരെ മാന്യ​മാ​യി പെരു​മാ​റുന്ന പുരു​ഷ​ന്മാർ തങ്ങളെ ബോറ​ടി​പ്പി​ക്കു​ന്നു​വെന്ന്‌ ദുഷ്‌പെ​രു​മാ​റ്റ​ത്തി​ന്റെ ചില ഇരകൾ സമ്മതിച്ചു പറഞ്ഞി​ട്ടുണ്ട്‌. ഇനി, തങ്ങളുടെ ബോയ്‌ഫ്ര​ണ്ടി​ന്റെ സ്വഭാവം മാറ്റി​യെ​ടു​ക്കാൻ കഴിയും എന്നു പാഴ്‌കി​നാവ്‌ കാണു​ന്ന​വ​രാണ്‌ മറ്റു ചില പെൺകു​ട്ടി​കൾ.

ഇതിൽ ഏതെങ്കി​ലും നിങ്ങളു​ടെ കാര്യ​ത്തിൽ സത്യമാ​ണെ​ങ്കിൽ നിങ്ങൾ ഈ സംഗതി​യിൽ ‘മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടേ​ണ്ട​തുണ്ട്‌.’ (റോമർ 12:2) പ്രാർഥന, പഠനം, ധ്യാനം എന്നിവ​യി​ലൂ​ടെ ദുഷ്‌പെ​രു​മാ​റ്റം സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണം നിങ്ങൾ ഉൾക്കൊ​ള്ളു​ക​യും അത്തരം സ്വഭാ​വ​ത്തോ​ടു വെറുപ്പു വളർത്തി​യെ​ടു​ക്കു​ക​യും വേണം. മോശ​മായ പെരു​മാ​റ്റം നിങ്ങൾ സഹി​ക്കേ​ണ്ട​താണ്‌ എന്ന ധാരണ തെറ്റാ​ണെന്നു തിരി​ച്ച​റി​യുക. എളിമ—സ്വന്തം പരിമി​തി​കൾ സംബന്ധിച്ച ബോധം—നട്ടുവ​ളർത്തു​ന്നത്‌, കൂട്ടു​കാ​രന്റെ കോപ​പ്ര​കൃ​ത​ത്തി​നു മാറ്റം വരുത്താ​നുള്ള പ്രാപ്‌തി നിങ്ങൾക്കി​ല്ലെന്നു കാണാൻ നിങ്ങളെ സഹായി​ക്കും. മാറ്റം വരു​ത്തേ​ണ്ടത്‌ അയാളു​ടെ ഉത്തരവാ​ദി​ത്വ​മാണ്‌!—ഗലാത്യർ 6:5.

അപകർഷ​ബോ​ധം നിമി​ത്ത​മാണ്‌ ചില പെൺകു​ട്ടി​കൾ ദുഷ്‌പെ​രു​മാ​റ്റം സഹിക്കു​ന്നത്‌. തുടക്ക​ത്തിൽ നാം പരാമർശിച്ച കാത്‌റിൻ പറയുന്നു: “അദ്ദേഹ​മി​ല്ലാത്ത ജീവി​തത്തെ കുറിച്ചു സങ്കൽപ്പി​ക്കാൻ പോലും എനിക്കാ​കില്ല. ഏതായാ​ലും ഇതിലും മെച്ചപ്പെട്ട ഒരുവനെ എനിക്കു കിട്ടാൻ പോകു​ന്നില്ല.” ഹെൽഗാ എന്നു പേരായ ഒരു പെൺകു​ട്ടി​യും തന്റെ ബോയ്‌ഫ്ര​ണ്ടി​നെ കുറിച്ചു സമാന​മാ​യി പറഞ്ഞു, “എന്നെ അടിക്കാൻ ഞാൻ അദ്ദേഹത്തെ അനുവ​ദി​ച്ചി​രു​ന്നു. ആരും നിങ്ങളെ ശ്രദ്ധി​ക്കാ​ത്ത​തി​ലും എത്രയോ ഭേദമാണ്‌ അത്‌.”

അത്തരം വീക്ഷണങ്ങൾ ആരോ​ഗ്യാ​വ​ഹ​മായ ഒരു ബന്ധത്തി​നുള്ള നല്ല അടിത്ത​റ​യാ​ണെന്നു തോന്നു​ന്നു​ണ്ടോ? നിങ്ങൾ സ്വയം സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ങ്കിൽ വാസ്‌ത​വ​ത്തിൽ മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? (മത്തായി 19:19) ആത്മാഭി​മാ​നം സംബന്ധി​ച്ചു സമനി​ല​യുള്ള വീക്ഷണം വളർത്തി​യെ​ടു​ക്കാൻ പരി​ശ്ര​മി​ക്കുക. e ദുഷ്‌പെ​രു​മാ​റ്റം സഹിക്കു​ന്നത്‌ ഒരിക്ക​ലും അതിനു സഹായ​ക​മാ​വില്ല. ഈറേനാ എന്ന പെൺകു​ട്ടി അനുഭ​വ​ത്തിൽനി​ന്നു പഠിച്ച​തു​പോ​ലെ ദുഷ്‌പെ​രു​മാ​റ്റം സഹിക്കു​ന്നത്‌ “നിങ്ങളു​ടെ ആത്മാഭി​മാ​നം കവർന്നെ​ടു​ക്കും.”

യാഥാർഥ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കൽ

തങ്ങൾ ആരോ​ഗ്യാ​വ​ഹ​മ​ല്ലാത്ത ഒരു ബന്ധത്തി​ലാണ്‌ ഏർപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നു സമ്മതി​ക്കു​ന്നത്‌ ചിലരെ സംബന്ധി​ച്ചു കഠിന​മായ ഒരു കാര്യ​മാ​യി​രി​ക്കാം, ശക്തമായ പ്രേമാ​ത്മക ബന്ധം വികാസം പ്രാപി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ വിശേ​ഷി​ച്ചും. പക്ഷേ സത്യത്തി​നു നേരെ കണ്ണടച്ചി​ട്ടു യാതൊ​രു കാര്യ​വു​മില്ല. ഒരു ബൈബിൾ സദൃശ​വാ​ക്യം ഇങ്ങനെ പറയുന്നു: “വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 22:3) ഹാനാ എന്നു പേരായ ഒരു യുവതി അനുസ്‌മ​രി​ക്കു​ന്നു, “നിങ്ങൾ ഒരുവ​നു​മാ​യി സ്‌നേ​ഹ​ത്തിൽ ആയിരി​ക്കു​മ്പോൾ ഫലത്തിൽ അന്ധയാ​യ​തു​പോ​ലെ തന്നെയാണ്‌. അയാളു​ടെ നല്ല ഗുണങ്ങൾ മാത്രമേ നിങ്ങൾ കാണു​ക​യു​ള്ളൂ.” എന്നാൽ നിങ്ങൾ ദുഷ്‌പെ​രു​മാ​റ്റ​ത്തി​നു വിധേ​യ​യാ​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ അയാളു​ടെ തനിനി​റം മനസ്സി​ലാ​ക്കു​ന്നതു പ്രധാ​ന​മാണ്‌. ബോയ്‌ഫ്രണ്ട്‌ നിങ്ങളെ ഭീഷണി​പ്പെ​ടു​ത്തു​ക​യോ താഴ്‌ത്തി​ക്കെ​ട്ടു​ക​യോ ചെയ്യു​ന്നെ​ങ്കിൽ ഗുരു​ത​ര​മായ ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന്‌ തിരി​ച്ച​റി​യുക. നിങ്ങളു​ടെ വികാ​ര​ങ്ങളെ അടിച്ച​മർത്തു​ക​യോ അയാളെ ന്യായീ​ക​രി​ക്കു​ക​യോ സ്വയം പഴിക്കു​ക​യോ അരുത്‌. ദുഷ്‌പെ​രു​മാ​റ്റം തിരു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ അതിന്റെ തോതും തീവ്ര​ത​യും വർധി​ക്കു​കയേ ഉള്ളൂ എന്ന്‌ അനുഭ​വങ്ങൾ പ്രകട​മാ​ക്കു​ന്നു. നിങ്ങളു​ടെ സുരക്ഷി​ത​ത്വം അങ്ങേയറ്റം അപകട​ത്തി​ലാ​യേ​ക്കാം!

തീർച്ച​യാ​യും, ആത്മനി​യ​ന്ത്രണം ഇല്ലാത്ത​വ​രു​മാ​യുള്ള അടുപ്പ​ത്തിന്‌ പോകാ​തി​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. (സദൃശ​വാ​ക്യ​ങ്ങൾ 22:24) അതു​കൊണ്ട്‌ നല്ല പരിച​യ​മി​ല്ലാത്ത ഒരാൾ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടാൻ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടു​ന്നെ​ങ്കിൽ അയാളെ കുറിച്ച്‌ ഒരന്വേ​ഷണം നടത്തു​ന്നത്‌ ജ്ഞാനപൂർവ​ക​മാ​യി​രി​ക്കും. ആദ്യം ഒരു കൂട്ട​ത്തോ​ടൊ​പ്പം സഹവസി​ക്കാ​മെന്ന്‌ എന്തു​കൊ​ണ്ടു പറഞ്ഞു​കൂ​ടാ? വളരെ പെട്ടെന്ന്‌ പ്രേമാ​ത്മക വികാ​രങ്ങൾ വളർത്തി​യെ​ടു​ക്കാ​തെ അയാളെ കുറിച്ചു മനസ്സി​ലാ​ക്കാൻ അതു സഹായ​ക​മാ​യി​രി​ക്കും. അയാളു​ടെ കൂട്ടു​കാർ ആരാണ്‌? ഏതു തരത്തി​ലുള്ള സംഗീ​ത​വും സിനി​മ​ക​ളും കമ്പ്യൂട്ടർ ഗെയി​മു​ക​ളും കായിക വിനോ​ദ​ങ്ങ​ളു​മാണ്‌ അയാൾ ഇഷ്ടപ്പെ​ടു​ന്നത്‌? അയാളു​ടെ സംഭാ​ഷ​ണ​ത്തിൽ ആത്മീയ കാര്യങ്ങൾ സംബന്ധിച്ച താത്‌പ​ര്യ​ത്തി​ന്റെ സൂചന​യു​ണ്ടോ? എന്നിങ്ങ​നെ​യുള്ള അർഥവ​ത്തായ ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കുക. അയാളെ കുറിച്ച്‌ അറിയാ​വു​ന്ന​വ​രോട്‌ അന്വേ​ഷി​ക്കുക, പ്രത്യേ​കിച്ച്‌ സഭയിലെ മൂപ്പന്മാ​രെ പോ​ലെ​യു​ള്ള​വ​രോട്‌. ദൈവിക നടത്തയു​ടെ​യും പക്വത​യു​ടെ​യും കാര്യ​ത്തിൽ അയാൾ മറ്റുള്ള​വ​രാൽ ‘നല്ല സാക്ഷ്യ​മുള്ള’ വ്യക്തി​യാ​ണോ എന്ന്‌ അവർ പറഞ്ഞു​ത​രും.—പ്രവൃ​ത്തി​കൾ 16:2.

നിങ്ങൾ ഇപ്പോൾത്തന്നെ ദ്രോ​ഹ​ക​ര​മായ ഒരു ബന്ധത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ എന്തു​ചെ​യ്യാൻ കഴിയും? ഒരു ഭാവി ലേഖനം ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകു​ന്ന​താ​യി​രി​ക്കും. (g04 5/22)

[അടിക്കു​റി​പ്പു​കൾ]

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b വാഗ്രൂപേണയും ശാരീ​രി​ക​മാ​യും ദ്രോ​ഹ​ത്തിന്‌ ഇരയാ​കു​ന്ന​വർക്കു വേണ്ടി​യാണ്‌ ഈ ലേഖനം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. അക്രമി​കളെ സഹായി​ക്കാൻ പര്യാ​പ്‌ത​മായ ബുദ്ധി​യു​പ​ദേശം 1996 ഒക്ടോബർ 22, 1997 മാർച്ച്‌ 22 ലക്കങ്ങളി​ലെ “വ്രണ​പ്പെ​ടു​ത്തുന്ന വാക്കു​ക​ളിൽനിന്ന്‌ സുഖ​പ്പെ​ടു​ത്തുന്ന വാക്കു​ക​ളി​ലേക്ക്‌,” “മുട്ടാ​ളത്തം—എന്താണ്‌ അതിന്റെ ദോഷം?” എന്നീ ലേഖന​ങ്ങ​ളിൽ കാണാം.

c മോശമായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വരെ ഈ ലേഖന​ത്തിൽ സ്‌ത്രീ​ക​ളാ​യി പരാമർശി​ക്കു​ക​യാണ്‌. എന്നാൽ ഇവിടെ ചർച്ച ചെയ്യ​പ്പെ​ടുന്ന തത്ത്വങ്ങൾ പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും ബാധക​മാണ്‌.

d 1996 ഒക്ടോബർ 22 ലക്കത്തിലെ “ദൂഷണ​ത്തി​ന്റെ വേരുകൾ അനാവ​രണം ചെയ്യൽ” എന്ന ലേഖനം കാണുക.

e യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്റെ 12-ാം അധ്യായം കാണുക.

[19-ാം പേജിലെ ചതുരം]

ചില മുന്നറി​യി​പ്പിൻ അടയാ​ള​ങ്ങൾ

◼ നിങ്ങൾ ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോ​ഴും മറ്റ്‌ അവസര​ങ്ങ​ളി​ലും അയാൾ കൂടെ​ക്കൂ​ടെ നിങ്ങ​ളെ​യും നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​യും കൂട്ടു​കാ​രെ​യും താഴ്‌ത്തി​ക്കെട്ടി സംസാ​രി​ക്കു​ന്നു

◼ അയാൾ മിക്ക​പ്പോ​ഴും നിങ്ങളു​ടെ ആഗ്രഹ​ങ്ങ​ളും വികാ​ര​ങ്ങ​ളും അവഗണി​ക്കു​ന്നു

◼ നിങ്ങളെ സംബന്ധിച്ച എല്ലാ വിവര​ങ്ങ​ളും അറിയാൻ ശാഠ്യം പിടി​ക്കു​ക​യും എല്ലായ്‌പോ​ഴും നിങ്ങൾക്കു വേണ്ടി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ സമസ്‌ത തലങ്ങ​ളെ​യും നിയ​ന്ത്രി​ക്കാൻ ശ്രമി​ക്കു​ന്നു

◼ ആക്രോ​ശി​ക്കു​ന്നു, ഉന്തുക​യും തള്ളുക​യും ചെയ്യുന്നു, ഭീഷണി​പ്പെ​ടു​ത്തു​ന്നു

◼ അനുചി​ത​മായ സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾക്കു പ്രേരി​പ്പി​ക്കു​ന്നു

◼ നിങ്ങൾ എന്തു ചെയ്യു​മ്പോ​ഴും അയാൾക്ക്‌ ഇഷ്ടക്കേട്‌ വല്ലതും തോന്നു​മോ എന്നു ചിന്തി​ച്ചു​വേണം ചെയ്യാൻ

[18-ാം പേജിലെ ചിത്രം]

സ്ഥിരമായ വിമർശ​ന​വും അവഹേ​ള​ന​വും അനാ​രോ​ഗ്യ​ക​ര​മായ ബന്ധത്തിന്റെ സൂചന​യാണ