വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള യുഗപുരാതന പോരാട്ടം

മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള യുഗപുരാതന പോരാട്ടം

മെച്ചപ്പെട്ട ആരോ​ഗ്യ​ത്തി​നാ​യുള്ള യുഗപു​രാ​തന പോരാ​ട്ടം

ജോവാൻ താമസി​ച്ചി​രു​ന്നത്‌ ന്യൂ​യോർക്കി​ലാ​യി​രു​ന്നു. അവൾക്ക്‌ ക്ഷയരോ​ഗം ഉണ്ടായി​രു​ന്നു. എന്നാൽ അവളു​ടേത്‌ സാധാരണ ക്ഷയരോ​ഗം ആയിരു​ന്നില്ല. എല്ലാത്തരം ഔഷധ​ങ്ങ​ളെ​യും​തന്നെ ചെറു​ത്തു​നിൽക്കു​ക​യും രോഗി​ക​ളിൽ പകുതി​പ്പേ​രു​ടെ​യും ജീവൻ അപഹരി​ക്കു​ക​യും ചെയ്യുന്ന, ജനിതക വ്യതി​യാ​നം സംഭവിച്ച ക്ഷയരോ​ഗാ​ണു ആയിരു​ന്നു രോഗ​ഹേതു. എന്നിരു​ന്നാ​ലും, ജോവാൻ ക്രമമായ ചികിത്സ തേടി​യില്ല, രോഗം മറ്റു പലരി​ലേ​ക്കും പകരു​ന്ന​തിന്‌ ഒരു തവണ​യെ​ങ്കി​ലും കാരണ​മാ​കു​ക​യും ചെയ്‌തു. ‘ഇവളെ പിടിച്ച്‌ പൂട്ടി​യി​ടണം,’ അവളുടെ ഡോക്ടർ നിരാ​ശ​യോ​ടെ പറഞ്ഞു.

പണ്ടുമു​തൽക്കേ​യുള്ള ഒരു കൊല​യാ​ളി​യാണ്‌ ക്ഷയരോ​ഗം. കോടി​ക്ക​ണ​ക്കി​നാ​ളു​കൾ ക്ഷയരോ​ഗ​ത്താൽ കഷ്ടപ്പെ​ടു​ക​യും മരണത്തി​ന്റെ പിടി​യി​ല​മ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു. പുരാതന ഈജി​പ്‌തി​ലെ​യും പെറു​വി​ലെ​യും മമ്മിക​ളിൽ ക്ഷയരോ​ഗ​ത്തി​ന്റെ തെളിവു കണ്ടെത്താ​നാ​യി​ട്ടുണ്ട്‌. ഇന്ന്‌, തിരി​ച്ചെ​ത്തി​യി​രി​ക്കുന്ന ക്ഷയരോ​ഗാ​ണു ഇനങ്ങൾ വർഷം​തോ​റും ഏകദേശം 20 ലക്ഷം പേരുടെ ജീവൻ അപഹരി​ക്കു​ന്നു.

ആഫ്രി​ക്ക​യി​ലെ ഒരു കുടി​ലി​ലുള്ള ചെറിയ ഒരു കട്ടിലിൽ കാർലീ​റ്റോസ്‌ കിടക്കു​ന്നു. അവന്റെ നെറ്റി​ത്ത​ട​ത്തിൽ വിയർപ്പു കണങ്ങൾ കാണാം. മലമ്പനി ബാധിച്ച അവൻ ഒന്നു കരയാൻപോ​ലും ത്രാണി​യി​ല്ലാത്ത അവസ്ഥയി​ലാണ്‌. അവന്റെ മാതാ​പി​താ​ക്കൾ മരുന്നു​വാ​ങ്ങാൻ പണമി​ല്ലാ​തെ ആകെ വിഷമ​ത്തി​ലാണ്‌. കുട്ടിക്കു വൈദ്യ​സ​ഹാ​യം ലഭ്യമാ​ക്കാ​മെന്നു വെച്ചാൽ, അവി​ടെ​യെ​ങ്ങും ഒരു ക്ലിനി​ക്കു​പോ​ലു​മില്ല. പനി ഒട്ടും കുറഞ്ഞില്ല, 48 മണിക്കൂ​റി​നു​ള്ളിൽ അവൻ അന്ത്യശ്വാ​സം വലിച്ചു.

കാർലീ​റ്റോ​സി​നെ പോലെ വർഷം​തോ​റും ഏകദേശം പത്തു ലക്ഷം കുട്ടി​ക​ളെ​യാണ്‌ മലമ്പനി വകവരു​ത്തു​ന്നത്‌. പൂർവാ​ഫ്രി​ക്കൻ ഗ്രാമ​ങ്ങ​ളി​ലെ കുട്ടി​കൾക്ക്‌ സാധാ​ര​ണ​ഗ​തി​യിൽ മാസത്തിൽ 50 മുതൽ 80 വരെ തവണ മലമ്പനി വാഹക​രായ കൊതു​കു​ക​ളു​ടെ കുത്തേൽക്കു​ന്നു. ഈ കൊതു​കു​കൾ പുതിയ പ്രദേ​ശ​ങ്ങ​ളി​ലേക്കു വ്യാപി​ക്കു​ക​യാണ്‌. മലമ്പനി​ക്കെ​തി​രെ പ്രയോ​ഗി​ക്കുന്ന മരുന്നു​ക​ളു​ടെ ഫലപ്ര​ദ​ത്വ​മാ​കട്ടെ കുറഞ്ഞു വരിക​യും ചെയ്യുന്നു. ഓരോ വർഷവും 30 കോടി ആളുകൾക്ക്‌ ഗുരു​ത​ര​മായ മലമ്പനി പിടി​പെ​ടു​ന്ന​താ​യി കണക്കുകൾ കാണി​ക്കു​ന്നു.

കാലി​ഫോർണി​യ​യി​ലെ, സാൻ ഫ്രാൻസി​സ്‌കോ​യിൽ താമസി​ച്ചി​രുന്ന 30-കാരനാ​യി​രുന്ന കെന്നത്ത്‌ തന്റെ ഡോക്ടറെ കാണാൻ പോയി, 1980-ലായി​രു​ന്നു ഇത്‌. തനിക്കു വയറി​ള​ക്ക​വും വല്ലാത്ത ക്ഷീണവും ഉണ്ടെന്ന്‌ അദ്ദേഹം ഡോക്ട​റോ​ടു പറഞ്ഞു. വിദഗ്‌ധ വൈദ്യ​സ​ഹാ​യം ലഭി​ച്ചെ​ങ്കി​ലും ഒരു വർഷത്തി​നു ശേഷം അദ്ദേഹം മരിച്ചു. അദ്ദേഹ​ത്തി​ന്റെ ശരീരം വല്ലാതെ ശോഷി​ച്ചി​രു​ന്നു, ന്യൂ​മോ​ണിയ ബാധി​ച്ച​തി​നെ തുടർന്നാ​യി​രു​ന്നു മരണം.

രണ്ടു വർഷത്തി​നു ശേഷം, സാൻ ഫ്രാൻസി​സ്‌കോ​യിൽ നിന്ന്‌ 16,000 കിലോ​മീ​റ്റർ അകലെ ഉത്തര ടാൻസാ​നി​യ​യി​ലുള്ള ഒരു യുവതിക്ക്‌ ഇതേ രോഗ​ല​ക്ഷ​ണങ്ങൾ കണ്ടുതു​ടങ്ങി. ഏതാനും ആഴ്‌ച​യ്‌ക്കു​ള്ളിൽ അവൾക്കു നടക്കാൻ പോലും ശേഷി ഇല്ലാതാ​കു​ക​യും താമസി​യാ​തെ അവൾ മരണമ​ട​യു​ക​യും ചെയ്‌തു. ഈ വിചിത്ര രോഗത്തെ ഗ്രാമ​വാ​സി​കൾ ജൂലി​യാ​നാ രോഗം എന്നു വിളിച്ചു. കാരണം ജൂലി​യാ​നാ എന്ന പേരു പ്രിന്റു ചെയ്‌ത തുണികൾ വിൽക്കുന്ന ഒരാളാണ്‌ ഇവൾക്കും അവി​ടെ​യുള്ള മറ്റു സ്‌ത്രീ​കൾക്കും രോഗം പരത്തി​യത്‌ എന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നു.

കെന്നത്തി​നും ടാൻസാ​നി​യ​ക്കാ​രി​ക്കും ഒരേ രോഗ​മാ​യി​രു​ന്നു: എയ്‌ഡ്‌സ്‌. 1980-കളുടെ തുടക്ക​ത്തിൽ, ഏറ്റവും അപകട​കാ​രി​ക​ളായ സൂക്ഷ്‌മാ​ണു​ക്കളെ വൈദ്യ​ശാ​സ്‌ത്രം വരുതി​യിൽ കൊണ്ടു​വന്നു എന്നു തോന്നിയ സമയത്താണ്‌ ഈ പുതിയ സാം​ക്ര​മിക രോഗം മാനവ​രാ​ശി​യു​ടെ ഉറക്കം കെടു​ത്താൻ തുടങ്ങി​യത്‌. രണ്ടു ദശകങ്ങൾക്കു​ള്ളിൽ എയ്‌ഡ്‌സി​ന്റെ മരണ​ക്കൊ​യ്‌ത്ത്‌, 14-ാം നൂറ്റാ​ണ്ടിൽ യൂറേ​ഷ്യ​യി​ലാ​ക​മാ​നം തേർവാഴ്‌ച നടത്തിയ, യൂറോ​പ്യൻ ജനതയു​ടെ മനസ്സിൽ ഇപ്പോ​ഴും ഒരു കറുത്ത അധ്യാ​യ​മാ​യി അവശേ​ഷി​ക്കുന്ന, പ്ലേഗിന്റെ സംഹാ​ര​താ​ണ്ഡ​വത്തെ വെല്ലു​വി​ളി​ക്കു​ന്ന​താ​യി​രു​ന്നു.

കറുത്ത മരണം

കറുത്ത മരണം എന്നു വിളി​ക്കുന്ന പ്ലേഗിന്റെ പടപ്പു​റ​പ്പാട്‌ 1347-ൽ ആയിരു​ന്നു. ക്രിമി​യ​യിൽ നിന്നുള്ള ഒരു കപ്പൽ സിസിലി ദ്വീപി​ലെ മെസ്സി​ന​യിൽ നങ്കൂര​മി​ട്ട​തോ​ടെ ആയിരു​ന്നു ഇതിന്റെ തുടക്കം. കപ്പലിലെ പതിവു ചരക്കു​കൾക്കു പുറമേ മറ്റൊ​ന്നു​കൂ​ടി ഉണ്ടായി​രു​ന്നു, പ്ലേഗ്‌. a പെട്ടെ​ന്നു​തന്നെ കറുത്ത മരണം ഇറ്റലി​യിൽ ആകമാനം പടർന്നു​പി​ടി​ച്ചു.

പ്ലേഗ്‌ തന്റെ പട്ടണത്തിൽ സൃഷ്ടിച്ച ഭീകര അന്തരീ​ക്ഷത്തെ കുറിച്ച്‌ അതിന​ടുത്ത വർഷം ഇറ്റലി​യി​ലെ സിയെ​ന​യിൽനി​ന്നുള്ള ആന്യോ​ളോ ഡി ടൂറാ ഇങ്ങനെ പറഞ്ഞു: ‘സിയെ​ന​യിൽ മരണ പരമ്പര​യ്‌ക്ക്‌ തുടക്കം കുറി​ക്ക​പ്പെ​ട്ടത്‌ മേയ്‌ മാസത്തി​ലാണ്‌. അത്‌ അതി​ക്രൂ​ര​വും ഭീകര​വും ആയിരു​ന്നു. ഇരകൾ പെട്ടെ​ന്നു​തന്നെ മരിച്ചു​വീ​ണു. രാത്രി​യെ​ന്നോ പകലെ​ന്നോ ഇല്ലാതെ നൂറു​ക​ണ​ക്കി​നു പേരുടെ ജീവൻ കൊഴി​ഞ്ഞു.’ അദ്ദേഹം തുടരു​ന്നു: ‘എന്റെ ഈ കൈകൾകൊണ്ട്‌ ഞാൻ എന്റെ അഞ്ചു മക്കളെ കുഴി​ച്ചു​മൂ​ടി, മറ്റനേ​ക​രും ഇതുതന്നെ ചെയ്‌തു. തങ്ങൾക്കു നേരിട്ട നഷ്ടം എത്ര ഭീമമാ​യി​രു​ന്നെ​ങ്കി​ലും ആരും കരഞ്ഞില്ല. കാരണം ഏതാണ്ട്‌ എല്ലാവ​രും​തന്നെ മരണം പ്രതീ​ക്ഷി​ച്ചി​രു​ന്നു. ഒരുപാ​ടു​പേ​രു​ടെ ജീവൻ അപഹരി​ക്ക​പ്പെ​ട്ട​തി​നാൽ ഇതു ലോകാ​വ​സാ​ന​മാ​ണെന്ന്‌ എല്ലാവ​രും വിശ്വ​സി​ച്ചു.’

ചില ചരി​ത്ര​കാ​ര​ന്മാ​രു​ടെ അഭി​പ്രാ​യ​ത്തിൽ, നാലു വർഷം​കൊണ്ട്‌ പ്ലേഗ്‌ യൂറോ​പ്പിൽ ആകമാനം പടർന്നു​ക​യ​റു​ക​യും ജനസം​ഖ്യ​യു​ടെ മൂന്നി​ലൊ​ന്നി​നെ—സാധ്യ​ത​യ​നു​സ​രിച്ച്‌ രണ്ടു​കോ​ടി​ക്കും മൂന്നു​കോ​ടി​ക്കും ഇടയ്‌ക്ക്‌—ഭൂമു​ഖ​ത്തു​നി​ന്നു തുടച്ചു​നീ​ക്കു​ക​യും ചെയ്‌തു. വിദൂര ദേശമായ ഐസ്‌ലൻഡിൽ പോലും ഇതു സംഹാ​ര​താ​ണ്ഡ​വ​മാ​ടി. വിദൂര പൂർവ ദേശമായ ചൈന​യിൽ 13-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ 12.3 കോടി ആയിരുന്ന ജനസംഖ്യ 14-ാം നൂറ്റാ​ണ്ടിൽ 6.5 കോടി​യാ​യി കുത്തനെ കുറഞ്ഞത്‌ പ്ലേഗും അകമ്പടി സേവി​ച്ചെ​ത്തിയ ക്ഷാമവും നിമിത്തം ആയിരി​ക്കാ​മെന്നു പറയ​പ്പെ​ടു​ന്നു.

മുമ്പൊ​ക്കെ ഉണ്ടായി​ട്ടുള്ള പകർച്ച​വ്യാ​ധി, യുദ്ധം, ക്ഷാമം എന്നിവ​യൊ​ന്നും ഒരിക്ക​ലും ഇത്ര വ്യാപ​ക​മാ​യി ദുരിതം വിതച്ചി​രു​ന്നില്ല. “ഇത്‌ മാനവ ചരി​ത്ര​ത്തി​ലെ ഒറ്റയാ​നായ ഘോര​വി​പ​ത്താണ്‌” എന്ന്‌ മനുഷ്യ​നും സൂക്ഷ്‌മാ​ണു​ക്ക​ളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. “യൂറോപ്പ്‌, ഉത്തരാ​ഫ്രിക്ക, ഏഷ്യയു​ടെ ചില ഭാഗങ്ങൾ എന്നിവി​ട​ങ്ങ​ളി​ലെ ഏതാണ്ട്‌ നാലി​ലൊ​ന്നി​നും പകുതി​ക്കും ഇടയിൽ ആളുകൾ ഭൂമു​ഖ​ത്തു​നിന്ന്‌ ഉന്മൂലനം ചെയ്യ​പ്പെട്ടു.”

അമേരി​ക്ക​കൾ, ഇതര​ലോ​ക​ത്തിൽനിന്ന്‌ ഒറ്റപ്പെട്ടു നിന്നി​രു​ന്ന​തി​നാൽ കറുത്ത മരണത്തി​ന്റെ കരാള​ഹ​സ്‌ത​ത്തിൽനി​ന്നു രക്ഷപ്പെട്ടു. എന്നാൽ കപ്പലുകൾ സമുദ്രം കുറുകെ കടക്കാൻ തുടങ്ങി​യ​തോ​ടെ ആ ഒറ്റപ്പെ​ട​ലി​നു വിരാ​മ​മാ​യി. 16-ാം നൂറ്റാ​ണ്ടിൽ പ്ലേഗി​നെ​ക്കാൾ മാരക​മായ പകർച്ച​വ്യാ​ധി​ക​ളു​ടെ ഒരു വൻതരം​ഗം ‘നവലോ​കത്തെ’ വിഴുങ്ങി.

വസൂരി അമേരി​ക്ക​കളെ കീഴട​ക്കു​ന്നു

1492-ൽ വെസ്റ്റ്‌ ഇൻഡീ​സിൽ എത്തിയ കൊളം​ബസ്‌ അവിടത്തെ നാട്ടു​കാ​രെ വർണി​ച്ചത്‌ ‘അംഗഭം​ഗി​യും സാമാ​ന്യം ഉയരവും ദൃഢ​പേ​ശി​ക​ളു​മുള്ള ആളുകൾ’ എന്നാണ്‌. എന്നാൽ, കാഴ്‌ച​യ്‌ക്ക്‌ നല്ല ആരോ​ഗ്യം ഉള്ളവർ ആയിരു​ന്നെ​ങ്കി​ലും ‘പഴയ ലോക​ത്തിൽ’ നിന്നെ​ത്തിയ രോഗ​ങ്ങളെ ചെറു​ക്കാ​നുള്ള ശക്തി അവർക്ക്‌ ഇല്ലായി​രു​ന്നു.

1518-ൽ ഹിസ്‌പാ​നി​യോള ദ്വീപിൽ വസൂരി​യു​ടെ തേർവാ​ഴ്‌ച​യ്‌ക്കു തുടക്ക​മാ​യി. മുമ്പൊ​രി​ക്ക​ലും വസൂരി ബാധി​ച്ചി​ട്ടി​ല്ലാത്ത നാട്ടു​കാ​രായ അമേരി​ക്ക​ക്കാ​രെ അത്‌ അതിദാ​രു​ണ​മാ​യി കീഴടക്കി. ദ്വീപു​വാ​സി​ക​ളിൽ വെറും ആയിരം​പേർ മാത്രമേ അതിജീ​വി​ച്ചു​ള്ളു​വെന്ന്‌ ഒരു സ്‌പാ​നീഷ്‌ ദൃക്‌സാ​ക്ഷി കണക്കാ​ക്കു​ക​യു​ണ്ടാ​യി. ഈ പകർച്ച​വ്യാ​ധി അതിന്റെ ദാരുണ പരിണ​ത​ഫ​ല​ങ്ങ​ളു​മാ​യി മെക്‌സി​ക്കോ, പെറു എന്നിവി​ട​ങ്ങ​ളി​ലേക്ക്‌ അതി​വേഗം പടർന്നു.

തുടർന്നു​വന്ന നൂറ്റാ​ണ്ടിൽ വടക്കേ അമേരി​ക്ക​യു​ടെ മസാച്ചു​സെ​റ്റ്‌സ്‌ പ്രദേ​ശത്ത്‌ തീർഥാ​ടകർ എന്ന്‌ അറിയ​പ്പെട്ട കുടി​യേ​റ്റ​ക്കാർ എത്തിയ​പ്പോൾ, വസൂരി ആ നാട്ടിലെ ഏതാണ്ട്‌ മുഴുവൻ നിവാ​സി​ക​ളെ​യും ഉന്മൂലനം ചെയ്‌ത​താ​യി അവർ കണ്ടെത്തി. “വസൂരി നാട്ടു​കാ​രെ ഏതാണ്ട്‌ ആകമാനം ഭൂമു​ഖ​ത്തു​നി​ന്നു തുടച്ചു​മാ​റ്റി​യി​രി​ക്കു​ന്നു” എന്ന്‌ തീർഥാ​ട​ക​രു​ടെ തലവനായ ജോൺ വിൻത്‌റോപ്‌ എഴുതി.

വസൂരി​ക്കു ശേഷവും പകർച്ച​വ്യാ​ധി​കൾ വന്നു​കൊ​ണ്ടി​രു​ന്നു. കൊളം​ബ​സി​ന്റെ വരവി​നു​ശേഷം ഏകദേശം ഒരു നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും വിദേ​ശി​കൾ ഇറക്കു​മതി ചെയ്‌ത രോഗങ്ങൾ നവലോ​ക​ത്തി​ലെ ജനസം​ഖ്യ​യു​ടെ 90 ശതമാ​ന​ത്തെ​യും തുടച്ചു​നീ​ക്കി എന്ന്‌ ഒരു ഉറവിടം പറയുന്നു. മെക്‌സി​ക്കോ​യു​ടെ ജനസംഖ്യ 3 കോടി​യിൽനിന്ന്‌ 30 ലക്ഷമായി കുറഞ്ഞു. 80 ലക്ഷം ജനസം​ഖ്യ​യു​ണ്ടാ​യി​രുന്ന പെറു​വി​ലേത്‌ 10 ലക്ഷമായി ചുരുങ്ങി. തദ്ദേശീ​യ​രായ അമേരി​ക്ക​ക്കാർ മാത്ര​മാ​യി​രു​ന്നില്ല വസൂരി​യു​ടെ നിസ്സഹായ ഇരകൾ. “മാനവ​ച​രി​ത്ര​ത്തിൽ ഉടനീളം വസൂരി കോടി​ക്ക​ണ​ക്കി​നു ജീവൻ അപഹരി​ച്ചി​ട്ടുണ്ട്‌. പ്ലേഗി​നെ​ക്കാൾ ഏറെ, . . . ഇരുപ​താം നൂറ്റാ​ണ്ടി​നെ മുറി​പ്പെ​ടു​ത്തിയ യുദ്ധങ്ങ​ളി​ലെ​ല്ലാം കൂടി മരിച്ച​തി​നെ​ക്കാൾ ഏറെ” എന്ന്‌ വിപത്ത്‌—വസൂരി​യു​ടെ കഴിഞ്ഞ​തും വരാനി​രി​ക്കു​ന്ന​തു​മായ ഭീഷണി​കൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

യുദ്ധത്തിൽ ഇനിയും വിജയി​ച്ചി​ട്ടി​ല്ല

ഇന്ന്‌, ഭീതി​ദ​മായ പ്ലേഗ്‌, വസൂരി എന്നീ പകർച്ച​വ്യാ​ധി​കൾ വിദൂര ഭൂതകാ​ലത്ത്‌ ചരി​ത്ര​ത്തി​ന്റെ താളു​ക​ളിൽ അടക്കം ചെയ്യപ്പെട്ട മഹാവി​പ​ത്തു​ക​ളാ​ണെന്നു തോന്നി​യേ​ക്കാം. 20-ാം നൂറ്റാ​ണ്ടിൽ, വിശേ​ഷിച്ച്‌ വ്യവസാ​യ​വ​ത്‌കൃത രാജ്യ​ങ്ങ​ളിൽ മനുഷ്യ​രാ​ശി സാം​ക്ര​മിക രോഗ​ങ്ങൾക്കെ​തി​രെ പടവെട്ടി പല വിജയങ്ങൾ കരസ്ഥമാ​ക്കി​യി​ട്ടുണ്ട്‌. മിക്ക രോഗ​ങ്ങ​ളു​ടെ​യും കാരണം ഡോക്ടർമാർ കണ്ടുപി​ടി​ച്ചു, അതു​പോ​ലെ പ്രതി​വി​ധി​യും. (6-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ചതുരം കാണുക.) പുതിയ വാക്‌സി​നു​ക​ളും ആന്റിബ​യോ​ട്ടി​ക്കു​ക​ളും മാന്ത്രിക ശക്തിയുള്ള സർവ​രോ​ഗ​സം​ഹാ​രി​കളെ പോലെ, രോഗ​ങ്ങ​ളു​ടെ കൂട്ടത്തി​ലെ ഏതു കൊല​കൊ​മ്പ​നെ​യും മുട്ടു​കു​ത്തി​ക്കാൻ ശേഷി​യുള്ള ഔഷധ​ങ്ങളെ പോലെ, കാണ​പ്പെട്ടു.

എന്നിരു​ന്നാ​ലും, ‘അലർജി​ക്കും സാം​ക്ര​മിക രോഗ​ത്തി​നു​മുള്ള യു.എസ്‌. ദേശീയ ഇൻസ്റ്റി​റ്റ്യൂ​ട്ടി’ന്റെ മുൻ ഡയറക്ട​റായ ഡോ. റിച്ചാർഡ്‌ ക്രൗസെ ഇപ്രകാ​രം ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. “ലോക​ത്തിൽ മരണവും നികു​തി​ക​ളു​മൊ​ഴി​കെ ഒന്നും സുനി​ശ്ചി​തമല്ല എന്നല്ലേ ചൊല്ല്‌, എന്നാൽ പ്ലേഗി​നെ​യും ആ പട്ടിക​യിൽ പെടു​ത്താം.” ക്ഷയരോ​ഗ​വും മലമ്പനി​യും ഇവി​ടെ​ത്ത​ന്നെ​യുണ്ട്‌. അടുത്ത​കാ​ലത്ത്‌, എയ്‌ഡ്‌സ്‌ എന്ന സമസ്‌ത​വ്യാ​പക പകർച്ച​വ്യാ​ധി ഭൂഗോ​ളം പകർച്ച​വ്യാ​ധി​ക​ളു​ടെ പിടി​യിൽനി​ന്നു മുക്തമാ​യി​ട്ടില്ല എന്നതിന്റെ ഭയാനക ഓർമി​പ്പി​ക്ക​ലാ​യി നില​കൊ​ണ്ടി​രി​ക്കു​ന്നു. “ലോക​ത്തി​ലെ മരണത്തി​ന്റെ ഏറ്റവും വലിയ കാരണം ഇപ്പോ​ഴും സാം​ക്ര​മിക രോഗ​ങ്ങൾത​ന്നെ​യാണ്‌. അത്‌ ഏറെക്കാ​ലം ആ സ്ഥാനത്തു​തന്നെ തുടരു​ക​യും ചെയ്യും,” മനുഷ്യ​നും സൂക്ഷ്‌മാ​ണു​ക്ക​ളും എന്ന പുസ്‌തകം പറയുന്നു.

രോഗ​ത്തോ​ടു പടവെ​ട്ടു​ന്ന​തിൽ ശ്രദ്ധേ​യ​മായ അഭിവൃ​ദ്ധി കൈവ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കഴിഞ്ഞ ഏതാനും വർഷത്തെ നേട്ടങ്ങൾ താത്‌കാ​ലി​കം മാത്ര​മാ​യി​രി​ക്കാം എന്ന്‌ ചില ഡോക്ടർമാർ ഭയക്കുന്നു. “സാം​ക്ര​മിക രോഗങ്ങൾ ഉയർത്തുന്ന ആപത്‌ഭീ​ഷണി നീങ്ങി​പ്പോ​യി​ട്ടില്ല—അത്‌ കൂടുതൽ മാരക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌” എന്ന്‌ സാം​ക്ര​മി​ക​രോഗ ശാസ്‌ത്ര​ജ്ഞ​നായ റോബർട്ട്‌ ഷോപ്‌ മുന്നറി​യി​പ്പു നൽകുന്നു. അത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ പിൻവ​രുന്ന ലേഖനം വിശദീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും. (g04 5/22)

[അടിക്കു​റിപ്പ്‌]

a പ്ലേഗ്‌ വിവിധ രൂപങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെട്ടു. ബ്യൂ​ബോ​ണിക്‌ പ്ലേഗ്‌, ന്യൂ​മോ​ണിക്‌ പ്ലേഗ്‌ എന്നിവ അതിൽ ഉൾപ്പെ​ടു​ന്നു. മുഖ്യ​മാ​യും എലിക​ളു​ടെ ശരീര​ത്തി​ലുള്ള ചെള്ളുകൾ ബ്യൂ​ബോ​ണിക്‌ പ്ലേഗി​നും രോഗ​വാ​ഹ​ക​രാ​യവർ തുമ്മു​ക​യും ചുമയ്‌ക്കു​ക​യും ചെയ്യു​മ്പോൾ തെറി​ക്കുന്ന ദ്രവങ്ങൾ ന്യൂ​മോ​ണിക്‌ പ്ലേഗി​നും കാരണ​മാ​യി.

[5-ാം പേജിലെ ആകർഷക വാക്യം]

രണ്ടു ദശകത്തി​നു​ള്ളിൽ എയ്‌ഡ്‌സി​ന്റെ മരണ​ക്കൊ​യ്‌ത്ത്‌, 14-ാം നൂറ്റാ​ണ്ടിൽ യൂറേ​ഷ്യ​യെ ഒന്നടങ്കം തൂത്തു​വാ​രിയ പ്ലേഗി​നോ​ടു കിടപി​ടി​ക്കു​ന്ന​താ​യി മാറി​യി​രി​ക്കു​ന്നു

[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

അന്ധവിശ്വാസങ്ങളിൽനിന്ന്‌ അറിവി​ലേക്ക്‌

14-ാം നൂറ്റാ​ണ്ടിൽ കറുത്ത മരണം അവി​ന്യോ​ണി​ലെ പാപ്പാ​യു​ടെ വസതി​യി​ലും താണ്ഡവ​മാ​ടി​യ​പ്പോൾ അദ്ദേഹ​ത്തി​ന്റെ ഭിഷഗ്വ​രൻ പറഞ്ഞത്‌ സൂര്യ​നോ​ടൊ​പ്പം ശനി, വ്യാഴം, ചൊവ്വ എന്നീ മൂന്നു ഗ്രഹങ്ങൾ കുംഭ​രാ​ശി​യി​ലെ​ത്തി​യ​താണ്‌ ഈ മഹാമാ​രി​യു​ടെ മുഖ്യ കാരണ​മെ​ന്നാണ്‌.

ഏതാണ്ട്‌ നാലു നൂറ്റാ​ണ്ടു​കൾക്കു ശേഷം, ഒരിക്കൽ ജോർജ്‌ വാഷി​ങ്‌ട​ണിന്‌ തൊണ്ട​വേദന പിടി​പെട്ടു. പ്രശസ്‌ത​രായ മൂന്നു ഡോക്ടർമാർ അദ്ദേഹ​ത്തി​ന്റെ ഞരമ്പു​ക​ളിൽനിന്ന്‌ ഏകദേശം രണ്ടു ലിറ്റർ രക്തം ഒഴുക്കി​ക്ക​ള​ഞ്ഞു​കൊ​ണ്ടാണ്‌ അദ്ദേഹത്തെ ചികി​ത്സി​ച്ചത്‌. ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ രോഗി അന്ത്യശ്വാ​സം വലിച്ചു. രക്തം ഒഴുക്കി​ക്ക​ളയൽ 2,500 വർഷ​ത്തോ​ളം വൈദ്യ​ന്മാ​രു​ടെ ഒരു ചികി​ത്സാ​രീ​തി​യാ​യി​രു​ന്നു—ഹിപ്പോ​ക്രാ​റ്റ​സി​ന്റെ സമയം മുതൽ 19-ാം നൂറ്റാ​ണ്ടി​ന്റെ മധ്യം​വരെ.

അന്ധവി​ശ്വാ​സ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും ചികി​ത്സാ​രം​ഗത്തെ പുരോ​ഗ​തി​ക്കു വിലങ്ങു​ത​ടി​യാ​യി​രു​ന്നെ​ങ്കി​ലും അർപ്പി​ത​രായ ഡോക്ടർമാ​രു​ടെ അശ്രാന്ത പരി​ശ്ര​മ​ത്താൽ സാം​ക്ര​മിക രോഗ​ങ്ങ​ളു​ടെ കാരണ​വും അവയ്‌ക്കുള്ള പ്രതി​വി​ധി​ക​ളും കണ്ടുപി​ടി​ക്കാൻ കഴിഞ്ഞു. നാഴി​ക​ക്ക​ല്ലു​ക​ളാ​യി മാറിയ അവരുടെ ചില കണ്ടുപി​ടി​ത്തങ്ങൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു.

വസൂരി. 1798-ൽ എഡ്വേർഡ്‌ ജെന്നർ വസൂരിക്ക്‌ വിജയ​പ്ര​ദ​മായ ഒരു വാക്‌സിൻ വികസി​പ്പി​ച്ചെ​ടു​ത്തു. 20-ാം നൂറ്റാ​ണ്ടിൽ പോളി​യോ, മഞ്ഞപ്പനി, അഞ്ചാം​പനി, അതിന്റെ ഒരു വകഭേ​ദ​മായ ജർമൻ മീസിൽസ്‌ തുടങ്ങിയ രോഗ​ങ്ങൾക്കും വാക്‌സി​നു​കൾ ഫലപ്ര​ദ​മായ പ്രതി​രോ​ധ​മാ​ണെന്നു തെളിഞ്ഞു.

ക്ഷയം. 1882-ൽ റോബർട്ട്‌ കോക്ക്‌ ക്ഷയരോ​ഗ​കാ​രി​യായ ബാക്ടീ​രി​യയെ തിരി​ച്ച​റി​യു​ക​യും രോഗം കണ്ടുപി​ടി​ക്കാ​നുള്ള ഒരു പരി​ശോ​ധന ആവിഷ്‌ക​രി​ക്കു​ക​യും ചെയ്‌തു. ഏകദേശം 60 വർഷത്തി​നു ശേഷം ക്ഷയരോ​ഗത്തെ ചികി​ത്സി​ക്കാ​നുള്ള ഫലപ്ര​ദ​മായ ഒരു ആന്റിബ​യോ​ട്ടി​ക്കായ സ്‌​ട്രെ​പ്‌റ്റോ​മൈ​സിൻ കണ്ടുപി​ടി​ച്ചു. ഈ മരുന്ന്‌ ബ്യൂ​ബോ​ണിക്‌ പ്ലേഗിനെ ചികി​ത്സി​ക്കാ​നും പ്രയോ​ജ​ന​പ്ര​ദ​മെന്നു തെളിഞ്ഞു.

മലമ്പനി. 17-ാം നൂറ്റാണ്ട്‌ മുതൽ, കൊയി​നാ മരത്തിന്റെ പട്ടയിൽനി​ന്നു കിട്ടുന്ന കൊയിന, മലമ്പനി ബാധിച്ച കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ജീവൻ രക്ഷിക്കു​ക​യു​ണ്ടാ​യി. മലമ്പനി പരത്തു​ന്നത്‌ അനോ​ഫി​ലസ്‌ കൊതു​കു​ക​ളാ​ണെന്ന്‌ 1897-ൽ റൊണാൾഡ്‌ റോസ്സ്‌ തിരി​ച്ച​റി​ഞ്ഞു. കൊതു​കു നിയന്ത്രണ മാർഗങ്ങൾ അവലം​ബി​ച്ചു​കൊണ്ട്‌ ഉഷ്‌ണ​മേ​ഖലാ രാജ്യ​ങ്ങ​ളിൽ മരണനി​രക്ക്‌ കുറയ്‌ക്കാൻ പിന്നീടു കഴിഞ്ഞു.

[ചിത്രങ്ങൾ]

രാശിചക്രവും (മുകളിൽ) രക്തം ഒഴുക്കി​ക്ക​ള​യ​ലും

[കടപ്പാട്‌]

രണ്ടും: Biblioteca Histórica “Marqués de Valdecilla”

[3-ാം പേജിലെ ചിത്രങ്ങൾ]

ഇന്ന്‌, തിരി​ച്ചെ​ത്തി​യി​രി​ക്കുന്ന ക്ഷയരോ​ഗാ​ണു ഇനങ്ങൾ വർഷം​തോ​റും ഏകദേശം 20 ലക്ഷം പേരുടെ ജീവൻ അപഹരി​ക്കു​ന്നു

[കടപ്പാട്‌]

എക്‌സ്‌ റേ: New Jersey Medical School–National Tuberculosis Center; മനുഷ്യൻ: ഫോട്ടോ: WHO/Thierry Falise

[4-ാം പേജിലെ ചിത്രം]

കറുത്ത മരണത്തിൽനി​ന്നുള്ള സംരക്ഷ​ണാർഥം മാസ്‌ക്‌ ധരിച്ചി​രി​ക്കുന്ന ഒരു വൈദ്യ​നെ ചിത്രീ​ക​രി​ച്ചി​രി​ക്കുന്ന, ഏകദേശം 1500-നോട്‌ അടുത്ത കാലത്തെ ഒരു ജർമൻ കൊത്തു​പണി. കൊക്കു​പോ​ലുള്ള ഭാഗത്ത്‌ സുഗന്ധ​തൈലം വെച്ചി​രു​ന്നു

[കടപ്പാട്‌]

Godo-Foto

[4-ാം പേജിലെ ചിത്രം]

ബ്യൂബോണിക്‌ പ്ലേഗിനു കാരണ​മായ ബാക്ടീ​രി​യ

[കടപ്പാട്‌]

© Gary Gaugler/Visuals Unlimited